തിരയുടെ താളത്തിലാഴത്തില്‍ കടലിനെ വായിക്കുമ്പോള്‍

തീരദേശ ജീവിതത്തെ  അടയാളപ്പെടുത്തുന്ന കടൽപ്പാട്ടുകളെക്കുറിച്ചു ടിനോ തോമസ് എഴുതുന്നു.

ടിനോ ഗ്രേസ് തോമസ്‌

കടലിന്‍റെ വന്യതയും വശ്യതയും എക്കാലത്തും മനുഷ്യരെ വലയം ചെയ്തിട്ടുണ്ട്. നിരവധിയായ സമുദ്രയാനങ്ങളിലൂടെ  മനുഷ്യസമൂഹത്തിന്‍റെ ജ്ഞാനലോകം വികസിച്ചു. പുതിയ സംസ്കാരങ്ങളെയും ജീവിതപരിസരങ്ങളെയും കണ്ടെത്തി. മനുഷ്യന്‍റെ  ഇച്ഛാശേഷിയുടെ പരിണതിയായിരുന്നു അവ. അന്വേഷണങ്ങളുടെ ചരിത്രമാണ്‌ മനുഷ്യജീവിതം. ജ്ഞാനവിനിമയത്തിലൂടെ മനുഷ്യവംശം സമ്പുഷ്ടമായി. ഭൂതകാലത്തില്‍ വാമൊഴിയായി പകര്‍ന്നവ പില്‍ക്കാലം ലിഖിത ശേഷിപ്പുകളായി. ലോകം കെട്ടുകഥകളുടെ മാന്ത്രിക പടിക്കെട്ടുകളിറങ്ങി  ശാസ്ത്രയുക്തികളെ ചേര്‍ത്തെടുത്തു. സൂര്യന്‍ അതിന്‍റെ ദൈവികപരിവേഷത്തില്‍നിന്നും വലിയൊരു നക്ഷത്രമായി നിര്‍വചിക്കപ്പെട്ടു. ഭൂമിക്കൊപ്പം അനേകം ഗ്രഹങ്ങള്‍ അനാവരണം ചെയ്യപ്പെട്ടു. പുതിയ ഗ്രഹങ്ങള്‍ കണ്ടെത്തുകയുണ്ടായി. ചന്ദ്രന്‍ സ്വയം പ്രകാശനശേഷിയില്ലാത്ത ഭൂമിയുടെ ഉപഗ്രഹമെന്ന് തീര്‍ച്ചപ്പെട്ടു. കടല്‍ വെറും കാഴ്ചകളില്‍നിന്നും ആഴമുള്ള ചിന്തകളുടെ അസ്തമിക്കാത്ത സഞ്ചാരങ്ങളായി. സ്വാനുഭവങ്ങളുടെയും ശാസ്ത്രനിരീക്ഷണങ്ങളുടെയും  വാമൊഴി പ്രപഞ്ചം ഓരോ മനുഷ്യഗണത്തിന്‍റെയും സാംസ്‌കാരിക ബലതകൂടിയാണ്. കടല്‍പ്പാട്ടുകള്‍ തീരജീവിതത്തിന്‍റെ സവിശേഷമായ അടയാളപ്പെടുത്തലാകുന്നത് ഇത്തരം പശ്ചാത്തലത്തിലൂടെയാണ്.

കേരളീയജീവിതത്തിന്‍റെ ഒഴിച്ചുകൂടാനാവാത്ത വ്യവഹാരമണ്ഡലങ്ങളായ കടലുകൊണ്ടും കായലുകൊണ്ടും സമ്പന്നമായ ഭൂമിശാസ്ത്രമാണ് കേരളത്തിന്‍റേത്. നൂറ്റാണ്ടുകള്‍ നീണ്ടുനിന്ന പരിണാമപ്രക്രിയയിലൂടെ കടന്നുപോയ പൗരാവലിയാണ് തീരവാസികള്‍. പക്ഷേ, അടിസ്ഥാനസൗകര്യങ്ങളോ വികസനമാര്‍ഗ്ഗങ്ങളോ കടലോരജനതയുടെ സാമൂഹികജീവിതത്തില്‍ ശക്തിപ്പെട്ടിട്ടില്ല. അനുദിനം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന തീരശോഷണവും കടലാക്രമണവും അടിസ്ഥാനസൗകര്യങ്ങളുടെ ലഭ്യതക്കുറവും നിരന്തര ആത്മസംഘര്‍ഷങ്ങള്‍ക്കും സമരങ്ങള്‍ക്കും ഈ ജനതയെ വിധേയരാക്കിയിട്ടുണ്ട്. സാമൂഹികമായ ഈ അവഗണന, സാഹിത്യത്തിലും സാഹിത്യപഠനങ്ങളിലും കണ്ടെത്താനാകും. നാടോടിവിജ്ഞാനശാഖ ശക്തിപ്പെട്ടതോടെ, കാര്‍ഷികസംസ്കാരവുമായി ബന്ധപ്പെട്ട കലകളും പാട്ടുകളും ചൊല്ലുകളും ശൈലികളും അനുഷ്ഠാനങ്ങളും അവയുടെ വാമൊഴികളും സംവേദനം ചെയ്യപ്പെടുന്ന അറിവുകളും ഫോക്ലോര്‍ മേഖലയില്‍ ആഘോഷിക്കപ്പെടുന്നുണ്ട്. എന്നാല്‍ അത്രത്തോളംതന്നെ പാരമ്പര്യം അവകാശപ്പെടാവുന്ന മത്സ്യബന്ധനത്തിനും മുക്കുവര്‍ക്കും അവരുടെ അറിവുകള്‍ക്കും വാമൊഴികള്‍ക്കും പരിഗണന ലഭിക്കുന്നുമില്ല. ഇത്തരത്തില്‍, അവഗണിക്കപ്പെടുന്ന ഒരുകൂട്ടം പാട്ടുകളാണ് കടല്‍പ്പാട്ടുകള്‍. കേരളത്തിന്‍റെ വടക്കുമുതല്‍ തെക്കുവരെ നീണ്ടുകിടക്കുന്ന തീരദേശത്തിന്‍റെ ഭാഷാ-സാമൂഹിക-സാംസ്കാരിക വൈവിധ്യങ്ങളെ വൈകാരികമായി ഒപ്പിയെടുക്കുന്ന പാട്ടുകളാണ് അവ. അവയെ പരിഗണിക്കാതെ കടന്നുപോവുകയെന്നത് കേരളത്തിന്‍റെ ഒരു സവിശേഷ സംസ്കാരത്തെയും അത് രൂപപ്പെടുത്തിയ  ലോകബോധത്തെയും അഭിസംബോധന ചെയ്യാതെ കടന്നുപോകുന്നതിന് തുല്യമാണ്. 

