നിപ്പയും, വവ്വാലും, സഹവാസമെന്ന സങ്കല്പവും

കേരളത്തിന്റെ  ആവാസവ്യവസ്ഥയിലും  തോട്ടം സമ്പദ്‌വ്യവസ്ഥയിലും  വവ്വാലുകൾക്കുള്ള പങ്കിനെക്കുറിച്ചു  പശ്ചിമഘട്ടത്തിൽ നടത്തിയ  ഗവേഷണത്തെ മുൻനിർത്തി  കാദംബരി എഴുതുന്നു.  അതോടൊപ്പം   വൈറസ്,   മഹേഷിന്റെ  പ്രതികാരം എന്നീ  സിനിമകൾ ഈ സഹവാസത്തെ സൂക്ഷ്മതയോടെ  എങ്ങനെയാണു അവതരിപ്പിച്ചിരിക്കുന്നത് എന്നും ഈ ലേഖനം പരിശോധിക്കുന്നു. 

[കുറിപ്പ് :  അലയുടെ ലക്കം  44 ൽ   പ്രസിദ്ധീകരിച്ച  കാദംബരി ദേശ്‌പാണ്ഡെയുടെ ലേഖനത്തിൻ്റെ  മലയാളം തർജ്ജമ.]

കാദംബരി ദേശ്പാണ്ഡെ
തർജ്ജമ: ശ്രീദേവി, സുശ്രുതൻ (അല)

ഞാനൊരു ഫിലിം ക്രിട്ടിക്ക് അല്ല. പക്ഷെ, 2019 ബാംഗ്ലൂരിലെ ഒരു സിനിമ തീയേറ്ററിൽ വൈറസ് എന്ന മലയാളം സിനിമ കാണാൻ  പോയത് ഒരു ബുക്കും പേനയുമായിട്ടായിരുന്നു. എന്റെ  ഗവേഷണം  കേരളത്തിലെ സഹ്യ പർവ്വത നിരകളിലെ വവ്വാലുകളെക്കുറിച്ചാണ് എന്നതായിരുന്നു അതിന് കാരണം. 2018 പൊട്ടിപ്പുറപ്പെട്ട നിപ്പ വൈറസിനെ  എങ്ങനെയാണ് കേരളത്തിലെ ജനങ്ങൾ നേരിട്ടത്   എന്നതിനുള്ള ദൃശ്യ രേഖനമായിരുന്നു എനിക്ക്  വൈറസ് എന്ന സിനിമ . തീയേറ്ററിൽ എത്തുന്നതിന് മുൻപ് എനിക്ക് സിനിമയെക്കുറിച്ച് ഒരു ധാരണയുമില്ലായിരുന്നു. സിനിമ ഒരു സയൻസ് ഫിക്ഷൻ ആണോ, മെഡിക്കൽ ഫിലിം ആണോ? നാടകീയത നിറഞ്ഞ ട്രാജഡിയാണോ? പഴംതീനി വവ്വാലുകളെ കുറ്റവാളികളാകുന്ന ഫിലിം ആണോ എന്നൊന്നും. പക്ഷെ എന്റെ ധാരണകളെ എല്ലാം തകിടം മറിച്ചുകൊണ്ട് എന്നെ ആകർഷിച്ചത് മറ്റു ചില കാര്യങ്ങളായിരുന്നു. മനുഷ്യലോകത്തിനും പ്രകൃതിയുടെ ശാന്തവും വന്യവുമായ ലോകത്തിനും ഇടയിലുള്ള സൂക്ഷ്മവും  നേർത്തതുമായ അതിർവരമ്പുകളെ  ആഴത്തിൽ അടുത്തറിയുവാൻ ശ്രമിക്കുന്ന കാഴച. അതൊരു ഓർമ്മപ്പെടുത്തൽ കൂടിയായിരുന്നുഇപ്പോൾ  നടത്തുന്ന വവ്വാൽ ഗവേഷണം  ഭാവി കാലത്തേക്ക് എങ്ങനെ മുതൽക്കൂട്ടാകുമെന്ന ഓർമ്മപ്പെടുത്തൽ

