ജാതി ശ്രേണിയുടെ കാണാത്ത മുഖം: പുലിമറഞ്ഞ തൊണ്ടച്ചൻ തെയ്യം – ഒരു ഐതിഹ്യ പഠനം

കീഴാള സമൂഹത്തിൻറെ പ്രത്യയശാസ്ത്രപരമായ ഉയർച്ചയെയും, പ്രതിരോധത്തെയും, അവയ്ക്കു നേരെ നടന്ന അട്ടിമറികളെയും ഉത്തരകേരളത്തിലെ ഏറ്റവും പ്രബലമായ തെയ്യമായി കണക്കാക്കി വന്നിട്ടുള്ള പുലിമറഞ്ഞ തൊണ്ടച്ചൻ ഐതിഹ്യത്തിൻറെ   പശ്ചാത്തലത്തിൽ ഋത്വിക് ശങ്കർ അപഗ്രഥിക്കുന്നു.

ഋത്വിക് ശങ്കർ എ.

An image of the theyyam performance. A large crowd is seen off focus, in the background. In focus, towards the foreground, is the theyyam, left of frame. Also in focus, in front of the theyyam is a large lit lamp.
A Pulimaranja Thondachan Theyyam perfrmance. Picture: Jithu KC, Varam

ഉത്തര മലബാറിലെ പ്രശസ്തമായ ഒരനുഷ്ഠാന കലയാണ് തെയ്യം. സമൂഹത്തിലെ താഴെത്തട്ടിൽ പണ്ട് മേലാളരാൽ അടിച്ചമർത്തപ്പെട്ട വിഭാഗങ്ങളായ മലയ, പുലയ, വണ്ണാൻ, വേല, തീയ്യ സമുദായങ്ങളിൽപ്പെട്ടവരാണ് ഐതിഹ്യ സ്വഭാവമുള്ളതും വീരകഥാധിഷ്ഠിതവുമായ കഥാപാത്രങ്ങളെ അനുഷ്ഠാന രൂപേണ പ്രാക്തനമായി അരങ്ങിലെത്തിക്കുന്നത്. നാട്ടാചാരങ്ങൾ സന്നിവേശിച്ച ലോക കാഴ്ച്ചപ്പാടുകൾ ഉൾക്കൊള്ളുന്ന തോറ്റം പാട്ടുകൾ തെയ്യത്തിൽ ഒഴിച്ചു കൂടാൻ പറ്റാത്ത ഒരു ഘടകമാണ്.

കല-സാഹിത്യം എന്നിവയെ മനസ്സിലാക്കുന്നതിൽ മാർക്സ്, ഏംഗൽസ് എന്നിവരുടെ ഉൾക്കാഴ്ച്ചകളെ കടമെടുത്താൽ, കലയെന്നത് അനുഷ്ഠാനപരമോ അനുഷ്ഠാനേതരമോ ആയിക്കൊള്ളട്ടെസാമൂഹ്യാവബോധത്തിന്റെ രൂപമായി വർത്തിക്കുന്നു. കലയെ അതതു കാലഘട്ടത്തിലെ ജനങ്ങളുടെ സാമൂഹ്യ ജീവിതത്തെ സൂക്ഷ്മമായി നിരീക്ഷിക്കുന്നതിനും ഉപയോഗപ്പെടുത്താവുന്നതാണ്. ഒരു ചൂഷിത സമൂഹത്തിൽ, കല അനുഷ്ഠാനം, അനുഷ്ഠാന കല എന്നിവ പ്രതിരോധമായോ യാഥാർത്ഥ്യങ്ങളുമായുള്ള പൊരുത്തപ്പെടലായോ നിലവിലുള്ള അധികാര വ്യവസ്ഥയെ പുനരുല്പാദിപ്പിക്കുന്ന  ചാലകമായോ പ്രവർത്തിക്കുന്നതായി നിരീക്ഷിക്കാം.