നൂറ്റാണ്ടുകള്‍കൊണ്ട് ആര്‍ജ്ജിച്ചെടുത്ത അറിവുകളുടെയും അനുഭവങ്ങളുടെയും പ്രകാശനമാണ് കടല്‍പ്പാട്ടുകള്‍.   ജലവും ജലസമ്പത്തും ചേര്‍ന്നു രൂപപ്പെടുത്തിയ ആന്തിരകഘടനയാണ് തീരദേശത്തിനുള്ളത്. ഒരേസമയം ജലത്തോട് സമരസപ്പെട്ടും മല്ലിട്ടുകൊണ്ടുമാണ് തീരജനത തങ്ങളുടെ ജീവിതപ്രയാണം സാധ്യമാക്കിയത്. അധിനിവേശങ്ങളുടെയും അധിനിവേശാനന്തര രാഷ്ട്രീയപ്രതിഭാസങ്ങളുടെയും പ്രതിഫലനം കടലോരസമൂഹത്തില്‍ ആഴത്തില്‍ വേരോടി. സാമൂഹിക അസമത്വങ്ങളുടെയും മതപരിവര്‍ത്തനത്തിന്‍റെയും ഭൂമികയായി തീരദേശം പരിണാമംകൊണ്ടു. ചരിത്രത്തിന്‍റെ അനേകമടരുകളില്‍ കണ്ണിചേര്‍ക്കപ്പെട്ട തീരജനതയില്‍ നാട്ടറിവുകളുടെയും പ്രകൃതിനിരീക്ഷണങ്ങളുടെയും സമുദ്രാനുഭവങ്ങളുടെയും വിസ്തൃതമായ വാമൊഴി ശേഖരമുണ്ട്. മുന്നില്‍ ആഴംകൊണ്ടും പരപ്പുകൊണ്ടും അതിശയങ്ങള്‍ തീര്‍ത്ത ജലധിയെ അതിനോടു ചേര്‍ന്നുനിന്ന മനുഷ്യര്‍ തങ്ങള്‍ക്ക് പരിചിതമായ ഭാഷയിലും താളത്തിലും ലയിപ്പിച്ചു. ആ ലയനപ്രക്രിയയാകട്ടെ സൂക്ഷ്മമായ നിരീക്ഷണപാടവത്താല്‍ സമ്പന്നവുമായിരുന്നു. ഉപജീവനം അതില്‍ പ്രധാനഘടകമായിരുന്നു. കടല്‍നീരൊഴുക്കുകളും മത്സ്യവ്യൂഹങ്ങളും ആഴിയില്‍ ആര്‍ത്തിരമ്പുന്ന തിരപ്രവാഹങ്ങളും നക്ഷത്രങ്ങളും അവ തീര്‍ക്കുന്ന സൂചനകളും കടല്‍പ്പാട്ടുകളില്‍ നിറഞ്ഞു. ജലരാശിയെ പുല്‍കുന്ന പാറക്കൂട്ടങ്ങളും മത്സ്യസമ്പത്തുപേറുന്ന പാരുകളും അവയിലെ ജീവജാല വൈവിധ്യങ്ങളും വാമൊഴിയായി തലമുറകള്‍ പകര്‍ന്നുപാടി. പാട്ടുകളിലെ ഭാഷയില്‍ ജലത്തിന്‍റെ സാന്ദ്രതയും കടലിന്‍റെ ലവണവീര്യവും സമീകരിച്ചിരുന്നു. നാട്ടുതാളത്തിന്‍റെയും ചൊല്‍വഴക്കത്തിന്‍റെയും തെളിമ കടല്‍പ്പാട്ടുകളില്‍ അന്തര്‍ഭവിച്ചിട്ടുണ്ട്. സ്വത്വബോധത്തിന്‍റെയും മതപ്രമാണങ്ങളുടെയും വിശ്വാസങ്ങളുടെയും കെട്ടുകഥകളുടെയും നിത്യജീവിതവ്യവഹാരങ്ങളുടെയും ആവിഷ്കാരശ്രമങ്ങള്‍കൂടിയാണ് കടലോരജനതയുടെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള പാട്ടുകള്‍.

