സുഖിക്കാന്‍ ഭയന്ന മലയാളി

ആധുനികമലയാളസാഹിത്യത്തിലെ സുഖവിരുദ്ധ-നിർമിതിയും പുതിയ സുഖങ്ങളും കേരളത്തിൽ ഏറ്റുമുട്ടുന്നതിന്റെ സാംസ്‌കാരിക-രാഷ്ട്രീയ വശങ്ങൾ യാക്കോബ് തോമസ് വിശകലനം ചെയ്യുന്നു.

യാക്കോബ് തോമസ്

A section of a wall with a small picture of the famous "lady with a lamp" painting superimposed with a cutout of a modernly-dressed woman.
Image: S. Harikrishnan

സുഖം: ഫ്യൂഡലിസത്തില്‍ നിന്ന് നവോത്ഥാനത്തിലേക്ക്

“എന്തുവന്നാലുമെനിക്കാസ്വദിക്കണം /മുന്തിരിച്ചാറുപൊലുള്ളൊരിജ്ജീവിതം/ 
എന്നുമിതിന്റെ ലഹരിയിലാനന്ദതുന്ദിലമെന്മനം മൂളിപ്പറക്കണം” 

എന്ന ചങ്ങമ്പുഴയുടെ രമണനിലെ ചന്ദ്രികയുടെ പ്രഖ്യാപനം വലിയ ഞെട്ടലോടെയാണ് കേരളസമൂഹം വായിച്ചെടുത്തത്. ഒരു സ്ത്രീ തനിക്ക് ജീവിതം ആസ്വദിക്കണമെന്ന് ആധുനികകേരളത്തിന്റെ നടുവില്‍നിന്ന് പറഞ്ഞത് കേരളീയ പൊതുബോധം അംഗീകരിച്ചില്ല. ചന്ദ്രികയുടെ ഈ വാക്കുകള്‍ ഭോഗലാലസയായി തരംതാണുവെന്ന് മുണ്ടശ്ശേരിയെപ്പോലുള്ള നിരൂപകര്‍ വിമര്‍ശിച്ചു. രമണനുമായുള്ള പ്രണയം തകര്‍ന്നത് ചന്ദ്രികയുടെ സുഖിക്കാനുള്ള വെമ്പലാണെന്നും ഇത്തരം സുഖചിന്തകള്‍ സ്ത്രീകള്‍ പ്രകടിപ്പിക്കുന്നത് ശരിയല്ലെന്നും വാദങ്ങള്‍ ഉയര്‍ന്നു. അക്കാലത്ത് ഇത്തരം ചിന്തകള്‍ കേരളസമൂഹത്തില്‍ ശക്തിപ്പെടുകയായിരുന്നു. “ജീവിതമെന്നാല്‍ യഥേഷ്ടം സുഖിക്കലാ/ണാവഴിക്കല്ലിസ്സതിവ്രതത്തിന്‍ ഗതി” എന്ന് വള്ളത്തോള്‍ കൊച്ചുസീതയിലൂടെ പറഞ്ഞത് 1931ലാണ്. കേരളനവോത്ഥാനത്തിന്റെ ആശയാവിലികള്‍ അണുകുടുംബത്തെയും അതിനെ നിയന്ത്രിക്കുന്ന ഭര്‍ത്താവിനെയും അച്ഛനെയും നിര്‍വചിക്കുന്ന ഘട്ടത്തിലാണ് ‘സുഖം’ എന്ന വാക്ക് വലിയ പ്രശ്നമായി വ്യവഹരിക്കപ്പെടുന്നത്. സുഖത്തിന് പലമാനങ്ങളുണ്ടെങ്കിലും ലൈംഗികമായ സുഖാനുഭവങ്ങളെയാണ് അത് പ്രകടമായി ധ്വനിപ്പിക്കുക. രോഗം സുഖമായോ എന്നമട്ടില്‍ കേവലമായ സുഖാനുഭവമുണ്ട്. അസുഖംമില്ലാത്ത അവസ്ഥയെന്ന അര്‍ഥത്തിലാണത് വരുന്നതെങ്കിലും സുഖിക്കല്‍ എന്നതില്‍ അടങ്ങിയിരിക്കുന്ന ശാരീരികസുഖം അതില്‍ നിലീനമാണ്.  