ആനിയുടെ ലോഗനും ലോഗന്റെ മലബാറും

മലബാര്‍ മാന്വൽ രചയിതാവായ വില്യം ലോഗന്റെ മലബാര്‍ കാലജീവിതം ആവിഷ്‌കരിക്കുന്ന ചരിത്രനോവലാണ്‌ കെ. ജെ. ബേബിയുടെ “ഗുഡ്‌ബൈ മലബാര്‍”. നോവൽ വ്യക്തികേന്ദ്രീകൃതമായ ആഖ്യാനത്തിലൂടെ നടത്തുന്ന ചരിത്ര നിർമ്മിതിയെക്കുറിച്ച് സമദ് എഴുതുന്നു

സമദ്‌ കടവന്‍

മലബാര്‍ മാന്വലിന്റെ (1887) രചയിതാവായ വില്യം ലോഗന്റെ മലബാര്‍ കാലഘട്ടം തന്റെ പത്‌നി ആനിയിലൂടെ ആവിഷ്‌കരിക്കുന്ന ചരിത്രനോവലാണ്‌ കെ. ജെ. ബേബിയുടെ ഗുഡ്‌ബൈ മലബാര്‍ (2019). ലോഗന്റെ മാന്വല്‍ പ്രസിദ്ധമാണെങ്കിലും അദ്ദേഹത്തിന്റെ ഔദ്യോഗിക-കുടുംബ ജീവിതവും അവയുടെ സങ്കീര്‍ണ്ണതകളും എഴുതപ്പെടാതെ കിടക്കുകയായിരുന്നു. കെ. ജെ. ബേബിയുടെ ഉജ്ജ്വലമായ നോവല്‍ മുഖ്യമായും പ്രതിപാദിക്കുന്നത്‌ ഈ കാര്യങ്ങളാണ്‌.

ബ്രിട്ടീഷ്‌ അധിനിവേശ വ്യവസ്ഥയുടെ പ്രതിനിധിയായി 1862ല്‍ ഇന്ത്യയിലെത്തിയ ലോഗന്‍ തന്റെ ഔദ്യോഗിക ജീവിതത്തിന്റെ അധികപക്ഷവും ചെലവഴിക്കുന്നത്‌ മലബാറിലാണ്‌. മദ്രാസ്‌ സിവില്‍ സര്‍വ്വീസിന്റെ ഭാഗമായി 1867ല്‍ വടക്കേ മലബാറിലെ സബ്‌കളക്ടറും ജോയിന്റ്‌ മജിസ്‌ട്രേറ്റുമായി അദ്ദേഹം നിയമിതനായി. 1875ലാണ്‌ അദ്ദേഹം മലബാര്‍ കളക്ടറായി നിയമിതനാകുന്നത്‌. തുടക്കത്തില്‍ അധിനിവേശ നയങ്ങള്‍ ഏകപക്ഷീയമായി നടപ്പാക്കുന്ന ഒരു സാമ്പ്രദായിക ബ്രിട്ടീഷ്‌ ഉദ്യോഗസ്ഥനായിരുന്നെങ്കിലും പിന്നീട്‌ മലബാര്‍ ജനതയോടുള്ള- വിശിഷ്യാ കുടിയാന്മാരോടുള്ള അദ്ദേഹത്തിന്റെ സമീപനത്തില്‍ കാതലായ മാറ്റങ്ങള്‍ വന്നതായി ചില ചരിത്ര പഠനങ്ങള്‍ (ഡോ.കെ.കെ.എന്‍. കുറുപ്പ്‌ 1981, പി. വേണു 1991) വിലയിരുത്തിയിട്ടുണ്ട്‌. ലോഗന്റെ കര്‍ഷക കുടുംബ പശ്ചാത്തലമാണ്‌ മലബാറിലെ കുടിയാന്മാരോടുള്ള അദ്ദേഹത്തിന്റെ സമീപനം ബ്രിട്ടീഷ്‌ അധിനിവേശ ഭരണകൂടത്തിന്റേതില്‍ നിന്നും വ്യത്യസ്‌തമാക്കിയതെന്ന്‌ ഇത്തരം പഠനങ്ങള്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്‌. ഈയൊരു കാഴ്‌ചപ്പാടിലാണ്‌ നോവലിന്റെ ആഖ്യാനം വികസിക്കുന്നത്‌. ലോഗന്റെ ഔദ്യോഗിക ജീവിതവും വ്യക്തി ജീവിതവും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ രേഖപ്പെടുത്തുന്ന നോവല്‍ ലോഗന്‍ കാലഘട്ടത്തിലെ മലബാറിലെ കാര്‍ഷികജീവിത സംഘര്‍ഷങ്ങള്‍ മതസംഘര്‍ഷങ്ങളായി പരിണമിക്കുന്നതെങ്ങനെയെന്നും അതില്‍ ബ്രിട്ടീഷ്‌ അധികാരികള്‍ വഹിച്ച പങ്കെന്തെന്നും വരച്ചിടുന്നു.