കേരളത്തിന്‍റെ തെക്കേയറ്റം മുതല്‍ വടക്കേയറ്റം വരെ നീണ്ടുകിടക്കുന്ന തീരപ്രദേശങ്ങളില്‍ നിരവധി കടല്‍പ്പാട്ടുകള്‍ കാണുവാന്‍ സാധിക്കും. പലതും അരനൂറ്റാണ്ട് മുന്‍പുവരെയെങ്കിലും പാടിപ്പതിഞ്ഞവയാണ്. ഈ നൂറ്റാണ്ടില്‍ ദുര്‍ബലതയുടെ മഞ്ഞുമൂടിയവകൂടിയാണ്. എങ്കിലും അവയുടെ ചലനശേഷി പൂര്‍ണമായും നഷ്ട്ടപ്പെട്ടിട്ടില്ല. തൊഴില്‍, മതം, പോരാട്ടങ്ങള്‍, പ്രകൃതി, പലായനം, കുടിയേറ്റം എന്നിവയെല്ലാം കടല്‍പ്പാട്ടുകളില്‍ വായിച്ചെടുക്കാം. ഏലാംപാട്ടുകള്‍, കെട്ടുപാട്ടുകള്‍, കോല്‍ക്കളിപ്പാട്ടുകള്‍, ശിന്തുപാട്ടുകള്‍, ദുഃഖപ്പാട്ടുകള്‍, പോരുപാട്ടുകള്‍, ഖലാസിപ്പാട്ടുകള്‍ തുടങ്ങി വിവിധങ്ങളായ കടല്‍പ്പാട്ടുകള്‍ കേരളീയതീരസമൂഹത്തിന്‍റേതായിട്ടുണ്ട്. പ്രാദേശിക ഭാഷാഭേദങ്ങളാലും വ്യതിരിക്ത ആചാരവിശ്വാസങ്ങളാലും തൊഴില്‍ സവിശേഷതകളാലും ബഹുസ്വരമാണ് കടല്‍പ്പാട്ടുകള്‍.മാനസികവും ശാരീരികവുമായ വലിയ അദ്ധ്വാനം ആവശ്യമുള്ള തൊഴിലാണ് മത്സ്യബന്ധനം. അത്തരമൊരു തൊഴിലിന്‍റെ കാഠിന്യത്തെ മറികടക്കുവാന്‍ പാട്ടുകളിലെ നാടോടിത്താളവും സുപരിചിത ഭാഷയും സഹായകരമാണ്. ഗ്രാമ്യഭംഗിയുണരുന്ന പദങ്ങളിലൂടെ അദ്ധ്വാനത്തിന്‍റെ ഘനസീമകളെ ലഘൂകരിക്കുവാന്‍ തീരമനുഷ്യര്‍ ശ്രമിക്കുന്നു. സംഘകാല തിണ സങ്കല്പപമായ നെയ്തല്‍ സംസ്കാരത്തിന്‍റെ ഊറ്റം കടല്‍പ്പാട്ടുകളില്‍ നിലീനമാണ്. പഴമയുടെയും പലമയുടെയും കൂടിച്ചേരല്‍കൊണ്ട്  അവ മനുഷ്യസിരകളില്‍ ഊര്‍ജ്ജം പകരുന്നു. നീരാഴിയും അതില്‍ രത്നഗര്‍ഭംകൊള്ളും ജീവപ്രകൃതിയും അവയോട് നാഡിബന്ധം പുണരും മനുഷ്യരും ഒന്നായിത്തീരുന്ന വൈകാരികതലം കടല്‍പ്പാട്ടുകളെ സവിശേഷമാക്കുന്നു. നിരാസവും നൈരാശ്യവും ഏകാന്തതയും വ്യഥയും ഭയവും അതിശയവും ഭക്തിയും ദുഃഖവും പ്രതീക്ഷയും വീര്യവും ഇടകലര്‍ന്ന കടല്‍പ്പാട്ടുകള്‍ മനുഷ്യകഥാനുഗായികളാണ്. സാംസ്‌കാരിക പൊതുമണ്ഡലം ബോധപൂര്‍വം വിസ്മരിച്ച മനുഷ്യവംശത്തിന്‍റെ അടങ്ങാത്ത അലയൊലികള്‍ തീര്‍ക്കുന്ന ശബ്ദപ്രപഞ്ചമാണത്. മഹാമൗനത്തിനും സ്മൃതിഭംഗത്തിനും നേര്‍ക്കുള്ള സാഗരസാക്ഷ്യംപോല്‍ രേഖപ്പെടുത്തല്‍ ഇല്ലാതെ ജീവിച്ചുമരിച്ച മാനവഗണത്തിന്‍റെ നാട്ടുമൊഴിവഴക്കങ്ങള്‍ അലകൊള്ളുന്നവയാണ് കടല്‍പ്പാട്ടുകള്‍.