സുഖിക്കുക വലിയ പാതകമോ തെറ്റോ ആയി പറയപ്പെടുന്നതാണ് മലയാളത്തിലെ ഭാഷയുടെ പൊതുരീതിയെന്നുകാണാം. സുഖിച്ചോടീ/ടാ എന്ന ചോദ്യം അങ്കലാപ്പില്‍നിന്ന് വരുന്നമട്ടിലാകും. അഥവാ ഇത്തരം ചോദ്യങ്ങളൊക്കെ സാഹിത്യത്തിന്റെ അധോലോകമായ പൈങ്കിളി/കമ്പി സാഹിത്യത്തിലാകും കാണപ്പെടുക. സാഹിത്യത്തിന്റെ മുഖ്യധാര എന്നും സുഖത്തിനെ പാപമായിക്കാണുന്ന ബോധമാണ് പുലര്‍ത്തിയത്. ലൈംഗികതയെ വിവരിക്കുന്നതും തുറന്നെഴുതുന്നതും അശ്ലീലമാണെന്ന ധാരണ ഇക്കാലത്ത് രൂപപ്പെട്ടിരുന്നു. കേശവദേവിന്റെ സുഖിക്കാന്‍വേണ്ടി എന്ന നോവല്‍ ഇതിന്റെ ഉദാഹരണമാണ്. സുഖിക്കാന്‍ ശ്രമിച്ച ഒരു സ്ത്രീയുടെ കഥയാണിത്. ആ ശ്രമം അവരെ വേശ്യാവൃത്തിയിലാക്കി തകര്‍ക്കുന്നുവെന്നാണ് നോവലിലെ പ്രശ്നം. സുഖിക്കാന്‍ ശ്രമിക്കുന്നവരൊക്കെ ആപത്തില്‍പെടുന്നുവെന്ന സൂചനയാണ് ഇക്കാലത്തെ സാഹിത്യാദിവ്യവഹാരങ്ങള്‍ നല്കുന്നത്. ഇതിന്റെ സാംസ്കാരികപശ്ചാത്തലമെന്നത് ഫ്യൂഡലിസത്തില്‍നിന്ന് ആധുനികതയിലേക്കുള്ള മാറ്റമാണ്. കേരളീയ ഫ്യൂഡലിസത്തിലെ മരുമക്കത്തായമൊക്കെ ലൈംഗികതയെ വലിയ വിലക്കായി കണ്ടിരുന്നില്ല. എന്നാല്‍ ആധുനികത ശരീരത്തെയും കാമനകളെയും പാപമായി വ്യവഹരിച്ചു. ഈ പാപബോധത്തിലാണ് സുഖിക്കല്‍ വിലക്കായി പ്രത്യക്ഷപ്പെടുന്നതെന്നു കാണാം.

ശരീരത്തിലെ സുഖങ്ങള്‍

സുഖത്തെക്കുറിച്ച് നവോത്ഥാനകാല സാഹിത്യത്തിലൊക്കെ സവിശേഷമായ പരാമര്‍ശങ്ങളുണ്ടെന്നു കാണാം. ഈ പരാമര്‍ശങ്ങള്‍ സുഖം എന്നത് ഭൗതികവും ശാരീരികവുമാണെന്നുമാണ് പറയുന്നത്. സുഖിക്കുന്നത് പ്രധാനമായും ശരീരത്തിലാണ്. ലൈംഗികതയാണ് അതിലെ പ്രധാനപ്പെട്ടതും. ധാരാളം സമ്പത്തും വീടും സൗകര്യങ്ങളും കിട്ടുന്നതിലൂടെയാണ് ആ സുഖം പൂര്‍ണതില്‍ എത്തുക. ഈ സുഖത്തെക്കുറിച്ച് ഒരു സംവാദം തകഴിയുടെ ചെമ്മീനിലുണ്ട്. ചെമ്പന്‍കുഞ്ഞ് പണം ഉണ്ടാക്കുന്നത് സുഖിക്കുന്നതിനുവേണ്ടിയാണ്. പണമുണ്ടാക്കി കൂടുതല്‍ വള്ളവും വലയും വാങ്ങി വലിയ വീടുവച്ച് ചക്കിയെ വണ്ണംവെപ്പിച്ച് സുഖിക്കണം എന്നാണ് അയാളുടെ ചിന്ത. 

