പുലയത്തറയിലെ അടിയാള ജീവിതങ്ങൾ

ദളിത് ക്രൈസ്തവ ജീവിതാനുഭവങ്ങളെകുറിച്ച് 1962 ൽ പ്രസിദ്ധീകരിച്ച ഒരു കൃതി ഇന്നും പ്രസക്തമാകുന്നതിനെക്കുറിച്ചു സിതാര എഴുതുന്നു. 

സിതാര ഐ. പി.

പ്രശസ്ത എഴുത്തുകാരൻ പോൾ ചിറക്കരോട് 1962- എഴുതി പുറത്തിറക്കിയ നോവൽ ആണ് പുലയത്തറ. മർദ്ധിത വിഭാഗങ്ങൾ അനുഭവിക്കേണ്ടിവന്ന ചൂഷണങ്ങളെയും വിവേചനങ്ങളെയും, മത പരിവർത്തനത്തിന് വിധേയമായ അവരുടെ ജീവിതങ്ങളെയും ആണ് ഇവിടെ വിവരിക്കുന്നത്. നോവലിൽ നോവലിസ്റ്റ് തൻറെ ആത്മകഥാ൦ശമായ പല വിവരണങ്ങളും ഉൾപ്പെടുത്തിയതായി കാണാൻ കഴിയും. തിരുവിതാകൂറിൽ മതപരിവർത്തനത്തിന് വിധേയമായവരിലെ ആദ്യത്തെ ആളാകുന്ന ദൈവത്താൻറെ പിന്മുറക്കാരൻ ആണ് നോവലിസ്റ്റ്. ആയത് കൊണ്ടുതന്നെ അദ്ധേഹത്തിൻറെ ജീവിതാനുഭവങ്ങൾ നോവലിന് തുടിപ്പും ശ്വാസവും നൽകുന്നതിൽ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. നോവൽ ആരംഭിക്കുന്നത് തേവൻ, പുലയൻ കണ്ടൻ, കോരൻ എന്നീ കഥാപാത്രങ്ങളിലൂടെയാണ്.

ഒരു രാത്രികൊണ്ട് അവരുടെ ജീവിതത്തിൽ ഉണ്ടായ ഒരു സംഭവവും അതിനെ തുടർന്ന് സ്വന്തം നിലനില്പിനായി ഇവർ സ്വീകരിക്കുന്ന മാർഗങ്ങളും ആണ് നോവലിന് ആധാരം. കണ്ടൻ കോരനിലൂടെയും തേവൻ പുലയനിലൂടെയും ദലിത് സമൂഹങ്ങൾ അനുഭവിക്കേണ്ടിവരുന്ന, ഇന്നും അനുഭവിച്ചുകൊണ്ടിരിക്കുന്ന സാമൂഹിക പുറംതള്ളലിൻറെയും അരക്ഷിതാവസ്ഥയുടെയും വിവേചനത്തിൻറെയുമെല്ലാം നേർചിത്രമാണ് നോവലിലൂടെ എഴുത്തുകാരൻ കാണിച്ചുതരുന്നത്.

