മലയാളത്തിലെ കാല്പനിക സൃഷ്ടികളിൽ എന്ത് സ്ഥാനമാണ് ഗ്രന്ഥശാലകൾക്കുള്ളത് ? ഈ പ്രതിനിധാനങ്ങൾ നമ്മുടെ സമൂഹത്തെപ്പറ്റി എന്താണ് നമ്മോടു പറയുന്നത്? വ്യക്തിപരമായ വായനാ-ദൃശ്യാനുഭവങ്ങളുടെ വെളിച്ചത്തിലും, ഒരു ലൈബ്രറി സയൻസ് വിദഗ്ദ്ധനെന്ന രീതിയിലും ഈ ചോദ്യങ്ങളെ വിമർശനാത്മകമായി നോക്കികാണുകയാണ് മുഹമ്മദ് മുനവ്വർ.
മുഹമ്മദ് മുനവ്വർ കെ.
കേരളത്തിലെ സാംസ്‌കാരിക ചരിത്രത്തില്‍ വായനശാലകളുടെ പ്രാധാന്യം വളരെ വലുതാണ്. കൂടാതെ, മലയാളികളുടെ സാംസ്കാരിക-രാഷ്‌ട്രീയ-സാമൂഹ്യ പാരമ്പര്യത്തിലും, അതിന്റെ വളർച്ചയിലും വായനശാലകൾ വഹിച്ച പങ്ക് ചെറുതൊന്നുമല്ല. നവോഥാന പ്രസ്ഥാനം, ദേശീയ പ്രസ്ഥാനം, കർഷക തൊഴിലാളി പ്രസ്ഥാനം തുടങ്ങിയവയുടെ ഭാഗമായാണ് കേരളത്തിലെ ഗ്രന്ഥശാലകൾ വികാസം പ്രാപിക്കുന്നത്. 1829ൽ തിരുവിതാംകൂർ സ്വാതി തിരുനാൾ രാജാവിന്റെ നേതൃത്തത്തിൽ സ്ഥാപിച്ച തിരുവനന്തപുരം പബ്ലിക് ലൈബ്രറി തുടക്കത്തിൽ രാജകുടുംബങ്ങൾക്കും സമൂഹത്തിന്റെ മറ്റു ഉന്നതർക്കും വേണ്ടി മാത്രമായി പരിമിതപ്പെടുത്തിയിരുന്നു. പിന്നീടതൊരു പൊതു ഗ്രന്ഥശാല ആയി രൂപാന്തരപ്പെടുകയും ചെയ്തു. 1898 ഓടെ ഗ്രന്ഥശാലാ പ്രവർത്തനങ്ങൾ കൂടുതൽ ജനാധിപത്യപരമായി മാറുകയും, പിന്നീട് തിരുവിതാംകൂർ, കൊച്ചി, മലബാർ പ്രദേശങ്ങളിൽ ഗ്രന്ഥശാലകൾ സ്ഥാപിക്കപ്പെടുകയും ചെയ്തു. ഇന്ന് പതിനായിരത്തോളം ഗ്രന്ഥശാലകൾ കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. ഗ്രന്ഥശാലകൾ അറിവിന്റെ വാഹകരാണ്. അവ ഒരു സമൂഹത്തിന്റെ സാംസ്കാരികവും മാനസികവുമായ വളർച്ചയ്ക്ക് വലിയ പങ്കു വഹിക്കുന്നുണ്ട്. പുസ്തകങ്ങൾക്ക് പുറമെ, വിവിധ തലങ്ങളിലുള്ള ഒത്തു ചേരലുകൾക്കും, ചർച്ചകൾക്കും വായനശാലകൾ വേദിയാകുന്നു. കേരളത്തിൽ ഗ്രന്ഥശാലകൾക്ക് വ്യക്തമായ ചരിത്രമുള്ളതിനാൽ എഴുത്തുകാരുടെയും, മറ്റു കലാ-സാംസ്കാരിക മേഖലകളിലുള്ളവരുടെയും ജീവിതത്തിൽ ഗ്രന്ഥശാലകൾ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. അതുകൊണ്ടു തന്നെ മലയാളത്തിലെ സിനിമാ-സാഹിത്യങ്ങളിൽ ഗ്രന്ഥശാലകൾ പല വിധത്തിൽ പ്രതിനിധാനം ചെയ്യപ്പെട്ടിട്ടുണ്ട്.