ചെമ്പന്‍കുഞ്ഞ് അങ്ങനെയിരിക്കുമ്പോള്‍ ചിലതെല്ലാം പറയും. ഒരു രണ്ടുവള്ളവും വലയും കൂടുണ്ടാകണം. ഒരു പറമ്പും പുരയും വേണം.കുറേ കാശും കൈയില്‍ വേണം.
എന്നിട്ട് ആയുസ്സു മുഴുവന്‍  വേല എടുത്തതല്യോ. പള്ളിക്കുന്നനെപ്പോലെ ഓന്നു സൊഖമെടുക്കണം. 
ചക്കിയെ ഒന്നു വണ്ണംവയ്പിക്കാനും അയാള്‍ തീരുമാനിച്ചിട്ടുണ്ട്. 
ചക്കി പറഞ്ഞു: ഓ ഞാന് ഇനീം വണ്ണംവക്കാമ്പോവ്വാ!
അതൊന്നുമല്ലെടീ നീ വണ്ണോം വെക്കും
മുമ്പൊരിക്കലും അങ്ങനെ ജീവിത്തതില്‍ സുഖിക്കുന്നതിനെക്കുറിച്ച് ചെമ്പന്‍കുഞ്ഞ് പറഞ്ഞ് ചക്കി കേട്ടിട്ടില്ല. സുഖത്തെക്കുറിച്ച് പുതിയ ഒരു സങ്കല്പം ആയിടയ്ക്കുണ്ടായതായി ചക്കിക്കു തോന്നി. അവള്‍ ചോദിച്ചു. 
എന്നതാ ഈ വയസ്സുകാലത്തു സുഹിക്കാമ്പോണേഇതെവടാന്നു പടിച്ചു? എങ്ങാണ്ടൂന്നു പടിച്ചതാ.
എടീ വയസ്സുകാലത്തു സുഹിക്കാം. ആ പള്ളിക്കുന്നനെ പോയി നോക്ക്. അയാള് സുഹിക്കണ കാണണോണെങ്കില്.
ചെമ്പന്‍കുഞ്ഞ് തെറ്റായ ഒരു വഴി ആലോചിക്കുന്നതുപോലെ ഗുണദോഷിക്കും മട്ടില്‍ ചക്കി അയാളെ നോക്കി. വയസ്സുകാലത്ത് സുഖിക്കുന്നത് ഒരു തെറ്റാണ്…..
ചെമ്പന്‍കുഞ്ഞ് കണ്ടങ്കോരന്‍വലക്കാരന്റെ ജീവിതം വിവരിച്ചു. ഇത്ര സുഖായി അയാള്‍ ഉണ്ടിട്ടില്ല. അവിടുത്തെ കറികള്‍ക്കെല്ലാം വിശേഷമായ സ്വദാണ്. അവരു കൊച്ചു പിള്ളാരെപ്പോലെ ജീവിതം സുഖിക്കുകയാണ്. ….
യഥാര്‍ത്തില്‍ അതിലൊരാശ ചക്കിക്കുമുണ്ട്. അങ്ങനെ ആലിംഗനം ചെയ്തു ചുംബനം ചെയ്തു നില്‍ക്കാന്‍. എന്നാല്‍ അതവള്‍ പുറത്തു പറഞ്ഞില്ല (2014:84-85).