ഐതിഹ്യങ്ങൾ ഒരേസമയം വ്യത്യസ്തവും ശക്തവും ആകാം. കെ കെ എൻ കുറുപ്പ് (2000) പറഞ്ഞിട്ടുള്ളതുപോലെ “തെയ്യത്തോറ്റങ്ങളിലെ ക്ലാസിക്കൽ ഐതിഹ്യങ്ങളുടെ ആഖ്യാനത്തെ പ്രദേശത്തെ ചെറുതും വലുതുമായ സംസ്കാരങ്ങളുടെ പരസ്പര വ്യവഹാരങ്ങൾക്ക് ഒരു സവിശേഷ ഉദാഹരണമായി കണക്കാക്കാവുന്നതാണ്.”(21) തെയ്യത്തിൽ തന്നെ പൊതുവായി പ്രാദേശികമെന്നും (lower), ദൈവീകമെന്നും (higher) വിളിക്കാവുന്ന ഐതിഹ്യങ്ങൾ ഉണ്ടായി വന്നിട്ടുണ്ട്. പ്രാദേശിക ഐതിഹ്യങ്ങൾക്കുമേൽ ദൈവീക പരിപ്രേക്ഷ്യമുള്ള ഐതിഹ്യങ്ങൾ കൂടുതൽ പ്രാമുഖ്യം നേടുന്ന ഇത്തരം സാമാന്യവൽക്കരണം അല്ലെങ്കിൽ ചില അടിസ്ഥാന മാതൃകകളിലേക്കുള്ള ക്രമീകരണം (standardization) കീഴാള സമൂഹത്തിൻറെ പ്രത്യയശാസ്ത്രപരമായ ഉയർച്ചയെയും പ്രതിരോധത്തെയും അട്ടിമറിക്കാൻ പ്രാപ്തിയുള്ള ഒന്നാണ്.

 ഉത്തരകേരളത്തിലെ ഏറ്റവും പ്രബലമായ തെയ്യമായി കണക്കാക്കി വന്നിട്ടുള്ള പുലിമറഞ്ഞ തൊണ്ടച്ചൻ 1 തെയ്യത്തെ ഈ പശ്ചാത്തലത്തിൽ അപഗ്രഥന വിഷയമാക്കുകയാണിവിടെ. വിവിധ ജനകീയ മാധ്യമങ്ങളിലൂടെ (സിനിമയും നാടകവും) ഇത്രയധികം ആഖ്യാനം ചെയ്യപ്പെട്ടതും വ്യാഖ്യാനിക്കപ്പെട്ടതുമായ മറ്റൊരു ഐതിഹ്യം ഇല്ലെന്ന് പറയാവുന്നതാണ്. “പുലിമറഞ്ഞ” എന്ന വാക്കിന് വ്യത്യസ്ത വിശദീകരണങ്ങൾ കൊടുക്കാവുന്നതാണ്. ഉദാഹരണത്തിന്, ഈ വാക്കിനെ ഒരു വ്യക്തിയുടെ പുലിയായുള്ള രൂപ മാറ്റത്തിലൂടെയുള്ള അപ്രത്യക്ഷപ്പെടൽ ആയും; പുലിയായി മാറാനുള്ള ഒരു വ്യക്തിയുടെ കഴിവായും; പുലിയായി രൂപാന്തരപ്പെട്ടു ആ വേഷത്തിൽ തന്നെ  ഒടുങ്ങേണ്ടിവരുന്ന ഒരു വ്യക്തിയുടെ ‘വിധി’യായും കണക്കാക്കാവുന്നതാണ്. 