എല്ലാ ദേശങ്ങളിലും സംസ്കാരങ്ങളിലും എല്ലാകാലത്തും കെട്ടുകഥകളുംകൊണ്ട്   അപകീർത്തികൾ നേടിയെടുക്കപ്പെട്ടവയാണ് വവ്വാലുകൾ. കോവിഡിന് മുൻപും പിൻപും  ദുശ്ശകുനങ്ങളാക്കപ്പെട്ട ജീവികളാണ്  വവ്വാലുകൾ. തോട്ടങ്ങളിലെ കീടങ്ങൾ എന്നറിയപ്പെടുന്നവയാണ് പഴം തീനി വവ്വാലുകൾ ( Fruit bats),  എന്നാൽ ദുർഗന്ധമുള്ള കാഷ്ഠങ്ങൾ ആരാധനാലയങ്ങളിൽ വീഴ്ത്തി മലിനമാക്കുന്നവയായി അറിയപ്പെടുന്നവയാണ്   കീടം തീനി വവ്വാലുകൾ. വസ്തുതാവിരുദ്ധമായ കാര്യങ്ങൾകൊണ്ട് തെറ്റിദ്ധരിക്കപ്പെട്ട ജീവികളാണ്  വവ്വാലുകൾ.   കൃഷിയിടങ്ങളിലെ കീടങ്ങളെ നിയന്ത്രിക്കുന്ന, ചെടികളുടെ പരാഗണത്തിനെ പരിപോഷിക്കുന്ന, വിത്തുകളുടെ വ്യാപനത്തെ ത്വരിതപ്പെടുത്തുന്ന വവ്വാലുകളെക്കുറിച്ചുള്ള തെറ്റായ ധാരണകളെ മാറ്റിയെടുക്കുവാൻ പരിസ്ഥിതി ശാസ്ത്രജ്ഞരും  സംരക്ഷകരും കഠിനമായി പരിശ്രമിക്കുന്നുണ്ട്. എന്നിരുന്നാലും, നിശാജീവികളായതിനാൽ ജനപ്രിയ മാദ്ധ്യമങ്ങളിലെ  പരിസ്ഥിതിയെക്കുറിച്ചും  ആവാസവ്യവസ്ഥയെക്കുറിച്ചുമുള്ള ഇടങ്ങളിൽ പിന്തള്ളപ്പെട്ടവയാണ് വവ്വാലുകൾ. അതുകൊണ്ടുതന്നെ  പൊതുജനങ്ങൾക്ക് വവ്വാലുകളോടുള്ള മതിപ്പും പരിതാപകരമാണ്. പക്ഷെ ഇതുമാത്രമല്ല അതിനുള്ള കാരണമെന്ന് ഞാൻ മനസിലാക്കിയത് പിന്നീടാണ്.   

പഴം തീനി വവ്വാലുകളുടെ കൂട്.  ഫോട്ടോ : കാദംബരി ദേശ്പാണ്ഡെ 

2011 കേരളത്തിലെ അഗസ്ത്യമല മേഖലയിൽ പരിസ്ഥിപഠനവുമായി ബന്ധപ്പെട്ട എന്റെ ഗവേഷണം തുടങ്ങിയതോടുകൂടിയാണ് ഞാൻ മറ്റുചില കാര്യങ്ങൾ ശ്രദ്ധിച്ചത്വവ്വാലുകളെക്കുറിച്ചുള്ള  പ്രാദേശിക ജനതയുടെ വ്യത്യസ്തങ്ങളായ അനുഭവങ്ങളും കഥകളും കേട്ടതോടെ, കാര്യങ്ങൾകൂടി എന്റെ ആവാസ പരിസ്ഥിതി പഠനങ്ങൾക്കൊപ്പം ചേർന്നു. ആദ്യകാലങ്ങളിൽ എന്നെ വിസ്മയിപ്പിച്ച ചില കാര്യങ്ങളുണ്ട്. അത് വിളിപ്പേരുമായി ബന്ധപ്പെട്ടാണ്. സാധാരണയായി കാണപ്പെടുന്ന വലിയ പഴം തീനി വവ്വാലുകളെ അല്ലെങ്കിൽ പറക്കുന്ന  ഇന്ത്യൻ ചെന്നായ എന്ന വവ്വാലുകളെ,  ‘വവ്വാൽഎന്ന പേരിട്ട്  മാത്രമല്ല   ആളുകൾ പറയുന്നത്.  ‘നരിച്ചീറ്‘, ‘ഞാറുതുടങ്ങി  കീടങ്ങളെ ഭക്ഷിക്കുന്നവയിൽ നിന്ന്  ഇത്തരം വവ്വാലുകളെ തിരിച്ചറിഞ്ഞിരുന്നത് അവയുടെ  വലുപ്പം കൊണ്ടും സ്വഭാവം കൊണ്ടുംകൂടിയാണ്. എന്നെ അതിശയിപ്പിച്ച മറ്റൊരു  കാര്യം ഒരു ചെറിയ മലയാളം പുസ്തകം കാണുവാനിടയായതാണ്. വ്യത്യസ്തങ്ങളായ വവ്വാലുകളെ  വിശദമായ വിവരണങ്ങളോടെ മലയാളം പേരുകൾ നൽകി പുസ്തകത്തിൽ തരംതിരിച്ചിരിച്ചിട്ടുണ്ടായിരുന്നു. കേരളത്തിലെ വവ്വാലുകളെക്കുറിച്ചുള്ള വിചിത്രമായ മിത്തുകളിൽ അഭിരമിക്കുകയല്ല  (മറ്റിടങ്ങളിലും ഇത്തരത്തിലുള്ള കാര്യങ്ങളുണ്ട് ) ഞാൻ ചെയ്തത്മറിച്ച്, ജനങ്ങൾക്കിടയിൽ  പങ്കുവെക്കേണ്ട ചില നല്ല വിവരങ്ങൾ ഞാൻ ശേഖരിക്കുകയായിരുന്നു. ദിവസേന    കേരളത്തിലെ തോട്ടത്തിൽ പണിയെടുക്കുന്നവർ   പഴംതീനി വവ്വാലുകളെ  സൂക്ഷ്മമായി നിരീക്ഷിച്ചുവരുന്നു. അതുവഴി  തോട്ടങ്ങളിൽ  കൃഷിയിൽ ഏർപ്പെട്ടിരിക്കുന്ന പുതു തലമുറകളിലേക്ക് പ്രായോഗിക അറിവ് കൈമാറ്റം ചെയ്യുന്നു. ഇങ്ങനെ സ്വന്തം അനുഭവങ്ങളിലൂടെ വവ്വാലുകളെക്കുറിച്ചു  പഠിക്കുന്ന, അത് പകരുന്ന ഒരു രീതി കേരളത്തിൽ കാണാം. വവ്വാലുകളെ ദോഷകരമെന്നതിനേക്കാൾ  കൂടുതൽ പ്രയോജനകരമാണെന്ന് മനസ്സിലാക്കി ജീവിക്കുന്നവർഅവർ മുന്നോട്ടുവയ്യ്ക്കുന്ന കാരണങ്ങൾ ഒരു പാഠപുസ്തകത്തിൽ നിന്നോ പരിസ്ഥിതി ബോധവൽക്കരണ പരിപാടിയിൽ നിന്നോ കിട്ടുന്നതുപോലെ ചട്ടക്കൂടുകൾക്കുളിൽ ഒതുങ്ങുന്നതല്ലപകരം, അവർ പഴംതീനി വവ്വാലുകൾ വിത്ത്    വിതരണം ചെയ്യുന്ന രീതിയെ  നിരീക്ഷിക്കുകയും, പിന്തുടരുകയും, സമാഹരിക്കുകയും  ചെയ്ത് ജീവിതാനുഭവങ്ങളിലൂടെ വിവരം സമ്പാദിക്കുന്ന  രീതി  വളർത്തിയെടുക്കുകയും ചെയ്യുന്നു .

