ശാസ്ത്ര സാങ്കേതികവിദ്യ ജനാധിപത്യവത്ക്കരിക്കുമ്പോൾ: മത്സ്യത്തൊഴിലാളികളോടൊപ്പം കാലാവസ്ഥാപ്രവചനത്തിന്റെ വികസനം

കാലാവസ്ഥ വ്യതിയാനവും കടൽവിഭവങ്ങളുടെ ശോഷണവും കേരളത്തിലെ പരമ്പരാഗത മത്സ്യത്തൊഴിൽ സമുദായങ്ങളെ ദുരിതത്തിലാഴ്ത്തുമ്പോൾ കൃത്യമായ കാലാവസ്ഥാ പ്രവചനം അവർക്കു ലഭിക്കുക എന്നത് സുപ്രധാനമാണ്. ഇതിനായി പല മേഖലകളിൽ ഉള്ള ഗവേഷകർ മത്സ്യത്തൊഴിലാളികളോടൊപ്പം ഒത്തുചേർന്നപ്പോൾ ഉടലെടുത്തത് നൂതനമായ സാങ്കേതിക ഇടപെടലുകളും സങ്കീർണ്ണമായ സാമൂഹിക ഉൾക്കാഴ്ചകളും ആണ്.


‘ഫോർകാസ്റ്റിംഗ് വിത്ത് ഫിഷർസ്’ എന്ന സംരംഭത്തെപ്പറ്റിയുള്ള അലയുടെ സ്‌പെഷൽ ഇഷ്യുവിൻറെ ഭാഗമാണ് ഈ ലേഖനം. കൂടുതൽ ലേഖനങ്ങളും അഭിമുഖങ്ങളും വായിക്കുവാൻ അവരുടെ വെബ്സൈറ്റ് സന്ദർശിക്കുക.


ഫിലിപ്പോ ഒസല്ല, ജോൺസൻ ജമെന്റ്

(മലയാള തർജ്ജമ: അല)

 

പരമ്പരാഗത മത്സ്യബന്ധനം സംസ്ഥാനത്തിന്റെ സാമ്പത്തികവ്യവസ്ഥയിലും ദൈനംദിന ഭക്ഷണക്രമത്തിലും നിർണായക പങ്ക് വഹിക്കുമ്പോൾത്തന്നെ, മത്സ്യബന്ധനം കേരളത്തിലെ ഏറ്റവും അപകടസാദ്ധ്യതയുള്ള ഒരു തൊഴിൽകൂടിയായി മാറിയിരിക്കുന്നു.

The crew of a 30-feet, full-deck boat with twin outboard motors get ready for an overnight trip from the beach of Karumkulam. Photo: M. Martin

മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് വിതരണം ചെയ്ത ഇൻഷുറൻസ് നഷ്ടപരിഹാരത്തുകയുടെ ലഭ്യമായ കണക്കുകൾ പ്രകാരം 2015 നും 2021 നും ഇടയിൽ ആറുദിവസത്തിലൊരിക്കൽ ഒരാൾ വീതം കടലിൽ അപകടത്തിൽപ്പെട്ടു മരണമടയുന്നു. 2012 ൽ കേരളതീരത്തു നാവികസേന 454 അപകടങ്ങളിൽ 3046 മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി, 44 പേർക്ക് ജീവൻ നഷ്ടപ്പെട്ടു, 11 പേരെ കാണാതായി. 2011-2016 കാലഘട്ടത്തിൽ തെക്കേ ഇന്ത്യയിലെ മൂന്നു തീരപ്രദേശങ്ങളിലായി മത്സ്യബന്ധനബോട്ടുകൾ ഉൾപ്പെടുന്ന 643 അപകടങ്ങൾ റിപ്പോർട്ട് ചെയ്തു. അതിൽ 75 % ചെറുകിട യന്ത്രവൽകൃത ബോട്ടുകളിൽപ്പെടുന്നവയാണ് (SIFFS 2017). അതുപോലെ 2017 ൽ അറേബ്യൻ കടലിൽ രൂപംകൊണ്ട ഓഖി ചുഴലിക്കാറ്റുപോലെയുള്ള സംഭവങ്ങൾ ഏറി വരുകയാണ് (Murakami et al. 2017; CMFRI 2019). ഇതിൽ കേരളത്തിൽനിന്നും തമിഴ്‌നാട്ടിൽ നിന്നുമായി 102 മത്സ്യത്തൊഴിലാളികൾ മരിക്കുകയും, കാണാതായ 263 പേരെ പിന്നീട് മരിച്ചതായി പ്രഖ്യാപിക്കുകയും ചെയ്തു. ചുഴലിക്കാറ്റിൽ തകർന്നത് 4591 ബോട്ടുകളാണ് (Rijiju 2018; Roshan 2018). തീരദേശജീവിതം ഏതാണ്ട് തകർച്ചയിലായി. കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് (KFWFB) 2021 ലെ കണക്കുകൾ പ്രകാരം കഴിഞ്ഞ അഞ്ചു വർഷങ്ങളിൽ കടലിൽ അപകടത്തിൽപെട്ടു മരിച്ച 327 പേരിൽ 145 പേർ തിരുവനന്തപുരം ജില്ലയിൽ നിന്നുള്ളവരാണ് (Times of India 2021).