സുഖിക്കുന്നത് തെറ്റാണെന്ന ആധുനികപൊതുബോധം വളരുന്നിടത്താണ് ഇത്രയും നീണ്ട സംഭാഷണം സുഖത്തെക്കുറിച്ചു വരുന്നത്. അവസാനം അത് ലൈംഗികമായിത്തന്നെ സുഖിക്കാനുണ്ട് എന്ന ചിന്തയിലാണ് ചെന്നുചേരുന്നത്. ഭൗതികമായ നേട്ടങ്ങളിലൂടെ ലൈംഗികമായി സുഖിക്കുന്നതാണ് ഇവിടുത്തെ സുഖസങ്കല്പത്തിന്റെ അടിസ്ഥാനം. സുഖിക്കുക എന്ന ചിന്ത അടിച്ചമര്‍ത്തി സുഖിക്കുന്നത് തെറ്റാണെന്ന ചിന്തയിലൂടെ ജീവിതം നയിക്കുന്നതാണിവിടെ കാണുന്നത്.  ശാരീരിക സുഖത്തെയാണ് ഇവിടെ നിഷേധിക്കുന്നത് എന്നുകാണാം. അങ്ങനെ വലിയ സുഖങ്ങള്‍ പാടില്ലാത്ത വിധത്തില്‍ ശരീരത്തെ ആധുനിക വ്യവഹാരങ്ങള്‍ മെരുക്കിയെടുത്താണ് സുഖം എന്ന ആശയം പ്രവര്‍ത്തിച്ചുവരുന്നത്. കേരളത്തിലെ കീഴാളരുടെ ജീവിതത്തിലെ സങ്കല്പങ്ങള്‍ സുഖത്തിന്റെ പൊതുസങ്കല്പങ്ങള്‍ക്കു പുറത്തുനിലക്കുന്നതുംകാണാം. എന്നാല്‍ ആധുനികമായ സങ്കല്പങ്ങള്‍ അവയിലേക്കും അരിച്ചുകയറുന്നത് വ്യക്തമാകുന്നു. ചെമ്മീനിലെ ആഖ്യാനം ശ്രദ്ധിച്ചാല്‍ സുഖിക്കാന്‍ ശ്രമിച്ചവരൊക്കെ ദുരന്തത്തിലേക്കു വീണത് കാണാം. അതായത് സുഖിക്കാനുള്ള ശ്രമം ദുരന്തമായി മാറുന്നു എന്നര്‍ഥം. ചെമ്പന്‍കുഞ്ഞിനോ ചക്കിക്കോ അവര്‍ പ്രതീക്ഷിച്ച പോലെ സുഖിക്കാന്‍ കഴിഞ്ഞില്ല. അതിലൂടെ സുഖിക്കാനുള്ള ശ്രമം അപകടമാണെന്ന സൂചനയാണ് നല്കുന്നത്. സുഖം പാപമാണെന്നും അതിന് തിരിച്ചടിയുണ്ടാകുമെന്നും  ഇത്തരം ആഖ്യാനങ്ങള്‍ സൂചിപ്പിക്കുന്നു.

