കേരളത്തിലെ ഭിന്നശേഷിക്കാരുടെ നിലവിലെ അവസ്ഥയെക്കുറിച്ചും അവരുടെ ഉന്നമനത്തിനുള്ള മാർഗങ്ങളെക്കുറിച്ചും ഡോ. കൃഷ്ണകുമാർ ചർച്ച ചെയ്യുന്നു.
കൃഷ്ണകുമാര്‍ സി.എസ്.
കേരളത്തില്‍ ജനസംഖ്യയുടെ 2.2 ശതമാനം ഭിന്നശേഷിക്കാരാണ്. സംസ്ഥാനത്തെ ഭിന്നശേഷി നിരക്ക് രാജ്യത്തെ ഭിന്നശേഷിനിരക്കിനെക്കാള് പൊതുവില്‍ കൂടുതലാണ്. നിലവിലെ സ്ഥിതിവിവരകണക്കുകള്‍ അനുസരിച്ചു കേരളത്തില്‍ മാനസിക രോഗങ്ങള്‍ (mental illness), മാനസികമുരടിപ്പ് (mental retardation), ഒന്നിലധികം ഭിന്നശേഷി പ്രശ്നങ്ങള്‍ (multiple Disability) എന്നിവയുടെ നിരക്ക് കൂടുതലാണ്. ഇതു വളരെ ഗൗരവം അര്ഹിക്കുന്നുന്ന പ്രശ്നം തന്നെയാണ്. മെച്ചപ്പെട്ട ആരോഗ്യ പരിരക്ഷയും ഭക്ഷണവും സംസ്ഥാനത്തു ലഭിക്കുന്നുണ്ടെങ്കിലും എന്തുകൊണ്ടാണ് ഭിന്നശേഷിക്കാരുടെ നിരക്ക് കുറയാത്തത് എന്നതു ചിന്തനീയമാണ്.
പൊതുവില്‍ കേരളത്തിലെ ഭിന്നശേഷിക്കാര്‍ക്ക് മറ്റു സംസ്ഥാനങ്ങളിലെ ഭിന്നശേഷിക്കാരെക്കാള് ആയൂര്‍ദൈര്‍ഘ്യം കൂടുതലാണ്. 2011-ലെ കനേഷുമാരി പ്രകാരം, കേരളത്തിലെ ഭിന്നശേഷിക്കാരുടെ ശരാശരി പ്രായം 45 വയസ്സാണ്. എന്നാല്‍ ഇന്ത്യയിലതു 43 വയസ്സുമാത്രമാണ്. മറ്റൊരുകാര്യം ഭിന്നശേഷിക്കാര്‍ക്കിടയിലെ ശരാശരി പ്രായത്തിലെ സ്ത്രീ പുരുഷ വ്യത്യാസം കേരളത്തില്‍ കൂടുതലാണ്. ഭിന്നശേഷിക്കാരായ പുരുഷന്മാരുടെ ശരാശരി പ്രായം 43 വയസ്സാകുമ്പോള്‍ സ്ത്രീകളിലത് 47 വയസ്സാണ്. എന്നാല്‍ ഇന്ത്യയിലെ ഭിന്നശേഷിക്കാരില്‍ പുരുഷന്റെ ശരാശരി പ്രായം 35.7 വയസ്സും സ്ത്രീകളിലതു 37.3 വയസ്സുമാണ്. ഇത്തരം സവിശേഷതകളും കേരളത്തില്‍ ശ്രദ്ധേയമാണ്.