ദലിതരെ ദലിതർ അടയാളപ്പെടുത്തുമ്പോൾ 

പാർശ്വവൽക്കരണത്തിന് വിധേയമായി, സമൂഹത്തിൻറെ മുഖ്യകേന്ദ്രത്തിൽനിന്ന് മാറി അരികുവത്കൃത പ്രദേശങ്ങളിൽ ജീവിക്കാൻ നിർബന്ധിതരായ ഒട്ടനവധി ജനസമൂഹങ്ങൾ ഉണ്ട്. ജനവിഭാഗം സമൂഹത്തിൻറെ മാത്രമല്ല, രാഷ്ട്രീയത്തിൻറെയും വിദ്യാഭ്യാസത്തിൻറെയും സമ്പത്തിൻറെയുമെല്ലാം അധികാര കേന്ദ്രങ്ങളിൽ നിന്ന് പുറംതള്ളപ്പെട്ടവരാണ്. നൂറ്റാണ്ടുകളായി ഇവർ അനുഭവിക്കുന്ന വിവിധ തരം ചൂഷണങ്ങളും വിവേചനങ്ങളും അടിച്ചമർത്തലുകളും തന്നെയാണ് ഇവരുടെ പിന്നോക്കാവസ്ഥക്ക് കാരണം. സമൂഹത്തിൻറെ യാതനകളെയും വേദനകളെയും നിരവധി സാഹിത്യകാരന്മാർ അവരുടെ എഴുത്തിലൂടെ തുറന്നു കാണിച്ചിട്ടുണ്ട്. വായനക്കാർക്കിടയിൽ ഇത്തരം എഴുത്തുകൾ ദലിത് സാഹിത്യം എന്നൊരു വിഭാഗത്തിൽ ആണ് ഉൾപ്പെടുന്നത്. എന്നാൽ അടിയാള ജീവിതങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന എല്ലാ എഴുത്തുകളും ദലിത് സാഹിത്യങ്ങൾ ആയി പരിഗണിക്കാൻ കഴിയില്ല. പകരം ദലിതരാൽ എഴുതപ്പെടുന്ന, ദലിത് അനുഭവങ്ങൾ ചർച്ച ചെയ്യപ്പെടുന്ന കൃതികളെയാണ് ദലിത് സാഹിത്യമായി പൊതുവെ കണക്കാക്കുന്നത്. എന്തെന്നാൽ ദലിത് സാഹിത്യകാരന്മാരാൽ എഴുതപ്പെടുന്ന അത്തരം കൃതികളിൽ സ്വന്തം അനുഭവങ്ങളുടെയും തുറന്നുപറച്ചിലുകളുടെയും സാന്നിധ്യം ഉണ്ടാകും എന്നുതന്നെയാണ്. ഒരു അർത്ഥത്തിൽ ദലിത് സാഹിത്യത്തോട് നൂറ് ശതമാനം കൂറ് പുലർത്തുന്ന നോവൽ ആണ് പുലയത്തറ. നോവലിൽ ഒരിക്കൽ പോലും ദളിത് എന്ന ഒരു പദപ്രയോഗമോ വാക്കോ ഉണ്ടാകില്ല. ‘ദലിത്’ എന്ന പ്രയോഗം കേരളത്തിലെ പൊതുധാരയിൽ എത്തുന്നതിനു മുമ്പാണ് പ്രസ്തുത നോവൽ എഴുതപ്പെടുന്നത്. എന്നിരുന്നാലും ദലിത് എന്നർത്ഥം ചിതപ്പെട്ട മനുഷ്യരുടെ യഥാർത്ഥ ജീവിതത്തിൻറെ നേർക്കാഴ്ചയാണ് നോവൽ

പുലയത്തറക്ക് മുൻപ് ദലിത് വിഭാഗത്തിനെ, പ്രത്യേകിച്ചും ദലിത് ക്രിസ്ത്യാനികളെ, കഥാപാത്രമാക്കിയും അവരുടെ ജീവിതങ്ങൾ വിവരിച്ചും നിരവധി എഴുത്തുകൾ മലയാള സാഹിത്യത്തിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. എന്നാൽ ദലിത് ഹിന്ദു ആയ ഒരാൾ ദലിത് ക്രിസ്ത്യാനി ആകുന്നതോടെ അതുവരെ ലഭിക്കാത്ത സാമൂഹിക പദവിയും പുരോഗതിയും ലഭിക്കുന്നതിലേക്ക് ആണ് ഇത്തരം നോവലുകൾ ചെന്ന് എത്തുക. അത്തരം നോവലുകളിൽ നിന്നും തികച്ചും വ്യത്യസ്തമായി എന്താണോ യഥാർത്ഥത്തിൽ സംഭവിക്കുന്നത് അതിനെ പുസ്തക രൂപത്തിൽ പ്രകാശനം ചെയ്തിരിക്കുകയാണ് ഇവിടെ എഴുത്തുകാരൻ

ഭൂജന്മിയും അടിയാളനുമായി അടിമ ഉടമ ബന്ധങ്ങൾ നിലനിന്നിരുന്ന കേരള സമൂഹമാണ് നോവലിൻെറ പശ്ചാത്തലം. ജാതിക്കോമരങ്ങളുടെ നിയമാവലികളിൽ കുടുങ്ങി ശ്വാസം മുട്ടുന്ന ഒരു മകൻറെയും അച്ഛൻറെയും ജീവിതത്തെ കാണിച്ചുകൊണ്ടാണ് നോവൽ ആരംഭിക്കുന്നത്. രാപകലില്ലാതെ തൻറെ ജന്മിയുടെ ചൂഷണത്തിന് വിധേയരായ തേവൻ പുലയനും മകൻ കണ്ടൻ കോരനും അന്നും കുത്തിയൊലിക്കുന്ന മഴയിൽ യജമാനനുവേണ്ടി അധ്വാനിക്കുകയാണ്. എന്നാൽ അന്ന് അവർ പ്രതീക്ഷിച്ചതു പോലെ വെള്ളം നിയന്ത്രിക്കാൻ കഴിയാതെ വരികയും തൽഫലമായി വിളവിൽ നഷ്ടം സംഭവിക്കുകയും ചെയ്യുന്നു. എങ്കിലും അടിയാളനായ തേവൻ പുലയൻ പ്രതീക്ഷിക്കുന്നത് തൻറെ അധ്വാനം കൊണ്ട് കഴിഞ്ഞ കുറേ വർഷങ്ങളായി സാമ്പത്തിക ലാഭം ഉണ്ടാക്കിയ യജമാനൻ നിരുപാധികം ക്ഷമിക്കും എന്നതാണ്. എന്നാൽ തേവൻ പുലയൻ സങ്കൽപ്പിച്ചതിൽ നിന്നും തീർത്തും വ്യത്യസ്തമായ, വേദനാജനകമായ പ്രതികരണമാണ് അനുഭവിക്കേണ്ടിവന്നത്. തേവൻ പുലയനെയും തൻറെ അരുമ മകനെയും വഴക്ക് പറയുന്നതിനോടൊപ്പം കാലങ്ങളായി കുടിൽ കെട്ടി പാർത്തിരുന്ന തൻറെ തറയിൽ നിന്നും രാത്രി തന്നെ പുറത്താക്കിയിരിക്കുന്നു. ഉള്ള് ഉരുകുന്ന വേദനയോടെ കേട്ടത് സത്യമാണോ മിഥ്യയാണോ എന്ന തിരിച്ചറിവ് വരുന്നതിന് മുൻപ് തേവൻ പുലയനോട് മകൻ വന്ന് തറവിട്ട് ഇറങ്ങേണ്ടിവന്നതും തറയിൽ പുതിയ താമസക്കാർ വന്നതിനെ കുറിച്ചും മെല്ലാം പറയുന്നു