തീരദേശത്തിന്‍റെ സംസ്കാരികവിസ്മൃതിയിലേയ്ക്ക് ക്രമം ചേരുന്ന കടല്‍പ്പാട്ടുകളിലൊന്നാണ് പോരുപാട്ടുകള്‍. അദ്ധ്വാനത്തിന്‍റെയും ഏകാന്തതയുടെയും കാഠിന്യത്തെ മാത്രമല്ല, ഓര്‍മ്മയില്‍ നിലകൊള്ളുന്ന ഭൂതപ്രേതാദികഥകള്‍ ജനിപ്പിക്കുന്ന ഭയത്തെക്കൂടി മറികടക്കാനുള്ള  ഉപാധിയായിരുന്നു പോരുപാട്ടുകള്‍. കടലിന്‍റെ വന്യമായ ഇരുട്ടില്‍ പലപ്പോഴും തനിച്ച് വേലചെയ്യുന്ന മുക്കുവനെ തന്‍റെ ജീവിതവിശ്വാസസങ്കല്പങ്ങളില്‍ അതിബലം നിലനിന്നിരുന്ന ഭൂതപ്രേതാദികളെക്കുറിച്ചുള്ള ചിന്തകള്‍ അലട്ടിയിരുന്നു. ഏകാന്തയാത്രകളില്‍ ചിന്തകളുടെ നിയന്ത്രണമില്ലാത്ത അതിര്‍ത്തിലംഘനങ്ങളില്‍ പതറിയ സാധാരണ മനുഷ്യര്‍ അതികായരായ പോരാളികളുടെ പോരാട്ടങ്ങളെ പാടിക്കൊണ്ടിരുന്നു. അവരുടെ വിജയങ്ങള്‍ തങ്ങളുടെ സങ്കീര്‍ണതകളെ മറികടക്കുവാനുള്ള ഊര്‍ജ്ജത്തെ അനുസ്യൂതം കടത്തിവിട്ടു. പാരാവാരത്തിന്‍റെ ഗരിമയെ, ജലത്തിന്‍റെ അപ്രവചനീയമായ രൂപവ്യതിയാനങ്ങളെ, ഇരുട്ടിന്‍റെ രാക്ഷസീയമായ നില്‍പ്പിനെ പ്രതിരോധിക്കാന്‍ പൂര്‍വികരുടെ തേരോട്ടങ്ങളെ പ്രകീര്‍ത്തിക്കുന്ന നടോടിപ്പാട്ടുകള്‍ക്ക് സാധിച്ചു. അതേസമയംതന്നെ അത് ശാരീരികമായ പ്രതിസന്ധികളില്‍ നിന്നുള്ള രക്ഷത്തേടലുമായിരുന്നു.ഭയത്തെയും ശാരീരികമായ പ്രയാസങ്ങളെയും  ഇരുട്ടിന്‍റെ വിഭ്രാത്മകതയില്‍ മുറിക്കാന്‍ പോരുപാട്ടുകള്‍ സഹായകരമായിരുന്നു. സമുദ്രത്തില്‍ രാത്രികാലങ്ങളില്‍ ജോലിചെയ്യുന്ന മനുഷ്യരുടെ കൈകാലുകളില്‍ ‘പുഴുക്കടി’ എന്ന രോഗം വ്യാപകമായി കാണാറുണ്ട്. രോഗബാധയുണ്ടാകുമ്പോള്‍ കൈയ്യിലെയും കാലിലെയും രോമകൂപങ്ങള്‍ പഴുക്കും. അത്തരം രോമങ്ങള്‍ വേരോടെ പിഴുതുകളയുന്നതുവരെ അസഹ്യമായ വേദനയും അസ്വസ്ഥതയും തീരജനത പേറിയിരുന്നു. ഇത്തരം പ്രതികൂലസാഹചര്യങ്ങളില്‍നിന്നുള്ള ദുരിതപൂര്‍ണവും വേദനാജനകവുമായ അവസ്ഥകളെ ഉല്ലംഘിക്കുവാനുള്ള മാര്‍ഗ്ഗംകൂടിയായിട്ടാണ് പോരുപാട്ടുകള്‍ പാടിക്കൊണ്ടിരുന്നത്‌. പോരുപാട്ടുകളില്‍ മണ്മറഞ്ഞ വീരന്മാരെക്കുറിച്ചുള്ള വാഴ്ത്തുകളും അവരുടെ ഐതിഹാസിക പടയോട്ടങ്ങളുമാണ് പ്രതിപാദ്യം.മനുഷ്യര്‍ സ്വാര്‍ത്ഥതയ്ക്കും നിലനില്‍പ്പിനുംവേണ്ടി നടത്തിയ ഒട്ടധികം പോരാട്ടങ്ങള്‍ ആഖ്യാനം ചെയ്യുന്നുണ്ട് ഇവിടെ. തിരുവനന്തപുരം, കന്യാകുമാരി ജില്ലകളില്‍ മുപ്പതോളം തമ്പുരാന്‍ ക്ഷേത്രങ്ങളുണ്ട്‌. തീരപ്രദേശങ്ങളോട് അടുത്താണ് ക്ഷേത്രങ്ങളുടെ സ്ഥാനം. ഈ ക്ഷേത്രങ്ങളിലെ ഉത്സവങ്ങളില്‍, ദിവസങ്ങള്‍ നീളുന്ന പോരുപാടല്‍ പ്രധാനസവിശേഷതയാണ്. തിരുവനന്തപുരവും കന്യാകുമാരിയും അടങ്ങുന്ന ഭൂപ്രദേശങ്ങള്‍ പഴയകാല വേണാടിന്‍റെ ഭാഗമായിരുന്നു. വേണാടിന്‍റെ സാംസ്കാരികമുദ്രകളിലൊന്നായ ‘തെക്കന്‍പാട്ട്’ കഥാസാഹിത്യത്തില്‍ നാല് പാട്ടുകഥകള്‍ ദര്‍ശിക്കാം. ഇരവിക്കുട്ടിപ്പിള്ളപ്പോര്, കന്നടിയന്‍പോര്, പുരുഷാദേവിയമ്മപ്പാട്ട്, ഉലകുടപെരുമാള്‍കഥ എന്നീ പോരുപാട്ടുകള്‍ തീരജനത നിരന്തരം പാടിയിരുന്നു. വേണാട്ടിലെ തീരവാസികളുടെ പൂര്‍വ്വകാലചരിത്രം ഹൈന്ദവസംസ്കാരവുമായി കണ്ണിചേര്‍ക്കപ്പെട്ടതാണ്. ശാക്തേയ-ശൈവസംസ്കൃതിയുടെ ആദിമതലം തീരജനതയിലുണ്ട്. അധിനിവേശങ്ങളും തുടര്‍ന്നുള്ള മതപരിവര്‍ത്തനശ്രമങ്ങള്‍കൊണ്ടും ആവരണംചെയ്യപ്പെട്ട ജനതയാണ് തീരവാസികള്‍. ഭൂതകാലസംസ്കൃതിയില്‍നിന്നും തലമുറകള്‍ നീണ്ട വാമൊഴി പാരമ്പര്യങ്ങളിലൂടെ പോരുപാട്ടുകള്‍ തീരജനതയുടെ അതിജീവനത്തിന്‍റെ പ്രതീകമായി രൂപാന്തരപ്പെട്ടു. ഏകാന്തമായ കഠിനയാത്രകളെയും, ഭയാനകമായ ഇരുട്ടിനെയും, വിഭ്രമിപ്പിക്കുന്ന  ജലലോകത്തെയും, മാര്‍ദ്ദവമില്ലാതെ കുതിച്ചുയരുന്ന തിരപ്രവാഹത്തെയും, മനുഷ്യവിശ്വാസസങ്കല്പങ്ങളിലെ ഭയസംഹിതകളെയും എതിരിടുവാന്‍ പോരുപാട്ടുകളിലെ ത്രസിപ്പിക്കുന്ന മഹാജയങ്ങള്‍ സഹായകരമായി. 

