പൊതു വിദ്യാഭ്യാസം: ചില വേറിട്ട ചിന്തകള്‍

കേരളത്തിൽ ‘അനാദായകരമായ വിദ്യാലയങ്ങള്‍’ വർദ്ധിക്കുന്നതെന്തുകൊണ്ട്? ജെ. രത്‌നകുമാറും സുജിത്കുമാറും കേരളത്തിലെ പൊതുവിദ്യാഭ്യാസരംഗത്തെ സങ്കീർണതകൾ വിശകലനം ചെയ്യുന്നു.

ഡോ. ജെ. രത്നകുമാര്‍

ജി. സുജിത് കുമാര്‍

A standing woman in a red sari teaches rows of young uniformed children seated on the floor in a primary school classroom in India.
Source: Flickr. Credit: GPE/Deepa Srikantaiah.

വിജ്ഞാന സമ്പാദനത്തിലും നേടിയ അറിവുകള്‍ പകര്‍ന്നു നല്‍കുന്നതിലും ഭാരതം എന്നും മുന്‍പന്തിയിലായിലായിരുന്നു. ആര്‍ഷഭാരത സംസ്കാരത്തിന്‍റെ അന്ത:സ്സത്ത വിളിച്ചോതുന്ന പ്രാചീനഗുരുകുലങ്ങള്‍ ലോകത്തിനു തന്നെ മാതൃകയായിരുന്നു. പിന്നീട് ക്രിസ്റ്റ്യന്‍ മിഷണറിമാരുടെ പ്രവര്‍ത്തനഫലമായി സ്ഥാപിക്കപ്പെട്ട പള്ളിക്കൂടങ്ങളും മാതൃകാവിദ്യാലയങ്ങളായി നിലകൊണ്ടു. എന്നാല്‍, ഇവയൊന്നും തന്നെ വിജ്ഞാനവര്‍ധനവിലും ആത്മസംസ്കരണത്തിലും കവിഞ്ഞ് കച്ചവട മനോഭാവം പുലര്‍ത്തിയിരുന്നില്ല. ഇക്കാര്യങ്ങളില്‍ ഭാരതത്തിന്‍റെ ഒരു പരിഛേദം തന്നെയായിരുന്നു നമ്മുടെ കൊച്ചു കേരളവും. ഗുരുകുലങ്ങളുടേയും പള്ളിക്കൂടങ്ങളുടേയും സ്ഥാനത്ത് പില്‍ക്കാലത്ത് വിദ്യ കച്ചവടമാക്കി മാറ്റുന്ന സ്ഥാപനങ്ങള്‍ പ്രത്യക്ഷപ്പെട്ടു. ഇരുപതാം നൂറ്റാണ്ടിന്‍റെ അവസാനത്തോടു കൂടി പൊതുവിദ്യാഭ്യാസത്തിന്‍റെ ചരിത്രപുസ്തകത്താളുകളില്‍ ‘അനാദായകരമായ വിദ്യാലയങ്ങള്‍’ (Uneconomic Schools) എന്ന ഒരു പുതിയ തരം സ്കൂളുകളും ഇടം പിടിച്ചു തുടങ്ങി. ഇത്തരം വിദ്യാലയങ്ങള്‍ നിലനിര്‍ത്തുന്നതുകൊണ്ട് സര്‍ക്കാര്‍ ഖജനാവിനു നഷ്ടം മാത്രമേയുള്ളു എന്ന കാരണത്താലാണ് ഈ നാമധേയമെങ്കിലും, വിദ്യാഭ്യാസ വകുപ്പും വിദ്യാഭ്യാസ വിചക്ഷണരും സ്കുളുകളെ ഇങ്ങനെ രേഖപ്പെടുത്തുവാനുള്ള അടിസ്ഥാന കാരണമായി ചുണ്ടിക്കാട്ടുന്നത് ഈ വിദ്യാലയങ്ങളില്‍ പഠിക്കുന്ന കുട്ടികളുടെ എണ്ണത്തില്‍ ഉണ്ടായ ഗണ്യമായ കുറവാണ്.

