‘നന്ദി, നന്നി, നന്തി’? ചില പൊരുത്തക്കേടുകളുടെ ഭാഷാചരിത്രം

‘നന്ദി’ എന്നെഴുതി ‘നന്നി’ എന്ന് ഉച്ചരിക്കുന്നത് എന്തുകൊണ്ടാകാം? ആനയിലെ ‘ന’ ശബ്ദവും നായയിലെ ‘ന’‌ ശബ്ദവും രണ്ട് തരത്തിൽ ഉച്ചരിക്കപ്പെടുന്നത് എന്തുകൊണ്ടാകാം? മലയാളികൾക്ക് സുപരിചിതമായതും മലയാളം പഠിക്കുന്നവരെ കുഴക്കുന്നതുമായ ചില പൊരുത്തക്കേടുകളുടെ ചരിത്രം തേടുന്നു അരിഷ്.

അരിഷ് വിജയകുമാർ

‘നന്ദി’ എന്നെഴുതി ‘നന്നി’ എന്ന് ഉച്ചരിക്കുന്നത് എന്തുകൊണ്ടാകാം? ആനയിലെ ‘ന’ ശബ്ദവും നായയിലെ ‘ന’‌ ശബ്ദവും രണ്ട് തരത്തിൽ ഉച്ചരിക്കപ്പെടുന്നത് എന്തുകൊണ്ടാകാം?

നാവുവടിക്കാതെ നല്ല മലയാളം പറയാൻ കഴിയില്ലെന്ന് പരക്കെ ഒരു സംസാരമുണ്ട്. എന്നാൽ നാവ് വടിച്ചാലും കുഴപ്പിക്കുന്നതാണ് മലയാളഭാഷയുടെ എഴുത്തും ചൊലുത്തും (ഉച്ചാരണം). മേല്പറഞ്ഞ തരത്തിലുള്ള എഴുത്തുചൊലുത്തു പ്രശ്നങ്ങൾ മലയാളഭാഷയിൽ മാത്രമുള്ളതല്ല. ഉദാഹരണത്തിന് ഇംഗ്ലീഷിൽ colonel (കൊളോണൽ) എന്ന് എഴുതിയാലും അതിന്റെ ഉച്ചാരണം കേണൽ എന്നാണ്. ഇത്തരത്തിൽ എഴുത്തും ഉച്ചാരണവും തമ്മിലുള്ള അന്തരം വ്യക്തമാകണമെങ്കിൽ ഭാഷയെയും ലിപിയെയും സംബന്ധിക്കുന്ന ചില അടിസ്ഥാനവസ്തുതകൾ  നാം  മനസ്സിലാക്കണം. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് ‘ഭാഷയില്ലാതെ എഴുത്തില്ല, എന്നാൽ എഴുത്തില്ലാതെ ഭാഷയുണ്ട്’ എന്ന യാഥാർത്ഥ്യമാണ്. ഇന്ന് ലോകത്ത് നിലവിലുള്ള തൊണ്ണൂറ്റിയഞ്ച് ശതമാനം ഭാഷകൾക്കും സ്വന്തമായി ഒരു ലിപിയില്ല. ഈ ഭാഷകൾ ഒന്നെങ്കിൽ എഴുതപ്പെടാത്തതോ അതല്ലങ്കിൽ മറ്റ് ഭാഷകളുടെ ലിപികൾ ഉപയോഗിക്കുകയോ ചെയ്യുന്നു. കൂടാതെ ഭാഷയുടെയും ലിപിയുടെയും പരിണാമ കാലഘട്ടങ്ങൾ‌ പരിശോധിച്ചാൽ മനുഷ്യഭാഷ പരിണമിച്ചത് ഏതാണ്ട് ഒരു ലക്ഷം വർഷങ്ങൾ മുമ്പാണെന്നും എഴുത്ത് സമ്പ്രദായം നിലവിൽ വന്നിട്ട് ഏതാണ്ട് അയ്യായിരം മുതൽ അയ്യായിരത്തി അഞ്ഞൂറ്  വരെ വർഷങ്ങൾ മാത്രമേ ആയിട്ടുള്ളുവെന്നും കാണാവുന്നതാണ്. അതായത് ഒരു ഭാഷയുടെ ലിപികൊണ്ട് അതിന്റെ സജീവമായ ഉച്ചാരണ സവിശേഷതകൾ വിവരിക്കാൻ കഴിയില്ല എന്ന് മനസ്സിലാക്കാൻ കഴിയുന്നു. ഇതുതന്നെയാണ് മലയാളഭാഷയിലും  നടക്കുന്നത്. മലയാളത്തിലെ  എഴുത്തും, ചൊലുത്തും തമ്മിലുള്ള ബന്ധത്തെപ്പറ്റി മനസ്സിലാക്കണമെങ്കിൽ മലയാളഭാഷയുടെയും‌ ലിപിയുടെയും ചരിത്രം അറിയേണ്ടത് അനിവാര്യമാണ്. 