കടലിന്‍റെ ജൈവവൈവിധ്യസമൃദ്ധി കടല്‍പ്പാട്ടുകളിലെ നിരന്തരസാന്നിധ്യമാണ്. കടലൂരിലെ നാടോടിഗീതങ്ങളിലും ദക്ഷിണമേഖലയിലെ തീരപ്രദേശങ്ങളില്‍ അന്യംനിന്നുകൊണ്ടിരിക്കുന്ന പാട്ടുകളിലും സമുദ്രത്തിന്‍റെ പാരിസ്ഥിതിക വിസ്തൃതിയും വിസ്മയങ്ങളും ഉള്ളടങ്ങിയിരിക്കുന്നു. കാഴ്ചയ്ക്ക് പ്രാധാന്യം നല്‍കുന്ന വരികളാണ് പാട്ടുകളില്‍ കാണുന്നത്.

“താത്തിരി തിത്താന്‍റെ മോള് വാഹ് ന്ന്
ചോന്നാക്കീരന്‍റെ മോന്‍ കെട്ടുന്ന്
എല്ലാ മീനിനേം തേടിയറീച്ചിക്ക്
മൂന്ന് മീനിനാ തേടിയറീച്ചില്ല.
കൊഞ്ചന്‍ പോയിട്ട് കുത്തിയിളക്കുന്ന്
കൂന്തല് പോയിട്ട് മഷിയിളക്കുന്നു
മുല്ലന്‍ പോയിട്ട് ചൂട്ട് കത്തിച്ച്
മംഗലെല്ലാമേ കലശലാകുന്നു.”
(കടല്‍രേഖകള്‍, പുറം: 71-73)

മനുഷ്യജീവിതലോകത്തിന് തുല്യമായി സൃഷ്ടിച്ച മത്സ്യലോകമാണ് പാട്ടിലെ വിഷയം. മീനുകളുടെ വിവാഹവും അതിനെ തുടര്‍ന്നുള്ള കലഹവും ജീവികളുടെ പ്രാദേശിക അടയാളപ്പെടുത്തലായി മാറുകയാണ്. താത്തിരി തീത്തന്‍, ചോന്നാക്കീരന്‍, കൊഞ്ചന്‍ മുതലായ പ്രയോഗങ്ങള്‍ മത്സ്യങ്ങളെ അടയാളപ്പെടുത്തുന്നവയാണ്. ചെമ്മീന്‍മത്സ്യങ്ങളുടെ കൂട്ടത്തെയാണ് ‘കൊഞ്ചന്‍’ എന്ന് വിശേഷിപ്പിക്കുന്നത്. സരസമായ കഥാതന്തുവിലൂടെ കടലൂരിന്‍റെ നീര്‍ജീവിതത്തെ ആവിഷ്ക്കരിക്കുകയാണ് ചെയ്യുന്നത്.

 തിരുവനന്തപുരംപോലുള്ള ദക്ഷിണമേഖലാ തീരദേശങ്ങളില്‍ കടല്‍പ്പാരുകളെയും അവയിലെ മത്സ്യസമ്പത്തിനെയും വിവരിക്കുന്ന കടല്‍പ്പാട്ടുകളുണ്ട്. 

