ബിജെപിയുടെയും കോൺഗ്രസിന്റെയും പിന്തുണയുടെ ഭൂമിശാസ്ത്രം ലോക്‌സഭ തിരഞ്ഞെടുപ്പുകളുടെ ചരിത്രത്തിലൂടെ സൂരജ് ജേക്കബ് പരിശോധിക്കുന്നു.
സൂരജ് ജേക്കബ്
ഈ ലേഖനത്തിന്റെ ഇംഗ്ലീഷ് വിവർത്തനം ഇവിടെ വായിക്കാവുന്നതാണ്.
പശ്ചിമ ബംഗാളിൽ നാല് പതിറ്റാണ്ട് മുമ്പ് തിരഞ്ഞെടുപ്പ് സാഹചര്യം വിചിത്രമായിരുന്നു. ദേശീയമായി ആധിപത്യമുണ്ടായിരുന്നെങ്കിലും കോൺഗ്രസിന് സംസ്ഥാനത്ത് മോശം ഫലമാണ് ഉണ്ടായിക്കൊണ്ടിരുന്നത് 1. ഇന്ന് കേരളം സമാനമായ അവസ്ഥയിലാണ്. ബിജെപി ദേശീയതലത്തിൽ ആധിപത്യം നേടിയിട്ടുണ്ടെങ്കിലും സംസ്ഥാനത്ത് നിന്ന് ഒരു ലോക്‌സഭാ സീറ്റു പൊലും നേടിയിട്ടില്ല. ഒന്നോ രണ്ടോ ലോക്‌സഭാ സീറ്റുകളുള്ള സംസ്ഥാനങ്ങൾ ഒഴിച്ച് 2, 20 സീറ്റുകളുള്ള കേരളം മാത്രമാണ് ഇതുവരെ ബിജെപി എംപിമാർ തിരഞ്ഞെടുക്കപ്പെടാത്ത ഏക സംസ്ഥാനം. അയൽ സംസ്ഥാനമായ തമിഴ്‌നാട്ടിലാകട്ടെ ബിജെപി എംപിമാർ അപൂർവമായെ തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളു 3.
ഒരു ‘ദേശീയ’ പാർട്ടിക്ക് ചില പ്രദേശങ്ങളിൽ കുറഞ്ഞ വോട്ടുകൾ ലഭിക്കുമ്പോൾ പ്രത്യാഘാതങ്ങൾ എന്തൊക്കെയാണ്? ആധിപത്യം ഉണ്ടായിരുന്നിട്ടും അത്തരമൊരു പാർട്ടി രാഷ്ട്രത്തെ പ്രതിനിധീകരിക്കാത്തതായി കണക്കാക്കുമോ? ആ പാർട്ടിയുടെ നിയമസാധുത ദുർബലമാകുമോ? അത് രാഷ്ട്രത്തിൻ്റെ ഒരുമയെക്കുറിച്ചു ചോദ്യങ്ങൾ ഉയർത്തുമോ? ഒരു പക്ഷേ ഈ ചോദ്യങ്ങൾ ബിജെപിയുടെ നേതാക്കളെ വിഷമിപ്പിച്ചേക്കാം. അതുകൊണ്ടായിരിക്കാം കഴിഞ്ഞ തെരഞ്ഞെടുപ്പിൽ (2019) അത്തരം പ്രദേശങ്ങളിൽ സർക്കാർ രൂപീകരണത്തെക്കുറിച്ചുള്ള കേവലമായ പരിഗണനകൾ സൂചിപ്പിക്കുന്നതിലപ്പുറം തങ്ങളുടെ രാഷ്ട്രീയ സാന്നിധ്യം ശക്തിപ്പെടുത്താൻ അവർ വലിയ ശ്രമങ്ങൾ നടത്തിയത്. 2024-ലെ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്തു ഈ ചോദ്യങ്ങൾ പ്രാധാന്യമർഹിക്കുന്നുണ്ട്. അതിനായി കാലാകാലങ്ങളായി ബിജെപിയ്ക്കു ലഭിയ്ക്കുന്ന പിന്തുണയുടെ ഭൂമിശാസ്ത്രപരമായ വ്യാപനത്തെ പഠനത്തിനുവിധേയമാക്കുകയാണ് ഈ ലേഖനം ചെയ്യുന്നത്. കേരളത്തിലെ അവസ്ഥയെക്കുറിച്ചും ലേഖനം പരിശോധിക്കുന്നു. അതുപോലെ പ്രബന്ധം നാണയത്തിൻ്റെ മറുവശത്തേക്കും നോക്കുന്നു – മുമ്പ് ദേശീയമായി ആധിപത്യമുണ്ടായിരുന്ന കോൺഗ്രസ് പാർട്ടിയുടെ ഭൂമിശാസ്ത്രപരമായ വ്യാപനത്തിലുണ്ടായ കുറവ് 4.
