ജി.എസ്.ടി സെസ്സും നവ-കേരള നിര്‍മ്മാണവും

നവകേരള നിര്‍മ്മാണത്തിന് കേരളത്തിൽ ചുമത്താൻ ഉദ്ദേശിക്കുന്ന ജി.സ്.ടി. സെസ്സിന്റെ പ്രായോഗികതയെക്കുറിച്ചു ഡോ. റെൽഫി പോൾ ചർച്ച ചെയ്യുന്നു.

റെല്‍ഫി പോള്‍

ചിത്രം കടപ്പാട്: ബിസിനസ്സ് ടുഡേ, 21 സെപ്റ്റംബർ 2018.

നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയത്തില്‍ തകര്‍ന്ന കേരളത്തിന്‍റെ പുനര്‍നിര്‍മ്മാണത്തിന് ആവശ്യമായ തുക കണ്ടെത്തുക എന്നതാണ് സംസ്ഥാനം നേരിടുന്ന വലിയ വെല്ലുവിളി.  കേന്ദ്ര സഹായം 3000 കോടിയില്‍ ഒതുങ്ങിയതും, പ്രതീക്ഷിച്ച വിദേശ സഹായം തടസ്സപ്പെട്ടതുമൂലം ഈ തുക കണ്ടെത്തുന്നതിന് മറ്റു മാര്‍ഗ്ഗങ്ങള്‍ തേടുവാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായി. ജി.എസ്.ടി നടപ്പിലാക്കിയതുമൂലം അധിക വിഭവ സമാഹരണത്തിനുള്ള സാധ്യത ഒരു പരിധിവരെ നഷ്ടമായി. പുനര്‍നിര്‍മ്മാണത്തിനാവശ്യമായ തുക കണ്ടെത്തുന്നതിനായി ഭരണഘടനയുടെ 279 (A) (4) (F)  വകുപ്പ് പ്രകാരം സെസ്സ് ചുമത്തുവാന്‍ അനുവദിക്കണമെന്ന് കേരളം ജി.എസ്.ടി കൗണ്‍സില്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് 28.09.2018 നടന്ന കൗണ്‍സില്‍ യോഗം വിഷയം ചര്‍ച്ച ചെയ്തപ്പോള്‍, എല്ലാ സംസ്ഥാനങ്ങളും അനുഭാവ പൂര്‍ണ്ണമായ സമീപനമാണ് സ്വീകരിച്ചത്. എന്നിരുന്നാലും ജി.എസ്.ടി ക്ക് മേലുള്ള സെസ്സ് ഒരു പുതിയ കീഴ്വഴക്കം സൃഷ്ടിക്കുന്നതിനാല്‍ വിശദമായ ചര്‍ച്ചകള്‍ക്കായി ബീഹാര്‍ ഉപമുഖ്യമന്ത്രി സൂശീല്‍ കുമാര്‍ മോഡിയുടെ അധ്യക്ഷതയില്‍ ഒരു മന്ത്രി സഭാ ഉപസമിതിയെ ചുമതലപ്പെടുത്തി. കേരള ധനകാര്യമന്ത്രി ഡോ. തോമസ് ഐസക്കും ഈ സമിതിയില്‍ അംഗമായിരുന്നു. പ്രളയ സെസ്സ് രാജ്യം മുഴുവന്‍ നടപ്പിലാക്കണോ അതോ കേരളത്തില്‍ മാത്രം മതിയോ, എല്ലാ സാധന – സേവനങ്ങളേയും ഇതിന്‍റെ കീഴില്‍ കൊണ്ടു വരണമോ തുടങ്ങിയ വിഷയങ്ങളില്‍ സമിതി വിശദമായ ചര്‍ച്ച നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഇതിന്‍റെ അടിസ്ഥാനത്തില്‍ 20.12.2018-ല്‍ കൂടിയ 32-ാമത് ജി.എസ്.ടി കൗണ്‍സില്‍ ഒരു ശതമാനം സെസ്സ് ചുമത്തുവാന്‍ സംസ്ഥാനത്തിന് അധികാരം നല്‍കി. രണ്ടു വര്‍ഷത്തേക്ക് സംസ്ഥാനത്തിനുള്ളില്‍ നടക്കുന്ന റീട്ടെയില്‍ ട്രാന്‍സാക്ഷനുകള്‍ക്ക് മാത്രമായിരിക്കും സെസ്സ് ചുമത്തുവാന്‍ സാധിക്കുക. തുടര്‍ന്ന് ജൂണ്‍ 1 മുതല്‍ സംസ്ഥാനത്ത് സെസ്സ് നടപ്പിലാക്കുമെന്ന് 25.05.2019 -ല്‍ സര്‍ക്കാര്‍ ഉത്തരവിറക്കി. എന്നാല്‍ സെസ്സിന്‍റെ മേല്‍ നികുതി ഒഴിവാക്കേണ്ടതിനാല്‍ ജി.എസ്.ടി ചട്ടങ്ങളില്‍ ആവശ്യമായ ഭേദഗതികള്‍ വരുത്തേണ്ടതായുണ്ട്. ഇതിലേക്കായി സെസ്സ് നടപ്പിലാക്കുന്ന തീയതി ജൂലൈ 1 -ലേക്ക് നീട്ടിവച്ചുകൊണ്ട് 31.05.2019 -ല്‍ പുതുക്കിയ ഉത്തരവ് പുറത്തിറക്കുയുണ്ടായി. കേന്ദ്ര വിജ്ഞാപനം വൈകുന്നതിനാല്‍ മേല്‍പറഞ്ഞ രണ്ട് ഉത്തരവുകളും നടപ്പിലാക്കാനായില്ല. കഴിഞ്ഞ ഏപ്രില്‍ 1 മുതല്‍ തന്നെ ധനകാര്യ ബില്ലിലെ നിരക്കുകള്‍ പ്രാബല്യത്തില്‍ വന്നിരുന്നു. സെസ്സ് മാത്രമാണ് ഇനീ നടപ്പിലാക്കാനുള്ളത്. നിലവില്‍ ഓഗസ്റ്റ് 1 മുതല്‍ ഇത് നടപ്പിലാക്കാന്‍ സാധിക്കും എന്നാണ് സര്‍ക്കാര്‍ പ്രതീക്ഷ.