ഭിന്നശേഷിക്കാരുടെ സാമൂഹിക പരിരക്ഷയെ കുറിച്ച് വേണ്ടത്ര രീതിയില്‍ മുമ്പ് ചിന്തിച്ചിരുന്നില്ല. അതിനു പ്രധാന കാരണം സംസ്ഥാനതലത്തില്‍ ഇവരെ കുറിച്ചുള്ള വിവരങ്ങള്‍ വളരെ കുറവായിരുന്നുവെന്നതാണ്. ഇന്ത്യന്‍ കനേഷുമാരി ആണു ഭിന്നശേഷിക്കാരുടെ ജനസംഖ്യയെ കുറിച്ച് നല്കുന്ന ആധികാരികമായ വിവരം. ഏറ്റവും ഒടുവിലെത്തെ കനേഷുമാരിയില്‍1 (2011) ഏട്ടുതരം ഭിന്നശേഷിയുള്ള ആള്‍ക്കാരുടെ എണ്ണം ലഭ്യമാണെങ്കിലും അവരുടെ സാമൂഹിക സാമ്പത്തിക ചുറ്റുപാടുകളെ കുറിച്ചുള്ള വിശദമായ വിവരങ്ങള്‍ നല്‍കുന്നില്ല. അതിനാല്‍ കേരള സര്‍ക്കാര്‍ 2015-ല്‍ സാമൂഹിക സുരക്ഷ വകുപ്പിന്റെ നേതൃത്വത്തില്‍ ഒരു ഡിസബിലിറ്റി കനേഷുമാരി നടത്തുകയുണ്ടായി. അതില്‍ 22 തരം ഭിന്നശേഷിയുള്ളവരെകുറിച്ചുള്ള കണക്കുകള്‍ ശേഖരിച്ചു. കൂടാതെ അവരുടെ വിദ്യാഭ്യാസം, തൊഴില്‍, വരുമാനമാര്‍ഗ്ഗം, ചെലവുകള്‍, സാമൂഹിക സുരക്ഷ എന്നിവയെ കുറിച്ചുള്ള വിവരങ്ങളും ശേഖരിക്കുകയുണ്ടായി. ഇതില്‍ ലഭ്യമായ വിവരങ്ങള്‍ ഭിന്നശേഷിക്കാരുടെ അതിസങ്കീര്‍ണ്ണമായ പ്രശ്നങ്ങളിലേയ്ക്കുള്ള ഒരു എത്തിനോട്ടമാണ്. നിര്‍ഭാഗ്യവശാല്‍ ഇതിലെ കണ്ടെത്തലുകള്‍ വേണ്ടവിധത്തില്‍ വിശകലനം ചെയ്യ്ത് അതിന്റെ അടിസ്ഥാനത്തില്‍ നയരൂപീകരണം നടത്തുന്നതില്‍ സര്‍ക്കാര്‍ വിജയിച്ചിട്ടില്ല.
2015-ലെ ഡിസബിലിറ്റി കനേഷുമാരി2 അനുസരിച്ച് കേരളത്തില്‍ 7,93,937 ഭിന്നശേഷിക്കാരുണ്ട്. അതില്‍ 26.4 ശതമാനവും വൃദ്ധരാണ്. ഏകദേശം 57.1 ശതമാനം ആള്ക്കാര് 20 വയസ്സിനും 59 വയസ്സിനുമിടയ്ക്കാണ്. കൗമാരക്കാരിലും (5-19 വയസ്സ്) ബാലന്മാരിലും (0-4 വയസ്സ്) ഇതു യഥാക്രമം 14.6-ഉം, 1.9-ഉം ശതമാനമാണ്. ഭിന്നശേഷിക്കാരുടെ നിരക്ക് ജില്ലാതലത്തില്‍ വ്യത്യാസപ്പെട്ടിരിക്കുന്നു. ഭിന്നശേഷി നിരക്ക് ഏറ്റവും കൂടുതല്‍ വയനാട്ടിലും (ആയിരത്തില്‍ 27.5 പേര്‍ക്ക്) ഏറ്റവും കുറവ് തൃശൂരിലുമാണ് (ആയിരത്തില്‍ 20.9 പേര്‍ക്ക്).
കേരളത്തില്‍ ശ്രദ്ധേയമായ ഒരു കാര്യം നിരവധി കുടുംബങ്ങളില്‍ ഒന്നിലധികം ഭിന്നശേഷിക്കാരുണ്ടെന്നതാണ്.3 സംസ്ഥാനത്തെ അമ്പത്തിരണ്ടായിരം വീടുകളില്‍ രണ്ടു ഭിന്നശേഷിക്കാരുണ്ട്. ആയ്യായിരം വീടുകളില്‍ മൂന്ന് ഭിന്നശേഷിക്കാരുണ്ട്. അറുന്നൂറ് വീടുകളില്‍ നാല് ഭിന്നശേഷിക്കാരുണ്ട്. നൂറ്റിഅമ്പത്തിഒന്ന് വീടുകളില്‍ നാലിലധികം ഭിന്നശേഷിക്കാര്‍ താമസിക്കുന്നു. കൂടുതല്‍ ഭിന്നശേഷിക്കാര്‍ താമസിക്കുന്ന വീടുകള്‍ പലതരത്തിലുള്ള സാമ്പത്തികമായ പ്രശ്നങ്ങള്‍ നേരിടുന്നു. അത്തരം കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ തലത്തില്‍ കുടുതല്‍ സഹായങ്ങള്‍ നല്‍കേണ്ടതുണ്ട്.