ബിജെപിയുടെ മാർച്ച്
ബിജെപി രൂപീകരിച്ചതിന് തൊട്ടുപിന്നാലെ നടന്ന ദേശീയ തിരഞ്ഞെടുപ്പിൽ (1984-85) മത്സരിച്ചു. തുടർന്നുള്ള തിരഞ്ഞെടുപ്പ് മുതൽ, ഒരു ദശാബ്ദക്കാലം (1989 മുതൽ 1998 വരെ) ക്രമാനുഗതമായി വളർന്നു (Figure 1) 5. രണ്ടാം തിരഞ്ഞെടുപ്പിൽ (1989) ഹിന്ദി ഹൃദയഭൂമിയുടെയും ഗുജറാത്തിന്റെയും ചില ഭാഗങ്ങളിൽ പാർട്ടി ശ്രദ്ധ കേന്ദ്രീകരിച്ചു. തെക്ക്, കിഴക്ക്, നോർത്ത് ഈസ്റ്റ് മേഖലകളിൽ ഭൂരിഭാഗവും മത്സരിച്ചില്ല. അടുത്ത തെരഞ്ഞെടുപ്പിൽ (1991) അയോധ്യയിലെ ബാബരി മസ്ജിദിന് പകരം ക്ഷേത്രം സ്ഥാപിക്കുന്നതിനുള്ള ദേശീയ പ്രക്ഷോഭത്തിന്റെ ശക്തിയിൽ പാർട്ടി രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും മത്സരിച്ചു. പക്ഷേ 80 ശതമാനം വിജയങ്ങളും ലഭിച്ചത് ഉത്തർപ്രദേശ് (അയോധ്യ പ്രക്ഷോഭത്തിന്റെ ഹൃദയഭൂമി), മധ്യപ്രദേശ്, രാജസ്ഥാൻ, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ്.
1996-ലെ 66 ശതമാനം വിജയങ്ങളും 1998-ലെ 60 ശതമാനം വിജയങ്ങളും ഈ സംസ്ഥാനങ്ങളിൽ ആയിരുന്നു. 1990-കളിൽ കൂടുതൽ സംസ്ഥാനങ്ങളിൽ പാർട്ടി സജീവമായി: മഹാരാഷ്ട്ര (പടിഞ്ഞാറ്), കർണാടക (തെക്ക്), ബീഹാർ (കിഴക്ക്). ബിജെപിയുടെ രൂപീകരണത്തിന് 15 വർഷത്തിനിപ്പുറം 5 തിരഞ്ഞെടുപ്പുകളിൽ മത്സരിച്ചതിനുശേഷവും തെക്ക്, കിഴക്ക്, നോർത്ത് ഈസ്റ്റ് മേഖലകൾ ബിജെപിയുടെ സ്വാധീനത്തിന് പുറത്തായിരുന്നു.