തെക്കേ ഇന്ത്യയിലുള്ള പരമ്പരാഗത ചെറുകിട മത്സ്യത്തൊഴിലാളികളുടെ കടലിലെ സുരക്ഷ ഉറപ്പാക്കാനും അവരുടെ ഉപജീവനം സുസ്ഥിരവും സുരക്ഷിതവുമാക്കാനുള്ള ശ്രമങ്ങളെ മുൻനിർത്തി 2019 ൽ ഞങ്ങൾ–സാമൂഹ്യ ശാസ്ത്രജ്ഞർ, അന്തരീക്ഷ, സമുദ്ര ശാസ്ത്രജ്ഞർ, ഇൻഫർമേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻ ടെക്നോളജി വിദഗ്ദ്ധർ എന്നിവരടങ്ങിയ ഒരു മൾട്ടി ഡിസിപ്ലിനറി റിസെർച് ടീം–തിരുവന്തപുരത്ത് മൂന്നു മത്സ്യബന്ധനഗ്രാമങ്ങളിലായി രണ്ടുവർഷത്തിലേറെ പഠനം നടത്തി. പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് പ്രതികൂല കാലാവസ്ഥയിൽപ്പോലും സുരക്ഷിതമായി മത്സ്യബന്ധനം നടത്താൻ ആവശ്യമായ പ്രാദേശിക കാലാവസ്ഥാ പ്രവചനങ്ങൾ കൃത്യസമയത്തു പുറപ്പെടുവിക്കാനും അവരിലേക്കത് എത്തിക്കാനുമുള്ള വിവിധ മാർഗ്ഗങ്ങളാണ് ഞങ്ങൾ അന്വേഷിച്ചത്. ഇതിൽ പങ്കാളികളായത് കൊച്ചിൻ സയൻസ് ആൻഡ് ടെക്നോളജി സർവകലാശാലയിലെയും (കുസാറ്റ്) യൂകെയിലെ സസെക്സ് സർവകലാശാലയിലെയും ഗവേഷകരാണ്. ഈ സംരംഭത്തിൽ ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD), ഇന്ത്യൻ നാഷണൽ സെന്റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവീസസ് (INCOIS), കേരള സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഡൽഹി എന്നിവിടങ്ങളിൽ നിന്നുള്ള ശാസ്ത്രജ്ഞരുടെ പിന്തുണയും സഹായങ്ങളും ഞങ്ങൾക്ക് ലഭിച്ചു.

പരമ്പരാഗത മത്സ്യബന്ധനത്തിലെ വർദ്ധിക്കുന്ന അസ്ഥിരത 

കേരളത്തിൽ 180,000-ത്തിലധികം പരമ്പരാഗത മത്സ്യത്തൊഴിലാളികളുണ്ട്. അവരിൽ 50,000 പേർ തിരുവനന്തപുരം ജില്ലയിലാണുള്ളത്. തീരദേശ കുടുംബങ്ങൾ ഉപജീവനത്തിനായി മത്സ്യബന്ധനത്തേയും ദിവസേനയുള്ള മത്സ്യ വിൽപ്പനയേയുമാണ് പ്രധാനമായും ആശ്രയിക്കുന്നത്. മത്സ്യബന്ധന വരുമാനത്തിന്റെ ഭൂരിഭാഗവും അവർ ഉപയോഗിക്കുന്നത് വീട്ടുചെലവുകൾ, മത്സ്യബന്ധന ഉപകരണങ്ങൾ വാങ്ങൽ, വലയുടേയും ഉപകരണങ്ങളുടേയും അറ്റകുറ്റപ്പണികൾ നടത്തൽ, കടങ്ങൾ തിരിച്ചടയ്കൽ, കുടുംബത്തെയും സമൂഹത്തെയും നിലനിർത്തൽ തുടങ്ങിയ ആവശ്യങ്ങൾക്കാണ്. സ്ഥിരവും സുരക്ഷിതവുമായ മത്സ്യബന്ധനമില്ലാതെ വരുമാനം നിലയ്കുകയോ കുറയുകയോ ചെയ്യുന്നതും, ഇത് കാരണം കടബാധ്യത വർദ്ധിക്കുന്നതും  പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ജീവിതത്തിന്റെ അനിശ്ചിതത്വത്തെ വർദ്ധിപ്പിക്കുന്നുണ്ട്.

ലഭ്യമായ സ്ഥിതിവിവരക്കണക്കുകൾ സൂചിപ്പിക്കുന്നത് സംസ്ഥാനത്തു ശരാശരി 11% ആളുകൾ ദാരിദ്ര്യരേഖയ്ക്ക് കീഴിലാകവേ, മത്സ്യബന്ധന സമുദായങ്ങളിൽ ഇത് 50% ആണെന്നാണ് (Ganga 2020). മാത്രമല്ല, ഇവർക്കിടയിൽ കടബാധ്യത കൂടിക്കൊണ്ടിരിക്കുകയും ചെയ്യുന്നു (Shyam et al. 2017). “കേരള മോഡൽ” വികസനത്തിന് ഏറെ പ്രചാരവും പ്രശംസയും ലഭിച്ചിട്ടും, പശ്ചിമേഷ്യൻ രാജ്യങ്ങളിലുള്ള പ്രവാസികളിലൂടെ കേരളത്തിലെത്തുന്ന ധനസമ്പത്തു മൂലം വികസിത രാജ്യങ്ങളിലെ ജീവിതനിലവാരസൂചികക്കൊപ്പം എത്താൻ സംസ്ഥാനത്തിനു കഴിഞ്ഞിട്ടും, ഇന്നും മത്സ്യത്തൊഴിലാളികളുടെ സാമൂഹിക-സാമ്പത്തിക നിലവാരം കേരളത്തിലെ പല ജനവിഭാഗങ്ങളെക്കാൾ വളരെ താഴ്ന്ന നിലയിലാണ്.

