കേരളവും ജൈവകൃഷിയും: ഒരു നിശ്ശബ്‌ദ വിപ്ലവം

കാർഷിക മേഖലയിലെ പ്രതിസന്ധി ഒരു ദേശീയ പ്രശ്നമായി നിലനിൽക്കവേ കേരളത്തിലെ ജൈവകൃഷിയിലെ മുന്നേറ്റങ്ങൾ പ്രതീക്ഷയ്ക്കു വകയുണ്ടാക്കുന്നുണ്ടോ? കഴിഞ്ഞ രണ്ടു ദശാബ്ദങ്ങളിലെ കണക്കുകളും കൃഷിനയവും പരിശോധിച്ച് ഈ മുന്നേറ്റങ്ങളെ അജിൽ വിലയിരുത്തുന്നു.

അജിൽ മാങ്കുന്നുമ്മൽ

ആധുനിക കൃഷി രീതിയുടെ ആരംഭം ഇന്ത്യയിൽ സംഭവിക്കുന്നത് 1960കളിൽ നടപ്പിലാക്കിയ ഹരിത വിപ്ലവത്തിലൂടെയായിരുന്നു. അത്യുല്പാദന ശേഷിയുള്ള വിത്തുകൾ, രാസവളം, കീടനാശിനി എന്നിവയിലൂടെ അവലംബിച്ച കൃഷിരീതി ഭക്ഷ്യ, ഭക്ഷ്യ-ഇതര കൃഷി ഉത്പന്നങ്ങളുടെ ഉല്പാദന വർധനവിൽ കാര്യമായ പങ്ക് വഹിക്കുകയും, വർധിച്ചു വരുന്ന ജനസംഖ്യക്ക് ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുകയും ചെയ്തു. എന്നാൽ പ്രകൃതി സൗഹൃദമായ പരമ്പരാഗത കൃഷി രീതിയിൽ നിന്നുള്ള ഈ വ്യതിയാനം കൃഷിയുടെ സുസ്ഥിരതയെ പ്രതികൂലമായി ബാധിച്ചു. ഉയർന്നു കൊണ്ടിരിക്കുന്ന കൃഷി ചിലവും മണ്ണിന്റെ പുഷ്ടിയിലുണ്ടായ ഗണ്യമായ കുറവും കർഷകരുടെ വരുമാനത്തിലുണ്ടായ കുറവുകളുമൊക്കെ ഇപ്പോൾ ഭക്ഷ്യ സുരക്ഷക്ക് വെല്ലുവിളി ഉയർത്തുന്നു. ഈ അവസരത്തിലാണ് രാജ്യം ജൈവകൃഷിയിലേക്കും പ്രകൃതി സൗഹൃദമായ പരമ്പരാഗത  കൃഷിയിലേക്കും തിരിച്ചു പോവാൻ ഒരുങ്ങുന്നത്. ഇക്കണോമിക് സർവ്വേ 2021-22 (പേജ് 264) രാസവളങ്ങൾക്കും കീടനാശിനികൾക്കും ഒരു ബദൽ വേണമെന്നതിന്റെ പ്രാധാന്യത്തെ കുറിച്ച് ശരി വെക്കുകയും ചെയ്യുന്നു. എന്നാൽ രാജ്യം ഇപ്പോൾ ചിന്തിക്കുന്ന ഈ ബദലിനെ കുറിച്ച് കേരളം 2010 ഇൽ തന്നെ ചിന്തിച്ചിരുന്നു. ഇതിന്റെ ഭാഗമായി സംസ്ഥാന ജൈവകൃഷി നയം രൂപപ്പെടുത്തുകയും ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്തിരുന്നു. പ്രസ്തുത ലേഖനം കേരളത്തിലെ ജൈവകൃഷി നയത്തിന്റെ സ്വാധീനം സംബന്ധിച്ചിട്ടുള്ളതാണ്. കേരള സംസ്ഥാന ആസൂത്രണ ബോർഡിൻറെ 2018, 2019, 2020 വർഷങ്ങളിലെ സാമ്പത്തിക അവലോകന റിപ്പോർട്ടുകൾ, ദേശീയ കൃഷിമന്ത്രാലയം പ്രസിദ്ധീകരിക്കുന്ന അഗ്രിക്കൾച്ചർ സ്റ്റാറ്റിസ്റ്റിക്‌സ് എന്നിവയിൽ നിന്നെടുത്ത ഡാറ്റയുടെ വിശകലനത്തിൻറെ അടിസ്ഥാനത്തിലാണ് ഈ ലേഖനം തയ്യാറാക്കിയിട്ടുള്ളത്.