മലയാള നോവലുകളിലെ ഗ്രന്ഥശാലാ സാന്നിധ്യം
മലയാളത്തിന്റെ നോവലുകളിലും, ചെറുകഥകളിലുമെല്ലാം വായനശാലകളും, അതിനോടനുബന്ധിച്ച സാമൂഹ്യ-സാംസ്കാരിക ജീവിതാനുഭവങ്ങളും സംബന്ധിച്ചു വ്യത്യസ്തപരമായി പ്രതിപാദിച്ചിട്ടുണ്ട്. കഥാപാത്രത്തിന്റെ ഏകാന്തതയെ വായനശാലകളുമായി കൂട്ടിയിണക്കി എസ്. ഹരീഷ് രചിച്ച നോവലാണ് പട്ടുനൂൽപ്പുഴു (2024). ഈ നോവലിൽ ഗ്രാമീണ വായനശാല കഥപറച്ചിലിനുള്ള പ്രധാന ഇടമായി എഴുത്തുകാരൻ തിരഞ്ഞെടുക്കുന്നു. ദാരിദ്ര്യം അതിജീവിക്കുന്ന കുടുംബത്തിലെ ഏക മകനായ സാംസ എന്ന കഥാപാത്രത്തിന്റെ അന്തർമുഖാവസ്ഥയിലൂടെയാണ് പട്ടുനൂൽപ്പുഴുവിലെ കഥ എസ്. ഹരീഷ് വിവരിക്കുന്നത്. ഇടയ്ക്കിടെ മാനസിക വിഭ്രാന്തിയനുഭവിക്കുന്ന, തന്നേക്കാൾ മുതിർന്ന ചുമട്ടുതൊഴിലാളിയായ സ്റ്റീഫൻ എന്ന കഥാപാത്രം മാത്രമാണ് സംസനുള്ള കൂട്ട്. സാംസ അനുഭവിക്കുന്ന ഏകാന്തതയും ജീവിതയാഥാർഥ്യങ്ങളുമാണ് അവനെ വായനശാലയിലേക്കെത്തിക്കുന്നത്.
പതിമൂന്ന് വയസ്സുള്ള അന്തർമുഖനായ ആൺകുട്ടി നാട്ടിൻപുറത്തെ വായനശാലയിലെ മങ്ങിയ വെളിച്ചത്തിലെ പുസ്തകങ്ങൾക്കിടയിലേക്ക് കടന്നുവരുന്നതും, റിട്ടയർഡ് അധ്യാപകനായ ലൈബ്രേറിയനുമായി ആത്മബന്ധമുണ്ടാകുന്നതും, തുടർന്ന് ലൈബ്രറിയിൽ നിന്നെടുത്തു വായിച്ച പുസ്തകത്തിലെ പെൺകുട്ടിയുമായി സാങ്കൽപ്പിക പ്രണയത്തിലാകുന്നതുമെല്ലാം പട്ടുനൂൽപ്പുഴുവിലെ ഗ്രന്ഥശാലാ പ്രതിനിധാനങ്ങളാണ്. ലൈബ്രേറിയനില്ലാത്ത സന്ദർഭങ്ങളിൽ സാംസ താൽക്കാലിക ലൈബ്രേറിയനാവുകയും, ലൈബ്രേറിയന്റെ സീറ്റിലിരുന്ന് അയാളുടെ മേശപ്പുറത്തെ പുസ്തകങ്ങളെക്കുറിച്ചും, വായനശാലയിലെ സ്ത്രീ വായനക്കാരുടെ വായനാസ്വഭാവം മനസ്സിലാക്കാൻ കഴിയുന്ന ലൈബ്രേറിയനോട് അവർക്കു തോന്നിയേക്കാവുന്ന സാങ്കൽപ്പിക പ്രണയത്തെക്കുറിച്ചുമൊക്കെ ആലോചിച്ചിരിക്കും. ചുമട്ടുതൊഴിലാളിയായ സ്റ്റീഫൻ എന്ന കഥാപാത്രം വായനകൊണ്ട് ഒരാൾക്ക് എന്ത് ഉപകാരമാണുള്ളതെന്നും, ‘ഒരു ചാക്ക് വണ്ടിയിൽ നിന്നിറക്കിയാൽ ചായക്കുള്ള പൈസയെങ്കിലും കിട്ടും, വായിച്ചത് കൊണ്ട് എന്ത് കിട്ടാനാണ്?’ എന്നും ചോദിക്കുന്നുണ്ട്. അയാളെ സംബന്ധിച്ച് വായന എന്നത് സ്വയംഭോഗം പോലെ ഉൽപ്പാദനക്ഷമമല്ലാത്ത ഒരു പ്രവർത്തനമാണ്. സ്റ്റീഫൻ ഉന്നയിച്ച ചോദ്യം വായനയുമായി ബന്ധപ്പെട്ട് അന്നുവരെ കേട്ട് വന്നിട്ടുള്ള തത്വങ്ങളെ പൊളിക്കുന്നതും ചിന്തിപ്പിക്കുന്നതുമാണ്.
