കേരളത്തിലെ പൊതു ഗ്രന്ഥശാലകളുടെ നവീനവൽക്കരണം

വിമൽ കുമാർ വി.

ഇന്ത്യയിലെ മാതൃകാപരമായി പ്രവർത്തിച്ചു വരുന്ന പൊതു ഗ്രന്ഥശാല പ്രസ്ഥാനങ്ങളിൽ ഒന്നാണ് കേരളത്തിലേത്. ഗ്രന്ഥശാല നിയമം നിലവിൽ വരുന്നതിനു മുൻപ് തന്നെ പൊതു ഗ്രന്ഥശാലകൾ കേരളത്തിന്റെ ഒട്ടുമിക്ക ഭാഗങ്ങളിലും നിലവിൽ വന്നു കഴിഞ്ഞിരുന്നു. കേരളത്തിന്റെ സാമൂഹിക സാംസ്‌കാരിക അന്തരീക്ഷം ഗ്രന്ഥശാലകളുടെ വളർച്ചക്ക് സഹായകരമായിരിന്നു. നവോത്ഥാന പ്രസ്ഥാനങ്ങളും, ഇന്ത്യൻ സ്വാതന്ത്ര്യ സമരവും കേരളത്തിലുടനീളം പൊതു ഗ്രന്ഥശാലകളുടെ വളർച്ചക്ക് വെള്ളവും വളവും നൽകി. ഇന്ത്യയിലെ തന്നെ ആദ്യത്തെ പൊതു ഗ്രന്ഥശാലയാണ് 1827ൽ സ്വാതിതിരുനാളിന്റെ ഭരണകാലത്തു സ്ഥാപിച്ച തിരുവനന്തപുരം പബ്ലിക് ലൈബ്രറി. ഇന്ത്യക്കു സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുൻപ് തന്നെ തിരുവിതാംകൂറിലും മലബാറിലും പൊതു ഗ്രന്ഥശാലകൾ പൊതുജനങ്ങളുടെ ശ്രമഫലമായി രൂപപ്പെട്ടു പ്രവർത്തനം തുടങ്ങിക്കഴിഞ്ഞിരുന്നു. അമ്പലപ്പുഴയിൽ 1945ൽ ചേർന്ന അഖില തിരുവിതാംകൂർ ഗ്രന്ഥശാലാ സമ്മേളനത്തോടെ പൊതു ഗ്രന്ഥശാലകളുടെ പ്രവർത്തനങ്ങൾ ഏകീകരിക്കപ്പെട്ടു തുടങ്ങി. പി. എൻ. പണിക്കരുടെ നേതൃത്വത്തിൽ തുടങ്ങിയ ‘തിരുവിതാകൂർ ഗ്രന്ഥശാലാ സംഘം’ ആയിരുന്നു ഗ്രന്ഥശാലാ പ്രവർത്തനങ്ങളുടെ ഏകോപനത്തിനു പിന്നിൽ. സംസ്ഥാനരൂപീകരണത്തിനു ശേഷം ‘കേരള ഗ്രന്ഥശാല പ്രസ്ഥാനം’ എന്ന പേരിൽ പ്രവർത്തനങ്ങൾ തുടർന്നു. 1989ൽ കേരള പബ്ലിക് ലൈബ്രറീസ് ആക്ട് നിലവിൽ വരുകയും പൊതു ഗ്രന്ഥശാലകൾക്കു നിയമരൂപം കൈവരുകയും ചെയ്‌തു. കേരളത്തിലെ പൊതു ഗ്രന്ഥശാലകളുടെ മേൽനോട്ടത്തിനും, ഭരണനിർവ്വഹണ സംവിധാനത്തിനുമായി സ്റ്റേറ്റ് ലൈബ്രറി കൌൺസിൽ 1994ൽ നിലവിൽ വന്നു.

