എം.ടി.യുടെ കഥാപാത്രങ്ങളുടെ സ്വത്വങ്ങളും സാമൂഹിക വ്യവസ്ഥിതികളും – ഒരു വായന

എം.ടി യുടെ കഥാപാത്രങ്ങളുടേയും, അവ സഞ്ചരിച്ചതോ ഇടപഴകിയതോ ആയ സാമൂഹിക വ്യവസ്ഥിതികളുടേയും ഒരവലോകനമാണ് ഈ ലേഖനം.

അഞ്ജന

മലയാള സാഹിത്യ ചരിത്രത്തിൻ്റെ അവിഭാജ്യ ഘടകമാണ് എംടി വാസുദേവൻ നായർ. വള്ളുവനാടൻ പശ്ചാത്തലങ്ങളും, ഭാഷയും, സമൂഹവുമെല്ലാം കേരളത്തിന് പരിചയപ്പെടുത്തിയതിൽ എംടി വഹിച്ച പങ്ക് ചെറുതൊന്നുമല്ല. കാല്പനികതയുടെ ആലസ്യത്തിലും, ആധുനികതയുടെ ചടുലതയിലുമാണ് എംടിയുടെ മിക്ക കഥാപാത്രങ്ങളും നിലകൊള്ളുന്നത്. ആധുനികതാവാദത്തിൻ്റെ പശ്ചാത്തലത്തിലാണ് എംടിയുടെ മിക്ക നോവലുകളും രൂപം കൊള്ളുന്നത്. അത് കൊണ്ട് തന്നെ ശാസ്ത്ര-യുക്തിചിന്തകളുടേയും, മാനവികതയുടേയും, ദേശീയതയുടേയും വ്യക്തിത്വവാദത്തിന്റേയും അലയൊലികൾ എംടി സൃഷ്‌ടിച്ച കഥാപാത്രങ്ങളുടെ സ്വത്വങ്ങളിലും, സാമൂഹികപശ്ചാത്തലങ്ങളിലും പ്രകടമാണ്. എംടിയെ വായിക്കുക എന്നത് മലയാള സാഹിത്യത്തിൻ്റെയും, ചരിത്രത്തിൻ്റെയും വിവിധ ഏടുകളിലൂടെ കടന്നുപോവുക എന്ന് കൂടെയാണ്.

എം.ടി ജീവൻ നൽകിയ കഥാപാത്ര-ങ്ങളുടേയും, അവ സഞ്ചരിച്ചതോ ഇടപഴകിയതോ ആയ സാമൂഹിക വ്യവസ്ഥിതികളിലൂടെയും ഉള്ള ഒരു വായനയാണ് ഈ എഴുത്ത്. എം.ടിയുടെ പ്രശസ്തമായ മഞ്ഞ് (1964), നാലുകെട്ട് (1958) എന്നീ നോവലുകളും സിനിമയായ ഒരു ചെറു പുഞ്ചിരി (2001)എന്നീ രചനകൾ ആധാരമാക്കിയുള്ള ഒരു വിശകലനമാണ്‌ ഈ എഴുത്തിലൂടെ ഉദ്ദേശിക്കുന്നത്. 

മഞ്ഞ് മലയാളത്തിലെ മികച്ചനോവലുകളിൽ ഒന്നായാണ് കണക്കാക്കുന്നത്‌. കഥാപാത്രങ്ങളുടെ യുക്‌തിഭദ്രമല്ലാത്ത ചിന്തകളെയും, വികാര-സംഘർഷങ്ങളെയും തുന്നിച്ചേർത്തുകൊണ്ടാണ് ഈ കഥ പറഞ്ഞുവെച്ചിരിക്കുന്നത്. ആധുനികതാവാദ നോവലുകളുടെ ആവിഷ്ക്കരണരീതിയാണ് മഞ്ഞിലും അവലംബിച്ചിട്ടുള്ളത്. വിമല എന്ന കഥാപാത്രത്തിൻ്റെ വികാര-വിചാരങ്ങൾ വ്യക്തിതലം കടന്നു ചുറ്റിലുമുള്ള പ്രകൃതിയെയും, മനുഷ്യരെയും, സമയത്തെയും, ഇതെല്ലാം അടങ്ങിയ സമൂഹത്തെയും പ്രതിനിധാനം ചെയ്യുന്നു. വർത്തമാന കാലത്തിലെ വിമല ഭൂതകാലകുളിർചൂടി, സുധീർ കുമാർ മിശ്രയെന്ന പ്രണയത്തിൻ്റെ പ്രതീക്ഷയിൽ ജീവിക്കുന്നു. മലയാളത്തിലെ നിരൂപണങ്ങൾ സൂചിപ്പിക്കുന്നതുപോലെ, വിമലയുടെ കഥയ്ക്കപ്പുറം മഞ്ഞ് കാത്തിരിപ്പിൻ്റെയും വേദനയുടെയും കഥ കൂടിയാണ്. വിമലയും, ബുദ്ദുവും, സർദാർജിയും, എന്തിനു പറയുന്നു, വിമല തൻ്റെ സ്ത്രീസുഹൃത്തായി സങ്കല്പിക്കുന്ന നൈനിറ്റാൾ നഗരം പോലും കാത്തിരിപ്പിൻ്റെ പ്രതീകങ്ങളാണ്. ഇന്ത്യൻ സമൂഹത്തിൽ പ്രബലമായ ജാതി-മത-ലിംഗ-യുക്തികളുടെ തുടർച്ചയായും എന്നാൽ ആധുനികത വിഭാവനം ചെയ്‌ത സദാചാര സങ്കല്പങ്ങളുടെ ചട്ടകൂടിലുമാണ് മഞ്ഞിലെ കഥാപാത്രങ്ങളും, സാമൂഹിക വ്യവസ്ഥിതികളും ചിട്ടപ്പെടുത്തിയിട്ടുള്ളത്. 