Image of farm
പുഴക്കടവിലെ ജൈവ കൃഷി – കോഴിക്കോട് ജില്ലയിലെ ബിച്ചുണ്ണി എന്ന ജൈവകർഷകന്റെ കൃഷിയിടത്തിൽ നിന്നും. (ലേഖകൻ എടുത്ത ഫോട്ടോ)

ജൈവകൃഷിയിലേക്കുള്ള മാറ്റം

1990കൾ മുതൽ ആധുനിക കൃഷി രീതിക്ക് എതിരായ ചില പ്രചാരണങ്ങൾ കേരളത്തിൽ ഉണ്ടായിരുന്നുവെങ്കിലും, സംസ്ഥാനത്തിന് വേണ്ടി ഒരു ജൈവകൃഷി നയം രൂപീകരിക്കണമെന്ന ആവശ്യം ശക്തമായത് 2007 ഇൽ ആയിരുന്നു. പിന്നീട് മൂന്നു വർഷത്തിന് ശേഷം, കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിൻറെ നേതൃത്വത്തിൽ ചിട്ടപ്പെടുത്തിയ കേരള സംസ്ഥാന ജൈവകൃഷി നയം 2010 ഇൽ അംഗീകരിക്കപ്പെട്ടു. ‘കേരളത്തിലെ കാർഷിക വ്യവസ്ഥയെ സുസ്ഥിരവും ലാഭകരവും വിപണിയിൽ പിടിച്ചു നില്ക്കാൻ പ്രാപ്തവും എല്ലാ പൗരന്മാർക്കും വിഷവിമുക്തമായ വെള്ളം, മണ്ണ്, ഭക്ഷണം എന്നിവ പ്രദാനം ചെയ്യാൻ കെൽപ്പുള്ളതുമാക്കി മാറ്റുക’ എന്ന ദർശനത്തോടെ കൊണ്ടുവന്ന ജൈവകൃഷി നയത്തിൽ 24 തന്ത്രങ്ങളാണ് കേരളം മുന്നോട്ട് വെച്ചത്. വിത്തിന്മേൽ കൃഷിക്കാരുടെയും സംസ്ഥാനത്തിന്റെയും പരമാധികാരം ഉറപ്പാക്കുക, സംസ്ഥാനത്തു ഘട്ടം ഘട്ടമായി ജൈവകൃഷിനയം നടപ്പിലാക്കുക, മണ്ണ്, ജല സംരക്ഷണ ഉപാധികൾ ഉറപ്പാക്കുക, കൃഷിക്കാർക്ക് ഗുണ നിലവാരത്തിലുള്ള ജൈവവളത്തിന്റെ ലഭ്യത ഉറപ്പാക്കുക, ജൈവകൃഷിക്കാവശ്യമായ സാഹചര്യവും സാമഗ്രികളും ഉറപ്പാക്കുക, സ്റ്റോറേജ്, ട്രാൻസ്‌പോർട്ടേഷൻ സൗകര്യങ്ങൾ ഏർപ്പെടുത്തുക, രാസവസ്തുക്കളെയും കീടനാശിനികളെയും സംസ്ഥാനത്തു നിന്ന് ഘട്ടം ഘട്ടമായി നിർമാർജ്ജനം ചെയ്യുക, വിവിധ വകുപ്പുകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുടെ പ്രവർത്തനങ്ങൾ സംയോജിപ്പിക്കുക എന്നിവയായിരുന്നു പ്രധാനപ്പെട്ട തന്ത്രങ്ങൾ.