അജയ് പി. മങ്ങാട്ടിന്റെ സൂസന്നയുടെ ഗ്രന്ഥപ്പുര എന്ന നോവലിൽ വായനയും പുസ്തകങ്ങളും, പുസ്തകങ്ങളുമായി ബന്ധപ്പെട്ട് രൂപപ്പെടുന്ന സൗഹൃദങ്ങളുമാണ് പ്രധാന ഘടകങ്ങൾ. Anatomy of Melancholy (വിഷാദത്തിന്റെ ശരീരഘടന) എന്ന പുസ്തകം അന്വേഷിച്ച്, പുസ്തകവുമായി ബന്ധപ്പെട്ട് ജീവിക്കുന്ന പലതരം മനുഷ്യരിലൂടെ യാത്ര ചെയ്യുകയാണ് ഈ നോവൽ. വായനശാലകളും നോവലിന്റെ ഭാഗമാവുന്നുണ്ട്. ദിവസവും അടഞ്ഞുകിടക്കുന്ന ഗ്രന്ഥശാലക്ക് മുന്നിലൂടെ സ്‌കൂൾ വിട്ടു വരുന്ന വിദ്യാർത്ഥി അപ്രതീക്ഷിതമായി ഒരിക്കൽ വെളിച്ചം കാണുന്നു. കൗതുകത്തോടെ ജനാലയിലൂടെ അകത്തേക്ക് നോക്കുമ്പോൾ വാർഡ് മെമ്പർ അവിഹിത ബന്ധത്തിൽ ഏർപ്പെടുന്നതാണ് കുട്ടി കാണുന്നത്. തുടർന്ന് മെമ്പർ അവനുവേണ്ടി ഗ്രന്ഥശാല തുറന്നുകൊടുക്കുകയും, കുട്ടി ഗ്രന്ഥശാലയിലെ ഏക വായനക്കാരനായി മാറുകയും ചെയ്യുന്നു. ഈ സംഭവം ഏതൊരു മലയാളിയുടെയും ഭാവനയുമായി എളുപ്പത്തിൽ ആശയവിനിമയം നടത്തുമെന്ന് തോന്നുന്നു. ‘പുസ്തകങ്ങൾ അടുക്കിവെച്ച ഏതൊരു സ്ഥലത്തിനും വിഷാദാത്മകമായ അന്തരീക്ഷമുണ്ട്’ എന്ന് സൂസന്നയുടെ ഗ്രന്ഥപ്പുരയിൽ ഒരു കഥാപാത്രം അഭിപ്രായപ്പെടുന്നുണ്ട്. അജയ് പി. മങ്ങാട്ടിന്റെ രചനകളിൽ പൊതുവെ വായന പ്രധാന സംഭവമാകുമ്പോഴും ഗ്രന്ഥശാലകളേക്കാൾ വ്യക്തിപരമായ ഗ്രന്ഥശേഖരങ്ങളാണ് പശ്ചാത്തലമാകുന്നത്.
സി. വി. ബാലകൃഷ്ണൻ എഴുതിയ ലൈബ്രേറിയൻ എന്ന നോവലിൽ ഏകാന്തനായ ലൈബ്രേറിയനും ഗ്രന്ഥശാലയിലെ പുസ്തകങ്ങളിലെ കഥാപാത്രങ്ങളും എഴുത്തുകാരുമൊക്കെയായി സംവദിക്കുന്ന കാൽപ്പനിക ഇടമായിട്ടാണ് ഗ്രന്ഥശാല അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്. ജീവിതത്തിൽ ഒറ്റപ്പെട്ടുകയും, കല്പിത സാഹിത്യ വായനയിൽ അഭയം കണ്ടെത്തുകയും ചെയ്തിട്ടുള്ള മനുഷ്യന്റെ ഫാന്റസിയായിട്ടാണ് ലൈബ്രേറിയൻ എന്ന നോവൽ അനുഭവപ്പെട്ടത്. ഇ. സന്തോഷ് കുമാർ എഴുതിയ ജ്ഞാനഭാരം എന്ന നോവലിൽ, ‘വായിച്ചാൽ വളരും, വായിച്ചില്ലെങ്കിൽ വളയും’ എന്ന സ്ഥിരം പല്ലവിയിൽ കുടുങ്ങി, രണ്ടാം ലോകമഹായുദ്ധത്തിന് മുമ്പുള്ള എൻസൈക്ലോപീഡിയയിൽ (Encyclopedia) തളച്ചിടപ്പെട്ട് വളഞ്ഞുപോയ ഒരു വൃദ്ധന്റെ കഥാപാത്രം അവതരിപ്പിക്കപ്പെടുന്നുണ്ട്. വായനയും ഗ്രന്ഥശാലകളുമായി ബന്ധപ്പെട്ട് ഗൗരവമായ വിമർശന ചിന്തകൾ ഉൽപ്പാദിപ്പിച്ച കൃതിയാണ് ജ്ഞാനഭാരം.
