കേരളത്തിലെ തൊഴിൽ മേഖലയിലുള്ള സ്ത്രീകളുടെ ജോലി സംബന്ധമായ സ്ഥിതിയും അവയിൽ ഗാര്‍ഹികപരമായ ചുമതലകളുടെ സ്വാധീനവും രാജേഷ് ചർച്ച ചെയ്യുന്നു.
ഐ. ഡി. രാജേഷ്.
സമൂഹത്തിൽ സ്ത്രീകളുടെ പദവി ഉയർത്തുന്നതിനും സ്ത്രീ ശാക്തീകരണം സാധ്യമാക്കുന്നതിനും തൊഴിൽ മേഖലയിലുള്ള അവരുടെ പങ്കാളിത്ത നിരക്ക് (Female Labour Force Participation Rate) ഉയരേണ്ടത് അനിവാര്യമാണ്. പുരുഷനൊപ്പം സ്ത്രീകളും തൊഴിൽ മേഖലയിൽ സജീവ പങ്കാളിയാകുന്നത് സാമ്പത്തിക വളർച്ചക്കു കാര്യമായി ഗുണം ചെയ്യുമെന്നാണ് വിലയിരുത്തിയിട്ടുള്ളത്. എന്നാൽ ഇക്കാര്യത്തിൽ ഇന്ത്യയിൽ വിഭിന്നമായൊരു പ്രവണതയാണ് കാണാനാകുന്നത്. കഴിഞ്ഞ കുറെ പതിറ്റാണ്ടുകളായി വലിയൊരു സാമ്പത്തിക വളര്‍ച്ച കൈവരിക്കാന്‍ ഇന്ത്യക്ക് സാധിച്ചിട്ടുണ്ട്. എന്നാൽ തൊഴിൽ മേഖലയിലെ സ്ത്രീകളുടെ പങ്കാളിത്തത്തിൽ കാര്യമായ വളർച്ചയുണ്ടായിട്ടില്ല എന്നുമാത്രമല്ല പ്രകടമായ ഇടിവ് ദൃശ്യമാവുകയും ചെയ്തിട്ടുണ്ട്. പുരുഷന്മാരെ അപേക്ഷിച്ച് തൊഴില്മേഖലയിലെക്കുള്ള സ്ത്രീകളുടെ കടന്നു വരവ് കാലങ്ങളായി കുറവായാണ് കാണുന്നത്. ദേശീയ സാമ്പിൾ സർവ്വേയുടെ (NSSO) 1972-73ലേയും 2011-12ലേയും കണക്കുകൾ താരതമ്യം ചെയ്യുകയാണെങ്കിൽ തൊഴില്‍ മേഖലയിലുള്ള ഗ്രാമീണ സ്ത്രീകളുടെ പങ്കാളിത്തം 32 ശതമാനത്തില്‍ നിന്ന് 18.1 ശതമാനമായും, നഗരപരിധിയിലുള്ള സ്ത്രീകളുടെ പങ്കാളിത്തം 14.3 ശതമാനത്തില്‍ നിന്ന് 13.4 ശതമാനമായും കുറഞ്ഞതായി കാണാം. അതേസമയം ഇതേ കാലയളവില്‍ പുരുഷന്മാരുടെ തൊഴില്‍മേഖലയിലുള്ള പങ്കാളിത്തം ഗ്രാമങ്ങളില്‍ 55.2ല്‍ നിന്ന് 54.7 ശതമാനമായി കുറയുകയും നഗരങ്ങളില്‍ 52.6ല്‍ നിന്ന് 56 ശതമാനമായി വർധിക്കുകയും ചെയ്തിട്ടുണ്ട്. ഈയൊരു അവസ്ഥയില്‍ ദേശിയതലത്തില്‍ നിന്ന് കേരളത്തിലേക്ക് നോക്കുമ്പോള്‍ സ്ത്രീകളുടെ തൊഴില്‍പങ്കാളിത്തം എങ്ങനെയാണ്?, എന്താണ്? സ്ത്രീകള്‍ ജോലിക്ക് പോകുന്നുണ്ടോ? ഇല്ലയോ? ഇല്ലെങ്കില്‍ത്തന്നെ അവര്‍ ഏര്‍പ്പെടുന്ന മേഖലകള്‍ ഏതൊക്കെയാണ്? തുടങ്ങിയ വിഷയങ്ങൾ നമുക്കൊന്ന് പരിശോധിക്കാം. ദേശീയ സാമ്പിൾ സർവ്വേയുടെ (NSSO) 2009-10, 2011-12 വര്‍ഷങ്ങളിലെ തൊഴില്‍ സര്‍വ്വേ (Employment and Unemployment Survey) റിപ്പോർട്ടുകളെ അടിസ്ഥാനപ്പെടുത്തിയാണ് ഈ വിഷയം വിശകലനം ചെയ്തിട്ടുള്ളത്. 15 വയസ്സ് മുതല്‍ 59 വയസ്സ് വരെയുള്ള സ്ത്രികളെയാണ് പഠനത്തിന് വിധേയമാക്കിയിട്ടുള്ളത്.