സെസ്സ് വില വര്‍ദ്ധനവിന് കാരണമാകുമോ? 

സെസ്സ് എന്നത് നികുതിയുടെ മറ്റൊരു വകഭേദമാണ്. ഏതെങ്കിലും ഒരു പ്രത്യേക ലക്ഷ്യത്തിലേക്കായി അധിക വിഭവ സമാഹരണം നടത്തുകയാണ് ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. 2019-ലെ ധനകാര്യ ബില്ലിലെ 14 വകുപ്പ് പ്രകാരമാണ് 1 % പ്രളയസെസ്സ് ഈടാക്കുവാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. പ്രളയക്കെടുതിയില്‍ തകര്‍ന്നടിഞ്ഞ അടിസ്ഥാന സൗകര്യങ്ങള്‍  പുനര്‍ നിര്‍മ്മിക്കുന്നതിന് വേണ്ടി മാത്രമായിരിക്കും ഈ തുക ഉപയോഗിക്കുക. നിലവില്‍ 12%, 18%, 28% എന്നീ നികുതി സ്ലാബുകള്‍ക്ക് കീഴില്‍ വരുന്ന സാധന-സേവനങ്ങള്‍ക്ക് മാത്രമാണ് 1 ശതമാനം സെസ്സ് ഈടാക്കുകയുള്ളു. സ്വര്‍ണ്ണം വെള്ളി ആഭരണങ്ങള്‍ക്ക് 0.25% സെസ്സും ഈടാക്കും. ഏറെക്കുറെ എല്ലാ ഭക്ഷ്യവസ്തുക്കളും 5% നികുതി സ്ലാബില്‍ വരുന്നതിനാല്‍ അവയ്ക്ക് സെസ്സ് ബാധകമാവില്ല. അതിനാല്‍ തന്നെ സംസ്ഥാനത്ത് കാര്യമായ വില വര്‍ദ്ധനവ് ഉണ്ടാകില്ല എന്നതാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. ചരക്ക് നികുതിക്കൊപ്പം സേവന നികുതിയ്ക്കും സെസ്സ് ബാധകമാണെന്നായിരുന്നു ധന ബില്ലിലെ ആദ്യ വ്യവസ്ഥ. 18 % മാണ് ഇപ്പോള്‍ സേവന നികുതി എങ്കിലും ഹോട്ടല്‍ ഭക്ഷണത്തിന് 5% മാത്രമാണ്. ചരക്കുകള്‍ക്ക് 5% സ്ലാബിലുള്ളവയ്ക്ക് സെസ്സ് ഇല്ലെങ്കിലും സേവന നികുതി മൊത്തത്തില്‍ സെസ്സിന് കീഴില്‍ കൊണ്ട് വന്നതോടെ  ഹോട്ടല്‍ ഭക്ഷണത്തിന് വില കൂടുമെന്ന അവസ്ഥയായി. ഇതൊഴിവാക്കാനായി പിന്നീട് ധനബില്ലിൽ വേണ്ട ഭേദഗതികൾ വരുത്തിയത് ആശ്വാസമായി. എന്നിരുന്നാലും ഏകദേശം 75 ശതമാനത്തോളം സാധനങ്ങളുടേയും വില 1% ഉയരുന്നതിനാല്‍ സംസ്ഥാനത്ത് പ്രകടമായ വിലക്കയറ്റം ഉണ്ടാക്കും എന്നതാണ് വാസ്തവം. 2019 ജനുവരിയിലെ പുതിയ കണക്കനുസരിച്ച് വിവിധ സ്ലാബുകളുടെ കീഴില്‍ വരുന്ന കമ്മോഡിറ്റി ഷെയര്‍ താഴെക്കൊടുത്തിരിക്കുന്നു.