മറ്റ് പാർട്ടികളുമായുള്ള സീറ്റ് പങ്കിടലിലൂടെ ബിജെപി ഭൂമിശാസ്ത്രപരമായ ഈ സ്തംഭനാവസ്ഥയെ മറികടക്കാൻ ശ്രമിച്ചു. തമിഴ്‌നാട്ടിൽ ഡിഎംകെ അല്ലെങ്കിൽ അണ്ണാ ഡിഎംകെ, ആന്ധ്രാപ്രദേശിൽ ടിഡിപി, ഒഡീഷയിൽ ബിജെഡി, ബിഹാറിൽ ജെഡിയു, പഞ്ചാബിൽ എസ്എഡി, മഹാരാഷ്ട്രയിൽ ശിവസേന എന്നിങ്ങനെ വിവിധ പ്രാദേശിക പാർട്ടികളുമായി സഖ്യങ്ങൾ രൂപികരിച്ചു . ബിജെപി മത്സരിക്കാത്ത സീറ്റുകൾ കറുത്ത നിറത്തിൽ Figures 1, 2 കാണിക്കുന്നു. 1991-ലെയും 1996-ലെയും തിരഞ്ഞെടുപ്പുകളിൽ ബിജെപി ഏറ്റവും കൂടുതൽ സീറ്റുകൾ മത്സരിച്ചു (Figure 3) – കഴിഞ്ഞ രണ്ട് ‘മോദി തരംഗ’ തിരഞ്ഞെടുപ്പുകളേക്കാൾ കൂടുതൽ. 1998-ലും 1999-ലും സഖ്യകക്ഷികൾക്കിടയിലെ സീറ്റ് പങ്കിടൽ വർധിച്ചതിനാൽ ബിജെപി 60-70 ശതമാനം സീറ്റുകളിൽ മാത്രമാണ് മത്സരിച്ചത് – എന്നിട്ടും ബിജെപി ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച തെരഞ്ഞെടുപ്പുകളായിരുന്നു ഇത്. 1999-ലെ തെരഞ്ഞെടുപ്പിന് മുമ്പും ശേഷവുമുള്ള പാർട്ടി സഖ്യത്തിന്റെ ബലത്തിൽ, 5വർഷം മുഴുവൻ ഒരു സർക്കാരിനെ നയിക്കാൻ ആദ്യമായി പാർട്ടിക്ക് കഴിഞ്ഞു.

1999-നു ശേഷമുള്ള തിരഞ്ഞെടുപ്പുകളിൽ വടക്കും പടിഞ്ഞാറും ബിജെപി കൂടുതൽ വിജയങ്ങൾ കൊയ്തു 6. ഇത് Figure 3 കാണിക്കുന്നു. എന്നിട്ടും, പിന്നീടുള്ള തിരഞ്ഞെടുപ്പ് വിജയങ്ങൾക്കിടയിലും തെക്കും കിഴക്കും പാർട്ടിയിൽ നിന്ന് അകലം പാലിച്ചു. 2019-ലെ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് ഏതാണ്ട് ആധിപത്യ സ്ഥാനമായിരുന്നു – എന്നിട്ടും തെക്കും കിഴക്കും ബിജെപിയുടെ കൈപ്പിടിക്ക് പുറത്തായിരുന്നു (Figure 4).
ബിജെപിയുടെ ഭൂമിശാസ്ത്രപരമായ അടിത്തറ നന്നായി മനസ്സിലാക്കാൻ സംസ്ഥാനങ്ങളെ 6 ഗ്രൂപ്പുകളായി തരംതിരിക്കാം. ഉത്തർപ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാൻ, ഗുജറാത്ത് എന്നിവ ബിജെപിയുടെ പരമ്പരാഗത ശക്തികേന്ദ്രങ്ങളാണ് 7. ഈ 4 സംസ്ഥാനങ്ങൾ മൊത്തം സീറ്റുകളുടെ മൂന്നിലൊന്ന് വരും. എല്ലാ തെരഞ്ഞെടുപ്പിലും ഏറ്റവും കൂടുതൽ ബിജെപി എംപിമാരെ സംഭാവന ചെയ്തത് ഈ ഗ്രൂപ്പാണ് (Figure 5, ഇടത് ഗ്രാഫ്). മാത്രമല്ല, എല്ലാ തിരഞ്ഞെടുപ്പിലും ഏറ്റവും വലിയ സീറ്റ്ഷെയറും ഈ ഗ്രൂപ്പിൽ നിന്നാണ് (Figure 5, വലത് ഗ്രാഫ്).

