പൾപ്പ് ഫിക്ഷനുകളോടുള്ള മലയാളിയുടെ പൈങ്കിളി പ്രേമം

മലയാളിയുടെ വായനാ സംസ്കാരം വളർത്തിയെടുക്കുന്നതിൽ സവിശേഷമായ പങ്ക് വഹിച്ചിട്ടുള്ളവയാണ് “പൈങ്കിളി സാഹിത്യം”. മുഖ്യധാരാ ചർച്ചകളിൽ അവഗണിക്കപ്പെടുന്ന ഒരു വിഭാഗമായി അവ തുടരുന്നു. കേരളത്തിലെ പൈങ്കിളി നോവലുകളുടെ അറിയപ്പെടാത്ത സമ്പന്നമായ ലോകത്തേക്ക് കടന്നുചെല്ലുകയാണ് ഷിബു ബി എസ്.

ഷിബു ബി എസ്.

(അലയുടെ 57- ആം ലക്കത്തിൽ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ മലയാള പരിഭാഷ)  

പള്ളിപിരിഞ്ഞ് ആളുകൾ പോയിത്തുടങ്ങി. നിമിഷങ്ങൾ കഴിഞ്ഞു. വളഞ്ഞുപുളഞ്ഞ കൂപ്പ് റോഡിലൂടെ സെലീന വരുന്നത് ദാവീദ് കണ്ടു. ഒരു മാലാഖയെപോലെ തോന്നി അവന്. സൗന്ദര്യദേവതയുടെ അംഗ വടിവുള്ളവൾ. വെളുത്ത് തുടുത്ത മുഖം. കാന്തിചിന്നുന്ന കാന്തകണ്ണുകൾ. തുടുത്തുചുവന്ന ചുണ്ടിണകൾ. ഈറ്റക്കാനത്തെ ധനാഢ്യരുടെ പലരുടെയും ഉറക്കംകെടുത്തുന്ന സൗന്ദര്യധാമം ആണവൾ. : മനസ്സാക്ഷിക്കോടതി |ജോസി വാഗമറ്റം

1980കളിലെ പൈങ്കിളി സാഹിത്യം മിക്കവാറും തുടങ്ങാറുള്ളത് ഇങ്ങനെയാണ്. പിന്നീടങ്ങോട്ട്  തീവ്രമായ പ്രണയത്തിൻ്റെയോ  കുടുംബബന്ധത്തിൻ്റെയോ,  നല്ലവനായ നായകനും ശക്തനായ വില്ലനും തമ്മിലുള്ള  പോരാട്ടത്തിൻ്റെയോ അല്ലെങ്കിൽ ഒരു ദുരൂഹമായ കൊലപാതകത്തിൻ്റെ കഥകൾ പറയുന്നവയായോ കാണാം.  ലളിതമായി കഥ പറയുന്ന ഇത്തരം ജനപ്രിയ നോവലുകൾ പ്രസിദ്ധീകരിക്കുന്ന വാരികകൾ വായനക്കാരെ പെട്ടെന്ന് ആകർഷിക്കുന്നു.  കടകളിൽ നിന്ന് ചൂടപ്പം പോലെ വിറ്റിരുന്ന ഈ വാരികകൾ വായനക്കാർ ഒറ്റയടിക്ക് വാങ്ങി വായിച്ചു തീർക്കുകയും ചെയ്തു.   1988-89 കാലഘട്ടത്തിൽ മലയാള മനോരമ വാരികയിൽ പരമ്പരയായി  വന്ന സൂപ്പർഹിറ്റ് നോവലുകളിലൊന്നായ ‘മാനസാക്ഷികോടതി’  ഡേവിഡും ഏലിയസും തമ്മിലുള്ള  ശത്രുതയെക്കുറിച്ചായിരുന്നു. ആ നോവലിലെ  കഥാപാത്രങ്ങളായ റെന്നിച്ചൻ, സെലീന, കുട്ടിയമ്മ, മിനി എന്നിവരെല്ലാം   മലയാളികൾക്ക് പരിചിതരായിരുന്നു. മറ്റുള്ള നൂറുകണക്കിന് കഥാപാത്രങ്ങളുടെ കാര്യവും അങ്ങനെയായിരുന്നു.

പലപ്പോഴും മുഖ്യധാരയിൽ ചർച്ച ചെയ്യപ്പെടാത്ത വിഭാഗമായ പൈങ്കിളി സാഹിത്യം, മലയാളികൾക്കിടയിൽ വായനാ സംസ്കാരം വളർത്തിയെടുക്കുന്നതിൽ വലിയൊരു പങ്കു വഹിച്ചു. 1980-കളിലും 90-കളിലും പൈങ്കിളി സാഹിത്യം വളരെ ജനപ്രിയമായിത്തീർന്നു. അവ  പ്രസിദ്ധീകരിച്ചിരുന്ന വാരികകളുടെ  പ്രചാരം ഈ സമയത്ത് കുതിച്ചുയർന്നു. പൈങ്കിളി  സാഹിത്യത്തിന്റെ   വായനക്കാരനായ ഒരാളെന്ന നിലയിൽ, ഈ സാഹിത്യരൂപത്തെക്കുറിച്ചും അതിൻ്റെ ചരിത്രത്തെക്കുറിച്ചും കൂടുതൽ മനസ്സിലാക്കുവാൻ ഞാൻ എൻ്റെയും മറ്റുള്ളവരുടെയും സ്വകാര്യ ശേഖരത്തിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു. അതോടൊപ്പം ഈ പുസ്തക വ്യവസായത്തിൽ നിന്നുള്ള ആളുകളോട് സംസാരിക്കുകയും ചെയ്തു

അദ്ധ്യായം ഒന്ന് – ഒരു പൈങ്കിളി കഥ

80-90 കാലഘട്ടങ്ങളിൽ ‘മാ’വാരികകളിൽ പ്രസിദ്ധീകരിച്ച നോവലുകൾ Image courtesy: Janapriyasahithyam Group, Facebook.