എന്താണ് എഴുത്തുചൊലുത്തു പൊരുത്തം?

എഴുതുന്നതും ചൊല്ലുന്നതും തമ്മിലുള്ള പൊരുത്തമാണ് എഴുത്തുചൊലുത്തു പൊരുത്തം (phonetic consistency). അതായത് ഒരു അക്ഷരത്തെ ഒരൊറ്റ ഉച്ചാരണവുമായി കൂട്ടിക്കെട്ടുക എന്ന ഏർപ്പാട്. ഉദാഹരണത്തിന് മലയാളത്തിൽ ‘അ’ എന്ന അക്ഷരം ‘അ’ എന്ന സ്വരശബ്ദത്തെ മാത്രമാണ് കുറിക്കുന്നത്. എന്നാൽ ഇംഗ്ലീഷിൽ ‘A’ എന്ന അക്ഷരം ‘അ’ /ʌ/, ‘ആ’ (ɑː), ‘എ’ (e) മുതലായ ഒട്ടേറേ സ്വരങ്ങളെയും കൂട്ടുസ്വരങ്ങളെയും കുറിക്കുന്നു. എന്നാൽ സൂക്ഷിച്ചു നോക്കിയാൽ‌ ഇത്തരം പൊരുത്തക്കേടുകൾ മലയാളത്തിലും കണ്ടെത്താനാകും. അതിന്റെ ഉദാഹരണങ്ങളാണ് തുടക്കത്തിൽ പറഞ്ഞ നന്ദി, ആന, നായ മുതലായ പദങ്ങൾ. ഈ പൊരുത്തക്കേടിനെ‌ പറ്റി കൂടുതൽ അറിയണമെങ്കിൽ മലയാളഭാഷയുടെയും ലിപിയുടെയും ചരിത്രത്തിലേക്ക്  ഉറ്റുനോക്കേണ്ടതുണ്ട്.