ചരിത്ര നോവല്‍ (Historical Novel) ഇനത്തില്‍പ്പെടുന്ന ഈ നോവലെഴുതാന്‍ കെ. ജെ. ബേബി തെരഞ്ഞെടുത്തിരിക്കുന്ന ആഖ്യാന രീതി തേര്‍ഡ്‌ പേഴ്‌സണ്‍ കാഴ്‌ചപ്പാടാണ്‌. ലോഗന്റെ പത്‌നിയായിരുന്ന ആനിയാണ്‌ നോവലിലെ ആഖ്യാതാവ്‌. ചരിത്രവിവരണത്തിലെ വസ്‌തുനിഷ്‌ഠതയും കൃത്യതയും പരമാവധി സൂക്ഷിക്കാന്‍ ഒരു എഴുത്തുകാരന്‌ ഈ ആഖ്യാനരീതി സാധ്യത നല്‍കുന്നു. അതോടൊപ്പം നോവല്‍ സാഹിത്യ സൗന്ദര്യം നിലനിര്‍ത്താന്‍ വേണ്ടി ചരിത്രസംഭവങ്ങളെ ഭാവനാത്മകമായി അവതരിപ്പിക്കാനുള്ള സ്വാതന്ത്ര്യവും രചയിതാവിന്‌ ലഭിക്കുന്നു. കൂടാതെ നോവലിലെ ചരിത്ര കാലഘട്ടത്തിലെ യഥാര്‍ത്ഥ സംഭവങ്ങള്‍ക്ക്‌ പുതിയ നിറങ്ങള്‍ നല്‍കി അവയെക്കുറിച്ച്‌ പുതിയ വ്യവഹാരങ്ങള്‍ ഉല്‍പാദിപ്പിക്കാനും കഴിയുന്നു. നോവലിലെ കഥാപാത്രങ്ങളായ കല്യാണിയും പാപ്പിയും വാസുവും രാമനാശാനും സൂചിപ്പിക്കുന്നതും ഇതാണ്‌. നോവലിന്നെഴുതിയ പ്രോത്സാഹനക്കുറിപ്പില്‍ കവി സച്ചിദാനന്ദന്‍ വിശദീകരിക്കുന്നത്‌ പോലെ കെ. ജെ. ബേബിയുടെ ഈ സാഹിത്യ രചന നിര്‍വ്വഹിക്കുന്ന ചരിത്രപരമായ ധര്‍മ്മം ലോഗന്റെ വൈയക്തികവും ധൈഷണികവും ഔദ്യോഗികവുമായ ജീവിതവും അദ്ദേഹം കാണുകയും അറിയുകയും ചെയ്‌ത അക്കാലത്തെ മലബാറിലെ ജനജീവിതവും ലളിതവും മനോഹരവുമായ ഭാഷയില്‍ അവതരിപ്പിക്കുകയെന്നതാണ്‌.