മലയാള സാഹിത്യത്തിൽ വള്ളുവനാടൻ സംസ്ക്കാരവും കഥാപാത്രങ്ങളും ശക്‌തമായ സ്വാധീനം ചെലുത്തിയിരുന്ന കാലമാണ് 1950കൾ. ആ കാലത്തുതന്നെയാണ് മലയാള പൈങ്കിളി സാഹിത്യത്തിന്റെ ഉദ്ഭവവും. എഴുത്തുകാരൻ മുട്ടത്തു വർക്കിയാണ് ‘ഇണ പ്രാവുകൾ’ (1953) എന്ന നോവലിലൂടെ മലയാളത്തിൽ സമാന്തരമായ പുതു ധാരയ്ക്ക് തുടക്കമിട്ടത്. പാശ്ചാത്യസാഹിത്യത്തിലെ  ‘മിൽസ് ആൻറ്  ബൂൺസ്’ പോലെയുള്ള കാല്പനികകൃതികളെ ആധാരമാക്കി അദ്ദേഹം രചിച്ച ‘പാടാത്ത പൈങ്കിളി’ എന്ന നോവൽ കേരളത്തിൽ പൈങ്കിളി സാഹിത്യത്തിന് തുടക്കം കുറിച്ചു. മംഗളം, മനോരമ, മനോരാജ്യം എന്നീ വാരികകളിൽ പരമ്പരയായി പ്രസിദ്ധീകരിച്ച ഇത്തരം നോവലുകൾ വാരികകളുടെ ജനപ്രീതി വർദ്ധിപ്പിച്ചു. ഈ വരികകളുടെ പേരുകളുടെ ആദ്യാക്ഷരം ‘മ’  യിലാണ് തുടങ്ങുന്നത്. അവയുടെ ആദ്യാക്ഷരമായ ‘മ’ ചേർത്ത് ഇത്തരം എഴുത്ത് പ്രസിദ്ധീകരണങ്ങളെ ‘മാ പ്രസിദ്ധീകരണങ്ങൾ’ എന്ന് വിശേഷിപ്പിക്കാൻ തുടങ്ങി. സാധാരണക്കാരുടെ ജീവിതം   പറയുന്ന ഇത്തരം നോവലുകളുമായി ധാരാളം പുതിയ എഴുത്തുകാർ വന്നു തുടങ്ങി. മലയാളത്തിലെ ഒരു പ്രമുഖ വാരികയിൽ പ്രസിദ്ധീകരിച്ചിരുന്ന വള്ളുവനാട്ടിലെ ഭാരതപ്പുഴയുടെ തീരത്തുള്ള നാരായണൻ നായരുടെയും നാരായണിയമ്മയുടെയും കഥക്കൊപ്പം വായനക്കാർ മീനച്ചിലാറിന്റെ തീരത്തു നടക്കുന്ന ആന്റണിയുടെയും റാഹേലിന്റെയും പ്രണയവും ഏറ്റെടുത്തു. ഇ ജെ കാനം, മുട്ടത്തു വർക്കി, ചെമ്പിൽ ജോൺ  എന്നിവരായിരുന്നു 1950 -60 കളിലെ ജനപ്രിയ എഴുത്തുകാർ. കാനത്തിൻ്റെ പമ്പാനദി  പാഞ്ഞൊഴുകുന്നു , കാലവർഷം, നവരാത്രി , നിശബ്ദം എന്നിവയും ചെമ്പിൽ ജോണിൻ്റെ വീണയിൽ ഉറങ്ങും രാഗം, ചുഴികൾ മലരികൾ, സ്വപ്നലേഖ, വിവാഹ നിശ്ചയം എന്നിവയെല്ലാം അക്കാലത്തെ വലിയ ഹിറ്റുകളായിരുന്നു. ഈ മൂന്നുപേർക്കുശേഷം മൊയ്തു പടിയത്തും വല്ലച്ചിറ മാധവനും തങ്ങളുടെ പ്രണയകഥകളിലൂടെ സാധാരണക്കാരെ ത്രസിപ്പിച്ചു. മാധവൻ്റെ ചുരുളൻ മുടിക്കാരി, യുദ്ധഭൂമി , ചുവന്ന സന്ധ്യകൾ , ഏദനിലെ ആ ശോകരാത്രി പിന്നെയും തുടങ്ങിയവ  1970-കളിലെ ഏറ്റവും ജനപ്രിയമായ നോവലുകളായിരുന്നു. അതിനിടയിലാണ് പമ്മൻ എന്ന പേരിൽ എഴുതിയ ആർ പി മേനോൻ ശൃംഗാരം കലർന്ന  പ്രണയകഥകളുമായി വന്നത്. പമ്മൻ്റെ നോവലുകൾ ബെസ്റ്റ് സെല്ലറുകളായിരുന്നു, അവയിൽ ചട്ടക്കാരി, അടിമകൾ എന്നിവ സിനിമകളായി. ജോൺ ആലുങ്കലും ജോൺസൺ പുളിങ്കുന്നും 1980 കളുടെ തുടക്കത്തിൽ വ്യക്തിമുദ്ര പതിപ്പിച്ച അക്കാലത്തെ മറ്റൊരു ജനപ്രിയ എഴുത്തുകാരനായിരുന്നു അയ്യനേത്ത്. അപ്പോഴേക്കും കോട്ടയം കേന്ദ്രമാക്കിയുള്ള ‘മ’ മാസികകളുടെ എണ്ണം ഒമ്പതായി ഉയർന്നു   അതോടെ കൂടുതൽ യുവ എഴുത്തുകാർ രംഗത്തെത്തി. 80 കളിലും 90 കളിലും ജോയ്സി, സുധാകർ മംഗളോദയം, മാത്യു മറ്റം, എം ഡി അജയഘോഷ്, കെ കെ സുധാകരൻ, മുരളി നെല്ലനാട്, മല്ലിക യൂനിസ്, കമലാ ഗോവിന്ദ്, എം ഡി രത്നമ്മ, ചന്ദ്രകല എസ് കമ്മത്ത് എന്നിവർ ജനപ്രിയ എഴുത്തുകാരായി മാറി.