കേരളത്തിലെ സ്ത്രീകളും അവരുടെ ജോലിസംബന്ധമായ പ്രവർത്തന നിലയും
കുറഞ്ഞ ആളോഹരി വരുമാനം കൊണ്ട് മികച്ച സാമൂഹിക വളർച്ച നേടിയ ‘കേരള വികസനമാതൃക’ നിരവധി പഠനങ്ങള്‍ക്ക് വിധേയമായിട്ടുള്ളതാണ്. വികസന സൂചികകളിലെല്ലാം സ്ത്രീകളുടെ പദവി വളരെ മുകളില്‍ തന്നെയാണ്. കേരളത്തിലെ സ്ത്രീകളുടെ ജോലി സംബന്ധമായ സ്ഥിതി പരിശോധിക്കുമ്പോള്‍ അത് ദേശീയതലത്തിലേതിന് സമാനമാണെന്ന് കാണാനാകും. കണക്കുകള്‍ പ്രകാരം (പട്ടിക 1) തൊഴില്‍ പങ്കാളിത്ത നിരക്ക് സ്ത്രീകളുടെതിനെക്കാള്‍ വളരെയധികമാണ് പുരുഷന്മാരുടെത്. 1999-2000 കാലയളവില്‍ 28.85 ശതമാനം ഗ്രാമീണസ്ത്രികളും കേരളത്തിൽ തൊഴിലെടുത്തിരുന്നു. 2011-12 ലെത്തിയപ്പോഴിത് 29.93 ശതമാനമായി നേരിയ വര്‍ദ്ധനവ് രേഖപെടുത്തി. എന്നാല്‍ ഇതേ കാലയളവില്‍ നഗരസ്ത്രീകളിലെ നിരക്ക് 31.17ല്‍ നിന്നും 29.23 ആയി നേരിയ കുറവ് രേഖപെടുത്തുകയുണ്ടായി.
പട്ടിക 1: കേരളത്തിലെ സ്ത്രീകളുടെയും പുരുഷന്മാരുടെയും (വയസ്സ് 15 മുതല്‍ 59 വരെ) ജോലി സംബദ്ധമായ പ്രവര്‍ത്തന നില:
ഇതിന്റെ മറ്റൊരു വശം പരിശോധിക്കുമ്പോൾ തൊഴിൽ മേഖലയ്ക്ക് പുറത്തുള്ള സ്ത്രീകളുടെ എണ്ണം തൊഴില്‍ മേഘലയ്ക്ക് പുറത്തുള്ള പുരുഷന്മാരുടെതിനേക്കാളും മൂന്നിരട്ടിയാണ് എന്നാണ് പട്ടിക ഒന്നില്‍ നിന്ന് മനസ്സിലാകുന്നത്. 1999-2000 മുതല്‍ 2011-2012 വരെയുള്ള കാലയളവില്‍ ഗ്രാമീണ മേഖലയില്‍ ഈ നിരക്ക് ചെറിയ തോതില്‍ കുറയുകയും നഗരമേഖലയില്‍ ചെറിയ രീതിയില്‍ കൂടുകയുമാണ് ചെയ്തിരികുന്നത്.
കേരളത്തില്‍ വളരെ വലിയൊരു ശതമാനം സ്ത്രീകളും തൊഴില്‍ മേഖലക്ക് പുറത്താണ് എന്നാണ് കാണുന്നത്. അതിനുള്ള ഒരുകാരണമായി പറയാന്‍ കഴിയുന്നത് 25 അല്ലെങ്കില്‍ 30 വയസ്സില്‍ താഴെയുള്ള സ്ത്രീകള്‍ അവരുടെ ആ കാലഘട്ടം കൂടുതലായും തുടർവിദ്യഭ്യാസത്തിനായി ഉപയോഗിക്കുന്നു എന്നതാണ് (Abraham, 2013). പട്ടിക 1 പ്രകാരം ഗ്രാമീണമേഖലയില്‍ 10.25 ശതമാനവും നഗരമേഖലയില്‍ 11.97 ശതമാനം സ്ത്രീകളും 1999-2000ല്‍ തുടർവിദ്യഭ്യാസത്തിനായി പോകുന്നു. ഈ നിരക്ക് 2011-12ല്‍ ഗ്രാമീണ മേഖലയില്‍ 12.11 ശതമാനമായും നഗരത്തില്‍ 13.29 ശതമാനമായും കൂടുകയുണ്ടായി. ഇത്തരത്തില്‍ ഒരു വിഭാഗം സ്ത്രീകള്‍ തുടർപഠനത്തിനു മുന്‍ഗണന കൊടുക്കുന്നതിനാല്‍ അത്രയും സ്ത്രീകളുടെ കുറവ് തൊഴില്‍ മേഖലയില്‍ കുറയുന്നു. അതുവഴി തൊഴില്‍ പങ്കാളിത്ത നിരക്കിലും ഈ കുറവ് പ്രതിഫലിച്ചു കാണാം.
സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്ത നിരക്ക് കുറയുന്നതിനുള്ള മറ്റൊരു കാരണം കൂടുതല്‍ സ്ത്രീകള്‍ വീടുകളിലേക്ക് ചുരുങ്ങി കൂടുന്നതിനാലാണെന്നും അനുമാനിക്കാം. കണക്കുകള്‍ പ്രകാരം 1999-2000ല്‍ 58.39 ശതമാനം ഗ്രാമീണസ്ത്രികളും 54.43 ശതമാനം നഗരസ്ത്രീകളും ഗാര്‍ഹിക ചുമതലകളും പ്രവര്‍ത്തനങ്ങളും നിറവേറ്റുന്നതില്‍ മുഴുകുന്നു. ഇപ്പറഞ്ഞ സ്ത്രീകള്‍ വീടിനു പുറത്തുള്ള കായികമായതും വരുമാനം ലഭിക്കുന്നതുമായ ജോലികളില്‍ പങ്കെടുക്കുന്നില്ല. എന്നാല്‍ 2011-12ലെ കണക്കനുസരിച്ച് ഗ്രാമീണസ്ത്രീകള്‍ 55.62 ശതമാനവും നഗരസ്ത്രീകള്‍ 55.45 ശതമാനവും ഗാര്‍ഹിക ജോലികളില്‍ മാത്രം വ്യാപ്യതരാവുന്നു.
പൊതുവെ തൊഴില്‍ വിഭജനം എന്നത് ലിംഗപരമായ വ്യത്യാസത്തെ ആശ്രയിച്ചാണിരികുന്നത് എന്നാണ് ബേക്കര്‍ (1991) അദ്ദേഹത്തിന്റെ പഠനങ്ങളില്‍ പറയുന്നത്. പുരുഷാധിപത്യമുള്ലൊരു സമൂഹത്തില്‍, സാമൂഹികവും സാംസ്ക്കാരികപരവുമായ നിയമങ്ങളും ചട്ടങ്ങളുമൊക്കെ പുരുഷന്മാര്ക്കാണ് മേൽക്കോയ്മ നല്‍കിയിട്ടുള്ളത്. പുരുഷന് കുടുംബനാഥനും അധികാരകേന്ദ്രവുമായി മാറുന്നു. അത്തരം ആദിമമായ സമൂഹത്തില്‍ പുരുഷന് സാധാരണ വീടിനു പുറത്തു പോയി കായികമായ ജോലികള്‍ ചെയ്തു വരുമാനം ഉണ്ടാക്കുകയും സ്ത്രീകള്‍ പൊതുവെ വീട്ടുജോലികളില്‍ ഏര്‍പ്പെടുകയും ചെയ്യുന്നു എന്നതാണ് പൊതു സ്വഭാവം. പക്ഷെ ഇത്തരം ഒരു സംവിധാനത്തില്‍ നിന്ന് ഇപ്പോഴത്തെ നമ്മുടെ സമൂഹം ഒരുപാടു മുന്നിലേക്ക് പോയിട്ടുണ്ട്. സ്ത്രീകളും പുരുഷന്മാര്ക്കൊപ്പം തന്നെ ജോലിക്ക് പോകുന്നതായി നമുക്ക് കാണാനാകും.
