ജനകീയ ശാസ്ത്ര ചരിത്രത്തിലെ മറന്നൊരേട്

പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലും പ്രഭാഷണങ്ങളിലൂടെയും പ്രദർശനങ്ങളിലൂടെയും പൊതുജനങ്ങളെ ബോധവൽക്കരിച്ച തിരുവിതാംകൂർ പബ്ലിക് ലെക്ചർ കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ  ഊർമിള ഉണ്ണിക്കൃഷ്ണൻ അവലോകനം ചെയ്യുന്നു. കേരളത്തിലെ ശാസ്ത്രത്തിന്റെ ജനകീയവത്കരണ ചരിത്രത്തിലെ അധികമാരും പരാമർശിക്കാത്ത എന്നാൽ കൂടുതൽ പഠനം ആവശ്യമുള്ള ഒരേടാണത്.

[ കുറിപ്പ് : അലയുടെ അമ്പത്തിനാലാം ലക്കത്തിൽ പ്രസിദ്ധീകരിച്ച ഡോക്ടർ ഊർമിഉണ്ണിക്കൃഷ്ണന്റെ ലേഖനത്തിന്റെ മലയാളം തർജ്ജമ]

 ഊർമി ഉണ്ണിക്കൃഷ്‌ണൻ

[തർജ്ജമ: ശ്രീദേവി]

1903 മാർച്ച് 28 ന് തിരുവനന്തപുരം ജൂബിലി ടൗൺഹാളിൽ എസ്. സുബ്രഹ്മണി അയ്യർ കാറ്റിനെക്കുറിച്ചു മലയാളത്തിൽ ഒരു പ്രഭാഷണം നടത്തി.1 അതിൽ അദ്ദേഹം വളരെ വിശദമായി കാറ്റിനെക്കുറിച്ചുള്ള ഭൗമശാസ്ത്രപരമായ അറിവുകളെക്കുറിച്ചും അന്തരീക്ഷത്തിലെ വായുവിന്റെ പ്രാധാന്യത്തെക്കുറിച്ചും സംസാരിച്ചു. ഭൂമിയുടെ ഭ്രമണവും അത് കാറ്റിലുണ്ടാക്കുന്ന മാറ്റങ്ങളും  അതോടൊപ്പം വായുവിന്റെ ചൂടു കൂടാനുള്ള കാരണങ്ങളും ഇതിൽ പ്രതിപാദിച്ചു. അന്തരീക്ഷത്തിലുണ്ടാവുന്ന മർദ്ദവും ഊഷ്മാവും എങ്ങനെയാണു പലതരം കാറ്റുകളെ സ്വാധീനിക്കുക എന്നൊക്കെ വളരെ വിശദമായി ആ പ്രഭാഷണത്തിൽ ഉൾപ്പെടുത്തിയിരുന്നു. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ ദൈനംദിന പ്രതിഭാസങ്ങളായ കാറ്റ്, മഴ, തീ, വെള്ളം എന്നിവയെക്കുറിച്ചുള്ള ഗഹനമായ പഠനങ്ങൾ അവയിലടങ്ങിയിട്ടുള്ള സൂക്ഷ്മമായ പ്രക്രിയകളെ വെളിച്ചത്തു കൊണ്ടുവരുകയും  അവയെ വളരെ സാധാരണമായി കാണുന്നതിൽ നിന്നും  മോചിപ്പിക്കുകയും ചെയ്യും. ദൈനംദിന ജീവിതത്തിൽ കാണുന്ന പ്രക്രിയകൾക്കും വസ്തുക്കൾക്കും സംഭവങ്ങൾക്കും ശാസ്ത്രീയമായ വിശദീകരണങ്ങൾ നല്കുക എന്നതായിരുന്നു പത്തൊൻപതാം നൂറ്റാണ്ടിലേയും  ഇരുപതാം നൂറ്റാണ്ടിലേയും ജനകീയ ശാസ്ത്രപ്രവർത്തനങ്ങളുടെ പ്രധാന ഉദ്ദേശങ്ങളിലൊന്ന്. ഈ ഇടപെടലുകളിലൂടെ ഇതിന്റെ പ്രവർത്തകർ ലക്ഷ്യമിട്ടിരുന്നത് ഇത്തരം പ്രതിഭാസങ്ങളെ ചുറ്റിപ്പറ്റി നിലനിന്നിരുന്ന അന്ധവിശ്വാസങ്ങളെ ഇല്ലാതാക്കി യുക്തിപൂർവ്വമായ മനസ്സിലാക്കലുകൾക്കും ശാസ്ത്രീയമായ രീതികൾക്കും ഊന്നൽ കൊടുക്കുക എന്നതാണ്.ഇതുപോലെയുള്ള ധാരാളം ആഖ്യാനങ്ങൾ അക്കാലത്തുള്ള ജനകീയ ശാസ്ത്രലേഖനങ്ങളിൽ കാണാൻ സാധിക്കും.

പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനഭാഗത്താണ് കേരളത്തിൽ ശാസ്ത്രവിഷയങ്ങളുടെ ജനകീയവത്കരണത്തിനു ആക്കം കൂടുന്നത്. ആധുനിക വിദ്യാഭാസത്തിന്റെ വികാസവും അച്ചടിയുടെ പ്രചാരവും കൂടിയായപ്പോൾ ശാസ്ത്ര വിഷയങ്ങൾ പൊതു മണ്ഡലത്തിൽ സജീവമായിത്തുടങ്ങി.ശാസ്ത്രീയമായ പുരോഗതിയെക്കുറിച്ചും അതിന്റെ പ്രാധാന്യത്തെക്കുറിച്ചും നാട്ടുരാജ്യങ്ങളും തദ്ദേശീയരായ ബുദ്ധിജീവികളും അപ്പോഴേക്കും ബോധവാന്മാരായിക്കഴിഞ്ഞിരുന്നു.സാമൂഹിക സാമ്പത്തിക ഉന്നമനത്തിൽ ആധുനികശാസ്ത്രത്തിന്റെ ജനകീയവത്കരണത്തിന്റെ ആവശ്യകതയെക്കുറിച്ചു സംസാരിക്കുന്ന ധാരാളം മാസികകളും പുസ്തകങ്ങളും ഇക്കാലത്തു പ്രസിദ്ധീകരിച്ചിരുന്നു. ശാസ്ത്രവിഷയങ്ങളെ ജനങ്ങളിലേക്കെത്തിക്കുന്നതിനുവേണ്ടി പ്രഭാഷണങ്ങൾക്കു പുറമെ മാതൃകാനിർമാണങ്ങൾ, മ്യൂസിയം എക്സിബിഷനുകൾ, അതുപോലെ സുവോളജിക്കൽ ഗാർഡനുകൾ എന്നീ മാർഗങ്ങളും അവലംബിച്ചിരുന്നു. മലയാള മദ്ധ്യമചരിത്രവും പഠനങ്ങളും ശാസ്ത്രത്തിന്റെ ജനകീയവത്കരണത്തിൽ എഴുത്തുരീതികളുടെ പ്രാധാന്യത്തെക്കുറിച്ചു പറയുന്നുണ്ടെങ്കിലും ശാസ്ത്രസാഹിത്യപരിഷത്തിനു മുൻപുള്ള മറ്റുരീതികളിലൂടെയുള്ള പ്രചാരണത്തെക്കുറിച്ചു ഇനിയും പഠനങ്ങൾ നടക്കാനുണ്ട്. ഈ സന്ദർഭത്തിൽ കേരളത്തിലെ ശാസ്ത്രത്തിന്റെ ജനകീയവത്കരണത്തിൽ മറന്നുപോയ അല്ലെങ്കിൽ വളരെക്കുറച്ചുമാത്രം പരാമർശിക്കപ്പെട്ടിട്ടുള്ള തിരുവിതാംകൂർ പബ്ലിക് ലെക്ചർ കമ്മിറ്റിയെക്കുറിച്ചാണ് ഇവിടെ പ്രതിപാദിക്കുന്നത്.