ബ്രിട്ടീഷ്‌-ഇന്ത്യാ ഗവണ്‍മെന്റ്‌ ലോഗനെ ഏല്‍പ്പിച്ചിരിക്കുന്ന ഭാരിച്ച ഉത്തരവാദിത്തങ്ങളാണ്‌ മലബാര്‍ മാന്വലെഴുത്ത്‌, മലബാര്‍ തുറമുഖ വികസനം, എസ്റ്റേറ്റ്‌ ഭരണം തുടങ്ങിയവ. ഇതില്‍ ഏറ്റവും ദുഷ്‌കരമായതും ലോഗനെ ഇന്നും ഓര്‍ക്കുന്നതും മലബാര്‍ മാന്വലെഴുത്തിന്റെ പേരിലാണ്‌. ബ്രിട്ടീഷ്‌-ഇന്ത്യാ ഗവണ്‍മെന്റും ഇന്ത്യാ ഗസറ്ററിയും നടപ്പിലാക്കാന്‍ ഉദ്ദേശിച്ച സുപ്രധാന പദ്ധതിയുമായിരുന്നു അത്‌. വിവിധ ജില്ലകളുടെ ചരിത്രവും സംസ്‌കാരവും ഭരണവിശേഷങ്ങളും മലകളും പുഴകളും സസ്യങ്ങളും ജീവികളും മനുഷ്യരും ഉള്‍ക്കൊള്ളുന്ന സര്‍വ്വതിന്റെയും പ്രാഥമിക വിവര ശേഖരണമാണ്‌ ഇതിലൂടെ ഉദ്ദേശിക്കപ്പെട്ടിരുന്നത്‌. അധിനിവേശ മലബാറിന്റെ സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവും സാംസ്‌കാരികവുമായ നിര്‍മ്മാണത്തിലും വിദ്യാഭ്യാസ വളര്‍ച്ചയിലും ഒരു ആധികാരിക രേഖയായി ലോഗന്റെ മാന്വല്‍ ഇടം പിടിച്ചതായി കാണാം. മലബാര്‍ മാന്വലിനെ ആധാരമാക്കിക്കൊണ്ടുള്ള കെ.ജെ.യുടെ ഈ നോവല്‍ പത്തൊമ്പതാം നൂറ്റാണ്ടിലെ മലബാര്‍ പ്രദേശത്തെയും അവിടുത്തെ ജീവിതത്തെയും സവിസ്‌തരം മനോഹരമായി വരച്ചിടുന്നു.

ലോഗന്‍ കാലഘട്ടത്തിലെ മലബാറിന്റെ സാമൂഹികവും രാഷ്ട്രീയവും സാംസ്‌കാരികവും സാമ്പത്തികവുമായ ജീവിതങ്ങള്‍ പരമാവധി വസ്‌തുനിഷ്‌ഠമായും ചരിത്രാവബോധത്തോടെയും രചയിതാവ്‌ അവതരിപ്പിക്കുന്നു. അന്നത്തെ സാമൂഹിക ജീവിത ഘടനയുടെ അവിഭാജ്യ ഭാഗമായിരുന്ന ജാതീയത, ജന്മി-കുടിയാന്‍ സംഘര്‍ഷം, പലപ്പോഴും അതിന്റെ വികാസമായി പരിണമിച്ച മതസ്‌പര്‍ദ്ധ എന്നീ വിഷയങ്ങളില്‍ ലോഗന്റെ കാഴ്‌ചപ്പാടാണ്‌ നോവലിസ്‌റ്റും വെച്ചുപുലര്‍ത്തുന്നത്‌. ബ്രിട്ടീഷ്‌ ഗവണ്‍മെന്റും മലബാറിലെ കീഴാളരും തമ്മിലുണ്ടായിരുന്ന ഏറ്റുമുട്ടലുകള്‍, ബ്രിട്ടീഷ്‌ ഗവണ്‍മെന്റിന്റെ ഭിന്നിപ്പിച്ചു ഭരിക്കല്‍ (Divide and Rule) തന്ത്രവും അത്‌ മലബാറില്‍ നൂറ്റാണ്ടുകളായി തുടര്‍ന്നു വരികയായിരുന്ന മതമൈത്രിക്കും സൗഹാര്‍ദ്ദത്തിനുമേല്‍പിച്ച ക്ഷതം, മലബാറിന്റെ ഭുമിപരവും കാലാവസ്ഥാപരവും പാരിസ്ഥിതികവുമായ സവിശേഷതകള്‍ എന്നിവയുടെ സൂക്ഷമവും ഹൃദ്യവുമായ വിവരണങ്ങളും നോവല്‍ വായനക്കാരന്‌ നല്‍കുന്നു. അത്‌ കൊണ്ട്‌ തന്നെ ലക്ഷണമൊത്തൊരു പ്രാദേശിക സാഹിത്യ കൃതി (Regional/Local Literature) കൂടിയായി ഈ നോവലിനെ കണക്കാക്കാം.