മഞ്ഞിലെ കഥാപാത്രങ്ങളുടെ ജാതി-മത സ്വത്വങ്ങളെക്കുറിച്ച് എഴുത്തുകാരൻ നേരിട്ട് പ്രതിപാദിച്ചിട്ടില്ലെങ്കിലും, വിമല പ്രതിനിധാനം ചെയ്യുന്ന സവർണ്ണ ജനതയുടെ ആനുകൂല്യങ്ങളെക്കുറിച്ച് മൂന്നാം അധ്യായത്തിൽ എംടി പറയാതെ പറഞ്ഞുവെച്ചിരിക്കുന്നു. “വഴിവക്കിലെ നെയ്ത്തുകാരുടെ കുടിലുകളും, അടിയാളരുടെ മുറ്റത്തെ കുന്നിക്കുരു പെറുക്കികൂട്ടുന്ന വിമലയുടെ ഓർമകളും, കവുങ്ങിൻ തോട്ടത്തിനു മുകളിലുള്ള ഓലമേഞ്ഞ നായർ തറവാടുമെല്ലാം”, ആ കാലത്തു നിലനിന്നിരുന്ന കേരളസമൂഹത്തിലെ ജാതിവ്യവസ്ഥയുടെ നേർചിത്രങ്ങളാണ്. സുധീർ എന്നോ, സുധീർ കുമാർ എന്നോ, പേരിടുന്നതിനു പകരം, സുധീർ കുമാർ മിശ്ര എന്ന ഉത്തരേന്ത്യൻ ബ്രാഹ്മണ സമൂഹത്തിൽ നിന്നുള്ള ഒരു കഥാപാത്രത്തെ എംടി സൃഷ്ടിച്ചത്, താൻ ഉൾപ്പെടെയുള്ള സവർണ്ണ ജനതയുടെ ആധിപത്യത്തിൻ്റെ ഒരു പ്രതിനിധിയായിട്ടാണോ, അതോ, നൈനിറ്റാൾ പോലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങൾ പ്രസ്തുത കാലത്തു പ്രാപ്യമാവുന്നത് സവർണ്ണ ജനതയ്ക്ക് മാത്രമാണ് എന്ന തിരിച്ചറിവിൽ നിന്നുമാണോ എന്നതും കൗതുകകരമാണ്. മഞ്ഞിലെ കുടുംബ ബന്ധങ്ങളുടെ ശിഥിലതയെ കോളനീകരണത്തിൻ്റെ ഉപോല്പന്നമായ മുതലാളിത്തത്തിൻ്റെ കടന്നുകയറ്റമായി എംടി പരോക്ഷമായി പരാമർശിക്കുന്നു. വിശേഷിച്ചും, വിമലയുടെ അമ്മയും മിസ്റ്റർ ഗോമസും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പ്രതിപാദിക്കുമ്പോൾ. ജാതി-മത സ്വത്വങ്ങൾക്കപ്പുറത്ത്‌, ബുദ്ദു എന്ന കഥാപാത്രത്തിലൂടെ വംശീയതയുടെ മാനങ്ങളും എഴുത്തുകാരൻ ആവിഷ്കരിക്കുന്നു. ‘ഗോരാസാബ്’ എന്ന് നഗരത്തിലെ ആളുകൾ അവനെ കളിയാക്കി വിളിക്കുമ്പോൾ, കൊളോണിയലിസം ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ അവശേഷിപ്പിച്ച വംശീയ യാഥാർഥ്യങ്ങളെ എംടി തുറന്നുകാട്ടുന്നു.

