കെ.ആർ.നാരായണൻ നാഷണൽ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ എന്താണ് സംഭവിച്ചത് ?

കെ ആർ നാരായണൻ ഇൻസ്റ്റിറ്റിയൂട്ടിൽ നടന്ന വിദ്യാർത്ഥി സമരം എങ്ങനെയാണു ഒരു ബദൽ ജ്ഞാനരൂപം നിർമിക്കുന്നതെന്നു കുഞ്ഞുണ്ണി സജീവ് എഴുതുന്നു.

കുഞ്ഞുണ്ണി സജീവ്

അറിവും1അധികാരവും ഇടകലരുന്ന സാമൂഹിക സാഹചര്യം എല്ലാ മനുഷ്യസമൂഹങ്ങളുടെയും പൊതുസ്വഭാവമായി ചരിത്രകാരന്മാർ കണ്ടെത്താറുണ്ട്. അധികാരഅറിവ്  ദ്വന്ദ്വങ്ങൾ പരസ്പരം സ്വാധീനിക്കുന്ന ചരിത്രപ്രക്രിയയിൽ അധികാരം അറിവിനെ വിധേയപ്പെടുത്തുന്ന സാഹചര്യം ആധുനിക ലോകത്തിന്റെ സവിശേഷതയായി  വിശദീകരിക്കുന്നു.2

Illustration: Archana Ravi

അറിവിനെക്കുറിച്ചുള്ള ബോധത്തെ നിർണയിക്കുന്നതും, അറിവിനെ തന്നെ സ്ഥാപനവൽക്കരിക്കുന്നതും അതാത് കാലത്തെ അധികാരികളായിരുന്നു. അധികാരികളെന്നാൽഭരിക്കുന്നവർഎന്ന അർത്ഥത്തെക്കാൾ അതാത് കാലത്തെ അറിവിനെക്കുറിച്ചുള്ള നയത്തെ സ്വാധീനിക്കുവാൻ കെൽപ്പുള്ളവരെന്നാണ് ഇവിടെ അർത്ഥമാക്കുന്നത്.3 

ഗ്രാംഷിയൻ പരിപ്രേക്ഷ്യയിൽ പരമ്പരാഗത ബുദ്ധിജീവികളായ (Traditional Intellectuals)  ഇവരിൽ എല്ലാവരും തന്നെ അധിനായകത്വ (Hegemonic knowledge) ജ്ഞാനരൂപങ്ങളുടെ വക്താക്കളായിരുന്നു. 4

സ്ഥാപിത  നിയന്ത്രണങ്ങൾക്കും , നിർവചനങ്ങൾക്കും, ക്രോഡീകരണങ്ങൾക്കും വെളിയിൽ നിലനിന്നിരുന്ന പല അറിവുകളെയും  ആധുനിക സമൂഹം സ്ഥാപനവൽക്കരിച്ച്  മെരുക്കിയെടുത്ത്  വിദ്യാഭ്യാസമായി(Education) മാറ്റുന്നത് അതാത് ചരിത്രപശ്ചാത്തലത്തിൽ അധിനായകത്വം (Hegemony) നിലനിർത്തി പോരുന്ന പ്രത്യയശാസ്ത്രത്തോടും , രാഷ്ട്രീയ പശ്ചാത്തലത്തോടും ചേർന്ന്  നിന്ന് കൊണ്ടാണ്

അതാത് കാലത്തിന്റെ രാഷ്ട്രീയചരിത്ര  പശ്ചാത്തലത്തോട് ചേർന്ന് നിൽക്കുമ്പോൾ  സംഭവിക്കുന്ന പ്രത്യയശാസ്ത്ര വ്യതിയാനങ്ങൾക്കൊപ്പം അറിവിനെക്കുറിച്ചുള്ള ബോധത്തിൽ അതാത് കാലത്തെ അധിനായകത്ത്വങ്ങൾ, മൗലീകമായ പ്രത്യയശാസ്ത്രങ്ങൾ  തുടർച്ചകളായി  നിലനിൽക്കുന്നതായും  നമുക്ക്കാണാം. 

ഒരു വിഷയത്തിൽ അല്ലെങ്കിൽ ഒരു പ്രത്യേക ജ്ഞാനരൂപത്തിൽ ആഴത്തിലുള്ള അറിവ് നേടിയ മനുഷ്യർക്ക്മാത്രമേ സിദ്ധാന്തങ്ങൾ കണ്ടെത്തുവാനും, കാര്യങ്ങളെ സിദ്ധാന്തവൽക്കരിക്കാനും കഴിയൂ എന്ന വാദത്തിൽ പാശ്ചാത്യ ജ്ഞാനികളും, ബ്രാഹ്മണ്യവും യോജിക്കുന്നു. അറിവിന്റെ സമ്പാദനം പൂർണമായും ബൗദ്ധീകവും, എഴുത്തും (ഇംഗ്ലീഷിലുള്ളത്) ഉൾച്ചേരുന്നതാണ് എന്ന ചിന്തയും യൂറോപ്യൻബ്രാഹ്മണ്യ ജ്ഞാനത്തിന്റെ ഉൽപ്പന്നമാണ്. കായികമായി നേടുന്ന ജ്ഞാനത്തോട് അവജ്ഞയും, അത്തരം അറിവുകൾ സിദ്ധാന്തങ്ങൾക്ക് കീഴിലാണ് എന്ന ബോധവും രൂപപ്പെടുന്നു.5 