ഈ തെയ്യത്തിന് പിറകിലുള്ള ചില പ്രധാന ഐതിഹ്യങ്ങൾ എടുത്തു പരിശോധിച്ചാൽ, വെള്ളച്ചി എന്ന കാരിയുടെ ഭാര്യയാണ് കാരിയുടെ മനുഷ്യരൂപത്തിലുള്ള തിരിച്ചുവരവിന് വിഘാതമായി നിന്നതെന്ന് കാണാൻ സാധിക്കും. തന്റെ പൂർവ്വ രൂപത്തിലേക്കുള്ള തിരിച്ചുവരവിന് കാരി വെള്ളച്ചിക്ക് പറഞ്ഞു കൊടുത്ത കാര്യങ്ങൾ വെള്ളച്ചിക്ക് ചെയ്യാൻ സാധിക്കാത്തതിന്റെ പരിണിതഫലം. അതൊടുവിൽ കാരിയുടെ കൈയ്യാലുള്ള വെള്ളച്ചിയുടെ മരണത്തിലേക്കും നയിക്കപ്പെട്ടു. സ്ത്രീകളെ വിശ്വസിക്കാൻ കൊള്ളാത്തവരും ചതിക്കുന്നവരായും കണ്ടുകൊണ്ടുള്ള ഇത്തരം ഐതിഹ്യത്തിന് തീർച്ചയായും ഒരു പുരുഷമേധാവിത്വ സമൂഹത്തിൽ പ്രാമുഖ്യം ലഭിച്ചതിൽ അത്ഭുതപ്പെടാനില്ല. അധികാരമുള്ള സ്ത്രീയെ സമൂഹം ഭയക്കും. സാധാരണ സ്ത്രീയായിയല്ല തെയ്യം പുരാവൃത്തം അനാവരണം ചെയ്യുന്ന തോറ്റത്തിൽ വെള്ളച്ചി അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്. കരുത്തനായ കാരിയെ വിവാഹം കഴിക്കാൻ പ്രാപ്തിയുള്ള സ്ത്രീയാണവൾ എന്നാണ്. ഒരു ‘കീഴാളനായ’ കാരിക്ക് അധികാരവും പണവും കൈവരികയെന്നാൽ അത് വെള്ളച്ചിക്ക് കൂടി അവകാശപ്പെട്ടതാകാം എന്നർത്ഥം. ഒരു യാഥാസ്ഥിതിക പുരുഷമേധാവിത്ത സമൂഹത്തിന് ഒരിക്കലും അതംഗീകരിക്കാൻ കഴിയില്ല എന്നതിന് തെളിവാണ് കാരിയുടെയും വെള്ളച്ചിയുടെയും ‘പതനം’. കാരിയുടെ പതനം സമൂഹത്തിലെ ഉയർന്ന വർഗ്ഗത്തിന് അനിവാര്യമാകുന്നിടത്ത് വെള്ളച്ചിയെയും ചപലയാക്കി മാറ്റി തീർത്തതാണ് പുരുഷ മേൽക്കോയ്മയുടെ യഥാർത്ഥ വിജയം. അല്ലെങ്കിൽ തന്റെ അറിവോടെ പുലിയായി മാറിയ കാരിയെ ഭയക്കേണ്ട യാതൊരു സന്ദർഭവും ആവശ്യവും വെള്ളച്ചിക്ക് ഉണ്ടാകുന്നില്ല. ഇതേ ഐതിഹ്യം തന്നെയാണ് എഴുത്തുകാരനായ എൻ പ്രഭാകരന്റെ  പുലിജന്മം എന്ന നാടകത്തിലേക്കും സംവിധായകൻ പ്രിയനന്ദന്റെ അതേ പേരിലുള്ള സിനിമയിലേക്കും കൈക്കൊണ്ടിരിക്കുന്നത് എന്നത് ഏതൊരു കാലത്തും ഇത്തരം ഐതിഹ്യങ്ങൾക്ക് സമൂഹത്തിൽ കിട്ടിയേക്കാവുന്ന പ്രാധാന്യത്തിലേക്ക് വിരൽ ചൂണ്ടുന്നു. 

ചെറിയ തോതിലാണെങ്കിലും പ്രചാരത്തിലുള്ള കാരി ഗുരുക്കളുടെ കഥ കോലത്തുനാട്ടിലെ തെയ്യം കഥകൾ (2007) എന്ന കൃതിയിലെ “മാടായി കാരി ഗുരുക്കൾ” എന്ന അധ്യായത്തിലൂടെ ഡോ. ആർ.സി. കരിപ്പത്ത് വ്യക്തമാക്കുന്നുണ്ട്. ഈ ഐതിഹ്യപ്രകാരം വെള്ളച്ചിയുടെ കെടുകാര്യസ്ഥത കൊണ്ടല്ല മറിച്ച് കാരിയുടെ ശിഷ്യരാണ് അദ്ദേഹം പുലിയായി അമരാൻ കാരണക്കാർ. കാരിയുടെ പുലിയായുള്ള രൂപാന്തരം അവരെ ഭയപ്പെടുത്തുകയും അവർ ഓടി ഒളിക്കുകയും, കാരി അള്ളടം രാജാവിന്റെ കിങ്കരന്മാരാൽ വധിക്കപ്പെടുകയും ചെയ്യുന്നു. ഐതിഹ്യങ്ങളിലെ ഇത്തരം വൈവിധ്യങ്ങൾ തീർച്ചയായും സത്യത്തിന്റെ പലമയിലേക്കാണ് 2 വിരൽചൂണ്ടുന്നത്. ഇത്തരം ഹ്രസ്വാഖ്യാനങ്ങൾ തീർച്ചയായും ബൃഹത് ആഖ്യാനങ്ങളുടെ ആധികാരികതയെ ചോദ്യം ചെയ്യുകയും ചെയ്യുന്നു. 