അവലംബം, Gulati Institute of Finance and Taxation (GIFT) ജി.എസ്.ടി മന്തിലി റിവ്യൂ, ജനുവരി 2019.

സെസ്സ് വരുമാനം കൊണ്ട് നവകേരള നിര്‍മ്മാണം സാധ്യമാകുമോ?

പുനര്‍നിര്‍മ്മാണത്തിനാവശ്യമായ തുകയെ സംബന്ധിച്ച് വിവിധ ഏജന്‍സികള്‍ വിവിധ കണക്കുകളാണ് പുറത്തു വിട്ടിരിക്കുന്നത്. എന്നാലും സര്‍ക്കാര്‍ കണക്ക് പ്രകാരം ഏകദേശം 38000 കോടി രൂപയാണ് ഇതിന് ആവശ്യമായി വരിക. ഇതില്‍ 1200 കോടി രൂപ മാത്രമെ രണ്ട് വര്‍ഷം കൊണ്ട് സെസ്സിലൂടെ സമാഹരിക്കുവാന്‍ സാധിക്കുകയുള്ളു. അതായത് ആവശ്യമായ തുകയുടെ വെറും 3 ശതമാനം മാത്രമെ സെസ്സിലൂടെ ലഭിക്കുകയുള്ളൂ. അതിനാല്‍ തന്നെ പ്രളയ സെസ്സ് പുനര്‍ നിര്‍മ്മാണത്തിന് എത്രമാത്രം സംഭാവന നല്‍കും എന്നത് കണ്ടറിയണം. കേരളം മാത്രമായി അധിക നികുതി ഈടാക്കുന്നത് “ഒരു രാജ്യം ഒരു നികുതി” എന്ന ജി.എസ്.ടി യുടെ അടിസ്ഥാന തത്വത്തിന് എതിരാണ്. സെസ്സ് ചുമത്തുന്നത് മൂലം സാധാരണ ജനങ്ങള്‍ക്ക് മാത്രമല്ല മറിച്ച് വ്യാപാരികള്‍ക്കും, വ്യവസായികള്‍ക്കും, നികുതി വകുപ്പ് ജീവനക്കാര്‍ക്കും ബുദ്ധിമുട്ടുകള്‍ കൂടും. എം.ആര്‍.പി ഉള്‍പ്പെടെ ഉള്ളവ കേരളത്തിന് മാത്രമായി നിശ്ചയിക്കേണ്ടിവരും. നിലവിലുള്ള സോഫ്റ്റ് വെയര്‍ അപ്ഡേറ്റ് ചെയ്യുന്നതിന്  വ്യാപാരികള്‍ അധിക തുക ചെലവാക്കേണ്ടിവരും. കേരള ജി.എസ്.ടി ചട്ടത്തിന്‍റെ 61-ാം വകുപ്പ് പ്രകാരം എല്ലാ നികുതിദായകരും (KFC-A) എന്ന ഫോമില്‍ GSTR-38 ഫയല്‍ ചെയ്യുന്നതിന് മുമ്പായി സര്‍ക്കാരില്‍ സമര്‍പ്പിക്കണം. ഒരേസമയം GSTR-38 യും KFC-A യും ഫയല്‍ ചെയ്യേണ്ടതിനാല്‍ റിട്ടേണ്‍ നടപടികള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാകും. ചുരുക്കത്തിൽ, നികുതി ദായകര്‍ക്കും വ്യാപാരികള്‍ക്കും അധിക ബാധ്യത ഉണ്ടാകും എന്നതല്ലാതെ നവകേരള നിര്‍മ്മാണത്തിന് കാര്യമായ സംഭാവനകള്‍ നല്‍കുവാന്‍ പ്രളയസെസ്സിന് സാധിക്കില്ല.