വിവരണത്തിലൂടെ നോവലിസ്റ്റ് വായനക്കാർക്കിടയിലേക്ക് എത്തിക്കുന്ന ഒരു ചരിത്രസത്യമുണ്ട്. നോവൽ വായിക്കുന്ന ഇന്നത്തെ ദലിത് ഇതര പ്രേക്ഷകർക്ക് ഒരു പക്ഷെ നിസ്സാരമായി തോന്നാമെങ്കിലും, നോവൽ പ്രസിദ്ധീകരിച്ചു അര നൂറ്റാണ്ട് പിന്നിടുമ്പോഴും നോവൽ കൈകാര്യം ചെയ്യുന്ന പ്രധാന വിഷയത്തിന് വേണ്ട വിധം പരിഹാരം കാണാൻ കഴിഞ്ഞിട്ടില്ല എന്നതാണ് ഈ ചരിത്രസത്യം. അടിയാള ജനതയുടെ പ്രശ്ന൦ ഭൂമിയുടെ ഉടമസ്ഥത സംബന്ധിച്ച് തന്നെയാണ്. ഭൂമിയിൽനിന്ന് പുറത്താക്കിയ, ഇന്നും ഒരു തുണ്ട് ഭൂമിക്കുവേണ്ടി അലയുന്ന നിരവധി കീഴാള വിഭാഗങ്ങളെ കേരളത്തിനകത്ത് കാണാവുന്നതാണ്. ഭൂമി എന്നത് ജീവിക്കാൻ ഒരിടം എന്നതിലുപരി അത് ഒരു മൂലധനം ആയിക്കൂടിയാണ് കണക്കാക്കുന്നത്. എന്നാൽ നൂറ്റാണ്ടുകൾ ആയി അടിയാള ജനത മൂലധനത്തിന്പുറത്താണ്. ഫലഭൂയിഷ്ഠമായ മണ്ണിന് മീതെ സന്തുഷ്ട ജീവിതം നയിക്കാൻ ഭൂജന്മി കാലഘട്ടത്തിൽ ഭൂരിപക്ഷം ദലിതർക്കും കഴിഞ്ഞിട്ടില്ല. പകരം ഭൂവുടമയുടെ വിളവിൻറെ കാവൽക്കാരായി കുന്നിൻ ചെരുവുകളിലും പാർശ്വവല്കൃത പ്രദേശങ്ങളിലും താമസിക്കുവാൻ ഇവർ നിർബന്ധിതരായിരുന്നു

പുലയത്തറയിലെ അടിയാളരെപ്പോലെ തന്നെയാണ് യഥാർത്ഥ അടിയാള ജീവിതവും. ജാതി മാമൂലുകൾ സൃഷ്ടിച്ച അയിത്ത വ്യവസ്ഥകൾ അവരെ ഒരുതുണ്ട് ഭൂമിയുടെ പോലും ഉടമയാക്കാൻ അനുവദിച്ചില്ല എന്ന് മാത്രം അല്ല, യജമാനൻറെ കരുണ കാത്ത് കഴിയാൻ ആണ് രാപകലില്ലാതെ അധ്വാനിക്കുന്ന ഇവരുടെ വിധി. ഇവർ കുടിൽകെട്ടി താമസിക്കുന്ന ഇടത്ത് നിന്ന് യാതൊരു കാരണവും കൂടാതെ ഏത് സമയത്തും ഇറക്കിവിടാനുള്ള അധികാരം ഭൂജന്മിക്ക് ഉണ്ടായിരിക്കും. ഇത്തരത്തിൽ ഒറ്റ രാത്രികൊണ്ട് കിടപ്പാടവും വീടും നഷ്ടപ്പെടുന്ന മനുഷ്യർ അനുഭവിക്കുന്ന അരക്ഷിതാവസ്ഥയും മാനസിക പീഢനവും ഊഹിക്കാവുന്നതിലും അപ്പുറമാണ്. ഏറെക്കുറെ സമാനമായ അവസ്ഥ തന്നെ ആണ് മിക്ക ദലിതരുടേത്. അത് കൊണ്ട് തന്നെ ഇത്തരം അനീതികളെ ചോദ്യം ചെയ്യാനോ എതിർക്കുവാനോ ആരും ധൈര്യപ്പെട്ടതുമില്ല. സ്വന്തം തറയിൽ നിന്ന് പുറത്താക്കപ്പെടുന്ന മനുഷ്യർ യഥാർത്ഥ ജീവിതത്തിൽ ദൂരെ എവിടേ എങ്കിലും അലഞ്ഞു തിരിഞ് എത്തുകയാണ് പതിവ്. നോവലിലും അത് തന്നെയാണ് സംഭവിക്കുന്നത്. തറയിൽ നിന്നും പുറത്താക്കിയ തേവൻ പുലയനും മകനും മത പരിവർത്തനം ചെയ്ത ബന്ധുക്കളുടെ വീട്ടിലാണ് എത്തിച്ചേരുന്നത്