അടുത്തതായി ഈ ഐതിഹ്യങ്ങളിൽ സന്നിവേശിപ്പിക്കപ്പെട്ട ‘ഭയം’ എന്ന വസ്തുതയെ പഠനത്തിനു വിധേയമാക്കാം. പല സത്യങ്ങളുടെ നിലനിൽപ്പ് ഏതൊരു അധികാര വ്യവസ്ഥയേയും ശിഥിലമാക്കാൻ  കെൽപ്പുള്ളതാണ്. എന്തുകൊണ്ട് അല്ലെങ്കിൽ എങ്ങിനെ ഒരു ഐതിഹ്യം ഇത്രമേൽ പ്രാധാന്യം നേടുന്നു എന്നത് ചിന്തിക്കേണ്ട വിഷയമാണ്. 

 ഐതിഹ്യങ്ങൾ പരിശോധിച്ചാൽ കാരി എന്ന പുലയ സമുദായത്തിലെ വ്യക്തി അറിവ് നേടാനായി അക്ഷീണം പ്രയത്നിച്ചിരുന്നതായി കാണാം. വ്യവസ്ഥയ്ക്കെതിരായി ഒരു കീഴാളനായ കാരി അറിവു നേടുന്നത് മാതാപിതാക്കളിൽ ഭയം ഉണ്ടാക്കിയിരുന്നു. സമൂഹത്തിൻറെ താഴെത്തട്ടിൽ ജീവിക്കുന്നവർ വിദ്യാഭ്യാസം നേടാൻ പാടില്ലെന്ന അലിഖിത നിയമത്തെ അവർ ഭയന്നു. എങ്കിലും സ്വന്തം പേരും വീട്ടുപേരും മാറ്റിപ്പറഞ്ഞു കളരി അഭ്യാസമുറകൾ സ്വായത്തമാക്കിയ കാരി യഥാർത്ഥത്തിൽ ഒരു ജനത അനുഭവിച്ച ഭയത്തെ മറികടക്കുകയാണ് ചെയ്തത്. 

ചോതിയാർ കളരിയിലെ കുരുക്കത്തിയിൽ നിന്ന് അവസാന വിദ്യയായ ഒടിവിദ്യയും സ്വായത്തമാക്കിയാണ് കാരി തൻറെ പഠനം അവസാനിപ്പിക്കുന്നത്. പഠനശേഷം കാരി തൻറെ കൂടെ വേണമെന്ന് ആഗ്രഹിച്ച കുരുക്കത്തിയെ അനുസരിക്കാതിരുന്ന കാരി തീർച്ചയായും കുരുക്കത്തിയിൽ  (അവരും അധികാരത്തിന്റെ പ്രതീകമെന്ന നിലയിൽ) ഭയം ഉളവാക്കിയിട്ടുണ്ടാകാം. അധികാര വ്യവസ്ഥയ്ക്ക് മെരുങ്ങാത്ത സ്വഭാവമുള്ള, അറിവു നേടിയ കാരിയെ ശപിച്ചു പറഞ്ഞയക്കുന്ന കുരിക്കത്തി മേലാള വ്യവസ്ഥിതിയുടെ സൂചകം ആണ്. ” താൻ നേടിയ അറിവിനാൽ നശിച്ചു പോകട്ടെ എന്ന്” കുരിക്കത്തിയുടെ ശാപം അറിവ് നേടുന്ന കീഴാളരെ അടിച്ചമർത്താൻ ഒരുങ്ങി നിന്ന മേലാള വർഗ്ഗത്തിൻറെ താക്കീതായി വേണം കണക്കാക്കാൻ. 