തിരുവിതാംകൂർ പബ്ലിക് ലെക്ചർ കമ്മിറ്റി

1887 ലാണ് തിരുവിതാംകൂർ പബ്ലിക് ലെക്ചർ കമ്മിറ്റി രൂപീകരിച്ചത്.2 കമ്മിറ്റിയുടെ പ്രാഥമിക ലക്ഷ്യം പ്രായോഗിക അറിവിനെക്കുറിച്ചുള്ള പ്രഭാഷണ പരമ്പരകളിലൂടെ പൊതുജനങ്ങളുടെ ധാർമ്മികവും ഭൗതികവുമായ പുരോഗതിയായിരുന്നു. കൃഷി, സാഹിത്യം, തത്വശാസ്ത്രം, ശുചീകരണപ്രവർത്തനങ്ങൾ എന്നീ വിഷയങ്ങളെക്കുറിച്ചുള്ള പ്രഭാഷണങ്ങൾ ഈ പരമ്പരയിലുണ്ടായിരുന്നു. പക്ഷപാതപരമൊ രാഷ്ട്രീയപരമോ ആയ വിഷയങ്ങൾ ഈ പൊതു പ്രഭാഷണങ്ങളിൽ ഉൾപ്പെടുത്തിയിരുന്നില്ല. ഈ ക്ലാസുകൾ ഇംഗ്ലീഷിലും മലയാളത്തിലും ചിലതു തമിഴിലും ആയിരുന്നു. ലളിതമായ ഭാഷയിലാണ് പ്രഭാഷണങ്ങൾ നടത്തിയിരുന്നത്; ഛായാപ്രദര്‍ശനസങ്കേതങ്ങളുടെ സഹായത്തോടെ ഉദാഹരണങ്ങൾ ഉപയോഗിച്ച് പൊതുജനങ്ങൾക്ക് കൂടുതൽ രസകരമായും മനസ്സിലാക്കാവുന്ന തരത്തിലുമായിരുന്നു ഈ പ്രഭാഷണങ്ങൾ. പ്രഭാഷണങ്ങളുടെ സമയക്രമം സർക്കാർ ഗസറ്റുകളിലും പ്രാദേശിക പത്രങ്ങളിലും മുൻകൂട്ടി തയ്യാറാക്കി പ്രസിദ്ധീകരിച്ചിരുന്നിരുന്നു. 

കമ്മിറ്റിയുടെ റിപ്പോർട്ടിന്റെ അവലോകനത്തിൽനിന്നും മനസ്സിലാകുന്നത് വർഷം തോറും പതിനഞ്ച് മുതൽ ഇരുപത് വരെ പ്രഭാഷണങ്ങൾ നടത്തിയിരുന്നു എന്നതാണ്. ഉദാഹരണത്തിന്, 1890-ൽ ആകെ പതിനേഴ് പ്രഭാഷണങ്ങൾ നടത്തി- ഒമ്പത് എണ്ണം ഇംഗ്ലീഷിലും അഞ്ച് തമിഴിലും മൂന്ന് മലയാളത്തിലും. ഇതിൽ പതിനൊന്നെണ്ണം ശാസ്ത്ര വിഷയങ്ങളിലും ആറെണ്ണം സാഹിത്യ വിഷയങ്ങളിലുമാണ്. 1890-ലെ ചില പ്രഭാഷണങ്ങങ്ങളിൽ വൈദ്യുതി, തലച്ചോറ്, തെങ്ങ് എന്നിവയെക്കുറിച്ചുള്ള ശാസ്ത്രീയമായ വിശദീകരണങ്ങൾ ഉൾപ്പെടുത്തിയിരുന്നു. തമിഴ്, മലയാളം ഭാഷകളുടെ താരതമ്യം, പുസ്തകങ്ങൾ എങ്ങനെ വായിക്കാം എന്നിങ്ങനെയായിരുന്നു സാഹിത്യ വിഷയങ്ങൾ. പ്രാദേശിക ഭാഷാ പ്രഭാഷണങ്ങൾക്ക് തുടക്കത്തിൽ പ്രേക്ഷകരെ അധികം ആകർഷിക്കാൻ കഴിഞ്ഞില്ലെങ്കിലുംഇംഗ്ലീഷ് പ്രഭാഷണങ്ങൾ ജനപ്രിയമായിരുന്നു . എന്നാൽ പൊതുജനങ്ങൾക്കിടയിൽ അറിവിന്റെ ജനകീയവത്കരണത്തിനുവേണ്ടി വിപുലമായ ശ്രദ്ധ ആവശ്യമായതിനാൽ പ്രാദേശിക ഭാഷാ പ്രഭാഷണങ്ങളിൽ കമ്മിറ്റി കൂടുതൽ ശ്രദ്ധ ചെലുത്തി. അവയുടെ ഗുണനിലവാരവും പങ്കെടുക്കുന്നവരുടെ എണ്ണവും വർദ്ധിപ്പിക്കുന്നതിന്, കമ്മിറ്റി പ്രാദേശിക ഭാഷാ പ്രഭാഷണങ്ങൾക്ക് ഉയർന്ന ഓണറേറിയം നൽകി. പൊതുജനങ്ങളെ ആകർഷിക്കുന്നതിനായി മാന്ത്രിക വിളക്കുകൾ, പ്രകടനങ്ങൾ, എന്നിവയുടെ ഉപയോഗങ്ങൾ വ്യാപകമായി പ്രോത്സാഹിപ്പിക്കപ്പെട്ടു. പിന്നീടുള്ള റിപ്പോർട്ടുകളിൽ കണ്ട പങ്കെടുക്കുന്നവരുടെ എണ്ണത്തിലുണ്ടായ വർദ്ധന ഈ ശ്രമങ്ങൾ വിജയിച്ചതായി തെളിയിച്ചു