അറിവ് ആധുനിക സമൂഹത്തിൽ  അധികാരത്തിന് വിധേയമായി  വിദ്യാഭ്യാസമായി മാറുമ്പോൾ സംഭവിക്കുന്ന മാറ്റങ്ങളിൽ പ്രധാനമാണ് അറിവിന്റെ വിതരണത്തിലും, ഉൽപാദനത്തിലും, പ്രയോഗത്തിലും വ്യക്തമാകാറുള്ളശ്രേണീബദ്ധത’. സർവ്വകലാശാലകൾ, കോളേജുകൾ, ഇൻസ്റ്റിറ്റ്യുട്ടുകൾ  എന്നിങ്ങനെ അറിവ് സ്ഥാപനവൽക്കരിക്കപ്പെട്ട സ്ഥാപനങ്ങളിലെല്ലാം അധികാരം ശ്രേണീകരിക്കപ്പെട്ടിട്ടുണ്ട്. സ്ഥാപനത്തിന്റെ പ്രവർത്തനത്തിനായുള്ള പ്രായോഗിക നടപടിയായി ശ്രേണീകരണത്തെ വ്യാഖ്യാനിക്കാമെങ്കിലും അതിൽ മാത്രം ഒതുങ്ങി നിൽക്കുന്ന അധികാരമല്ല ഇത്. ഭരണകൂടത്തോടൊപ്പം ചേർന്ന് നിന്ന് പ്രവർത്തിക്കുന്ന അധികാരസ്ഥാപനങ്ങളാണ് വിദ്യാഭ്യാസസ്ഥാപനങ്ങൾ.എന്ന ബോധ്യവും ഇതിനോടൊപ്പം ചേർത്ത്. വെക്കണം.  ഭരിക്കുക എന്ന അധികാര നടപടിയിലും , അറിവിനെ സൈദ്ധാന്തികമായി കൈകാര്യം ചെയ്യുവാൻ  പ്രാവീണ്യം നേടിയവരാണെന്ന് ഭരണകൂടത്തിന്റെ  വിശ്വാസ്യത നേടിയവരുമാകും സർവ്വകലാശാലകളുടെ ഭരണതലത്തിലേക്ക്  വരിക. അറിവിന്റെ ഉൽപ്പാദനവും, വിതരണവും, പ്രയോഗവും നടക്കേണ്ട ഇടങ്ങളിൽ അധികാരം കടന്നു വരുന്നതോടെ വിദ്യാഭ്യാസസ്ഥാപനങ്ങൾ പതിയെ  ഭരണസംവിധാനങ്ങളായി മാറുന്നു.6 

കൊളോണിയൽബ്രാഹ്മണ്യ ജ്ഞാനരൂപം അധികാരത്തിന്റെ പ്രത്യയശാസ്ത്രമായി നിലനിൽക്കുമ്പോൾ വിദ്യാഭ്യാസസ്ഥാപനങ്ങളിലെശ്രേണീബദ്ധതകൂടുതൽ വ്യക്തവും ശക്തവുമാകുന്നു.7 

വിദ്യാഭ്യാസസ്ഥാപനങ്ങളിലെ ശ്രേണീകരണം രണ്ട് രീതിയിൽ ഇവിടെ അടയാളപ്പെടുത്താം:

  • വിദ്യാഭ്യാസസ്ഥാപനങ്ങളിലെ വ്യക്തികളുടെ ശ്രേണീകരണം. ഭരണതലത്തിലുള്ള വിദഗ്ദ്ധർ, അധ്യാപകർ , വിദ്യാർത്ഥികൾ, അനധ്യാപക തൊഴിലാളികൾ.
  • അറിവുകളുടെ ശ്രേണീകരണംഭരണതലത്തിലുള്ള വിദഗ്ദ്ധരുടെ സൈദ്ധാന്തികമായ അറിവ്, അധ്യാപകരുടെ വിഷയസംബന്ധമായ  അറിവ്, വിദ്യാർത്ഥികളുടെ ബൗദ്ധികതയും ക്രിയാത്മകതയും, അനധ്യാപക തൊഴിലാളികളുടെ അറിവും (പലപ്പോഴും കായികമായി നേടിയെടുത്ത ജ്ഞാനം)

വിദ്യാഭ്യാസസ്ഥാപനങ്ങളിലെ ഭരണത്തലങ്ങളിലുള്ള വിദഗ്ധരും, അധ്യാപകരും അറിവിലും, അധ്വാനത്തിലും (ബൗദ്ധിക അധ്വാനത്തിൽ ഏർപ്പെടുന്നവർഅറിവിനെ വിദ്യാഭ്യാസമായി മാറ്റുകയും വിദ്യാഭ്യാസത്തിന്റെ ഉൽപ്പാദനവും, അധ്യാപനവും) അധികാരശ്രേണിയിൽ മുകളിലാണ്. വിദ്യാർത്ഥികളും  അനധ്യാപക തൊഴിലാളികളും ശ്രേണിയിൽ താഴെയും. (വിദ്യ അഭ്യസിക്കുന്നവരും, സ്ഥാപനത്തിന്റെ സുഗമമായ പ്രവർത്തനത്തിന് കായികമായ അധ്വാനങ്ങളിൽ ഏർപ്പെടുന്നവരും) വളരെ ചുരുക്കം ചില ചരിത്രസന്ദർഭങ്ങളിൽ മാത്രമാണ് അധികാരശ്രേണി ചോദ്യം ചെയ്യപ്പെടുകയും ബദൽ സ്ഥാപനങ്ങൾ വളർന്നു വരികയും ചെയ്തിട്ടുള്ളത്. കേരളത്തിൽ വളരെ ജൈവീകമായി അത്തരമൊരു ബദൽ ഉയർന്നുവന്നു. കൊളോണിയൽബ്രാഹ്മണ്യ ശ്രേണിയ്ക്ക് വിരുദ്ധവും , പ്രായോഗിക അറിവിൽ അടിസ്ഥാനപ്പെടുത്തിയതുമായ ബദൽ ജ്ഞാനരൂപത്തെക്കുറിച്ചാണീ ലേഖനം