വിദ്യാര്‍ഥികള്‍ക്കു വേണ്ടാത്തെ വിദ്യാലയങ്ങള്‍ രൂപപ്പെടുന്നു

കേരള വിദ്യാഭ്യാസ ചട്ടം (KER) റൂള്‍സ് 22(4) പ്രകാരം എല്‍.പി,യു.പി, എച്ച്.എസ് വിഭാഗങ്ങളില്‍ ഓരോ സ്റ്റന്‍ഡേര്‍ഡിലും 25 കുട്ടികളില്‍ കുറവു വന്നാല്‍ അതിനെ അനാദായാകരമായ സ്കൂളായി കണക്കാക്കാം എന്നു നിര്‍ദേശിച്ചിട്ടുണ്ട്. പിന്നീട് ഇത്തരം വിദ്യാലയങ്ങളുടെ നിര്‍വചനം 100 കുട്ടികളില്‍ കുറവുള്ളവയെന്നും തുടര്‍ന്ന് 60 കുട്ടികളില്‍ കുറവുള്ളവയെന്നും ഇളവു ചെയ്തുകൊടുത്തു. സംസ്ഥാന ആസൂത്രണ ബോര്‍ഡിന്‍റെ സാമ്പത്തിക അവലോകന കണക്കുകള്‍ പ്രകാരം കേരള വിദ്യാഭ്യാസ ചരിത്രത്തിലെ ആദ്യത്തെ അനാദായകരമായ സ്കൂള്‍ 1987-88 അധ്യയന വര്‍ഷത്തില്‍ കണ്ടെത്തി. അന്നു പത്തനംതിട്ട ജില്ലയില്‍ 118 സ്കൂളുകളും കണ്ണൂര്‍ ജില്ലയില്‍ 99 സ്കൂളുകളുമായി തുടക്കമിട്ട ഈ ദുര:വസ്ഥ മൂന്ന് പതിറ്റാണ്ട് പിന്നിടുമ്പോള്‍ സംസ്ഥാനത്ത് സര്‍വ്വവ്യാപിയായി പരിണമിക്കുകയുണ്ടായി. 2018-2019 അധ്യയന വര്‍ഷത്തില്‍ ഇത്തരം സ്കൂളുകളുടെ എണ്ണം 5680 സ്കൂളുകളില്‍ എത്തി നില്‍ക്കുന്നു. അതായത്, മുകളില്‍ പറഞ്ഞ ഈ കാലഘട്ടത്തില്‍ അനാദായകരമായ സ്കൂളുകളുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധനവ് 26 മടങ്ങാണ്.

പൊതു വിദ്യാഭ്യാസ ഡയറക്ടറേറ്റിന്‍റെ (DPI) കഴിഞ്ഞകാല പ്രാഥമിക കണക്കുകള്‍ പ്രകാരം 2012-13-നെ അപേക്ഷിച്ചു 2013-14 അധ്യയന വര്‍ഷത്തില്‍ 4.25 ലക്ഷം വിദ്യാര്‍ഥികള്‍ പൊതു വിദ്യാലയങ്ങളിൽ കുറവുള്ളതായി കണക്കാക്കപ്പെട്ടിരിക്കുന്നു. ആധാര്‍ വഴിയുള്ള കണക്കെടുപ്പു പൂര്‍ത്തിയാകുമ്പോള്‍ കിട്ടുന്ന വിവരസൂചിക പ്രകാരം 3 ലക്ഷത്തില്‍പരം കുട്ടികള്‍ വെറും ഹാജര്‍ പുസ്തകങ്ങളില്‍ മാത്രം ഉള്ളവരാണെന്ന കണ്ടെത്തല്‍ സ്ഥിതി കുടുതല്‍ ദയനീയമാണെന്ന സൂചന നല്‍കുന്നു. ഇങ്ങനെ അനാധായകരമായ സ്കൂളുകളുടെ എണ്ണം പ്രവചനാതീതമായി ഉയരുന്നതിനിടയില്‍ സംസ്ഥാനം ഒരു പുതിയ വിഭാഗം സ്കൂളുകളുടെ ജനനത്തിനു കൂടി സാക്ഷിയായി, ‘ഒരു വിദ്യാര്‍ഥി പോലും ഇല്ലാത്ത പൊതുവിദ്യാലയങ്ങള്‍’. ഈ വിഭാഗം സ്കൂളുകള്‍ക്കു ഉചിതമായ പേര് നല്‍കാനിതുവരെ ബന്ധപ്പെട്ടവര്‍ക്കു കഴിഞ്ഞിട്ടില്ല എന്നുള്ളതാണ് വാസ്തവം. 2012-13 അധ്യയന വര്‍ഷത്തില്‍ 2 സ്കൂളുകള്‍ ഒരു വിദ്യാര്‍ത്ഥിപോലും ഇല്ലാത്ത വിഭാഗത്തിലായിരുന്നു എങ്കില്‍ 2013-14 -ല്‍ ഇത് 11 സ്കൂളുകളുമായി വർദ്ധിച്ചു.