Photo: S. Harikrishnan

തീരദേശശോഷണം മൂലം തിങ്ങിപ്പാർക്കുന്നതോടൊപ്പം ആരോഗ്യപരിപാലനം, വിദ്യാഭ്യാസം, ഭൂമി ഉടമസ്ഥത, വരുമാനം എന്നീ കാര്യങ്ങളിൽ മത്സ്യത്തൊഴിലാളികൾ സംസ്ഥാന ശരാശരിയേക്കാളും താഴെയാണ് (Kurien 1995; Sathiadhas 2006; Shyam et al. 2017; Devika 2017). മാത്രമല്ല കേരളതീരത്തു പാരമ്പര്യ മത്സ്യത്തൊഴിലാളികളുടെ പ്രധാന ആശ്രയമായ മത്സ്യങ്ങളുടെ അളവും വൈവിധ്യവും കുറഞ്ഞുകൊണ്ടിരിക്കുമ്പോൾ (Sathiadhas 2006; State Planning Board 2017; CMFRI 2015 and 2019) മത്സ്യബന്ധനത്തിന്റെ ചിലവ്—വല,എഞ്ചിൻ, പെട്രോൾ—അനുദിനം കൂടിക്കൊണ്ടിരിക്കുന്നു (CMFRI 2019) 1980 മുതൽ ഏർപ്പെടുത്തിയ ട്രോളിങ്ങും യന്ത്രവൽകൃത വൻകിടമത്സ്യബന്ധനവുമെല്ലാം പാരമ്പര്യമത്സ്യബന്ധനത്തെ പ്രതികൂലമായി ബാധിക്കുകയും മത്സ്യങ്ങളുടെ അളവിൽ വലിയൊരു കുറവ് വരുത്തുകയും ചെയ്തു (Kurien 1991; Dietrich and Nayak 2002).  സാമ്പത്തിക സമ്മർദ്ദങ്ങളാലും, പാരിസ്ഥിതിക കാരണങ്ങളാലും,  പരമ്പരാഗത മത്സ്യത്തൊഴിലാളികൾ പ്രതികൂല കാലാവസ്ഥയിലും മുന്നറിയിപ്പുകൾ അവഗണിച്ച് തീരത്ത് നിന്ന് വളരെ അകലെ മത്സ്യബന്ധനത്തിൽ ഏർപ്പെടേണ്ടിവരുന്നു (SIFFS 2017).

46 വയസ്സുള്ള തിരുവന്തപുരത്തുകാരനായ മത്സ്യത്തൊഴിലാളി ഞങ്ങളോട് പറഞ്ഞു,

“കാറ്റും കോളുമുള്ള സമയത്തു വലയുമായി മീൻപിടിക്കാനിറങ്ങുക വളരെ അപകടകരമാണ്. വലയിട്ടുകഴിഞ്ഞാൽ പിന്നെ ഏകദേശം രണ്ടു രണ്ടര മണിക്കൂർ എടുത്തേ വല മുഴുവനായും വലിച്ചു കയറ്റാൻ സാധിക്കൂ. അതിനിടയിൽ വലിയ മഴയും കാറ്റും വന്നാൽ കൂടുതൽ സമയമെടുക്കും, ഞങ്ങൾ അപകടത്തിൽപ്പെടും. കാറ്റിൽ ഒരുവിധം പിടിച്ചുനിൽക്കാം, എന്നാൽ ഇടിയും മിന്നലും കൂടി വന്നാൽ കടലിൽ നിൽക്കാനാവില്ല.”

മൺസൂൺ കാലത്താണ് ഏറ്റവും കൂടുതൽ മത്സ്യങ്ങൾ ലഭിക്കുന്നത്, അതുകൊണ്ടുതന്നെ മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് വർഷം മുഴുവൻ വേണ്ട വരുമാനം ഈ സമയത്തു സമ്പാദിക്കേണ്ടതായി വരുന്നു. എന്നാൽ കാലാവസ്ഥയും കടൽ സാഹചര്യങ്ങളും ഈ സമയത്തു വളരെ അപകടകരമാണ്. അതിന്റെ ഫലമായി നിരവധി അപകടങ്ങൾ സംഭവിക്കുകയും ചെയ്യുന്നു; ബോട്ടുകൾ, മത്സ്യബന്ധന ഉപകരണങ്ങൾ, വരുമാനം എന്നിവയോടൊപ്പം അവരുടെ ജീവൻ പോലും നഷ്ടപ്പെട്ടേക്കാവുന്ന സാഹചര്യമാണുളളത്.

കാലാവസ്ഥാ വ്യതിയാനം ഇന്ത്യയുടെ തെക്ക്-പടിഞ്ഞാറൻ തീര കാലാവസ്ഥയെ വർഷം മുഴുവനും കൂടുതൽ അസ്ഥിരവും പ്രവചനാതീതവുമാക്കിയിട്ടുണ്ട് (ഉദാഹരണത്തിന്, ഇന്ത്യയുടെ തെക്ക്-പടിഞ്ഞാറൻ തീരത്തെ ചുഴലിക്കാറ്റുകളുടെ വർദ്ധനവ്).

മത്സ്യ സമ്പത്തിലെ ഏറ്റക്കുറച്ചിലുകളും, കോവിഡ്-19 മൂലം മത്സ്യബന്ധനത്തിനു നടപ്പാക്കിയ നിരോധനവും, കാലാവസ്ഥയുടെ വർദ്ധിച്ചുവരുന്ന അനിശ്ചിതത്വവും എല്ലാം പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ലഭ്യമായ മത്സ്യബന്ധന ദിവസങ്ങളുടെ എണ്ണം കാര്യമായി കുറച്ചിട്ടുണ്ട്. അത് മൊത്തം ലഭിക്കുന്ന മത്സ്യത്തിന്റെ അളവിലും ഗണ്യമായി കുറവുണ്ടാക്കുന്നു. ഇത്തരമൊരു സാഹചര്യത്തിൽ വരുമാനം ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയും, മത്സ്യബന്ധനത്തിലെ പ്രവചനാതീതതയും പലപ്പോഴും പരമ്പരാഗത മത്സ്യത്തൊഴിലാളികളെ തങ്ങളുടെ സുരക്ഷിതത്വത്തേക്കാൾ വരുമാനത്തിന് മുൻഗണന നൽകാൻ പ്രേരിപ്പിക്കുന്നു.