പത്രോസ് പുലയൻ എന്ന കഥാപാത്രത്തിലൂടെയാണ് അവശകൃസ്ത്യാനികൾ അഥവാ ദലിത് ക്രിസ്ത്യാനികൾ അനുഭവിക്കുന്ന പ്രയാസങ്ങളെ കുറിച്ച് നോവലിസ്റ്റ് വിവരിക്കുന്നത്. കൊളോണിയൽ കാലഘട്ടത്തിൽ കേരളത്തിലേക്ക് വന്ന ക്രിസ്ത്യൻ മിഷനറികളാണ് വലിയ തോതിൽ മതപരിവർത്തനം നടത്തുന്നതിനും ദലിത് ക്രൈസ്തവരുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനുമായി ആക്കം കൂട്ടിയത്.

ക്രിസ്ത്യൻ മിഷനറിയുടെ പ്രവർത്തനങ്ങളും ഇടപെടലുകളും 

പത്തൊമ്പതാം നൂറ്റാണ്ടിൻറെ ആദ്യപകുതിയോടെ കേരളത്തിൻറെ വിവിധഭാഗങ്ങളിലേക്ക് നിരവധി ക്രിസ്തുമത പ്രവർത്തകരും പ്രചാരകരും എത്തുകയുണ്ടായി. ഇവരിൽ കേരളത്തിൽ ഏറ്റവും ശക്തമായ സാന്നിദ്ധ്യം അറിയിച്ചവരും ഇടപെടൽ നടത്തിയവരുമായിരുന്നു ചർച്ച് മിഷനറി സൊസൈറ്റി, ലണ്ടൻ മിഷനറി സൊസൈറ്റി, ബാസൽ ഇവാഞ്ചലിക്കൽ മിഷൻ എന്നിവർ

ഇത്തരം ക്രിസ്ത്യൻ മിഷനറിമാർ തങ്ങളുടെ ആശയങ്ങളും പ്രവർത്തനങ്ങളും മറ്റുള്ളവരിലേക്ക് എത്താൻ വ്യത്യസ്ത മാർഗങ്ങൾ സ്വീകരിച്ചിരുന്നു. പ്രസംഗങ്ങളും പരിചരണങ്ങളും വിദ്യാഭ്യാസ പ്രവർത്തനങ്ങളും എല്ലാം ഇതിനുദാഹരണമാണ്. അന്നുവരെ ജാതിയുടെയും മതത്തിൻറെയും അടിസ്ഥാനത്തിൽ പരസ്പരം വേർപ്പെടുത്തിയ മനുഷ്യരിലേക്ക് അതിർ വരമ്പുകൾ ഇല്ലാതെയുള്ള പ്രവർത്തനങ്ങളും, ദയ, സത്യസന്ധത, തുല്യത, സാമൂഹിക നീതിപോലുള്ള മനുഷ്യത്വ കേന്ദ്രീകൃതമായ ആശയങ്ങളുമാണ് മിഷനറികൾ എത്തിച്ചത്. കീഴാള ജനങ്ങൾക്കിടയിൽ മികച്ച സ്വീകാര്യതയാണ് ഇവയ്ക്കു ലഭിച്ചത്. കാരണമില്ലാതെ തങ്ങളുടെ യജമാനന്മാരിൽ നിന്ന് നിരന്തരം മാനസികവും ശാരീരികമായും പീഡനങ്ങൾ അനുഭവിക്കുന്ന കീഴാളരിൽ ഇത് ഒരു പുതിയ പ്രതീക്ഷയാണ് ഉയർത്തിയത്. ഇത് അന്നത്തെ സമൂഹത്തിൽ വലിയൊരു അളവുവരെ മതപരിവർത്തന പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടി എന്ന് വേണം കരുതാൻ.പക്ഷെ എഴുത്തുകാരൻ തൻറെ പുസ്തകത്തിൽ ആവിഷ്ക്കരിക്കുന്നതിനു സമാനമായി തന്നെയായിരുന്നു ഏറെക്കുറെ ദലിത് വിഭാഗങ്ങളുടെ മതപരിവർത്തനത്തിനുശേഷമുള്ള ജീവിതം. നോവലിൽ ദലിത് ക്രിസ്ത്യാനികളെ പൂച്ച ക്രിസ്ത്യാനികൾഎന്ന പേര് വിളിച്ച് പൊതുവിടങ്ങളിൽ മാറ്റി നിർത്തുകയും കളിയാക്കുകയും ചെയ്യുന്നുണ്ട്. ഇതുതന്നെയുമാണ് യഥാർത്ഥ ജീവിതത്തിലും ഉണ്ടായത്. ദലിതരുടെ മതപരിവർത്തനം ദലിത് ക്രൈസ്തവർ എന്ന ഒരു വിഭാഗത്തെ സൃഷ്ടിക്കുകയും അവിടെയും വേദനകളും മാറ്റിനിർത്തലുകൾക്കും വിധേയരായി ഒരു മനുഷ്യ വിഭാഗത്തെ സൃഷ്ടിക്കുകയുമാണ് ഉണ്ടായത്

