ബിഹാറിൽ നിന്നും “മലബാർ സിനിമ”കൾ കാണുമ്പോൾ: ഗൾഫ് കുടിയേറ്റവും പ്രാദേശിക ബന്ധങ്ങളും

മലയാള സിനിമ OTT വഴി ഇന്ത്യയിലുടനീളമുള്ള നഗരങ്ങളിലെ ഉന്നതർക്ക് എത്തുന്ന ഈ കാലത്ത്,  മലയാള സിനിമകളെ വളരെക്കാലമായി ആസ്വദിച്ചിട്ടുള്ള ഗൾഫ് കുടിയേറ്റക്കാർക്കിടയിലെ പ്രദേശാന്തര കാഴ്ച്ചക്കാരെ നാം മറക്കുന്നു. ബിഹാരിലെ  ഗൾഫ് കുടിയേറ്റ അനുഭവത്തോട് മലയാള സിനിമ എങ്ങനെ സംസാരിക്കുന്നുവെന്ന് നേഹാൽ സ്വന്തം ജീവിത അനുഭവങ്ങളിലൂടെ പ്രതിഫലിപ്പിക്കുന്നു.

നേഹാൽ അഹ്മദ്

തർജ്ജമ: അബ്ദുൾ ഷഫീക് കെ. പി.

ആലയിൽ മുമ്പ് പ്രസിദ്ധീകരിച്ച ഇംഗ്ലീഷ് ലേഖനത്തിന്റെ തർജ്ജമ.

‘സിനിമയുടെ അസംസ്കൃതവസ്തു ജീവിതം തന്നെയാണെ’ന്ന് (1948), ഒരിക്കൽ സത്യജിത് റേ അഭിപ്രായപ്പെട്ടിട്ടുണ്ട്. എന്നിരുന്നാലും, ഗൾഫിലേക്ക് തൊഴിൽ തേടി നിത്യവും ഒരുപാട്പേർ കുടിയേറിപ്പോവുന്ന, ബിഹാറിലെ സിവാൻ ജില്ലയിൽ നിന്നുള്ള ഒരാളെന്ന നിലയിൽ, ഞങ്ങളുടെ പ്രദേശത്ത് നിന്നുള്ള ഹിന്ദി, ഭോജ്പുരി സിനിമകളിൽ ഗൾഫ് കുടിയേറ്റത്തിൻ്റെ പ്രതിനിധാനം ഞാൻ വളരെ അപൂർവമായി മാത്രമേ കണ്ടിട്ടുള്ളൂ. എൻ്റെ സ്വന്തം കുടുംബത്തിൽ നിന്ന് തന്നെ പലപ്പോഴായി പല തലമുറയിൽപ്പെട്ട പലരും ഗൾഫിലേക്ക് പണി തേടി പോയിട്ടുണ്ട്. 1970 കളിലെ “ഓയിൽ ബൂം” നു ശേഷം, എൻ്റെ ഉപ്പയും അമ്മാവനും കൂലിപ്പണി എടുക്കാൻ ഗൾഫിലേക്ക് പോയി. എൻ്റെ മൂന്ന് സഹോദരന്മാരും 2010-ന് ശേഷം ബ്ലൂ കോളർ ജോലികൾക്കായി ഗൾഫിലേക്ക് ചേക്കേറി. ഇതുകൊണ്ടൊക്കെ തന്നെ ഗൾഫ് കുടിയേറ്റത്തെക്കുറിച്ചുള്ള സിനിമകൾ എന്റെ ജീവിതം തന്നെയാണെനിക്ക്.

2015-ൽ, എം എ ചെയ്യാനായി ഞാൻ പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയിൽ ചേർന്ന സമയത്താണ്, കേരളത്തിൽ നിന്നുള്ള ഒരുപാട് സഹപാഠികളെ എനിക്ക് കിട്ടുന്നതും അവരുമായി അടുത്ത് ഇടപഴകുന്നതും. “OTT വിപ്ലവ”ത്തിലൂടെ മലയാളം സിനിമ ദേശീയ ശ്രദ്ധപിടിച്ചു പറ്റുന്നതിനു വളരെ മുമ്പുതന്നെ, ഞാൻ എന്റെ സുഹൃത്തുക്കൾ പറഞ്ഞു തരാറുള്ള മലയാള സിനിമകൾ കണ്ടു തുടങ്ങിയിരുന്നു. അക്കൂട്ടത്തിൽ, എന്നെ ഏറെ സ്വാധീനിച്ച സിനിമയാണ്, പത്തേമാരി (2015). ആ സിനിമ ഗൾഫിനെ പറ്റിയുള്ള  എന്റെ പല കാഴ്ചപ്പാടുകളെയും അപ്പാടെ മാറ്റിമറിച്ച ഒരുനുഭവമായിരുന്നു. ആ  സിനിമ, ഉടനീളം കരഞ്ഞു കൊണ്ടാണ് ഞാൻ കണ്ടു തീർത്തത്. അതെന്റെ ഉപ്പയുടെ ജീവിതകഥയാണെന്നും ഞാനും എന്റെ ചുറ്റുമുള്ളവരുമെല്ലാം അതിലെ കഥാപാത്രങ്ങളാണെന്നും എനിക്ക് തോന്നി. അതുവരെ, ഒരാൾക്ക് പോയി കൊറേ പൈസ ഉണ്ടാക്കാനും, മുന്തിയ ഗൾഫ് മുട്ടായിയും, നല്ല മണമുള്ള സ്പ്രേയും, കൂരിരുട്ടിനെ പോലും പകലാകുന്ന ടോർച്ചും, ഏതു വേദനയും പമ്പ കടത്തുന്ന കോടാലി തൈലവും പോലുള്ള ആരെയും കൊതിപ്പിക്കുകയും അത്ഭുതപ്പെടുത്തുകയും ചെയ്യുന്ന സാധനങ്ങൾ കിട്ടുന്ന ഒരു സ്ഥലം മാത്രമായിരുന്നു ഗൾഫ് എനിക്ക്. പക്ഷേ പത്തേമാരി എന്നെ ഗൾഫ് കുടിയേറ്റത്തെ ഒരുപാട് മനുഷ്യർ പങ്കുവെക്കുന്ന ഒരു സാമൂഹിക പ്രതിഭാസമായും അവരുടെയെല്ലാം ജീവിതാനുഭവമായും കാണാൻ പ്രേരിപ്പിച്ചു; ഞാൻ എന്റെ ഉപ്പയെയും കുടുംബത്തെയും നോക്കിക്കാണുന്ന രീതിയെ പോലും ആ കാഴ്ച മാറ്റി.