കേരളത്തിന്റെ സാമൂഹിക സാംസ്‌കാരിക പുരോഗമന പ്രസ്ഥാനങ്ങളിലും, സാക്ഷരതാ പ്രവർത്തനങ്ങൾ, വയോജന വിദ്യാഭ്യാസം തുടങ്ങി കേരളത്തെ അടിമുടി മാറ്റിയ ജനകീയ പദ്ധതികളിലെല്ലാം പൊതു ഗ്രന്ഥശാലകളും പങ്കെടുത്തു. കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ കണക്കുകൾ പ്രകാരം എണ്ണായിരത്തോളം പൊതു ഗ്രന്ഥശാലകളാണ് കേരളത്തിന്റെ മുക്കിനും മൂലയിലും പ്രവർത്തിക്കുന്നത്. ഇവയിൽ ഭൂരിഭാഗം ഗ്രന്ഥശാലകൾക്കും മികച്ച അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാണ്. കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ അനുശാസിക്കുന്ന പ്രകാരം രണ്ടു പൊതു ഗ്രന്ഥശാലകൾ തമ്മിലുള്ള ദൂരപരിധി രണ്ടു കിലോമീറ്റർ ആണ്. ഇതു മൂലം കേരളത്തിലെ ജനങ്ങൾക്ക് പൊതു ഗ്രന്ഥശാല സേവനങ്ങൾ വീടിനടുത്തു തന്നെ ലഭിക്കുന്ന സാഹചര്യമാണുള്ളത്. വായനശാല, ഗ്രന്ഥശാല, കലാ-സാംസ്‌കാരിക സമിതികൾ, സ്‌ത്രീകൾക്കും കുട്ടികൾക്കുമുള്ള കൂട്ടായ്മകൾ, കരിയർ ഗൈഡൻസ് കേന്ദ്രങ്ങൾ, റഫറൻസ് കേന്ദ്രങ്ങൾ തുടങ്ങിയവയാണ് പൊതു ഗ്രന്ഥശാലകൾ വഴി ലഭിക്കുന്ന പ്രധാന സൗകര്യങ്ങളും സേവനങ്ങളും.

പുസ്തകങ്ങളുടെ എണ്ണവും, പ്രവർത്തനങ്ങളുടെ വൈവിധ്യവുമനുസരിച്ചു ലൈബ്രറികളെ വിവിധ ഗ്രേഡുകളായി തരംതിരിച്ചിട്ടുണ്ട്. ഗ്രേഡുകളുടെ അടിസ്ഥാനത്തിൽ വാർഷിക ഗ്രാന്റും, ലൈബ്രേറിയൻമാർക്കുള്ള വേതനവും നൽകി വരുന്നു. വാർഷിക പരിശോധനകൾക്കു ശേഷം ഗ്രന്ഥശാലകളുടെ ഗ്രേഡ് പുനർനിർണ്ണയിക്കുന്നു. സർക്കാർ ഗ്രാന്റും, ലൈബ്രറി സെസ്സും വഴി സമാഹരിക്കുന്ന തുക ലൈബ്രറി കൌൺസിൽ വഴി പൊതു ഗ്രന്ഥശാലകളുടെ പ്രവർത്തനത്തിനും, പുരോഗതിക്കുമായി വിതരണം ചെയ്യപ്പെടുന്നു. പൊതു ഗ്രന്ഥശാലകളുടെ ഉന്നമനത്തിനും, പ്രചാരം വർധിപ്പിക്കുന്നതിനും, പൊതുജനങ്ങളുടെ വായനാ ശീലം പ്രോത്സാഹിപ്പിക്കുന്നതിനും, സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ കാലാകാലങ്ങളായി നൂതനങ്ങളായ പദ്ധതികൾ അവതരിപ്പിക്കുകയും, നടപ്പിലാക്കുകയും ചെയ്‌തു വരുന്നു. വായന സർവ്വേ, കരിയർ ഗൈഡൻസ് കേന്ദ്രങ്ങൾ, വായന മത്സരങ്ങൾ, ലൈബ്രറി സയൻസ് കോഴ്‌സ്, ലൈബ്രേറിയൻമാർക്കുള്ള  പരിശീലനങ്ങൾ, താലൂക്ക് റഫറൻസ് ലൈബ്രറികൾ, ജയിൽ ലൈബ്രറി, ട്രൈബൽ ലൈബ്രറികൾ തുടങ്ങിയ സേവനങ്ങളും, സംരംഭങ്ങളും സമൂഹത്തിലെ വിവിധ ജനവിഭാഗങ്ങളുടെ വിജ്ഞാന ആവശ്യങ്ങൾ നിറവേറ്റുന്ന രീതിയിലാണ് നടത്തി വരുന്നത്.