കേരള നിയമസഭയുടെ ലൈബ്രറി ശേഖരങ്ങളിൽ നിന്നെടുത്ത ഭൂമിദാനം സംബന്ധിച്ചുള്ള രേഖ. ദലിത് ക്രിസ്ത്യാനികളുടെ ഭൂമിസംബന്ധമായ പ്രശ്നങ്ങൾ ഒരു പ്രതിനിധി ദിവാന് മുമ്പിൽ അവതരിപ്പിക്കുന്നതാണ് ഉള്ളടക്കം. ചിത്രത്തിനുള്ള കടപ്പാട്: കുന്നുകുഴി എസ്. മാണി

ക്രിസ്ത്യാനിയിലെ മാറ്റിനിർത്തലും പുറന്തള്ളലും

സാമൂഹിക ഉൾക്കൊള്ളലും സാഹോദര്യവും സ്വതന്ത്രവും പുതിയൊരു ജീവിത സാഹചര്യവും പ്രതീക്ഷിച്ച് കൂടി ക്രിസ്ത്യാനിയിലേക്ക് മതം മാറിയ അടിയാള ജനതക്ക് പക്ഷെ പ്രതീക്ഷിച്ചതുപോലുള്ള ഒരു ജീവിതംമല്ല ലഭിക്കുന്നത്. അവശ ക്രിസ്ത്യാനികൾ എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തി അവരെ മാറ്റി നിർത്തുകയാണ് ചെയ്യന്നത്. അകന്ന ബന്ധുവായ പത്രോസിൻറെ വീട്ടിലേക്ക് ചെന്നതിനുശേഷം അവിടെ സ്ഥിരതാമസമാക്കിയ കണ്ടൻ കോരനിലൂടെ ദലിത് ക്രിസ്ത്യാനികളുടെ ജീവിതം തുറന്നുകാണിക്കുകയാണ് എഴുത്തുകാരൻ. അവിടത്തെ ജീവിതത്തോടെയാണ് കണ്ടൻ കോരൻ തിരിച്ചറിയുന്നത് അത്രയും നാൾ ഭൂജന്മിക്ക് വേണ്ടിയാണ് തങ്ങൾ പണിയെടുത്തത് എങ്കിൽ ദലിത് ക്രൈസ്തവർ പണിയെടുക്കേണ്ടത് പള്ളിക്ക് വേണ്ടിയാണ്. പളളി വക സ്ഥലത്ത് ഒരു കോണിലാണ് മത പരിവർത്തനം ചെയ്ത കുടുംബങ്ങൾ. ഒരിക്കൽ പോലും ഭൂമിയോ, ഭൂമിയിൽ തങ്ങൾ കൊയ്തെടുത്ത വിളവൊ അവർക്ക് സ്വന്തമാക്കാൻ കഴിയില്ല. പള്ളിയുടെ നിയമാവലികളെയും പ്രവർത്തികളെയും ചോദ്ദ്യം ചെയ്താൽ ഒരു പക്ഷെ നിലനിൽപ്പ് തന്നെ ഇല്ലാതാകുന്ന അവസ്ഥയാണുള്ളത്