വേദനിക്കുന്ന സ്ത്രീ കഥാപാത്രങ്ങൾ എംടിയുടെ എഴുത്തിലെ പ്രത്യേകതയാണ്. മഞ്ഞിലെ വിമല ടീച്ചറും അത്തരമൊരു കഥാപാത്രമാണ്. വിമല ടീച്ചർ, എംടിയുടെ മറ്റു സ്ത്രീകഥാപാത്രങ്ങളിൽ നിന്ന് വ്യത്യസ്തയാവുന്നത് അവരുടെ വിദ്യാസമ്പന്നതകൊണ്ടും, ഗാഢമായ ചിന്താധാരകളുടെ ബോധ്യം തനിക്ക് ചുറ്റും തീർക്കുന്നത്കൊണ്ടുമാണ്. വേദനയുടെയും, ഒറ്റപ്പെടലിന്റെയും, കാത്തിരിപ്പിൻ്റെയും, നൂലിഴകളിൽ തുന്നിച്ചേർത്ത വിമലടീച്ചർ എന്ന സ്ത്രീ കഥാപാത്രത്തിൻ്റെ മാനസികതലങ്ങൾ ഇത്ര വ്യക്തതയോടെയും, യാഥാർഥ്യബോധത്തോടെയും, ആവിഷ്കരിച്ച എംടിയുടെ തൂലിക ശ്ലാഘനീയം തന്നെയാണ്. എന്നാൽ തൻ്റെ മറ്റു സ്ത്രീ കഥാപാത്രങ്ങളെ പോലെ തന്നെ വിമലയും , പുരുഷകേന്ദ്രികൃത സമൂഹത്തിനെ ചോദ്യം ചെയ്യുകയോ, അത്തരം വേലിക്കെട്ടുകൾ ഭേദിച്ചു പുറത്തു വരുകയോ ചെയ്യുന്നില്ല. തന്നെ ഒറ്റയ്ക്കാക്കി, വിരഹവേദനകൾ നൽകി കടന്നുകളഞ്ഞ പ്രണയത്തെ വിമല അപ്പോഴും കാത്തിരിപ്പിൻ്റെ മാനങ്ങൾ നൽകി, നിസ്സംഗതയോടെ നോക്കി നിൽക്കുകയാണ്. വിമല ടീച്ചറെ മാത്രമല്ല എംടി തൻ്റെ ഒരു സ്ത്രീ കഥാപാത്രങ്ങളെയും, സ്ത്രീ സമത്വത്തിൻ്റെ വക്താക്കളാക്കാനോ, ഫെമിനിസത്തിൻ്റെ മാനങ്ങളിലേക്ക് ചർച്ചചെയ്യപ്പെടാനോ അനുവദിച്ചിട്ടില്ല. തൻ്റെ സൃഷ്ടിയിൽ ‘ഒന്നിനക്കോണം പോന്ന പെണ്ണ്’ എന്ന് വിശേഷിപ്പിച്ച ‘കുട്ട്യേടെത്തി’ പോലും പിതൃസത്തയുടെ കയറിഴകളിൽ തൂങ്ങി ആത്മഹത്യ ചെയ്യുകയാണുണ്ടായത്. കുടുംബവ്യവസ്ഥയിലെ മൂല്യങ്ങളെ അടിസ്ഥാനമാക്കിയാണ് എംടിയുടെ സ്ത്രീ കഥാപാത്രങ്ങൾ മിക്കപ്പോഴും ചലിക്കുന്നത്. മഞ്ഞിലെ മറ്റു കഥാപാത്രങ്ങളായ രശ്മിയുടെയും, പുഷ്പ സർക്കാരിൻ്റെയും ജീവിതത്തോടും, പ്രണയത്തോടും ഉള്ള സമീപനങ്ങൾ വിമലയെ അസ്വസ്ഥമാക്കുന്നുണ്ടെങ്കിലും, അവരോടവൾക്ക് എവിടെയൊക്കെയോ അത്ഭുതത്തിൽ വാർത്തെടുത്ത ബഹുമാനമാണ്. എന്നാൽ സ്വന്തം അമ്മയുടെ അത്തരം നിലപാടുകളോട് വിമല നീരസം പ്രകടിപ്പിക്കുന്നു. പണത്തിൻ്റെ തേടലുകൾപ്പുറം, അമ്മയുടെയും മിസ്റ്റർ ഗോമസിൻ്റെയും ബന്ധത്തിൽ സ്‌നേഹത്തിൻ്റെയോ, ആർദ്രതയുടെയോ ലാഞ്ജനകളുണ്ടോയെന്നു പോലും വിമല അന്വേഷിക്കുന്നില്ല. ആധുനികതയുടെ കുടുംബ-സദാചാര സങ്കല്പങ്ങൾക്കകത്ത്‌, ഒരു ആദർശ വനിതയായി, വിമല തൻ്റെ പ്രണയത്തെ കാത്തിരിക്കുന്നു .