മഹാരാഷ്ട്ര, കർണാടക, ബിഹാർ എന്നിവ മറ്റൊരു കൂട്ടം സംസ്ഥാനങ്ങളാണ്. ലോക്‌സഭാ സീറ്റുകളുടെ നാലിലൊന്ന് ഈ ഗ്രൂപ്പിൽ നിന്നാണ്. മറ്റ് ഗ്രൂപ്പുകളിൽ നിന്ന് വ്യത്യസ്തമായി ഈ ഗ്രൂപ്പിൽനിന്നുള്ള ബിജെപി എംപിമാർ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി സ്ഥിരമായി വർദ്ധിച്ചിട്ടുണ്ട് (Figure 5) 8. മറ്റ് ഗ്രൂപ്പുകളിൽ നിന്ന് വ്യത്യസ്തമായി, ഈ ഗ്രൂപ്പിലെ 3 സംസ്ഥാനങ്ങൾക്ക് വ്യത്യസ്ത ചരിത്രങ്ങളുണ്ട്, അവയ്ക്ക് വ്യത്യസ്ത ഭൂമിശാസ്ത്രമാണ് – ബിജെപിയുടെ വളർച്ചയുടെ പാതയിൽ മാത്രം അവർ സമാനമാണ്. ആദ്യം പറഞ്ഞ ഗ്രൂപ്പിൽ (കോർ ഗ്രൂപ്പിൽ) നിന്ന് വ്യത്യസ്തമായി, മഹാരാഷ്ട്രയിൽ വ്യക്തമായ പ്രത്യയശാസ്ത്രവും ക്ലയന്റലിസവും (വോട്ടിന് പകരം ഭൗതിക വാസ്തുക്കളുടെ കൈമാറ്റം) ഉള്ള പാർട്ടികൾ (ശിവസേന, എൻസിപി) ബിജെപിയുമായി ശക്തമായി മത്സരിച്ചു. തെക്കിലും കിഴക്കിലും ബിജെപി ആഴത്തിലുള്ള കടന്നുകയറ്റങ്ങൾ ഉണ്ടാക്കിയത് കർണാടകത്തിലും ബീഹാറിലും മാത്രമാണ് – അതുകൊണ്ടു അവയുടെ പ്രാധാന്യം കൂടുന്നു. 1991-ൽ തന്നെ കോർ ഗ്രൂപ്പിലെ പകുതിയിലധികം സീറ്റുകൾ ബിജെപി നേടിയിട്ടുണ്ടായിരുന്നു – രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം ഈ ഗ്രൂപ്പിൽനിന്നും പകുതിയിലധികം സീറ്റുകളും ബിജെപി നേടി.
1999-2019-കാലഘട്ടത്തിൽ അഞ്ചു തിരഞ്ഞെടുപ്പുകൾ ഉണ്ടായി. പരമ്പരാഗതമായി ആധിപത്യമുള്ള കോൺഗ്രസിന്റെ പ്രധാന എതിരാളിയായി ബിജെപി മാറുകയും പിന്നീട് കോൺഗ്രസിനുമേൽ ആധിപത്യം സ്ഥാപിക്കുകയും ചെയ്ത കാലഘട്ടമാണിത്. ഈ കാലയളവിൽ, ശരാശരി (average) 204 സീറ്റുകൾ ബിജെപിക്ക് ഉണ്ടായിരുന്നു, അതിൽ പകുതിയിലധികം കോർ ഗ്രൂപ്പിൽ നിന്നാണ് (110 സീറ്റുകൾ), നാലിലൊന്ന് ഈ രണ്ടാമതായി ഉയർന്നുവരുന്ന കോർ ഗ്രൂപ്പിൽ നിന്നാണ് (56 സീറ്റുകൾ). ഈ രണ്ടു ഗ്രൂപ്പിലെ 7 സംസ്ഥാനങ്ങൾ ബിജെപിയുടെ 80 ശതമാനത്തിലധികം സീറ്റുകളാണ് നേടിയത്. അതായത് ലോക്‌സഭയുടെ വലിയൊരു ഭാഗം വരുന്ന ഈ സംസ്ഥാനങ്ങളിൽ ബിജെപി മികച്ച പ്രകടനം കാഴ്ചവച്ചു.