എഴുത്തുകാരൻ കെ കെ സുധാകരൻ, പൈങ്കിളി സാഹിത്യ രചയിതാക്കൾക്ക് മതിയായ അംഗീകാരം ലഭിച്ചിട്ടുണ്ടോയെന്ന് സംശയം പ്രകടിപ്പിച്ചു.  അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ “സാധാരണക്കാർ ഈ നോവലുകൾ വായിക്കുമെങ്കിലും, വരേണ്യ വർഗ്ഗവായനക്കാരും എഡിറ്റർമാരും അവാർഡ് കമ്മിറ്റികളും  മാ മാസിക എഴുത്തുകാരെ അവഗണിക്കുകയാണ് പതിവ്. എൻ്റെ സത്യസന്ധമായ അഭിപ്രായത്തിൽ, പൈങ്കിളി സാഹിത്യം മലയാളിയുടെ വായനാശീലം മെച്ചപ്പെടുത്താൻ സഹായിച്ചിട്ടുണ്ട് ”.

അദ്ധ്യായം 2: ജോയ്‌സിയൻ യുഗം

80കളിലും 90കളിലും ജനപ്രീതിയാർജ്ജിച്ച ജോയ്‌സി തൻ്റെ സമകാലികരിൽ സൂപ്പർസ്റ്റാറായിരുന്നു. മൂന്ന് തൂലികാനാമങ്ങൾ അദ്ദേഹം ഉപയോഗിച്ചിരുന്നു. സീരിയസ് നോവലുകൾക്ക് ജോയ്‌സി, ക്രൈം ആൻഡ് ആക്ഷൻ ത്രില്ലറുകൾക്ക് ജോസി വാഗമറ്റം, സ്ത്രീ കേന്ദ്രീകൃത തീമുകൾക്ക് സി വി നിർമ്മല. 

കാവൽമാടത്തിലെ സിബിച്ചൻ, ലോറി ഡ്രൈവർ നോബിൾ, സ്ത്രീധനത്തിലെ വിദ്യ, ഈയിടെ പ്രസിദ്ധീകരിച്ച ചാവുകടലിലെ ശൂരി എന്നിവർ ആദ്ദേഹത്തിന്റെ കയ്യൊപ്പു പതിഞ്ഞ കഥാപാത്രങ്ങളാണ്. ജനപ്രിയ ഫിക്ഷന് നായകനുണ്ടെങ്കിൽ അത് ജോയ്‌സി ആയിരിക്കണം,’  പൈങ്കിളി  നോവലുകളുടെ  വായനക്കാരനും ഈ വിഭാഗത്തിൽ എൻ്റെ സ്വന്തം വായനയെ രൂപപ്പെടുത്തിയ സുഹൃത്തുമായ ശ്രീനാഥ് കെ.എസ് പറഞ്ഞു  “എൺപതുകളിൽ മനോരമ ആഴ്ചപ്പതിപ്പിൽ വന്ന അദ്ദേഹത്തിൻ്റെ കണ്ണീരാറ്റിലെ തോണി ഞാൻ കൗമാരപ്രായത്തിലാണ് വായിച്ചത്. ജോയ്സിയും ജോസി വാഗമറ്റവും സി വി നിർമലയും ഒരേ വ്യക്തിയാണെന്ന് ഞാനറിഞ്ഞിരുന്നില്ല കാരണം അദ്ദേഹം ഓരോരുത്തർക്കും വ്യത്യസ്ത ശൈലികളാണ് സ്വീകരിച്ചിരുന്നത്. ഇലപൊഴിയും  ശിശിരത്തിൽ  ജോയ്‌സിക്ക് ഹൃദ്യമായ ശൈലിയുണ്ടെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. അടിയറവ് പോലെയുള്ള നോവലുകളിൽ വാഗമറ്റം പൗരുഷത്തെ ആഘോഷിച്ചു, അതേസമയം മിഴോയോരത്തു പോലെയുള്ള നോവലുകളിലൂടെ വായനക്കാരെ ആർദ്രമാക്കാൻ നിർമ്മലയ്ക്ക് കഴിഞ്ഞിരുന്നു. ഞാൻ തിരുവനന്തപുരത്തുകാരനായിരുന്നെങ്കിലും, വാഗമറ്റത്തിൻ്റെ  ത്രില്ലറായ തുറമുഖം വായിക്കുമ്പോൾ കൊച്ചിയിലെ ഗോശ്രീ ദ്വീപുകളുടെ  ഭൂപ്രകൃതി വ്യക്തമായി  എനിക്ക് സങ്കൽപ്പിക്കാൻ കഴിഞ്ഞു.   നായകന്മാരായ  സാവിയോയും ഹർഷനും തങ്ങളുടെ ജീവൻ രക്ഷിക്കാൻ കടമക്കുടി ദ്വീപുകളിലൂടെയും വൈപ്പിനിലൂടെയും സഞ്ചരിക്കുന്നു. പിന്നീട് ഞാൻ  ഈ സ്ഥലങ്ങൾ സന്ദർശിച്ചപ്പോൾ ആ നോവലിലെ വിശദാംശങ്ങൾ    എന്നെ ആവേശം കൊള്ളിച്ചു”.