പൊതുഗ്രന്ഥശാലകൾ നേരിടുന്ന വെല്ലുവിളികൾ

ടെലിവിഷനും, ഇന്റർനെറ്റും കേരള സമൂഹത്തിൽ പ്രചാരത്തിൽ ആവുന്നതു വരെ ജനങ്ങളുടെ വിജ്ഞാന വിനോദ ആവശ്യങ്ങൾ ഒരു പരിധിവരെ നിറവേറ്റിയിരുന്നത് പൊതു ഗ്രന്ഥശാലകളാണ്. ഒരു പ്രദേശത്തെ സാംസ്‌കാരിക കേന്ദ്രമായും, സാമൂഹിക ഇടമായും (Social Place) ഗ്രന്ഥശാലകൾ പ്രവർത്തിച്ചു വരുന്നു. ആഗോളവൽക്കരണം, സാറ്റലൈറ്റ് ടെലിവിഷന്റെ പ്രചാരം, വിവരസാങ്കേതിക വിദ്യയുടെ വളർച്ച, ഇന്റർനെറ്റ്,  മൊബൈൽ ഫോൺ, സാമൂഹിക മാധ്യമങ്ങൾ എന്നിവ കേരള സമൂഹത്തിന്റെ വിനോദ വിജ്ഞാന മേഖലയെ മാറ്റിമറിച്ചു. ഈ മാറ്റങ്ങൾ എല്ലാം തന്നെയും പൊതു ഗ്രന്ഥശാലകളുടെ പ്രസക്തിക്ക് മങ്ങൽ ഏൽപ്പിച്ചിട്ടുണ്ട്. വിനോദത്തിനും വിജ്ഞാനത്തിനും പൂർണ്ണമായും ഇന്റെർനെറ്റിനെ ആശ്രയിക്കുന്ന ഇന്നത്തെ സമൂഹത്തിൽ പരമ്പരാഗത സേവനങ്ങൾ കൊണ്ട് ജനങ്ങളെ ഗ്രന്ഥശാലകളിലേക്ക് ആകർഷിക്കാനാവുന്നില്ല എന്നത് യാഥാർഥ്യമാണ്.

കേരളത്തിന്റെ സാംസ്‌കാരിക, വിനോദ-വിജ്ഞാന ആവശ്യങ്ങൾ നിറവേറ്റാനുള്ള അടിസ്ഥാന സൗകര്യങ്ങളും, മനുഷ്യ വിഭവശേഷിയും പൊതു ഗ്രന്ഥശാലകൾക്കുണ്ടെങ്കിലും ഗ്രന്ഥശാലാ സേവനങ്ങളെ സമൂഹത്തിന്റെ വിരൽത്തുമ്പിലേക്ക് എത്തിക്കാൻ സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമാക്കേണ്ടത് അത്യാവശ്യമാണ്. ആധുനിക ഗ്രന്ഥശാലാ പരിശീലനത്തിന്റെ അഭാവം ലൈബ്രറി സേവനങ്ങളിലും, പരിപാലനത്തിലും ഉണ്ട്. പ്രൊഫഷണൽ ലൈബ്രേറിയൻമാരുടെ സേവനവും ഗ്രന്ഥശാലകൾക്ക് ലഭ്യമല്ല. ഭൂരിഭാഗം പൊതു ഗ്രന്ഥശാലകളിലും പുസ്‌തകങ്ങൾ ക്ലാസ്സിഫൈ ചെയ്തിട്ടില്ല. ലൈബ്രേറിയൻമാർക്ക് ലൈബ്രറി ക്ലാസ്സിഫിക്കേഷൻ പരിശീലനം ഏറെക്കാലമായി നൽകിയിട്ടില്ല. കേരളത്തിലെ പൊതു ഗ്രന്ഥശാലകളിൽ ചുരുക്കം ചില ഇടങ്ങളിൽ മാത്രമേ കമ്പ്യൂട്ടർവൽക്കരണം നടന്നിട്ടുള്ളൂ. കമ്പ്യൂട്ടറും, അനുബന്ധ ഉപകരണങ്ങളും താലൂക്ക് റെഫെറൻസ് ലൈബ്രറികൾ പോലെയുള്ള തിരഞ്ഞെടുക്കപ്പെട്ട ഗ്രന്ഥശാലകളിൽ മാത്രമാണ് ലഭ്യമാക്കാൻ സാധിച്ചിട്ടുള്ളത്. ഭൂരിഭാഗം ലൈബ്രറികളിലെയും കാറ്റലോഗ് തയ്യാറാക്കൽ, പുസ്‌തക വിതരണം തുടങ്ങിയ പ്രവർത്തികൾ രജിസ്റ്ററുകൾ ഉപയോഗിച്ചാണ് നടത്തുന്നത്.