തെക്കും കിഴക്കും ഗ്രൂപ്പുകളിലേക്ക് നീങ്ങുന്നതിനുമുൻപ് നോർത്ത് ഈസ്റ്റിനേക്കൂടെ നോക്കാം. അവിടെ 8 സംസ്ഥാനങ്ങളുണ്ട്. മോദി തരംഗത്തിന് മുമ്പ് ബിജെപി അവിടുത്തെ 25 സീറ്റുകളിൽ അഞ്ചിലൊന്ന് പോലും നേടിയിട്ടില്ലായിരുന്നു (Figure 5, വലത് ഗ്രാഫ്). എന്നാൽ 2014-ൽ പാർട്ടി മൂന്നിലൊന്ന് സീറ്റ് നേടി, മാത്രമല്ല 2019-ൽ പകുതിയിലധികം സീറ്റ് നേടി. ഈ പ്രകടനം പ്രധാനമായും നയിക്കുന്നത് അസം ആണ് 9. നോർത്ത് ഈസ്റ്റ് ലോക്‌സഭാ സീറ്റുകൾ കുറവാണെങ്കിലും ഇത് മറ്റൊരു ഉയർന്നുവരുന്ന കോർ ഗ്രൂപ്പായിരിക്കാം.
സ്പെക്‌ട്രത്തിന്റെ മറ്റേ അറ്റത്ത് – തെക്കിൽ ഒരു കൂട്ടം സംസ്ഥാനങ്ങളും (കേരളം, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന) കിഴക്കിൽ മറ്റൊരു കൂട്ടം സംസ്ഥാനങ്ങളും (പശ്ചിമ ബംഗാൾ, ഒഡീഷ) താരതമ്യേന കുറച്ച് ബിജെപി വിജയങ്ങളോടെ നിലകൊള്ളുന്നു. കർണാടകയും ബീഹാറും ഈ ഗ്രൂപ്പുകളിൽ നിന്ന് ഒഴിവാക്കപ്പെട്ടിരിക്കുന്നു എന്നത് ശ്രദ്ധിക്കുക 10 . ലോക്‌സഭാ സീറ്റുകളുടെ ഏതാണ്ട് അഞ്ചിലൊന്ന് ദക്ഷിണേന്ത്യൻ ഗ്രൂപ്പിനാണ്, എന്നാൽ 1999-2019-ൽ ബിജെപിക്ക് 101 സീറ്റിൽ ശരാശരി 4ൽ താഴെ സീറ്റുകളാണ് ഇവിടെ നിന്നും ലഭിച്ചത്! 2014-ലെയും 2019-ലെയും മോദി തരംഗങ്ങളിൽ പോലും 101 സീറ്റുകളിൽ 4 എണ്ണം മാത്രമാണ് ബിജെപി നേടിയത്. അതെ സമയം, കോർ ഗ്രൂപ്പിൽ ആകെ 176 സീറ്റുകളിൽനിന്ന് 2014-ൽ 164-ഉം 2019-ൽ 154-ഉം സീറ്റുകൾ ബിജെപി നേടി (Figure 5). ലോക്‌സഭാ സീറ്റുകളുടെ എട്ടിലൊന്ന് കിഴക്കൻ ഗ്രൂപ്പാണ്. 2019-ൽ ഈ സംസ്ഥാനങ്ങളിൽ ബിജെപിക്ക് 26 സീറ്റുകൾ ലഭിച്ചിരുന്നു, എന്നാൽ അതിനു മുൻപുള്ള മൂന്ന് തിരഞ്ഞെടുപ്പുകളിൽ 63 സീറ്റുകളിൽ നിന്ന് ശരാശരി 4 സീറ്റുകൾ മാത്രമാണ് ലഭിച്ചത്.