നോവലിലുടനീളം ദലിത് ക്രൈസ്തവർ നേരിടേണ്ടിവരുന്ന നിരവധി വിവേചനങ്ങളെ വിവരിക്കുന്നത്തിലൂടെ, ക്രിസ്തുമതത്തിനകത്തെ ജാതിവ്യവസ്ഥയെ തുറന്നുകാണിക്കുകയാണ് എഴുത്തുകാരൻ ചെയ്തിരിക്കുന്നത്. പൊതു സമൂഹത്തിൽ നിലനിൽക്കുന്ന പുതു ക്രിസ്ത്യാനികൾ, മാമോദിസക്ക് ശേഷവുമുള്ള ജാതിപ്പേരുചേർത്തുള്ള അഭിസംബോധനയെല്ലാം സൂചിപ്പിക്കുന്നത് ക്രൈസ്തവമതത്തിലെ പ്രബല വിഭാഗങ്ങളുടെ സാന്നിദ്ധ്യത്തെയും പാരമ്പര്യ മഹത്വം അവകാശപ്പെടുന്ന അവരുടെ അധികാരത്തെയുമാണ്. കൊളോണിയൽ കേരളത്തിലും സ്വതന്ത്ര ഇന്ത്യയിലും നടന്നിരുന്ന വിവേചനത്തെക്കുറിച്ചു നിരവധി നിരീക്ഷണങ്ങൾ പുറത്തുവന്നിട്ടുണ്ട്.

‘ദലിത് ക്രൈസ്തവർ കേരളത്തിൽ’ എന്ന പുസ്തകത്തിൽ പോൽ ചിറക്കരോട് പറയുന്നത് ശ്രദ്ധേയമാണ്: 

അക്കാലത്ത് സർക്കാർ ഉദ്യോഗസ്ഥന്മാർ മഹാഭൂരിപക്ഷവും നായന്മാരും ബ്രാഹ്മണരും ആയിരുന്നു. തിരുവിതാംകൂറാണെങ്കിൽ, അവിശ്വാസികളുടെ ഒരു സ്വതന്ത്ര രാജ്യവും. ഇത്തരം പരിതസ്ഥിതിയിൽ നായന്മാരിൽ നിന്നും ചോവന്മാരിൽനിന്നും പരിവർത്തിതരെയും സുറിയാനികളെയും കൂട്ടിക്കുഴക്കുന്നത് വലിയ ചിന്താകുഴപ്പം ഉണ്ടാക്കിവെക്കുമെന്ന് റവ :ബേക്കർ ( സീനിയർ ) വിശ്വസിച്ചു. പുലയരെയും പറയരെയും സുറിയാനി ക്രിസ്ത്യാനികൾക്ക് തുല്യമായി പരിഗണിക്കുന്ന കാര്യം അവർക്ക് ആലോചിക്കാൻ പോലും കഴിയുമായിരുന്നില്ല. എന്നാൽ വിഭാഗങ്ങൾ തമ്മിലുള്ള വൈകാരികോത്ഗ്രഥനം ഒഴിച്ചുകൂടാൻ വയ്യാത്തതുമായിരുന്നുതാനും. ഒടുവിൽ ലക്ഷ്യസാക്ഷാത്കാരത്തിനായി ആലപ്പുഴ കേന്ദ്രമാക്കി മിഷനറിമാർ ഒരു സ്നേഹ വിരുന്ന് ഒരുക്കി. ഇതിൻറെ ഫലം തീർത്തും നിരാശാജനകമായിരുന്നു. സുറിയാനി ക്രിസ്ത്യാനികളും നായന്മാരിൽ നിന്നും ചോവന്മാരിൽ നിന്നുമുള്ള പരിവർത്തിതരുമല്ലാത്ത പുലയ പറയാ ക്രിസ്ത്യാനികളിൽ ഒറ്റയാളും സ്നേഹ വിരുന്നിൽ പങ്കെടുത്തില്ല. പരിവർത്തിതരായ പുലയരോടും പറയാരോടുമൊപ്പം സുറിയാനി ക്രിസ്ത്യാനികൾ ആഹാരം കഴിക്കാറേയില്ലായിരുന്നു’. (p.74)

സുറിയാനികൾ ദലിത് ക്രിസ്ത്യൻ ആരാധനാലയങ്ങൾ അക്രമിക്കുകയുവും നശിപ്പിക്കുകയും ചെയ്തിരുന്നു. ദലിത് ക്രൈസ്തവർക്കൊപ്പം യോജിച്ച് പോകാൻ അവർ തയ്യാറാകാത്തത് കൊണ്ട് തന്നെ കേരളത്തിൽ പലയിടങ്ങളിലും ദലിത് ക്രൈസ്തവർ തങ്ങൾക്ക് വേണ്ടി പ്രത്യേകം പള്ളികൾ പണിതിരുന്നു. ചിലയിടങ്ങളിൽ സുറിയാനി ക്രിസ്ത്യാനികൾ ഒരേ പള്ളിയിൽ ഒരുമിച്ചുള്ള പ്രാർത്ഥനകൾ എതിർത്തില്ല എങ്കിലും ദലിത് ക്രൈസ്തവരെ യാതൊരു കാരണവശാലും സുറിയാനികളുടെ കൂടെ ഇരിക്കുവാൻ അനുവദിക്കില്ലായിരുന്നു.