നവോത്ഥാനത്തിലൂടെ രൂപപ്പെടുന്ന ആശയലോകവും ഈ സുഖവിരുദ്ധതയുടേതാണെന്നു പറയാം. ഈ സുഖവിരുദ്ധതയെ ഏറെ പ്രത്യയശാസ്ത്രവല്കരിച്ച കവിതയായിരുന്നു ആശാന്റെ ചിന്താവിഷ്ടയായ സീത. ‘നിഴലിൻ‌വഴി പൈതൽ‌പോലെ പോ-യുഴലാ ഭോഗമിരന്നു ഞാനിനി’ എന്നുപറയാനാണ് സീത ശ്രമിക്കുന്നത്. അതിനുകാരണം ‘വിനയാർന്ന സുഖം കൊതിക്കയി/ല്ലിനിമേൽ ഞാനസുഖം വരിക്കുവാൻ’ എന്നതാണ്. ശരീരിക/ പ്രണയസുഖങ്ങളൊക്കെ നല്ല സ്ത്രീകള്‍ക്ക് വിനയായി മാറുന്ന ചരിത്രപശ്ചാത്തലത്തിലാണ് 1915- 1919 കാലത്ത് ഈ കാവ്യം രൂപപ്പെടുന്നത്. പൊതുവില്‍ സുഖം തെറ്റാണെങ്കിലും സുഖിക്കുന്നത് കൂടുതല്‍ വിനയാകുന്നത് സ്ത്രീക്കാണെന്നു ഇവ സൂചിപ്പിക്കുന്നു. സുഖത്തെ നിഷേധിക്കുന്നതിലൂടെയാണ് ഗുണവതിയായ നല്ല/കുലസ്ത്രീയെ വാര്‍ത്തെടുത്തത്. സുഖത്തിനു വാഞ്ഛിക്കുന്നവള്‍ ചീത്തയാക്കുപ്പെടുന്നു. ഇത്തരത്തിലുള്ള പ്രത്യയശാസ്ത്രരൂപീകരണത്തിലൂടെ ആധുനികമലയാളസാഹിത്യം സുഖിക്കാത്ത സ്ത്രീ പുരുഷന്മാരെ വാര്‍ത്തെടുക്കുകയായിരുന്നു. അതിലൂടെ ലൈംഗികതയും മറ്റും വെറുക്കപ്പെടേണ്ടതാണെന്നും വ്യവഹരിച്ചു.

ഉടലിനെ സ്നേഹിച്ച ഉപഭോഗസംസ്കാരം

സുഖം ഇച്ഛിക്കാത്ത, അലൈംഗികരായ വ്യക്തികളും ശരീരങ്ങളുമാണ് നല്ലതെന്നും ആദര്‍ശമുള്ളതെന്നും നവോത്ഥാനവും അനന്തരകാല സാമൂഹിക സ്ഥാപനങ്ങളും വ്യവഹരിക്കുന്നു. ആദര്‍ശാത്മകരാഷ്ട്രീയക്കാരും സാമൂഹിക പ്രവര്‍ത്തകരുമൊക്കെ ഈ സുഖവിരുദ്ധതയിലാണ് രൂപപ്പെടുന്നത്. മദ്യപാനംപോലുള്ളകാര്യങ്ങളും സുഖത്തിന്റെ ചിഹ്നമായി മുദ്രകുത്തപ്പെടുന്നു. ചുരുക്കത്തില്‍ ആധുനിക മലയാളിയെന്നത് ശരീരത്തിന്റെ സുഖങ്ങളും ആനന്ദങ്ങളും വിലക്കായ, അവ രഹസ്യാത്മകമായി നിര്‍വഹിക്കേണ്ടുന്ന കര്‍തൃത്വങ്ങളായിട്ടാണ് ഭാവനചെയ്യപ്പെട്ടത്. അങ്ങനെ ചുംബനമൊക്കെ രഹസ്യമായിട്ടു നിര്‍വഹിക്കേണ്ടുന്നതായി പഠിപ്പിക്കുന്നു. ശരീരം മുഴുവന്‍ മൂടുന്നതാണ് ശരിയായ വസ്ത്രധാരണമെന്നും അല്ലാത്തതൊക്കെ പാശ്ചാത്യമാണെന്നും വ്യവഹരിക്കുന്നു. ഇതിനെ അധികരിച്ചാണ് സദാചാരത്തെ നാം നിര്‍വചിച്ചിരിക്കുന്നത്. ശരീരത്തെ ആനന്ദിക്കുന്നവരുടെ മേലുള്ള അധികാരചാരപ്രയോഗമാണ് സദാചാരപോലീസ്.