കെ. ജെ. ബേബിയുടെ നോവല്‍ ലോഗന്റെയും ആനിയുടെയും കാഴ്‌ചപ്പാടിലൂടെ 19ാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ ബ്രിട്ടനില്‍ സംഭവിച്ചു കൊണ്ടിരുന്ന രാഷ്ട്രീയവും സാമൂഹികവും സാമ്പത്തികവുമായ മാറ്റങ്ങളിലേക്കും വെളിച്ചം വീശുന്നുണ്ട്‌. ബ്രിട്ടനിലെ മധ്യവര്‍ഗ(Middle Class)ത്തിനിടയില്‍ ശക്തമായ പ്രചാരം നേടിക്കൊണ്ടിരുന്ന മാർക്‌സിയന്‍ ആശയങ്ങളുടെ സ്വാധീനത്തെകുറിച്ച്‌ ആനീ ബസെന്റ്‌ എന്ന കഥാപാത്രത്തിലൂടെയാണ്‌ രചയിതാവ്‌ സംവദിക്കുന്നത്‌.

1921ലെ സമരചരിത്രവുമായി ബന്ധപ്പെട്ട്‌ തുടര്‍ന്നു കൊണ്ടിരിക്കുന്ന ചരിത്ര വക്രീകരണ പദ്ധതികള്‍ നടപ്പിലാക്കപ്പെട്ടു കൊണ്ടിരിക്കുന്ന സമകാലിക ഫാഷിസ്റ്റ്‌ ഇന്ത്യയില്‍ പ്രതിരോധ സാഹിത്യങ്ങള്‍ (Resistance Literature) നിര്‍വ്വഹിക്കുന്ന പങ്ക്‌ മര്‍മ്മപ്രധാനമാണ്‌. ചരിത്ര സംഭവങ്ങളെ കുറിച്ച്‌ അധികാരി വര്‍ഗങ്ങളുടെ സ്ഥാപിത താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടി ഉല്‍പ്പാദിപ്പിക്കപ്പെടുന്ന സാഹിത്യങ്ങള്‍ മറച്ചുവെക്കുന്ന ചരിത്രയാഥാര്‍ത്ഥ്യങ്ങളെ വെളിച്ചത്ത്‌ കൊണ്ടു വരികയാണ്‌ അവ ചെയ്യുന്നത്‌. മലബാര്‍ സമരങ്ങളെ കുറിച്ച്‌ ബ്രിട്ടീഷ്‌ ഭരണകൂട ഉദ്യോഗസ്ഥരും ചരിത്രകാരന്മാരും നിര്‍മ്മിച്ചെടുത്ത അധിനിവേശ വ്യവഹാരങ്ങളുടെ (Colonial Discourses) ആശയവും ഘടനയും അതേപടി സന്നിവേശിപ്പിച്ചു കൊണ്ട്‌ രൂപപ്പെടുത്തപ്പെട്ട പ്രബലമായ ദേശീയ വ്യവഹാരങ്ങള്‍ (National Discourses) ക്കുള്ള തിരുത്തായും അരികുവല്‍കൃതരുടെ ശബ്ദമായും യഥാര്‍ത്ഥ ചരിത്ര വസ്‌തുതകള്‍ വിനിമയം ചെയ്യാനുള്ള മാധ്യമമായും നോവല്‍ സാഹിത്യം മാറുന്നു. കെ. ജെ. ബേബിയുടെ നോവല്‍ 1921ലെ സമരത്തെ നേരിട്ട്‌ പ്രതിപാദിക്കുന്നില്ലെങ്കിലും മലബാറിലെ കര്‍ഷകര്‍ക്കും ബ്രിട്ടീഷ്‌-ജന്മി കൂട്ടുകെട്ടിനുമിടയില്‍ നടന്ന സമരത്തിലേക്ക്‌ നയിച്ച രാഷ്ട്രീയവും സാമൂഹികവും സാമ്പത്തികവുമായ പ്രേരണകളെയും കാരണങ്ങളെയും ചരിത്രപരമായ യാഥാര്‍ത്ഥ്യ ബോധ്യത്തോടെ പരോക്ഷമായി വിശകലനവിധേയമാക്കുന്നുണ്ട്‌. ‘മതഭ്രാന്തന്മാരാ’യ മാപ്പിള മുസ്ലിംകള്‍ ‘നിരപരാധികളായ ഹൈന്ദവര്‍ക്കും ബ്രിട്ടീഷുകാര്‍ക്കു’മെതിരെ നടത്തിയ കലാപമായിട്ടാണ്‌ 1921ലെ മലബാര്‍ സമരത്തെ കുറിച്ചുള്ള പ്രബലമായ വ്യവഹാരങ്ങളൊക്കെ (സി. ഗോപാലന്‍ നായര്‍ 2020, കെ. മാധവന്‍ നായര്‍ 1987) നിര്‍മ്മിക്കപ്പെട്ടിട്ടുള്ളത്‌.