കാലാകാലങ്ങളില്‍ കേരളം ഭരിച്ച വ്യത്യസ്ത ഗവണ്മെന്‍റുകള്‍ അനാദായകരമായ സ്കൂളുകളുടെ എണ്ണം കുറയ്ക്കാന്‍ അടുത്ത കാലത്തുവരെ നടത്തിയ അശ്രാന്ത പരിശ്രമങ്ങള്‍ ഗണ്യമായ ഗുണഫലങ്ങല്‍ ഈ മേഖലയില്‍ സൃഷ്ടിച്ചിട്ടില്ല എന്നു മുകളില്‍ വിവരിച്ച സ്ഥിതി വിവര കണക്കുകള്‍ സൂചിപ്പിക്കുന്നു. പൊതു വിദ്യാലയങ്ങളില്‍ കുട്ടികളെ പിടിച്ചു നിര്‍ത്താനുള്ള നൂതന സാങ്കേതിക വിദ്യ അടിസ്ഥാനമാക്കിയുള്ള പാഠ്യ, പാഠ്യാനുബന്ധ, പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്കുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അധ്യാപക സംഘടനകളും, വിദ്യാഭ്യാസ വിചക്ഷണരും, പൊതു സമുഹവും ചേര്‍ന്ന് നൽകിയതിന്റെ അടിസ്ഥാനത്തിൽ അടുത്ത കാലത്തായി പൊതു വിദ്യാഭ്യാസ സംരക്ഷണയത്തിനു രൂപം നല്‍കി. എന്നാല്‍, പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞം സമൂലമായ മാറ്റങ്ങള്‍ കൊണ്ട് വന്നു എന്ന് അവകാശപ്പെടുമ്പോഴും കണ്ടില്ലന്ന് നടിക്കാനാവാത്ത ചില വസ്തുതകള്‍ ഉണ്ട്. പൊതു വിദ്യാഭ്യാസ വകുപ്പിന്‍റെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ മൂന്ന് വര്‍ഷം കൊണ്ട് 5 ലക്ഷത്തിലധികം കുട്ടികള്‍ പൊതുവിദ്യാലയങ്ങളിൽ ചേര്‍ന്നതായി കണക്കാക്കുന്നു. 2018-19 കാലഘട്ടത്തില്‍ പൊതുവിദ്യാലയങ്ങളില്‍ എത്തിയ കുട്ടികളുടെ എണ്ണത്തിലെ വര്‍ദ്ധനവ് 1.85 ലക്ഷം ആണെന്നിരിക്കെ, അനാദായകരമായ സ്കൂളുകളുടെ എണ്ണം 2013-14 ലെ 3393-ല്‍ നിന്നും 5680 എണ്ണമായി വര്‍ദ്ധിച്ചത് ഒരു വിരോധാഭാസമായി തുടരുന്നു. അതുപോലെ, സംരക്ഷിത അദ്ധ്യാപകരുടെ എണ്ണം 4059-ല്‍ (2016-17) നിന്ന് 3753 (2017-18) മാത്രമായേ ചുരുക്കപ്പെട്ടുള്ളൂ. കുട്ടികളുടെ എണ്ണം വര്‍ദ്ധിച്ചപ്പോഴും, പരോക്ഷ സൂചികകൾ (അനാദായകമായ വിദ്യാലയങ്ങളുടെ വർദ്ധനവും, സംരക്ഷിത അധ്യാപകരുടെ എണ്ണത്തില്‍ ശ്രദ്ധേയമായ കുറവ് വരാത്തതും) പൊതു വിദ്യാഭ്യാസ വകുപ്പിന്‍റെ കണക്കുകളും യഥാര്‍ത്യവും തമ്മിലുള്ള പൊരുത്തക്കേടിലേക്കാണ് വിരൽ ചൂണ്ടുന്നത്.

കുട്ടികളുടെ തലയെണ്ണല്‍ ശാസ്ത്രീയമോ?

കേരളത്തിലെ പൊതുമേഖലയിലും സ്വകാര്യ അണ്‍ എയ്ഡഡ് മേഖലയിലും പഠിക്കുന്ന കുട്ടികളുടെ ശതമാനത്തെ വിദ്യാഭ്യാസ വിചക്ഷണരും ഗവേഷകരും പലപ്പോഴും തെറ്റായി വ്യാഖ്യാനിക്കുന്ന ഒരു പ്രവണത നിലില്‍ക്കുന്നുണ്ട്. ഉദാഹരണമായി ‘മുന്‍ബെഞ്ചിലെത്തുന്ന വിദ്യാഭ്യാസം’ എന്ന ശീര്‍ഷകത്തില്‍ മാതൃഭൂമി ദിനപത്രത്തില്‍ (ജൂണ്‍ 18, 2013) പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ശ്രീ ഒ.എം.ശങ്കരന്‍ അഭിപ്രായപ്പെടുന്നത് ഹയര്‍ സെക്കണ്ടറി മേഖല ഒഴികെയുള്ള പൊതു വിദ്യാഭ്യാസ സമ്പ്രദായത്തില്‍ സംസ്ഥാനത്തെ 84.8% വിദ്യാര്‍ഥികളും പഠിക്കുന്നു എന്നാണ്. ആധാര്‍ കണക്കനുസരിച്ച് 35 ലക്ഷം കുട്ടികള്‍ ആണ് പൊതു വിദ്യാലയങ്ങളില്‍ പഠിക്കുന്നത്. 85% കുട്ടികളും പൊതുവിദ്യാലയങ്ങളില്‍ ആണെങ്കില്‍ സംസ്ഥാനത്ത് ആകെ 41 ലക്ഷം സ്കൂള്‍ കുട്ടികള്‍ മാത്രമാവുകയും അണ്‍ എയ്ഡഡ് വിദ്യാര്‍ഥികള്‍ 6 ലക്ഷത്തില്‍ താഴെ ആകുകയും ചെയ്യും. അത് വിശ്വസനീയമായ കണക്കുകളായി കരുതാനാവില്ല.