കമ്മിറ്റിയിലെ അംഗങ്ങൾ തന്നെയാണ് പല പ്രഭാഷണങ്ങളും നടത്തിയതെങ്കിലും പ്രാദേശിക ബുദ്ധിജീവികളെയും ഇതിലേക്ക് ക്ഷണിച്ചിരുന്നു.ഉദാഹരണത്തിന്, പ്രശസ്ത സുവോളജിസ്റ്റും തിരുവനന്തപുരത്തെ ഗവൺമെന്റ് മ്യൂസിയം ആൻഡ് പബ്ലിക് ഗാർഡൻസ് ഡയറക്ടറും ലെക്ചർ കമ്മിറ്റി അംഗവുമായ ഹരോൾഡ് എസ്. ഫെർഗൂസൺ വർഷങ്ങളോളം നിരവധി പ്രഭാഷണങ്ങൾ നടത്തി. ജന്തുലോകം എങ്ങനെ വിഭജിക്കപ്പെട്ടിരിക്കുന്നു? (1889), തിരുവിതാംകൂറിലെ വിഷപ്പാമ്പുകൾ (1892), ചെടികളിലെ ബീജസങ്കലനം (1898) എന്നിവ അദ്ദേഹത്തിന്റ ചില പ്രഭാഷണങ്ങളാണ്. എൻ.കുഞ്ഞൻ പിള്ള (ഡയറക്ടർ ഓഫ് അഗ്രികൾച്ചർ ഇൻ ട്രാവൻകൂർ), ഐ.സി.ചാക്കോ (ദി സ്റ്റേറ്റ് ജിയോളജിസ്റ്റ്), സി.ജേക്കബ് ജോൺ (അസിസ്റ്റന്റ് സാനിറ്ററി ഓഫീസർ), കെ.പരമേശ്വരപിള്ള (അഗ്രികൾച്ചറൽ കെമിസ്റ്റ്) എന്നിവരാണ് മറ്റ് പ്രമുഖർ.വർഷങ്ങളായി നടത്തിയ പ്രഭാഷണങ്ങളുടെ അവലോകനത്തിൽ നിന്ന് പ്രഭാഷകരുടെ പട്ടികയിൽ മിസ് എസ് ബി വില്യംസിനെ മാത്രമാണ് വനിതാ പ്രഭാഷകയായി കണ്ടെത്താൻ കഴിഞ്ഞുള്ളൂ. ഇരുപതാം നൂറ്റാണ്ടിന്റെ പകുതി വരെയെങ്കിലും ശാസ്ത്രവിഷയങ്ങളിൽ പ്രഭാഷണം നടത്തുന്നത് ഏറെക്കുറെ ഒരു പുരുഷകേന്ദ്രീകൃതമായ ഒരേർപ്പാടായിരുന്നുവെന്നു ശാസ്ത്രത്തിന്റെ ചരിത്രം സൂചിപ്പിക്കുന്നതിനാൽ ഇത് അദ്‌ഭുതകരമല്ല.3. മിസ് വില്യംസ് എച്ച്.എച്ച് മഹാരാജാസ് കോളേജിലെയും പെൺകുട്ടികൾക്കായുള്ള ഹൈസ്കൂളിലെയും പ്രിൻസിപ്പലായിരുന്നു. അവിടെ അവർ ഇംഗ്ലീഷ് സാഹിത്യം, ചരിത്രം, ഫ്രഞ്ച് എന്നിവ പഠിപ്പിച്ചു.ആദ്യകാല ഇംഗ്ലീഷ് ജീവിതവും സ്ഥാപനങ്ങളും (1896), ഇംഗ്ലീഷ് ചർച്ചിന്റെ ആരംഭം (1897), എക്ലെസിയാസ്റ്റിക് സ്റ്റേറ്റ്സ്മെൻ  (1898) എന്നിവ അവരുടെ ചില പ്രഭാഷണങ്ങളാണ്. പബ്ലിക് ലെക്ചർ കമ്മിറ്റി അവരുടെ പ്രഭാഷണങ്ങളിൽ സ്ത്രീകൾക്കായി സീറ്റുകൾ സംവരണം ചെയ്തു പരസ്യപ്പെടുത്തിയിരുന്നു എന്നതും ശ്രദ്ധിക്കേണ്ടതാണ്.എന്നാൽ സ്ത്രീ പ്രേക്ഷകരുടെ ജനസംഖ്യാ വിവരങ്ങളോ മറ്റ് വിവരങ്ങളോ ലഭ്യമല്ല