ഗുഡ്‌ബൈ മലബാറി ല്‍ ലോഗന്‍ ആനിക്കെഴുതിയ കത്തില്‍ കര്‍ഷകരും ബ്രിട്ടീഷ്‌-ജന്മി സഖ്യവും തമ്മിലുള്ള സ്‌പര്‍ദ്ധയെ കുറിച്ചും ചെറുതും വലുതുമായ അക്രമസംഭവങ്ങളെ കുറിച്ചും വിവരിക്കുന്നുണ്ട്‌. സംഘര്‍ഷങ്ങളുടെ അടിസ്ഥാന കരണം മതഭ്രാന്തല്ലെന്നും ബ്രിട്ടീഷ്‌ ഭരണകൂടത്തിന്റെ തെറ്റായ കുടിയേറ്റ നയങ്ങളും ജന്മിമാരുടെ ക്രൂരതകളുമായിരുന്നു എന്നും ലോഗന്‍ എഴുതുന്നു. മലബാറിലെ വയനാടൊഴികെയുള്ള താലൂക്കുകളിലെ അംശങ്ങളിലൂടെ പോകാന്‍ കഴിഞ്ഞു. ഒരു പാട്‌ കൃഷിസ്ഥലങ്ങള്‍ കണ്ടു. നല്ല കഠിനാദ്ധ്വാനികളും സ്ഥിരോത്സാഹികളുമാണ്‌ ഇവിടുത്തെ കൃഷിക്കാര്‍…പലബ്രിട്ടീഷുകാരും കരുതും പോലെ സംസ്‌കാരമില്ലാത്തവരൊ അറിവില്ലാത്തവരൊ അല്ല അവര്‍…അവരുടെതായ സംസ്‌കാരവും അറിവുകളും ഉള്ളവരാണവര്‍…ഇതുവരെ ബ്രിട്ടീഷ്‌ കോടതികളുടെ വിധികല്‌പനകളോടെ 14,830 കൃഷിക്കാരെ ഔദ്യോഗികമായി അവരുടെ കൃഷിയിടങ്ങളില്‍ നിന്നും കുടിയിറക്കിയിട്ടുണ്ട്‌…ഉറ്റു നോക്ക്യാ നമ്മുടെ കണ്ണ്‌ നിറയാന്‍ മാത്രമുണ്ട്‌. അതു കണ്ടു പിടിക്കാന്‍ കുരുമുളകിനായുള്ള ഈസ്റ്റിന്ത്യാ കമ്പനിയുടെ ഇങ്ങോട്ടുള്ള വരവു മുതല്‍ ഇക്കാലം വരെയുള്ള ഔദ്യോഗിക പിഴവുകള്‍ എവിടെ, എപ്പോള്‍, വന്നുവെന്ന്‌ ഔദ്യോഗികമായി ഗവണ്‍മെന്റിനെ ബോധ്യപ്പെടുത്താനായാല്‍ കൃഷിക്കാര്‍ക്കും ജീവിക്കാനാവുന്ന പുതിയ നിയമങ്ങള്‍ ഉണ്ടായേക്കുമെന്ന പ്രതീക്ഷകളോടെ ഞാനീ പണി തുടരുകയാണ്‌ (25-26). 