മഞ്ഞിലെ സാമൂഹ്യ-സ്വത്വ നിർമ്മിതികളിൽ നിന്ന് വിഭിന്നമായാണ് നാലുകെട്ടിലെ കഥാന്തരീക്ഷവും, കഥാപാത്രങ്ങളും സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. ആധുനികതാവാദത്തിൻ്റെ തുടക്കത്തിലാണ് നാലുകെട്ട് രചിക്കുന്നതെങ്കിലും അതിൻ്റെ പൂർണ്ണത കൈവരുന്നത് മഞ്ഞിലാണ്. വിവേചനപരമായ ജാതി-മത-ലിംഗ വ്യവസ്ഥിതികളാൽ നിർമ്മിക്കപ്പെട്ട ഫ്യൂഡൽ അധികാരഘടന എല്ലാ തലങ്ങളിലും വിമർശിക്കപ്പെടുന്ന ഒരു കാലഘട്ടത്തിലാണ് നാലുകെട്ട് പ്രസിദ്ധീകരിക്കുന്നത്. 

 ബാല്യകാലത്തിൽ അമ്മയും, മുത്തശ്ശിയും പറഞ്ഞു തന്ന കഥകൾ കൂടി ഉൾക്കൊള്ളിച്ചാണ് നാലുകെട്ട് രചിച്ചതെന്നു എംടി തന്നെ പറഞ്ഞിട്ടുണ്ട്. കഥകൾക്കപ്പുറം, നോവലിൽ എംടി സ്വന്തം ജീവിതത്തിലെ ഒരുപാടു ഏടുകൾ ചേർത്തിട്ടുണ്ട്. താൻ പ്രതിനിധാനം ചെയ്യുന്ന നായർ തറവാടുകളിലെ ജീർണാവസ്ഥയും, ശൈഥില്യമാവുന്ന കൂട്ടുകുടുംബ വ്യവസ്ഥയും, ആ അന്തരീക്ഷത്തിൽ തളം കെട്ടി നിൽക്കുന്ന കഥാപാത്രങ്ങളുടെ വികാര-വിചാര സംഘർഷങ്ങളും എംടി നാലുകെട്ടിൽ വരച്ചുകാട്ടുന്നു. സവർണതയുടെ ചിഹ്നങ്ങളായ നാലുകെട്ടും, ഭഗവതി കുടികൊള്ളുന്ന മച്ചും, പത്തായവും, നിറപറയും, കുളപ്പുരയുമെല്ലാം നോവലിൽ ആദ്യന്തം പരാമർശിക്കപ്പെടുന്നു. നാലുകെട്ടിലെ പ്രധാന കഥാപാത്രമായ അപ്പുണ്ണി, കാല്പനികതയുടെ വേരുകളാലും, ആധുനകതയുടെ, മാറ്റത്തിൻ്റെ ചില്ലകളാലും ബന്ധിക്കപ്പെട്ടിരിക്കുന്നു. 