 1911 ലെ പുനർരൂപീകരണം

തുടക്കത്തിൽ പ്രഭാഷണങ്ങൾ വിജയകരമായിരുന്നുവെങ്കിലും, 1900-കൾക്ക് ശേഷം കമ്മിറ്റിയുടെ ആദ്യകാല വേഗത  കുറഞ്ഞു, പ്രഭാഷണങ്ങളുടെ എണ്ണം ഗണ്യമായി കുറഞ്ഞു.1906-ൽ നടന്ന പ്രഭാഷണങ്ങളുടെ എണ്ണം നാലായി കുറഞ്ഞു മൂന്നെണ്ണം ഇംഗ്ലീഷിലും ഒന്ന് തമിഴിലും.ഇത് 1911-ൽ കമ്മിറ്റിയുടെ പുനഃസംഘടനയിലേക്ക് നയിച്ചു.പുനഃസംഘടിപ്പിച്ച കമ്മിറ്റി ശാസ്ത്രത്തിന്റെ ജനകീയവത്ക്കരണത്തിന് കൂടുതൽ ഊന്നൽ നല്കുന്ന സമീപനമാണ് സ്വീകരിച്ചത്. കമ്മിറ്റിയുടെ പുനർരൂപീകരണത്തിനുശേഷം തത്വശാസ്ത്രപരവും സാഹിത്യപരവുമായ വിഷയങ്ങൾ എണ്ണത്തിൽ കുറവായിരുന്നു, അല്ലെങ്കിൽ മിക്കവാറും ഇല്ല എന്ന് തന്നെ പറയാം .പൊതുജനാരോഗ്യം, ശാസ്ത്രീമായ കൃഷി, വ്യാവസായിക വികസനം, ഗ്രാമീണ സഹകരണ സംഘങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൂടുതൽ പ്രഭാഷണങ്ങളിൽ കണ്ടുതുടങ്ങി. കമ്മിറ്റിയുടെ വിഷയങ്ങളിലെ ഈ മാറ്റം അതിന്റെ ഘടനയിലും പ്രതിഫലിച്ചു. 

തുടക്കത്തിൽ, മഹാരാജാസ് കോളേജിലെ അദ്ധ്യാപകർ , പ്രാദേശിക വിദ്യാഭ്യാസ ഡയറക്ടർ, ദിവാൻ പേഷ്ക്കാർ, യൂറോപ്യൻ മിഷനറിമാർ, അഭിഭാഷകർ എന്നിവരടങ്ങിയതായിരുന്നു സമിതി.മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ആദ്യ വർഷങ്ങളിൽ ശാസ്ത്രത്തിന്റെ ജനകീയവത്കരണ ത്തിന്റെ പ്രധാന കണ്ണികളായിരുന്നു സമൂഹത്തിലെ ഉന്നതശ്രേണിയിലുള്ള അറിവുള്ളവർ. പിന്നീട്, 1911-ൽ പുനഃസംഘടിപ്പിച്ചതിന് ശേഷം, പേഷ്‌ക്കർമാരെയും അഭിഭാഷകരെയും ഉൾപ്പെടുത്തുന്നതിനുപകരം, വിവിധ ശാസ്ത്ര വകുപ്പുകളുടെ തലവന്മാരെ ഉൾപ്പെടുത്തി കമ്മിറ്റി രൂപികരിച്ചു. കമ്മിറ്റിയുടെ ഘടനയിലെ ഈ മാറ്റം ആധുനിക ശാസ്ത്ര ഭരണത്തിൽ വർദ്ധിച്ച വിശ്വാസത്തെ കാണിക്കുന്നു