അത്തരം പ്രാർത്ഥനാലയങ്ങളിൽ മുൻപിൽ നിലത്തോ പുറത്തുവശത്തെ ബെഞ്ചിലോ ആയിരുന്നു ഇവർ ഇരിക്കേണ്ടത്. ഇത്തരം ഒരുമിച്ചുള്ള പ്രാർത്ഥനകൾക്ക് ശേഷം ഓരോ സുറിയാനി ക്രിസ്ത്യാനികളും തങ്ങളുടെ ശരീരം ശുദ്ധിയാക്കിയതിനു ശേഷം മാത്രമാണ് വീട്ടിലേക്ക് പ്രവേശിച്ചിരുന്നുള്ളൂ. സാമൂഹ്യശാസ്ത്രജ്ഞരുടെ ഇത്തരം നിരീക്ഷണങ്ങളിലൂടെ ദലിത് ക്രൈസ്തവരെ എത്രത്തോളം പുച്ഛത്തോടെയും അയിത്തത്തോടുമാണ് ക്രൈസ്തവമതത്തിനകത്തു പരിഗണിച്ചിരുന്നത് എന്ന് വ്യക്തമാകും. നോവലിൽ തന്നെ ക്രിസ്ത്യാനിയായി മതപരിവർത്തനം ചെയ്തശേഷം പൊതു ഇടത്തിലെ ചായക്കടയിലേക്ക് കയറിച്ചെല്ലുകയും അവിടെ വെച്ച് മതപരിവർത്തനത്തിന്റെ പേരിൽ ദലിത് നായകൻ നാട്ടുകാരാൽ അപമാനിതനാവുന്ന സന്ദർഭം നോവലിസ്റ്റ് വിശദീകരിക്കുന്നുണ്ട്. ഇതിലൂടെ മതം മാറിയ കീഴാളരുടെ സാമൂഹിക പദവിയിലോ പൊതുസമൂഹത്തിനു അവരോടുള്ള പരിഗണനയിലോ യാതൊരു മാറ്റവും സംഭവിച്ചിട്ടില്ല എന്ന് എഴുത്തുകാരൻ വിശദീകരിക്കുന്നു. ക്രിസ്ത്യൻ പള്ളികളിലോ പൊതുസ്ഥലത്തോ ഇവരെ അംഗീകരിക്കാത്തതിനൊപ്പം തന്നെ പള്ളിയുടെ പല തീരുമാനങ്ങളിൽനിന്നും ഇവരെ ഒഴുവാക്കിയിരുന്നു.

ഇത്തരത്തിൽ പഴയതുപോലെത്തന്നെ പുറംതള്ളപ്പെട്ടവരായി കഴിയാൻ ദലിത് ക്രിസ്ത്യൻ സമൂഹവും നിർബന്ധിതരാവുന്നു. സ്വന്തമായി ഒരിടം പോലും ഇല്ലാതെ പാർശ്വവൽകൃത പ്രദേശങ്ങളിൽ തങ്ങാൻ വിധിക്കപ്പെട്ട മനുഷ്യരിൽ വിശ്വാസത്തിൻറെ തലത്തിൽ അല്ലാതെ മറ്റൊരു മേഖലയിലും യാതൊരു മാറ്റമോ പരിവത്തനമോ ലഭിക്കുന്നില്ലെന്ന് വളരെ തന്മയത്വത്തോടെ അവതരിപ്പിക്കുന്ന നോവൽ ആണ് പുലയത്തറ. നോവലിലെ കേന്ദ്ര കഥാപാത്രമായ തോമ തൻറെ മകനെയെങ്കിലും സ്വാതന്ത്ര്യത്തോടെ വളർത്തും എന്നും, മാമോദീസ മുക്കുന്നില്ല എന്നും പറയുന്നതാണ് അവസാന ഭാഗം. എന്നാൽ നമ്മൾ എവിടെ താമസിക്കും എന്ന ഭാര്യയുടെ ചോദ്യത്തിന് എവിടെയെങ്കിലും താമസിക്കണം എന്ന മറുപടി മാത്രമാണ് തോമക്ക് പറയുവാൻ കഴിയുന്നത്. തൻറെ ചെറുപ്രായം തൊട്ട് അധ്വാനത്തിൻറെ ഒട്ടനവധി നാളുകൾ പിന്നിട്ട് കഴിഞ്ഞിട്ടും ഒരു തരി മണ്ണ് സമ്പാദിക്കാൻ കഴിയാത്ത അടിയാള വിഭാഗത്തിന് നാളെ നല്ലൊരു പുലരി ഉയർന്നുവരും എന്നൊരു പ്രതീക്ഷ നൽകിയാണ് നോവൽ അവസാനിക്കുന്നത്.