 2022 ഡിസംബർ മാസം മുതൽ കെ. ആർ. നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിശ്വൽ സയൻസ് ആൻഡ് ആർട്സ് എന്ന സ്ഥാപനത്തിലെ വിദ്യാർത്ഥികൾ  ആരംഭിച്ച സമരം സ്ഥാപനത്തിലേക്കുള്ള വിദ്യാർത്ഥികളുടെ അഡ്മിഷൻ നടപടികളിൽ സംവരണതത്ത്വങ്ങളെ അട്ടിമറിച്ചതിനെതിരെയും, മൂന്ന് വർഷ കോഴ്സ് രണ്ട് വർഷ കോഴ്സായി കുറച്ചതിനെതിരെയും  സ്ഥാപനത്തിൻെറ ഡയറക്ടർ ക്യാമ്പസ്സിൽ പാലിച്ച് പോന്നിരുന്ന  ജാതി വിവേചനകൾക്കെതിരെയും, തൊഴിലാളി വിരുദ്ധ നടപടികൾക്കെതിരെയുമുള്ള പ്രതിഷേധമായിട്ടായിരുന്നു. കേരള സർക്കാരാൽ സ്ഥാപിക്കപ്പെട്ട ഇൻസ്റ്റിറ്റ്യൂട്ടിൽ ആവശ്യമായ സൗകര്യങ്ങളില്ല എന്ന പ്രശ്നം വർഷങ്ങളായി നിലനിൽക്കുമ്പോഴും സ്ഥാപനം മുഴുവനായി നേരിടുന്ന പല പ്രശ്നങ്ങളെയും വളരെ ജൈവീകമായി ചേർത്ത് നിർത്തുവാൻ സാധിച്ചു എന്നതാണ്   സമരത്തിന്റെ പ്രത്യേകത. ഒരു മാസത്തിലേറെ കാലം നീണ്ട് നിന്ന സമരം 48ആം നാൾ ഡയറക്ടർ രാജി വെച്ചതിനെ തുടർന്നും , 50ആം  നാൾ വിദ്യാർത്ഥികൾ മുന്നോട്ട് വെച്ച ആവശ്യങ്ങൾ സർക്കാർ നടപ്പിലാക്കുമെന്ന  ഉറപ്പിന്മേലുംഅവസാനിച്ചു 

ജാതി വിരുദ്ധ ബോധത്തിൽ വിദ്യാർത്ഥിതൊഴിലാളി ഐക്യം വ്യക്തമാക്കുന്ന സമരത്തിനാണ് വിദ്യാർത്ഥികൾ രൂപം നൽകിയത്. മുഖ്യധാരാ  വിദ്യാർത്ഥി സംഘടനകളും, മാധ്യമങ്ങളും ഒരേ പോലെ അവഗണിക്കുകയും ഒടുവിൽ ഗത്യന്തരമില്ലാതെ പ്രാധാന്യം നൽകുകയും ചെയ്തപ്പോൾ   മുഖ്യധാരയ്ക്ക് പുറത്ത് നിൽക്കുന്ന ഓൺലൈൻ മാധ്യമങ്ങളാണ് സമരത്തെ ജനങ്ങളുടെ ശ്രദ്ധയിലേക്ക് കൊണ്ട് വരുന്നതിൽ പ്രധാന പങ്ക് വഹിച്ചത്. ഓൺലൈൻ മാധ്യമങ്ങളിൽ പ്രവർത്തിക്കുന്ന പുതുതലമുറ മാധ്യമപ്രവർത്തകരും സമരത്തെ അതിന്റെ പ്രാധാന്യത്തിൽ അവതരിപ്പിച്ചതിൽ പ്രധാനപങ്ക് വഹിക്കുന്നു. ഒരു മാസത്തിലധികം നാൾ നീണ്ടു നിന്ന സമരം വളർന്നത് സ്ഥാപനത്തിന്റെ ഡയറെക്ടറും, ചെയർമാനും നൽകിയ അഭിമുഖങ്ങളുടെ പശ്ചാത്തലത്തിൽ കൂടിയാണ്. അഭിമുഖങ്ങളിലൂടെ ആരോപണങ്ങളോരോന്നും നിഷേധിക്കുമ്പോഴും ഡയറക്ടർ ശങ്കർ മോഹനും, ചെയർമാൻ അടൂർ ഗോപാലകൃഷ്ണനും ജാതി വിരുദ്ധ, തൊഴിലാളി വിരുദ്ധ പരാമർശങ്ങൾ നടത്തി. വിദ്യാർത്ഥികളുടെ ശബ്ദമായി ഓൺലൈൻ മാധ്യമങ്ങൾ (ദി ക്യൂ , ട്രൂ കോപ്പി തിങ്ക്എത്തിയപ്പോൾ ചെയർമാനും ,ഡയറക്ടറും തങ്ങളുടെ ഭാഗം വിശദീകരിച്ചത് മുഖ്യധാര മാധ്യമങ്ങളിലൂടെയാണ് (ഇന്ത്യൻ എക്സ്പ്രസ് , കൗമുദി , ന്യൂസ് 18 കേരള).  