ഗ്രന്ഥശാലകളെ വിമർശനാത്മകമായി കാണുമ്പോൾ
സക്കറിയയുടെ ‘യേശുപുരം പബ്ലിക് ലൈബ്രറിയേ കുറിച്ചൊരു പരാതി ‘ എന്ന ചെറുകഥയിൽ കേരളത്തിലെ പൊതുഗ്രന്ഥശാലകളുടെ അശാസ്ത്രീയതയെ വളരേ ക്രിയാത്മകമായി വിമർശിക്കുന്നുണ്ട്. പബ്ലിക് ലൈബ്രറികളുടെ അശാസ്ത്രീയ നടത്തിപ്പിനെതിരെ ആജീവനാന്ത മെമ്പർ സമർപ്പിക്കുന്ന പരാതി എന്ന രൂപത്തിൽ കാറ്റലോഗിങ്, ക്ലാസ്സിഫിക്കേഷൻ, ഗ്രന്ഥശാലയിലെ വെളിച്ചക്കുറവ്, ലൈബ്രറിയൻമാരുടെ പ്രൊഫഷനലിസമില്ലായിമ എന്നിവയെ എല്ലാം സക്കറിയ ആക്ഷേപഹാസ്യത്തിലൂടെ വിമർശിക്കുന്നു. വായനയേയും, ഗ്രന്ഥശാലകളേയും കാൽപ്പനികതയിൽ നിന്ന് മോചിപ്പിച്ച് പൗരന്റെ വിവരാവാകാശവുമായി ബന്ധപ്പെടുത്തി എടുക്കുകയാണ് സക്കറിയ ചെയ്തിട്ടുള്ളത്. പബ്ലിക് ലൈബ്രറി ഒരു സാമൂഹികസ്ഥാപനം എന്ന നിലയിൽ എങ്ങനെ പ്രവർത്തിക്കണമെന്ന് നേരിട്ട് അവതരിപ്പിച്ച ചെറുകഥയാണ് ‘യേശുപുരം പബ്ലിക് ലൈബ്രറിയേപറ്റി ഒരു പരാതി’ എന്ന ചെറുകഥ. എൻ. എസ്. മാധവന്റെ ‘വായന’ എന്ന ചെറുകഥയിൽ ഗ്രന്ഥശാലയിലെ വരിസംഖ്യ (membership fee) നൽകാൻ കഴിയാത്തത്തിനാൽ പുസ്തകം വായിക്കാൻ കഴിയുന്നില്ലെന്ന് പരാതി പറയുന്ന കുട്ടിക്ക് ആകാശം വായിക്കാൻ പരിശീലിപ്പിക്കുന്ന അച്ഛന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കേരളത്തിൽ ഗ്രന്ഥശാലകൾ തുച്ഛമായ വരിസംഘ്യയിൽ മെമ്പർഷിപ് നൽകുന്ന രീതി നിലവിലുണ്ടായിട്ടും എൻ. എസ്. മാധവൻ എങ്ങനെയാണ് ഇത്തരത്തിലുള്ള ഒരു കഥാപാത്രത്തെ സങ്കൽപ്പിക്കാൻ കഴിഞ്ഞത് എന്നത് അത്ഭുതകരമാണ്.