1910-കളോടെ തിരുവിതാംകൂറിൽ ശാസ്ത്രീയമായ ഭരണം സ്ഥാപന വത്കരിക്കപ്പെട്ടു.സംസ്ഥാനത്തിന്റെ വിഭവങ്ങളുടെയും സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങളുടെയും ഗവേഷണങ്ങളും വികസനവും കൂടുതൽ ശാസ്ത്രീയവും വ്യവസ്ഥാപിതവുമായിത്തീർന്നു. കൃഷി വകുപ്പ്, ജിയോളജി, സാനിറ്റേഷൻ ഡിപ്പാർട്ട്‌മെന്റ് എന്നിവയും സമാനമായ സ്ഥാപനങ്ങളും സർവേകൾ നടത്താൻ ആരംഭിച്ചു , ഈ വകുപ്പുകളിൽ ചിലത് ജനസമ്പർക്ക പരിപാടികൾ പോലും സംഘടിപ്പിച്ചു. ഈ വകുപ്പുകളിലെ ഉദ്യോഗസ്ഥരിൽ പലരും സർക്കാർ സ്‌കോളർഷിപ്പിൽ യൂറോപ്പിലും അമേരിക്കയിലും പരിശീലനം നേടിയവരായിരുന്നു.ശാസ്ത്രത്തിലെ അധികാരത്തിന്റെയും വൈദഗ്ധ്യത്തിന്റെയും മാറിക്കൊണ്ടിരിക്കുന്ന സങ്കൽപ്പങ്ങൾക്കൊപ്പമാണ് ശാസ്ത്രത്തിന്റെ സ്ഥാപനവത്കരണത്തിലെ ഈ മാറ്റങ്ങൾ.ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലെ ജനകീയ ശാസ്ത്രത്തിന്റെ ചരിത്രം സൂചിപ്പിക്കുന്നത് പോലെ, ശാസ്ത്രജ്ഞർ നേതൃത്വം നൽകുമ്പോൾസമൂഹത്തിലെ ഉന്നത ശ്രേണിയിലുള്ളവർ പശ്ചാത്തലത്തിലേക്ക് പിൻവാങ്ങുന്നത് നമുക്ക് കാണാം.4 അവർ മുഴുവനായും അപ്രത്യക്ഷമായില്ലെങ്കിലും, മലയാളം അച്ചടി മാദ്ധ്യമങ്ങൾ വഴി ശാസ്ത്രത്തിന്റെ പ്രചാരത്തിൽ അവർ ഇടപെടലുകൾ തുടർന്നു.