ഈ തെക്കും കിഴക്കും ഗ്രൂപ്പുകൾ ചേർന്ന് കോർ ഗ്രൂപ്പിനെപ്പോലെ ലോക്‌സഭയുടെ ഏതാണ്ട് മൂന്നിലൊന്ന് വരും. എന്നിട്ടും, കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി, ശരാശരി 7 ശതമാനം എംപിമാർ മാത്രമാണ് ബിജെപിക്ക് ഈ തെക്ക്, കിഴക്കൻ ഗ്രൂപ്പുകളിൽ നിന്നുള്ളത്. ചുരുക്കത്തിൽ, ദക്ഷിണേന്ത്യയിലും കിഴക്കിലും (കർണാടകയും ബിഹാറും ഒഴികെ) സ്ഥായിയായ തിരഞ്ഞെടുപ്പ് വിജയം നേടാൻ ബിജെപിക്ക് ബുദ്ധിമുട്ടാണ്.
കേരളത്തിലെ ബിജെപിയുടെ പ്രകടനം
ദക്ഷിണ ഇന്ത്യയുടെ സംസ്ഥാനങ്ങളിൽ പൊതുവെ ദേശീയ പാർട്ടികളുടെ പിടി കുറവാണ്. ജെയിംസ് ചിരിയങ്കണ്ടത്തിൻ്റെ പഠനം പ്രകാരം ഈ സംസ്ഥാനങ്ങളിൽ ബിജെപിക്ക്കൂടുതൽ ബുദ്ധിമുട്ടുകൾ ഉണ്ട്. നേരത്തെ സൂചിപ്പിച്ചതുപോലെ 2 ൽ കൂടുതൽ സീറ്റുകളുള്ള സംസ്ഥാനങ്ങളിൽ, ബിജെപി എംപിയെ ഒരിക്കലും തിരഞ്ഞെടുക്കാത്ത ഏക സംസ്ഥാനം കേരളമാണ്. എങ്കിലും കേരളത്തിൽ പാർട്ടിയുടെ വോട്ട് ഷെയർ കാലക്രമേണ വർദ്ധിച്ചു. Figure 6 ഇത് കാണിക്കുന്നു. 1985-ൽ ഇന്ത്യയിലെ മറ്റ് പല ഭാഗങ്ങളിൽ ചെയ്തതുപോലെ കേരളത്തിലും ബിജെപി ഭൂരിപക്ഷം സീറ്റുകൾ വിട്ടു – ഇരുപതിൽ അഞ്ചു സീറ്റുകളിൽ മാത്രമാണ് മത്സരിച്ചത്. 1989–ൽ കേരളത്തിലെ 20 സീറ്റുകൾ മത്സരിച്ചെങ്കിലും വോട്ട് വിഹിതം എല്ലാ സീറ്റുകളിലും പത്തു ശതമാനത്തിൽ താഴെയായിരുന്നു. 1991-ൽ ബിജെപി ഒരു സീറ്റിൽ 10 ശതമാനത്തിലധികം വോട്ട് ഷെയർ നേടി (തെക്കേ അറ്റത്തുള്ള തിരുവനന്തപുരം), എന്നാൽ വടക്കേയറ്റത്തെ കാസർഗോഡ് തോട്ടു പിന്നിലായിരുന്നു. 