സമരം ശക്തമായപ്പോൾ  സമരത്തെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രമുഖർ  രംഗത്ത് വന്നിരുന്നു . ഒരു വശത്ത് വിദ്യാർത്ഥികളും, തൊഴിലാളികളും മറുവശത്ത്  ചെയർമാൻ അടൂർ  ഗോപാലകൃഷ്ണനും, ഡയറക്ടർ ശങ്കർ മോഹനും. ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും സമരം അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക് മാറിയപ്പോൾ (ഡിസംബർ 8 – 15 വരെ) സമരത്തിന് കൂടുതൽ ദൃശ്യത ലഭിച്ചു. ഇതിനെ തുടർന്നാണ് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ.ബിന്ദു സമരകാരണത്തെക്കുറിച്ച് പഠിക്കുവാനായി കമ്മിറ്റിയെ നിയോഗിച്ചത്. എന്നാൽ കമ്മിറ്റി റിപ്പോർട്ട് സമർപ്പിക്കുവാനിരിക്കെ മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരം പ്രശ്നത്തെക്കുറിച്ച് പഠിക്കുവാനായി രണ്ടംഗ കമ്മീഷൻ നിയോഗിക്കപ്പെട്ടു. ഡയറക്റ്ററും, ചെയർമാനും ഗുരുതര ആരോപണങ്ങൾ നേരിടുന്ന പശ്ചാത്തലത്തിൽ സിനിമാമേഖലയിലെ മറ്റു പ്രമുഖർ വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യവുമായി രംഗത്ത് വരികയും ചെയ്തു. ഇവിടെ സിനിമയെന്ന കല പഠിപ്പിക്കുന്ന, പഠിക്കേണ്ട വിഷയം കൂടി സമരത്തിലേർപ്പെടുന്നുണ്ട്. അടൂരും, ശങ്കർ മോഹനും ഉൾപ്പെടുന്ന പഴയ സിനിമാലോകവും, വിദ്യാർത്ഥികളും, തൊഴിലാളികളും മറ്റു ചലച്ചിത്രപ്രവർത്തകരും ചേരുന്ന  പുതിയ സിനിമാലോകവും തമ്മിലാണ്സംഘർഷം .ലേഖനത്തിൽ മുൻപ് പരാമർശിച്ചിരുന്ന ‘പരമ്പരാഗത ബുദ്ധിജീവിയാണ് ‘(Traditional Intellectual) അടൂർ  ഇംഗ്ലീഷ് പരിജ്ഞാനവും, അന്യഭാഷ ചലച്ചിത്രങ്ങൾ കണ്ട് പരിചയിച്ച ശീലവും അടൂരിനെ സംബന്ധിച്ചിടത്തോളം സിനിമയെന്ന കലയെ ഗൗരവമായി കാണുന്നവർക്കും പഠിക്കുന്നവർക്കും പ്രധാനമാണ്. 2014- കേരളത്തിൽ അന്താരാഷ്ട്ര ചലച്ചിത്രോത്സവം സംഘടിപ്പിക്കപ്പെട്ടപ്പോൾഇംഗ്ലീഷ് അറിയുന്നവർ മാത്രം സിനിമ കാണുവാൻ എത്തിയാൽ മതിയെന്ന്അദ്ദേഹം പറഞ്ഞിരുന്നു. സിനിമ പ്രവർത്തകനായ ജോയ് മാത്യു അതിന് മറുപടിയായിഅടൂരിന്റെ വാക്കുകൾ കൊളോണിയൽഹാങ്ങ് ഓവർഉള്ളതാണെന്ന് വിമർശിച്ചിരുന്നു. വളരെ ചുരുക്കം ചില സിനിമകളിൽ മാത്രം പ്രവർത്തിച്ച ശങ്കർ മോഹൻ സിനിമയെന്ന കലയിൽ കഴിവ് തെളിയിച്ചു എന്നതിനേക്കാൾ സിനിമയുടെ പ്രദർശനവും അതുമായി ബന്ധപ്പെട്ട ഭരണകേന്ദ്രങ്ങളിലും പദവികൾ വഹിച്ചിരുന്നയാളാണ്. ഇവർ രണ്ട് പേർക്കുമെതിരെയുള്ള സമരത്തെ ഭരണകൂടം അധികാരത്തിനെതിരെയുള്ള സമരമായി തന്നെ തിരിച്ചറിയുന്നുണ്ട്. ശങ്കർ മോഹനും അടൂരിന് പ്രത്യേകിച്ചും, ഭരിക്കുന്ന രാഷ്ട്രീയപാർട്ടിയിൽ നിന്നും, നേതാക്കളിൽ നിന്നും ലഭിച്ച തുറന്ന പിന്തുന്ന ശ്രദ്ധിക്കുക. മുഖ്യമന്ത്രി പിണറായി വിജയനും, സി.പി. (എം) പോളിറ്റ് ബ്യുറോ അംഗം എം. ബേബിയും അടൂരിന് പിന്തുണ പ്രഖ്യാപിച്ചവരിൽ പ്രമുഖരാണ്. അധികാരം അതിന്റെ രാഷ്ട്രീയവും, സാമൂഹികവുമായ രീതിയിൽ സംയോജിക്കുന്നതിവിടെ കാണുവാൻ സാധിക്കുംഇവിടെ അടൂർ ഇന്ത്യൻ എക്സ്പ്രെസ്സിനും ന്യൂസ് 18 കേരളയ്ക്കും, ശങ്കർ മോഹൻ കൗമുദിക്കും നൽകിയ അഭിമുഖങ്ങൾ വിശകലനം അർഹിക്കുന്നു

അടൂർ  ഗോപാലകൃഷ്ണൻ മലയാളിക്ക് പരിചിതനായ സിനിമ സംവിധായകനാണ്. കേരളത്തിന്റെ സാംസ്ക്കാരിക മേഖലയിൽ പ്രശസ്തനായ ആൾ . അതുകൊണ്ട്  തന്നെ അദ്ദേഹത്തിന്റെ അഭിമുഖം ഔപചാരികതയേതുമില്ലാതെ തുടങ്ങുന്നു . ഔപചാരികത ഇല്ലായ്മ തന്നെയാണ് ശ്രേണീബദ്ധമായ  അറിവും, അധികാരവും  അതുമായി ബന്ധപെട്ടു കിടക്കുന്ന ബ്രാഹ്മണ്യജാതി ബോധത്തെയും തുറന്നുകാട്ടുന്നത്. തന്റെ ഇരുപതാം വയസ്സിൽ ജാതി ഒഴിവാക്കിയ ആളാണ് താനെന്ന് അടൂർ ഓർമ്മിപ്പിക്കുന്നുണ്ട്. സിനിമയെ പൂർണമായും രാഷ്ട്രീയത്തിൽ നിന്ന് വേർപെടുത്തി കാണുവാൻ ആഗ്രഹിക്കുന്ന അടൂരിന് സിനിമയുടെ പഠനം പൂർണമായും അച്ചടക്കത്തിൽ നിന്നും സാധ്യമായ ഒന്നാണ്

സ്റ്റുഡന്റസ് അനുസരിക്കേണ്ട ഒരു ഡിസിപ്ലിന്നുണ്ട്” 