അതേപോലെ തന്നെ വളരെയേറെ ശ്രദ്ധചെലുത്തേണ്ട ഒരു പ്രശ്നമാണ് ഭിന്നശേഷിക്കാരെ പരിചരിക്കാനായി ആരുമില്ലാത്ത അവസ്ഥ. സംസ്ഥാനത്ത് ഏകദേശം 3.1 ശതമാനം ഭിന്നശേഷിക്കാര്‍ ഒറ്റയ്ക്കാണ് താമസം. ഇവര്‍ക്ക് അവരുടെ ബന്ധുജനങ്ങളുമായി സംസര്‍ഗ്ഗം കുറവാണ്. അവരുടെ പ്രശ്നങ്ങള്‍ പലപ്പോഴും പൊതുജനം അറിയുന്നില്ല.
ഭിന്നശേഷിക്കാരുടെ ഇടയിലെ സാമ്പത്തിക പരാധീനതകള്‍ തൊഴിലില്ലായ്മ, എന്നിവ കീറാമുട്ടിതന്നെയാണ്. ഏകദേശം, മൂന്നിലൊന്ന് ഭിന്നശേഷിക്കാരും 500 രൂപയിലാണ് ഒരുമാസം തള്ളിനീക്കുന്നത്. ബഹുഭൂരിപക്ഷവും (75 ശതമാനം) മാസചെലവ് 1500 രൂപയ്ക്കു താഴെ മാത്രമാണ്. ഇവരുടെ ചെലവ് ചുരുക്കലിന്റെ പ്രധാനപ്പെട്ട കാരണം വേണ്ടത്ര വരുമാനമില്ലാത്തതും തൊഴിലില്ലായ്മയുമാണ്. സംസ്ഥാനത്തെ 83 ശതമാനം ഭിന്നശേഷിക്കാര്‍ക്കും തൊഴിലില്ല. പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഇവര്‍ക്ക് തൊഴില്‍ സംവരണമുണ്ടെങ്കിലും വെറും 3 ശതമാനം ആളുകള്‍ക്കാണ് സ്ഥിരം തൊഴില്‍ ലഭിച്ചിട്ടുള്ളത്.
ഭിന്നശേഷിക്കാര്‍ക്ക് അനിയോജ്യമായ വിദ്യാഭ്യാസം നല്‍കുന്നതിന് നമുക്കായിട്ടില്ല. ഏകദേശം അഞ്ചില്‍ ഒന്നു ഭിന്നശേഷിക്കാര്‍ക്കും സ്കൂള്‍ വിദ്യാഭ്യാസം ലഭിച്ചിട്ടില്ല. സ്കൂള്‍ വിദ്യാഭ്യാസം ലഭിച്ചവരില്‍ തന്നെ ബഹുഭൂരിപക്ഷവും പത്താം ക്ലാസ്സ് കഴിഞ്ഞിട്ടില്ല. ശാരീരിക വൈകല്യം ഉള്ള പലര്‍ക്കും പഠിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും അതിനു കഴിയുന്നില്ല.
സ്കൂള്‍ വിദ്യാഭ്യാസം മുടങ്ങിയ ഭിന്നശേഷിക്കാരില്‍ 25 ശതമാനം മാത്രമേ ശാരീരികമോ മാനസികമോ ആയ കാരണങ്ങളാല്‍ പഠനം നിര്‍ത്തിയിട്ടുള്ളൂ. ബാക്കിയുള്ളവരില്‍ ബഹുഭൂരിപക്ഷവും സാമ്പത്തിക ബുദ്ധിമുട്ട് മൂലമാണ് പഠനം നിര്‍ത്തിയിട്ടുള്ളത്. രക്ഷിതാക്കളുടെ താത്പര്യമില്ലായ്മ മൂലം സ്കൂള്‍ പഠനം നിര്‍ത്തിയവരും കുറവല്ല (7 ശതമാനം). ഭിന്നശേഷിക്കാരില്‍ പലര്‍ക്കും തൊഴില്‍ ലഭിക്കാത്തതിനു ഒരു പ്രധാന കാരണം വിദ്യാഭ്യാസമില്ലായ്മയാണ്.