മരുമക്കത്തായ വ്യവസ്ഥകൾ തീർത്ത അതിർവരമ്പുകൾ ഭേദിച്ച് തനിക്ക് അവകാശപ്പെട്ടതെല്ലാം നേടിയെടുക്കുകയാണ് അപ്പുണ്ണി എന്ന കഥാപാത്രം. അമ്മയെ ഉപേക്ഷിച്ചു തറവാട്ടിലേക്കുള്ള അവൻ്റെ യാത്രയിൽ സവർണ്ണത പ്രതിനിധാനം ചെയ്‌ത സാമൂഹ്യ-സാംസ്‌കാരിക സമ്പത്ത്‌ അവനു മുതൽകൂട്ടായിട്ടുണ്ട്. തറവാടിയായ പാറുക്കുട്ടിയമ്മയെ കല്യാണം കഴിച്ച കരുത്തനായ കോന്തുണ്ണി നായരുടെ മകൻ അപ്പുണ്ണിക്ക് ജാതി-മത വിവേചനങ്ങൾ അനുഭവിക്കേണ്ടി വന്നിട്ടിട്ടില്ല, കൂട്ടുകുടുംബ വ്യവസ്ഥയിൽ ഊന്നിയ സമ്പദ്ഘടന യിലെ വിവേചനമാണ് അപ്പുണ്ണിയെ വീടുപേക്ഷിച്ചു തറവാട്ടിലേക്ക് പോകാൻ പ്രേരിപ്പിക്കുന്നത്. അമ്മയും, ശങ്കരൻ നായരും തമ്മിലുള്ള ബന്ധം ഇതിനായി അവൻ ഉപയോഗിക്കുകയും ചെയ്‌തു. ജാതി, നാലുകെട്ടിലെ ഒരു പ്രധാന സ്വത്വമാണ്. തറവാട്ടിലെത്തിയ അപ്പുണ്ണിക്ക് അവിടെ നിന്നുപോരുന്ന അനാചാരങ്ങളോടും, വിവേചനങ്ങളോടും, പൊരുതേണ്ടി വരുന്നു. അവിടെയാണ് കൂട്ടുകുടുംബ-മരുമക്കത്തായ വ്യവസ്ഥകളുടെ തകർച്ചയും, അണുകുടുംബങ്ങളിലെക്കുള്ള സാമൂഹ്യ പരിണാമത്തെക്കുറിച്ചും എഴുത്തുകാരൻ സൂചിപ്പിക്കുന്നത്. നാലുക്കെട്ടിലെ അപ്പുണ്ണിയും, എഴുത്തുകാരനായ എംടിയും ഉൾപ്പെടുന്ന നായർ സമൂഹത്തിലുള്ള അനാചാരങ്ങളും , സാമ്പത്തിക ചൂഷണങ്ങളും നോവലിൽ ചോദ്യം ചെയ്യപെടുമ്പോഴും, ജന്മികളായ നായന്മാർ പുലയരുടെയും, പറയരുടെയും, ചോരയിന്മേൽ വാർത്തെടുത്ത സാമ്പത്തിക ഭദ്രതയെക്കുറിച്ചോ, അവരോടു ചെയ്‌ത ഉച്ചനീചത്വങ്ങളെ കുറിച്ചോ നോവലിൽ പരാമർശിക്കപ്പെടുന്നില്ല. അങ്ങനെയെങ്കിൽ അപ്പുണ്ണിയെ പോലെ തന്നെ എഴുത്തുകാരനും സവർണ്ണത നൽകുന്ന അധികാരങ്ങളിൽ ഊറ്റം കൊണ്ടാണ് സാമൂഹിക പരിണാമത്തെ നോക്കി കണ്ടതെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. വയനാട്ടിൽ പോയി സാമ്പത്തിക ഭദ്രത കൈവരിച്ച ശേഷം തിരിച്ച വന്ന അപ്പുണ്ണി , തറവാട് പൊളിച്ചു “ഇവിടെ കാറ്റും വെളിച്ചവും കടക്കുന്ന ഒരു ചെറു വീട് മതി” എന്ന് അമ്മയോട് പറയുന്നു. തറവാട് പൊളിക്കുക വഴി നായർ സമൂഹത്തിനുള്ളിലുള്ള അന്ധവിശ്വാസങ്ങങ്ങളെയും, വിവേചനങ്ങളെയും, ഇല്ലാതാക്കാൻ ആഹ്വാനം ചെയ്യുകയാണ് അപ്പുണ്ണി. എന്നാൽ വ്യക്തി തലത്തിൽ വന്നുചേർന്ന പരിണാമത്തെക്കുറിച്ചു ചിന്തിച്ചാൽ, അപ്പുണ്ണി എന്ന വ്യക്തി, സവർണ്ണതയെ കുറച്ചു കൂടെ ചേർത്ത് നിർത്തി, വി.അപ്പുണ്ണി നായരായി എന്ന വ്യത്യാസം മാത്രമേ ഉള്ളൂ.