References

  1. Business Line. “Kerala to levy calamity cess up to 1% over and above GST.” The Hindu, 10 January 2019.
  2. G.O (P) No. 80/2019/ Taxes,  Dt. 25/05/2019
  3. G.O (P) No. 82/2019/ Taxes,  Dt. 31/05/2019
  4. GST Council for 10% disaster cess on SGST for Kerala rehabilitation, 7-member GoM panel to submit report.” Financial Express, 28 September 2018.
  5. GST ministerial panel favours Kerala levying 1% cess for 2 years.” The Economic Times, 6 January 2019.
    GST Monthly Review. Gulati Institute of Finance and Taxation, January 2019.
  6. T. M. Thomas Isaac. Budget Speech. 31 January 2019.

ലേഖകനെക്കുറിച്ച്: ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് & ടാക്സേഷനിലെ റിസര്‍ച്ച് അസ്സിസ്റ്റന്റാണ് റെല്‍ഫി പോള്‍.

(മേല്‍ പറഞ്ഞവ ലേഖകന്‍റെ സ്വന്തം കാഴ്ചപാടാണ്. ഇതിന് സ്ഥാപനവുമായോ, അലയുടെ ഔദ്യോഗിക നിലപാടുമായോ യാതൊരു ബന്ധവുമില്ല. )

English Summary: Relfi Paul critically examines the newly imposed GST Cess in Kerala (post the floods of 2018), its practicalities and nuances.

Please follow and like us:

2 Comments

  1. വളരെ ആനുകാലിക പ്രസക്തിയുള്ള വിഷയം…നവകേരള നിർമ്മാണ ബജറ്റിന്റെ കേവലം 3% പോലും പരിഹരിക്കാനാകാത്ത ഈ വ്യായാമം സംസ്ഥാനം ഉപേക്ഷിക്കണം. ഇത് “ഒരു രാജ്യം ഒരു നികുതി” എന്ന GST യുടെ അടിസ്ഥാന പ്രമാണം തന്നെ വികലമാക്കുന്നു. ഉദ്യോഗസ്ഥർക്കും വ്യാപാരി-വ്യവസായികൾക്കം അധികജോലിഭാരവും അനാവശ്യ ചിലവു നഷ്ഠങ്ങളും വരുത്തുന്ന ഈ തീരുമാനം ഉചിതമല്ല. GST യുടെ അന്തസത്തയ്ക്കു നിരക്കുന്നതുമല്ല.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.