“കല്ലരുടെ ചെന്തിരന്തു കലവ ഒരു മീന്‍ കൊണ്ടുവരവേ
പാരരുകെ ചെന്തിരുന്തു പയന്തി ഒരു മീന്‍ കൊണ്ടുവരവേ
ചേറരുകെ ചെന്തിരുന്തു ചെവ്വ ഒരു മീന്‍ കൊണ്ടുവരവേ
ചെറുചെറു പെണ്‍കളെ ആസകൊള്ളാതെ
അസേസ അന്തോനിയാരുടെ ആലയം പിടിക്കവേ”
(കടലറിവുകളും നേരനുഭവങ്ങളും, പുറം: 120) 

എന്ന വരികളില്‍ കടലിലെ പാരുകളും ചേറുകളും ജീവജാലങ്ങളും കടന്നുവരുന്നു. കടലിനടിയില്‍ പാറക്കൂട്ടങ്ങള്‍ നിറഞ്ഞയിടത്ത് കലവവര്‍ഗ്ഗത്തില്‍പ്പെട്ട മത്സ്യങ്ങള്‍ സ്ഥിരസാന്നിധ്യമാണ്. കല്ലരുകില്‍ ചെന്ന് കലവ കൊണ്ടുവരുന്നു എന്ന വരികള്‍ ഇതാണ് സൂചിപ്പിക്കുന്നത്. സമുദ്രാന്തര്‍ഭാഗത്ത് ചേറ് നിറഞ്ഞ ഇടങ്ങള്‍ ധാരാളമുണ്ട്. മത്സ്യത്തൊഴിലാളികള്‍ തറപ്പാരുകളെന്നും ചേണിപ്രദേശങ്ങള്‍ എന്നും ഇവയെ വിളിക്കുന്നു. സമുദ്രജൈവവ്യവസ്ഥയില്‍ ഭൂരിഭാഗം ജീവജാലങ്ങളും പാരുകളില്‍ അതിവസിക്കുന്നവയാണ്. പാരുകളിലെ മത്സ്യക്കൂട്ടമാണ് പയന്തിമത്സ്യങ്ങള്‍. ‘പാരരുകെ ചെന്തിരുന്തു പയന്തി ഒരു മീന്‍ കൊണ്ടുവരവേ’ എന്ന വരിയിലൂടെ ഈ ജൈവഘടനയാണ് അനാവരണം ചെയ്യപ്പെടുന്നത്. പാരുകളിലെ ജീവജാലങ്ങളെ ആഹരിക്കുന്ന പല മത്സ്യങ്ങളുമുണ്ട്. അതില്‍ പ്രധാനപ്പെട്ടതാണ് ചെവ്വ മത്സ്യങ്ങള്‍. ‘ചേറരുകെ ചെന്തിരുന്തു ചെവ്വ ഒരു മീന്‍ കൊണ്ടുവരവേ’ എന്ന വരിയിലൂടെ കണ്ണിചേര്‍ന്ന് നില്‍ക്കുന്ന സമുദ്രജൈവ ലോകത്തെയാണ് ആവിഷ്ക്കരിക്കുന്നത്. “ഇന്ന് കടലിനടിയിലെ കല്ലുകള്‍ കരയുകയാണ്. വര്‍ഷങ്ങള്‍ക്കുമുന്‍പുവരെ കല്ലുകളെ കെട്ടിപ്പുണര്‍ന്ന് ഉമ്മവച്ച മീന്‍കൂട്ടങ്ങള്‍ ഇന്നില്ല. കല്ലുകളുടെ വേദനയില്‍ തീകോരിയിടുകയാണ്. മത്സ്യക്കൂട്ടങ്ങളുടെ ഭവനങ്ങളായ കടലിനടിത്തട്ടിലെ കല്ലുകളെ, മത്സ്യത്തൊഴിലാളികളുടെ ബാങ്കായ കല്ലുകളെ, ട്രോളിംഗ് ബോട്ടുകളുടെ ബോര്‍ഡും ചങ്ങലകളും ഇടിച്ചുതകര്‍ക്കുകയാണ്” എന്ന് എ ആന്‍ഡ്രൂസ്കുട്ടി അഭിപ്രായപ്പെടുന്നു. ഒരു മത്സ്യത്തൊഴിലാളിയുടെ വൈകാരികതീവ്രമായ രേഖപ്പെടുത്തല്‍കൂടിയാവുന്നു ഈ വാചകങ്ങള്‍. റോബര്‍ട്ട്‌ പനിപ്പിള്ളയുടെ  രചനകളിലും നഷ്ട്മാവുന്ന കടലോര സംസ്കൃതിയെക്കുറിച്ചുള്ള ആകുലതകള്‍  വായിച്ചെടുക്കാം. ആധുനികസാങ്കേതികവിദ്യകളും ജീവിതപരിവര്‍ത്തനങ്ങളും കടലോരജനതയുടെ സംസ്കൃതിയിലും ജൈവസമ്പത്തിലും വികല്പം സൃഷ്ടിച്ചിട്ടുണ്ട്. 

പൊന്നാനിതീരപ്രദേശംകൂടി ഉള്‍പ്പെട്ട ഉത്തരമേഖലയിലെ ‘ഖലാസിപ്പാട്ടുകള്‍’, മലബാറില്‍ സമ്പന്നമായിരുന്ന ഉരുനിര്‍മ്മാണത്തിന്‍റെയും മത്സ്യബന്ധനത്തിന്‍റെയും തീരജനതയുടെ യഥാതഥജീവിതാവസ്ഥകളുടെയും ആവിഷ്കാരമാണ്. അടിമതുല്യമായ ജീവിതം നയിച്ചിരുന്ന ഖലാസികള്‍, തങ്ങളുടെ യാതനകളെയും നിസ്സഹായതയെയും കടല്‍പ്പാട്ടുകളിലൂടെ തീവ്രോന്മുഖമായി അടയാളപ്പെടുത്തി. തൊഴിലിന്‍റെ കാഠിന്യവും തീരജീവിതത്തിന്‍റെ പരിധിയില്ലാത്ത ദാരിദ്ര്യവും അധികാരധാര്‍ഷ്ട്യങ്ങളും ഖലാസിപ്പാട്ടുകളുടെ സുതാര്യതയാണ്. 

