കുറഞ്ഞ ജനനിരക്ക് വികസനസൂചകമായി കണക്കാക്കപ്പെടുമ്പോഴും, നിയമസഭാ-ലോക്സഭാ തലങ്ങളിലുള്ള ജനപ്രാധിനിത്യത്തിനു ഇതുമൂലം കോട്ടം സംഭവിക്കുന്നുണ്ടോ? ജെ. രത്‌നകുമാർ പരിശോധിക്കുന്നു.
ജെ. രത്നകുമാർ
ജനാധിപത്യത്തിൻ്റെ അടിസ്ഥാന ശിലകളാണ് സംസ്ഥാന നിയമസഭകളും പാർലമെൻ്റും. അവിടങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന സാമാജികർ പ്രതിനിധീകരിക്കുന്ന അടിസ്ഥാന യൂണിറ്റുകളാണ് യഥാക്രമം നിയമസഭാ, ലോക്സഭാ മണ്ഡലങ്ങൾ. ജനാധിപത്യത്തിൻ്റെ അന്തസത്ത ഊട്ടിയുറപ്പിക്കുന്നതിനും, പ്രാതിനിധ്യ സമത്വം ഉറപ്പാക്കുന്നതിനും, തെരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ പ്രതിനിധീകരിക്കുന്ന ജനങ്ങളുടെ എണ്ണം ഏകദേശം തുല്യമാകേണ്ടതുണ്ട്. ഈ ലക്ഷ്യപ്രാപ്തിക്കായി സ്വാതന്ത്യലബ്ദിക്ക് ശേഷം മൂന്ന് മണ്ഡലാതിർത്തി പുനർനിർണയ കമ്മീഷനുകൾ (1951, 1961, 1971 കാനേഷുമാരിക്കു ശേഷo) രാജ്യത്ത് പ്രവർത്തിച്ചു. തിരഞ്ഞെടുപ്പു യൂണിറ്റുകളിൽ ജനസംഖ്യ തുല്യമാകേണ്ടതിൻ്റെ മറ്റൊരു ആവശ്യകത, ജനാധിപത്യത്തിൻ്റെ പരമോന്നത അന്തഃസത്തയായ ‘ഒരു വ്യക്തി, ഒരു വോട്ട്, ഒരു മൂല്യ൦‘ എന്ന ആശയം പ്രാവർത്തികമാക്കുക എന്നതായിരുന്നു. ഓരോ കാനേഷുമാരിക്കു ശേഷവും ജനസംഖ്യയുടെ അടിസ്ഥാനത്തിൽ മണ്ഡലങ്ങൾ പുനർനിർണയം ചെയ്യണം എന്ന് ഭരണഘടനയും നിഷ്കർഷിച്ചിട്ടുണ്ട്. എന്നാൽ, 1976-നു ശേഷം, സംസ്ഥാനങ്ങൾക്ക് അവരുടെ നിയമസഭയിലേക്കും ലോക്സഭയിലേക്കുമുള്ള പ്രാതിനിധ്യം മരവിപ്പിക്കുക വഴി ജനാധിപത്യത്തിൻ്റെയും, ഭരണഘടന ഉറപ്പുനല്കുന്നതുമായ ചില അടിസ്ഥാന തത്വങ്ങൾ വൻതോതിൽ ലംഘിക്കപ്പെട്ടു.