പൊരുത്തക്കേടുകളുടെ ഉറവിടം

തമിഴും മലയാളവും ഒരേ വേരിൽനിന്നും ഉരുത്തിരിഞ്ഞ ഭാഷകളാണല്ലോ. അതുകൊണ്ട് തന്നെ ഇരുഭാഷകളും ഒത്തുനോക്കിയാൽ ചില വസ്തുതകൾ വെളിവാകുന്നു. അതിൽ ആദ്യത്തെ സവിശേഷതയാണ് വ്യഞ്ജനാക്ഷരങ്ങളുടെ ഉച്ചാരണസ്ഥാനം. ‘ക’, ‘ച’, ‘ട’, ‘ത’, ‘പ’ എന്നീ ശബ്ദങ്ങളെ ഒച്ചയുറ്റ വ്യഞ്ജനങ്ങൾ (voiced consonants) എന്നും ‘ഗ’, ‘ജ’, ‘ഡ’, ‘ദ’, ‘ബ’ എന്നീ ശബ്ദങ്ങളെ ഒച്ചയറ്റ വ്യഞ്ജനങ്ങൾ (unvoiced consonants) എന്നും വിളിക്കാം. ഓരോ ഒച്ചയുറ്റ വ്യഞ്ജനത്തിനും തത്തുല്യമായ ഒരു ഒച്ചയറ്റ വ്യഞ്ജന ശബ്ദമുണ്ട് (ക-ഗ, ച-ജ). തമിഴിൽ ഈ രണ്ടുതരം വ്യഞ്ജനങ്ങൾക്കും പ്രത്യേകമായി അക്ഷരങ്ങൾ ഇല്ല (ക-ഗ രണ്ടിനും ‘க’ എന്നാണെഴുതുക) എന്നാൽ മലയാളത്തിൽ ഇതുണ്ട് താനും. എന്നിരുന്നാലും രണ്ടുഭാഷകളിലെയും ഉച്ചാരണ പെരുമാറ്റം ഏകദേശം ഒരുപോലെയാണ്.  ഉദാഹരണത്തിന് ‘അകം’ എന്ന വാക്ക് രണ്ടു ഭാഷയിലും ഉച്ചരിക്കുന്നത് ‘അഗം’ എന്നാണ്. ഇതിന് കാരണം ‘ക’ എന്ന വ്യഞ്ജനത്തിന്റെ ഉച്ചാരണസ്ഥാനം ‘അ’ എന്ന സ്വരശബ്ദത്തിനെ പിൻപറ്റി വന്നതുകൊണ്ടാണ്. അതേ സമയം ‘അക്കം’ എന്ന് എഴുതുന്നതും ഉച്ചരിക്കുന്നതും ഒരുപോലെയാണ്. ഇതിനു കാരണം ‘ക’ എന്ന വ്യഞ്ജനം ഇരട്ടിച്ചതുകൊണ്ടാണ്. ഉച്ചാരണത്തിലെ ഈ സവിശേഷത തനി മലയാള വാക്കുകളിലും, മറ്റ് ഭാഷകളിൽ നിന്നും കടമെടുത്ത് മലയാളത്തിന്റെ ഉച്ചാരണനിയമങ്ങളോട് പൊരുത്തപ്പെട്ട തത്ഭവ (ആവിർഭവിച്ച) വാക്കുകളിലുമാണ് കണ്ടുവരുന്നത്. ഉദാഹരണങ്ങൾ: പക-പഗ, കടൽ-കഡൽ, മൈതാനം-മൈദാനം. സംസ്കൃതത്തിൽ നിന്നും കടമെടുത്ത വാക്കുകൾ എഴുതുമ്പോൾ ഈ വ്യഞ്ജനങ്ങൾ തമ്മിലുള്ള വ്യത്യാസം എഴുത്തിൽ മാത്രം കാണിക്കാറുണ്ട്. ഉദാഹരണങ്ങൾ: വാതം, വാദം; വികരം, വിഗരം.1 

മലയാളവാക്കുകൾ സംസ്കൃതവാക്കുകളിൽനിന്നും വ്യത്യസ്ഥമായി പെരുമാറുന്നതിന്റെ കാരണം തമിഴു-മലയാള ഭാഷകളിൽ ഒച്ചയുറ്റ വ്യഞ്ജനങ്ങളെയും (voiced consonants) ഒച്ചയറ്റ വ്യഞ്ജനങ്ങളെയും (unvoiced consonants) എഴുതാൻ പ്രത്യേക അക്ഷരങ്ങൾ ഉപയോഗിച്ചിരുന്നില്ല എന്നതുകൊണ്ടാണ്. ഇന്നത്തെ തമിഴ് അക്ഷരമാല എടുത്തു കഴിഞ്ഞാൽ ഇത് തെളിവായി കാണാവുന്നതാണ്. മലയാളഭാഷ എഴുതാൻ ആദ്യകാലങ്ങളിൽ ഉപയോഗിച്ചിരുന്ന വട്ടെഴുത്ത്, കോലെഴുത്ത്, മലയാണ്മ എന്നീ ലിപികളിൽ 21 അക്ഷരങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത്.2 അതേ സമയം തന്നെ സംസ്കൃതവാക്കുകൾ എഴുതേണ്ടി വരുമ്പോൾ കൂടുതൽ അക്ഷരങ്ങൾ ഉൾപ്പെട്ട ഗ്രന്ഥ ലിപി ഉപയോഗിച്ചിരുന്നതായും കാണം. അതായത് ഒരു സമയം തന്നെ രണ്ട് ലിപികൾകൊണ്ട് മലയാളം എഴുതുന്ന രീതി മുൻകാലങ്ങളിൽ നിലനിന്നിരുന്നു.3 പിൽക്കാലത്ത് ആധുനിക മലയാള ലിപിയുടെ ഉപയോഗം വർധിച്ചപ്പോഴും മലയാളവാക്കുകളും തത്ഭവങ്ങളും എഴുതാൻ പഴയ രീതി തുടർന്നു വന്നതിനാലാണ് മലയാളത്തിന് രണ്ട് എഴുത്തുചൊലുത്ത് കീഴ്വഴക്കങ്ങൾ രൂപപ്പെട്ടത്. ഇവയെ വട്ടെഴുത്ത് നിയമമെന്നും സംസ്കൃതനിയമമെന്നും വിളിക്കാം. 