സാമ്പത്തിക പരാധീനത അവരുടെ ഉപജീവനത്തെയും ആരോഗ്യപരിരക്ഷയേയും കാര്യമായി ബാധിക്കുന്നുണ്ട്. കൂടുതല്‍ ആള്‍ക്കാരും സര്‍ക്കാര്‍ ആശുപത്രികളെയാണ് ആരോഗ്യപരിരക്ഷയ്ക്കായി ആശ്രയിക്കുന്നത്. ഏകദേശം 38 ശതമാനം പേര്‍ക്ക് മാത്രമാണ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ഉള്ളത്. സംസ്ഥാന സര്‍ക്കാര്‍ ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് സബ്സിഡൈയ്സ്ഡ് ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്. പക്ഷേ, ഇത്തരം ഇന്‍ഷുറന്‍സ് പദ്ധതി ആശുപത്രിയില്‍ കിടന്നു ചികിത്സിക്കുന്നവര്‍ക്ക് മാത്രമാണ് ലഭിക്കുന്നത്. അതുകൊണ്ട് തന്നെ ഭിന്നശേഷിക്കാര്‍ക്ക് നിത്യആരോഗ്യചെലവുകള്ക്ക് മറ്റ് മാര്‍ഗ്ഗങ്ങള്‍ ആശ്രയിക്കേണ്ടതായി വരുന്നു. സാമൂഹിക സുരക്ഷ പദ്ധതിയുടെ ഭാഗമായി നല്കുന്ന പെന്ഷന് ഒട്ടനവധിപേര്‍ക്ക് ഏറെ ആശ്വാസമാണ്.
ഭിന്നശേഷിക്കാര്‍ക്ക് എപ്രകാരം മെച്ചെപ്പെട്ട ജീവിതവും ഉപജീവനമാര്‍ഗ്ഗങ്ങളും നല്‍കാനാകുമെന്ന് നാം ചിന്തിക്കേണ്ടതുണ്ട്. അതിലേയ്ക്ക് സഹായകരമായ ചില നിര്‍ദ്ദേശങ്ങള്‍ താഴെ പറയുന്നു.
ആസുത്രണത്തിലും സമീപനത്തിലും മാറ്റം അനിവാര്യം
1. കേരളത്തിലെ ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനു ഉതകുന്ന സമഗ്രമായ പദ്ധതികള്‍ നിലവിലില്ല. സാമൂഹികമായും സാമ്പത്തികമായും കേരളം ഒട്ടേറെ മുന്നേറിയെങ്കിലും അതിനനുസരിച്ച് ദുര്‍ബല വിഭാഗങ്ങള്‍ക്ക് അനിവാര്യമായ സാമൂഹികസുരക്ഷ പദ്ധതികള്‍ ശാസ്ത്രീയമായ രീതിയില്‍ അസൂത്രണം ചെയ്യുന്നതിനും അവ സമയബന്ധിതമായി നടപ്പിലാക്കുന്നതിനും കഴിഞ്ഞിട്ടില്ല. ഏകമാന പദ്ധതികള്‍ ഇവര്‍ക്കു വേണ്ടി ആവിഷ്കരിക്കാനാവില്ല. കാരണം, ഇവരുടെ പ്രശ്നങ്ങള്‍ വളരെ സങ്കീര്‍ണ്ണമാണ്. കേരളത്തില്‍ മാനസിക വൈകല്യമുള്ളവര്‍ താരതമ്യേന കൂടുതലാണ്. അതുകൊണ്ട് അവര്‍ക്ക് വേണ്ടി ആവിഷ്ക്കരിക്കുന്ന പദ്ധതികള്‍ ശാരീരികമായ വൈകല്യം ഉള്ളവര്‍ക്ക് ഗുണകരമാകണമെന്നില്ല. അതുകൊണ്ടു തന്നെ സമഗ്രമായ പഠനങ്ങള്‍ പദ്ധതി ആസൂത്രണത്തിനുമുമ്പ് അനിവാര്യമാണ്.