സാമൂഹിക സാമ്പത്തിക പിന്നോക്കാവസ്ഥസ്‌ഥയ്‌ക്കൊപ്പം ജാതീയമായ പിന്നോക്കാവസ്ഥയും മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾ കൂടുതൽ സങ്കീർണ്ണമാക്കുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യകാലം വരെ ജാതിപരമായ വിവേചനങ്ങളും തൊട്ടുകൂടായ്‌മയും ഇവർക്ക് നേരിടേണ്ടിവന്നിട്ടുണ്ട് (Ram 1991; Devika 2017; Kurien 2004; Subramanian 2009).  ഇതേ ജാതീയതയാണ് ഇന്ന് ആധുനികതയ്‌ക്കു പുറത്തു നിൽക്കുന്ന അപരിഷ്കൃതരായി ഇവരെ അടയാളപ്പെടുത്താൻ സമൂഹത്തെ പ്രേരിപ്പിക്കുന്നത്. ഇത്തരം വ്യവഹാരങ്ങളിൽ ദാരിദ്ര്യം കൂടാതെ, പൊതുമാനങ്ങൾ ലംഘിക്കുന്ന സാമൂഹ്യരീതികൾ—അസഭ്യത, ഉച്ചത്തിലുള്ള പെരുമാറ്റം, തങ്ങളുടെ കാര്യങ്ങളിലുള്ള കടന്നുകയറ്റത്തെ എതിർക്കുന്ന വികാരതീവ്രമായ രീതികൾ—പിന്നോക്കാവസ്ഥയുടെ ലക്ഷണങ്ങളായി കല്പിക്കപ്പെടുന്നു. പൊതുജനങ്ങളും, ജനപ്രിയ മാധ്യമങ്ങളും ഉദ്യോഗസ്ഥസമൂഹവും പോലീസുമെല്ലാം തീരദേശസമൂഹത്തെ നിയമം പാലിക്കാനറിയാത്ത, അച്ചടക്കമില്ലാത്ത, സാമൂഹികമായ ഉയർച്ച കൈവരിക്കാൻ കഴിയാത്തവരായിട്ടാണ് കാണുന്നത് (Punathil 2018; Aswathy; Kalpana 2019 എന്നിവ പ്രസക്തമാണ്).

സംസ്ഥാനത്തു കാലങ്ങളായി നടക്കുന്ന സാമൂഹിക-സാമ്പത്തിക ഉന്നമനത്തിനായുള്ള ക്ഷേമപ്രവർത്തനങ്ങൾക്ക് മത്സ്യ തൊഴിലാളി വിഭാഗങ്ങൾ വിധേയരായിട്ടുണ്ട് (Kurien and Paul 2001; Kurien 2004 എന്നിവ പ്രസക്തമാണ്). എന്നാൽ നവലിബറൽ സാമ്പത്തികനയങ്ങൾ പിന്തുടരുന്ന ഈ കാലത്ത് മത്സ്യത്തൊഴിലാളിസമൂഹത്തെ വിദ്യാഭ്യാസമില്ലാത്ത പിന്നോക്കവിഭാഗമായും, സംസ്ഥാനത്തു നടക്കുന്ന മാർക്കറ്റ്-അനുസൃത ആധുനികവൽക്കരണത്തിനോട് പ്രതികരിക്കാത്ത, അതിൻറെ ആനുകൂല്യങ്ങൾ മുതലെടുക്കാൻ തയ്യാറല്ലാത്ത ‘ജാതീയ അപരരു’മായിട്ടാണ് പൊതുസമൂഹം മുദ്രകുത്തിയിട്ടുള്ളത് (Devika 2017). ചുരുക്കത്തിൽ, പൊതുസമൂഹത്തിന്റെ ഭാവനയിൽ മത്സ്യബന്ധനസമൂഹം ആർക്കും വഴങ്ങാത്ത, സാമൂഹിക-സാംസ്‌കാരിക നവീകരണത്തിലൂടെ ആധുനിക പൗരസമൂഹമാകാത്ത ഒരു വിഭാഗമാണ്.

മത്സ്യത്തൊഴിലാളികളുടെ ആവശ്യങ്ങൾ 

ചുരുക്കത്തിൽ, സാമ്പത്തികമായ അരക്ഷിതാവസ്ഥ, സാമൂഹിക പാർശ്വവത്ക്കരണം, മത്സ്യബന്ധനത്തിലെ പ്രവചനാതീത എന്നീ ഘടകങ്ങൾ മൂലം പരമ്പരാഗത മത്സ്യബന്ധന തൊഴിലാളികൾക്ക് സുരക്ഷ കൈവെടിഞ്ഞു വരുമാനമാർഗ്ഗം തേടേണ്ടി വരുന്നുണ്ട്. സുരക്ഷയ്ക്കും വരുമാനത്തിനുമുള്ള ആവശ്യങ്ങൾക്കിടയിൽ എങ്ങനെയാണു പരമ്പരാഗതമത്സ്യത്തൊഴിലാളികൾ തീരുമാനങ്ങളെടുക്കുന്നതറിയാൻ ഞങ്ങളുടെ റിസർച്ച് ടീം 300 ലധികം അഭിമുഖങ്ങൾ അവർക്കിടയിൽ നടത്തി. അതുപോലെ വീടുകൾ കയറി സർവ്വേകൾ, ഫോക്കസ് ഗ്രൂപ്പ് ചർച്ചകൾ എന്നിവയും നടത്തി. ഇങ്ങനെ മത്സ്യത്തൊഴിലാളികളുടെ പങ്കാളിത്തം കേന്ദ്രീകരിച്ചു നടത്തിയ പഠനം സങ്കീർണ്ണമായ ഘടകങ്ങളാണ് വെളിപ്പെടുത്തിയത്. വ്യത്യസ്തമായ പരമ്പരാഗതവും ശാസ്ത്രീയവുമായ അറിവുകൾ, കടലിലെ മത്സ്യലഭ്യത, കുടുംബങ്ങളുടെ സാമ്പത്തിക ആവശ്യങ്ങൾ എന്നിവയൊക്കെ അടിസ്ഥാനമാക്കിയാണ് മത്സ്യബന്ധനത്തിന് പോകണമോ വേണ്ടയോ എന്നവർ തീരുമാനിക്കുന്നത് എന്നു മനസ്സിലാക്കാൻ സാധിച്ചു.