മലബാറിലെ സമരസംഘര്‍ഷങ്ങളെ കുറിച്ചുള്ള ദേശീയ-ബ്രിട്ടീഷ്‌ വ്യവഹാരങ്ങളെ വെല്ലുവിളിക്കുന്ന ഇത്തരം പ്രതി വ്യവഹാരങ്ങള്‍ (Counter Discourses) ഒന്നിലധികം നോവല്‍ സന്ദര്‍ഭങ്ങളില്‍ കെ. ജെ. ബേബി കൊണ്ടുവരുന്നുണ്ട്‌. മലബാറിലെ കര്‍ഷക-ബ്രിട്ടീഷ്‌ സംഘര്‍ഷങ്ങളുടെ പരിണിതഫലങ്ങളായ ദുസ്സഹമായ ജനജീവിത ചിത്രങ്ങളും നോവലില്‍ കടന്നുവരുന്നുണ്ട്‌. കോഴിക്കോട്‌ ജില്ലയിലെ കുതിരവട്ടത്ത്‌ സ്ഥിതി ചെയ്യുന്ന മാനസികാരോഗ്യ കേന്ദ്രത്തിന്റെ 19ാം നൂറ്റാണ്ടിലെ ചരിത്രം ശ്രദ്ധേയമാണ്‌. മലബാര്‍ സമരങ്ങളില്‍ കുടിയിറക്കപ്പെട്ടവരും പരിക്കുപറ്റിയവരും കുടുംബം നഷ്ടപ്പെട്ടവരും തടവിലാക്കപ്പെട്ടവരും അടക്കപ്പെട്ടിരുന്ന ശരിയായ ഒരു അധിനിവേശ തടങ്കല്‍ പാളയം. കെ.ജെ.യുടെ നോവലില്‍ കടന്നു വരുന്ന മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസിയായ ഉമ്മയുടെ കഥാ പാത്രം ബ്രിട്ടീഷ്‌-ജന്മി ക്രൂരകൃത്യങ്ങളുടെ നേര്‍രേഖാ ചിത്രമാണ്‌.