പിന്നീട്, ബെന്യാമിൻ്റെ പ്രശസ്ത മലയാളം നോവലായ ‘ആടുജീവിത’ത്തിൽ പിഎച്ച്ഡി ചെയ്യുന്ന ഒരു സുഹൃത്തിനെ ഞാൻ പരിചയപ്പെട്ടു. ആടുജീവിതത്തിന്റെ ഇംഗ്ലീഷ് വിവർത്തനം വായിച്ചതും, എനിക്ക് ഏകദേശം സമാനമായ അനുഭവമായിരുന്നു സമ്മാനിച്ചത്. തുടർന്ന് കണ്ട പല സിനിമകളിലൂടെയും, ഗൾഫ് കുടിയേറ്റം മലയാള സിനിമയുടെ ഒരു പ്രധാന വിഷയമാണെന്ന് എനിക്ക് മനസ്സിലായി. എന്റെയും നിങ്ങളുടെയും പ്രദേശങ്ങളിലെ ഗൾഫ് കുടിയേറ്റം ഏതാണ്ട് ഒരുപോലെ തന്നെയാണെന്ന്, ഞാൻ എന്റെ മലയാളി സുഹൃത്തുക്കളോട് നിരന്തരം പറയാറുണ്ട്. ഒരൊറ്റ വ്യത്യാസമേ ഉള്ളൂ, നിങ്ങൾക്ക് കടലുണ്ട്, ഞങ്ങൾക്ക് അതില്ല! ബാക്കിയെല്ലാം ഒരുപോലെ തന്നെ!

‘മൽവാരി’ ഫിലിംസ്

മലയാള സിനിമകളിൽ സാമ്യത കണ്ടെത്തുന്ന ഈ അനുഭവം എന്നിൽ മാത്രം ഒതുങ്ങുന്നതല്ല. പോണ്ടിച്ചേരിയിൽ നിന്ന് തിരിച്ചു വന്ന് ടീവിയിൽ പുതിയൊരു  മലയാള സിനിമ കണ്ടു കൊണ്ടിരിക്കുമ്പോൾ, അപ്പോഴേക്കും ഗൾഫ് ഒഴിവാക്കി നാട്ടിലെത്തിയ എന്റെ ഉപ്പ ചോദിച്ചു, ‘ആരാണ് നായകൻ?’. ‘ദുൽഖർ സൽമാൻ’, ഞാൻ മറുപടി പറഞ്ഞു. വളരെ അപ്രതീക്ഷിതമായി ഉപ്പയുടെ ഉത്തരം, ‘അയാൾ മമ്മൂട്ടിയുടെ മകനാണ്!’, പിന്നീട് തുടർന്നു, ‘മലയാളത്തിൽ രണ്ട് നായകന്മാരേയുള്ളൂ. ഒന്ന് മമ്മൂട്ടിയും മറ്റൊന്ന് മോഹൻലാലും. ബാക്കിയുള്ളവർ അത്രക്ക് മികച്ചവരല്ല!’. ഞാൻ ആകെ അന്തംവിട്ടു പോയി; ബോളിവുഡ് താരങ്ങളെക്കുറിച്ച് അദ്ദേഹം ഒരു അഭിപ്രായവും പറയുന്നത് ഞാൻ ഇതുവരെ കേട്ടിട്ടില്ല. എന്നെക്കാളും മുമ്പേ, എൻ്റെ ഉപ്പയും അദ്ദേഹത്തെപ്പോലുള്ളവരും ഗൾഫിൽ നിന്നും മലയാള സിനിമകൾ കാണാറുണ്ടായിരുന്നു. എന്റെ ചെറുപ്പത്തിൽ, ഗൾഫിൽ നിന്ന് ഉപ്പ വരുമ്പോൾ, പേരെന്നും ഓർത്തെടുക്കാൻ പറ്റാത്ത മലയാള സിനിമകളുടെ കഥകൾ പറഞ്ഞു തരുന്നതിന്റെ ഓർമ്മ ഇപ്പോഴാണ് എനിക്ക് ഉണ്ടാകുന്നത്. ഭാഷ പോലും മനസിലാവാത്ത സിനിമകൾ നിങ്ങൾ എങ്ങനെ മനസിലാക്കിയെന്നു എന്റെ ഉമ്മ ചോദിക്കുമ്പോൾ, ഉപ്പ പറയും, ഞാനും എന്റെ  സഹമുറിയൻമാരും ഒരുമിച്ചിരുന്നാണ് സിനിമകൾ കാണുന്നതെന്നും, അവർ  സഹായിക്കുമെന്നും. എൻ്റെ സ്കൂൾ കാലഘട്ടത്തിൽ, എൻ്റെ സഹോദരൻമാർ ദുബായിൽ നിന്ന് വീട്ടിൽ വരുമ്പോൾ, അവരും പലപ്പോഴും “മലബാറി സിനിമ”കളെ പുകഴ്ത്തുമായിരുന്നു.