മത്സ്യത്തൊഴിലാളികൾ കാലാവസ്ഥാ മുന്നറിയിപ്പുകൾക്കുവേണ്ടി ടീവി, റേഡിയോ, ഇന്റർനെറ്റ് , മൊബൈൽ അപ്പ്ളിക്കേഷൻസ് എന്നിങ്ങനെ ഒന്നിലധികം മാധ്യമങ്ങളെ ആശ്രയിക്കുന്നു എന്നത് ശ്രദ്ധേയമാണ്. മാത്രമല്ല, നിലവിലുള്ള കാലാവസ്ഥാ പ്രവചനങ്ങൾ വളരെ പരന്ന കടൽപ്രദേശങ്ങൾ അടിസ്ഥാനമാക്കിയവയാണ്. തീരത്തുനിന്നു 35-50 കി മീ ദൂരത്തുമാത്രം മത്സ്യബന്ധനം നടത്തുന്ന തൊഴിലാളികൾക്ക് ഇത്തരം പ്രവചനങ്ങൾ അവരുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ സഹായകരമല്ല. കൂടുതൽ കൃത്യമായി, താരതമ്യേന ചെറുതായിട്ടുള്ള വിസ്തൃതിയിലെ കാലാവസ്ഥ വ്യതിയാനങ്ങൾ മനസ്സിലാക്കുന്നതാണ് പ്രാവർത്തികമായി അവർക്കാവശ്യം. നിലവിലുള്ള മുന്നറിയിപ്പുകൾ മിക്കവാറും മത്സ്യബന്ധനത്തെ നിരോധിക്കുന്നവയായതുകൊണ്ട് മത്സ്യത്തൊഴിലാളികൾ കൂടുതലും ഇവയെ ആശ്രയിക്കാറില്ല. ഞങ്ങളോട് സംസാരിച്ചവരിൽ ഒരാളായ 37 കാരനായ മത്സ്യത്തൊഴിലാളി അവിടത്തെ കാലാവസ്ഥാപ്രവചനത്തിന്റെ കൃത്യമായൊരു ചിത്രം ഞങ്ങൾക്ക് നൽകി:

“ഇപ്പോൾ ലഭിക്കുന്ന കാലാവസ്ഥാപ്രവചനങ്ങൾ 50% മാത്രമാണ് ശരിയാകാറുള്ളത്. അതുപോലും ദിവസങ്ങൾ കഴിഞ്ഞാണ് നൽകാറുള്ളത്. മുന്നറിയിപ്പിൽ സമയവും തീയതിയും ലൊക്കേഷനും കൃത്യമായി നൽകാറില്ല. ഇത് ഞങ്ങളെ വല്ലാതെ വിഷമിപ്പിക്കാറുണ്ട്. ഞങ്ങളുടെ തീരത്തു കൃത്യമായ മുന്നറിയിപ്പുകൾ തരാൻ ഇനിയും എത്ര സമയം പിടിക്കും?”

ഇപ്പോൾ നിലവിലുള്ള കാലാവസ്ഥാപ്രവചനസാങ്കേതികത അപര്യാപ്‌തമാണെങ്കിലും അതിൽ വിശ്വാസക്കുറവുണ്ടെങ്കിലും പരമ്പരാഗതമത്സ്യത്തൊഴിലാളികൾ ശാസ്ത്രീയമായ മുന്നറിയിപ്പുകളോട് വളരെയധികം പ്രതികരിക്കുന്നെണ്ടെന്നാണ് ഈ പ്രൊജക്റ്റ് കണ്ടെത്തിയത്. പൊതുവെ ശാസ്ത്രീയ പരിഷ്കാരങ്ങളെ തിരസ്കരിക്കുന്നവരാണ് മത്സ്യബന്ധന സമുദായങ്ങൾ എന്ന പൊതുസമൂഹത്തിലെ ധാരണയ്ക്ക് വിപരീതമാണ് ഈ കണ്ടെത്തൽ. മാത്രമല്ല, അവരുടെ സുരക്ഷിതമായ ഉപജീവനത്തിനും വരുമാനത്തിനും സഹായകരമാകുന്ന, കൂടുതൽ കാര്യക്ഷമവും ശാസ്ത്രീയവുമായ ഇടപെടലുകൾ അവർ വ്യക്തമായി ആവശ്യപ്പെടുകയും ചെയ്യുന്നു. പഠനം നടത്തിയ മൂന്നിടങ്ങളിലും മത്സ്യത്തൊഴിലാളികൾ ആവശ്യപ്പെട്ടത് കൂടുതൽ കൃത്യമായ ദിവസേനയുള്ള പ്രാദേശിക കാലാവസ്ഥാ അറിയിപ്പുകൾ അവരുടെ ഭാഷയിൽ നൽകണം എന്നായിരുന്നു. ഇത്തരം മുന്നറിയിപ്പുകൾ അവരെ സഹായിക്കുന്നത് കടലിൽ പോകണമോ വേണ്ടയോ എന്ന തീരുമാനമെടുക്കാൻ മാത്രമല്ല, പ്രതികൂല കാലാവസ്ഥയെ നേരിടാൻ മുൻകൂട്ടി തയ്യാറെടുക്കാനുമാണ്.

പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ആവശ്യങ്ങൾ എങ്ങിനെ നടപ്പിലാക്കാം?

കൃത്യമായുള്ള ദിവസേനയുള്ള പ്രാദേശിക കാലാവസ്ഥാപ്രവചനങ്ങളാണ് മത്സ്യ തൊഴിലാളികൾക്ക് വേണ്ടതെന്നു മനസ്സിലായപ്പോൾ അത് പ്രാവർത്തികമാക്കാനുള്ള സാങ്കേതികവിദ്യ വികസിപ്പിച്ചെടുക്കുവാൻ ഞങ്ങൾ ചില പഠനങ്ങൾ നടത്തി. അതിൻറെ ഫലമായി മൂന്നു തലങ്ങളിലായി കാലാവസ്ഥാ പ്രവചനങ്ങൾ നല്‌കുവാനുള്ള രീതി ഞങ്ങൾ രൂപീകരിച്ചു. ഒന്ന്, ആഴ്ചയിലെ 7 ദിവസങ്ങളിൽ അറബിക്കടൽ മുഴുവൻ ഉൾപ്പെടുന്ന കാലാവസ്ഥാ മുന്നറിയിപ്പ്; രണ്ട്‌, കേരളത്തിന്റെ തീരപ്രദേശം ഉൾപ്പെടുന്ന അറബിക്കടലിന്റെ ഭാഗം മാത്രമുൾപ്പെടുന്ന കാലാവസ്ഥാ അറിയിപ്പ് മൂന്നു ദിവസത്തെ മുന്നറിയിപ്പ്; മൂന്ന്, തിരുവനന്തപുരം തീരപ്രദേശങ്ങൾ മാത്രമുൾപ്പെടുന്ന കൃത്യമായ ഹൈ റെസൊല്യൂഷൻ ദൈനംദിന പ്രവചനങ്ങൾ.