അദ്ധ്യായം 3: ഡിറ്റക്ടീവുകളും മന്ത്രവാദികളും

പൈങ്കിളി നോവലുകൾ. Credit: ഷിബു ബി എസ്.

മാ’ പ്രസിദ്ധീകരണങ്ങൾ താമസിയാതെ വൈവിധ്യങ്ങൾ  തിരയാൻ തുടങ്ങി വാരികകളുടെ പ്രചാരം വർദ്ധിപ്പിക്കുന്നതിനു വേണ്ടി കാല്പനിക കഥകൾക്കപ്പുറം    ഉദ്വെഗം  ജനിപ്പിക്കുന്ന അന്വേഷണാത്മക നോവലുകൾക്ക് കൂടുതൽ ഊന്നൽ നല്കാൻ തുടങ്ങി. 1960 കളിൽ, മിക്ക മലയാള കുറ്റാന്വേഷക നോവലുകളും സർ ആർതർ കോനൻ ഡോയലിനെപ്പോലുള്ള എഴുത്തുകാരുടെ ഇംഗ്ലീഷ് നോവലുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് എഴുതിയിട്ടുള്ളത്. കുറ്റാന്വേഷണ നോവൽ വിഭാഗത്തിൽ  പ്രസിദ്ധീകരിച്ചിട്ടുള്ളതാണ് 60-കളിൽ ബി കെ എം ചമ്പക്കുളം ബുക്ക് ഡിപ്പോ പ്രസിദ്ധീകരിച്ച ഡിറ്റക്ടർ. പിന്നീട്, മോഹൻ ഡി കങ്കഴ മലയാളത്തിലേക്ക് ഹിന്ദി എഴുത്തുകാരനായ ദുർഗാപ്രസാദ് ഖത്രിയുടെ ഡിറ്റക്ടീവ് നോവലുകളായ — സ്വർഗ്ഗപുരി,  വെളുത്ത ചെകുത്താൻ, ചുവന്ന കൈപ്പത്തി- എന്നിവ വിവർത്തനം ചെയ്തു.  അവയുടെ വിജയം ഇത്തരം നോവലുകൾക്കു ധാരാളം വായനക്കാരുണ്ടെന്നു തെളിയിച്ചു. 

70കളിലാണ് ചരിത്രാധ്യാപകനായ പുഷ്പനാഥൻ പിള്ള കോട്ടയം പുഷ്പനാഥ് എന്ന തൂലികാ നാമത്തിൽ രംഗപ്രവേശം  ചെയ്തത്.  ചരിത്രത്തെ ഫിക്ഷനും ആക്ഷനുമായും സമന്വയിപ്പിക്കുക   വഴി അദ്ദേഹത്തിൻ്റെ നോവലുകൾക്കു  വലിയൊരു വിഭാഗം  ആരാധകരുണ്ടായി. എല്ലാ ജനപ്രിയ വാരികകളും അദ്ദേഹത്തിൻ്റെ നോവലുകൾക്കായി തിരക്കുകൂട്ടി കാത്തിരുന്നു. ഡിറ്റക്റ്റീവ് മാക്‌സിം എന്ന അദ്ദേഹത്തിൻ്റെ കഥാപാത്രം,  ഹാഫ് കൊറോണ സിഗാർ വലിക്കുന്നത് വായനക്കാർക്കിടയിൽ തരംഗമായിരുന്നു, അവർ ഡിറ്റക്റ്റീവ് മാക്‌സിമിനെ കേരളത്തിൻ്റെ സ്വന്തം ഷെർലക് ഹോംസ് എന്ന് വിളിക്കാൻ തുടങ്ങി.പിന്നീട്, കോട്ടയം പുഷ്പനാഥ് തന്നെ തൻ്റെ നോവലുകളിൽ ഡിറ്റക്ടീവ് പുഷ്പ രാജ് എന്ന നായക കഥാപാത്രമായി വരാൻ  തുടങ്ങി. പ്രണബ് എന്ന തൂലികാനാമത്തിൽ എഴുതിയിരുന്ന യുവതാരം എഴുത്തുകാരൻ ഡോ. ​​പി.പി ജോർജ്ജ് തൻ്റെ ഡോ. ബ്ലീറ്റ് എന്ന കഥാപാത്രവുമായി രംഗപ്രവേശം ചെയ്തത് വായനക്കാരെ വളരെയധികം ആവേശം കൊള്ളിച്ചു.