പാർലമെൻ്റ് പാസ്സാക്കിയ 42-മത് ഭരണഘടനാ ഭേദഗതിയിലൂടെ ലോക്സഭാ മണ്ഡലങ്ങളുടെയും, നിയമസഭാ മണ്ഡലങ്ങളുടെയും ജനസംഖ്യ അടിസ്ഥാനത്തിലുള്ള പുനർ നിർണയo 2001 വരെയും, ശേഷം 84 -മത് ഭേദഗതിയിലൂടെ 2026 വരെയും ദീർഘിപ്പിച്ചു. രാജ്യത്തെ ജനസംഖ്യ പരിവർത്തനത്തിൻ്റെ ഫലമായി സംസ്ഥാനതലത്തിൽ ഉരിത്തിരിഞ്ഞ ജനസംഖ്യാ വളർച്ചാനിരക്കിലുള്ള വ്യത്യാസവും, ജനസംഖ്യാ വിതരണത്തിലെ അസമത്വവും ലോക്സഭയിൽ ജനപ്രാതിനിധ്യത്തിൻ്റെ സന്തുലിതാവസ്ഥ തകർക്കുമെന്ന് ഭരണാധികാരികൾ ആകുലപ്പെട്ടതാണ് ഇത്തരം ഭരണഘടനാ ഭേദഗതികൾക്ക് നിദാനമായത്. നാലാം മണ്ഡലാതിർത്തി പുനർ നിർണയ കമ്മീഷൻ (2001) മണ്ഡലങ്ങളുടെ അതിർത്തികൾ പുനർനിർണയിച്ചുവെങ്കിലും സഭകകളിലെ അംഗബലം വർധിപ്പിച്ചില്ല. സഭകളിലെ അംഗബലം കൂട്ടാതെ ജനസംഖ്യക്കു ആനുപാതികമായി സീറ്റുകൾ വിതരണം ചെയ്താൽ, ജനസംഖ്യാ വളർച്ചാനിരക്ക് കുറവുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ ജനപ്രാതിനിധ്യത്തിൽ വൻകുറവു വരികയും അത്തരം സ്ഥിതിവിശേഷം മൂലമുണ്ടാകുന്ന പ്രാതിനിധ്യവ്യതിയാനം ജനസംഖ്യാ വളർച്ചാനിരക്ക് അധികമുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾക്ക് ഗുണകരമായി മാറപ്പെടുകയും ചെയ്യുമായിരുന്നു. ജനസംഖ്യാ വളർച്ചാനിരക്ക് കുറയ്ക്കുക എന്നതിലുപരിയായി, ആനുപാതിക സീറ്റുവിതരണവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ഇത്തരം വിവാദങ്ങൾക്ക് താത്കാലികമായി മറയിടുക എന്ന രാഷ്ട്രീയ ലക്ഷ്യവും ഇത്തരം നീക്കങ്ങൾക്കു പിന്നിൽ ഉണ്ടെന്നു നിസ്സംശയം കരുതാം. ഇനി രണ്ടായിരത്തി ഇരുപത്തിയാറിന് ശേഷം മാത്രമേ സഭകളുടെ അംഗബലo എന്തായിരിക്കണം എന്ന കാര്യത്തിൽ വ്യക്തത വരികയുള്ളു. ഇതുപോലെ, ജനസംഖ്യാ വർച്ചാനിരക്കു താരതമ്യേന കുറച്ച കേരളത്തിലെ ജില്ലകൾക്ക് വരും വർഷങ്ങളിൽ നിയമസഭയിൽ എത്രത്തോളം സാമാജികരെ നഷ്ടപ്പെടാനുള്ള സാധ്യതയുണ്ടെന്ന് തിട്ടപ്പെടുത്തുകയാണ് ഈ ലേഖനത്തിൻ്റെ ഉദ്ദേശ്യo.
കേരളത്തിലും തെക്ക്–വടക്ക് ജനസംഖ്യ വൈരുധ്യo?
സമീപ ദശാബ്ദങ്ങളിൽ ജനസംഖ്യാ പരിവർത്തനത്തിലും, ജനസംഖ്യയുടെ വളർച്ചാ നിരക്കു കുറച്ചു കൊണ്ടുവരുന്നതിലും കേരളം ലോകത്തിനു തന്നെ മാതൃകയായി നിലകൊണ്ടു. രണ്ടായിരത്തി പതിനൊന്നിലെ കാനേഷുമാരിയിൽ പത്തനംതിട്ടയും (-0.30 ശതമാനo), ഇടുക്കിയും (-0.18 ശതമാനo) വാർഷിക ജനസംഖ്യാ വളർച്ചാ നിരക്ക് നെഗറ്റീവിലേക്ക് എത്തിച്ചത് ദേശീയ ശ്രദ്ധ നേടി. ഇടുക്കി മുതൽ തിരുവനന്തപുരം വരെയുള്ള തെക്കൻ ജില്ലകളിൽ ജനസംഖ്യാ വളർച്ചാ നിരക്ക് സംസ്ഥാന വളർച്ചാനിരക്കിനു താഴെയും, കാസറഗോഡ് മുതൽ മലപ്പുറം വരെയുള്ള വടക്കൻ ജില്ലകളുടെ ജനസംഖ്യാ വളർച്ചാ നിരക്ക് (വയനാടും കണ്ണൂരും ഒഴികെ) സംസ്ഥാന വളർച്ചാ നിരക്കിനേക്കാൾ ഉയർന്നും നിൽക്കുന്നു. പ്രത്യേകിച്ച്, മലപ്പുറം ജില്ലയുടെ ജനസംഖ്യാ വളർച്ചാ നിരക്ക് സംസ്ഥാന വളർച്ചാ നിരക്കിനേക്കാൾ രണ്ടര മടങ്ങ് അധികമാണ്(പട്ടിക1). ഇത് ദക്ഷിണ–ഉത്തര സംസ്ഥാനങ്ങൾക്കിടയിൽ നിലനിൽക്കുന്ന ജനസംഖ്യ വ്യത്യാസത്തിനു സമാനമല്ലെങ്കിലും, സംസ്ഥാനത്ത് തെക്കു–വടക്കു ജില്ലകൾക്കിടയിൽ ജനസംഖ്യ അസമത്വം പ്രകടമാണ് എന്ന വസ്തുതയിലേക്ക് വെളിച്ചം വീശാൻ ഈ വിവരം പര്യാപ്തമാണ്.