 വവ്വാലുകളുടെ  സമ്മാനമാണ് അടക്കയും കശുവണ്ടിയുംപോലുള്ള പ്രധാനപ്പെട്ട നാണ്യവിളകൾ  എന്ന് ചിലയാളുകൾ പറഞ്ഞിട്ടുമുണ്ട്പഴംതീനി വവ്വാലുകൾ കശുമാങ്ങയുടെയും  അടക്കയുടെയും നീര് കുടിക്കുന്നു, കൂടാതെ അവയുടെ വിലയേറിയ വിത്തുകളെ (കശുവണ്ടി, അടക്ക മുതലായവ) കേടുകൂടാതെ മരത്തിനടുത്തുതന്നെ നിക്ഷേപിക്കുന്നു.   ഇത്തരത്തിൽ കൂട്ടമായി  വിത്തുകളെ ശേഖരിക്കുന്നതിലൂടെ കുറഞ്ഞ ചെലവിൽ വിളകൾ  കാര്യക്ഷമമായി ശേഖരിക്കാൻ വവ്വാലുകൾ സഹായിക്കുന്നു. ഇങ്ങനെ തോട്ടങ്ങളിൽ പണവും സമയവും ഊർജവും ലാഭിക്കുന്നു. തോട്ടത്തിലെ മുതലാളികൾക്ക്  ഇത് പ്രിയപ്പെട്ട കാര്യമാണ്. അതിനവർ പറയുന്ന കാരണം എന്തെന്നാൽ, വളർന്നുവരുന്ന തൊഴിൽ ക്ഷാമത്തിനിടയിൽ  വവ്വാലുകൾ വഴി ശേഖരിക്കപ്പെടുന്ന വിളകൾ വഴി കുറച്ചു  തൊഴിലാളികൾ മാത്രം വേണ്ടിവരുന്നുള്ളു. ഇങ്ങനെ   നൽകേണ്ടുന്ന വേതനത്തിൽ മുതലാളിമാർ ലാഭമുണ്ടാക്കുന്നു. ഉദാഹരണമായി കവുങ്ങ് പോലുള്ള  മരങ്ങളിൽ കയറി അടക്ക ഇറക്കുവാൻ  തൊഴിലാളികളെ കിട്ടാനില്ലാത്ത സാഹചര്യത്തിൽ വവ്വാലുകൾ ഉപകാരികളാണ്. മാത്രമല്ല, മരങ്ങളുടെ ഉടമകളല്ലാത്തവർക്ക്  താഴെ വീണുകിടക്കുന്ന വിളകൾ സൗജന്യമായി  ശേഖരിക്കുവാനും  വിൽക്കുവാനും സാധിക്കാറുണ്ട്. കേരളത്തിലെ ചിലയിടങ്ങളിൽ  വവ്വാലുകളാൽ ശേഖരിക്കപ്പെട്ട വിളകൾ ലേലത്തിൽ കൈമാറ്റം ചെയ്യാറുണ്ട്. 