എന്ന് അദ്ദേഹം അഭിമുഖത്തിൽ അഭിപ്രായപെടുന്നുണ്ട്കൃത്യമായ വ്യവസ്ഥകൾ പാലിച്ച്കൊണ്ടുള്ള അധ്യാപനത്തെയാണ്  ഇവിടെ  പ്രധാനമായി കാണുന്നത്. അച്ചടക്കമുള്ള വിദ്യാർത്ഥികൾ അധ്യാപകനിൽ നിന്ന് നേടുന്ന അറിവ് തന്നെയാണ് സിനിമയൊന്നും അദ്ദേഹം കണ്ടെത്തുന്നു. അടൂർ ഇവിടെ  പ്രതിനിധീകരിക്കുന്നത്  പഴയ ഗുരുശിഷ്യ ബന്ധവും അങ്ങനെ കൈമാറപ്പെടുന്ന ജ്ഞാനരൂപത്തെയുമാണ്. അദ്ദേഹത്തോട് തങ്ങളുടെ  സിനിമയെക്കുറിച്ചുള്ള അഭിപ്രായം ആരാഞ്ഞ സംവിധായകർ  ‘കെ. ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് വിഷയത്തിൽതനിക്കെതിരെ സംസാരിക്കുന്നത് കാണുമ്പോൾ അടൂരിന് സ്വയം വിമര്ശനത്തെക്കാൾ അവർ ഗുരുവിനെ നിന്ദിച്ചു എന്ന ഗുരുശിഷ്യ ബന്ധത്തിലെ കാതലായ പ്രശ്നം അലട്ടുന്നുണ്ട്. അറിവ് പകർന്നു നൽകുന്നതിന്റെ പേരിൽ  ശിഷ്യന്മാരുടെ സർവ്വ അഭിപ്രായങ്ങളും തനിക്ക് അനുകൂലമായിരിക്കണം എന്ന ഗുരുവിന്റെ വാശി ഇവിടെ കാണാം.

ജാതി വിവേചനം പ്രകടമാക്കുന്ന വിദ്യാഭ്യാസസ്ഥാപനത്തിന് വെളിയിൽ അറിവ് കണ്ടെത്തുന്ന വിദ്യാർത്ഥികളെ അദ്ദേഹം വിമർശിക്കുന്നുണ്ട്. ഇൻസ്റ്റിറ്റ്യൂട്ടിന് വെളിയിൽ നിന്നും വരുന്ന ആളുകൾ പകർന്നു നല്കുന്ന അറിവിനെ അദ്ദേഹം വില കുറഞ്ഞതായും കണക്കാക്കുന്നു

 “ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കുന്നവർ നല്ല സിനിമ കാണണം. ആഷിക്ക് അബുവിൽ നിന്ന് അവരെന്താ പഠിക്കുവാൻ പോകുന്നത്?. ഒരു മെഡിറ്റേഷനിലൂടെ ഉണ്ടാകുന്ന വർക്ക് ആകണം, അല്ലാതെ നാല് പേര് ചേർന്ന് അടിപിടി ഉണ്ടാക്കുന്ന സാധനമല്ലസിനിമ‘.ഹോട്ടൽ മുറി ബുക്ക് ചെയ്തിട്ട് അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞോണ്ടാക്കുന്നതല്ല  ‘സ്ക്രിപ്റ്റ്” 

എന്ന് അഭിപ്രായപെടുമ്പോൾധ്യാനാത്മകതഎന്ന മാനസികപ്രക്രീയയെ അദ്ദേഹം അറിവിന്റെ  ഉൽപ്പാദനത്തിൽ പ്രധാനമായി കാണുന്നു. ഒരേ സമയം ആത്മീയവും ബൗദ്ധീകവുമാണീ പ്രവർത്തി. സിനിമയാണ് ഇവിടെ വർക്ക്. തീർത്തും വ്യക്തിപരമായ ഒന്നായി അറിവിനെ (ഇവിടെ സിനിമയെ കുറിച്ചുള്ള അറിവിനെ) കാണുന്നുണ്ട്. ഒരാളുടെ മനസ്സിൽ, അയാളുടെ ധ്യാനത്തിന്റെ ഫലമായി മാത്രം സാധ്യമാകുന്ന ഒന്ന്. അതുകൊണ്ടു തന്നെ  അടൂരിന്റെവർക്ക്അച്ചടക്കമുള്ള, ശബ്ദകോലാഹലങ്ങളില്ലാത്ത, സമൂഹത്തിൽ നിന്നും മാറി നിൽക്കുന്ന പൂർണമായും  വ്യക്തിപരവും, ധ്യാനാത്മകവുമാണ്.അവിടെ സംഘർഷങ്ങളില്ല, സംഘർഷങ്ങൾ ശാരീരിക സംഘട്ടനങ്ങളിലേക്ക് വഴിവെക്കുന്നില്ല.ഒരാൾ സ്വന്തം ധ്യാനാത്മക കർമ്മത്തിലൂടെ നടത്തുന്ന സൃഷ്ടിയാണ് സിനിമ, അതിൽ മറ്റാർക്കും അധികാരമോ അവകാശമോ, സ്വാധീനമോ ഇല്ല. അറിവിനുമേൽ അധികാരം, അതും ഒരു വ്യക്തിയുടെ അധികാരം എങ്ങനെ പ്രവർത്തിക്കുന്നു എന്ന്  പരാമർശത്തിൽ പ്രകടമാണ്. ഇൻസ്റ്റിറ്റ്യൂട്ടുകളിൽ സ്ഥാപിതമായ അറിവ് അഭ്യസിക്കുന്ന വിദ്യാർത്ഥികൾ പുറത്ത് അറിവ് തേടി പോകുന്നതിൽ കാര്യമില്ല എന്ന വാദവും അദ്ദേഹം ഉയർത്തുന്നുണ്ട്‌   സർവ കലകളെയും സംയോജിപ്പിക്കുന്ന, മനുഷ്യർ കൂട്ടായി  പരിശ്രമിക്കേണ്ട ഇടത്തിൽ  എങ്ങനെയാണ് വ്യക്തി മാത്രം സ്വന്തം  ധ്യാനത്തിൽ നിന്ന് ഒരു സൃഷ്ടിയോ, അറിവോ നേടുക?. കൂട്ടായ പരിശ്രമങ്ങളാണ് എല്ലാ അറിവുകളുടെയും ഉത്ഭവകേന്ദ്രമെന്ന ബോധം അടൂരിന്  അന്യമാണ്. കാരണം അറിവുകളെ വേലിക്കെട്ടുകൾക്കുള്ളിൽ മാത്രം കണ്ടു പരിചിയച്ച ഒരു ജ്ഞാനരൂപത്തിന്റെ വക്താവാണ് അദ്ദേഹം.സിനിമയിൽ വ്യക്തമാകുന്ന ദൃശ്യവും, കഥാപാത്രങ്ങളും, ആശയങ്ങളും എഴുത്തായി (സ്ക്രിപ്റ്റ്) അദ്ദേഹത്തിന് വേണം അല്ലാതെയുള്ള സിനിമാ നിർമാണങ്ങളെല്ലാം അധമമാണ്. അനുഭവത്തിലൂടെയുള്ള അറിവിനേക്കാൾ ധ്യാനത്തിലൂടെയുള്ള അറിവിലാണ് അടൂരിന് താൽപ്പര്യം.അതാണ് ഏറ്റവും മഹത്തരവും 