സംസ്ഥാനങ്ങളുടെ ലോക്സഭാ പ്രാതിനിധ്യം മരവിപ്പിക്കുമ്പോൾ ഉണ്ടാകുന്ന അനന്തരഫലങ്ങൾ അക്കാദമിക തലത്തിൽ പല വിദഗ്ദരും ചർച്ചയ്ക്ക് വിധേയമാക്കിട്ടുണ്ട് (മാക്ക് മില്ലൻ 2000; വർമ്മ 2006). പക്ഷെ, നിയമസഭകളിലെ സാമാജികരുടെ എണ്ണം മാറ്റമില്ലാതെ തുടരുമ്പോൾ, ജനസംഖ്യാ വളർച്ചാ വ്യതിയാനങ്ങൾ ജില്ലകളുടെ പ്രാതിനിധ്യത്തെ എങ്ങനെ ബാധിച്ചു എന്നത് പഠനവിധേയമാക്കേണ്ടതാണ്. മുകളിൽ വിവരിച്ച സിദ്ധാന്ത പ്രകാരം, ജനസംഖ്യാ വളർച്ചാ നിരക്ക് കുറഞ്ഞ ജില്ലകളിൽ നിന്നുള്ള നിയമസഭാ സാമാജികരുടെ എണ്ണത്തിൽ ഗണ്യമായ ഇടിവ് വരുന്ന സാഹചര്യമാണ് നിലവിലുള്ളത്. നിയമസഭാ മണ്ഡലങ്ങളുടെ ഭൂപരിധി ജില്ലക്കുള്ളിലായി നിജപ്പെടുത്തുമ്പോൾ, ലോക്‌സഭാ മണ്ഡലങ്ങളുടെ വിസ്തൃതി ഒന്നിലധികം ജില്ലകളിലേക്ക് വ്യാപിക്കാറുണ്ട്. ആയതിനാൽ ജില്ലകൾക്കുണ്ടാകുന്ന ലോക്‌സഭാ പ്രാതിനിധ്യ നഷ്ടം ഇവിടെ കണക്കാക്കിയിട്ടില്ല. എന്നിരുന്നാലും, ലോക്‌സഭാ സീറ്റുകൾ നിയമസഭാ മണ്ഡലങ്ങൾ കൂട്ടിയോജിപ്പിച്ചവയായതിനാൽ ജില്ലകൾക്ക് ലോക്‌സഭയിലുണ്ടാകുന്ന പ്രാതിനിധ്യ നഷ്ടം സ്പഷ്ടമാണ്.