ഗ്രന്ഥശാലകളുടെ നവീനവൽക്കരണം: പ്രവർത്തന പദ്ധതി

ആധുനിക ഗ്രന്ഥശാലയെന്ന ലക്ഷ്യത്തോടെയാണ് കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ ഗ്രന്ഥശാലകളുടെ നവീനവൽക്കരണ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. പൊതു ഗ്രന്ഥശാലകളിൽ ആധുനികവൽക്കരിക്കുന്നതിനായി അടിസ്ഥാന സൗകര്യമൊരുക്കൽ, കമ്പ്യൂട്ടറും, അനുബന്ധ ഉപകരണങ്ങളും ലഭ്യമാക്കൽ, ലൈബ്രേറിയൻമാർക്കുള്ള പരിശീലനം, ഗ്രന്ഥശാലകളെ ബന്ധിപ്പിക്കുന്നതിനുള്ള സോഫ്റ്റ്‌വെയർ വികസിപ്പിക്കൽ, എല്ലാ ഗ്രന്ഥശാലകളിലേയും പുസ്‌തക വിവരങ്ങൾ സോഫ്റ്റ്‌വെയറിൽ ലഭ്യമാക്കൽ തുടങ്ങിയ കാര്യങ്ങളാണ് കേരള ലൈബ്രറി കൗൺസിലിൻറെ നവീനവൽക്കരണ പ്രവർത്തനനത്തിലെ പ്രധാന ലക്ഷ്യങ്ങൾ. കേരളത്തിലെ ഗ്രന്ഥശാലകളുടെ നവീനവൽക്കരണ പദ്ധതി രണ്ട്‌ ഘട്ടങ്ങളായാണ് വിഭാവന ചെയ്‌തിരിക്കുന്നത്‌. ആദ്യ ഘട്ടത്തിൽ ലൈബ്രറി മാനേജ്‌മെന്റ് സോഫ്റ്റ്‌വെയർ വികസിപ്പിച്ചു കൊണ്ട് തെരഞ്ഞെടുത്ത ലൈബ്രറികളിൽ പ്രവർത്തന ക്ഷമമാക്കിക്കൊണ്ടുള്ള കാര്യക്ഷമതാ പരിശോധന. രണ്ടാം ഘട്ടത്തിൽ കേരളത്തിലെ മുഴുവൻ ലൈബ്രറികളെയും പ്രവർത്തന പദ്ധതിയുടെ പരിധിയിൽ കൊണ്ട് വന്ന് പരിശീലനം നൽകലും, അവിടങ്ങളിലെല്ലാം നവീനവൽക്കരണം വ്യാപിപ്പിക്കലും.

ഗ്രന്ഥശാലകളുടെ നവീനവൽക്കരണത്തിനായി ലൈബ്രറി കൌൺസിൽ 2012ൽ ഒരു കർമ്മ സമിതി രൂപീകരിക്കുകയുണ്ടായി. ലൈബ്രറി കൌൺസിൽ പ്രതിനിധികൾ, പ്രൊഫഷണൽ ലൈബ്രേറിയൻമാർ, സാങ്കേതിക വിദഗ്ധർ തുടങ്ങിയവർ ഉൾപ്പെടുന്നവരായിരിന്നു സമിതി അംഗങ്ങൾ. പൊതു ഗ്രന്ഥശാലകളിലെ കമ്പ്യൂട്ടർവൽക്കരണത്തിനും, പുസ്‌തക വിവരങ്ങളുടെ സമാഹരണത്തിനും ‘കോഹ’ (http://koha-community.org) സ്വതന്ത്ര സോഫ്റ്റ്‌വെയർ മതിയെന്ന് സമിതി നിർദേശിച്ചു. കോഹ എല്ലാ ലൈബ്രറികളിലും എത്തിക്കുന്നതിനുള്ള സാങ്കേതിക സഹായം നൽകുന്നതിന് സോഫ്റ്റ്‌വെയർ സേവനദാതാവിനെ തിരഞ്ഞെടുക്കുകയും ചെയ്‌തു. കോഹ സോഫ്റ്റ്‌വെയർ അധിഷ്ഠിതമായ ഒരു പോർട്ടൽ ആദ്യ ഘട്ടത്തിൽ തന്നെ നിലവിൽ വന്നു. ഗ്രന്ഥശാലകളുടെ വിവരങ്ങളും, അവിടുത്തെ പുസ്‌തക വിവരങ്ങളും തിരയാൻ സൗകര്യപ്രദമായ രീതിയിലാണ് പോർട്ടൽ (http://kslc.in)നിർമിച്ചിരിക്കുന്നത്. ഒപ്പം തന്നെ കേരള സ്റ്റേറ്റ് ലൈബ്രറി കൌൺസിലിന്റെ അറിയിപ്പുകളും, വിവരങ്ങളും പോർട്ടൽ വഴി ലഭ്യമാക്കിയിട്ടുണ്ട്.