  ജ്ഞാനരൂപം കൂറച്ച്കൂടി വ്യക്തമായി അടൂർ അഭിമുഖത്തിൽ അഭിനയത്തെക്കുറിച്ചും അഭിനേതാക്കളെകുറിച്ചുമുള്ള  പരാമർശത്തിൽ വ്യക്തമാക്കുന്നുണ്ട്

നാടകത്തിൽ ഒരാൾ മരിച്ചു വീഴുന്നതായി കാണിക്കുമ്പോൾ അയാൾ എല്ലാ തവണയും മരിച്ചു വീഴുന്നതായി കാണിക്കുവാൻ സാധിക്കില്ലല്ലോ..It’s only been enacted. കാണുന്നവർക്ക്  അതുകണ്ട് സങ്കടം വരുന്നു. പക്ഷെ സങ്കടം കാണുമ്പോഴും, There is a distancing between your emotional make up and your own logic and reality”.

ഇവിടെ അഭിനയമെന്ന കലയുടെ പ്രയോഗത്തിൽ അടൂർ സിദ്ധാന്തവൽക്കരിക്കുന്ന ഒരു പ്രശ്നമുണ്ട്. നാടകത്തിൽ ഒരാൾ അഭിനയിക്കുന്ന ഭാഗത്തെ വികാരവിക്ഷോഭങ്ങളും കാഴ്ചക്കാർ യഥാർത്ഥത്തിൽ അനുഭവിക്കുന്ന വികാരവിക്ഷോഭങ്ങളും തമ്മിലുള്ള ദൂരത്തെക്കുറിച്ചും അതിന്റെ യാഥാർത്ഥ്യ ബോധ്യത്തെക്കുറിച്ചുമാണീ. സിദ്ധാന്തം അവ രണ്ടും തമ്മിലുള്ള ദൂരം പരമാവധി ഇല്ലാതാക്കുവാനുള്ള ശ്രമങ്ങളിൽ ഏർപ്പെടുന്നവരാണ് പുതുതലമുറയിലെ പല സംവിധായകരും, പതിയെ ആണെങ്കിലും യാഥാർഥ്യ ബോധമുള്ള സിനിമയും കലാകാരന്മാരും അനുഭവങ്ങളിലൂടെ നേടുന്ന അറിവും, കലയും ജ്ഞാനരൂപത്തിന് എതിരാണ്. പുതിയ സിനിമയുടെ ജ്ഞാനരൂപങ്ങളും, അറിവ് രീതികളും പഴയ ഗുരു ശിഷ്യ ബന്ധത്തിന്   

ഭീഷണിയാണെന്ന് ചുരുക്കം

പഠിക്കുവാൻ വരുന്നവർ സമരം ചെയ്യില്ല”,

എന്ന അടൂരിന്റെ പരാമർശത്തോട് വിദ്യാർത്ഥികൾ പ്രതികരിച്ചത് സിനിമ മേഖലയിൽ പ്രവർത്തിക്കുന്ന അനേകം കലാകാരന്മാരെ സമരദിനങ്ങളിൽ   ക്ലാസുകൾ എടുക്കുവാൻ ക്ഷണിച്ചു കൊണ്ടാണ്. അവരിൽ ഇൻസ്ടിട്ടുകളിൽ പഠിച്ചവരും, പഠിക്കാത്തവരും ഉൾപ്പെടുന്നു. “ആർട്ട് ഓഫ് പ്രൊട്ടസ്റ്റ്എന്ന പേരിൽ വിദ്യാർഥികൾ ആരംഭിച്ച ക്രിയാത്മക സമരമുഖം അടൂരിനെ അപേക്ഷിച്ച് ഒരിക്കലും പഠനമല്ലകാലങ്ങളായുള്ള ധ്യാനാത്മകമായ പഠനത്തിലൂടെ മാത്രമാണ് അടൂരിനെ അപേക്ഷിച്ച് സിനിമ എന്ന കലയെ വിദ്യാർത്ഥികൾക്ക് പറഞ്ഞുകൊടുക്കുവാൻ കഴിയുന്ന തലത്തിലേക്ക് ഒരു മനുഷ്യന് വളരുവാൻ സാധിക്കുകയുള്ളു. ഇൻസ്റ്റിറ്റ്യൂട്ടിന് വെളിയിൽ സിനിമയെന്ന കലയിൽ പ്രാവീണ്യം നേടുകയെന്നത്പ്രയോഗത്തിലൂടെയും   അനുഭവത്തിലൂടെയുമാണ്. അവിടെ സിദ്ധാന്തത്തെക്കാൾ കായികമായ അധ്വാനത്തിനും മാനുഷികമായ നിരീക്ഷണങ്ങൾക്കുമാണ് പ്രാധാന്യം. ഇവിടെ അടൂർ മുന്നോട്ട് വെക്കുന്ന കൊളോണിയൽ ബ്രാഹ്മണ്യ ജ്ഞാനബോധത്തെ ചെറുക്കുന്നത് സിനിമയെന്ന ജനകീയമായ കലയുടെ പ്രയോഗത്തിലൂടെ വിജയിക്കുകയും, പരാജയപ്പെടുകയും  ചെയ്തവരോടൊപ്പമുള്ള സംവാദങ്ങളും പഠനങ്ങളുമാണ്സിദ്ധാന്തത്തെ അട്ടിമറിക്കുന്ന പ്രയോഗത്തിന്റെ രാഷ്ട്രീയമാണ് വിദ്യാർത്ഥികളെ ശക്തരാക്കുന്നത്‌. 