രീതിശാസ്ത്രo
ഇവിടെ ജില്ലാതല നിയമസഭാ പ്രാതിനിധ്യത്തിൻ്റെ പുനർനിർണ്ണയം, 2001–ലെ കാനേഷുമാരിയുടെ അടിസ്ഥാനത്തിൽ പ്രശസ്ത ജനസംഖ്യാ ശാസ്ത്രജ്ഞൻ പ്രൊഫ.കെ.സി. സഖറിയായും സഹപ്രവർത്തകരും 2009 ൽ തയാറാക്കിയ ജില്ലാതല ജനസംഖ്യ പ്രവചനത്തിൻ്റെ (2001-2051) അടിസ്ഥാനത്തിൽ നടത്തിയിരിക്കുന്നു. ആദ്യമായി, സംസ്ഥാന ജനസംഖ്യയെ നിയമസഭാമണ്ഡലങ്ങളുടെ ആകെ എണ്ണം (140) കൊണ്ട് ഹരിക്കുമ്പോൾ ഒരു നിയമസഭാ മണ്ഡലത്തിലെ ശരാശരി ജനസംഖ്യ ലഭിക്കുന്നു. ജില്ലാതല ജനസംഖ്യയെ ഈ ശരാശരി കൊണ്ട് ഹരിക്കുമ്പോൾ ജില്ലകൾക്ക് അർഹതപ്പെട്ട അസംബ്ളി മണ്ഡലങ്ങളുടെ പ്രാതിനിധ്യം ലഭിക്കും. ഇത് റൗണ്ട് ചെയ്താൽ ജില്ലാതല നിയമസഭാ സാമാജികരുടെ എണ്ണം ലഭിക്കും.
നഷ്ടക്കച്ചവടക്കണക്കുകൾ
ജനസംഖ്യാ വളർച്ചാ നിയന്ത്രണം പൊതുവിൽ ഗുണകരമാണെങ്കിലും, സംസ്ഥാനങ്ങളുടെ ലോക്‌സഭാ പ്രാതിനിധ്യത്തെ ഇത് എങ്ങനെ ദോഷകരമായി ബാധിക്കുന്നു എന്ന വിശദീകരണം മുകളിൽ സൂചിപ്പിച്ച ഭരണഘടനാ ഭേദഗതികളിൽ നിന്ന് വ്യക്തമാണ്. മൂന്നാം മണ്ഡലാതിർത്തി പുനർനിർണയ കമ്മീഷനിൽ (1976) നിന്ന് നാലാം കമ്മീഷനിലേക്ക് (2001) പോകുമ്പോൾ സീറ്റുകൾ പുനർനിർണയിക്കുന്നത്തിനുള്ള അടിസ്ഥാന വർഷo 1971 കനേഷുമാരിക്കു പകരം 2001 കനേഷുമാരിയായി പുതുക്കി നിശ്ചയിച്ചു. നിയമസഭാ പ്രാതിനിധ്യം ജനസംഖ്യക്ക് അനുപാതികമാകയാൽ, നിയമമസഭാ സീ റ്റുകളുടെ പുനഃക്രമീകരണം ജനസംഖ്യ വളർച്ച നിയന്ത്രിച്ച തെക്കൻ ജില്ലകൾക്ക് നിയമസഭയിൽ അവരുടെ പ്രാതിനിധ്യം കുറയുകയും അത്തരം പ്രാതിനിധ്യം വടക്കൻ ജില്ലകളിലേക്ക് മാറ്റപ്പെടുകയും ചെയ്തു.
ഉദാഹരണമായി, നാലാം കമ്മീഷൻ്റെ പുനർനിർണയo 2008-ൽ പൂർത്തിയായപ്പോൾ തെക്കൻ ജില്ലകൾക്ക് നിയമസഭയിൽ ഉണ്ടായ പ്രാതിനിധ്യ നഷ്ടമായ ആറു സീറ്റുകൾ (പത്തനംതിട്ട, ആലപ്പുഴ രണ്ടു വീതം, കൊല്ലം, കോട്ടയം ഒന്ന് വീതം) വടക്കൻ ജില്ലകൾക്ക് (മലപ്പുറം നാല്, കണ്ണൂർ, കോഴിക്കോട് ഒന്ന് വീതം) കൈമാറി (പട്ടിക 2). ഇതുപോലെ, തെക്കൻ ജില്ലകൾക്ക് ലോക്സഭാ മണ്ഡലങ്ങൾ നഷ്ടപ്പെടുകയും അവ വടക്കൻ ജില്ലകൾക്ക് ലഭിക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ മൂന്നു ദശാബ്ദത്തിനുള്ളിൽ ശരാശരി ഒരു നിയമസഭാ സാമാജികൻ പ്രതിനിധാനം ചെയ്യുന്ന ജനങ്ങൾ ഒരു ലക്ഷത്തി അൻപത്തിരണ്ടായിരത്തിൽ നിന്ന് രണ്ടുലക്ഷത്തി ഇരുപത്തി ഏഴായിരമായി ഉയർന്നു എന്നുള്ള വസ്തുതയും വിസ്മരിച്ചുകൂടാ. കടമകളും കർത്തവ്യങ്ങളും വർധിക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ മണ്ഡലങ്ങളിൽ ജനസംഖ്യ വർദ്ധിക്കുന്നത് ജനപ്രധിനിധികളുടെ ജോലിഭാരം കൂടുന്നതിന് ഇടയാക്കും.