1996-ൽ പാർട്ടിക്ക് 2 സീറ്റുകളിലും 10 ശതമാനത്തിലധികം വോട്ട് ലഭിച്ചു – അന്നുമുതൽ ഈ മണ്ഡലങ്ങളിൽ ബിജെപിയുടെ വോട്ട് ഷെയർ 10 ശതമാനത്തിൽ കുറഞ്ഞിട്ടില്ല. 1998 ആയപ്പോഴേക്കും ബിജെപിക്ക് പത്തു ശതമാനത്തിലധികം വോട്ട് ഷെയർ 2 സീറ്റുകളിൽക്കൂടി ഉണ്ടായി – വടക്ക് കോഴിക്കോട്, തെക്ക് മാവേലിക്കര. കൂടാതെ മഞ്ചേരിയിലും പൊന്നാനിയിലും അത് 10 ശതമാനത്തിനടുത്തായിരുന്നു. 1999-ൽ 6 സീറ്റുകൾ മാത്രം മത്സരിച്ചെങ്കിലും (എൻഡിഎ സഖ്യ തന്ത്രത്തിൻ്റെ ഭാഗം), പാർട്ടിക്ക് 5 സീറ്റുകളിൽ 10 ശതമാനത്തിലധികം വോട്ട് ഷെയർ ഉണ്ടായിരുന്നു, കൂടാതെ 3 സീറ്റുകളിൽ 10 ശതമാനത്തിനടുത്തായിരുന്നു. 1999-ൽ തിരുവനന്തപുരത്ത് ബിജെപി 20 ശതമാനം വോട്ട് വിഹിതം ലഭിച്ച വർഷം കൂടിയായിരുന്നു (ഒ.രാജഗോപാലായിരുന്നു ബിജെപി സ്ഥാനാർത്ഥി).
കേരളത്തിൽ ബിജെപി വോട്ട് വിഹിതം ഉയരാൻ ചില കാരണങ്ങൾ ഗവേഷകർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ശബരിമലയിലെ സ്ത്രീ പ്രവേശനം പോലെയുള്ള മത/സാംസ്കാരിക വിഷയങ്ങൾ ബിജെപിക്ക് നേട്ടമുണ്ടാക്കി – ഒരുപക്ഷേ പ്രതീക്ഷിച്ചത്രയും ഇല്ലെങ്കിലും. ഒരു പഠനപ്രകാരം ബിജെപി അനുകൂല സാംസ്‌കാരിക-മത സംഘടനകൾ ഒരു ‘ഹിന്ദു അന്തരീക്ഷം’ ശക്തിപ്പെടുത്തുകയാണ് – ഇത് കാലക്രമേണ കൂടുതൽ കൂടുതൽ തിരഞ്ഞെടുപ്പ് ലാഭവിഹിതം നൽകും. മറ്റൊരു പഠനം ബിജെപി പിന്തുണക്ക് ജാതിയുടെ കാരണം ചൂണ്ടുന്നു: കമ്മ്യൂണിസ്റ്റ് പാർട്ടി നയങ്ങൾ ദളിതർക്ക് വേണ്ടത്ര പ്രയോജനം ചെയ്തില്ല, അവരുടെ പാർട്ടികൾ ദളിതരോട് ആന്തരികമായി വിവേചനം കാണിക്കുന്നു.