കളരിയിലെ തന്റെ വൈദഗ്ധ്യം കാരിക്ക് നേടിക്കൊടുത്ത ഉയർച്ചയും അധികാരവും പ്രദേശത്തെ വിവിധ ജാതി വർഗ്ഗങ്ങളിൽപ്പെട്ടവർ പലതായി വ്യാഖ്യാനിച്ചിട്ടുണ്ടാകാം. തീർച്ചയായും പാണ്ഡിത്യം കൊണ്ടും കായികാഭ്യാസം കൊണ്ടും കരുത്തനായ കാരിയെ നിലനിൽക്കുന്ന അധികാര വ്യവസ്ഥയ്ക്ക് മേലുള്ള ശക്തമായ വെല്ലുവിളിയായി കണക്കാക്കപ്പെട്ടിടത്താണ് അള്ളടം രാജാവിന് ഭ്രാന്ത് വന്നത് എന്ന് അനുമാനിക്കേണ്ടതായി വരും. ഈ ഭ്രാന്തിനെ ചികിത്സിക്കാൻ സ്ഥലത്തെ പ്രധാന ദിവ്യന്മാർക്ക് ഒന്നും കഴിയാതെ വന്നതും ആ ഭാഗ്യം കാരിയിൽ എത്തിച്ചേർന്നതും വ്യവസ്ഥയെ നിലനിർത്താനുള്ള അധികാരത്തിന്റെ  ഏറ്റവും കടന്ന നിമിത്തമായി കണക്കാക്കാവുന്നതാണ്. ഭ്രാന്ത് ചികിത്സിച്ച് ഭേദമാക്കിയാൽ കാരിക്ക് വാഗ്ദാനം ചെയ്തത് അള്ളടം നാടിൻറെ പാതിയും, ആൾബലവും മൃഗസമ്പത്തും  ഒക്കെയായിരുന്നു. കാരി അത് അംഗീകരിക്കുകയും അള്ളടം രാജാവിൻറെ ഭ്രാന്ത് മുഴുവനായും മാറ്റി കൊടുക്കുകയും ചെയ്തു. കാരിക്ക് കൊടുക്കേണ്ടി വരുന്ന സമ്പത്തും കാരിയുടെ കൈവശമുള്ള അറിവും കാരിയെ തന്നെക്കാൾ അധികാരമുള്ളവനാക്കി മാറ്റുമോ എന്ന ആശങ്കയാണ് മറ്റൊരു ദൗത്യത്തിലേക്ക് കൂടി കാരിയെ ക്ഷണിക്കുന്നതിലേക്ക് രാജാവിനെ നയിച്ചത്. പുലിജടയും പുലി നഖവും കൊണ്ടുവരണം. ഒടിവിദ്യയിലൂടെ പുലിയായി രൂപം മാറാതെ മേൽപ്പറഞ്ഞവ കൊണ്ടുവരാൻ കഴിയാത്തതിനാൽ കാരി മറുവിദ്യ തൻ്റെ ഭാര്യയായ വെള്ളച്ചിയെ പഠിപ്പിച്ച് (ശിഷ്യരെ പഠിപ്പിച്ചു എന്നത് മറ്റൊരു കഥ) പുലിയായി യാത്രയാകുന്നു. പുലിജടയും പുലി നഖവുമായിവരുന്ന കാരിയെ അമർച്ചചെയ്യാൻ വെള്ളച്ചിയേയോ ശിഷ്യരെയോ (പണം വാഗ്ദാനം ചെയ്തോ ഭീഷണിപ്പെടുത്തിയോ) സ്വാധീനിച്ച് മറുവിദ്യ പ്രയോഗിക്കുന്നതിൽ നിന്ന് പിന്തിരിപ്പിച്ചിട്ടുണ്ടാവാം. അവർ ഭയം കൊണ്ട് തങ്ങളുടെ കർത്തവ്യത്തിൽ നിന്ന് വ്യതിചലിച്ചതാണെന്ന് കഥ പറയുന്നു. എന്തുതന്നെയായാലും പുലി രൂപത്തിൽ കുടുങ്ങി- “പുലി പാതാളത്തിൽ അമർന്നു” എന്ന് തോറ്റത്തിൽ പറയുംപോലെ-  കാരി മനുഷ്യരൂപം പ്രാപിക്കാൻ കഴിയാതെ അടിച്ചമർത്തപ്പെട്ടു. 