ഒരു പ്രദേശത്തെ ജനസംഖ്യാ നിയന്ത്രണം വ്യതസ്തങ്ങളായ സാമൂഹിക-സാമ്പത്തിക-മതപര-രാഷ്ട്രീയ-സാഹചര്യങ്ങളിൽ അധിഷ്ഠിതമാണ്. ജനസംഖ്യാ വളർച്ചയെ പിടിച്ചു നിർത്തിയ ജില്ലകളിൽ നിന്നുള്ള നിയമസഭാസാമാജികരുടെ എണ്ണത്തിലുണ്ടായ കുറവിനെ എങ്ങനെ ന്യായീകരിക്കാം എന്നതാണ് ഈ സാഹചര്യത്തിൽ ഉയർന്നു വരുന്ന മുഖ്യമായ ചോദ്യം.
ഒരു വശത്ത് ചില ജില്ലകളുടെ ജനസംഖ്യയുടെ വളർച്ചാ നിരക്കിലുള്ള കുറവ് അവരുടെ പ്രാതിനിധ്യ നഷ്ടത്തിലേക്ക് നയിക്കുകയും, മറുവശത്ത് അത്തരം നേട്ടങ്ങൾ കാര്യമായി അവകാശപ്പെടാനാകാത്ത ജില്ലകൾക്ക് അധികമായ പ്രാതിനിധ്യം നൽകുകയും ചെയ്യുന്നതിനെ ഒരുതരത്തിലും ന്യായികരിക്കാൻ സാധിക്കുകയില്ല. കുറഞ്ഞ ജനസംഖ്യാ വളർച്ച നിരക്ക് (ശ്രമഫലമായോ, അല്ലാതെയോ) നേടിയ ജില്ലകളുടെ പ്രാതിനിധ്യവും ക്രമാനുഗതമായി വർധിച്ചില്ലെങ്കിൽ, ഭരണഘടന അനുശാസിക്കുന്ന ‘തുല്യ പ്രാതിനിധ്യ സങ്കല്പം‘ അപ്രസക്തമാവുകയും ചെയ്യും.
മണ്ഡലങ്ങളുടെ പുനഃക്രമീകരണം സംസ്ഥാനത്തിനുള്ളിലുള്ള നിയമസഭാ മണ്ഡലങ്ങളിൽ തുല്യ ജനസംഖ്യ ഉറപ്പുവരുത്തുക വഴി സാമാജികകാർക്ക് കുറച്ചു കാലത്തേക്ക് (ജനസംഖ്യ ക്രമാതീതമായി വളരുന്നതുവരെ) തുല്യ ജനങ്ങളെ പ്രതിനിധീകരിക്കാൻ സാധിക്കുമെന്നുള്ളത് മണ്ഡല അതിർത്തി പുനർനിർണയ പ്രക്രിയയുടെ മേന്മയാണ്. ജനസംഖ്യാ പരിവർത്തനത്തിന് മാതൃകയായ കേരളത്തിലെ ജില്ലകൾക്ക് ഇത്തരത്തിലുള്ള സാഹചര്യമാണെങ്കിൽ, ജനസംഖ്യാ പരിവർത്തനത്തിൽ കാര്യമായ പുരോഗതി കൈവരിക്കാത്ത ഹിന്ദി മേഖലയിലുള്ള സംസ്ഥാനങ്ങളുടെ അവസ്ഥ ചിന്തനീയമാണ്.