പൊരുത്തക്കേടുകൾക്ക് പരിഹാരമില്ല

മേൽപ്പറഞ്ഞ തരത്തിൽ എഴുത്തുചൊലുത്തു പൊരുത്തക്കേടുകൾ രൂപപ്പെട്ടെങ്കിലും അവ പരിഹരിക്കുക അസാധ്യമാണ്. ഇതിന് രണ്ട് കാരണങ്ങളാണ് ഉള്ളത്. അതിൽ ഒന്നാമത്തേത് സ്വനയന്ത്രത്തിന്റെ പരുവപ്പെടലാണ് (voice apparatus conditioning). ഒരാൾ തന്റെ മാതൃഭാഷ വളരെ ചെറുപ്പം മുതലേ ഉപയോഗിച്ചുവരുമ്പോൾ ആ വ്യക്തിയുടെ സ്വനയന്ത്രം അയാളുടെ മാതൃഭാഷയുടെ തനതായ ഉച്ചാരണ രീതിയോട് പൊരുത്തപ്പെടുന്നു. ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ബ്രീട്ടീഷുകാരെ പോലെ ഇംഗ്ലീഷ് സംസാരിക്കാൻ മലയാളിക്ക് കഴിയാത്തതും മലയാളിയെപ്പോലെ മലയാളം പറയാൻ ബ്രിട്ടീഷുകാർക്ക് കഴിയാത്തതും. നിരന്തരമായ പരിശീലനത്തിലൂടെ മാത്രമേ ഒരാൾക്ക് ഇത് മറികടക്കാനാകുകയുള്ളു. മലയാളം ധാരാളമായി മറ്റു ഭാഷകളിൽ  നിന്ന്  വാക്കുകൾ കടമെടുത്തെങ്കിലും ഈ വാക്കുകളെല്ലാം തന്നെ മലയാളഭാഷയുടെ തനത് ഉച്ചാരണ രീതിയോട് പൊരുത്തപ്പെടുന്നു. അതിനാലാണ് ‘വാതം’, ‘വാദം’ എന്നീ രണ്ട് വാക്കുകളും എഴുതുന്നത് വ്യത്യാസമാണെങ്കിലും ഉച്ചരിക്കുന്നത് ഒരുപോലെയാകുന്നത്. മലയാളികളുടെ ഇംഗ്ലീഷ് ഉച്ചാരണത്തിൽനിന്നും മേൽപ്പറഞ്ഞ പ്രവണതയുടെ ചില ഉദാഹരണങ്ങൾ നമുക്ക് എടുക്കാം; auto-ഓട്ടോ, course-കോഴ്സ്, uncle-അങ്കിൾ, mixture-മിച്ചർ.