കേരളത്തിലെ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ ഇന്നു നിലനില്‍ക്കുന്ന സ്കൂളുകളെ പൊതുവേ അഞ്ചായി തരം തിരിക്കാം. സര്‍ക്കാര്‍ സ്കൂളുകള്‍, സര്‍ക്കാര്‍ ധന സഹായത്തോടെ പ്രവര്‍ത്തിക്കുന്ന എയിഡഡ് സ്കൂളുകള്‍ എന്നിവയാണ് ഒന്നും രണ്ടും വിഭാഗങ്ങള്‍. DPI (Department of Public Instruction) യോടു അഫിലിയേറ്റ് ചെയ്ത അണ്‍ എയിഡഡ് സ്കൂളുകളും അത്തരത്തിലുള്ള യാതൊരു അഫിലിയേഷനും ഇല്ലാത്ത അണ്‍ എയിഡഡ് സ്കൂളുകളും യഥാക്രമം മൂന്ന്, നാല് വിഭാഗങ്ങളില്‍ വരുന്നു. ഈ സ്കൂളുകള്‍ പൊതുവെ ഇംഗ്ലീഷ് മാധ്യമവും, CBSE, ICSE സിലബസ് പിന്‍തുടരുന്നവയും ആണ്. നവോദയ വിദ്യാലയങ്ങള്‍, കേന്ദ്രീയവിദ്യാലയങ്ങള്‍, സൈനിക സ്കൂളുകള്‍ എന്നിവ ചേര്‍ന്നതാണ് അഞ്ചാമത്തെ വിഭാഗം. സംസ്ഥാനത്തു പൊതുവിദ്യാഭ്യാസത്തില്‍ പഠിക്കുന്ന വിദ്യാര്‍ഥികളുടെ ആകെ എണ്ണമായി പൊതുവേ കണക്കാക്കപ്പെടുന്നത് ആദ്യത്തെ രണ്ടു വിഭാഗങ്ങളിലെ കുട്ടികളുടെ എണ്ണത്തിന്‍റെ തുകയാണ്. മറ്റു മൂന്നു വിഭാഗങ്ങളില്‍പ്പെടുന്ന സ്കൂളുകളിലെ കുട്ടികളുടെ എണ്ണം ഈ കണക്കില്‍ ഉള്‍പ്പെടുന്നില്ല എന്നത് ഒരു പ്രധാന പോരായ്മയാണ്. ഇതില്‍ അഞ്ചാമത്തെ വിഭാഗം സ്കൂളുകള്‍ അത്ര പ്രസക്തമല്ല. ഇത്തരം വിദ്യാലയങ്ങളുടെ എണ്ണം അവഗണിക്കാവുന്ന തരത്തില്‍ വളരെ കുറവാണ് എന്നതാണ് മുഖ്യകാരണം. എന്നാല്‍ ഭാവി പൗരന്‍മാരെ വാര്‍ത്തെടുക്കുന്നതില്‍ നാലാമത്തെ വിഭാഗം പരമപ്രധാനമായ പങ്ക് വഹിക്കുന്നുണ്ട്. DPI യോടു അഫിലിയേറ്റ് ചെയ്യാത്ത നാലാമത്തെ വിഭാഗത്തിലെ സ്കൂളുകളുടെ എണ്ണത്തെപ്പറ്റിയോ അവിടെ പഠിക്കുന്ന കുട്ടികളെ സംബന്ധിക്കുന്ന മറ്റ് വസ്തുതകളെ പറ്റിയോ ഉള്ള കൃത്യമായ സ്ഥിതി വിവര കണക്കുകള്‍ ലഭ്യമല്ല എന്നുള്ളതാണ് വാസ്തവം. അഥവാ, അത്തരം കണക്കുകള്‍ രൂപപ്പെടുത്തിയെടുക്കുന്നതിന് ബന്ധപ്പെട്ട അധികാരികള്‍ ശ്രമിച്ചിട്ടില്ല എന്നതാണ് നിജ സ്ഥിതി.

CBSE, ICSE സ്കൂളുകളുടെ എണ്ണമോ അവയിലെ കുട്ടികളുടെ എണ്ണമോ മറ്റു വിശദാംശങ്ങളോ മേഖലാടിസ്ഥാനത്തില്‍ മാത്രമേ ലഭ്യമാകുകയുള്ളു. കേരള സംസ്ഥാനത്തിന്‍റെയോ, ഒരു ജില്ലയുടെതായോ കുട്ടികളുടെ എണ്ണം ഈ രീതിയില്‍ ലഭിക്കില്ല. ഈ വിഭാഗം കുട്ടികളെ മേല്‍പ്പറഞ്ഞ കണക്കില്‍ ഉള്‍പ്പെടുത്താതിരുന്നാല്‍ ശ്രീ.ഒ.എം.ശങ്കരന്‍ സൂചിപ്പിക്കുന്നതു പോലെ കേരളത്തിലെ പൊതു വിദ്യാലയങ്ങളില്‍ പഠിക്കുന്ന കുട്ടികളുടെ ശതമാനം എല്ലായ്പ്പോഴും വളരെ ഉയര്‍ന്നതായി കണക്കാക്കപ്പെടും. 1996 മുതല്‍ 2001 വരെയുള്ള കാലയളവില്‍ സംസ്ഥാനത്തു പഠിച്ചിരുന്ന ഇത്തരത്തിലുള്ള അണ്‍ എയിഡഡ് മേഖലയിലെ കുട്ടികളുടെ ശതമാനത്തെപ്പറ്റി പരോക്ഷമായി നടത്തിയ ഒരു പഠനത്തിന്‍റെ വിശദാംശങ്ങള്‍ 2006-ലെ ജേര്‍ണല്‍ ഓഫ് സൗത്ത് ഏഷ്യന്‍ ഡെവലപ്മെന്‍റിന്‍റെ 240-ാം പേജില്‍ ഒന്നാമത്തെ ലേഖകന്‍ (ജെ. രത്നകുമാര്‍) നല്‍കിയിട്ടുണ്ട്. ഈ കണക്കുകള്‍ പ്രകാരം ഭാരതത്തില്‍ തന്നെ ഏറ്റവും കുറവു ജനസംഖ്യാ വളര്‍ച്ചാ നിരക്കു രേഖപ്പെടുത്തിയ ജില്ലയായ പത്തനംതിട്ടിയില്‍ 1996-ല്‍ 5.13% ആയിരുന്ന അണ്‍ എയ്ഡഡ് വിദ്യാര്‍ഥികള്‍ 2001 ആയപ്പോഴേക്കും 29.86% ആയി വര്‍ദ്ധിച്ചു. ഇത്തരത്തിലുള്ള സ്കൂളുകളുടെ സ്ഥിതി വിവര കണക്കുകള്‍ കൂടി പരിഗണിച്ചാല്‍ മാത്രമേ സംസ്ഥാന തലത്തില്‍ പൊതു വിദ്യാഭ്യാസത്തിലും, അണ്‍ എയ്ഡഡ് മേഖലയിലുമുള്ള കുട്ടികളുടെ ശതമാനം വ്യക്തമായി വേര്‍തിരിച്ചു കാണുക സാധ്യമാകുകയുള്ളു.