2014ൽ കോഹ സോഫ്റ്റ്‌വെയർ സേവനദാതാവിനെ ടെൻഡറിലൂടെ തിരഞ്ഞെടുത്തു. തുടർന്ന് എല്ലാ ജില്ലകളിൽ നിന്നുമായി  600 ഗ്രന്ഥശാലകളെ തിരഞ്ഞെടുക്കുയും അവയുടെ പുസ്‌തക വിവരങ്ങൾ കോഹ സോഫ്റ്റ്‌വെയറിൽ ഉപ്പെടുത്തുകയും ചെയ്തു. പ്രഥമ ഘട്ടത്തിൽ ലൈബ്രേറിയന്മാർക്ക് പരിശീനം നൽകാൻ തിരഞ്ഞെടുക്കപ്പെട്ട പരിശീലകരുടെ പരിശീലനം പൂർത്തിയാക്കി.

പരിശീലന ഘട്ടം

ലൈബ്രേറിയന്മാർക്കുള്ള ജില്ലാ തല പരിശീലനത്തിന് മുന്നോടിയായി ജില്ലകളിൽ നിന്നുമുള്ള തിരഞ്ഞെടുക്കപ്പെട്ട പരിശീലകർക്കുള്ള ശിൽപ്പശാല 2016 ഓഗസ്റ്റിൽ തിരുവനന്തപുരത്തു വെച്ച് നടന്നു. മുതിർന്ന ഗ്രാമീണ ലൈബ്രറി പ്രവർത്തകരും, ലൈബ്രറി കൌൺസിൽ ജില്ലാ ഭാരവാഹികൾ, യൂണിവേഴ്‌സിറ്റി, കോളേജുകളിൽ പ്രവർത്തിക്കുന്ന ലൈബ്രേറിയന്മാരും, ഉൾപ്പെടുന്നതാണ് പരിശീലകസംഘം. പാഠ്യ പദ്ധതിയെ പരിചയപ്പെടുത്തലും, അവലോകനവും, ചർച്ചയും അഞ്ചു ദിവസം നീണ്ട  പരിശീലന പരിപാടിയിൽ നടന്നു. ജില്ലാ തലത്തിൽ ഇരുപത്തിയൊന്ന് ദിവസം നീളുന്ന പരിശീലന പരിപാടിയാണ് ഗ്രാമീണ ഗ്രന്ഥശാലകളിലെ ലൈബ്രേറിയന്മാർക്കായി സംഘടിപ്പിച്ചത്. താലൂക്ക് അടിസ്ഥാനത്തിൽ ആണ് ലൈബ്രേറിയന്മാർ പരിശീലനത്തിൽ പങ്കെടുത്തത്. ഒരു ബാച്ചിൽ അൻപത്തോളോം ലൈബ്രേറിയന്മാരെ ഉൾപ്പെടുത്തി. ശരാശരി അഞ്ചോളം ബാച്ചുകൾക്കുള്ള പരിശീലനം എല്ലാ ജില്ലയിലും നടന്നു. ക്ലാസ് മുറികളിലെ പഠനത്തോടൊപ്പം, പരിമിതമായ രീതിയിൽ കോഹ സോഫ്ട്‍വെയർ ഉപയോഗിക്കുന്നതിനുള്ള പരിശീലനവും നൽകുകയുണ്ടായി. ലൈബ്രറി ക്ലാസ്സിഫിക്കേഷൻ, കാറ്റലോഗിലും വിശദമായ പ്രായോഗിക പരിശീലനമാണ് ലൈബ്രേറിയന്മാർക്ക് നൽകിയത്. വിവരസാങ്കേതിക വിദ്യ മേഖലയിലുള്ള പരിമിതമായ അറിവ്, കമ്പ്യൂട്ടർ പ്രായോഗിക പരിശീലനം ഇല്ലായ്‌മ എന്നിവയാണ് പരിശീലന പരിപാടിയിൽ പങ്കെടുത്തവരെ ബുദ്ധിമുട്ടിച്ച ഘടകങ്ങൾ. കമ്പ്യൂട്ടർ പ്രായോഗിക പരിശീലനത്തിന് കൂടുതൽ അവസരം നൽകിയാൽ മാത്രമേ ഗ്രന്ധശാലകളുടെ ആധുനികവൽക്കരണം ഫലപ്രാപ്‌തിയിൽ എത്തുകയുള്ളൂ.