വവ്വാലുകളെക്കുറിച്ചുള്ള പ്രാദേശികാനുഭവ ശേഖരണം, 
ഫോട്ടോ:നചികേത് കേൾക്കർ   

വവ്വാലുകളുടെ സഹകാര്യത്തെക്കുറിച്ച്‌  പ്രസിദ്ധീകരിച്ച എന്റെ ആദ്യ ഗവേഷണ പ്രബന്ധത്തിന് വളരെയധികം സ്വീകാര്യത കിട്ടിയിരുന്നു. അതിന് സഹായകമായത് മേല്പറഞ്ഞ നിരീക്ഷണങ്ങളാണ്.1 മിക്ക വായനക്കാർക്കും ഇതെല്ലം വിശ്വസിക്കാൻ ബുദ്ധിമുട്ടുള്ളതും ആശ്ചര്യം നിറഞ്ഞതുമായ കാര്യങ്ങളായിരുന്നു. വവ്വാലുകൾ ഇങ്ങനെ വിളകളും വിത്തുകളും  ശേഖരിക്കുന്നത് തങ്ങളും  കണ്ടിട്ടുണ്ടെന്ന്  കേരളത്തിലെയും ആഫ്രിക്കയിലെയും ചില ശാസ്ത്രജ്ഞരായ സഹപ്രവർത്തകർ പങ്കുവെച്ചു. പക്ഷെ, അത്തരം വിലയിരുത്തലുകളെ  പൊതുജനം  എത്രമാത്രം ആഴത്തിൽ  തിരിച്ചറിയുന്നു എന്നത് അറിയേണ്ടിയിരിക്കുന്നു. നിരീക്ഷണങ്ങൾ ചില മുൻധാരണകളെ  വെല്ലുവിളിക്കുന്നുണ്ടെന്ന് ചില പ്രതികരണങ്ങളിൽ നിന്നും വ്യക്തമായി. ഞാനുൾപ്പെടെയുള്ള ശാസ്ത്രജ്ഞർ കരുതിവച്ചിരിക്കുന്ന മുൻവിധികളെയാണ്   വവ്വാലുകളെക്കുറിച്ച്‌  പ്രാദേശികമായി ലഭിക്കുന്ന അറിവുകളും  ധാരണകളും പൊളിച്ചെഴുതുന്നത് . എന്നാൽ  ഇത്തരം പ്രതികരണങ്ങൾ മേഖലയിൽ കൂടുതൽ വിശദമായി  ഗവേഷണം നടത്തുവാനുള്ള  പ്രചോദനമാണ് എനിക്കുണ്ടാക്കിയത്.  പഴങ്ങൾ കഴിച്ചതിനുശേഷം  വിത്തുകളെ  ഉപേക്ഷിക്കുവാൻ വവ്വാലുകൾ എന്താണ് കൃത്യമായി ചെയ്യുന്നത്, തോട്ടം മേഖലകളിലെ സമ്പദ് വ്യവസ്ഥയിലേക്ക്  പാരിസ്ഥിതികമായ ജൈവീക പ്രയോഗം എങ്ങനെയാണ്  ആവാസ വ്യവസ്ഥാസഹായ’മായി    മൊഴിമാറ്റം ചെയ്യപ്പെടുന്നത് എന്നിങ്ങനെ ചില ചോദ്യങ്ങൾ ഉയർന്നുവന്നുതോട്ടം മേഖലകളിലെ സമ്പദ് വ്യവസ്ഥ, പരിസ്ഥിതിവിജ്ഞാനം എന്നീ   പശ്ചാത്തലത്തിലാണ് ഈ ചോദ്യങ്ങൾ രൂപപ്പെട്ടത്.  അതിനുവേണ്ടി ഞാൻ ഗവേഷണം വിപുലീകരിച്ചത് ഇന്ത്യയിലെ പശ്ചിമഘട്ടത്തിനോട് ചേർന്നുള്ള കേരളമുൾപ്പെടെയുള്ള അഞ്ചു് കാര്ഷികവനവത്കരണ ഭൂവിഭാഗങ്ങളിലാണ് ( agroforestry landscapes). അവിടത്തെ വ്യത്യസ്തമായ  സാമൂഹികസാംസ്കാരിക രീതികളിൽ  വവ്വാലുകളുമായി ചേർന്നുള്ള ഇത്തരം ആഖ്യാനങ്ങൾ എത്രത്തോളം പ്രചാരത്തിലുണ്ടെന്നറിയുകയായിരുന്നു ലക്ഷ്യം. 2