അപ്പുണ്ണിയുടെ വായനാട്ടിലേക്കുള്ള പറിച്ചുനടലുകൾ നോവലിൽ ഒരു സാമൂഹിക പരിണാമമാണ് വരച്ചു കാട്ടുന്നത്. ജന്മിത്വ-കാർഷിക വ്യവസ്ഥയിൽ നിന്നും ആധുനിക സമൂഹം അനുവർത്തിക്കുന്ന മുതലാളിത്ത വ്യവസ്ഥയിലേക്കുള്ള മാറ്റം. അപ്പുണ്ണിയുടെ ഈ പറിച്ചുനടലി ന് മതസൗഹാർദ്ദത്തിൻ്റെ ഒരു തലം കൂടെയുണ്ട്. തൻ്റെ അച്ഛൻ്റെ കൊലയാളിയായ സെയ്താലിക്കുട്ടിയോടുള്ള വെറുപ്പ്, പിന്നീട് സ്‌നേഹമായും, ചങ്ങാത്തമായും പരിണമിക്കുന്നു. നബീസുവും, മുഹമ്മദുമെല്ലാം ആ സൗഹാർദ്ദത്തിന് മാറ്റു കൂട്ടുന്നു.

എംടിയുടെ മറ്റ് രചനകളിലുള്ള പോലെ തന്നെ നാലുകെട്ടിലെ സ്ത്രീകഥാപാത്രങ്ങളും എഴുത്തുകാരൻ അവലംബിച്ച ‘അമ്മ, മകൾ, ഭാര്യ’, തുടങ്ങിയ പരമ്പരാഗത ചട്ടക്കൂടിൻ്റെ അതിരുകൾ ഭേദിച്ചു പുറത്തു കടക്കുന്നില്ല. അപ്പുണ്ണിയുടെ അമ്മയായ പാറുക്കുട്ടിയെ എംടി ശക്തയായ ഒരു സ്ത്രീ കഥാപാത്രമായിട്ടാണ് അവതരിപ്പിക്കാൻ ശ്രമിച്ചിട്ടുള്ളത്. സ്വന്തം ഇഷ്ടപ്രകാരമുള്ള ഒരാളെ വിവാഹം ചെയ്‌തും, അയാളുടെ മരണത്തിനു ശേഷം മകനെ വളർത്താൻ വേണ്ടി മറ്റ് വീടുകളിൽ ജോലിയെടുത്തും, അവർ അക്കാലത്തെ സ്ത്രീസമൂഹത്തിനു ഒരു പ്രതീക്ഷയായി മാറി എന്ന് എംടി പറയുന്നു. എന്നാൽ, മറ്റൊരു രീതിയിൽ പറഞ്ഞാൽ പാറുക്കുട്ടിയുടെ ജീവിതം എംടി വരച്ചു ചേർത്തത്, കോന്തുണ്ണി നായരുടെയും, അപ്പുണ്ണിയുടെയും, പിന്നീട് ശങ്കരൻ നായരുടേയുമെല്ലാം തീരുമാനങ്ങളെ ആശ്രയിച്ചായിരുന്നു. തറവാട്ടിലെ മറ്റ് സ്ത്രീകളായ അമ്മിണിക്കുട്ടിയുടെയും, മാളുവിൻ്റെയും, ജീവിതങ്ങൾ ഏതാണ്ട് സമാനരൂപത്തിലാണ് എംടി അവതരിപ്പിച്ചിട്ടുള്ളത്. സ്വയം തീരുമാനങ്ങൾ എടുക്കാൻ കഴിയാത്തവരായും, ലൈംഗികാഭിലാഷങ്ങൾക്കു അവകാശമില്ലാത്തവരായും ആണ് അവരെ ചിത്രീകരിക്കുന്നത്. ഇത്തരം അസമത്വങ്ങൾക്ക് പുറമെ, നിറത്തിൻ്റെ പേരിലും അപ്പുണ്ണിയെന്ന പുരുഷസ്വത്വത്താൽ അവർ വിലയിരുത്തപ്പെടുന്നു. നാലുകെട്ടിൽ നിറവ്യത്യാസങ്ങളെ എംടി കൂട്ടിച്ചേർക്കുന്നത് സൗന്ദര്യത്തിൻ്റെയും, ശുചിത്വത്തിൻ്റെയും അടിസ്ഥാനത്തിലാണ്. പുരുഷനെ കരുത്തിൻ്റെയും, സ്ത്രീയെ സൗന്ദര്യത്തിൻ്റെയും, ത്യാഗത്തിൻ്റെയും ചുവരുകൾക്കുള്ളിൽ എംടി ഒതുക്കി നിർത്തുന്നു.