അക്കാലത്ത് ഭീതിപ്പെടുത്തുന്നതും ദുർമന്ത്രവാദ പ്രമേയങ്ങളുമുള്ള നോവലുകൾക്ക് വായനക്കാരെ  ആകർഷിക്കാനുമുള്ള ശക്തി ഉണ്ടായിരുന്നു. ആ വിഭാഗത്തിലെ ഒരു ജനപ്രിയ എഴുത്തുകാരനായിരുന്നു ഏറ്റുമാനൂർ ശിവകുമാർ. പ്രണബിന് ശേഷം 80കളിലെ മുൻനിര ഡിറ്റക്ടീവവ് നോവലിസ്റ്റുകളായി ഉയർന്നുന്നവരാണ് തോമസ് ടി അമ്പാട്ട്, പതാലിൽ തമ്പി, ബാറ്റൻബോസ് എന്നിവർ.  ഡിറ്റക്റ്റീവ് ഫിക്ഷനിൽ നിന്ന് ക്രൈം ത്രില്ലറുകളിലേക്കുള്ള മാറ്റത്തിന്റെ പ്രധാന എഴുത്തുകാരൻ  80-കളിൽ ബാറ്റൻബോസ് ആയി എഴുതിയ കെ എം ചാക്കോയാണ്. ഒടുവിൽ പുഷ്പനാഥിന്റെ സ്ഥാനത്ത്  ബാറ്റൺ ബോസ് ക്രൈം ഫിക്ഷൻ്റെ രാജാവായി. അദ്ദേഹത്തിൻ്റെ ആദ്യ നോവലായ ഡോക്ടർ സീറോ മുതൽ സമീപകാലത്തെഴുതിയ കാസിനോ വരെ ഏതാണ്ട് നൂറോളം നോവലുകൾ ബാറ്റൺബോസിന്റേതായിട്ടുണ്ട്. അദ്ദേഹത്തിൻ്റെ രക്തമില്ലാ മനുഷ്യർ, റേഞ്ചർ, ചെക്ക്‌പോസ്റ്റ്, രാത്രിയുടെ രാജാക്കന്മാർ  ഹവ്വ ബീച്ച് എന്നിവയെല്ലാം സൂപ്പർ ഹിറ്റുകളായിരുന്നു. മോഹൻലാലിനെ നായകനാക്കി റേഞ്ചർ സിനിമയാക്കാൻ പല പ്രമുഖ സംവിധായകരും മുന്നോട്ട് വന്നിരുന്നുവെങ്കിലും പദ്ധതി നടപ്പായില്ല. 1990-കളിൽ ത്രില്ലറുകൾ    കൂടുതൽ സിനിമാറ്റിക്ക്  ശൈലി അവലംബിച്ചു.  ഇന്ന് മാസ് സിനിമകളിൽ കാണാറുള്ള  തരത്തിൽ  മിക്കവാറും പിരിമുറുക്കമുള്ള/ ഉദ്വേഗജനകമായ  സാഹചര്യത്തിലാവും നായകനെ അവതരിപ്പിക്കുന്നത്. പഞ്ച് ലൈനുകൾ പോലും അവർക്കായി എഴുതിയിരുന്നു . എൻ കെ ശശിധരൻ, കെ വി അനിൽ, മെഴുവേലി ബാബുജി എന്നിവരായിരുന്നു അന്നത്തെ പ്രമുഖർ. എൻ കെ ശശിധരൻ്റെ വന്യം, കെ വി അനിലിൻ്റെ ഓക്‌സിജൻ, മെഴുവേലി ബാബുജിയുടെ സ്രാവ് എന്നിവ കഴിഞ്ഞ മൂന്ന് ദശകങ്ങളിലെ സൂപ്പർഹിറ്റുകളിൽ ചിലതാണ്. 

ക്രൈം ത്രില്ലറുകൾ എഴുതുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല’, ബാബുജി ഞങ്ങളുടെ സംഭാഷണത്തിനിടയിൽ പറഞ്ഞു. “കോടീശ്വരൻ, സ്വർണം എന്നിവ എഴുതുന്നതിന് മുമ്പ് ഞാൻ യഥാക്രമം ദുബായിലും കോലാർ സ്വർണ്ണ ഖനികളും സന്ദർശിച്ചിരുന്നു. വേളാങ്കണ്ണിക്കടുത്തുള്ള ഒരു മാർബിൾ ക്വാറിയെ അടിസ്ഥാനമാക്കിയുള്ളതാണ് വൈറ്റ് ഹിൽ, ക്വാറിക്കുള്ളിലെ ജീവിതം മനസ്സിലാക്കാൻ ഞാൻ രണ്ടാഴ്ച വേദാരണ്യത്തിൽ താമസിച്ചു. ഒരു ക്രൈം ത്രില്ലർ എഴുതുന്നതിന് മുമ്പ്, പരിസരം കൃത്യമായി മനസ്സിലാക്കേണ്ടതുണ്ട് . വായനക്കാരെ പിടിച്ചിരുത്താൻ  വിശദാംശങ്ങൾ  അത്യാവശ്യമാണ്”.

മെഴുവേലി ബാബുജിയുടെ ‘വരാഹം’ എന്ന ചിത്രത്തിന് ആർട്ടിസ്റ്റ് മോഹൻ്റെ ചിത്രീകരണം-മനോരമ  പരസ്യം.

ജോയ്സിയെപ്പോലെ ബാബുജിയും വ്യത്യസ്ത പേരുകളിൽ നോവലുകൾ എഴുതിയിട്ടുണ്ട്-കെ പരശുറാം, മാലതി വാസുക്കുട്ടി, ലത ബാബുജി, ബി ഹില രി- എന്നിവയെല്ലാം ബാബുജിയുടെ തൂലികനാമങ്ങളാണ്. കെ കെ സുധാകരൻ ചില വാരികകളിൽ രണ്ട് നോവലുകൾ ഒരേസമയം പ്രസിദ്ധീകരിച്ചതിനാൽ എം പ്രസാദചന്ദ്രൻ, എം പ്രസാദ് എന്നീ പേരുകൾ ഉപയോഗിച്ചാണ്‌ എഴുതിയിരുന്നത്. 