Photos shared by the author

ഗൾഫിലൂടെ “കേരളം” ബീഹാറിലേക്ക് എത്തിയതിൻ്റെ ഒരു നീണ്ട ചരിത്രമാണ് എൻ്റെ കുടുംബത്തിന്റെ അനുഭവങ്ങളിലൂടെ തെളിയുന്നത്. ഗൾഫ് കുടിയേറ്റക്കാരായ എൻ്റെ ഗ്രാമത്തിലെ ആളുകൾ കേരളക്കാരെ വിളിക്കുന്നത് മലയാളികളെന്നോ കേരളീയയെന്നോ ഒന്നുമല്ല, മറിച്ച് ‘മൽവാരി’കൾ എന്നാണ്. മലബാറി എന്നതിന്റെ മറ്റൊരു രൂപമാണ് അതെന്നു പിന്നീട് എനിക്ക് മനസിലായി. ഈ അടുത്തൊരു പാകിസ്ഥാൻ കോമഡി സ്റ്റേജ് ഡ്രാമ കാണുമ്പോൾ, നടൻ ഉമർ ഷെരീഫ് അവതരിപ്പിച്ച ഒരു കഥാപാത്രം, ‘മൽവാരി കാ ഖത് ആയാ ഹേ’ (മൽവാരിയുടെ കത്ത് വന്നിരിക്കുന്നു) എന്ന് പറഞ്ഞത് എന്നിൽ തെല്ലൊരു കൗതുകമുണർത്തി. OTT-ക്ക് പതിറ്റാണ്ടുകൾക്ക് മുമ്പ് തന്നെ, സിനിമ അല്ലാതെ കേരളത്തിന്റെ മറ്റുപല സംസ്കാരരൂപകങ്ങളും ഞങ്ങളുടെ കുടുംബത്തിൽ പ്രചരിച്ചിരുന്നു. നാട്ടിൽ വന്ന് തിരികെ ജോലിക്ക് പോകുമ്പോഴെല്ലാം, പ്രവാസികൾ അവരുടെ അടുത്ത സുഹൃത്തുക്കൾക്കും സഹമുറിയന്മാർക്കും അവരുടെ നാട്ടിൽ നിന്ന് സമ്മാനങ്ങൾ വാങ്ങി കൊണ്ടുപോവുമായിരുന്നു. ഒരു ഉദാഹരണത്തിന് പറഞ്ഞാൽ, ഞാൻ ആദ്യമായി ധരിച്ച കേരള മുണ്ട് സൗദിയിലുള്ള എന്റെ ഉപ്പയുടെ സുഹൃത്ത് ഉപ്പക്ക് സമ്മാനിച്ചതായിരുന്നു. ഉപ്പയുടെ മലയാളി സുഹൃത്തിനോട്, ഉപ്പ എൻ്റെ ഉമ്മക്കും പെങ്ങൾക്കും കേരള ശൈലിയിലുള്ള കസവു സാരിയും അവർക്ക് മുടി തോർത്താൻ ചെറിയ കോട്ടൺ ടവലുകളും (തോർത്ത്) കേരളത്തിൽ നിന്നും കൊണ്ടുവരാൻ ആവശ്യപ്പെട്ടത് എനിക്ക് ഓർമയുണ്ട്. തമിഴ്നാടിലെ കോളേജ് കാലത്തു ഞാൻ മലയാളികളുമായി അടുത്ത് ഇടപഴകുന്നതിനു വളരെ മുമ്പുതന്നെ കേരളവും ബീഹാറും ഗൾഫിലൂടെ ബന്ധപെട്ടു കഴിഞ്ഞിരുന്നു.

കുടിയേറ്റത്തിൻ്റെ പറയാ-കഥകൾ

ഗൾഫ് കുടിയേറ്റം കേരളത്തിലെ മാത്രം ഒതുങ്ങി നിൽക്കുന്നൊരു പ്രതിഭാസമല്ല; ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും ഗൾഫിലേക്ക് വലിയ തോതിൽ കുടിയേറ്റം നടക്കുന്നുണ്ട്. 2016-17ൽ (ഖാൻ 2023) GCC രാജ്യങ്ങളിലേക്ക് കുടിയേറുന്ന മൊത്തം ഇന്ത്യൻ തൊഴിലാളികളുടെ കണക്കെടുക്കുമ്പോൾ, അതിൽ ഏറ്റവും വലിയൊരു പങ്ക് ഉത്തർപ്രദേശിൽ (30%) നിന്നും ബീഹാരിൽ (15%) നിന്നുമാണ്; ഈ ഒഴുക്ക് ഇന്നും അതേ രീതിയിൽ തുടരുന്നു. ഗൾഫ് പണം ബീഹാറിൻ്റെ സമ്പദ്‌വ്യവസ്ഥയിൽ ഗണ്യമായ വളർച്ചക്ക് കാരണമായി (ഖാൻ 2023). ഒരു കുടിയേറ്റ കുടുംബത്തിൽ നിന്നുകൊണ്ട്, സിവാനിലെ ജീവിതനിലവാരം, വിദ്യാഭ്യാസം, നിർമാണപ്രവർത്തികൾ മുതലായവയിൽ വന്ന വമ്പൻ മാറ്റം വ്യക്തമായി ഞാൻ അനുഭവിച്ചറിഞ്ഞതാണ്. സിവാൻ, ഗോപാൽഗഞ്ച്, ചപ്ര എന്നീ ജില്ലകളിൽ നിന്നുള്ളവരാണ് ബീഹാറിലെ ബഹുഭൂരിഭാഗം വരുന്ന ഗൾഫ് കുടിയേറ്റക്കാരും, അവരിൽ കൂടുതൽ പേരും ദേഹാദ്ധ്വാനമുള്ള ജോലികളിൽ ഏർപെടുന്നവരാണ് (ഖാൻ 2023). കൂലിപ്പണിക്ക് വേണ്ടി ഡൽഹി, ബോംബെ അടക്കം ഇന്ത്യയുടെ മറ്റെല്ലാ ഭാഗങ്ങളിലേക്കും ബിഹാറിൽനിന്ഉം തൊളിലാളികളുടെ ആഭ്യന്തര കുടിയേറ്റവും നടക്കുന്നുണ്ട്. ഇന്ത്യയിലെ മറ്റു പ്രദേശങ്ങളെ പോലെ, 1970-കളിലെ എണ്ണപ്പെരുപ്പത്തിന് ശേഷമാണ് ഉത്തരേന്ത്യയിൽ നിന്നും ഗൾഫ് കുടിയേറ്റം ആരംഭിച്ചത്. അതിന്  മുമ്പ്, ബിഹാറിൽ നിന്നുളള കുടിയേറ്റം അസം, കൽക്കട്ട, ബൊക്കാറോ, ബറൗനി തുടങ്ങിയ ഏതാനും സ്ഥലങ്ങളിലേക്ക് മാത്രമായി പരിമിതപ്പെടു കിടക്കുകയായിരുന്നു; എൻ്റെ ഉപ്പാപ്പ ബൊക്കാറോയിലെ സ്റ്റീൽ ഫാക്ടറിയിൽ ആയിരുന്നു ജോലി ചെയ്തിരുന്നത്.