ഏകാന്തയിൽ നിന്നും വിശാദത്തിൽനിന്നും നിന്നും രക്ഷപ്പെടാനായ് വായനയിലേക്കും ഗ്രന്ഥശാലകളിലേക്കും കടന്ന് വരുന്ന മനുഷ്യർ കല്പിത സാഹിത്യത്തിലെ സങ്കൽപ്പിക ലോകത്ത് പെട്ടുപോയി ജീവിത യഥാർഥ്യങ്ങളെ നേരിടാൻ കെൽപ്പില്ലാത്തവരായി തീരുന്നതായിട്ടാണ് ഒട്ടുമിക്ക നോവലുകളിലും വായിക്കാൻ സാധിക്കുന്നത്. പട്ടുനൂൽപ്പുഴുവിലെ സാംസയും സൂസന്നയുടെ ഗ്രന്ഥപ്പുരയിലെ നിരവധി കഥാപാത്രങ്ങളും ലൈബ്രറിയൻ എന്ന നോവലിലെ ലൈബ്രറിയനും, ജ്ഞാനഭാരത്തിലെ വൃദ്ധനും ഇതിനുദാഹരണമാണ്. ജ്ഞാനഭാരത്തിലെ വൃദ്ധന്റെ കഥാപാത്രം രണ്ടാം ലോക മഹായുദ്ധത്തിനു മുമ്പുള്ള എൻസൈക്ലോപീടികയിൽ മാത്രം ഒതുങ്ങി ഇല്ലാതാവുന്നത്, ‘വായിച്ചത് കൊണ്ട് എന്താണ് പ്രയോജനം’ എന്ന് പട്ടുനൂൽപ്പുഴുവിലെ സ്റ്റീഫന്റെ ചോദ്യത്തിന് ഉത്തരം നൽകാൻ നമ്മുടെ വായനാസംസ്‌കാരത്തിനും വായനശാലകൾക്കും കഴിയാത്തത് കൊണ്ടാണ്. പട്ടുനൂൽപ്പുഴുവിലെ സാംസ പുസ്തകത്തിൽ വായിച്ച പെൺകുട്ടിയുമായി പ്രണയത്തിലാകുന്നതും, സ്ത്രീ വായനക്കാരുടെ വായനാസ്വഭാവം മനസ്സിലാക്കാൻ സാധിക്കുന്ന ലൈബ്രേറിയനോട് അവന് അസൂയ തോന്നുന്നതും പെൺകുട്ടികൾക്ക് ഗ്രന്ഥശാല അന്യമായതുകൊണ്ടല്ലേ? സൂസന്നയുടെ ഗ്രന്ഥപ്പുരയുടെ ഒടുവിൽ സൂസന്ന പുസ്തകങ്ങൾ കൂട്ടിയിട്ട് കത്തിക്കുന്നതും, ‘യേശുപുരം പബ്ലിക് ലൈബ്രറിയെക്കുറിച്ചൊരു പരാതി’ എന്ന ചെറുകഥയിൽ ലൈബ്രേറിയൻ വായനശാലയിലെ ഇരുട്ടിൽ തൂങ്ങിമരിക്കുന്നതും മലയാളി ശീലിച്ച വായനാസ്വഭാവത്തിൽ നിന്നും പുസ്തക ശേഖരങ്ങൾക്കിടയിൽ തളംകെട്ടിനിൽക്കുന്ന വിഷാദത്തിൽ നിന്നും രക്ഷപ്പെടാനാണ്. പട്ടുനൂൽപ്പുഴുവിലെ സ്റ്റീഫൻ എന്ന കഥാപാത്രത്തിലൂടെയും ‘വായന’ എന്ന ചെറുകഥയിലെ ആകാശം വായിക്കുന്ന കുട്ടിയുടെയും അച്ഛന്റെയും കഥാപാത്രങ്ങളിലൂടെയും, ഗ്രന്ഥശാലയും വായനയും സമൂഹത്തിലെ താഴെത്തട്ടിലേക്ക് എത്തുന്നില്ല എന്ന വസ്തുത വെളിവാകുന്നു. ഇതിനെ ഗ്രന്ഥശാലകളുടെ അശാസ്ത്രീയതയായി വായിക്കാവുന്നതാണ്.
മലയാള സിനിമകളിലെ ഗ്രന്ഥശാലാ സാന്നിദ്ധ്യം

കേരളത്തിലെ എല്ലാ ഗ്രാമ-നഗര പ്രദേശങ്ങളിലും ഗ്രന്ഥശാലകൾ പ്രവർത്തിക്കുമ്പോഴും സിനിമകളിൽ വളരേ പരിമിതമായിട്ടാണ് ഗ്രന്ഥശാലകൾ അടയാളപ്പെടുത്തപ്പെട്ടിട്ടുള്ളത്. വേണുനാഗവള്ളി സംവിധാനം ചെയ്ത് മോഹൻലാൽ അഭിനയിച്ച സർവകലാശാല (1987) എന്ന സിനിമയിൽ കോളേജ് ഗ്രന്ഥശാല ആവിഷ്‌കരിക്കപ്പെടുന്നുണ്ട്. നോവലുകളിൽ പരാമർശിക്കാറുള്ളത് പോലെത്തന്നെ, മോഹൻലാലിൻറെ കഥാപാത്രത്തിന്റെ ഏകാന്തയും പ്രണയവും മനുഷ്യബന്ധവുമൊക്കെ ഗ്രന്ഥശാലയുമായി ബന്ധപ്പെട്ടാണ് സിനിമയിൽ അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്.
അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത അനന്തരം (1987) എന്ന സിനിമയിൽ അജയൻ എന്ന കഥാപാത്രം ലൈബ്രറിയിൽ നിന്ന് മടങ്ങി വരുമ്പോൾ തന്നെക്കാൾ പ്രായമുള്ള പെൺകുട്ടിയുമായി പുസ്തകങ്ങളെ കുറിച്ച് സംസാരിക്കുന്നതും, പുസ്തകം കൈമാറുന്നതും, ശേഷം പെൺകുട്ടിയുടെ കാമുകർ അവനെ തല്ലുന്നതുമൊക്കെ കാണിക്കുന്നുണ്ട്. അനന്തരമെന്ന സിനിമയിലും അജയൻ ബാല്യത്തിലനുഭവിക്കുന്ന ഒറ്റപ്പെടൽ അവന്റെ പുസ്തക വായനയിലൂടെ അടയാളപ്പെടുത്താൻ സംവിധായകന് കഴിയുന്നുണ്ട്. ഇത്തിരിനേരം (2025) സിനിമയിൽ കഥാപാത്രങ്ങളുടെ പ്രണയ നൊസ്റ്റാൾജിയ പറഞ്ഞ് തുടങ്ങുന്നത് തിരുവനന്തപുരം പബ്ലിക് ലൈബ്രറിയുടെ മുന്നിൽ വെച്ചാണ്. സിനിമകളിൽ പ്രണയ രംഗങ്ങൾ ചിത്രീകരിക്കുന്ന ഗാനങ്ങളിൽ കൂടുതലും ഗ്രന്ഥശാലകൾ അവതരിപ്പിക്കപ്പെടാറുണ്ട്. പ്രണയിനികൾക്ക് മറ്റു മനുഷ്യരുടെ സാനിദ്ധ്യമില്ലാതെ പരസ്പ്പരം ഇടപഴകാൻ സാധിക്കുന്ന സ്ഥലമായതിനാലാവണം ഗ്രന്ഥശാലകൾ സിനിമകളിലെ പ്രണയരംഗങ്ങളിൽ അവതരിപ്പിക്കപ്പെടുന്നത്.
അടുത്ത കാലത്ത് മലയാളത്തിൽ പ്രാദേശിക രാഷ്ട്രീയവും സംസ്‌കാരവുമൊക്കെയായി ബന്ധപ്പെട്ട് ഒരുപാട് സിനിമകൾ പുറത്തിറങ്ങിയിട്ടുണ്ട്. ഈ സിനിമകളിലൊന്നും ഗ്രാമീണ ഗ്രന്ഥശാലകൾ ഭാഗമാവുന്നില്ല. 2019ൽ പുറത്തിറങ്ങിയ ബക്യുറൗ എന്ന ബ്രസീലിയൻ സിനിമയിൽ ബക്യുറൗ എന്ന പ്രദേശത്തെ ആക്രമിക്കുന്ന വിദേശികൾക്കെതിരെ പ്രദേശവാസികൾ തങ്ങളുടെ ചരിത്രങ്ങളിലൂടെ ഒന്നിക്കുന്നതും വിദേശീയരെ ആ പ്രദേശത്ത് നിന്ന് തുരത്തുന്നതുമൊക്കെ അവതരിപ്പിക്കുന്നുണ്ട്. സിനിമയിൽ ബക്യുറൗ പ്രദേശത്തെ മനുഷ്യരുടെ അതിജീവനത്തിന്റെ പോരാട്ടം അവതരിപ്പിക്കുന്ന ഒരു രംഗത്തിൽ ബക്യുറവിലെ പ്രാദേശിക മ്യൂസിയം കാണിക്കുന്നുണ്ട്. ആ പ്രദേശത്തിന്റെ സാംസ്കാരിക ചരിത്രങ്ങൾ വളരെ മനോഹരമായി മ്യൂസിയത്തിൽ സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. അവിടെ വെച്ചാണ് തങ്ങളെ ആക്രമിക്കാൻ വന്ന വിദേശികളെ ബക്യുറവിലെ മനുഷ്യർ തുരത്തുന്നത്. ഇത് സിനിമയിലെ ഏറ്റവും തീവ്ര അനുഭവം സമ്മാനിച്ച സന്ദർഭമാണ്. യഥാർത്ഥത്തിൽ നമ്മുടെ ഗ്രാമീണ ഗ്രന്ഥശാലകൾക്കും ഇത്തരത്തിലുള്ള പ്രാദേശിക ചരിത്രവും സംസ്കാരവും രാഷ്ട്രീയവുമൊക്കെയായി ബന്ധപ്പെട്ട് നിലകൊള്ളാനുള്ള സാധ്യതകളുണ്ടെന്ന് ബക്യുറൗ എന്ന ബ്രസീലിയൻ സിനിമ കണ്ടപ്പോൾ തോന്നി.