കാർഷിക വികസന കർഷക ക്ഷേമ വകുപ്പും, പച്ചക്കറി പഴ പ്രോത്സാഹന വകുപ്പ് (VFPCK), സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ (SHM), എന്നിവരിലൂടെയാണ് ഇപ്പോൾ ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. പ്രധാനമായും ജൈവകൃഷി നടക്കുന്നത് ക്ലസ്റ്റർ അപ്പ്രോച്ചിലൂടെയുള്ള ജൈവ ഗ്രാമങ്ങളിലൂടെയാണ്. ഒരു നിശ്ചിത എണ്ണം കർഷകരുടെ കൂട്ടമാണ് ക്ലസ്റ്റർ. ഒരു ക്ലസ്റ്ററിൽ നിശ്ചിത ഹെക്ടർ കാർഷിക ഭൂമി കൂടി ഉണ്ടായിരിക്കണം. കേരള കാർഷിക സർവകലാശാലയിൽ നിന്നുള്ള വിദഗ്ദ്ധർ ക്ലസ്റ്ററിലെ കർഷകർക്ക് പരിശീലനം നൽകും. ഇത് കൂടാതെ ഓരോ ക്ലസ്റ്ററിനും സബ്‌സിഡിയും നൽകുന്നു. 2010ലെയും 2012ലെയും നയങ്ങളിലൂടെ 2016ഓട് കൂടി സമ്പൂർണ ജൈവ സംസ്ഥാനമായി കേരളത്തെ മാറ്റുക എന്നതായിരുന്നു ലക്‌ഷ്യം. അതിന്റെ ഭാഗമായാണ് കാസർഗോഡ് ജില്ലാ സമ്പൂർണ ജൈവ ജില്ലയായി 2012ൽ പ്രഖ്യാപിച്ചതും. പക്ഷെ ആ ഒരു ലക്‌ഷ്യം കേരളത്തിന് സാധിക്കാൻ കഴിയാതെ വന്നു. എന്നിരുന്നാലും, ജൈവ ക്ലസ്റ്റർ പ്രോത്സാഹനത്തിന്റെ ഭാഗമായി, 2019-20ൽ 5000 ഹെക്ടറിൽ ഉള്ള 200 ഉത്തമ കൃഷി മുറകളുടെ (Good Agricultural Practices) ക്ലസ്റ്ററുകൾ രൂപീകരിക്കുവാൻ കേരളത്തിന് സാധിച്ചു. 2020ഇൽ 64095 ഹെക്ടറുകളിലായി 1405 ഉത്തമ കൃഷി മുറകളുടെ ക്ലസ്റ്ററുകളും പരമ്പരാഗത കൃഷി വികാസ് യോജന (PKVY) യുടെ ഭാഗമായി 12380 ഹെക്ടറിലായി 619 ജൈവ ക്ലസ്റ്ററുകളും കേരളത്തിലുണ്ട് (ഇക്കണോമിക് റിവ്യൂ, 2020). ഇത് കൂടാതെ കേന്ദ്ര സർക്കാരിന്റെ ഭാരതീയ പ്രകൃതിക് കൃഷി പദ്ധതി (BPKP) വഴിയും രാസ വസ്തുക്കളുടെ ഉപയോഗം മണ്ണിൽ നിന്ന് എന്നന്നേക്കുമായി ഇല്ലാതാക്കാനുള്ള പ്രവർത്തനങ്ങളും നടക്കുന്നു. ഏറ്റവും പുതിയ കണക്ക് പ്രകാരം കേരളത്തിൽ 84000 ഹെക്ടർ ഭൂമി BPKP യുടെ പരിധിയിൽ പെടുന്നു (ഇക്കണോമിക് സർവ്വേ, 2022).