 വലിയതരത്തിലുള്ള പ്രതികരണങ്ങളിക്കിടയിലുംവവ്വാലുകൾ ദോഷത്തെക്കാളധികം   പ്രയോജനകരമാണെന്ന എന്റെ  വീക്ഷണം തികച്ചും അർഥവത്താണെന്ന വസ്തുത ഞാൻ കണ്ടെത്തിവ്യത്യസ്ത  മേഖലകളിൽ ഞാൻ നടത്തിയ 168 അഭിമുഖങ്ങളിലൂടെ വിത്ത് സംയോജനം, വിത്ത് എളുപ്പത്തിൽ ശേഖരിക്കൽ, ചെലവ് കുറയ്ക്കൽ മുതലായവയുടെ സമാന വിവരണങ്ങൾ ശേഖരിച്ചു. എനിക്ക് വിവരണങ്ങൾ പിന്നീട്  സഹായകരമായി. എങ്ങെനെയെന്നാൽവിവിധ തോട്ടങ്ങളിലെ വവ്വാലുകളുടെ വിത്ത് വ്യാപനത്തിന്റെ അളവുകൾഎന്റെ സ്വതന്ത്ര പാരിസ്ഥിതിക പഠനങ്ങൾ എന്നിവ  തമ്മിൽ  പൊരുത്തപ്പെടുന്ന കണ്ടെത്തലുകൾ അവ  നൽകി. എന്നുവെച്ച്, എല്ലാം നല്ല വാർത്തകൾ ആയിരുന്നില്ല. നാണ്യ വിളയുമായി ബന്ധപ്പെട്ടുള്ള കണ്ടെത്തലുകൾക്കൊപ്പം, വവ്വാലുകൾ തിന്നുകളയുന്നത്തിലൂടെ വാഴ, പേരക്ക, മാങ്ങ തുടങ്ങിയ  പഴങ്ങൾ  കൃഷിചെയ്യുന്നവർക്ക്  നഷ്ടമുണ്ടാകുന്നുണ്ടെന്ന് കണ്ടെത്തി. എന്നാൽ മൊത്തം ഉൽപാദനവുമായി താരതമ്യപ്പെടുത്തുമ്പോൾ നഷ്ടം വളരെ കുറവാണെന്ന് മനസ്സിലാക്കി. അതോടൊപ്പം തന്നെ, വവ്വാലുകളിൽ നിന്നുള്ള ഇത്തരത്തിലുള്ള സാമ്പത്തിക നേട്ടങ്ങൾ പല തരത്തിലുള്ള  പ്രാദേശിക ആചാരങ്ങളുടെയും ഐതിഹ്യങ്ങളുടെയും ഭാഗമാകാൻ പര്യാപ്തവുമാണ്, വിശേഷിച്ചും കേരളത്തിലെ സാഹചര്യത്തിൽ.    

2018ലെ നിപ്പ വൈറസിന്റെ വ്യാപനം എന്റെ ഗവേഷണ പ്രവർത്തനങ്ങളെ  മറ്റൊരു തലത്തിൽ  എത്തിച്ചു. വവ്വാലിൽ നിന്ന് മനുഷ്യരിലേക്ക് വൈറസ് പകരുന്നതിന് അടിസ്ഥാനമായ അപകടസാധ്യതാ ഘടകങ്ങളെക്കുറിച്ചുള്ള നിലവിലുള്ള പഠനങ്ങളിൽ നിന്ന് ശേഖരിച്ച വിവരങ്ങളെ  അടിസ്ഥാനമാക്കിയും, മനുഷ്യരുംവവ്വാലുകളും തമ്മിലുള്ള  സമ്പർക്ക രീതികളെക്കുറിച്ചുള്ള എന്റെ നിരീക്ഷണങ്ങളും ചേർത്തുകൊണ്ട് ഞാൻ ഒരു വിശകലനവും അതിൽ  ഉൾപ്പെടുത്തിയിട്ടുണ്ട്. വവ്വാലുകളിൽ നിന്ന്  മനുഷ്യരിലേക്ക് പകരുവാൻ  സാധ്യതയുള്ള രോഗസാധ്യതയെക്കുറിച്ചുള്ള ഒരു വിശകലനമായിരുന്നു അത്. എല്ലാറ്റിനെയും കൂട്ടിയിണക്കുന്നതിനായി, പശ്ചിമഘട്ടത്തിലെ ആളുകൾക്ക് ഒരേസമയം പഴംതീനി വവ്വാലുകളിൽ നിന്നുള്ള നേട്ടങ്ങളും കോട്ടങ്ങളും ചെലവുകളും അപകടസാധ്യതകളും വിലയിരുത്തി. അതിനായി വവ്വാലുകളുടെ ആവാസരീതിയെയും അവിടുത്തെ  സാമൂഹിക സമ്പ്രദായങ്ങളെയും കുറിച്ചുള്ള എന്റെ കണ്ടെത്തലുകളെ അന്ന് ലഭിച്ച  രോഗസാധ്യത വിലയിരുത്തലുകളുടെ ഫലങ്ങളുമായി ഞാൻതാരതമ്യം ചെയ്തു. നിപ്പ പൊട്ടിപ്പുറപ്പെട്ടതോടെവവ്വാലുകളെക്കുറിച്ച്കണ്ടെത്തിയ സദുദ്ദേശ  വീക്ഷണങ്ങളെ പുതിയ  നിഷേധാത്മക ധാരണകൾ കാർന്നുതിന്നുമെന്ന്  ഞാൻ കരുതി. എന്നാൽ 2019-  നിപ്പ പൊട്ടിപ്പുറപ്പെട്ട അതേ പ്രദേശങ്ങൾ ഞാൻ വീണ്ടും സന്ദർശിക്കുകയും തോട്ടം സമൂഹങ്ങളുമായി വീണ്ടും ഇടപഴകുകയും ചെയ്തു.   വവ്വാലുകളിൽ നിന്നുള്ള ഗുണങ്ങളെക്കുറിച്ചുള്ള ജനങ്ങളുടെ വീക്ഷണങ്ങൾ  മങ്ങിയിട്ടില്ലെന്ന് അപ്പോൾ മനസിലായിഅവിടുത്തെ ആളുകൾ കൂടുതൽ ശ്രദ്ധാലുക്കളായിരുന്നു. സർക്കാരിന്റെയും  പ്രാദേശിക അധികാരികളുടെയും  വൈറസിനെക്കുറിച്ചുള്ള പ്രചാരണങ്ങളുംഗ്രാമീണ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ (PHC) തലത്തിലുള്ള സുരക്ഷാ ഉപദേശങ്ങളും ജനങ്ങളുടെ  വ്യക്തിഗതമായ  വീക്ഷണങ്ങളിൽ  ചലനമുണ്ടാക്കുന്നുണ്ട് എന്ന കാര്യം  ഞാൻ ശ്രദ്ധിച്ചു