ബ്രിട്ടീഷ്‌ ഭരണകൂടത്തിന്റെ അധിനിവേശ നയങ്ങള്‍ അവരുടെ ഉദ്യോഗസ്ഥരുടെ വ്യക്തി ജീവിതത്തിലും കുടുംബ ജീവിതത്തിലും വരുത്തിത്തീര്‍ത്ത ദുരിതങ്ങളുടെയും വേദനകളുടെയും വിവരണങ്ങളും നോവലില്‍ കടന്നു വരുന്നുണ്ട്‌‌. സമരത്തില്‍ കൊല്ലപ്പെട്ട ബ്രിട്ടീഷുദ്യോഗസ്ഥരുടെ ഭാര്യമാരുടെയും അവരുടെ മക്കളുടെയും കൂട്ടുകുടുംബത്തിന്റെയും പിന്നീടുള്ള ജീവിതാവസ്ഥകളുടെ ചിത്രീകരണത്തിലൂടെയാണ്‌ നോവലിസ്‌റ്റ്‌ ഇത്‌ സാധ്യമാക്കിയിരിക്കുന്നത്‌. കനോലിയുടെ ഭാര്യയായി നോവലില്‍ പ്രത്യക്ഷപ്പെടുന്ന എമിലി ആന്റിയുടെ ദുസ്സഹമായ ജീവിതാനുഭവങ്ങളുടെ അവതരണം ഇവിടെ പരിഗണിക്കേണ്ടുന്നതാണ്‌. സമരക്കാരുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മറ്റൊരു ബ്രിട്ടീഷ്‌ പട്ടാളക്കാരന്റെ ഭാര്യയായ മെറ്റില്‍ഡ എന്ന സ്‌ത്രീകഥാപാത്രത്തിന്റെ പരിതാപകരമായ അതിജീവനത്തിന്റെ കഥാഖ്യാനം യുദ്ധവും അധിനിവേശവും ആത്യന്തികമായി മാനവിക സമൂഹത്തിന്‌ അവശേഷിപ്പിക്കുന്നത്‌ വേദനകളും ദു:ഖങ്ങളും മാത്രമാണെന്ന മഹത്തായ സന്ദേശമാണ്‌ കൈമാറ്റം ചെയ്യുന്നത്‌.

12 അധ്യായങ്ങളിലായാണ്‌ നോവലെഴുതപ്പെട്ടിരിക്കുന്നത്‌. ലളിതമായ ഭാഷയും വായനാക്ഷമതയുള്ള ആഖ്യാനവും ഈ നോവലിനെ വേറിട്ടതാക്കുന്നു. ചരിത്രരേഖപ്പെടുത്തലില്‍ അനിവാര്യമായും പുലര്‍ത്തേണ്ട സൂക്ഷ്‌മതയും വ്യക്തതയും കെ.ജെ. ബേബിയുടെ എഴുത്തിനെ കൂടുതല്‍ സ്വീകാര്യമാക്കുമെന്നതില്‍ സംശയമില്ല. ചരിത്രവും ഫിക്ഷനും വിദഗ്‌ധമായി സംയോജിപ്പിച്ച്‌ തന്മയത്വത്തോടെ അവതരിപ്പിക്കുകയും വായനക്കാരന്‌ ഒരേ സമയം ചരിത്രവായനയുടെയും ഫിക്ഷന്‍ ആസ്വാദനത്തിന്റെയും അനുഭവം സമ്മാനിക്കുകയാണ്‌  ഗുഡ്‌ബൈ മലബാര്‍ എന്ന നോവല്‍.

അവലംബം:

  • കെ.ജെ. ബേബി. ഗുഡ്‌ബൈ മലബാര്‍, 2019.
  • സി. ഗോപാലന്‍ നായര്‍. ദ മോപ്ല റബല്യന്‍, 2020.
  • കെ. മാധവന്‍ നായര്‍. മലബാര്‍ കലാപം, 1987.
  • വില്യം ലോഗന്‍. മലബാര്‍ മാന്വല്‍ (മലയാള വിവര്‍ത്തനം)
  • പി. വേണു. An Historiographical Critique of William Logan (with Reference to Modern Kerala History), Proceedings of the Indian History Congress, Vol. 52 (1991), pp. 604-613.
  • ഡോ. കെ.കെ.എന്‍. കുറുപ്പ്‌. William Logan- A Study in the Agrarian Relations of Malabar, 1981.

ലേഖകരെക്കുറിച്ച്:കേരള കേന്ദ്ര സര്‍വ്വകലാശാലയിലെ ഇംഗ്ലീഷ്‌ വിഭാഗത്തിൽ ഗവേഷക വിദ്യാര്‍ത്ഥിയാണ് ലേഖകൻ.

Please follow and like us:

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.