ഉത്തരേന്ത്യൻ പ്രദേശങ്ങളിലെ ഗൾഫ് കുടിയേറ്റവും ആഭ്യന്തര കുടിയേറ്റവും വൻ തോതിൽ നടന്നിട്ടുണ്ടെങ്കിലും, പോപ്പുലർ കൾച്ചറിൽ അതിന്റെ പ്രാതിനിധ്യം പാടെ കുറവാണ്. കുടിയേറ്റത്തെക്കുറിച്ചുള്ള ബോളിവുഡ് സിനിമകൾ പ്രധാനമായും നഗര-വരേണ്യ വർഗ പശ്ചാത്തലങ്ങൾ ഉപയോഗിക്കുകയും, യുഎസ്എ, യൂറോപ്പ് അല്ലെങ്കിൽ കാനഡ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്ന ആളുകളുടെ ജീവിതത്തിലേക്ക് കേന്ദ്രീകരിക്കപ്പെടുകയും ചെയ്യപ്പെടുന്നു. ആ ആഖ്യാനങ്ങളിൽ ഇത്തരം  കുടിയേറ്റക്കാരുടെ ദേശസ്നേഹത്തെ കാണിക്കാൻ, ‘മിട്ടി കി ഖുശ്ബു’ (മാതൃഭൂമിയുടെ സുഗന്ധം) പോലുള്ള സംഭാഷണങ്ങൾ ഉപയോഗിക്കുകയും ചെയ്യുന്നു. ദോർ, സിൽവത്ത് തുടങ്ങിയ വിരലിൽ എണ്ണാവുന്ന ചില ബോളിവുഡ് സിനിമകളിൽ ആഭ്യന്തര കുടിയേറ്റവും ഗൾഫ് കുടിയേറ്റവും മുഖ്യ പ്രമേയമായി വന്നിട്ടുണ്ട്. മുഖ്യധാര ബോളിവുഡ് സിനിമകൾ യുഎസ്എയിലെ ഗുജറാത്തികളുടെയും കാനഡയിലെ പഞ്ചാബികളുടെയും   പ്രവാസ അനുഭവങ്ങളെ ഇടയ്‌ക്കിടെ ചിത്രീകരിക്കുമ്പോൾ, അവ ബീഹാരിലെ സാധാരണക്കാരായ കുടിയേറ്റക്കാരുടെ ജീവിതം അവതരിപ്പിക്കുന്നതിൽ പരാജയപ്പെടുന്നു. അതിപ്പോ ഉത്തരേന്ത്യയിലെയോ ബംഗാളിലെയോ കൂലിപ്പണിക്കാരായ കുടിയേറ്റ തൊളിലാളികളുടെ ജീവിതമോ ആകട്ടെ. പ്രാദേശിക ഭോജ്പുരി ചലച്ചിത്രങ്ങളുടെ അവസ്ഥയും  ഇക്കാര്യത്തിൽ സമാനമാണ്. ‘ഭോജ്‌പുരി പാട്ടുകൾക്ക്, ഇന്ത്യയിലെ മറ്റുഭാഗങ്ങളിലും നല്ല വ്യൂവർഷിപ്പ് ഉള്ളതിനാൽ ഭോജ്പുരി സിനിമകളിൽ, ബജറ്റിൻ്റെ നല്ലൊരു പങ്ക് പാട്ടുകൾക്കായി മാറ്റിവെക്കുന്നു’, അഹമ്മദ് നിരീക്ഷിക്കുന്നു (2022). ഇതും ബിഹാറിൽ നിന്നുമുള്ള ഗൾഫ് കുടിയേറ്റത്തെ അടയപ്പെടുത്തുന്ന സിനിമകളുടെ കുറവിന്റെ ഒരു കാരണമാവാം.  

കുടിയേറ്റത്തിൻ്റെ ഈ പക്ഷപാതപരമായ പ്രാതിനിധ്യത്തിൻ്റെ ഒരു കാരണം നമ്മൾ ‘കുടിയേറ്റ’ത്തെ ഏകശിലാത്മകമായി കാണുന്നു എന്നതാണ്. അക്കാദമിക വ്യവഹാരങ്ങളിലും, കുടിയേറ്റം പലപ്പോഴും ഒരു സാധാരണ പ്രതിഭാസമായി ചിത്രീകരിക്കപ്പെടുന്നു. എന്നാൽ ‘മൈഗ്രേഷൻ’, ‘മൈഗ്രൻ്റ്’ എന്നീ പദങ്ങൾ അവയുടെ വ്യത്യാസങ്ങൾ ഉൾക്കൊണ്ടുകൊണ്ട് വേർതിരിച്ചുകൊണ്ട് ഉപയോഗിക്കൽ നിർണായകമാണെന്ന് എനിക്ക് തോന്നുന്നു. ‘മൈഗ്രേഷൻ’ എന്ന പദം ഈ വിഭാഗത്തിനുള്ളിലെ വൈവിധ്യമാർന്ന അനുഭവങ്ങളെ വളരെ ലളിതമാക്കിയേക്കാവുന്ന ഒരു വിശാലമായ അർഥം ഉൾകൊള്ളുന്നൊരു പദമാണ്. എൻ്റെ പ്രത്യേക ആശങ്ക ഗൾഫ് കുടിയേറ്റക്കാരെക്കുറിച്ചാണ്, കാരണം അവരുടെ കുടിയേറ്റം പലപ്പോഴും വെല്ലുവിളി നിറഞ്ഞ സാഹചര്യത്തിലാണ് സംഭവിക്കുന്നത്. എൻ്റെ നാട്ടിലെ ആളുകൾക്ക്, ഗൾഫ് എന്നാൽ അവരുടെയും അവരുടെ കുടുംബത്തിന്റെയും ജീവിതം മെച്ചെപ്പെടുത്താനുള്ള ഒരു അവസാന അത്താണിയാണ്. ഇത്തരത്തിലുള്ള കുടിയേറ്റങ്ങൾ പല വെല്ലുവിളികളും പ്രതിസന്ധികളും നിറഞ്ഞതാണ്, പ്രത്യേകിച്ച് ഇതിലൂടെ അവർക്ക് അവരുടെ ജീവിതത്തിന്റെ പ്രധാനപ്പെട്ട ഒരു ഭാഗം അവരുടെ കുടുംബത്തിൽ നിന്നും അകന്നു കഴിയേണ്ടി വരുന്നു.

അതുകൊണ്ട് തന്നെ, വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി യുഎസ്എ യിലേക്ക് കുടിയേറ്റത്തിനും തൊഴിൽ തേടി ഗൾഫിലേക്ക് കുടിയേറ്റത്തിനും, മൈഗ്രേഷൻ എന്ന പദം ഉപയോഗിക്കുമ്പാൾ, അവ തമ്മിലുള്ള അഗാധമായ അന്തരം ഉൾകൊള്ളാൻ ആ പദം അപര്യാപ്തമാണ്. ബിഹാറിന് കുടിയേറ്റത്തിൻ്റെ കാര്യത്തിൽ സമ്പന്നമായൊരു ഭൂതകാലമുണ്ട്, അത് ‘ഗിർമിതിയ’ എന്നറിയപ്പെടുന്ന കൂലിതൊഴിലാളികളുടെ കാലഘട്ടം മുതൽ തുടങ്ങുന്നതാണ്. 1883-ൽ അടിമത്തം നിർത്തലാക്കിയതിനെത്തുടർന്ന്, കൊളോണിയൽ ശക്തികൾ കരാറുകളിലൂടെ അവരുടെ മറ്റ് കോളനികളിലേക്ക് തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിൽ ഏർപ്പെട്ടു (Jha 2019). കുടിയേറ്റത്തിൽ നിന്ന് ‘ഗിർമിതിയ’ വേറിട്ടുനിൽക്കുന്നു. ബ്ലൂ കോളർ തൊഴിലുകൾക്കായി ഗൾഫിലേക്ക് പോകുന്നവരെ ‘ഗൾഫ് കുടിയേറ്റക്കാർ’ എന്നും വിളിക്കുന്നു – അവരുടെ അവസ്ഥകളെ അടിമത്വത്തിൽ നിന്നും വേർതിരിക്കുന്ന പദമാണിത്. അതുകൊണ്ടാണ്, ഉപ്പയെ അപൂർവ്വമായി കണ്ടിട്ടുള്ള ഒരു മകൻ എന്ന നിലയിൽ, ‘കുടിയേറ്റത്തിൻ്റെ ഒരു ഭാഗം’ എന്നതിന് പകരം എന്നെ ‘കുടിയേറ്റത്തിൻ്റെ ഇര’ എന്ന് വിളിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നത്. ബോളിവുഡിലും ഭോജ്പുരി സിനിമയിലും ഞാൻ കാണാതെ പോയത്, കുടിയേറ്റത്തിന്റെ ഇരകളാവുന്ന മനുഷ്യരുടെ ജീവിതവും, അതുമൂലം സ്വന്തം ജീവിതത്തിന്റെ മുകളിൽ അവരുടെ നിയന്ത്രണമില്ലായ്മയുമാണ്.