2021-22 ബഡ്ജറ്റിൽ ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി മൊത്തം 240 ലക്ഷം രൂപയാണ് മാറ്റി വെച്ചത് (കാർഷിക വികസന കർഷക ക്ഷേമ വകുപ്പ്, കേരള, 2021).  കൃത്യമായ രജിസ്ട്രേഷനും സര്‍ട്ടിഫിക്കേഷനോടും കൂടിയുള്ള ജൈവ ക്ലസ്റ്ററുകളുടെ ആരംഭം, ജൈവ ഉല്പാദനോപാധികളുടെ ഫാമുകളിൽ തന്നെയുള്ള ഉൽപാദനം, ജൈവകൃഷി ഉല്പന്നങ്ങളുടെ വിപണനം, വി.എഫ്‌.പി.സി.കെ (Vegetable and Fruit Promotion Council Keralam) മുഖാന്തരമുള്ള പഴം, പച്ചക്കറികളുടെ ജൈവകൃഷിയും സര്‍ട്ടിഫിക്കേഷനും, ജൈവകൃഷിയിലൂടെയുള്ള സുരക്ഷിതമായ ഭക്ഷ്യോല്പാദനം എന്നിവയ്ക്കാണ് ഫണ്ട് മാറ്റിവെച്ചത്. ഘട്ടം ഘട്ടമായുള്ള ജൈവകൃഷിലേക്കുള്ള മാറ്റമാണ് കാല കാലങ്ങളായി കേരളം ഉൾക്കൊണ്ട നയങ്ങളിലൂടെയുള്ള ഫലങ്ങൾ വ്യക്തമാകുന്നത്.

രാസവള-കീടനാശിനി ഉപഭോഗം 

താഴെയുള്ള ചിത്രം 1 കാണിക്കുന്നത് 1998-99 മുതൽ 2018-19 വരെയുള്ള കേരളത്തിലെ രാസവളങ്ങളുടെ ഹെക്ടർ തോറുമുള്ള ഉപഭോഗം ആണ്. 1998 ഇൽ ഒരു ഹെക്ടറിൽ 60.09 കി. ഗ്രാം രാസവളം (N+P+K) ആണ് ഉപയോഗിച്ചിരുന്നത്. 2012 എത്തിയപ്പോഴേക്കും അത് 113.2 കി.ഗ്രാം ആയി കൂടി. എന്നാൽ 2012 നു ശേഷം രാസവള ഉപഭോഗത്തിൽ വളരെ ഗണ്യമായ ഒരു കുറവ് ഉണ്ടാകുന്നത് നമുക്ക് കാണാൻ സാധിക്കും. 2018-19 ആയപ്പോഴേക്കും 36.38 കി.ഗ്രാം/ ഹെക്ടർ ആയി ഉപയോഗം കുറഞ്ഞു.

ഉറവിടം: ഇന്ത്യൻ സർക്കാരിൻ്റെ അഗ്രിക്കൾച്ചർ സ്റ്റാറ്റിസ്റ്റിക്‌സ്, ഡേറ്റ ഉപയോഗിച്ച് ലേഖകൻ തയ്യാറാക്കിയത്.
ഇന്ത്യൻ സർക്കാരിൻ്റെ അഗ്രിക്കൾച്ചർ ഡേറ്റ ഉപയോഗിച്ച് ലേഖകൻ തയ്യാറാക്കിയത്.