 “ഉടുത്തൊരുങ്ങി വരുന്ന പെണ്ണുങ്ങൾ മാധ്യമങ്ങളിൽ കള്ളങ്ങൾ പറയുന്നു“, 

പെണ്ണുങ്ങൾ exploit ചെയ്യപ്പെടുകയാണ്. ആരോ പറഞ്ഞു അവരുടെ ‘body language’ വരെ മാറി പോയെന്ന്‌”

.

വീട്ടിൽ നിന്ന് ആഹാരവും കൊടുക്കും അതും കഴിക്കും, നന്ദികേടിന്റെ ഒക്കെ ഭയങ്കര വലിയ ഉദാഹരണമാണ് . നമുക്ക് വിശ്വസിക്കാൻ  ഒക്കത്തിലിത്” .

വിദ്യാർത്ഥികളും , സ്ഥാപനത്തിലെ തൊഴിലാളി സ്ത്രീകളും  എന്തിനാണ് ഇങ്ങനെ ഒരുമിച്ച് നിൽക്കുന്നത്, ഒരു ഇൻസ്റ്റിറ്റ്യൂട്ടിലും ഇങ്ങനെ ഞാൻ കണ്ടിട്ടില്ല” 

ഞാൻ ജീവിതത്തിൽ എവിടെയും കണ്ടിട്ടിട്ടില്ല, ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥികൾ തൂപ്പുകാരേം കൊണ്ട് നടക്കുന്നത്..ചേച്ചി ..ചേച്ചി എന്ന് വിളിക്കുക.What do they have to do with the sweepers.?. ഞാൻ സ്വീപ്പേഴ്സിനെ മോശമായി പറയുകയല്ല. പക്ഷെ ചോദ്യം ആരും ചോദിക്കുന്നില്ല.

 അടൂരിന്റെ ഇത്തരം പരാമർശങ്ങൾ രൂക്ഷമായ വിമർശനങ്ങൾ നേരിട്ടു.   അദ്ദേഹം മുന്നോട്ട് വെക്കുന്ന നിരീക്ഷണങ്ങളിൽ അദ്ദേഹം വർഗപരമായി പരമ്പരാഗത ബുദ്ധിജീവിയായി സമരത്തിൽ ഇടപെടുകയാണ് എന്ന് വ്യക്തമാണ്. തൊഴിലാളി സ്ത്രീകളുടെ അധ്വാനത്തെ ലഘൂകരിക്കുന്ന നിരീക്ഷണവും. വിദ്യ അഭ്യസിക്കുന്ന വിദ്യാർഥികൾ കായികമായ കർമ്മങ്ങളിൽ ഇടപെടുന്ന തൊഴിലാളികളുമായി സംസാരിക്കുന്നതോ, ഒരുമിച്ച് നിൽക്കുന്നതോ, സമരം ചെയ്യുന്നതോ ബ്രാഹ്മണ്യത്തിന് സങ്കൽപ്പിക്കുവാൻ പോലും കഴിയാത്ത കാര്യമാകുന്നതിവിടെയാണ്.  

 അടൂരിൽ നിന്നും ശങ്കർ മോഹനിലേക്ക് വരുമ്പോൾ അഭിമുഖം ഔപചാരികമാണ്. ശങ്കർ മോഹനെന്ന വ്യക്തിയുടെ ഔദ്യോഗിക ജീവിതവും, അദ്ദേഹത്തിന്റെ നേട്ടങ്ങളും വ്യക്തമാക്കുന്ന തരത്തിലുള്ള അഭിമുഖം മലയാളികൾക്ക് ശങ്കർ മോഹനെ പരിചയപ്പെടുത്തുന്ന രീതിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. സ്വന്തം പാരമ്പര്യം, തനിക്ക് അടൂരിനോടും, എം.ടി. വാസുദേവൻ നായരോടുമെല്ലാമുള്ള വിധേയത്വം പ്രകടിപ്പിക്കുന്ന ശങ്കരമോഹൻ അടൂർ പ്രതിനിധാനം ചെയ്യുന്ന ഗുരുശിഷ്യ ബന്ധത്തോടും, ജ്ഞാനരൂപത്തോടും വിധേയപെട്ട് ഇൻസ്റ്റിറ്റ്യൂട്ട് ഭരിക്കുന്ന ഡയറക്ടറാണ്. തന്റെ പേരിൽ നിന്നും ജാതി വാൽ മാറ്റിയിട്ടുണ്ട് എന്ന് അടൂരിനെ പോലെ തന്നെ ആവർത്തിക്കുന്നുണ്ട് ശങ്കർ മോഹൻ.  

ഞാൻ വന്നപ്പോൾ ഇവിടെ ഡിസിപ്ലിൻ ഇല്ലായിരുന്നു. ഞാനൊരു ഡിസ്സിപ്ലിനറിയാനാണ്. അവിടെ ജാതിയെന്നൊരു വാക്ക് തന്നെ ഉപയോഗിക്കുന്നത് എനിക്ക് ശെരിയായി തോന്നുന്നില്ല. വിദ്യാഭ്യാസസ്ഥാപനങ്ങളിൽ വാക്ക് നാം ഉപയോഗിക്കുവാൻ പാടുള്ളതല്ല.പ്രത്യേകിച്ച് സിനിമ പഠിക്കുന്ന ഒരു സ്ഥാപനത്തിൽ ഒരിക്കലുമിത് പറയുവാൻ പാടില്ല.ഒരു ദേശീയ  അല്ലെങ്കിൽ അന്തർദേശീയ മനോഭാവമാണ് നമുക്കിവിടെ ഉണ്ടാവേണ്ടത്.”