കാരിയുടെ പുലി രൂപം അദ്ദേഹം നേടിയ അറിവിന്റെ സൂചകമായി കാണാം. അജ്ഞതയെ സാധാരണ രൂപമായി കാണുന്ന ഒരു സമൂഹത്തിൻറെ ധാരണകൾക്കും അപ്പുറമാണ് കാരി നേടിയ അറിവ്. പുലിമറഞ്ഞ തൊണ്ടച്ചൻ എന്ന കാരി ഗുരുക്കളുടെ തെയ്യം തീർച്ചയായും പ്രത്യയശാസ്ത്രപരമായി ഒരു കൺകെട്ടു മാത്രമാണ്. ജീവിച്ചിരിക്കുമ്പോൾ തൻറെ അറിവും കഴിവും കൊണ്ട് താൻ സമ്പാദിച്ച പ്രശസ്തിയും അധികാരവും സമ്പത്തും കാരിക്ക് നിഷേധിച്ച് പിന്നീട് ഒരു കോലമായി കെട്ടിയാടിക്കുകയും ആരാധിക്കുകയും ചെയ്ത അധികാര തന്ത്രമാണ് ഇവിടെ വ്യക്തമാക്കപ്പെടുന്നത്. ഒരു വ്യവസ്ഥ എപ്രകാരം അതിൻറെ ആധിപത്യവും അധികാര ശ്രേണിയും നിലനിർത്തുന്നു എന്നതിന്റെ ഉത്തമോദാഹരണമാണ് കാരിയുടെ കഥ. വ്യക്തമായ നിലപാടും രാഷ്ട്രീയവും അവകാശബോധവും ഉള്ള  അറിവ് നേടിയ കാരിയെ പോലുള്ള കീഴാളനായകർ എപ്പോഴും രക്തസാക്ഷികളായും ഇരകളായും തുടരുന്നത് നീതീകരിക്കാൻ പറ്റാത്ത കാര്യമാണ്. ചെറുപ്പം മുതൽ തന്റേടത്തോടെ സ്വന്തം വ്യക്തിത്വത്തെ ഉയർത്തിപ്പിടിച്ച കാരിയെ വ്യവസ്ഥയുടെ ഇരയായി മാത്രം ചിത്രീകരിക്കുന്നത് സമൂഹ മനസ്ഥിതിയിൽ ഒരു സാധാരണ മുഖമായി വ്യവസ്ഥിതിയുടെ ഇരയാക്കലിനെ ഊട്ടി ഉറപ്പിക്കുന്നതിലേക്ക് നയിക്കുന്നു. കാരി, മന്ദപ്പൻ (കതിവന്നൂർ വീരൻ) വിഷകണ്ഠൻ (വിഷകണഠൻ തെയ്യം) പൊട്ടൻ തെയ്യത്തിലെ ചണ്ഡാളൻ, ഉച്ചില (മുച്ചിലോട്ടു ഭഗവതി) എന്നീ തെയ്യങ്ങൾ സമൂഹത്തിൽ സമൂലമായ മാറ്റങ്ങൾ കൊണ്ടുവരാൻ കെൽപ്പുള്ള സങ്കൽപ്പങ്ങളാണെങ്കിലും, ഇവയുടെ നിർമ്മിതിയിൽ രേഖപ്പെടുത്തിയിട്ടുള്ള അടിച്ചമർത്തലുകളും, തുടർന്നുള്ള ദൈവീക പരിവേഷപ്പെടലും, തീർച്ചയായും കലയിലൂടെ അവർക്ക് ശബ്ദം നല്കുന്നുണ്ടെങ്കിലും, മേൽക്കോയ്മ എന്ന വ്യവസ്ഥിതി ഒരു കോട്ടവും തട്ടാതെ തൽസ്ഥാനത്ത് തുടരുന്ന കാഴ്ച്ചയാണ് കാണാൻ കഴിയുക.

References

  • Karippath, R. C. 2007. Kolathunattile Theyyam Kadhakal. Nattu Samskruthi.
  • Kurup, K. K. N. 2000. A Cult of Theyyam and Hero Worship in Kerala. University of Calicut.
  • Nambiar, A. K. 1989. Keralathile Nadan Kalakal. National Book Stall.
  • Namboodiri, M. V. Vishnu. 1990.Thottam Pattukal-Oru Padanam. National Book Stall.
  • Namboodiri, M. V. Vishnu. 1998.  Theyyam. Kerala Basha Institute.

About the Author: Rithwik Sankar A. is a doctoral candidate (2019) at Indian Institute of Space Science and Technology (IIST), Trivandrum, working on the ritual performing arts of North Kerala.

Rithwik Shankar examines the development of subaltern ideologies, resistances, and attempts to sabotage subaltern movements in the context of Pulimaranja Thondachan Theyyam, a prominent Theyyam in North Malabar.

Please follow and like us:

One comment

  1. ഋത്വിക് ശങ്കര്‍♥ കീഴാളരുടെ ഉയിത്തെഴുന്നേല്‍പ്പിന്റെ, പ്രതിരോധത്തിന്റെ തിരുശേഷിപ്പായാണ് തെയ്യങ്ങള്‍ അവതരിക്കുന്നത്. അവിടെയും അധികാരത്തിന്റെയും മേല്‍ക്കോയ്മയുടെയും അടിച്ചമര്‍ത്തലുകള്‍ക്ക് അവര്‍ ഇരയായിട്ടുണ്ടെന്നുളളത് പുതിയൊരറിവാണ്..ഭാവുകങ്ങള്‍♥

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.