 

 

 

 

 

 

 

 

കേരളത്തിൻറെ മൊത്ത രാസവള ഉപയോഗത്തിലും നമുക്ക് ഇതേ പ്രവണത കാണാൻ സാധിക്കും. ചിത്രം 2ൽ 2013 -14 ൽ വളരെ ഉയർന്ന നിലയിൽ എത്തിയ രാസവള പ്രയോഗം അതിനു ശേഷം കുറഞ്ഞു വരുന്നത് കാണാൻ സാധിക്കും. കീടനാശിനിയുടെ കാര്യത്തിലും ഇത് തന്നെയായിരുന്നു സ്ഥിതി.  2017-2019 വർഷങ്ങളെ അപേക്ഷിച്ചു 2019-20 വർഷത്തിൽ കീടനാശിനി പ്രയോഗം പകുതിയോളം കുറയുന്നതായി കാണാം  (കാർഷിക വികസന കർഷക ക്ഷേമ വകുപ്പ്, 2020). ലോകമെമ്പാടും കാണുന്ന രാസവളങ്ങളുടെയും കീടനാശിനികളുടെയും അമിതമായ പ്രയോഗം ആശങ്കകൾ സൃഷ്ടിക്കുമ്പോഴും കേരളത്തിൽ വളരെ വ്യത്യസ്തമായ വ്യവസ്ഥിതിയാണുള്ളത് എന്ന് ഈ കണക്കുകൾ സൂചിപ്പിക്കുന്നു. എന്തുകൊണ്ടാകാം ഇത്? കേരളത്തിൻറെ ജൈവകൃഷി നയങ്ങളും നടപടികളും പരിശോധിച്ചാൽ ഇതിനുള്ള ഉത്തരം കിട്ടും.

രാസവള-കീടനാശിനി ഉപയോഗം മണ്ണ്, ജലം എന്നിവയെ മലിനമാക്കുകയും വിഷലിപ്തമായ കൃഷി ഉത്പന്നങ്ങൾക്കു വഴിയൊരുക്കുകയും ചെയ്യും എന്ന വാദം നിലനിൽക്കവേ തന്നെ, കാർഷിക ഉത്പാദനം വർധിപ്പിക്കുന്നതിൽ ഇവ വഹിച്ച പങ്ക് വിസ്മരിക്കരുത്. കേരള സംസ്ഥാന ജൈവകൃഷി നയത്തിന്റെ പ്രധാനപ്പെട്ട തന്ത്രങ്ങളിൽ ഒന്നായിരുന്നു രാസവളങ്ങളുടെയും കീടനാശിനികളുടെയും ഉപയോഗം കേരളത്തിൽ കാലക്രമേണ കുറച്ചുകൊണ്ട് വരിക എന്നുള്ളത്. ചുരുക്കത്തിൽ വിഷവിമുക്തമായ വെള്ളം, മണ്ണ്, ഭക്ഷണം എന്നിവക്ക് വേണ്ടിയുള്ള ആവശ്യകത കർഷകരുടെ ഇടയിലും പൗരന്മാരുടെ ഇടയിലും വളർത്തിക്കൊണ്ടു വരാൻ കേരളത്തിന് സാധിച്ചു.