“കേട്ടോളിന്‍ സോദരരേ
പൊന്നാനി സ്രാങ്കന്മാര്‍
ചെയ്യുന്നന്യായമേ
ബന്ധുകുടുംബങ്ങളെ തോല്‍പ്പിച്ചവര്‍
സൊത്തുണ്ടാക്കാനഹങ്കാരമേ
സാനങ്ങള്‍ അധ്വാനഭാരങ്ങള്‍ ചേര്‍ക്കുന്നു
സാധ്യമല്ലാത്ത മരങ്ങളും പേറുന്നു
സ്രാങ്കന്മാര്‍ മെത്തയില്‍ ആനന്ദം കൊള്ളുന്നു
തൊഴിലാളിയെട്ടാളും തപ്പിട്ട് കോരുന്നു
വെള്ളവും വട്ടുന്നില്ല
കണ്ടിട്ട് സ്രാങ്ക് എണീക്കുന്നില്ല”
(കടല്‍പ്പാട്ട് ഡോക്യുമെന്‍ററി, യൂട്ട്യൂബ്)

എന്ന വരികളില്‍ പത്തേമാരി തൊഴിലാളികളുടെ ദുരവസ്ഥയാണ് വിവരിക്കുന്നത്. ഉടമ തന്‍റെ മൂലധനത്തെ കേന്ദ്രീകരിച്ച് കൂടുതല്‍ സമ്പാദ്യം നേടുമ്പോള്‍ ഖലാസികള്‍ ഉപകരണങ്ങളായി മാറുന്നു. പ്രവര്‍ത്തനക്ഷമമല്ലാത്ത ഉപകരണങ്ങള്‍ താമസ്കരിക്കപ്പെടുന്നു. മനുഷ്യരിലെ ഒരു ന്യൂനപക്ഷം സുഖകരമായ ജീവിതം നയിക്കുമ്പോള്‍ ബഹുഭൂരിപക്ഷം ജനതയും നിലനില്‍പ്പിനായുള്ള പരിശ്രമങ്ങളില്‍ വ്യാപൃതരാകുന്നു. അതിജീവനം ഒരു സാംസ്കാരികപ്രക്രിയയാണ്. ചരിത്രത്തോടുള്ള സക്രിയമായ ഇടപെടലാണത്. എഴുത്തിന്‍റെയും വായനയുടെയും ലിഖിതനിയമങ്ങളില്‍ ഉള്‍പ്പെടാതെപോയ അതിസാധാരണ മനുഷ്യരാണ് കടല്‍പ്പാട്ടുകളില്‍ ഏറിയപങ്കും ചിട്ടപ്പെടുത്തിയത്.

വിശാലമായ കടല്‍ത്തീരങ്ങള്‍ക്കൊണ്ടെന്നപോലെ നൂറ്റാണ്ടുകളായി ആര്‍ജ്ജിച്ചെടുത്ത കടലറിവുകള്‍ക്കൊണ്ടും ജൈവികസമ്പത്തും ബലിഷ്ഠമായ ഫോക് ലോര്‍ സംസ്കാരംകൊണ്ടും സമ്പുഷ്ടമാണ് കേരളത്തിന്‍റെ തീരജീവിതം. കടലുമായി ചേര്‍ന്നുനില്‍ക്കുന്ന ജനവിഭാഗങ്ങളുടെ നാടോടിപ്പാട്ടുകളാണ് കടല്‍പ്പാട്ടുകള്‍. പ്രാദേശികമായ വിശ്വാസങ്ങള്‍, കടല്‍സമ്പത്ത്, മത്സ്യബന്ധനമെന്ന പ്രധാനതൊഴിലുമായി ബന്ധപ്പെട്ടവ, കടലോരം എന്ന ആവാസവ്യവസ്ഥയും അനുബന്ധങ്ങളും എന്നിവയെ ജീവിതാനുഭവങ്ങളുടെ വൈകാരികതയില്‍ ലയിപ്പിച്ച് അവതരിപ്പിക്കുന്നവയാണ് കടല്‍പ്പാട്ടുകള്‍. പ്രാദേശികവൈവിധ്യങ്ങളുള്ള തീരദേശസംസ്കാരത്തിന്‍റെ പദസമ്പത്ത് കാത്തുസൂക്ഷിക്കുന്നവയാണ് അവ. ജൈവസമ്പന്നമായ സമുദ്രത്തിന്‍റെ പാരിസ്ഥിതിക വിസ്തൃതിയും വിസ്മയങ്ങളും ഈ പാട്ടുകളില്‍ ഉള്ളടങ്ങിയിരിക്കുന്നു.