സ്‌ക്രീനിലെ ഓർമ്മകളും അടുപ്പങ്ങളും

ബോളിവുഡ് സിനിമകളിൽ നിന്നും വ്യത്യസ്തമായി, വിവിധ ജാതി-വർഗ വിഭാഗങ്ങളിൽ നിന്നും, എല്ലാ മത വിഭാഗങ്ങളിൽ നിന്നുമുള്ള, ഗൾഫ് കുടിയേറ്റക്കാരുടെ അനുഭവങ്ങൾ മലയാള സിനിമയിൽ പ്രമേയമായിട്ടുണ്ട്. അത് മലയാള സിനിമയുടെ വളരെ നിർണായകമായ ചരിത്ര വശങ്ങളിലൊന്നാണ്, സാധാരണക്കാരായ പ്രവാസികളുടെ ജീവിതം  കേന്ദ്രീകരിച്ചുള്ള ആഖ്യാനങ്ങൾ ഇതിലെ ഒരു പൊതു ഘടകമാണ്. ആർട്ട് ഹൗസ് സിനിമകളുടെ ധാരാളിത്തം കാരണം മലയാള സിനിമയുടെ ‘സുവർണ്ണകാലം’ എന്നറിയപ്പെടുന്ന 1970-കളിൽ തന്നെയാണ് കുടിയേറ്റം  പ്രമേയമായ സിനിമകളുടെ കടന്നുവരവും. എന്നിരുന്നാലും, അടൂർ ഗോപാലകൃഷ്ണൻ്റെ സ്വയംവരം (1972), എലിപ്പത്തായം (1982) തുടങ്ങിയ കലാമൂല്യമുള്ള സിനിമകൾ കേരളത്തിനുള്ളിലെ പാരമ്പര്യത്തിന് എതിരായുള്ള ആധുനികതയുടെ പോരാട്ടത്തിന് സിനിമയിലൂടെ അടിവരയിടുന്നു. 1980-കളിൽ, ഗൾഫ് കുടിയേറ്റം മൂലം ഉണ്ടായ മൂലധനത്തിന്റെ കുത്തൊഴുക്ക് സിനിമാ വ്യവസായത്തിലേക്ക് കൂടെ പടർന്നതോടെ, ഇടത്തരം സിനിമകളെയും വാണിജ്യ സിനിമകളെയും ഉൾപ്പെടുത്തി മലയാള സിനിമ അതിൻ്റെ ചക്രവാളം വിശാലമാക്കി. 2010-കൾ മുതൽ ‘ന്യൂ ജനറേഷൻ’ സിനിമ തരംഗത്തിലും, ഗൾഫ് കുടിയേറ്റം ഒരു പ്രമേയമായി പരീക്ഷിക്കാൻ തുടങ്ങി. ‘ഗൾഫുകാരൻ’, ‘ഗൾഫ് സിൻഡ്രോം’, ‘ഗൾഫ് റിട്ടേണി’, ‘നോൺ റസിഡൻ്റ് മലയാളി’ തുടങ്ങിയ നിരവധി പുതിയ പദങ്ങൾ സൃഷ്ടിച്ചുകൊണ്ട് ഗൾഫ് കുടിയേറ്റം കേരളത്തിൻ്റെ സിനിമയിലും സാഹിത്യത്തിലും ഒരു പ്രതിഭാസമായി മാറികൊണ്ടിരിക്കുകയാണ്. ഗൾഫ് കുടിയേറ്റം കേരളത്തിൻ്റെ സിനിമയിലും സാഹിത്യത്തിലും ഒരു പ്രതിഭാസമായി മാറിയിരിക്കുന്നു. വരവേൽപ്പ് (1989), ഗർഷോം (1999), പെരുമഴക്കാലം (2004), ഗദ്ദാമ (2001), ടേക്ക് ഓഫ് (2017), ഉസ്താദ് ഹോട്ടൽ (2015), പത്തേമാരി (2015), സി യു സൂൺ (2020) തുടങ്ങിയ പലകാലഘട്ടങ്ങൾ സിനിമകൾ എന്റെ ഗൾഫ് കുടിയേറ്റത്തെക്കുറിച്ചുള്ള എൻ്റെ ഓർമ്മകൾക്ക് ശബ്ദവും ചിത്രവും നൽകുന്നു.