ജോയ്സിയെപ്പോലെ ബാബുജിയും വ്യത്യസ്ത പേരുകളിൽ നോവലുകൾ എഴുതിയിട്ടുണ്ട്-കെ പരശുറാം, മാലതി വാസുക്കുട്ടി, ലത ബാബുജി, ബി ഹില രി- എന്നിവയെല്ലാം ബാബുജിയുടെ തൂലികനാമങ്ങളാണ്. കെ കെ സുധാകരൻ ചില വാരികകളിൽ രണ്ട് നോവലുകൾ ഒരേസമയം പ്രസിദ്ധീകരിച്ചതിനാൽ എം പ്രസാദചന്ദ്രൻ, എം പ്രസാദ് എന്നീ പേരുകൾ ഉപയോഗിച്ചാണ്‌ എഴുതിയിരുന്നത്. 

സുധാകരനും ബാബുജിക്കും നീണ്ട കാലയളവിൽ  വായനക്കാരെ ഒപ്പം നിർത്താൻ കഴിഞ്ഞു.   മാറിക്കൊണ്ടിരിക്കുന്ന ജീവിതശൈലി, സാങ്കേതികവിദ്യ, രാഷ്ട്രീയ സാഹചര്യങ്ങൾ എന്നിവയ്‌ക്കൊപ്പം സ്വയം പുതുക്കികൊണ്ടിരുന്നതിനാ ലാണ് ഇത് സാധിച്ചത് എന്ന്  അവർ പറയുന്നു.

ഇന്ന്, വാരികകളുടെ എണ്ണം ഗണ്യമായി കുറഞ്ഞു, എന്നിട്ടും നിലനിൽക്കുന്ന മാസികകൾക്കു നല്ല പ്രചാരം ലഭിക്കുന്നുണ്ട്. ഇക്കാലത്ത്, 50-60 ഭാഗങ്ങളുള്ള ഒരു  നോവലിന്, എഴുത്തുകാർക്ക് ഒരു അധ്യായത്തിന് 5,000 രൂപ ലഭിക്കും. എഴുപതുകളിൽ മനോരമ ആഴ്ചപ്പതിപ്പിന് വെറും 70 പൈസ വിലയുണ്ടായിരുന്നെങ്കിൽ 80കളോടെ അത് ഒരു രൂപയായി ഉയർന്നു. അച്ചടിയുടെ നിലവാരം  ചില സമയങ്ങളിൽ മോശമായിരുന്നു, എന്നിട്ടും മോഹനെപ്പോലുള്ള കലാകാരന്മാർ സൃഷ്‌ടിച്ച  സുന്ദരികളായ സ്ത്രീകളും  പുരുഷത്വമുള്ള പുരുഷന്മാരും വായനക്കാരെ താളുകളിലേക്ക് ആകർഷിച്ചുകൊണ്ടേയിരുന്നു. ബസിലോ ചായക്കടയുടെ മൂലയിലോ ഒരാൾക്ക് ആഴ്ചപ്പതിപ്പ് മടക്കി സ്വകാര്യതയിൽ വായിക്കാൻ കഴിയുന്ന തരത്തിലാണ് കോളങ്ങൾ പോലും ഒരു പേജിൽ ക്രമീകരിച്ചിരുന്നത്.

അദ്ധ്യായം 4: വെള്ളിത്തിരയിലെ പൈങ്കിളി പ്രേമം

“നമുക്ക് ഗ്രാമങ്ങളിൽ ചെന്ന് രാപ്പാർക്കാം. അതികാലത്ത് എഴുന്നേറ്റ് മുന്തിരിത്തോട്ടങ്ങളിൽ പോയി, മുന്തിരിവള്ളി തളിർത്ത് പൂവിടരുകയും  മാതളനാരകം പൂക്കുകയും ചെയ്തുവോ എന്നു നോക്കാം. അവിടെവെച്ചു ഞാൻ നിനക്കു എൻ്റെ പ്രേമം തരും.”

– സോളമൻ്റെ ഗീതങ്ങൾ 7:12

ഈ ബൈബിൾ വാക്യം കേൾക്കുമ്പോൾ മലയാളിയുടെ മനസ്സിൽ ആദ്യം ഓടിയെത്തുന്നത് സംവിധായകൻ പത്മരാജൻ്റെ ക്ലാസിക് സിനിമയായ നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ എന്ന ചിത്രത്തിലെ നായികാ നായകന്മാരായ സോളമൻ്റെയും സോഫിയയുടെയും പ്രണയകഥയായിരിക്കും. മോഹൻലാലും ശാരിയും പ്രധാന വേഷങ്ങളിൽ അഭിനയിച്ച ചലച്ചിത്രം. 1986-ൽ ഇറങ്ങിയ പത്മരാജൻ്റെ  ‘നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ’ എന്ന സിനിമ  കെ കെ സുധാകരൻ്റെ നമുക്ക് ഗ്രാമങ്ങളിൽ ചെന്നു രാപ്പാർക്കാം എന്ന ഹ്രസ്വ നോവലിനെ അടിസ്ഥാനമാക്കിയുള്ളതാണ്.

A black and white movie poster.
 ‘നമുക്ക് പാർക്കാൻ……’. ന്റെ പോസ്റ്റർ. Source: IMDb (The Internet Movie Database).