റോബര്‍ട്ട്‌ പനിപ്പിള്ളയുടെ ‘കടലറിവുകളും നേരനുഭവങ്ങളും’,സോമന്‍ കടലൂരിന്‍റെ ‘കടല്‍രേഖകള്‍’ ഷെബീന്‍ മഹ്ബൂബിന്‍റെ ‘കടല്‍ പാടിയ പാട്ടുകള്‍’ തുടങ്ങിയ  രചനകളില്‍ മാത്രമാണ് കേരളത്തിലെ കടല്‍പ്പാട്ടുകള്‍ അല്പമാത്രമെങ്കിലും അടയാളപ്പെട്ടുകിടക്കുന്നത്.കേരളത്തിന്‍റെ ദക്ഷിണ-മധ്യ-ഉത്തര തീരദേശങ്ങളില്‍ പടര്‍ന്നുകിടക്കുന്ന കടലോരപ്പാട്ടുകളെ സൂക്ഷ്മമായി വായിക്കുവാന്‍ ഇവര്‍ ശ്രമിച്ചിട്ടുണ്ട്. വിസ്തൃതമായ ഒരു സാംസ്‌കാരികശാഖ ഏതാനും മനുഷ്യരുടെ മാത്രം അന്വേഷണങ്ങളില്‍ ചുരുങ്ങി നില്‍ക്കുകയാണുണ്ടായത്. കേരളീയസാംസ്‌കാരിക പൊതുമണ്ഡലത്തില്‍ ശക്തമായ പഠനങ്ങള്‍ അര്‍ഹിക്കുന്നുണ്ട് കടല്‍പ്പാട്ടുകള്‍. പുതിയ തലമുറയുടെ സാംസ്കാരികതകളില്‍ കടല്‍പ്പാട്ടുകള്‍ സ്വാധീനം ചെലുത്തണമെന്നില്ല. എങ്കിലും പരിഷ്കൃതഭാഷയിലേയ്ക്കും ജീവനവ്യവസ്ഥയിലേയ്ക്കുമുള്ള ചരിത്രസഞ്ചാരത്തിന്‍റെയും പരാവര്‍ത്തനഘട്ടങ്ങളുടെയും വിസ്മരിക്കാന്‍ കഴിയാത്ത അടയാളപ്പെടുത്തലാണ് കടല്‍പ്പാട്ടുകള്‍. ജീവിതത്തെ ജീവിതവ്യമാക്കിത്തീര്‍ക്കുന്ന സവിശേഷപ്രവര്‍ത്തനം അതില്‍ സാധ്യമാകുന്നു. മതവും വിശ്വാസങ്ങളും മനുഷ്യരും നിത്യയാതനകളും കടലും ജൈവവൈവിധ്യങ്ങളും മനുഷ്യവംശത്തിന്‍റെ അടങ്ങാത്ത അന്വേഷണത്വരയും ഉള്‍ചേര്‍ന്ന സാംസ്കാരികരൂപങ്ങളാണ് വാമൊഴിയായി കൈമാറിവന്നിട്ടുള്ള പരശ്ശതം കടല്‍പ്പാട്ടുകള്‍.  

ഗ്രന്ഥസൂചി

  • അനില്‍കുമാര്‍, ഡി. 2020. കടപ്പെറ പാസ. തിരുവനന്തപുരം: മൈത്രി ബുക്സ്.
  • ആന്‍ഡ്രൂസ്കുട്ടി എ. 2020. കടല്‍മുത്ത്. കോട്ടയം : ഡി സി ബുക്സ്
  • ദിരാര്‍. വി എച്ച്. 2004. ‘മാപ്പിളഖലാസികളും ദബറും’. ശ്രീകുമാര്‍ ടി ടി (എഡി). നാട്ടറിവുകള്‍ കടലറിവുകള്‍. കോട്ടയം : ഡി സി ബുക്സ്. 
  • പീറ്റര്‍, ഇ. ജി. 2004. ‘ഒരു മത്സ്യത്തൊഴിലാളിയുടെ കടലറിവുകള്‍’ ശ്രീകുമാര്‍ ടി ടി (എഡി). നാട്ടറിവുകള്‍ കടലറിവുകള്‍. കോട്ടയം : ഡി സി ബുക്സ്.
  • യേശുദാസ്, കെ. ജെ. 2022. സ്രാങ്ക്. കോഴിക്കോട്: ഒലിവ് ബുക്സ്.  
  • രാജഗോപാലന്‍, സി ആര്‍. 2004.കടല്‍പ്പാട്ടുകള്‍, ശ്രീകുമാര്‍ ടി ടി (എഡി). നാട്ടറിവുകള്‍ കടലറിവുകള്‍. കോട്ടയം : ഡി സി ബുക്സ്.
  • രേഖ വസുമതി. 2008. കടല്‍, മനുഷ്യന്‍, ജീവിതം. തിരുവനന്തപുരം: കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്
  • സോമന്‍ കടലൂര്‍ (ഡോ). 2013. കടല്‍രേഖകള്‍: ചിത്രങ്ങളും കുറിപ്പുകളും. കോഴിക്കോട്: ലീഡ് ബുക്സ് 
  • റോബര്‍ട്ട് പനിപ്പിള്ള. 2018. കടലറിവുകളും നേരനുഭവങ്ങളും. തിരുവനന്തപുരം: ചിന്ത പബ്ലിഷേഴ്സ്

വെബോലോജി

  • ഇമ്രാന്‍, ഷെഫി ഷാജഹാന്‍. കടല്‍പ്പാട്ട് ഡോക്യുമെന്‍ററി. 2020 സെപ്തംബര്‍ 15. #MediaOneAcademy#kadalpattu#ShebeenMahboob. Channel- Art Idam in youtube

ലേഖകനെക്കുറിച്ച്: മലയാളസാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തരബിരുദവും നേടിയശേഷം മദ്രാസ് സര്‍വകലാശാലയില്‍ നിന്നും എം.ഫില്‍ പൂര്‍ത്തിയാക്കി. ഇപ്പോള്‍ ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയില്‍ ഗവേഷകന്‍. ആനുകാലികങ്ങളില്‍ കഥകളും കവിതകളും ലേഖനങ്ങളും എഴുതുന്നു. ഇ-മെയില്‍ : tinothomaskavi@gmail.com

Please follow and like us:

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.