2021 ലെ മൺസൂൺകാലത്ത് ഉടനീളം ഞങ്ങൾ ഇത്തരമുള്ള പ്രാദേശിക മുന്നറിയിപ്പുകളുടെ പ്രവർത്തനക്ഷമത വിലയിരുത്തി. വിവിധ കാലാവസ്ഥാ പ്രതിഭാസങ്ങളെക്കുറിച്ചു ലഭ്യമായ ശാസ്ത്രീയമായ ഡാറ്റയോടൊപ്പം താരതമ്യം ചെയ്തും, ഞങ്ങളുടെ പ്രവചനങ്ങളെപ്പറ്റിയുള്ള മത്സ്യത്തൊഴിലാളികളുടെ അഭിപ്രായങ്ങളും അനുഭവങ്ങളും ശേഖരിച്ചുമാണ് ഇത് ചെയ്തത്. ഞങ്ങളുടെ പ്രവചനരീതിക്ക്‌ 80% ത്തിൽ അധികം കൃത്യതയുണ്ടായിരുന്നു എന്നിതിൽനിന്നു വ്യക്തമായി. ഇത്തരത്തിലുള്ള മൂന്നു തലങ്ങളിലുള്ള മുന്നറിയിപ്പ് രീതി മത്സ്യബന്ധന തൊഴിലാളികൾക്ക് സുരക്ഷിതവും സുസ്‌ഥിരവുമായ കൂടുതൽ മത്സ്യബന്ധനദിവസങ്ങൾ നൽകുന്നതായി കാണാൻ കഴിഞ്ഞു.

കൂടാതെ, പ്രാദേശിക കാലാവസ്ഥാ അറിയിപ്പുകൾ മത്സ്യത്തൊഴിലാളികൾക്കു നല്കുന്നതിനുവേണ്ടി ഞങ്ങൾ വിവിധ ആശയവിനിമയ സംവിധാനങ്ങൾ പരീക്ഷിക്കുകയും അവ വിജയകരമാണെന്ന് കണ്ടെത്തുകയും ചെയ്തു. അവരുടെ ആവശ്യങ്ങൾക്കനുസരിച്ച് ഞങ്ങൾ നിർമ്മിച്ച മൊബൈൽ ആപ്ലിക്കേഷനിലും വെബ്സൈറ്റിലും (https://kattumkadalum.org) വിശദമായ കാലാവസ്ഥാ ഗ്രാഫിക്‌സും പ്രാദേശിക കാലാവസ്ഥാ മുന്നറിയിപ്പുകളും മലയാളത്തിൽ നല്കി. അതിനുപുറമെ ഗവേഷകസംഘം പ്രാദേശികമായുള്ള കമ്മ്യൂണിറ്റി റേഡിയോ നിലയങ്ങളിലൂടെ (Radio Monsoon, Radio Kadal എന്നിവ) ദിവസവും കാലാവസ്ഥാ മുന്നറിയിപ്പുകൾ പ്രക്ഷേപണം ചെയ്തു. ഇത്തരം ആശയവിനിമയ സംവിധാനത്തിന്റെ പ്രയോജനവും ഉപയോഗവും നിരന്തരമായ ഇടപെടലുകളിലൂടെ മത്സ്യത്തൊഴിലാളികളെ ബോധ്യപ്പെടുത്തി. ഒപ്പം കാലാവസ്ഥാ വിവരങ്ങൾ മനസ്സിലാക്കാനും വ്യാഖ്യാനിക്കാനും ആശയവിനിമയസംവിധാനങ്ങൾ ഉപയോഗിക്കാനുമുള്ള കഴിവുകൾ മെച്ചപ്പെടുത്താനും ഞങ്ങൾ പരിശീലനം നൽകി. 2021 മൺസൂൺ കാലം മുഴുവൻ മത്സ്യത്തൊഴിലാളികളിൽനിന്നും തുടർച്ചയായി ശേഖരിച്ച പ്രതികരണങ്ങൾ വഴി ഞങ്ങൾ വികസിപ്പിച്ച ആശയവിനിമയസംവിധാനങ്ങളുടെ സാദ്ധ്യതകളും പ്രവർത്തനശേഷിയും മെച്ചപ്പെടുത്തുവാനും കഴിഞ്ഞു. കൂടാതെ മൊബൈൽ ആപ്പ്ളിക്കേഷനിലും വെബ്‌സൈറ്റിലും ഉപയോഗിക്കാനായി എളുപ്പം മനസ്സിലാക്കാനാവുന്ന തരത്തിലുള്ള കാലാവസ്ഥാ ചിത്രീകരണങ്ങൾ വികസിപ്പിക്കുക, പൊതുസ്ഥലങ്ങളിലുള്ള ഇലക്ട്രോണിക് ഡിസ്‌പ്ലേകളിൽ പ്രവചനങ്ങളും കാലാവസ്ഥാ ചിത്രീകരണങ്ങളും പ്രദർശിപ്പിക്കുക  എന്നീ നൂതന ആശയവിനിമയ രീതികളും ഇതിലൂടെ വികസിപ്പിക്കാനായി.