2014-ല്‍ കേരളത്തിലെ സ്കൂളുകളിലെ കുട്ടികളുടെ എണ്ണം ശാസ്ത്രീയമായി തിട്ടപ്പെടുത്തുന്ന ആധാര്‍ കണക്കെടുപ്പു പൂര്‍ത്തിയായപ്പോള്‍ 35 ലക്ഷം കുട്ടികളാണ് 1 മുതല്‍ 10 വരെ പഠിക്കുന്നതെന്ന് വ്യക്തമായിട്ടുണ്ട്. ഇതില്‍ 12 ലക്ഷത്തോളം പേര്‍ സര്‍ക്കാര്‍ സ്കൂളുകളിലും 23 ലക്ഷത്തില്‍പ്പുരം പേര്‍ എയ്ഡഡ് സ്കൂളുകളിലുമാണ് പഠിച്ചിരുന്നത്. ആധാര്‍ കണക്കെടുപ്പ് കേരളത്തില്‍ എല്ലാ കുടുംബങ്ങളിലും നിര്‍ബന്ധമാണെന്നിരിക്കേ സ്കൂളില്‍ പോകേണ്ട പ്രായത്തിലുള്ള കുട്ടികളുടെ എണ്ണം കണക്കാക്കുന്നതില്‍ യാതൊരു ബുദ്ധിമുട്ടുമില്ല എന്നു കാണാം. മാത്രമല്ല NPR (National Population Register) മുഖേനയും സ്കൂള്‍ പ്രായത്തിലുള്ള കുട്ടികളുടെ എണ്ണം മൊത്തമായോ ജില്ല തിരിച്ചോ ലഭ്യമാക്കാന്‍ കഴിയും. കേരളത്തില്‍ സ്കൂള്‍ പ്രായത്തിലുള്ള 100% കുട്ടികളും വിദ്യാലയങ്ങളിലെത്തുന്നുണ്ട് എന്നാണ് സര്‍ക്കാര്‍ കണക്കുകള്‍ അവകാശപ്പെടുന്നത്. അങ്ങനെയാണെങ്കില്‍ ആകെ കുട്ടികളുടെ എണ്ണത്തില്‍ നിന്നും 35 ലക്ഷം കുറവു വരുത്തിയാല്‍ നേരത്തേ പറഞ്ഞ മറ്റു മുന്നു വിഭാഗങ്ങളിലെ കുട്ടികളുടെ എണ്ണവും ലഭിക്കും.

ജനസംഖ്യാ പരിവര്‍ത്തനം പൊതുവിദ്യാഭ്യാസത്തിന്‍റെ ശത്രുവോ?

കഴിഞ്ഞ രണ്ടു ദശാബ്ദക്കാലമായി ഗ്രാമ-നഗര ഭേദമന്യേ കൂണുകള്‍ പോലെ മുളച്ചു പൊന്തുകയാണു അണ്‍ എയ്ഡഡ് വിദ്യാലയങ്ങൾ എന്നത് തള്ളിക്കളയാനാകാത്ത യാഥാര്‍ഥ്യമാണ്. 85% വിദ്യാര്‍ഥികളും പൊതു വിദ്യാലയങ്ങള്‍ തിരഞ്ഞെടുത്തു പഠനം നടത്തിയിരുന്നെങ്കല്‍ സംസ്ഥാനത്തു ഇത്രയധികം ആദായകരമല്ലാത്ത പൊതുവിദ്യാലയങ്ങളും ‘ആദായകരമായ അണ്‍ എയ്ഡഡ് സ്കൂളുകളും’ സൃഷ്ടിക്കപ്പെടുകയില്ലായിരുന്നു. കേരളത്തിലെ പൊതു വിദ്യാലയങ്ങളും തമിഴ്നാട്ടിലെ എഞ്ചിനീയറിംഗ് കോളേജുകളും അടച്ചു പൂട്ടുന്നത് ഇന്ന് വാര്‍ത്തയല്ലാതായിരിക്കുന്നു. അതേ സമയം അണ്‍ എയ്ഡഡ് സ്കൂളുകള്‍ പൂട്ടുന്നതായി വാര്‍ത്തകള്‍ വരാറുമില്ല. ഇതു വെളിപ്പെടുത്തുന്നത് അണ്‍ എയ്ഡഡ് കച്ചവട സ്ഥാപനങ്ങള്‍ക്ക് പൊതു സമൂഹത്തില്‍ നിന്നു തന്നെ ആവശ്യകതയേറുന്നു എന്നതാണ്. ഇത് ഗൗരവമായിക്കാണേണ്ട ഒരു വസ്തുതയാണ്. ഇതിൽ കേരളത്തിലെ ജനസംഖ്യാ പരിവര്‍ത്തനം ഒരു നിർണ്ണായക പങ്കു വഹിച്ചു എന്നു വേണം കരുതാന്‍.