ഇനി രണ്ടാമത്തെ കാരണം മലയാളഭാഷയിലെ മേൽപ്പറഞ്ഞ കുഴപ്പങ്ങൾ പരിഹരിക്കാനായി വൻതോതിലുള്ള ഒരു ലിപി പരിഷ്കരണം ഉണ്ടായിട്ടില്ല എന്നതാണ്. ഉച്ചരിക്കുന്ന പോലെ വാക്കുകളുടെ അക്ഷരവിന്യാസം (spelling) പരിഷ്കരിക്കുക എന്നത് അസാധ്യമാണെന്ന് തന്നെ പറയാം. കൂടാതെ  ചില മലയാള വാക്കുകൾ സംസ്കൃതവൽക്കരിക്കപെടുകയും (ചേകരിക്കുക-ശേഖരിക്കുക) സംസ്കൃതവാക്കുകൾ മലയാളവൽക്കരിക്കപ്പെടുകയും ചെയ്തിട്ടുള്ളത് (പദ്മം – പത്മം) ഈ ശ്രമത്തെ കൂടുതൽ കുഴപ്പിച്ചേക്കാം.

നന്ദിയും ആനയും നായയും 

ഇനി ഈ ലേഖനത്തിന്റെ തുടക്കത്തിലേക്ക് വന്നാൽ  ‘നന്ദി’ എന്നെഴുതി ‘നന്നി’ എന്ന് ഉച്ചരിക്കുന്നതിന് കാരണം രസകരമായ ഒരു എഴുത്തുചൊലുത്തു പൊരുത്തക്കേടാണ്. ‘നൻറി’ (nṟ ശബ്ദം, nṯ അല്ല) എന്ന പഴയമലയാള വാക്ക് എ. ആർ. രാജരാജവർമ്മ കേരളപാണിനീയത്തിൽ അവതരിപ്പിച്ച അനുനാസികാതിപ്രസരം4 എന്ന പ്രതിഭാസം മൂലം ‘നന്നി’ (നൻറി -> നന്തി – നന്നി) എന്ന് പരിണമിച്ചു. ‘നന്നി’5 എന്ന വാക്ക് മുകളിൽ സൂചിപ്പിച്ച പോലെ സംസ്കൃതവൽക്കരിക്കപ്പെട്ടാണ് ‘നന്ദി’ എന്ന് എഴുതാൻ തുടങ്ങിയത്. അതായത് ‘നന്ദി’ എന്ന വാക്കിന്റെ ശരിയായ ഉച്ചാരണം ‘നന്നി’ എന്നാണ്. കൂടുതൽ തെളിവിലേക്കായി ഈ വാക്കുമായി ബന്ധമുള്ള തമിഴിലെ ‘നൻറി’ (മലയാളത്തിൽ ‘ന്ന’ വരുന്നിടത്തെല്ലാം തമിഴിൽ ‘ൻറ’ അല്ലെങ്കിൽ nṟ വരുന്നു) എന്ന വാക്കും, കന്നഡഭാഷയിൽ ‘നന്നി’ എന്ന വാക്കും കാണാവുന്നതാണ്.  

അടുത്തതായി ആനയിലെ ‘ന’ ശബ്ദവും നായയിലെ ‘ന’ ശബ്ദവും തമ്മിലുള്ള വ്യത്യാസം. വട്ടെഴുത്ത്, കോലെഴുത്ത് മുതലായ ലിപികളിൽ നാവും പല്ലും ചേർത്ത് ഉച്ചരിക്കുന്ന ‘ന’ ശബ്ദവും (നായയിലെ ‘ന’), നാവ് വളച്ച് പല്ലിന്റെ പിറകിൽ തട്ടിച്ച് ഉച്ചരിക്കുന്ന ‘ന’ ശബ്ദവും (ആനയിലെ ‘ന’) വേർതിരിച്ചെഴുതാൻ പ്രത്യേക അക്ഷരങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ആധുനിക മലയാള ലിപി സംസ്കൃതത്തിന്റെ സ്വാധീനംമൂലം ഒരു ‘ന’യിലേക്ക് മാത്രമായി ചുരുങ്ങി. ഇതിനാലാണ് ആനയിലെ ‘ന’ ശബ്ദവും നായയിലെ ‘ന’ ശബ്ദവും വ്യത്യസ്ഥമായി ഉച്ചരിക്കപ്പെടുന്നത്.  