കേരളവും കാർഷിക ഉല്പാദനക്ഷമതയും

കേരളത്തിൽ കാലങ്ങളായി കൃഷിഭൂമി കുറഞ്ഞുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, ഉത്പാദനക്ഷമത കൂട്ടുക എന്നതിന് മുഖ്യ പ്രാധാന്യം ഉണ്ട്.  കാർഷിക ഉല്പാദനക്ഷമതയെ കുറയ്ക്കും എന്നുള്ളത് ജൈവ കൃഷിക്കെതിരെയുള്ള പ്രധാനമായ വിമർശനമാണ്. ഒരു നിശ്ചിത കാർഷിക ഭൂമിയിൽ നിന്നുള്ള കാർഷിക ഉത്പന്നങ്ങൾ ജൈവകൃഷിയിലേക്ക് മാറുന്നതിലൂടെ കുറഞ്ഞു വരുന്നു എന്നതാണ് ഇതിലൂടെ അർത്ഥമാക്കുന്നത്. ആഗോളതലത്തിൽ ഇതിനുള്ള ഉദാഹരണമാണ് ശ്രീലങ്ക. 2019ലെ ‘Vistas of Prosperity and Splendour’ എന്ന നയത്തിലൂടെ 2021 മെയ് 6നു ശ്രീലങ്ക, രാജ്യത്തേക്കുള്ള രാസവളങ്ങളുടെയും കീടനാന്സിനികളുടെയും ഇറക്കുമതി നിർത്തി, പൂർണമായും ജൈവകൃഷിയിലേക്ക് മാറി. കർഷകർക്ക് കൃത്യമായ ബോധവത്കരണം നൽകാതെ നടപ്പിലാക്കിയ ഈ നയം പിന്നീട് ശ്രീലങ്കയിൽ കാർഷിക ഉത്പാദനം കുറയുന്നതിന് ഇടയാക്കുകയും, കാർഷിക ഉത്പന്നങ്ങളുടെ അനിയന്ത്രിതമായ വിലക്കയറ്റത്തിന് കാരണമാവുകയും ചെയ്തു. ഉത്പാദനക്ഷമത കുറഞ്ഞതോടെ ശ്രീലങ്ക കാർഷിക പ്രതിസന്ധിയിൽ ആയി. കർഷകരുടെ തുടർച്ചയായ സമരങ്ങളുടെ പശ്ചാത്തലത്തിൽ, ആറു മാസത്തിനു ശേഷം ശ്രീലങ്ക നയം മാറ്റുകയും 2021 നവംബറിൽ രാസവളങ്ങളും കീടനാശിനികളും ഇറക്കുമതി ചെയ്യുകയും ചെയ്തു. ഈ ഒരു സാഹചര്യത്തിലാണ് കേരളത്തിലെ കാർഷിക ഉല്പാദനക്ഷമതയെ നമ്മൾ വിശകലനം ചെയ്യുന്നത്.

താഴെയുള്ള പട്ടിക 1ൽ കാണിച്ചിരിക്കുന്നത് കേരളത്തിൽ കൃഷി ചെയ്യുന്ന പ്രധാന കാർഷിക ഉത്പന്ന വിഭാഗങ്ങളുടെ ഉല്പാദനക്ഷമതയാണ്. ഉല്പാദനക്ഷമതയെ ഇവിടെ നമ്മൾ അളന്നിരിക്കുന്നത് ഒരു ഹെക്ടർ കൃഷി ഭൂമിയിൽ നിന്ന് എത്രത്തോളം കിലോഗ്രാം വിളവ് ലഭിക്കുന്നു എന്നത് വെച്ചാണ്. കേരളത്തിൽ കൃഷി ചെയ്യുന്ന ഭൂമിയുടെ അളവ് മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച കുറവാണെങ്കിലും, വർഷം 2000-01 നെ അപേക്ഷിച്ചു നോക്കുമ്പോൾ 2019-20 ഇൽ എല്ലാ വിഭാഗങ്ങളുടെയും ഉത്പാദനക്ഷമത വർധിച്ചിട്ടുണ്ട്. ഭക്ഷ്യധാന്യ വിഭാഗത്തിൽ ഏറ്റവും കൂടുതൽ കൃഷി ചെയ്യപ്പെടുന്ന നെല്ലിന്റെ ഉല്പാദനകഷമത 2162.01 കി.ഗ്രാം/ഹെക്ടർ (2000-01) ഇൽ നിന്ന് 3055.65 കി.ഗ്രാം/ഹെക്ടർ (2019-20) ആയി കൂടിയിട്ടുണ്ട്.  ഹോർട്ടികൾച്ചർ വിളകളായ പഴം പച്ചക്കറി വിഭാഗങ്ങളിലും കാര്യമായ പുരോഗതി ഉണ്ടാക്കാൻ കേരളത്തിന് സാധിച്ചു. തോട്ട വിളകളായ നാളികേരം, അടക്ക, കശുവണ്ടി  എന്നിവയിലുണ്ടായ നേട്ടങ്ങൾ കൂടുത വാണിജ്യ വിളകളുടെ കൃഷിക്കുള്ള ഊന്നൽ കൊടുക്കാനും സഹായകരമാവും.