ജനസംഖ്യാ പരിവര്‍ത്തനം എന്താണ് എന്നത് ഈ ഘട്ടത്തില്‍ ഓര്‍ക്കുന്നതു നന്നായിരിക്കും. വളരെ ഉയര്‍ന്ന ജനനനിരക്കും ഉയര്‍ന്ന മരണ നിരക്കും ഉള്ള ഒരു പ്രദേശത്ത് ജനനനിരക്കോ മരണ നിരക്കോ രണ്ടുമോ വളരെ താഴ്ന്ന നിലയിലേക്കു മാറിയാല്‍ അവിടെ ജനസംഖ്യാ പരിവര്‍ത്തന പ്രക്രീയ നടക്കുന്നതായി കണക്കാക്കാം. കേരളത്തില്‍ 1970-കളില്‍ തുടങ്ങിയ ജനസംഖ്യാ പരിവര്‍ത്തനം  1990-കളുടെ അവസാനത്തോടെ ശക്തമായി പ്രതിഫലിച്ചു. 1981-ലെ സെന്‍സസ് പ്രകാരം 19.24% ആയിരുന്ന ദശവര്‍ഷ ജനസംഖ്യാ വളര്‍ച്ച 2011 ല്‍ 4.86% ആയി. ആഗോള ജനസംഖ്യാ വളര്‍ച്ചാ നിരക്കായ 12.97% -ലും ദേശീയ നിരക്കായ 17.7%-ലും കുറവാണു കേരളത്തിന്‍റെ ജനസംഖ്യാ വളര്‍ച്ച എന്നതു അഭിമാനിക്കാവുന്ന നേട്ടം തന്നെ. ജനസംഖ്യാ പരിവര്‍ത്തനത്തിന്‍റെ ആദ്യ പ്രതിഫലനം വിദ്യാഭ്യാസ മേഖലയിലായിരുന്നു എന്നു തന്നെ പറയാന്‍ സാധിക്കും. ജനസംഖ്യാ പരിവര്‍ത്തനത്തിന്‍റെ ഫലമായി കേരളത്തിന്‍റെ ജനസംഖ്യാ വര്‍ദ്ധനവിലും കുടുംബങ്ങളിലെ സ്കൂള്‍ പ്രായത്തിലുള്ള അംഗങ്ങളുടെ ശരാശരി എണ്ണത്തിലും കുറവു വന്നതായി പഠനങ്ങള്‍ തെളിയിക്കുന്നു.