സാഹിത്യവും സിനിമയും: ഗ്രന്ഥശാലാ സാന്നിദ്ധ്യങ്ങളിലൂടെ ഒരു താരതമ്യ വായന
മലയാള നോവലുകളിൽ ഏകാന്തതയിൽ നിന്നും അന്തർമുഖത്വത്തിൽ നിന്നും രക്ഷപ്പെടാനുള്ള ഇടമായിട്ടാണ് ഗ്രന്ഥശാലകൾ പലപ്പോഴും അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്. ഇത്തരം മാനസികാവസ്ഥകളിൽ നിന്നുള്ള മോചനത്തിനായി മനുഷ്യർ വായന തിരഞ്ഞെടുക്കുന്നതിനാലാണ് നോവലുകളിൽ ഗ്രന്ഥശാല വിഷാദവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്നത്. അജയ് പി. മങ്ങാട്ടിന്റെ കഥാപാത്രം പറഞ്ഞതുപോലെ പുസ്തകങ്ങൾ അടുക്കിവെച്ച ഏതൊരു സ്ഥലത്തിനും വിഷാദാത്മകമായ അന്തരീക്ഷം നിലവിലുണ്ട്. ലോകത്തിൽ തന്നെ ഏറ്റവും കൂടുതൽ ഗ്രന്ഥശാലകളുള്ള സ്ഥലമായിട്ടും ചായക്കടകളോ ബാർബർ ഷോപ്പുകളോ പോലെ ഗ്രന്ഥശാലകൾ നമ്മുടെ സിനിമകളിൽ കാര്യമായി അവതരിപ്പിക്കപ്പെടാറില്ല. നോവലുകളിൽ കഥാപാത്രങ്ങളുടെ അവസ്ഥ വായനക്കാരനിലേക്ക് എത്തിക്കുന്നത് പാഠത്തിലൂടെ (textual form) ആയതുകൊണ്ട് ഗ്രന്ഥശാല പശ്ചാത്തലമാക്കുന്നത് എഴുത്തുകാരന് എളുപ്പമാണ്. എന്നാൽ ‘നിശബ്ദത പാലിക്കുക’ എന്ന താക്കീത് എഴുതിവെച്ച ഗ്രന്ഥശാലയിൽ സംഭാഷണങ്ങളിലൂടെയും മറ്റും സന്ദർഭം കാഴ്ചക്കാരനിലേക്ക് എത്തിക്കുന്നത് ചലച്ചിത്രകാരന് വെല്ലുവിളി സൃഷ്ടിക്കും. അതുകൊണ്ടാണ് സിനിമകളിൽ പ്രണയരംഗങ്ങൾ ചിത്രീകരിക്കുന്ന ഗാനങ്ങളിൽ കൂടുതലും ഗ്രന്ഥശാലകൾ ദൃശ്യവൽക്കരിക്കപ്പെടുന്നത്. ചരിത്രപരമായി സാമൂഹിക വിമർശന സ്വഭാവമുള്ള മലയാള ചെറുകഥകളിലാകട്ടെ, ഗ്രന്ഥശാലകളിലെ അശാസ്ത്രീയതയെയും കാൽപ്പനികതയെയും ശക്തമായി വിമർശിക്കുന്നത് കാണാം.