പട്ടിക 1: കേരളത്തിലെ കാർഷികക്ഷമത, 2000-20 (കി.ഗ്രാം/ഹെക്ടർ ). ഉറവിടം: അഗ്രിക്കൾച്ചർ സ്റ്റാറ്റിസ്റ്റിക്‌സ്, ഇന്ത്യ. കുറിപ്പ്: നാളികേരം എണ്ണം/ഹെക്ടർ ആണ്.

ജൈവകൃഷിയിൽ ഇനിയെന്ത്?

ഉത്പ്പാദനശേഷി കുറയാതെത്തന്നെ ജൈവകൃഷി വിപുലീകരിക്കുവാൻ കേരളത്തിന് കഴിഞ്ഞു എന്ന് കണക്കുകൾ സാധൂകരിക്കുന്നു എന്നത്  വ്യക്തമാണ്. രാസവളങ്ങളുടെയും കീടനാശിനികളുടെയും ഉപയോഗം മൊത്തത്തിൽ കുറച്ചുകൊണ്ട് കൈവരിച്ച ഈ പുരോഗതി ജൈവകൃഷിയിലിൽ പുതിയ തലങ്ങളിലേക്ക്  നീങ്ങാൻ കേരളത്തിന് കരുത്തു പകരുന്ന ഒന്നാണ്. സ്റ്റേറ്റിന്റെ ഫലപ്രദമായ ഇടപെടലുകൾ കർഷകരിലും പൗരന്മാരിലും കൃത്യമായ അവബോധം സൃഷ്ടിക്കുന്നതിൽ സഹായകരമായിട്ടുണ്ട്. ഇത്തരത്തിലുള്ള തയ്യാറെടുപ്പുകളാണ് കുറഞ്ഞത് കാർഷിക ഉത്പാദനക്ഷമതയുടെ കാര്യത്തിലെങ്കിലും പ്രതിസന്ധിയില്ലാതെ കേരളത്തെ മുന്നോട്ടു കൊണ്ട് പോവുന്നത്.

കുറഞ്ഞുവരുന്ന കൃഷി ഭൂമിയും കാർഷിക  ഉത്പന്നങ്ങൾക്കായി മറ്റു സംസ്ഥാനങ്ങൾക്കുമേലുള്ള ആശ്രിതത്വവും കേരളത്തിൽ എല്ലാ കാലങ്ങളിലും ചർച്ചകൾക്ക് വഴി വെച്ചിട്ടുള്ള ഒന്നാണ്. അതുകൊണ്ടുതന്നെ, ജൈവകൃഷിഭൂമി വർധിപ്പിക്കേണ്ട ആവശ്യകതയെ കേരളം തന്ത്രപരമായി സമീപിക്കേണ്ടതായുണ്ട്. ജൈവ ക്ലസ്റ്ററുകൾ വർധിപ്പിക്കുക എന്നത് ഒരു പ്രധാന കടമ്പ തന്നെയാണ്. വിവിധ സർക്കാർ ഏജൻസികൾ വഴി ഇത്തരത്തിലുള്ള കർഷക കൂട്ടായ്മകൾ രൂപീകരിക്കപ്പെടുന്നുണ്ടെങ്കിലും, അതിനെ ഒരു പുതിയ തലത്തിലേക്ക് എത്തിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴിയും കുടുംബശ്രീ വഴിയും സാധിക്കും. കേരളം പോലെ ശക്തമായ തദ്ദേശ സ്വയംഭരണവും കുടുംബശ്രീ പ്രവർത്തനങ്ങളും നടക്കുന്ന സംസ്ഥാനത്ത് വാർഡ് തലങ്ങൾ കേന്ദ്രീകരിച്ച് ജൈവകൃഷിക്കായുള്ള പ്രചാരണം ശക്തമാക്കാവുന്നതാണ്. ഇങ്ങനെ രൂപീകരിക്കുന്ന ക്ലസ്റ്ററുകളിൽ കാർഷികവിദഗ്ധരുടെ സേവനം ലഭ്യമാക്കാൻ കൂടി ശ്രദ്ധിക്കേണ്ടതാണ്. ജൈവകൃഷിയിൽ കൂടുതൽ സഹകരണ സൊസൈറ്റികളുടെ ഇടപെടൽ കൂടി ഉറപ്പു വരുത്തണം   എന്നതാണ് മറ്റൊരു വഴി. കൂടാതെ ജൈവ ഉത്പന്നങ്ങളുടെ വില്പനക്കായി പ്രത്യേക കമ്പോളങ്ങൾ കൊണ്ടുവരുന്നതും നല്ലതായിരിക്കും. വീടുകളിൽ ജൈവകൃഷി പ്രോത്സാഹിപ്പിക്കുകയും ‘ഓണത്തിന് ഒരു മുറം പച്ചക്കറി’ പോലെയുള്ള പദ്ധതികൾ ആവിഷ്കരിക്കുകയും ചെയ്യുന്നതിലൂടെ ഒരു പരിധി വരെ കേരളത്തിലെ ഭവനങ്ങളെ കുറച്ചെങ്കിലും സ്വയംപര്യാപ്തരാക്കാൻ സാധിക്കും. അതിലൂടെ ജൈവകൃഷിക്ക് കൂടുതൽ ജനപ്രീതി ലഭിക്കുകയും ചെയ്യും.