പത്തേമാരിയിൽ (2015) മമ്മൂട്ടി അവതരിപ്പിച്ച പള്ളിക്കൽ നാരായണനെയല്ല, മറിച്ച് എൻ്റെ സ്വന്തം ഉപ്പയെയാണ് ഞാൻ കാണുന്നത്. അതിലെ ഓരോ രംഗവും എന്റെ ഓർമ്മകളിലേക്കുള്ള തിരിച്ചുപോക്കായിരുന്നു, അതിലെ ഓരോ സന്ദർഭങ്ങളും സംഭാഷണങ്ങളും എനിക്ക് പരിചിതമായിരുന്നു. ഒരു സീനിൽ, മമ്മൂട്ടിയുടെ കഥാപാത്രം മകന് ഫോൺ കൊടുക്കാൻ ആവശ്യപ്പെടുന്നതും അവൻ സംസാരിക്കാൻ വിസമ്മതിക്കുന്നതുമെല്ലാം, ഞാൻ മുൻപ് ചെയ്തതാണ്. ഗൾഫിൽ നിന്നും നാട്ടിലേക്ക് വരുമ്പോ, നായകൻ ബോംബെയിൽ ഇറങ്ങുകയും, ഒരു കസ്റ്റംസ് ഓഫീസറുടെ ഉപദ്രവം അനുഭവിക്കുകയും ചെയ്യുന്നുണ്ട്. അവിടെ നിന്നു ബുദ്ധിമുട്ടി അയാൾ കേരളത്തിലേക്ക് എത്തുമ്പോൾ അയാൾ പറയുന്നുണ്ട്, ‘ഗൾഫിൽ നിന്ന് ബോംബെയിൽ എത്താൻ എളുപ്പമാണ്, പക്ഷേ ബോംബയിൽ നിന്നും കേരളം വരെ എത്താനാണ് പാട്. നാട്ടിൽ വരുന്ന നേരത്ത്, അയാൾ രഹസ്യമായി ഭാര്യക്ക് സമ്മാനങ്ങൾ നൽകുന്നുണ്ട്. ഗൾഫിലേക്ക് തിരിച്ചു പോവുന്ന നേരത്ത്, അയാൾ തൻ്റെ റിസ്റ്റ് വാച്ച് കുടുംബത്തിലെ ഒരു ആൺകുട്ടിക്ക് നൽകുന്നു. ഇതെല്ലാം എൻ്റെ ഉപ്പയുടെയും അടുത്ത് ബന്ധുക്കളുടെയും ജീവിതത്തിലൂടെ ഞാൻ കണ്ടറിഞ്ഞ ദൃശ്യങ്ങളാണ്. എന്നെ സംബന്ധിച്ചിടത്തോളം സിനിമയിലെ ഏറ്റവും വേദനാജനകമായ രംഗം നായകൻ തൻ്റെ അമ്മയുടെ മരണവാർത്ത അറിയുന്ന നിമിഷമാണ്. എൻ്റെ ഗ്രാമത്തിൽ വളരെ കുറച്ച് വീടുകളിൽ മാത്രമേ അക്കാലത്തു ടെലിഫോൺ കണക്ഷൻ ഉണ്ടായിരുന്നുള്ളൂ എന്നതിനാൽ, ഞാൻ ഈ രംഗം എന്റെ ജീവിതവുമായി ശക്തമായി ബന്ധപ്പെട്ടു കിടക്കുന്നു. ഞങ്ങളുടെ നാട്ടിലെ പ്രവാസികൾ വീട്ടുകാരുമായി സംസാരിക്കാൻ എന്റെ വീട്ടിലെ ഫോണിലേക്കായിരുന്നു വിളിച്ചിരുന്നത്. പ്രിയപ്പെട്ട ഒരാളുടെ, പ്രത്യേകിച്ച് മാതാപിതാക്കളുടെ മരണവാർത്ത കേൾക്കുമ്പോഴെല്ലാം, ‘അഭി തോ തിക് തി, കൈസി മർ ഗയി?’ (ഇതുവരെ കുഴപ്പം ഒന്നുമില്ലായിരുന്നെല്ലോ, പിന്നെ എങ്ങനെ മരിച്ചുപോയി?) എന്ന നാരായണൻ്റെ അതെ സ്വരമായിരുന്നു അവരുടെ വിലാപത്തിനും.

When I saw this photo of my father lying on a bunk bed for the first time, I thought a bunker bed was a luxury. Pathemaari made me realise how this bed was a symbol of the migrant experience. Photo and caption shared by the author.

നാരായണൻ നാട്ടിൽ തിരിച്ചെത്തിയ ആദ്യത്തെ രാത്രിയിൽ, ഒരു പൊതി അവൾക്കുള്ളതാണെന്ന് പറഞ്ഞ് ഭാര്യക്ക് സമ്മാനിക്കുന്ന രംഗം, എനിക്ക് അടുത്തറിയാവുന്നതാണ്. അതിൽ മറ്റൊരാളുടെ പേര് കണ്ട് അവൾ അത് നിരസിക്കുന്നു. അപ്പോൾ അയാൾ അവളോട് പറയുന്നുത്, അത് നിനക്കുള്ളതാണ്; കുടുംബത്തിലെ മറ്റെല്ലാവർക്കും മുമ്പിൽ ഞാൻ അത് നിനക്ക് നൽകിയിരുന്നെങ്കിൽ, മറ്റ് കുടുംബാംഗങ്ങൾ ഇതും എടുക്കുമായിരുന്നു. അയാൾ ആ പൊതി തുറന്ന് ഭാര്യയുടെ മേൽ പെർഫ്യൂം സ്പ്രേ ചെയ്യുന്നു. പെർഫ്യൂമിൻ്റെ പേര് ദൃശ്യത്തിൽ കാണിച്ചില്ലെങ്കിലും, ഉപ്പ രഹസ്യമായി ഉമ്മയ്ക്ക് കൊടുത്തിരുന്ന ‘റോയൽ മിറേജ്’ പെർഫ്യൂം ബോട്ടിലാണെന്ന് എനിക്ക് പെട്ടെന്ന് തന്നെ മനസിലായി. ഖത്തർ ഈയടുത്ത് പോയപ്പോ, കുടിയേറ്റക്കാർ സാധാരണയായി വീട്ടിലേക്ക് കൊണ്ടുവരാറുള്ള പരിചിതമായ ഉൽപ്പന്നങ്ങളെല്ലാം വലിയ നഗര മാളുകളിലല്ല, മറിച്ച് ലേബർ ക്യാമ്പുകളിലോ, അതിനു സമീപത്തെ ലോക്കൽ കടകളിലോ -ബറ്റൂക്ക് ച്യൂയിംഗ് ഗം, ബ്രൂട്ട്, റോയൽ മിറേജ്, സോളറോൺ ബ്ലാങ്കറ്റ് എന്നിവ- ആണ് അവ കിട്ടുന്നതെന്നു എനിക്ക് മനസിലായി.