എന്നാൽ നോവൽ പുറത്തിറങ്ങി അര നൂറ്റാണ്ട് പിന്നിടുമ്പോഴും ഇന്നും ഭൂമിക്കും സാമൂഹിക തുല്യതക്കും വേണ്ടിയുള്ള പോരാട്ടത്തിൽ ആണ് അടിയാള വിഭാഗങ്ങൾ. ഭൂമിയാണ് സാമൂഹിക മൂലധനം എന്നിരിക്കെ മൂന്നു സെൻറ്റിലും മൂന്നര സെൻറ്റിലുമുള്ള കോളണികളിലാണ് ദലിത് ജനവിഭാഗങ്ങളെ ഒതുക്കിനിർത്തിയിരിക്കുന്നത്. സ്വകാര്യ കമ്പനികൾ തങ്ങളുടെ ലാഭത്തിന് വേണ്ടി വേണ്ടുവോളം ഭൂമികയ്യേറുന്ന കാലം കൂടി ആണിതെന്ന് ഓർക്കണം. ഏറ്റവും പുതിയതായി സമകാലീന കേരളത്തിലെ വികസന പദ്ധതിയായ ലൈഫ് മിഷൻ തന്നെ പരിശോധിച്ച് നോക്കൂ. പദ്ധതിയിലൂടെ ധാരാളം പേർക്ക്, പ്രത്യേകിച്ച് പട്ടികജാതി കുടുംബങ്ങൾക്ക്, പാർപ്പിടം ലഭിക്കുന്നു. എന്നാൽ പാർപ്പിടത്തിൻെറ ഉടമസ്ഥാവകാശമോ കൈമാറ്റം ചെയ്യാനുള്ള അവകാശമോ ഇതിൽ താമസിക്കുന്നവർക്ക് ഇല്ല. ഇതിലൂടെ സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്തെന്നാൽ ഭൂമിക്ക് മേൽ ഉള്ള അവകാശത്തിൽ നിന്ന് ഒരു വിഭാഗം ജനത്തിനെ പതിയെ പടിയിറക്കുകയും അവർക്ക് ലഭിക്കേണ്ടുന്ന മൂലധനത്തെ ഇല്ലായ്മ ചെയ്യുകയുമാണ്. തൽഫലമായി കേരളത്തിൽ പുതിയൊരുതരം കീഴാള വിഭാഗം രൂപപ്പെടുന്നതിനും നിലനിൽക്കുന്നതിനും ഇത് കാരണമാകുന്നു. 1962 പുറത്തിറങ്ങിയ നോവലിൽ സ്വന്തമായി ഒരു തറ ഇല്ലാത്തതിൻറെ പ്രയാസങ്ങളെക്കുറിച്ച് വിവരിക്കുമ്പോൾ അത് വെറും ഒരു എഴുത്തുകാരൻറെ ഭാവനയ്ക്കുപരി ഇന്നും തുടർന്നു കൊണ്ടിരിക്കുന്ന ഒരു സാമൂഹിക യാഥാർത്യം ആണ് എന്നുകൂടിയാണ് ഈ നോവൽ ഓർമ്മപ്പെടുത്തുന്നത്.

ഗ്രന്ഥസൂചി 

  • പാണ്ട്യൻ, എം. സ്. സ്.സ്റ്റേറ്റ്, ക്രിസ്ത്യാനിറ്റി ആൻഡ് ഷെഡ്യൂൾഡ് കാസ്റ്റ്.’ ഇക്കണോമിക് ആൻഡ് പൊളിറ്റിക്കൽ വീക്കിലി 20, നമ്പർ 42, 1985. 
  • പോൾ ചിറക്കരോട്. 2014. പുലയത്തറ. തിരുവനന്തപുരം: റായ്വാൻ പബ്ലിക്കെഷൻ.
  • —– 2018. ദലിത് ക്രയ്സ്തവർ കേരളത്തിൽ. തിരുവനതപുരം: റായ്വാൻ പബ്ലിക്കെഷൻ.

ലേഖകയെക്കുറിച്ച്: സിതാര ഐ. പി. ശ്രീ ശങ്കരചാര്യ സംസ്‌കൃത സർവ്വകലാശാലയിലെ രണ്ടാം വർഷ ഗവേഷക വിദ്യാർത്ഥിനിയാണ്. ദലിത്-കീഴാള  ജീവിതങ്ങൾ, സ്ത്രീ- ലിംഗഭേദം, സാമൂഹിക നവീകരണ പ്രസ്ഥാനങ്ങൾ എന്നിവയാണ് ഗവേഷണ താല്പര്യമേഖലകൾ. ഇമെയിൽ ipsithara1995@gmail.com.

English Summary: Sitara I.P discusses how a book about Dalit Christian life experiences that was published in 1962 is still relevant today. A review of Novel Pulayathara by Paul Chirakkarod

Please follow and like us:

One comment

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.