1985ൽ കലാകൗമുദി വാരികയിൽ നമുക്ക് ഗ്രാമങ്ങളിൽ ചെന്ന് രാപ്പാർക്കാം 13 ഭാഗങ്ങളായിട്ടാണ് പ്രസിദ്ധീകരിച്ചത്‌’- സുധാകരൻ പറഞ്ഞു. “മാ മാസികയിൽ പ്രസിദ്ധീകരിക്കാനിരുന്ന നോവൽ  ഭാഷാ പോഷിണി അല്ലെങ്കിൽ മാതൃഭൂമി ആഴ്ചപ്പതിപ്പ് പോലെ ‘സാഹിത്യ’ മാസികയായി  കണക്കാക്കുന്ന കലാകൗമുദിയുടെ എഡിറ്റർ യാദൃച്ഛികമായി വായിക്കുകയും  പ്രസിദ്ധീകരിക്കാൻ താത്പര്യം കാണിക്കുകയും ചെയ്തു. കലാകൗമുദിയിൽ വന്ന നോവൽ പത്മരാജൻ്റെ ഭാര്യ രാധാലക്ഷ്മിയാണ് വായിച്ച്  അദ്ദേഹത്തോട് നിർദ്ദേശിച്ചത്. അന്ന് ഞാൻ ചങ്ങനാശ്ശേരിയിൽ ജോലി ചെയ്യുകയായിരുന്നു. ഒരു ദിവസം എനിക്ക് പത്മരാജൻ്റെ ഫോൺ നമ്പർ അടങ്ങുന്ന ഒരു ടെലിഗ്രാം ലഭിച്ചു. കോവളത്തെ ഹോട്ടലായ സമുദ്രയിൽ വച്ച് അദ്ദേഹത്തെ കാണണമെന്ന് അദ്ദേഹം അറിയിച്ചു” , സുധാകരൻ ഓർത്തെടുക്കുന്ന മറ്റൊരു കാര്യംകൂടിയുണ്ട്. “പദ്മരാജൻ  നൊമ്പരത്തിപ്പൂവിന്  തിരക്കഥയെഴുതുന്ന കാലമായിരുന്നു അത്. മമ്മൂട്ടി, മോഹൻലാൽ,  മാധവി, ബേബി സോണിയ എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കേണ്ടിയിരുന്നത്. സുധാകരൻ്റെ കഥ വായിച്ചതിനുശേഷം, നൊമ്പരത്തിപ്പൂവിന് മുമ്പ് അതിനെ അടിസ്ഥാനമാക്കി ഒരു സിനിമ ചെയ്യാൻ പത്മരാജൻ തീരുമാനിച്ചു. സുധാകരനുമായി ചർച്ച ചെയ്ത ശേഷം, നൊമ്പരത്തിപ്പൂവിന് മോഹൻലാൽ നൽകിയ 21 ദിവസത്തെ കാൾ ഷീറ്റ് ഉപയോഗിച്ച് നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ നിർമ്മിക്കാൻ പത്മരാജൻ തീരുമാനിച്ചു.” (പിന്നീട് 1987-ൽ പുറത്തിറങ്ങിയ നൊമ്പരത്തിപ്പൂവിൽ മോഹൻലാലിനുവേണ്ടി നീക്കിവച്ച സാമുവൽ എന്ന കഥാപാത്രം മുരളി അവതരിപ്പിച്ചു).“പത്മരാജനാണ് മുന്തിരിത്തോപ്പുകളുടെ പശ്ചാത്തലത്തിൽ കഥ പുനഃസൃഷ്ടിക്കാൻ നിർദേശിച്ചത്”- സുധാകരൻ പറഞ്ഞു. അത് കഥയുടെ പശ്ചാത്തലത്തിന്   പുതുമയും പുതിയ മാനവും നൽകുമെന്ന് അദ്ദേഹം പറഞ്ഞു’.

നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ മാത്രമല്ല, 1960 മുതൽ 2000 വരെയുള്ള നിരവധി സൂപ്പർഹിറ്റ് സിനിമകൾ ജനപ്രിയ   പൈങ്കിളി സാഹിത്യ കൃതികളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഭാര്യ (കാനത്തിൻ്റെ ഭാര്യ, 1962-ൽ സിനിമയാക്കി), നീയെത്ര ധന്യ (കെ കെ സുധാകരൻ്റെ ഒരു ഞായറാഴ്‌ചയുടെ ഓർമയെ അടിസ്ഥാനമാക്കി  1987-ൽ ഇറങ്ങിയ  സിനിമ), കോട്ടയം കുഞ്ഞച്ചൻ ( മുട്ടത്തു വർക്കിയുടെ വേലി  എന്ന നോവലിനെ അടിസ്ഥാനമാക്കി 1990-ൽ ഇറങ്ങിയ സിനിമ), ജി ഉഷയുടെ കനക സിംഹാസനം (2006 ൽ ഇറങ്ങിയ സിനിമ).നടൻ ജഗതി ശ്രീകുമാറിൻ്റെ  ആദ്യ സംവിധാന സംരംഭം  അന്നക്കുട്ടി…കോടമ്പാക്കം വിളിക്കുന്നു (1989 -ൽ ഇറങ്ങിയ സിനിമ)  മനോരമ ആഴ്ചപ്പതിപ്പിൽ വന്ന ജെ ഫിലിപ്പോസ് തിരുവല്ലയുടെ ഒരു ഹാസ്യ നോവലിനെ അടിസ്ഥാനമാക്കിയുള്ളതാണ്.