എന്നാല്‍ ഈ ശരീര, ആനന്ദവിരുദ്ധമായ സംസ്കാരം പുതിയ സാമൂഹിക പ്രക്രിയകളില്‍ ചോദ്യംചെയ്യപ്പെടുന്നതാണ് കാണുന്നത്.  ഗള്‍ഫ് പ്രവാസത്തിലൂടെ ബലപ്പെട്ട ഉപഭോക്തൃസമൂഹവും ആഗോളവല്കരണവും ഉത്തരാധുനിക ആശയലോകങ്ങളും ആധുനിക മലയാളിയുടെ ശരീരത്തിലെ സുഖവിരുദ്ധതയെയാണ് കീറിമുറിക്കുന്നത്. വിപണി എന്ന വാക്ക് ആധുനിക മലയാളിയുടെ ജീവിതത്തിലെ കുഴപ്പംപിടിച്ച പ്രയോഗമാണ്. വിപണിവല്കരണമൊക്കെ സമൂഹത്തെ നാശത്തിലേക്കു നയിക്കുമെന്നു ഇപ്പോഴും വ്യവഹരിക്കുന്നുണ്ട്. പുതിയ വിപണിസംസ്കാരം ആനന്ദവിരുദ്ധതയുടെ സംസ്കാരത്തെ പതുക്കെ തള്ളിമാറ്റുന്നുണ്ട്. സുഖിക്കുന്ന പെണ്ണും ആണും ട്രാന്‍സ്ജന്റര്‍ ശരീരങ്ങളും പുതിയൊരു ശരീരങ്ങളായി പതുക്കെ മലയാളിയുടെ പൊതുബോധത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ഈ പ്രത്യക്ഷപ്പെടലുകളെ സവിശേഷം പ്രശ്നവല്കരിക്കുകയായിരുന്നു ചുംബനസമരം ചെയ്തത്. ശരീരത്തെയും ആനന്ദത്തെയും സംബന്ധിച്ചുള്ള ആധുനികമായ ബോധ്യങ്ങളെ പോറലേല്പിക്കുകയായിരുന്നു ആ സമരം. ഇത്തരം പ്രക്രിയകളിലൂടെ സുഖം പാപമെല്ലന്നു മലയാളി പഠിച്ചുതുടങ്ങുന്നതേയുള്ളൂ എന്നു സാരം.

പുസ്തകസൂചി

  • കേശവദേവ് , 2005, സുഖിക്കാന്‍വേണ്ടി, പൂര്‍ണ പബ്ലിക്കേഷന്‍സ്, കോഴിക്കോട്.
  • കുമാരനാശാന്‍, 1998, സമ്പൂര്‍ണകൃതികള്‍, ഡി സി ബുക്സ്, കോട്ടയം. (ആശാന്റെ എല്ലാ കൃതികളും വിക്കിഗ്രന്ഥശാലയില്‍ കിട്ടും).
  • തകഴി, 2014, ചെമ്മീന്‍, ഡി സി ബുക്സ്, കോട്ടയം.
  • ചങ്ങമ്പുഴ, 2004, ചങ്ങമ്പുഴക്കവിതകള്‍ വാല്യം 1& 2‍, ഡി സി ബുക്സ്, കോട്ടയം.
  • വള്ളത്തോള്‍, 2010, സമ്പൂര്‍ണകൃതികള്‍ ഡി. സി ബുക്സ്, കോട്ടയം.

ലേഖകനെക്കുറിച്ച്: കൊടുങ്ങല്ലൂർ കെ.കെ.ടി.എം ഗവ.കോളേജിൽ മലയാളം അധ്യാപകനാണ്. കേരളചരിത്രപഠനത്തിലും ലിംഗപഠനങ്ങളിലും എഴുതാറുണ്ട്. കേരളീയ ആണത്തം എന്ന മേഖലയിൽ  ഗവേഷണം പൂർത്തിയാക്കിയിട്ടുണ്ട്.

English Summary: Yakob Thomas delves into how emerging cultures of consumption upturn long-standing notions,rooted in the Kerala Renaisance period, of bodily pleasure as irrational and immoral.

Please follow and like us:

One comment

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.