വവ്വാലുകൾ കടിച്ച കശുമാങ്ങ ശേഖരം. ഫോട്ടോ : കാദംബരി ദേശ്പാണ്ഡെ

 എൻ്റെ ഗവേഷണ കണ്ടെത്തലുകൾ അനുസരിച്ച് പഴത്തോട്ടങ്ങൾ മനുഷ്യരുംവവ്വാലുകളുമായുള്ള  സമ്പർക്കത്തിന്റെ  മേഖലകളായി വർത്തിക്കുന്നു. അതുകൊണ്ടുതന്നെ അണുബാധയുടെ അപകടസാധ്യതകൾ യാഥാർത്ഥ്യമായി തുടരുന്നുവവ്വാലുകളിൽ നിന്ന് ഏറ്റവും കൂടുതൽ പ്രയോജനം ലഭിക്കുന്ന കശുവണ്ടിത്തോട്ടങ്ങൾ ( വവ്വാലുകളുടെ ഇടപെടൽ  കശുവണ്ടി ശേഖരങ്ങളുടെ  ഏതാണ്ട് 50%  സംഭാവന ചെയ്യുന്നു ) പ്രത്യേക പ്രാധാന്യമുള്ള ഇടങ്ങളാണ്. പഴുത്തതും  സുഗന്ധമുള്ളതുമായ കശുമാങ്ങയുടെ നീര് വവ്വാലുകൾക്ക് വളരെയധികം പ്രിയപ്പെട്ടതാണ്വിളവെടുക്കാത്ത മാങ്ങയിൽ നിന്നും സപ്പോട്ടയിൽ നിന്നും വ്യത്യസ്തമായി സാധാരണയായി കശുമാങ്ങ പഴുക്കുന്നതുവരെ കശുമാവിൽ അവശേഷിക്കുന്നു, ഇത് വവ്വാലുകളുടെ സന്ദർശന സാധ്യത വർദ്ധിപ്പിക്കുന്നു. കൂടാതെ, വേനൽക്കാലത്ത് കശുമാങ്ങ കായ്ക്കുന്ന കാലത്തുതന്നെ വവ്വാലുകൾക്ക് കൂടുതൽ ക്ഷീണം അനുഭവപ്പെടുകയും ഉയർന്ന സമ്മർദ്ദം ഉണ്ടാകുകയും ചെയ്യും. ഇത് വവ്വാലിൽ നിന്നും വൈറസ് പകരാനുള്ള സാധ്യത വർദ്ധിപ്പിക്കും. പഴം തീനി പെൺ വവ്വാലുകൾ വേനൽക്കാലത്താണ്  പ്രജനനം നടത്തുന്നത്. പ്രത്യുൽപാദനത്തിലേക്ക് വേണ്ടി കൂടുതൽ ശാരീരിക ഊർജ്ജം വേണ്ടിവരുന്നതിനാൽ അവയ്ക്ക് പ്രതിരോധശേഷി കുറവായിരിക്കാം. ഇത് കൂടുതൽ സാംക്രമിക രോഗാണു വ്യാപനത്തിന് ഇടയാക്കുന്നതായി പഠനങ്ങൾ പറയുന്നുപഴങ്ങളുടെ പ്രതലങ്ങളിൽ വവ്വാലിന്റെ സ്രവങ്ങലുണ്ടാകാം. കശുവണ്ടി  ശേഖരിക്കുന്ന സമയത്ത്  അശ്രദ്ധമായ മനുഷ്യരുടെ  സമ്പർക്കത്തിലൂടെ രോഗാണു  സംക്രമണം സംഭവിക്കുവാനും ഇടയുണ്ട്.     