പൊതു വിദ്യാലയങ്ങളോടുള്ള വിമുഖത സാമൂഹിക-മാനവിക സൂചികകളില്‍ മുന്നില്‍ നില്‍ക്കുന്ന കേരളം, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളുടെ മാത്രം പ്രത്യേകതയല്ല. ഇത്തരം പ്രവണത സാമൂഹികവും സാമ്പത്തികവുമായി പിന്നാക്കം നില്‍ക്കുന്ന യു.പി., ബീഹാര്‍ മുതലായ സംസ്ഥാനങ്ങളില്‍ പോലും പ്രകടമാകുന്നുണ്ട്. ജനസംഖ്യാ പരിവര്‍ത്തന ഫലമായി കുടുംബത്തില്‍ കുട്ടികളുടെ എണ്ണത്തിലുണ്ടായ കുറവും കുട്ടികളുടെ വിദ്യാഭ്യാസത്തിനും മറ്റ് ആവശ്യങ്ങള്‍ക്കു വേണ്ടിയും രക്ഷിതാക്കള്‍ക്കു ചിലവഴിക്കാന്‍ സാധിക്കുന്ന തുകയില്‍ (ability to pay) കഴിഞ്ഞ 20 വര്‍ഷത്തിനുള്ളില്‍ ഏതാണ്ട് 31 മടങ്ങ് വര്‍ധനവ് സൃഷ്ടിച്ചിട്ടുണ്ട്. ഭൂരിഭാഗം രക്ഷിതാക്കള്‍ക്കും അവരുടെ കുട്ടിക്കാലത്തു നല്ല വിദ്യാഭ്യാസം ലഭ്യമായില്ലെന്നും, ഇംഗ്ലീഷ് ഭാഷ നേരാവണ്ണം വശമാക്കാന്‍ സാധിച്ചില്ലെന്നുമുള്ള നിരാശാ ബോധവും, തങ്ങളുടെ കുട്ടികള്‍ക്കെങ്കിലും ഇതൊക്കെ സാധ്യമാകണമെന്നുള്ള രക്ഷിതാക്കുളുടെ ഉത്ക്കര്‍ഷേച്ഛ (parental aspiration) ജനസംഖ്യാ പരിവര്‍ത്തനത്തലൂടെ സംജാതമായി. പല പൊതുവിദ്യാലയങ്ങളും കുട്ടികളേയും മാതാപിതാക്കളേയും ആകര്‍ഷിക്കുന്നതിനായി ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകള്‍ ആരംഭിച്ചു. അണ്‍ എയ്ഡഡ് സ്ഥാപനങ്ങള്‍ അടിസ്ഥാനപരമായ വിദ്യാഭ്യാസം നല്‍കുന്നതില്‍ പൊതുവിദ്യാലയങ്ങളേക്കാല്‍ മികച്ചു നില്‍ക്കുന്നു എന്ന തോന്നല്‍ രക്ഷിതാക്കള്‍ക്കിടയില്‍ വേരൂന്നിയിരിക്കുന്നതായി കാണാം. സംഘടനാ പ്രവര്‍ത്തനങ്ങളും, സമരങ്ങളും മറ്റും പ്രാദേശിക വിഷയങ്ങളും നിമിത്തം നഷ്ടപ്പെടുന്ന സ്കൂള്‍ ദിനങ്ങളും രക്ഷിതാക്കളുടെ ആശങ്കയ്ക്കു കാരണമായിരിക്കാം. എന്നാല്‍ ഹയര്‍ സെക്കന്‍ററിയിലെത്തുമ്പോള്‍ ഈ അയിത്തം പ്രകടമാക്കുന്നില്ല എന്നതു മറ്റൊരു വശം. ലഭ്യമായ വിവരങ്ങളനുസരിച്ച് CBSE, ICSE സ്കുളുകളില്‍ പഠിച്ച ശരാശരി 50,000-ഓളം കുട്ടികള്‍ പ്ലസ് വണ്‍ പ്രവേശത്തിനു സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളില്‍ വര്‍ഷാ വര്‍ഷം അപേക്ഷ നല്‍കുന്നതായി സ്ഥിതി വിവര കണക്കുകള്‍ സൂചിപ്പിക്കുന്നു. ഒരു ഏകീകൃത സിലബസ്സിന്‍റെ ആവശ്യകതയിലേക്കാണോ ഇതു വിരല്‍ ചൂണ്ടുന്നത് എന്നു ചിന്തിക്കേണ്ടിയിരിക്കുന്നു. ഒരു പരിധി വരെ അണ്‍ എയ്ഡഡ് സ്കൂളുകള്‍ക്കു പേരെന്‍റെല്‍ ആസ്പിരേഷന്‍  അനുസരിച്ചു പ്രവര്‍ത്തിക്കാന്‍ സാധിച്ചു എന്ന് പൊതുസമൂഹത്തില്‍ ഒരു നല്ല വിഭാഗം ആള്‍ക്കാര്‍ ചിന്തിക്കുന്നുണ്ടാവണം.

സ്വാശ്രയത്തിനു ആവശ്യക്കാരേറുന്നു

ആഗോളവല്‍ക്കരണത്തിന്‍റെ ഭാഗമായി കഴിഞ്ഞ മൂന്ന് ദശാബ്ദക്കാലത്തിനുള്ളില്‍ സേവനമേഖലയില്‍ ഉണ്ടായ അഭൂതപൂര്‍വമായ വളര്‍ച്ച ധാരാളം തൊഴില്‍-വിപണന സാധ്യതകള്‍ ഈ മേഖലയില്‍ സൃഷ്ടിക്കുകയുണ്ടായി. കാര്‍ഷികമേഖലയില്‍ ജോലി ചെയ്യുന്നതില്‍ മലയാളികള്‍ക്ക് പൊതുവെയുള്ള വിമുഖതയും, വ്യാവസായിക-സർക്കാർ മേഖലകളില്‍ തൊഴില്‍ ലഭിക്കുന്നതിനുള്ള പ്രായോഗിക ബുദ്ധിമുട്ടുകളും കൂടുതല്‍ അഭ്യസ്തവിദ്യരെ ഈ മേഖലയിലേക്കു ആകര്‍ഷിച്ചു. ഇങ്ങനെയുള്ള തൊഴില്‍ മേഖലയില്‍ മികവു പ്രകടിപ്പിക്കുന്നതിന് ഇംഗ്ലീഷ് ഭാഷ ഒരു അവിഭാജ്യ ഘടകമായി മാറി. മത്സരാധിഷ്ടിതമായിത്തീര്‍ന്ന സേവനമേഖലയില്‍ തൊഴില്‍ കണ്ടെത്താനും, കണ്ടെത്തിയതിനെ നിലനിര്‍ത്താനും, നിലനിര്‍ത്തിയതില്‍ അഭിവൃദ്ധി ഉണ്ടാവാനും ഉദ്യോഗാര്‍ഥികളില്‍ ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം നിര്‍ണായകമായ സ്വാധീനം ചെലുത്തുന്നതായി മനസ്സിലാക്കാം. ഈ കാര്യങ്ങളെ പൊതുവിദ്യാലയങ്ങളില്‍ കുട്ടികള്‍ കുറയുന്നതുമായും അണ്‍ എയിഡഡ് സ്ഥാപനങ്ങളുടെ വളര്‍ച്ചയുമായി കൂട്ടിയോജിപ്പിക്കേണ്ടതാണ്. കൂടാതെ നമ്മുടെ അയല്‍ക്കാര്‍ കുട്ടികളെ ഏതുതരം സ്കൂളില്‍ വിടുന്നു (demonstration effect) എന്നുള്ള കാര്യവും രക്ഷിതാക്കളുടേയും കുട്ടികളുടേയും സ്കൂളുകളുടെ തിരഞ്ഞെടുപ്പിനെ ബാധിച്ചേക്കാം. സമാപവാസികളുടെ കുട്ടികള്‍ ഏതു തരം സ്കൂളിലാണോ പോകുന്നത്, അതിനേക്കാള്‍ ചെലവേറിയ സ്കൂളുകളില്‍ തങ്ങളുടെ മക്കളും പഠിക്കണമെന്ന് അഭിമാന പ്രതീകമായി കണക്കാക്കുന്ന മാതാപിതാക്കള്‍ പൊതുവിദ്യാലയങ്ങിളില്‍ നിന്നും കുട്ടികളെ അകറ്റി നിര്‍ത്താന്‍ കാരണമാകുന്നു.