വിവിധ കാലാവസ്ഥ അറിയിപ്പുകൾ നോക്കാറുള്ള 37 വയസ്സുള്ള ഒരു മത്സ്യത്തൊഴിലാളി ഞങ്ങൾ വികസിപ്പിച്ച ആശയവിനിമയ സംവിധാനത്തിന്റെ അനുഭവം വിവരിക്കുന്നു:

“ഈയടുത്താണ് ഞാൻ ഇത് ഉപയോഗിക്കാൻ തുടങ്ങിയത്. കൊല്ലത്തു പണിയെടുക്കുന്ന കുറച്ചുപേർ വലിയ കാറ്റുകൊണ്ടു വല്ലാതെ ബുദ്ധിമുട്ടി. അതിനിടയിൽ അവർ എപ്പോഴോ ഈ മൊബൈൽ അപ്ലിക്കേഷൻ ഉപയോഗിക്കാൻ തുടങ്ങി. ഇതിൽ ലൊക്കേഷൻ കൊടുത്താൽ അവിടെ വീശുന്ന കാറ്റിന്റെ പ്രത്യേകതകൾ കണ്ടെത്താൻ കഴിയും.”

സുരക്ഷ, പ്രതിരോധം, സുസ്ഥിര ഉപജീവനം—മത്സ്യത്തൊഴിലാളികളുടെ പങ്കാളിത്തത്തോടെ

വളരെ ഉത്‍സാഹത്തോടെയാണ് മത്സ്യത്തൊഴിലാളികൾ കാലോചിതവും കൃത്യവും പ്രാദേശികവുമായ ദൈനംദിന തീരദേശ കാലാവസ്ഥാ പ്രവചനങ്ങളോട് പ്രതികരിച്ചത്. ആശയവിനിമയ ഉപകരണങ്ങളുടെ ഉപയോഗം ഞങ്ങൾ നിരീക്ഷിച്ചപ്പോൾ ഞങ്ങൾ ഉൽപ്പാദിപ്പിച്ച കാലാവസ്ഥാ വിവരങ്ങളുടെ ഗണ്യമായ ഉപയോഗവർദ്ധനവാണ് കണ്ടത്. കാലാവസ്ഥാ വിവരങ്ങളുടെ ഉത്പാദനവും ആശയവിനിമയവും എങ്ങനെ മെച്ചപ്പെടുത്താം എന്നതിനെക്കുറിച്ചുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും മത്സ്യത്തൊഴിലാളികൾ തുടർച്ചയായി നൽകുന്നുണ്ട്.

ഞങ്ങളുടെ ഗവേഷണത്തിലെ ഏറ്റവും പ്രധാനപ്പെട്ട വസ്തുത  പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് കൃത്യമായതും വിശ്വസനീയവുമായ കാലാവസ്ഥാ ശാസ്‌ത്രത്തിന്റെയും അവരുടെ ജോലിക്ക് സഹായകമാവുന്ന സാങ്കേതികതയുടെയും പിന്തുണ തുടർച്ചയായി ആവശ്യമാണെന്നും, അതവർക്ക് സഹായകരമാകുമെന്നുമാണ്.  പ്രാദേശിക കാലാവസ്ഥാ പ്രവചനങ്ങളുടെ ഉത്പാദനം, നിർവഹണം, ആശയവിനിമയം എന്നിവയിലും സുരക്ഷിതവും സുസ്ഥിരവുമായ മത്സ്യബന്ധന രീതികൾ പ്രോത്സാഹിപ്പിക്കുന്നതിലും പങ്കാളികളാക്കാൻ അവർ സന്നദ്ധരാണ്, ആ പങ്കാളിത്തത്തിന് അവർ അർഹരുമാണ്. ഔദ്യോഗിക കാലാവസ്ഥാ പ്രവചനങ്ങളിൽ അവർക്കു വിശ്വാസമുണ്ടാകാനും അവർ ആ നിർദേശങ്ങൾ പാലിക്കുവാനും കാലാവസ്ഥാ പ്രവചന സാങ്കേതികവിദ്യയുടെ നിർമ്മാണത്തിൽ  അവർക്കുള്ള പങ്കാളിത്തം അനിവാര്യമാണെന്ന് ഞങ്ങളുടെ ഗവേഷണം തെളിയിക്കുന്നു.

വൈകാതെ ഈ സംയുക്ത പഠനത്തിന്റെ ഡാറ്റയും, വിശകലനങ്ങളും, ഫലങ്ങളും കേരള സർക്കാരിനും കൂടുതൽ തീരദേശ സമൂഹങ്ങൾക്കും മറ്റ് പ്രസക്തമായ സർക്കാർ, സർക്കാരിതര പങ്കാളികൾക്കും ലഭ്യമാക്കാൻ ഗവേഷണ സംഘം ലക്ഷ്യമിടുന്നു.

 