അടൂർ ഉന്നതമെന്ന് കരുതുന്ന ജ്ഞാനരൂപം പ്രയോഗിക്കുന്ന ഭരണാധികാരിയായിരുന്നു ശങ്കർ മോഹൻ. ശങ്കർ മോഹന് പൂർണ പിന്തുണ നൽകുവാൻ അടൂരിനെ പ്രേരിപ്പിക്കുന്നതും ഇതേ ഘടകമാണ്

ദേശീയ, അന്തർദേശീയമെന്ന പേരിൽ ജാതിയിൽ പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക്കിട്ടേണ്ട പ്രത്യേക പരിഗണന ഇവർ സൗകര്യപൂർവം മറക്കുന്നു.   

ഞാൻ ഡൽഹിയിൽ പത്ത് മുപ്പത് കൊല്ലം  ജീവിച്ചിരുന്ന ആളാണ്. എന്റെ ലെഫ്റ്റ് ഹാൻഡ് , എന്റെ സീനിയർ പി. ആയിരുന്ന മുകേഷ് ചന്ദ്രൻ. അദ്ദേഹത്തെ കണ്ടിട്ടുണ്ടാകുമല്ലോ അദ്ദേഹം പട്ടിക ജാതിക്കാരനാണ്. ഞാനത് ചിന്തിച്ചിട്ടിയേയില്ല. എൻ്റെ റൈറ്റ് ഹാൻഡ് പ്രശാന്ത് കുമാരൻ പുള്ളി .ബീ.സിയാണ്. പുള്ളി ഇന്ന് വലിയ ഒരു സ്ഥാനത്താണ് ഇരിക്കുന്നത്. കർണാടകയിലെ സെൻസർ ബോർഡിൻറെ ചീഫായിട്ടിരിക്കുകയാണ്.ഞാൻ നോക്കികൊണ്ടിരുന്നത് അവരുടെ എഫിഷ്യൻസിയാണ്“.

 ബ്രാഹ്മണ്യ ജ്ഞാനരൂപം പ്രാവർത്തികമാകുന്നത്  ജാത്യാടിസ്ഥാനത്തിലുള്ള കർമ്മങ്ങളുടെ വിഭജനത്തിലൂടെയാണ്. ശങ്കർ മോഹൻ തന്റെ അഭിമുഖത്തിൽ ഉടനീളം ജാത്യാടിസ്ഥാനത്തിലുള്ള തൊഴിൽവിഭജനം പരാമർശിക്കുന്നുണ്ട്. താൻ ഭരിക്കുന്ന വിദ്യാഭ്യാസസ്ഥാപനത്തിലെ തൊഴിൽവിഭജനം, തൊഴിലുകളുടെ ശ്രേണീകരണം എന്നിവ ചോദ്യം ചെയ്യപ്പെട്ടത്ക്കൊണ്ടാണ് ശങ്കർ മോഹൻ രാജി വെച്ച് പുറത്ത് പോകുമ്പോൾ ഇൻസ്റ്റിറ്റിറ്റ്യൂട്ടിൽ നിന്നും അധ്യാപകർ കൂട്ടമായി രാജി വെക്കുവാനും, വിദ്യാർത്ഥികളെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തുവാനും കാരണം ശങ്കർ മോഹനെ വിട്ടു കഴിഞ്ഞാൽ അയാളോടൊപ്പം നിൽക്കുന്ന പ്രധാനപ്പെട്ട ആളുകൾ എല്ലാം പോകുംഎന്ന് അടൂർ തന്റെ അഭിമുഖത്തിൽ പറയുന്നുണ്ട്. അങ്ങനെ ഒഴിഞ്ഞു പോകുന്നത് പഴയ ഗുരുശിഷ്യരീതികളും, കൊളോണിയൽ ബ്രാഹ്മണ്യ ജ്ഞാനരൂപവുമാണ്

വിദ്യാർത്ഥികൾ ഈ ശ്രേണീകരിക്കപ്പെട്ട സ്ഥാപനത്തെ ചോദ്യം ചെയ്യുകയും അതിന് ബദലായി പുതിയൊരു ജ്ഞാനരൂപം ശ്രേണീകരണമില്ലാതെ നിർമ്മിക്കുകയും ചെയ്തു. സമരം തന്നെ സിനിമയെക്കുറിച്ചുള്ള അറിവിന്റെ ഉല്പാദനവും, വിതരണവും, പ്രയോഗവും ശ്രേണീകരണമില്ലാതെ 50 നാൾ നടപ്പിലാക്കി എന്നുള്ളതാണ് ‘ആര്ട്ട് ഓഫ് പ്രൊട്ടസ്ററ്’ എന്ന കെ.ആർ. നാരായണൻ ഫിലിം ഇൻസ്റ്റിറ്റിറ്റ്യൂട്ട് വിദ്യാർത്ഥികൾ നടത്തിയ സമരത്തിന്റെ പ്രത്യേകത.  

സഹായകഗ്രന്ഥങ്ങൾ 

  1. കെ.മുരളി , ബ്രാഹ്മണ്യ വിമർശം, പുസ്തക പ്രസാധക സംഘം, September 2020. 
  2. K.N Sunandan , Caste, Knowledge and Power, Ways of Knowing in Twentieth – Century Malabar , Cambridge University Press, 2022.
  3. Sunandan Roy Chowdhury, Politics, Policy and Higher education in India, Palgrave Macmillan, 2017.

ലേഖകരെക്കുറിച്ച്: ചെന്നൈ ലയോള കോളേജിൽ നിന്നും ഒന്നാം റാങ്കോടെ  ബിരുദവും  ഡൽഹി സർവകലാശാലയിൽ നിന്ന്  ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയ ചരിത്ര വിദ്യാർത്ഥിയാണ് ലേഖകൻ.  

Please follow and like us:

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.