മലയാളം ഒരു ജീവനുള്ള ഭാഷയായതിനാൽ, അതിന്റെ വളർച്ചയ്ക്ക് പിന്നിൽ ഭാഷാശാസ്ത്രപരമായ മാറ്റങ്ങളോടൊപ്പം തന്നെ സാമൂഹികവും രാഷ്ട്രീയവുമായ പല മാറ്റങ്ങളും ഉണ്ടായിരുന്നു. കാലാകാലങ്ങളിലായി ഈ മാറ്റങ്ങൾ ഭാഷയെ സ്വാധീനിച്ചതിന്റെ ഫലമായാണ് ചെറുതും വലുതുമായ എഴുത്തുചൊലുത്ത് പൊരുത്തക്കേടുകൾ ഇന്ന് മലയാളത്തിൽ കാണപ്പെടുന്നത്.  ഇവയെല്ലാം ഒരുപാട് വർഷങ്ങളിലായി ഭാഷയിൽ നടന്ന ചരിത്ര-സാമൂഹ്യ മാറ്റങ്ങളുടെ ഭാഗമാണ്. അതിനാൽ ഈ വ്യത്യാസങ്ങൾ ഒരു കുറവായി കാണാതെ, ഇത് ഭാഷയുടെ സവിശേഷതയാണെന്ന് മനസ്സിലാക്കേണ്ടത് അനിവാര്യമാണ്. മലയാളഭാഷയിലെ ശ്രദ്ധിക്കാതെ പോകുന്ന ഇത്തരം സവിശേഷതകൾ തിരിച്ചറിയാനായി പരമ്പരാഗത വ്യാകരണ രീതിയിൽ നിന്നും മാറി ആധുനിക രീതിയിലുള്ള വിവരണാതമക വ്യാകരണരീതിയിലൂടെ (descriptive grammar) മലയാളഭാഷയെ സമീപിക്കേണ്ടതുണ്ട്. 

References

  • Chandran, Saranya. 2022. ‘A Comprehensive Study of Medieval and Early Modern Scripts in Kerala’. PhD Thesis, Central European University, Vienna.
  • Manohar, Kavya, and Santhosh Thottingal. 2019. ‘Malayalam Orthographic Reforms. Impact on Language and Popular Culture’ Grapholinguistics and Its Applications 1, 329–51. https://doi.org/10.36824/2018-graf-mano. 
  • Menon, K. M. Narayana. ‘Historical Grammar of Early Old Malayalam (Based on Literary Works)’, 1966.
  • Warrier, Raghava. 2019. പ്രാചീന ലിപി പഠനം [The Study of Ancient Script]. Kottayam: Sahithya Pravarthaka Cooperative Society. 

ലേഖകരെക്കുറിച്ചു: അരിഷ് വിജയകുമാർ കേരള സർവകലാശാലയിൽനിന്നും നിയമബിരുദം പൂർത്തിയാക്കി നിലവിൽ കൊല്ലം ജില്ലയിൽ അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുന്നു. അഭിഭാഷകവൃത്തിക്ക് പുറമെ ഭാഷാശാസ്ത്രത്തിലും ലിപിശാസ്ത്രത്തിലും താൽപര്യമുള്ള വ്യക്തിയെന്ന നിലയിൽ ഈ മേഖലകളിൽ വിവിധ സാങ്കേതിക കോഴ്സുകൾ പഠിച്ചുട്ടള്ളതും Spoken Malayalam for Absolute Beginners എന്ന പുസ്തകത്തിന്റെ സഹരചന നിർവഹിച്ചിട്ടുള്ളതുമാണ്. ഇമെയിൽ: advarishv@gmail.com

Please follow and like us:

One comment

  1. I had a doubt when I was in my 2nd std. I asked teacher why it’s Aana not AaaNa. Teacher explained when na is preceeded by a letter, it should be pronounced as na, hence Aana. Similarly when a word start with Na, it should be pronounced ad Na. Eg Naana

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.