ഉപസംഹാരം

“മലയാള ടെലിവിഷനുകളിലെ മെഗാ സീരിയലുകളുടെ വരവോടെയാണ് മാ വാരികകളുടെ ജനപ്രീതി കുറഞ്ഞു തുടങ്ങിയത്. 1990-കളുടെ അവസാനത്തോടെ, മെഗാ സീരിയലുകൾ ജനപ്രിയമാകാൻ തുടങ്ങി, 2010 ആയപ്പോഴേക്കും വായനക്കാർ, പ്രത്യേകിച്ച് സ്ത്രീകൾ, സീരിയലുകളിലേക്ക് പൂർണ്ണമായും മാറി. ഏറ്റവും ജനപ്രിയമായ പൈങ്കിളി നോവലുകൾ സീരിയലുകളാക്കി,” സുധാകരൻ പറഞ്ഞു. ബാബുജിയുടെ അഭിപ്രായത്തിൽ ജെൻ-എക്സ് കുട്ടികൾ മൊബൈൽ ഫോണുകളോടാണ് കൂടുതൽ താൽപര്യം കാണിക്കുന്നത്. “അവർക്ക് അമിത അളവിലാണ് വിവരങ്ങൾ ലഭിക്കുന്നത്. ‘സിനിമകൾ, മൂവി ക്ലിപ്പുകൾ, ആക്ഷൻ സീക്വൻസുകൾ, റീലുകൾ, സ്പോർട്സ്, വാർത്തകൾ ഇങ്ങനെപോകുന്നു… ഇത് വിവരങ്ങളുടെ ധാരാളിത്തമാണ്. ഇഷ്ടമുള്ളത് തിരഞ്ഞെടുക്കുവാനുള്ള നിരവധി സാധ്യതയുള്ളതിനാൽ പരമ്പരയായി വരുന്ന ഒരു നോവൽ വായിക്കാൻ അവർക്ക് വലിയ താൽപ്പര്യമില്ല.”  അദ്ദേഹം പറഞ്ഞു. മനോരമ, മംഗളം തുടങ്ങിയ വാരികകൾ 2010 വരെ ആധിപത്യം പുലർത്തിയിരുന്നു. എന്നാൽ ഇപ്പോൾ സർക്കുലേഷൻ കുറഞ്ഞു,  ‘മാ’ മാസികകൾക്കിടയിൽ മനോരമ മാത്രം നിലനിൽക്കുന്നു.

Image of a man.
ടി ജയചന്ദ്രൻ സിഐസിസി ബുക്ക്സ്. Image credit: ഷിബു ബി എസ്

പൈങ്കിളി നോവലിസ്റ്റുകൾ പറയുന്നത് പൈങ്കിളി നോവലുകൾക്ക് ഇപ്പോഴും പ്രസാധകരിൽ നിന്ന് ഉയർന്ന ഡിമാൻഡുണ്ടെന്നാണ്. സിഐസിസി ബുക്‌സിൻ്റെ പ്രസാധകൻ ടി ജയചന്ദ്രൻ പറയുന്നു, “പൾപ്പ്ഫിക്ഷൻ എഴുത്തുകാരെ പ്രസാധകർക്ക് വിശ്വസിക്കാം, കാരണം ഈ പുസ്തകങ്ങൾ എളുപ്പത്തിൽ വിൽക്കപ്പെടും.ചെറുപട്ടണങ്ങളിലെയും ഗ്രാമങ്ങളിലെയും നിരവധി ലൈബ്രറികളുടെ നട്ടെല്ല് കൂടിയാണ് ഇവ. ജോയ്സി, കോട്ടയം പുഷ്പനാഥ്, ബാറ്റൻബോസ്, മുട്ടത്തു വർക്കി എന്നിവർ വായനക്കാരെ ഇന്നും വായനശാലകളിലേക്ക് ആകർഷിക്കുന്നു. മലയാളം പൈങ്കിളി സാഹിത്യ  പാരമ്പര്യം സമ്പന്നമാണ്, ജനപ്രിയ നോവലുകളിലൂടെ ഓരോ വർഷവും പുതിയ ജനപ്രിയ നായകന്മാർ ഉയർന്നുവരുന്നു.” 1

മലയാളത്തിലെ പൈങ്കിളിസാഹിത്യ  ചരിത്രത്തിലെ ഏറ്റവും ജനപ്രീതിയാർജ്ജിച്ച കഥാപാത്രങ്ങളിലൊന്നായ ലോറി ഡ്രൈവർ നോബിളിൻ്റെ തിരിച്ചുവരവിൻ്റെ സാധ്യതയെക്കുറിച്ച് ഞാൻ എഴുത്തുകാരൻ  ജോയ്‌സിയോട് ചോദിച്ചപ്പോൾ അദ്ദേഹം പ്രതികരിക്കാൻ തയ്യാറായില്ല.ഇത്തരമൊരു തിരിച്ചുവരവ് നായകൻ്റെ എട്ടാമത്തെ വരവായിരിക്കും – ജോസി വാഗമറ്റം എഴുതിയ ഏഴ് നോവലുകളിൽ  നോബിൾ ഇതുവരെ ഇടം നേടിയിട്ടുണ്ട്, ഈ വിഭാഗത്തിൻ്റെ നിലവിലുള്ള ജനപ്രീതി കണക്കിലെടുക്കുമ്പോൾ, ഈ ദശകത്തിൽ പോലും നായകന്റെ  മടങ്ങിവരവിനുള്ള   സാധ്യതയുണ്ട്.  ആരാധകർ പറയുന്നു -ഞങ്ങൾ കാത്തിരിക്കുകയാണ്!


ലേഖകനെക്കുറിച്ച്: കൊച്ചികേന്ദ്രമാക്കി പ്രവർത്തിക്കുന്ന സ്വതന്ത്ര മാധ്യമപ്രവർത്തകൻ. ഡെക്കാൻ ഹെറാൾഡിലും ദി ന്യൂ ഇന്ത്യൻ എക്‌സ്പ്രസിലും പ്രവർത്തിച്ചിട്ടുണ്ട്. മലയാള ചലച്ചിത്ര സംവിധായകൻ ബി.  ഉണ്ണികൃഷ്ണൻ്റെ അസോസിയേറ്റ് ഡയറക്ടർ കൂടിയാണ്.

   

 

Please follow and like us:

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.