ലൈബ്രറികൾ അശാസ്ത്രീയമായി നിലനിൽക്കുന്നതുകൊണ്ടാണ് കല്പിത സാഹിത്യത്തിലും സിനിമകളിലും ലൈബ്രറികൾ ഇത്തരത്തിൽ അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്. വായന മനുഷ്യന്റെ സാമൂഹിക ഒറ്റപ്പെടലിന്റെയും വിഷാദത്തിന്റെയും പ്രതീകമല്ല. വായനയും വായനശാലകളും വിവരങ്ങളും സാമൂഹിക ജീവിതവുമായിട്ടാണ് ബന്ധപ്പെട്ടുകിടക്കേണ്ടത്. ഗ്രന്ഥശാലകളെ ഇരുട്ടിൽ നിന്നും ഏകാന്തതയിൽ നിന്നും സാങ്കൽപ്പിക ലോകത്ത് കുടുങ്ങിപ്പോകുന്ന അവസ്ഥയിൽ നിന്നും മോചിപ്പിച്ച് ശാസ്ത്രീയവും സാമൂഹികവും രാഷ്ട്രീയവുമായ പ്രവർത്തനമാക്കി മാറ്റേണ്ടതുണ്ട്. ‘വായിച്ചാൽ വളരും’ എന്ന് പറയുന്നതിനൊപ്പം തന്നെ ശാസ്ത്രീയമായി വായിക്കാനുള്ള സാഹചര്യങ്ങൾ ഒരുക്കിക്കൊടുക്കുകയും അത് സമൂഹത്തിലെ വൈവിധ്യ ജനവിഭാഗങ്ങളിലേക്ക് എത്തിക്കുകയുമാണ് ഗ്രന്ഥശാലകൾ ചെയ്യേണ്ടത്. പ്രാദേശിക ചരിത്രം, ഐതീഹ്യങ്ങൾ, നാട്ടറിവുകൾ, പ്രദേശവാസികളുടെ ക്രിയാത്മക പ്രവർത്തങ്ങൾ എന്നിവയെല്ലാം സംരക്ഷിക്കാനും പരിപോക്ഷിപ്പിക്കാനും നിലവിലുള്ള എല്ലാ ശാസ്ത്ര-സാങ്കേതിക വിദ്യകളുടെയും സഹായത്തോടെ ഗ്രന്ഥശാലകൾക്ക് കഴിയണം. ഗ്രന്ഥശാലകൾ ഒരു പ്രദേശത്തിന്റെ ‘പ്രാദേശിക സർവ്വകലാശാല’കളായി നിലകൊള്ളേണ്ടതുണ്ട്.
ഗ്രന്ഥസൂചി
- എസ് , ഹരീഷ് . 2026. പട്ടുനൂൽപ്പുഴു . കോട്ടയം : ഡി.സി.ബുക്ക്സ്.
- കുമാർ,ഇ.സന്തോഷ്. 2021. ജ്ഞാനഭാരം . കോഴിക്കോട് : മാതൃഭൂമി ബുക്ക്സ്
- ബാലകൃഷ്ണൻ,സി.വി. 2022.ലൈബ്രേറിയൻ.കോട്ടയം : ഡി.സി.ബുക്ക്സ്.
- മങ്ങാട്ട്,അജയ് പി. 2019. സൂസന്നയുടെ ഗ്രന്ഥപ്പുര. കോട്ടയം : ഡി.സി.ബുക്ക്സ്
- മാധവൻ, എൻ.എസ് . 2023. എൻ.എസ് . മാധവന്റെ കഥകൾ സമ്പൂർണം. കോട്ടയം : ഡി.സി.ബുക്ക്സ്.
- സക്കറിയ. 2024. സക്കറിയയുടെ കഥകൾ. കോട്ടയം: ഡി.സി.ബുക്ക്സ്.
ലേഖകനെക്കുറിച്ച്: നൂൽപ്പുഴ ആർ.ജി.എം.ആർ.എച്ച്.എസ്.എസ്-ൽ (RGMRHSS Noolppuzha) ലൈബ്രേറിയനായി സേവനമനുഷ്ഠിക്കുകയാണ് മുഹമ്മദ് മുനവ്വർ കെ. ഹരിയാന സെൻട്രൽ യൂണിവേഴ്സിറ്റിയിൽ നിന്ന് ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസിൽ ബിരുദാനന്തര ബിരുദം (MLIS) കരസ്ഥമാക്കി. ലൈബ്രറി സയൻസിനോടൊപ്പം തന്നെ സാഹിത്യത്തെയും സിനിമയെയും നിരീക്ഷണാത്മകമായി സമീപിക്കുന്നതിൽ താല്പര്യമുണ്ട് (ഇൻസ്റ്റാഗ്രാം ഹാൻഡിൽ: @muhammedmunavver).
English Summary: Muhammed Munavver reflects on the representation of libraries in Malayalam fiction and cinema.