വരവേൽപ്പ് (1989) ആണ് ഉപ്പയുടെ മനസ്സിൽ ആഴത്തിൽ സ്പർശിച്ച മറ്റൊരു സിനിമ. എന്റെ കുട്ടിക്കാലത്ത് ഉപ്പ ഉമ്മയോട് ഒരു സിനിമയുടെ കഥ പറയുന്നതിന്റെ ഓർമ്മയുണ്ട്: ‘ഗൾഫിൽ നിന്ന് തിരിച്ചെത്തുന്ന നായകൻ തിരിച്ചുപോകേണ്ടെന്ന് തീരുമാനിക്കുന്നതും, ഒരു ബസ് വാങ്ങി ബിസിനസ്സ് ആരംഭിക്കുന്നതും അതിലൂടെ പണം കണ്ടെത്തി കുടുംബത്തിനൊപ്പം കഴിയാമെന്നു കരുതുന്നതും. പക്ഷേ സങ്കടകരമെന്നു പറയട്ടെ, അവൻ അവസാനം അത് പരാജയപ്പെട്ട് ബസ് വിറ്റ് എന്നെപ്പോലെ തന്നെ ഗൾഫിലേക്ക് മടങ്ങുന്നു’. ആ സിനിമയിലെ നായകനെപോലെ എൻ്റെ ഉപ്പയും  ട്രക്കുകൾ വാങ്ങി ബിസിനസ് ചെയ്യാൻ നോക്കി അത് പച്ചപിടിക്കാതെ വന്നപ്പോൾ, പിന്നീട് ഗൾഫിൽ തിരിച്ചു ജോലിക്ക് പോവുന്നുണ്ട്. വളരെക്കാലം കഴിഞ്ഞാണ് ആ സിനിമയുടെ പേര് വരവേൽപ്പ് (1989) എന്നാണെന്നു ഞാൻ കണ്ടെത്തുന്നത്. ഗൾഫ് കുടിയേറ്റത്തിൻ്റെ മനോഹരമായ പ്രതിനിധാനങ്ങളാണ് ഈ ചിത്രങ്ങളെല്ലാം.

പാളിച്ചകളില്ലാത്തതല്ല മലയാളത്തിലെ ഗൾഫ് മൈഗ്രേഷൻ സിനിമകൾ.  പ്രവാസികളുടെ ഭാര്യമാരുടെ ജീവിതത്തെ കുറിച്ച്, പ്രത്യേകിച്ച് അവരുടെ ലൈംഗികതയും ആനന്ദങ്ങളും വേണ്ടത്ര ഫലപ്രദമായ രീതിയിൽ ചിത്രീകരിക്കുന്നതിൽ ഈ യോണരിൽപ്പെടുന്ന സിനിമകൾക്ക് സാധിച്ചിട്ടില്ല. സ്ത്രീകളുടെ ലൈംഗികമായ അടിച്ചമർത്തലുകളും വൈകാരിക പോരാട്ടങ്ങളും പോപുലർ കൾച്ചറിന്റെ ഭാഗമല്ലെന്ന് തോന്നുന്നു. സ്ത്രീകൾ കേന്ദ്രകഥാപാത്രങ്ങളായി വരുന്ന ഗൾഫ് കുടിയേറ്റ സിനിമകൾ വളരെ കുറവാണ്. കുടിയേറുന്ന പുരുഷന്മാരെ യുദ്ധവീരന്മാരായും ത്യാഗികളായും ചിത്രീകരിക്കുന്നു. മറുവശത്ത്, സ്ത്രീകളുടെ ജീവിതത്തെ നെഗറ്റീവായ അർഥം നൽകുകയും, മിക്കവാറും അവരുടെ കഷ്ടപ്പാടുകളെ അവഗണിക്കപ്പെടുകയോ താഴ്ത്തുകയോ ചെയ്യുന്നു, ഇത് ഇത്തരം കുടുംബങ്ങളിലെ പുരുഷാധിപത്യത്തെ പ്രതിഫലിപ്പിക്കുന്നു. എന്റെ ഉപ്പ ഉമ്മയോട് പലപ്പോഴും പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്, ‘ഞാൻ ഗൾഫിൽ ഒറ്റക്കായിരുന്നപ്പോഴും, കേടുവന്ന ഭക്ഷണം കഴിച്ചിരുന്നപ്പോഴും, നാട്ടിലേക്ക് ഞാൻ കൃത്യസമയത്തിനു പൈസ അയക്കാൻ ശ്രമിച്ചിരുന്നു’. കുട്ടിക്കാലത്ത്, ഞങ്ങൾ ഗൾഫിൽ നിന്നും  തിരിച്ചെത്തിയവരുടെ കഥകൾ എപ്പോഴും യുദ്ധക്കഥകൾ കേൾക്കുന്നത് പോലെയാണ് കേട്ടിരുന്നത്. ഇങ്ങനത്തെ നിരവധി കഥകൾക്കിടയിലും, എന്റെ ഉമ്മയുടെയോ അല്ലെങ്കിൽ മറ്റെന്തെങ്കിലും പ്രവാസിയുടെ ഭാര്യയുടെയോ കഥകൾ ഞാൻ കേട്ടിട്ടില്ല. തനൂജ ചന്ദ്രയുടെ സിൽവത്ത് (2016) ഇതിനൊരു ഒരു അപവാദമാണ്, റിയാദിൽ നിന്നുള്ള ഭർത്താവിൻ്റെ മടങ്ങിവരവിനായി പഴയ ബോംബെ നഗരത്തിൽ ഒറ്റയ്ക്ക് താമസിക്കുന്ന ഭാര്യയുടെ വേദനയും നിരാശയും  ചിത്രീകരിക്കുന്നൊരു സിനിമയാണത്. എന്നിരുന്നാലും, ആയിഷ, ടേക്ക് ഓഫ്, ഖദ്ദാമ, സി യു സൂൺ തുടങ്ങിയ സിനിമകളിലൂടെ കുടിയേറ്റക്കാരായ സ്ത്രീകളുടെ കാഴ്ചപ്പാടുകൾ ചർച്ച ചെയ്യാൻ തുടങ്ങിയിരിക്കുന്നു.