ഇത്തരത്തില്‍ സ്ത്രീകൾ തൊഴിൽ മേഖലയിലേക്കിറങ്ങുന്നതിന്റെ പ്രധാനമായൊരു മാനദണ്ഡം കുടുംബവരുമാനമാണ്. കുടുംബ വരുമാനത്തിലെ ഏറ്റക്കുറച്ചിലുകള്‍ സ്ത്രീകള്‍ എന്ത് ജോലി ചെയ്യണം, എന്ത് ജോലി ചെയ്യരുത് എന്ന് തീരുമാനിക്കുന്നതില്‍ മുഖ്യ പങ്കുവഹിക്കാറുണ്ട്. വരുമാനം വളരെ കുറവ് മാത്രമുള്ളൊരു കുടുംബത്തില്‍ അവിടത്തെ സ്ത്രീകള്‍ പുരുഷന്മാരെ പോലെ വീടിനു പുറത്തുപോയി ജോലി ചെയ്തു വരുമാനം കണ്ടെത്തേണ്ട അവസ്ഥയാണുള്ളത് (Backer, 1965). അതോടൊപ്പം തന്നെ അധികമായി ഗാര്‍ഹിക ചുമതലകള്‍ കൂടി നിറവേറ്റേണ്ട അവസ്ഥയും കൂടി ഇത്തരം സ്ത്രീകള്‍ക്ക് വരുന്നുണ്ട്. ഇവിടെ പുറത്തെ ജോലികള്‍ക്ക് പുറമേ ഗാര്‍ഹിക ചുമതലകള്‍ കൂടി നിറവേറ്റാന്‍ സ്ത്രീകള്‍ നിർബന്ധിതരാകുന്നു.
ഇനി വരുമാനം കൂടുതലായുള്ള കുടുംബത്തിലെ സ്ത്രീകളുടെ ചുമതല വീട്ടുജോലികള്‍ നോക്കി നടത്തുക എന്നത് മാത്രമായി ഒതുങ്ങുന്നു. കൂടിയ നിലയിലുള്ള കേരളത്തിലെ അടിസ്ഥാന വേധന നിരക്കും (Minimum Wage), ഗള്‍ഫ് പോലുള്ള രാജ്യങ്ങളില്‍ നിന്നുള്ള വരുമാനവും (Foreign Remittance) കേരളത്തിലെ ഒരു വിധം കുടുംബങ്ങളിലെ വരുമാനം കൂടുന്നതിന് പങ്കുവഹിച്ചിട്ടുണ്ട്. അത്തരത്തില്‍ വളരെയധികം സ്ത്രീകള്‍ പുറത്തു ജോലിക്ക് പോകാതെ ഗാര്‍ഹികമായ ജോലികള്‍ മാത്രം ചെയ്തുപോരുന്നു. ഇത്തരത്തില്‍ സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്ത നിരക്കില്‍ പ്രകടമായ ഇടിവ് നമുക്ക് കാണാനാകും.
മുകളില്‍ വിവരിച്ചതില്‍ കൂടാതെ ദേശീയ സാമ്പിൾ സർവ്വേയുടെ (NSSO) കണക്കുകള്‍ ഉപയോഗിച്ച് കൂടുതല്‍ സ്ത്രീകള്‍ ഗാര്‍ഹിക ചുമതകളില്‍ മാത്രം വ്യാപ്യതരാവുന്നതിന്റെ കാരണങ്ങളായി ചൂണ്ടിക്കാട്ടാവുന്നത് ഇവയാണ്. ഗാര്‍ഹിക ജോലികള്‍ ചെയ്യാന്‍ വീട്ടില്‍ മറ്റാരുമില്ലാത്ത അവസ്ഥ, വീട്ടുജോലിക്കായി കൂലി കൊടുത്ത് ആളെ നിര്‍ത്താന്‍ നിര്‍വ്വാഹമില്ലാത്ത അവസ്ഥ, സാമൂഹികവും മതപരവുമായ പരിമിതികള്‍. ഏകദേശം അറുപതു ശതമാനം സ്ത്രീകളും തൊഴിൽ മേഖലയിൽ നിന്ന് വിട്ടു നിൽക്കാനുള്ള കാരണമായി അവര്‍ തന്നെ ചൂണ്ടിക്കാട്ടുന്നത് വീട്ടിലെ ഗാര്‍ഹിക ചുമതലകളില്‍ ഏര്‍പ്പെടാന്‍ മറ്റാരുമില്ല എന്നതാണ്. അടുത്തിടെ നമ്മുടെ സമൂഹത്തില്‍ വര്‍ദ്ധിച്ചു വരുന്ന അണുകുടുംബ വ്യവസ്ഥ ഇതിന് പ്രധാന കാരണമായി വിലയിരുത്താം. അണുകുടുംബങ്ങളില്‍ പുരുഷന്മാര് പുറത്തു പോയി ജോലി ചെയ്തു വരുമാനം ഉണ്ടാക്കുകയും സ്ത്രീ ഗാര്‍ഹിക ചുമതലകള്‍ (കുട്ടികളെ, വയസ്സായ മാതാപിതാക്കളെ പരിപാലിക്കുക, ഭക്ഷണം പാകം ചെയ്യുക, വീടും പരിസരവും വൃത്തിയാക്കുക, എന്നിവ) കൂടെ അനുബന്ധ പ്രവര്‍ത്തങ്ങളിൽ ഏര്‍പ്പെടുകയുമാണ് ചെയ്യുന്നത്. അതിനാല്‍ സ്ത്രീക്ക് പുറത്തുള്ള ജോലികള്‍ക്കു പോകാന്‍ സമയം തികയാതെ വരുന്നു. ഇതുമൂലം ഗാര്‍ഹികപരമായ ചുമതലകല്‍ നിര്‍വ്വഹിക്കുന്നതിൽ സ്ത്രീയുടെ സമയം നിക്ഷേപിക്കാൻ സ്വയം നിർബന്ധിതരാകുന്നു .