പദ്ധതിയുടെ രണ്ടാം ഘട്ടം

പദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ ലഭിച്ച പരിമിതമായ കമ്പ്യൂട്ടർ പരിശീലനം ലൈബ്രേറിയന്മാരുടെ ആത്മവിശ്വാസം ഉയർത്താൻ സഹായിച്ചിട്ടുണ്ട്. ലൈബ്രേറിയന്മാർക്കു തുടർന്നും കമ്പ്യൂട്ടർ പരിശീലനം നൽകിയെങ്കിൽ  മാത്രമേ കോഹ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് കൊണ്ട് ഗ്രന്ഥശാലകളിലെ ദൈനംദിന പ്രവർത്തനങ്ങൾ നടത്താനും, കേരളത്തിലെ എല്ലാ പൊതു ഗ്രന്ഥശാലകളിലേയും പുസ്തകവിവരങ്ങൾ ഒരു കുടക്കീഴിൽ ആക്കാനും സാധിക്കുകയുള്ളു.

രണ്ടാം ഘട്ട പദ്ധതി പ്രവർത്തനത്തിന് വളരെയധികം മുന്നൊരുക്കങ്ങൾ ആവശ്യമാണ്. കമ്പ്യൂട്ടറും, ഇന്റർനെറ്റ് ലഭ്യമാക്കുകയും, തുടർപരിശീലനത്തിനുള്ള സൗകര്യവും നവീകരണ പ്രവർത്തനത്തിന്റെ രണ്ടാം ഘട്ടത്തിൽ ആവശ്യമാണ്. താലൂക്ക് റഫറൻസ് ലൈബ്രറികളിൽ മാത്രമേ കമ്പ്യൂട്ടറും, ഇന്റർനെറ്റും നിലവിൽ ഉള്ളു. എല്ലാ എ ഗ്രേഡ് ഗ്രന്ഥശാലകളിൽ കൂടി എങ്കിലും കമ്പ്യൂട്ടറും, ഇന്റർനെറ്റും ലഭ്യമാകേണ്ടതുണ്ട്. ഓരോ ജില്ലയിലും തിരഞ്ഞെടുത്ത ലൈബ്രറികൾക്കു കംപ്യൂട്ടറുകൾ ലഭ്യമാക്കാൻ ലൈബ്രറി കൗൺസിൽ ശ്രമിച്ചു കൊണ്ടിരിക്കുന്നു. എല്ലാ നിയോജക മണ്ഡലങ്ങളിലെയും എം. എൽ. എ. ഫണ്ട് ഉപയോഗിച്ച് പൊതു ഗ്രന്ഥശാലകൾക്ക് കമ്പ്യൂട്ടർ ലഭ്യമാക്കാനും ശ്രമിക്കാവുന്നതാണ്.