ഇപ്പോഴും അദൃശ്യരായ കുടിയേറ്റത്തിന്റെ ഇരകൾ

പാളിച്ചകളില്ലാത്തതല്ല മലയാളത്തിലെ ഗൾഫ് മൈഗ്രേഷൻ സിനിമകൾ.  പ്രവാസികളുടെ ഭാര്യമാരുടെ ജീവിതത്തെ കുറിച്ച്, പ്രത്യേകിച്ച് അവരുടെ ലൈംഗികതയും ആനന്ദങ്ങളും വേണ്ടത്ര ഫലപ്രദമായ രീതിയിൽ ചിത്രീകരിക്കുന്നതിൽ ഈ യോണരിൽപ്പെടുന്ന സിനിമകൾക്ക് സാധിച്ചിട്ടില്ല. സ്ത്രീകളുടെ ലൈംഗികമായ അടിച്ചമർത്തലുകളും വൈകാരിക പോരാട്ടങ്ങളും പോപുലർ കൾച്ചറിന്റെ ഭാഗമല്ലെന്ന് തോന്നുന്നു. സ്ത്രീകൾ കേന്ദ്രകഥാപാത്രങ്ങളായി വരുന്ന ഗൾഫ് കുടിയേറ്റ സിനിമകൾ വളരെ കുറവാണ്. കുടിയേറുന്ന പുരുഷന്മാരെ യുദ്ധവീരന്മാരായും ത്യാഗികളായും ചിത്രീകരിക്കുന്നു. മറുവശത്ത്, സ്ത്രീകളുടെ ജീവിതത്തെ നെഗറ്റീവായ അർഥം നൽകുകയും, മിക്കവാറും അവരുടെ കഷ്ടപ്പാടുകളെ അവഗണിക്കപ്പെടുകയോ താഴ്ത്തുകയോ ചെയ്യുന്നു, ഇത് ഇത്തരം കുടുംബങ്ങളിലെ പുരുഷാധിപത്യത്തെ പ്രതിഫലിപ്പിക്കുന്നു. എന്റെ ഉപ്പ ഉമ്മയോട് പലപ്പോഴും പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്, ‘ഞാൻ ഗൾഫിൽ ഒറ്റക്കായിരുന്നപ്പോഴും, കേടുവന്ന ഭക്ഷണം കഴിച്ചിരുന്നപ്പോഴും, നാട്ടിലേക്ക് ഞാൻ കൃത്യസമയത്തിനു പൈസ അയക്കാൻ ശ്രമിച്ചിരുന്നു’. കുട്ടിക്കാലത്ത്, ഞങ്ങൾ ഗൾഫിൽ നിന്നും  തിരിച്ചെത്തിയവരുടെ കഥകൾ എപ്പോഴും യുദ്ധക്കഥകൾ കേൾക്കുന്നത് പോലെയാണ് കേട്ടിരുന്നത്. ഇങ്ങനത്തെ നിരവധി കഥകൾക്കിടയിലും, എന്റെ ഉമ്മയുടെയോ അല്ലെങ്കിൽ മറ്റെന്തെങ്കിലും പ്രവാസിയുടെ ഭാര്യയുടെയോ കഥകൾ ഞാൻ കേട്ടിട്ടില്ല. തനൂജ ചന്ദ്രയുടെ സിൽവത്ത് (2016) ഇതിനൊരു ഒരു അപവാദമാണ്, റിയാദിൽ നിന്നുള്ള ഭർത്താവിൻ്റെ മടങ്ങിവരവിനായി പഴയ ബോംബെ നഗരത്തിൽ ഒറ്റയ്ക്ക് താമസിക്കുന്ന ഭാര്യയുടെ വേദനയും നിരാശയും  ചിത്രീകരിക്കുന്നൊരു സിനിമയാണത്. എന്നിരുന്നാലും, ആയിഷ, ടേക്ക് ഓഫ്, ഖദ്ദാമ, സി യു സൂൺ തുടങ്ങിയ സിനിമകളിലൂടെ കുടിയേറ്റക്കാരായ സ്ത്രീകളുടെ കാഴ്ചപ്പാടുകൾ ചർച്ച ചെയ്യാൻ തുടങ്ങിയിരിക്കുന്നു.

ഭാഷാപരമായ ബുദ്ധിമുട്ടുകൾ ഇത്തരം മലയാളം സിനിമകൾ ആസ്വദിക്കുന്നതിൽ നിന്നും എന്റെ ഒട്ടുമിക്ക കുടുംബാംഗങ്ങളെയും തടയുന്നു, എന്നിരുന്നാലും അവ എൻ്റെ ഉപ്പയിലൂടെയും എന്നിലൂടെയും ഞങ്ങളുടെ ജീവിതത്തിലേക്ക് ഒരു വഴി കണ്ടെത്തുന്നു. എപ്പോൾ, ഹിന്ദി ഉൾപ്പെടെ ഒന്നിലധികം ഭാഷകളിൽ സിനിമകൾ OTT-യിൽ റിലീസ് ചെയ്യുന്നു, അത് കൂടുതൽ ബീഹാരി കുടിയേറ്റക്കാർക്ക് അവരുടെ ജീവിതം സ്ക്രീനിൽ കാണാൻ സഹായിച്ചേക്കാം.

References

  • Ahmed, Nehal. 2022. ‘Bhojpuri Cinema: The Dynamics Between Global Market And Local Cultures’, The Outlook, 19 March.
  • Jha, P.K., 2019. Coolie Lines (Vol. 1). Vani Prakashan.
  • Khan, Imran. 2023. ‘Gulf Migration and Its Economic Impact on EMigrant Family: A Case Study of Selected Districts of Bihar, India’. PhD diss, Jamia Milia Islamia.
  • Koyippally, Joseph. 2012. Goat Days. New Delhi: Penguin India.
  • Radhakrishnan, Ratheesh. 2009. The Gulf in the Imagination: Migration, Malayalam Cinema and Regional Identity. Contributions to Indian Sociology 43(2), 217-245.
  • Ray, Satyajit. 1948, ‘Indian films’, The Statesman, 2 October.

Filmography

  • Ahamed, Salim. 2015. Pathemari. Allens Media.
  • Anthikad, Sathyan. 1989. Varavelpu. K.R.G. Movie International.
  • Chandra, Tanuja. 2016. Silvat. Zee Entertainment Enterprises.
  • Gopalakrishnan, Adoor. 1972. Swayamvaram. Chitralekha FIlm Cooperative.
  • Gopalakrishnan, Adoor. 1982. Elippathayam. K Ravindran Nair.
  • Kamal. 2004. Perumazhakkalam. Salim Padiyath.
  • Kamal. 2011. Khaddama. Anitha Productions.
  • Kukunoor, Nagesh. 2006. Dor. Elahe Hiptoola.
  • Muhammed, P T K. 1999. Garshom. Janasakthi Films.
  • Narayanan, Mahesh. 2017. Take Off. Anto Joseph Film Company.
  • Narayanan, Mahesh. 2020. C U Soon. Fahad Fasil and Friends.
  • Pallikkal, Aamir. 2023. Ayisha. Cross Border Cinema.
  • Rasheed, Anwar. 2012. Ustad Hotel. Magic Frame.

About the Author: Nehal Ahmed is a doctoral student at the Academy of International Studies, Jamia Millia Islamia, New Delhi. His research interests consist of Indian cinema, world cinema, and migration studies. He writes on cinema, migration, and human stories for The Hindu, Al Jazeera, The Telegraph and Outlook. Nothing Will be Forgotten: From Jamia to Shaheenbagh is his first book. He is currently working on his second book, Gulf in My Family, based on Gulf migration. He can be contacted at na82495@gmail.com.

Translated by: Abdul Shafeeq K P

Please follow and like us:

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.