സ്ത്രീകള്‍ സാമൂഹികവും മതപരവുമായ പരിമിതികള്‍ മൂലവും ഗാര്‍ഹിക ചുമതലകള്‍ ചെയ്യാന്‍ നിര്‍ബന്ധിതരാകുന്നു. എന്നാൽ സ്ത്രീകള്‍ വീടിനു പുറത്തു പോയി ജോലി ചെയ്യുന്നത് വിലക്കുന്നതിനും അവരെ വീടിന്റെ നാലു ചുമരുകള്‍ക്കുള്ളില്‍ തളച്ചിടുന്നതിനും വേണ്ടി മുൻപ് ഉണ്ടായിരുന്ന സാമൂഹികവും മതപരവുമായ ചട്ടകൂടുകള്‍ക്ക് ഇന്ന് സമൂഹത്തില്‍ വേണ്ടെത്ര സ്വാധീനം ചെലുത്താന്‍ സാധിക്കുന്നില്ല. എങ്കിലും കുറച്ചെങ്കിലും സ്ത്രീകള്‍ അവര്‍ക്ക് പുറത്തു പോയി ജോലി ചെയ്യാന്‍ കഴിയാത്തതിന്റെ കാരണമായി ഇതിനെ കാണുന്നുണ്ട്. എന്നിരുന്നാലും മുഖ്യ കാരണമായി നമുക്ക് പറയാവുന്നത് കുടുംബത്തിലെ അംഗങ്ങളുടെ കുറവ് തന്നെയാണ്.
ഗാര്‍ഹിക ചുമതലകള്‍ സ്വയം നിറവേറ്റുന്നതിന് ബദലായൊരു ഉപാധി കണ്ടെത്താന്‍ കഴിഞ്ഞാല്‍ സ്ത്രീകള്‍ക്കു തൊഴിലിനായി കൂടുതല്‍ സമയം കണ്ടെത്താന്‍ സാധിക്കുമായിരിക്കും. മാനുഷിക അദ്ധ്വാനംകൊണ്ടുള്ള ജോലികളെ മെഷിനറി സഹായത്തോടെ ചെയ്യുന്നതിലൂടെയും, പുതിയ സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുന്നത്തിലൂടെയും, വിപണിയെ കൂടുതല്‍ ആശ്രയികുന്നതിലൂടെയും (വിപണിയില്‍ ലഭ്യമായ വസ്തുക്കളുടെ നിര്‍മ്മാണം വീട്ടില്‍ നിര്‍ത്തി അവ പണം കൊടുത്തു വാങ്ങിക്കുക വഴി കൂടുതല്‍ സമയം ലാഭിക്കാം), കുടുംബാംഗങ്ങളുടെ സഹായത്തോടെ ഗാര്‍ഹികജോലികള്‍ ചെയ്യുന്നതിലൂടെയും സ്ത്രീകള്‍ക്ക് കൂടുതല്‍ സമയം കണ്ടെത്തി പുറത്തെ ജോലികള്‍ക്ക് പോകാന്‍ സാധിക്കും. പക്ഷെ ഇതിനു എത്രത്തോളം സാധുത ഉണ്ടെന്നുള്ളത് കണ്ടറിയേണ്ടിയിരിക്കുന്നു.
ലേഖകനെക്കുറിച്ച്: സെന്റർ ഫോർ ഡെവലെപ്മെന്റ് സ്റ്റഡീസിലെ പി.എച്.ഡി. വിദ്യാർത്ഥിയാണ് ഐ. ഡി. രാജേഷ്.
English Summary: This article by I.D. Rajesh, titled ‘Kerala’s Women and their Domestic Responsibilities’, examines how domestic work affects the work participation of women in Kerala.
It’s not good article….