നാലുകെട്ടും, മഞ്ഞും, ഉൾപ്പടെ എംടിയുടെ മിക്ക എഴുത്തുകളും സ്ത്രീ-പുരുഷ ബന്ധങ്ങളിലെ സങ്കീർണതകളും, അവ സമൂഹത്തിലെ മറ്റ് വ്യവസ്ഥിതികളോട് ചേർന്ന് നിലനിൽക്കുന്നതിനെക്കുറിച്ചും ചർച്ച ചെയ്യുന്നവയാണ്. അത്തരം സങ്കീർണതകൾ വളരെയധികം നേർപ്പിച്ചു, പ്രണയത്തിൻ്റെ ചുറ്റുമതിലുകളാൽ ജീവിതസായഹ്നം മനോഹരമാക്കുന്ന കൃഷ്ണകുറുപ്പിൻ്റെയും, അമ്മാളു കുട്ടിയുടെയും കഥയാണ് എംടി തൻ്റെ മാന്ത്രിക തൂലികയാൽ തിരക്കഥയെഴുതി അനശ്വരമാക്കിയ ഒരു ചെറു പുഞ്ചിരി (2001)എന്ന ചലച്ചിത്രം. തെലുങ്കു സാഹിത്യകാരൻ ശ്രീരമണയുടെ ‘മിഥുനം’ എന്ന കഥയെ അധികരിച്ചാണ് എം.ടി ഈ സിനിമചെയ്തത്. വള്ളുവനാടൻ ഗ്രാമത്തിൻ്റെ പശ്ചാത്തലത്തിൽ ചിത്രീകരിച്ച ഈ സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അഭിനയിച്ചനശ്വരമാക്കിയത് ഒടുവിൽ ഉണ്ണികൃഷ്ണനും, നിർമല ശ്രീനിവാസനുമാണ്.

വാർദ്ധക്യത്തിലും പ്രണയം കാത്തു സൂക്ഷിക്കുന്ന ദമ്പതികളുടെയും, അവർ നോക്കിക്കാണുന്ന, പെരുമാറുന്ന സമൂഹത്തിൻ്റെയും കഥ കൂടിയാണ് ഒരു ചെറു പുഞ്ചിരി. തൻ്റെ എല്ലാ രചനകളിലും പോലെ പ്രധാന കഥാപാത്രത്തിന് ‘കൃഷ്ണകുറുപ്പെ’ന്ന പേര് നൽകി, അവരുടെ സവർണ്ണസ്വത്വം പ്രകടമാക്കുന്നുണ്ട് എംടി. തനിക്ക് അറിയാവുന്നവർക്ക് വേണ്ടി ജോലിക്ക് ശുപാർശ ചെയ്യുന്നതും, അയൽവീട്ടിൽ പണിയെടുക്കാൻ വന്ന ബാലനെ പഠിപ്പിക്കുന്നതും, സ്കൂളിലെ ഉച്ചക്കഞ്ഞി പുനഃസ്ഥാപിക്കാൻ മുൻകൈ എടുക്കുന്നതിനു പകരം ക്ഷേത്ര-സംഭാവന ചോദിക്കാൻ വന്ന നാട്ടുകാരെ ശാസിക്കുന്നതും, അന്യമതസ്ഥനായ ഒരാളിനെ വിവാഹം കഴിക്കാൻ കൊച്ചുമകൾക്ക് അനുവാദം കൊടുക്കുന്നതും, സ്ത്രീധനം കൊടുക്കാൻ വിലക്കുന്നതും, ഒറ്റപ്പെട്ടുപോയ അയൽക്കാർക്ക് സഹായങ്ങൾ ചെയ്യുന്നതുമെല്ലാം, കൃഷ്ണകുറുപ്പിൻ്റെ വ്യക്തതയുള്ള സാമൂഹ്യബോധം കൊണ്ട് മാത്രമല്ല, മറിച്ച് സവർണ്ണ പാരമ്പര്യത്തിൻ്റെ സാമ്പത്തിക-സാമൂഹിക-സാംസ്കാരിക മൂലധനം കൈവശമുള്ളതു കൊണ്ട് കൂടെയാണ്. പൗരുഷം പുരുഷൻ്റെയും, സൗന്ദര്യം സ്ത്രീയുടെയും മുഖമുദ്രയാണെന്നത് കൃഷ്ണകുറുപ്പ് പറയുന്നുണ്ടെങ്കിലും, പിതൃകേന്ദ്രീകൃത മൂല്യങ്ങളിൽ നിന്നുംമാറി, ഭാര്യയോടൊപ്പം അടുക്കളയിൽ ജോലി ചെയ്യാനും, അവരെ ശുശ്രുഷിക്കാനും അദ്ദേഹം മുൻപിലുണ്ട്‌. ഭർത്താവിനോട് യോജിക്കാതെ വരുന്ന അവസരങ്ങളിൽ, ഉരുളയ്ക്കുപ്പേരി പോലെ മറുപടി കൊടുക്കാൻ അമ്മാളു കുട്ടിയും ശ്രമിക്കുന്നുണ്ട്. ആധുനിക ലോകത്തിൻ്റെ ഉപഭോഗ സംസ്ക്കാരത്തോട് മുഖം തിരിച്ചു നിൽക്കുന്ന ഇരുവരും, തങ്ങളുടെ വാർധക്യ ജീവിതം ജനിച്ച് വളർന്ന ഗ്രാമീണസമൂഹത്തിൽ ചിലവഴിക്കുന്നു. അവിചാരിതമായി കൃഷ്ണകുറുപ്പ് മൃതിയടയുമ്പോൾ മക്കൾക്കൊപ്പമുള്ള നഗരജീവിതം നിരാകരിച്ച് അമ്മാളു കുട്ടി ഇത് വരെ ജീവിച്ച ജീവിതം തുടരുന്നതോടെ ചിത്രം അവസാനിക്കുന്നു.