2. സാമ്പത്തിക പരാധീനതകള്‍ മാറ്റുന്നതിനായി പദ്ധതികള്‍ അവിഷ്ക്കരിക്കേണ്ടതുണ്ട്. പെന്ഷന് വെറും 35 ശതമാനം ആള്‍ക്കാര്‍ക്ക് മാത്രമാണ് ലഭിക്കുന്നത്. അവര്‍ക്കു ലഭിക്കുന്നതു തന്നെ മാസം 1000 രൂപ മാത്രമാണ്. കൂടുതല്‍ ചികിത്സ ചെലവുകള്‍ ഉള്ളവര്‍ക്ക് മെച്ചെപ്പെട്ട പെന്ഷന് നല്‍കേണ്ടതുണ്ട്.
3. സമ്പൂര്‍ണ്ണ ആരോഗ്യപരിരക്ഷ സൗജന്യമായി നല്കുന്നതിനു വേണ്ട പദ്ധതികള്‍ ആവശ്യമാണ്. അവര്‍ക്ക് വേണ്ടിയുള്ള പരിരക്ഷകള്‍ കുടുംബബാധ്യതയായി കാണാതെ സാമൂഹ്യബാധ്യതയായി കണക്കാക്കിക്കൊണ്ട് ആരോഗ്യസുരക്ഷാപദ്ധതികള്‍ ആവിഷ്ക്കരിക്കേണ്ടതാണ്.
4. അനുയോജ്യമായ തൊഴിലധിഷ്ഠിതമായ വിദ്യാഭ്യാസം ഇവര്‍ക്ക് നല്‍കേണ്ടതുണ്ട്. ഇത് സമ്പൂര്‍ണ്ണവികാസത്തിനു ഉതകുന്നതാകണം.
5. ഒറ്റയ്ക്കു താമസിക്കുന്ന ഭിന്നശേഷിക്കാരുടെ സുരക്ഷ വളരെ പ്രാധാന്യമര്‍ഹിക്കുന്നതാണ്. ആവശ്യമെങ്കില്‍ അവര്‍ക്ക് അനുയോജ്യമായ താമസസൗകര്യങ്ങള്‍ ഒരുക്കികൊടുക്കേണ്ടതാണ്.
6. ഭിന്നശേഷിക്കാരുടെ പ്രശ്നങ്ങളെയും സാമൂഹികസാമ്പത്തിക നിലവാരത്തെയും കുറിച്ച് മനസ്സിലാക്കുന്നതിന് ഒരു നിശ്ചിതകാലയളവില്‍ സംസ്ഥാനവ്യാപകമായി സര്‍വ്വേകള്‍ നടത്തേണ്ടതുണ്ട്.
7. ഭിന്നശേഷിക്കാര്‍ക്ക് പലതരം സേവനങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ നല്‍കുന്നുണ്ട്. പക്ഷേ അവയെ കുറിച്ച് പലര്‍ക്കും വേണ്ടത്ര അറിവില്ല. ഇതിനെക്കുറിച്ചുള്ള ബോധവല്‍ക്കരണം പൊതുസമൂഹത്തിന് അത്യാവശ്യമാണ്.
(Acknowledgement: ഭിന്നശേഷിക്കാരുടെ പ്രശ്നങ്ങളെ കുറിച്ച് പഠിക്കാന്‍ നിരന്തരമായി പ്രചോദനമേകിയ, ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി നിരന്തരം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഡോ. കെ.എന്‍. നാരായണന് നായര്‍ക്ക് (സി.ഡി.എസ്, മുന്‍ ഡയറക്ടര്‍ ) പ്രത്യേകനന്ദി രേഖപ്പെടുത്തുന്നു.)
About the Author: Krishnakumar C.S. PhD is Director at the Institute of Development Research, Thiruvananthapuram. His areas of specialisation are demography of health, institutional economics, ageing and migration. He can be reached at krishnaidr@gmail.com
English Summary: Krishna Kumar C S discusses the different problems faced by people with disabilities in Kerala and suggests ways to improve their welfare.