1911 ലെ കമ്മിറ്റിയുടെ പുനർരൂപീകരണത്തിനുശേഷം പ്രാദേശിക ഭാഷയിലുള്ള പ്രഭാഷണങ്ങൾക്ക് കൂടുതൽ പ്രാധ്യാന്യം കിട്ടിത്തുടങ്ങി. മുൻപ് സൂചിപ്പിച്ചതുപോലെ ഇംഗ്ലീഷ് ഭാഷയിലുള്ള പ്രഭാഷണങ്ങൾക്ക് ആദ്യകാലത്ത് മൂൻതൂക്കമുണ്ടായിരുന്നെങ്കിലും, ആ പ്രസംഗങ്ങൾ മുഖ്യപങ്കും തിരുവനന്തപുരത്തായിരുന്നു നടന്നിരുന്നത്. തലസ്ഥാനത്തെ ഇംഗ്ലീഷ് പഠിതാക്കളായ ഒരു ചെറുകൂട്ടം ആളുകളെ ചുറ്റിപ്പറ്റി നിന്നിരുന്ന പ്രഭാഷണങ്ങൾ. എന്തൊക്കെയായാലും 1911ന് ശേഷമുണ്ടായ പ്രാദേശിക ഭാഷയിലുള്ള പഠന ഉണർവ്വ് പ്രസംഗങ്ങളെ തിരുവിതാംകൂറിൻ്റെ മറ്റിടങ്ങളിലേയ്ക്ക് പ്രധാനമായും ഉൾനാടുകളിലേക്ക് വ്യാപിപ്പിച്ചു. 1915 ലെ കമ്മിറ്റിയുടെ കണക്ക് പ്രകാരം ഇരുപത്തിയഞ്ച് പ്രഭാഷണങ്ങൾ തിരുവിതാംകൂറിൻ്റെ വിവിധ ഭാഗങ്ങളിൽ അന്നുവരെ നടന്നു. ഇരുപത്തിയഞ്ച് പ്രഭാഷണങ്ങളിൽ ഇരുപത് മലയാളത്തിലും ബാക്കി അഞ്ച് ഇംഗ്ലീഷിലുമായിരുന്നു. അവയിൽത്തന്നെ പതിനെട്ടോളം പ്രസംഗങ്ങൾ ഉൾനാടുകളിലെ ഗ്രാമ സദസുകളിലായിരുന്നു നടന്നത്. പ്രാദേശിക മേഖലകളിലെ കൃഷിക്കാരേയും വ്യവസായ പ്രവർത്തകരേയും ഉദ്ദേശിച്ചു നടന്ന പ്രഭാഷണങ്ങൾ, ഓച്ചിറയിലും ഓമ്മല്ലൂരിലും നടന്ന കാർഷിക-വ്യവസായ മേളകളിലുംകൂടാതെ വായനശാലകളും സ്കൂളുകളിലും നടന്ന പ്രസംഗങ്ങൾ ചില ഉദാഹരണങ്ങളാണ്. സദസ്യരുടെ സംശയ നിവാരണത്തിനായി ചോദ്യങ്ങളും ഉത്തരങ്ങളും നിറഞ്ഞവയായിരുന്നു ഉൾനാടുകളിലെ പ്രഭാഷണങ്ങൾ.1915ലെ കണക്കുകൾ പ്രകാരം 13400 കേൾവിക്കാരുണ്ടായിരുന്നു. ശരാശരി മുന്നൂറ് മുതൽ അഞ്ഞൂറ് വരെ ആളുകൾ ഓരോ പ്രഭാഷണങ്ങളിലും പങ്കെടുത്തിരുന്നു.പ്രാദേശിക മേഖലകൾ കേന്ദ്രീകരിച്ചുള്ള ഈ രീതികളിലുള്ള പങ്കാളിത്ത പ്രസംഗങ്ങൾ കുറച്ചു വർഷങ്ങൾകൂടി തുടർന്നു. 

എന്നാൽ വർഷങ്ങൾക്ക് ശേഷം പൊതു പ്രസംഗ സദസ്സുകൾ തിരുവനന്തപുരത്തെ കേന്ദ്രീകരിച്ച് ഒതുങ്ങി. ഇത്തരം പ്രശ്നങ്ങളുടെ പരിഹാരത്തിനായി 1921ൽ വീണ്ടും കമ്മിറ്റി പുനഃസ്ഥാപിച്ചു. അക്കാദമിക്ക്  പ്രഭാഷണങ്ങളിൽ പുതു മാര്‍ഗനിര്‍ദ്ദേശകരേഖകള്‍കൂടി ചേർത്തുകൊണ്ടുള്ള കമ്മിറ്റിയായിരുന്നു അത്. അവ തിരുവന്തപുരത്തു ശാസ്ത്രീയവും ചരിത്രപരവും സാഹിത്യപരവുമായ വിഷയങ്ങളിൽ കൂടുതൽ പ്രഭാഷണങ്ങൾ സംഘടിപ്പിക്കുവാൻ നിർദ്ദേശിച്ചു. പ്രഭാഷകർക്ക് പ്രതിഫലം നൽകിയിരുന്നില്ല. അത് കൂടുതൽ വിദ്യാസമ്പന്നരായ പ്രേക്ഷകരുടെ ബൗദ്ധിക വിശപ്പിനെ തൃപ്‌തിപ്പെടുത്താനുള്ള ശ്രമമായിരുന്നതിനാലാവാം. അതുമൂലം ഉൾനാടുകളിലെ പൊതുജനങ്ങൾക്ക് വേണ്ടി  പ്രഭാഷണങ്ങൾ കുറഞ്ഞ ചിലവിൽ തിരുവിതാംകൂർ രാജ്യത്തിന് സംഘടിപ്പിക്കുവാൻ സാധിച്ചു. എന്നാൽ സാമ്പത്തികപരമായ പ്രശ്നങ്ങൾ കാരണം ആറ് മാസങ്ങൾക്ക് ശേഷം ആ കമ്മിറ്റി പിരിച്ചുവിട്ടു. എന്നിരുന്നാലും, തിരുവിതാംകൂറിൽ കൃഷി വകുപ്പിൻ്റെയും പൊതു ജനാരോഗ്യ വകുപ്പിൻ്റെയും സഹകരണ വകുപ്പിൻ്റെയും പ്രവർത്തനങ്ങളെ പൊതു ജനങ്ങളിലെത്തിക്കുവാനുള്ള പ്രഭാഷണങ്ങൾ തുടർന്നു. 