അവസാനമായി, പട്ടിക രണ്ട് വിശകലനം ചെയ്താൽ ഇപ്രകാരമാണ് വരുo വർഷങ്ങളിൽ മണ്ഡലങ്ങളുടെ അതിർത്തി പുനർനിർണയം ചെയ്യുന്നതെങ്കിൽ ജില്ലകളുടെ സീറ്റു വിതരണത്തിൽ വരുന്നത് വൻ അസന്തുലിതാവസ്ഥയാണെന്ന് കണ്ടെത്താൻ പ്രയാസമില്ല. രണ്ടായിരത്തിമുപ്പത്തൊന്നിനു മുൻപ് തെക്കൻ ജില്ലകൾക്ക് രണ്ടായിരത്തിഒന്നിൽ സംഭവിച്ചതിനെക്കാൾ ഒരു സീറ്റുകൂടി നഷ്ടപ്പെടുകയും (കോട്ടയം) വടക്കൻ ജില്ലകൾക്ക് ഒരു സീറ്റുകൂടി വർധിക്കുകയും (മലപ്പുറം) ചെയ്യും. രണ്ടായിരത്തി മുപ്പത്തൊന്നിനു മുൻപ് ഇനി അതിർത്തി പുനർനിർണയം സാധ്യമല്ലാത്തതിനാലും, അതിനു ശേഷം സംസ്ഥാനം ജനസംഖ്യ വളർച്ച സ്ഥിരതയിലേക്കും, നെഗറ്റീവ് വളർച്ചാ നിരക്കിലേക്കും പോകുമെന്നതിനാലും ജില്ലകളുടെ ഇപ്പോൾ നിലനിക്കുന്ന പ്രാതിനിധ്യം (മലപ്പുറം ഉൾപ്പെടെ) അതേപടി തുടരാനുളള സാധ്യതയാണ് നിലനിൽക്കുന്നത്. ചുരുക്കത്തിൽ, പ്രാതിനിധ്യത്തിൻ്റെ ദൃഷ്ടി കോണിൽ ജനസംഖ്യാ നിയന്ത്രണത്തിലൂടെ സംസ്ഥാനങ്ങൾക്കും (ലോക്സഭയിൽ) ജില്ലകൾക്കും (ലോക്സഭയിലും, നിയമസഭയിലും) പ്രാതിനിധ്യ വിഷയത്തിൽ നഷ്ടകണക്കിൻ്റെ പുസ്തകത്തിൽ മാത്രമേ ഇടം പിടിക്കാൻ സാധിക്കുകയുള്ളു.
ഗ്രന്ഥസൂചി
- McMillan, Alistair. 2000. ‘Delimitation, Democracy and the End of Constitutional Freeze’. Economic and Political Weekly 35 (15): 1271-1276.
- Verma, A K. 2006. ‘Delimitation in India: Methodological Issues’. Economic and Political Weekly 41 (9): 794-799.
- Zachariah, KC, S. Irudaya Rajan and Sabu Aliyar. 2009. ‘Kerala: Population Projections at State, District and Taluk levels’. In UNDP/Planning Commission Project on Strengthening State Plans for Human Development, HDRC Unit. Thiruvanathapuram: Kerala State Planning Board.
ലേഖകനെ കുറിച്ച്: സ്‌പീക്കർസ് റിസേർച് ഇനിഷിയെറ്റിവ് സെല്ലിലെ (ന്യൂഡൽഹി) റിസേർച്ച് ഫെല്ലോയാണ് ലേഖകൻ (retnakumar2005@gmail.com)
J Ratnakumar examines whether the low population rate in Kerala will affect adversely our representation in Parliament and Legislative Assemblies even though low birth rate is considered as one of the indexes of development.
Good.
തെക്കു വടക്കു ജില്ലകളുടെ ക്ലാസ്സിഫിക്കേഷൻ എങ്ങെനെ ആണ് ? തെക്കു ഭാഗത്തു ഏതൊക്കെ ജില്ലകൾ ? വടക്കു ഭാഗത്തുള്ളത് ഏതെല്ലാം ? ഏഴു വീതം ജില്ലകൾ ആക്കിത്തിരിച്ചു വിശകലനം നടത്തിയാൽ എന്തായിരിക്കും റിസൾട്ട് ?
It is a simple geographical classification normally found in most of the studies. In the table, there are six southern districts ( Iddukki to TVM) and eight northern districts ( Kasaragode to Malappuram). Some other scholars classify Kerala into three regions comprising the southern districts, central districts, and northern districts. Even if you divide the state into an equal number of districts, there may not be any drastic change in the future seat allocation as fundamentally their fertility behaviors varies significatly