ഞാൻ നടത്തിയ ഗവേഷണത്തിൽ നിന്നും കണ്ടെത്തിയ വിസ്മയകരമായ ഒരു കാര്യം, ജനങ്ങൾക്ക്  വവ്വാലുകളിൽ നിന്ന് കൂടുതൽ പ്രയോജനങ്ങൾ ലഭിക്കുന്ന പ്രദേശങ്ങളിലും  വൈറൽ അപകടസാധ്യത കുറവുള്ള പ്രദേശങ്ങളുണ്ടെന്ന്  കണ്ടെത്തിയതാണ്. ചിലപ്പോൾ നേട്ടങ്ങളും അപകടസാധ്യതകളും തിരിച്ചറിഞ്ഞേക്കാവുന്ന മാപിനികളുടെ വ്യത്യസ്തമായ വിവരങ്ങൾ  മൂലമാകാം ഇത്. തോട്ടം മേഖലകളിൽ പലകാര്യങ്ങളിലും ഗുണങ്ങൾ ലഭിക്കുന്നുണ്ടെന്ന വസ്തുത ഇരിക്കവെപ്രാദേശികവും (ഉദാ: വവ്വാൽ കടിച്ച പഴങ്ങൾ കഴിക്കുന്ന ഇടങ്ങൾ ) കാലാവസ്ഥാ വ്യതിയാനവും മൂലമുള്ള  പോലുള്ള  ഇടങ്ങളിലെ സാഹചര്യ ഘടകങ്ങളുംകൊണ്ട്  രോഗസാധ്യതകൾ  കൂടുതലുണ്ടാവാം. നിലവിൽ, ഞാൻ കണ്ടെത്തിയ രൂപരേഖയുടെ  കാരണങ്ങൾ തിരിച്ചറിയാൻ പ്രയാസമാണ്ഞങ്ങൾക്ക് അതിനുവേണ്ടി കൂടുതൽ  സമഗ്രമായ ഗവേഷണം നടത്തേണ്ടതുണ്ട്. എന്നിരുന്നാലും, കണ്ടെത്തൽ പ്രതീക്ഷ നൽകുന്നു. വവ്വാലുകളിൽ നിന്നുള്ള പ്രയോജനങ്ങൾ പരമാവധിയാക്കുന്നതിനും അപകടസാധ്യതകൾ കുറയ്ക്കുന്നതിനും ചില കാര്യങ്ങൾ കൃത്യമാക്കേണ്ടതുണ്ട്. പ്രാദേശിക തലത്തിൽ ലഘൂകരിക്കാവുന്നവബദൽ നിർവഹണ  രീതികളും ലളിതമായ സുരക്ഷാ നടപടികളും (ഉദാ: വിത്ത് ശേഖരിക്കുമ്പോൾ മാസ്കുകളും കയ്യുറകളും ധരിക്കുന്നത്ചത്തതോ പരിക്കേറ്റതോ ആയ വവ്വാലുകളെ സുരക്ഷിതമായി നീക്കം ചെയ്യുന്ന പ്രവർത്തനങ്ങൾ,   വാണിജ്യാടിസ്ഥാനത്തിലുള്ള മൂല്യമുള്ള പഴ തോട്ടങ്ങളിൽ നിന്നും  വവ്വാലുകളെ തിരിച്ചുവിടാൻ തോട്ടങ്ങൾക്ക് ചുറ്റും വാണിജ്യേതര ഫലവൃക്ഷങ്ങൾ നടുക). മുന്നോട്ട് നോക്കുമ്പോൾമനുഷ്യനുണ്ടാകുന്ന ആരോഗ്യ അപകടങ്ങൾ ഭാവിയിൽ ഒഴിവാക്കുവാൻ കൂടുതൽ ഗവേഷണം ആവശ്യമാണ്. അത്  മനുഷ്യരുംവവ്വാലുകളും ഇടപെടുന്ന രീതികൾക്ക്  അടിസ്ഥാനമായ പാരിസ്ഥിതികവും സാമൂഹികവുമായ ഘടകങ്ങളുടെ ഉള്ളറിഞ്ഞു  പഠിക്കുന്ന രീതിയിലാവണംഊർജ്ജസ്വലമായ ശാസ്ത്രസാമൂഹിക കൊടുക്കൽ വാങ്ങലുകളും  ബോധവൽക്കരണ പ്രഭാഷണങ്ങളും കൊണ്ട് ഇത്തരം അപകടസാധ്യതകൾ കൈകാര്യം ചെയ്യുന്നതിൽ ലോകത്തിന് മാതൃകയാണ് കേരളം, അത് തുടരുക തന്നെവേണം. തീർച്ചയായും, കേരളം വവ്വാലുകളുടെ സങ്കേതമാണെന്നല്ല ഇതുകൊണ്ടർത്ഥമാക്കുന്നത്വവ്വാലുകളെ വേട്ടയാടുന്നതും കൊല്ലുന്നതും അവയുടെ  ആവാസവ്യവസ്ഥയെ നശിപ്പിക്കുന്നതും  ഇവിടെ അസാധാരണമല്ല. എന്നിരുന്നാലും, വവ്വാലുകൾക്കെതിരായ ഭീഷണികളെ മറികടക്കാൻ സംരക്ഷണവും, പരിസ്ഥിതി സൗഹൃദമായ സാംക്രമിക  അപകടസാധ്യത ഒഴിവാക്കാനുള്ള ഇടപെടലുകളുംകൊണ്ട്  കേരളം പ്രതികൂലാവസ്ഥയെ  മറികടക്കുമെന്ന് ഏതൊരാൾക്കും പ്രതീക്ഷിക്കാം.