 

ഉറവിടങ്ങൾ

  • Government of India. 2022. ‘Agriculture and Food Management’. Economic Survey, 2021-22. <https://www.indiabudget.gov.in/economicsurvey/doc/eschapter/echap07.pdf>
  • EPW Research Foundation. ‘Agricultural Statistics’. EPWRF India Time Series. <https://epwrfits.in/TypesOfAgriculture.aspx#>
  • Kerala State Planning Board. 2018. Economic Review. <https://spb.kerala.gov.in/economic-review/ER2018/index.php>
  • —. 2019. Economic Review. <https://spb.kerala.gov.in/economic-review/ER2019/index.php>
  • —. 2020. Economic Review. <https://spb.kerala.gov.in/economic-review/ER2020/>

ലേഖകനെക്കുറിച്ച്‌: തിരുവനന്തപുരത്തെ സെന്റർ ഫോർ ഡെവലപ്മെന്റ് സ്റ്റഡീസിൽ അപ്പ്ളയ്ഡ്‌ എക്കണോമിക്സ് ഗവേഷക വിദ്യാർത്ഥിയാണ് അജിൽ മാങ്കുന്നുമ്മൽ. ഇന്ത്യൻ വ്യവസായരംഗം, കൃഷി-വള മേഖല, സാങ്കേതികവിദ്യയും ഇന്നോവേഷനും, കേരളത്തിലെ വികേന്ദ്രീകരണം എന്നിവ ഗവേഷണതാല്പര്യങ്ങളാണ്. പ്രസിദ്ധീകരണങ്ങൾ ഇവിടെ കാണാവുന്നതാണ്.

English Summary: In this essay titled ‘Organic Farming in Kerala: A silent revolution’, Ajil Mankunnummal discusses the successes and challenges of organic farming in Kerala using statistics and a review of agricultural policy.

 

Please follow and like us:

2 Comments

  1. A good effort in the light of the recent Sri Lankan experience. However, I wonder whether we can build a direct correlation between the consumption of chemical fertilizer and the spread of organic farming in Kerala (Charts 1 and 2). This is because large quantities of chemical fertilizers and pesticides are used in rubber cultivation. One factor which affects the quantities consumed by rubber cultivators is the price of rubber. When it is low, there is less expenditure of manuring. This variable is bound to impact the use of fertilizers. I thought this factor also needs to be factored in ( unless the author has already taken account of this ).

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.