ഗ്രന്ഥസൂചി

  • Aswathy, P., and K. Kalpana. 2019. “Good Woman, Bad Woman: Social Control and Self-Regulation in Kerala’s artisanal fisheries.” Women’s Stud. Int. Forum, 74 : 196–20. https://doi.org/10.1016/j.wsif.2019.04.006
  • Central Marine Fisheries Research Institute, 2015: CMFRI Annual Report 2014-15. CMFRI Rep: 1-353. http://eprints.cmfri.org.in/10461/1/CMFRI%20Annual%20Report%202014-15.pdf
  • Central Marine Fisheries Research Institute, 2020: CMFRI Annual Report 2018-19. CMFRI Rep: 1-320. http://eprints.cmfri.org.in/13922/1/CMFRI%20AR2019.pdf.
  • Devika, J.2017. “Surviving in Contemporary Kerala: Reflections from Recent Research in a Fisher Village.” Dev. Change, 48: 364–386. https://doi.org/10.1111/dech.12299.
  • Dietrich, G., and N. Nayak. 2002: Transition or Transformation? A Study of the Mobilisation, Organisation and the Emergence of Consciousness among the Fishworkers of Kerala. Madurai: Tamilnadu Theological Seminary.
  • Ganga, A. 2019: “Citizenship at the Margins: Exploring Participation as ‘Right to the City’ in Vizhinjam, Kerala.” Urbanisation, 4: 77–93, https://doi.org/10.1177/2455747119892347
  •  Kumar, Ashwin, J. “145 Fishermen Died at Sea in 5 Years in Thiruvanathapuram.” The Times of India, November 22, 2021. https://timesofindia.indiatimes.com/city/thiruvananthapuram/145-fishermen-died-at-sea-in-5-years-highest-in-kerala/articleshow/87842439.cms
  • Kurien, J. 1991. Ruining the Commons and Responses of the Commoners: Coastal Overfishing and Fishermen’s Actions in Kerala State, India. Geneva: United Nations Research Institute for Social Development.
  • Kurien, J. 1995. “The Kerala Model: Its Central Tendency and the Outlier.” Social Scientist, 23: 70–90.  https://doi.org/10.2307/3517892
  • Kurien, J. 2004. “The Socio-Cultural Aspects of Fisheries: Implications for Food and Livelihood Security—A Case study of Kerala State, India. inJ. R. McGoodwin, Ed., Understanding the Cultures of Fishing Communities: A Key to Fisheries Management and Food Security, FAO Fisheries Tech. Paper 401. http://www.fao.org/3/y1290e/y1290e0g.htm#bm16
  • Kurien, J., and A. Paul. 2001: Social Security Nets for Marine Fisheries: The Growth and Changing Composition of Social Security Programmes in the Fisheries Sector of Kerala State. Centre for Development Studies.
  • Murakami, Hiroyuki, Gabriel A. Vecchi, and Seth Underwood. 2017.  “Increasing Frequency of Extremely Severe Cyclonic Storms over the Arabian Sea.”  Nature Climate Change 7: 885–889. https://doi.org/10.1038/s41558-017-0008-6.
  • Punathil, Salah. 2018. Interrogating Communalism: Violence, Citizenship and Minorities in South India. London: Routledge.
  • Ram, K. 1991. Mukkuvar Women: Gender, Hegemony and Capitalist Transformation in a South Indian Fishing Community. Zed Books.
  • Rijiju, K. 2018: Minister of State in the Ministry of Home Affairs, Lok Sabha Unstarred question No. 4055 to be answered on 20 March 2018. Government of India Ministry of Home Affairs Doc: 1-5. https://www.mha.gov.in/MHA1/Par2017/pdfs/par2018-pdfs/ls-20032018/LSQ.4055.pdf
  • Roshan, M., 2018. “Cyclone Ockhi: Disaster Risk Management and Sea Safety in the Indian Marine Fisheries Sector.” Samudra Monogr., International Collective in Support of Fishworkers. https://www.icsf.net/images/monographs/pdf/english/issue_165/165_Ockhi_Study_Manas_2018.pdf
  • Sathiadhas, R. 2006. “Socio Economic Scenario of Marine Fisheries in Kerala—Status and Scope for Improvement.” Sasthrapadham National Seminar, Bombay, India, Sasthrapadham Institute of Social Sciences: 149–160. http://eprints.cmfri.org.in/5649/1/Socio_Economic_Scenario_of_Marine._Fisheries_in_Kerala_-_Status_and_Scope_for_Improvement..pdf·
  • Shyam, S. S., V. Kripa, P. U. Zacharia, N. Shridhar, and T. V. Ambrose. 2014. “Climate Change Awareness, Preparedness, Adaptation and Mitigation Strategies: Fisherfolks Perception in Coastal Kerala. Journal of Aquatic Biology and Fisheries. 2: 670–681. http://keralamarinelife.in/Journals/Vol2-2/104.pdf·
  • Shyam, S. Salim, R. Narayanakumar, R. Sathiadhas, U. Manjusha, and Bindu Antony. 2017. “Appraisal of the socio-economic status of fishers among the different sectors in Kerala, South-West coast of India.” Indian Journal of Fisheries 64, no. 1 (2017): 66-71. http://eprints.cmfri.org.in/11655/
  • South Indian Federation of Fishermen Societies. 2017. “Sea Safety Incidents on the Lower South West Coast of India.” Thiruvananthapuram. SIFFS Doc.
  • State Planning Board. 2017: Economic Review. Government of Kerala. https://spb.kerala.gov.in/economic-review/ER2017/web_e/index.php
  • Subramanian, A. 2009: Shorelines: Space and Rights in South India. Stanford University Press.
  • Wind and Waves. https://wind.25p.in/

 


ലേഖകരെക്കുറിച്ച്: ഫിലിപ്പോ ഒസെല്ല 2019 മുതൽ നടക്കുന്ന ‘ഫോർകാസ്റ്റിംഗ് വിത്ത് ഫിഷർസ്’ (കാലാവസ്ഥാപ്രവചനം മത്സ്യത്തൊഴിലാളികളോടൊപ്പം) എന്ന പ്രോജക്ടിന്റെ പ്രധാന ഇൻവെസ്റ്റിഗേറ്റർ ആണ്. സസെക്സ് സർവകലാശാലയിലെ ആന്ത്രോപോളജി ആൻഡ് സൗത്ത് ഏഷ്യൻ സ്റ്റഡീസസിൽ പ്രൊഫസർ ആയി പ്രവർത്തിക്കുന്നു. കഴിഞ്ഞ 30 വർഷമായി കേരളത്തിലെ സാമൂഹിക സാമ്പത്തിക മാറ്റങ്ങളെക്കുറിച്ചു പഠനങ്ങൾ നടത്തുന്നു.

ജോൺസൻ ജമെന്റ് ‘ഫോർകാസ്റ്റിംഗ് വിത്ത് ഫിഷർസ്’ പ്രോജക്ടിന്റെ റിസർച്ച് അസ്സോസിയേറ്റ് ആണ്. ഇതിനു മുൻപ് നോർത്താംപ്ടൺ സർവകലാശാലയുമായി സഹകരിച്ചു അവരുടെ വിദ്യാഭ്യാസ പഠനങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. കേരളത്തിലെ തീരദേശവിഭാഗത്തിൽനിന്നുള്ള ഗവേഷകനാണ്.

English Summary: In this article from Ala’s special issue on the Forecasting Fishers Project, Filippo Osella and Johnson Jament write about how technology was democratised for the purpose of weather predictions and warnings for the fishers. They share experiences of participatory methods that led to innovative approaches, and some challenges that emerged.

Please follow and like us:

One comment

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.