വൈറസ് എന്ന സിനിമ, വവ്വാലുകളിലെ നിപ്പ വൈറസിന്റെ ശേഖരത്തെ അവഗണിക്കുകയോ അപകീർത്തിപ്പെടുത്തുകയോ ചെയ്തിട്ടില്ല. സങ്കീർണവും അപകടസാധ്യതയേറിയതുമായ  സാഹചര്യത്തെ കൃത്യമായി ഊന്നിപ്പറഞ്ഞു  അവതരിപ്പിച്ചിരിക്കുന്നു. മനുഷ്യന്മാരെപോലെതന്നെ വവ്വാലുകൾക്കും  ഇവിടെ ജീവിക്കുവാനുള്ള അവകാശമുണ്ടെന്നത് വൈറസ് എന്ന  സിനിമയുടെ അവസാനഭാഗം നമ്മെ ഓർമ്മപ്പെടുത്തുന്നു. വവ്വാലുകളുമുൾപ്പെടുന്ന ലോകത്ത് സുരക്ഷിതമായി സഹവസിക്കുവാൻ അവയുടെ ആവാസ വ്യവസ്ഥയെ ആഴത്തിൽ മനസിലാക്കേണ്ടതുണ്ട്. മഹേഷിന്റെ പ്രതികാരം എന്ന സിനിമയിൽ  വാഴകൂമ്പിൽ തേൻ കുടിക്കുവാൻ വരുന്ന കുഞ്ഞുമൂക്കുള്ള വവ്വാലിന്റെ സുന്ദരമായ ഫോട്ടോ എടുക്കുവാൻ രാത്രികൾ അനവധി കാത്തിരിക്കുന്ന നായകന്റെ പിതാവിനെ സമയത്ത് ഓർക്കുന്നു. സുരക്ഷിതമായ അകലത്തിൽ നിന്നുകൊണ്ട്, സമഭാവനയോടെ വവ്വാലുകളെ  ആസ്വദിക്കുവാൻ നമ്മൾക്ക്  പ്രചോദനം നല്കുന്നുണ്ടത്.


ലേഖകരെക്കുറിച്ച്: കാദംബരി ദേശ്പാണ്ഡെ 2008 മുതൽ പശ്ചിമഘട്ടത്തിലെ  വവ്വാലുകളെ പഠിക്കുന്നു. നിലവിൽ ബാംഗ്ലൂരിലെ അശോക ട്രസ്റ്റ് ഫോർ റിസർച്ച് ഇൻ ഇക്കോളജി ആൻഡ് എൻവയോൺമെന്റിൽ പിഎച്ച്ഡി ഗവേഷകയാണ്. കീടനാശിനി വവ്വാലുകളുടെ  പ്രതിധ്വനി സംവിധാനംഎക്കോലൊക്കേഷൻ ( echolocation by insectivorous bats) , പഴംതീനി വവ്വാലുകളുടെ വിത്ത് വ്യാപനം, മനുഷ്യനുംവവ്വാലും തമ്മിലുള്ള  ബന്ധങ്ങൾ എന്നിവയാണ്  കാദംബരി ദേശ്പാണ്ഡെയുടെ  ഗവേഷണ താൽപ്പര്യങ്ങളിൽ പ്രധാനപ്പെട്ടവ. വവ്വാലുകളുടെയും മനുഷ്യരുടെയും ക്ഷേമം മുന്നിൽകണ്ടുകൊണ്ട്  വവ്വാലുകളെക്കുറിച്ചുള്ള ശരിയായ വിവരങ്ങൾ  ജനങ്ങളിലേക്ക് എത്തിക്കുന്നതിനുവേണ്ടിയുള്ള  പഠന സംരക്ഷണ പ്രചാരണ പ്രവർത്തനങ്ങളിൽ ഇടപെടുവാൻ താല്പര്യമുണ്ട്.  ഇമെയിൽ: [email protected] 

 

Please follow and like us:

Leave a Reply

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.