കോൺഗ്രസിന്റെ ഭൂമിശാസ്ത്രവുമായി താരതമ്യം
സമീപകാലത്ത് ആധിപത്യം നേടിയിട്ടും ബിജെപിയുടെ ഭൂമിശാസ്ത്രപരമായ അടിത്തറ ദേശീയമല്ലെന്ന് നമ്മൾ കണ്ടു. കോൺഗ്രസിന്റെ ആധിപത്യ കാലത്ത് ഇത് വ്യത്യസ്തമായിരുന്നോ? ഇത് Figure 7 ൽ കാണാം. ഇതിൽ 2019-ലെ ബിജെപിയുടെ വിജയം 1985-ലെ കോൺഗ്രസുമായി താരതമ്യം ചെയ്യുന്നു (രണ്ടുപാർട്ടിയുടെയും മികച്ച പ്രകടനങ്ങൾ) 11 . തെക്ക്, കിഴക്കൻ ഗ്രൂപ്പുകളിലെ സാന്നിധ്യമില്ലായ്മയാണ് ബിജെപിയുടെ ഭൂപടം കാണിക്കുന്നത്. ഇതിനു വിപരീതമായി, 1985-ൽ കോൺഗ്രസിന് താരതമ്യേന കുറഞ്ഞ വോട്ട് ഷെയർ ഉള്ള മണ്ഡലങ്ങങ്ങൾ തെക്കു കിഴക്കു എന്നിങ്ങനെ ഭൂമിശാസ്ത്രപരമായ കൂട്ടങ്ങളിൽ പെടുന്നവയല്ല. Figure 7-ലെ 2 കൊടുമുടികൾ തമ്മിലുള്ള മറ്റൊരു വ്യത്യാസം, എൻഡിഎ സഖ്യത്തിലെ മറ്റ് പാർട്ടികളുമായുള്ള സീറ്റ് പങ്കിടൽ ക്രമീകരണങ്ങൾ കാരണം 1985 നേക്കാൾ ബിജെപി മത്സരിക്കാത്ത സീറ്റുകൾ 2019 ൽ കൂടിയിട്ടുണ്ട് എന്നതാണ്.
ഗ്രന്ഥസൂചി
Agarwal, Samantha. 2023. ‘Bivalent Hegemony: How Hindu Nationalists Appeal to Caste-Oppressed People in Communist-Ruled Kerala’. Politics & Society.
Bala, Kiran, and Sachinder Singh. 2014. ‘Trends and Patterns of Seats Won by the BJP in Indian Parliamentary Elections (1984-2004): A Geographical Analysis’. Transactions 36, no.1, 61-69.
Bijukumar, V. 2023. ‘Transforming Ethno-Regional Parties in Northeast India’. Rethinking Parties in Democratizing Asia, edited by Julio C. Teehankee and Christian Echle. Routledge.
Chiriyankandath, James. 2018. ‘“Yes, but not in the South”: The BJP, Congress, and Reigonal Parties in South India’. Rise of Saffron Power: Reflections on Indian Politics, edited by Mujibur Rehman. Routledge India.
Guilmoto, Christophe Z. 2019. ‘Spatial Analysis of India’s 2019 Elections Reveals the Unique Geography of the Hindu Right’s Victory’. The Conversation, June 19, 2019.
Jacob, Suraj. 2019. ‘Party Types and Electoral Performance across States, 1980–2016’. How India Votes: A State-by-State Look, 95-121. Hyderabad: Orient BlackSwan.
Kuchi, Lakshmana Venkat. 2019. ‘The South Wall of India’. The Hindu Centre for Politics and Public Policy, June 7, 2019.
Rudolph, Lloyd I., and Susanne Hoeber Rudolph. 1987. In Pursuit of Lakshmi: The Political Economy of the Indian State. University of Chicago Press.
Stokes, Susan C. 2011. ‘Political Clientelism’. The Oxford Handbook of Political Science, edited by Robert Goodlin. Oxford University Press.
Paleri, Dayal, and R. Santhosh. “‘Elections Can Wait!’ The Politics of Constructing a ‘Hindu Atmosphere’ in Kerala, South India.” Modern Asian Studies 57, no. 6 (2023): 2067–99.
Varughese, Anil M. 2022. ‘Faith Revival and Issue Framing in Kerala’s 2019 Campaign’. South Asian History and Culture 13, no. 3, 321-339.
ലേഖകനെക്കുറിച്ച്: സൂരജ് ജേക്കബ് ബാംഗ്ലൂരിലെ അസിം പ്രേംജി സർവകലാശാലയിൽ വികസനവും നയവും പഠിപ്പിക്കുന്നു. ഈ ലേഖനം മെച്ചപ്പെടുത്തുന്നതിന് അല എഡിറ്റോറിയൽ ടീമിന്റെയും ജോസഫ് ജോണിന്റെയും സംഭാവനകൾ നന്ദിപൂർവ്വം ലേഖകൻ രേഖപ്പെടുത്തുന്നു.