പൊതുവിദ്യാഭ്യാസരംഗത്തു കുട്ടികള്‍ കുറയുന്നതിനന്‍റെ കാരണത്തെപ്പറ്റി വാദിക്കുന്ന സാമ്പത്തിക-ജനസംഖ്യാ പഠന വിദഗ്ധരുടെ ഇടയില്‍ ഇപ്പോഴും രണ്ടുതരം ചിന്താധാരകള്‍ (schools of thought) നിലനില്‍ക്കുന്നു. ജനസംഖ്യാ വളര്‍ച്ചയിലുണ്ടായ കുറവാണു (fertility effect) പൊതുവിദ്യാഭ്യാസം അനാദായകരമാക്കുന്നത് എന്ന് ഒരു വിഭാഗം വാദിക്കുമ്പോള്‍, മറുവിഭാഗം ഇതു പൊതു വിദ്യാലയങ്ങളില്‍ പഠിക്കേണ്ടിയിരുന്ന  കുട്ടികള്‍ അണ്‍-എയിഡഡ് മേഖലയില്‍ ചേക്കേറിയതിന്‍റെ ഫലമാണ് (unaided effect) എന്നും വാദിക്കുന്നു. ചുരുക്കത്തില്‍ പൊതുവിദ്യാലയങ്ങളിലുണ്ടായ കുറവു ഈ രണ്ടു മാറ്റങ്ങളുടേയും ആകെ തുകയായി കണക്കാകാം. പൊതുവിദ്യാഭ്യാസരംഗത്തെ പരിഷ്കാരങ്ങള്‍ കാലോചിതവും, കാര്യക്ഷമവും ആകാതെ കുട്ടികളുടെ എണ്ണത്തിലുള്ള വര്‍ദ്ധനവ് ചൂണ്ടിക്കാട്ടി പൊള്ളയായ അവകാശവാദം ഉന്നയിക്കാന്‍ ആവില്ല. ഈ വര്‍ദ്ധനവ് ശരിയായ ദിശാസൂചകമാണെന്ന് പ്രവചിക്കുക അസാധ്യം. ഇത്തരത്തില്‍ പൊതു സമൂഹത്തിനുണ്ടാകുന്ന ആശങ്ക അവരെ പഴയ രീതിയിലേക്ക് തിരിച്ചു പോകാന്‍ പ്രേരിപ്പിച്ചേക്കാം. നയപരമായ തീരുമാനങ്ങളിലെ സുസ്ഥിരത പൊതു വിദ്യാഭ്യാസത്തെ മുന്നോട്ടു നയിക്കാന്‍ പ്രാപ്തമാവണം.

About the Authors: Dr. J. Retnakumar is currently working as a Research Fellow at the Speaker’s Research Initiative Cell (SRIC), Lok Sabha Secretariat, New Delhi.

G. Sujith Kumar is currently working as a higher secondary school teacher of Mathematics. He also worked as a Research officer at SCERT, Thiruvananthapuram. He was one of the committee members appointed for the curriculum revision, 2013.

English Summary: J. Retnakumar and G. Sujith Kumar examine the falling rates onf enrolment in Kerala’s goverment schools and point to possible reasons, including changing preferences and incomes, errors in ennumeration, systemic failures, to demographic shifts.

Please follow and like us:

4 Comments

  1. Very good. But there are certain other aspects also for the down fall of students in Public Schools. All the previous Govts neglected the infrastructure facilities available in Govt schools. no desk, no bench, no good toilet etc. Plus a number of days lost by strike. But the present govt. is giving attention to improving infrastructure facilities and providing buses for school children. Breakfast and lunch are also now provided. Now English medium classes are available in Govt schools. Now you see the increase in student in take in Govt schools. I want write more. But due to space limitation I stop.

    1. Dear Sir,

      Thank you very much for your insights about the issue.

      You may keep posting as many comments as you want separately, if there is space limitation for posting.

      Editor

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.