ഉപസംഹാരം

കേരളത്തിലെ പൊതു ഗ്രന്ഥശാലകളുടെ നവീനവൽക്കരണം ഘട്ടംഘട്ടമായി നടത്തേണ്ടതും, വെല്ലുവിളികൾ നിറഞ്ഞതുമായ ബൃഹത്തായ ഒരു പദ്ധതിയാണ്. ലോകത്തു തന്നെ ഇത്രയധികം ഗ്രന്ഥശാലകളെ പരസ്പരം ബന്ധിപ്പിച്ചു ഒരു ശൃംഖലയിൽ ആക്കുന്ന പദ്ധതി ആദ്യമായിട്ടായിരിക്കും. ഇത്രയധികം ഗ്രന്ഥശാലകളെ കോഹ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ബന്ധിപ്പിക്കാനുള്ള കാര്യക്ഷമതാ പരീക്ഷണം എങ്ങും നടന്നിട്ടില്ല. ഇതിനോട് ഏകദേശം സമാനമായ ഒരു നവീനവൽക്കരണ പദ്ധതി തുർക്കിയിൽ ആണ് നടന്നിട്ടുള്ളത്. അവിടെ 1136 പൊതു ഗ്രന്ഥശാലകളെ കോഹ സോഫ്റ്റ്‌വെയർ ഉപയോഗിച്ചു പരസ്പരം ബന്ധിപ്പിച്ചു. ഈ പദ്ധതി 2014ൽ പൂർത്തിയായി.

ലൈബ്രേറിയൻമാരെ നവീനവൽക്കരണ പദ്ധതിക്ക് പ്രാപ്‌തരാക്കുന്നതിനു തുടർപരിശീലങ്ങൾ ആവശ്യമുണ്ട്. ജില്ലകളിൽ സ്ഥിരം പരിശീലന കേന്ദ്രങ്ങൾ സ്ഥാപിച്ച് അവിടങ്ങളിൽ മികച്ച പരിശീലകരുടെ സേവനങ്ങളും, തുടർപരിശീലനങ്ങളും ലഭ്യമാകണം. ജില്ലാ തലത്തിലും, താലൂക്ക് തലത്തിലും നവീനവൽക്കരണത്തിന്റെ മേൽനോട്ടം വഹിക്കാനും, പുരോഗതി വിലയിരുത്താനും പ്രൊഫഷണൽ ലൈബ്രെറിയൻമാരടങ്ങുന്ന കർമ്മ സമിതികൾ രൂപീകരിക്കണം. ലൈബ്രറി സയൻസ് വിദ്യാർത്ഥികളെയും, പഠനം കഴിഞ്ഞവരെയും സേവനം  പദ്ധതിയുടെ പ്രാദേശിക തല നടത്തിപ്പിനായി ഉപയോഗിക്കാം.

റഫറൻസ്

  • Arici, M. (2013). Koha Migration in Turkey. Koha Community Newsletter. Retrieved from https://koha-community.org/koha-community-newsletter-january-2013/
  • Breeding, M. (2008). Koha in Delhi, India. Retrieved August 16, 2018, from https://librarytechnology.org/document/13724
  • K.S., R. (2004). Rural libraries of Kerala. Thiruvananthapuram. Retrieved from http://www.cds.ac.in/krpcds/publication/downloads/78.pdf
  • Kumar, V., & Jasimudeen, S. (2012). Adoption and user perceptions of Koha library management system in India. Retrieved from http://nopr.niscair.res.in/handle/123456789/15700

 

(ലേഖകൻ മൂന്ന് ജില്ലകളിലെ ലൈബ്രറി കൌൺസിൽ സംഘടിപ്പിച്ച ലൈബ്രേറിയന്മാരുടെ പരിശീലന പരിപാടികളിൽ അധ്യാപകനായി പ്രവർത്തിക്കുകയുണ്ടായി. കേരളത്തിലെ പൊതു ഗ്രന്ഥശാലകളുടെ നവീനവൽക്കരണത്തെ സംബന്ധിച്ചു ബംഗാൾ ലൈബ്രറി അസ്സോസിയേഷൻ 2017ൽ സംഘടിപ്പിച്ച അന്താരാഷ്ട്ര സമ്മേളനത്തിൽ അവതരിപ്പിച്ച പ്രബന്ധത്തിന്റെ സംക്ഷിപ്‌ത രൂപമാണ് ഈ ലേഖനം)

 

English Summary: Vimal Kumar V comments on the challenges faced by public libraries in Kerala and makes suggestions for reforming them.

Please follow and like us:

One comment

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.