മൂന്നര ദശാബ്ദക്കാലം നീണ്ടുനിന്ന ചരിത്രം മാത്രമെ തിരുവിതാംകൂർ പബ്ലിക് ലെക്ചർ കമ്മിറ്റിയ്ക്കുള്ളു. പക്ഷെ, ആ കാലഘട്ടത്തിൽ ആ പ്രദേശത്തിലെ ശാസ്ത്രത്തിന്റെ സാമൂഹികചരിത്രത്തിലും ശാസ്ത്രത്തിന്റെ ജനകീയവത്കരണത്തിലും അതുണ്ടാക്കിയ മാറ്റങ്ങൾ കാണാതിരുന്നുകൂടാ .ശാസ്ത്രം പുരോഗതിയുടെ വാഹനമാണെന്ന തിരുവിതാംകൂർ ഭരണകൂടത്തിൻ്റെ തിരിച്ചറിവിലേക്കും, ശാസ്ത്രം പൊതുജനങ്ങൾക്കിടയിൽ പ്രചരിപ്പിക്കാനുള്ള രാജ്യത്തിൻറെ പ്രതിബദ്ധതയിലേക്കും ഈ ഒരേട് വിരൽചൂണ്ടുന്നു.ഈ കമ്മിറ്റി ഇവിടുത്തെ ആദ്യകാല ശാസ്ത്ര പഠന പ്രബോധന സ്ഥാപനങ്ങളിലൊന്നാണെന്നുള്ളതാണ്‌  അതിലേറ്റവും പ്രധാനം.പൊതുവെ മലയാള സാഹിത്യത്തിൻ്റെയും പത്രപ്രവർത്തന ചരിത്രത്തിൻ്റെ ഒരു ഉപവിഭാഗമായി കണക്കാക്കിയിരുന്ന ജനകീയ ശാസ്ത്രചരിത്രത്തിൽ, കേരളത്തിൽ ശാസ്ത്രത്തെ ജനകീയമാക്കിയതിൽ, കമ്മിറ്റിയുടെ പങ്കിനെപ്പറ്റി അത്രയധികം തിരിച്ചറിഞ്ഞിട്ടില്ല. ഈ പ്രദേശങ്ങളിൽ നടന്ന ഇത്തരത്തിലുള്ള ജനകീയവത്കരണ പ്രവർത്തനത്തിന്റെ സ്വഭാവവും ചരിത്രവും അതിൻ്റെ വ്യാപ്തിയും പഠനവിധേയമാക്കേണ്ടതാണ്.


ലേഖകരെക്കുറിച്ച്: ഊർമിള ഉണ്ണിക്കൃഷ്ണൻ: ജെഎൻയുവിലെ സക്കീർ ഹുസൈൻ സെന്റർ ഫോർ എജ്യുക്കേഷണൽ സ്റ്റഡീസിൽ നിന്ന് പിഎച്ച്ഡി നേടി. ഇന്ത്യയിലെ ശാസ്ത്രത്തിന്റെയും ജനകീയ ശാസ്ത്രത്തിന്റെയും ചരിത്രം, കൊളോണിയൽ കേരളത്തിലെ ശാസ്ത്രത്തിന്റെ സാമൂഹിക ചരിത്രം, കേരളത്തിലെ ശാസ്ത്ര വിദ്യാഭ്യാസത്തിന്റെ ചരിത്രം എന്നിവയാണ് ഗവേഷണ താൽപ്പര്യങ്ങൾ. ഇമെയിൽ : urmila.unnikrishnan@gmail.com

 

Please follow and like us:

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.