താൻ അനുഭവിച്ച സാമൂഹ്യമാറ്റത്തിൻ്റെ അലകളൂം, അവ വ്യക്തിജീവിതത്തിലുണ്ടാക്കിയ മാറ്റങ്ങളുമെല്ലാം ചേർത്തുനിർത്തിക്കൊണ്ടാണ് എംടി തൻ്റെ കഥാപാത്രങ്ങളെയും, കഥാപശ്ചാത്തലങ്ങളെയും വിഭാവനം ചെയ്തിട്ടുള്ളത്. സാമൂഹ്യബോധമുള്ള കഥാപാത്രങ്ങളെ വാർത്തെടുക്കുന്നതിൽ എംടി വളരെയധികം പങ്കു വഹിച്ചിട്ടുണ്ട്. എന്നിരുന്നാലും പുരുഷകേന്ദ്രികൃത-സവർണ്ണ പാരമ്പര്യത്തെ അടിസ്ഥാനപ്പെടുത്തി രചിച്ച തൻ്റെ കൃതികളിലൊന്നും തന്നെ, താൻ അടങ്ങിയ സവർണ്ണവിഭാഗം നടത്തിയ ജാതിവിവേചനങ്ങളെക്കുറിച്ചോ, ഉച്ചനീചത്വങ്ങളെക്കുറിച്ചോ പരാമർശിക്കുന്നില്ല. സവർണ്ണകുടുംബ വ്യവസ്ഥകളിലെ നവോത്ഥാനത്തിന് വേണ്ടി ആഹ്വാനം ചെയ്യുന്ന എംടി, അത്തരം വ്യവസ്ഥകളിലെ സ്ത്രീകൾക്ക് സ്വത്വമില്ലായെന്നും, അവരുടെ അസ്തിത്വം പുരുഷൻ്റെ സ്നേഹം, കാമം എന്നീ വികാരങ്ങൾ അടിസ്ഥാനപ്പെടുത്തി മാത്രം നിലനിൽക്കുന്നതാണെന്നും അടയാളപ്പെടുത്തുന്നു. കേരള നവോത്‌ഥാനസാഹിത്യത്തെയും, കേരള ചരിത്രത്തെയും, പ്രതിനിധാനം ചെയ്യുന്ന എംടിയുടെ രചനകൾ വ്യത്യസ്ത ജാതി-മത-ലിംഗ-സ്വത്വങ്ങളെ പ്രതിനിധീകരിക്കുന്നതിൽ എത്ര മാത്രം നീതി പുലർത്തി എന്നതും, അവ വായിക്കുന്ന വ്യത്യസ്ത സ്വത്വങ്ങളുടെ വികാര-വിചാര-ചിന്താധാരകൾ ഏതു തരത്തിലുള്ളവയായിരിക്കുമെന്നതിനെ കുറിച്ചും ചിന്തിക്കേണ്ടിയിരിക്കുന്നു.

References

  • വാസുദേവൻനായർ, എംടി.,നാലുകെട്ട്, കറൻ്റ് ബുക്ക്സ് , തൃശൂർ , 2016
  • വാസുദേവൻനായർ, എംടി.,മഞ്ഞ്, കറൻ്റ് ബുക്ക്സ് , തൃശൂർ , 2016
  • വാസുദേവൻനായർ, എംടി.,ഒരു ചെറു പുഞ്ചിരി , ഡിസി ബുക്ക്സ് , കോട്ടയം , 2001

ലേഖകയെക്കുറിച്ച്‌: മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയന്സസിൽ രണ്ടാം വർഷ ഗവേഷകവിദ്യാർത്ഥിയാണ് അഞ്ജന. ‘സോഷ്യൽ സ്പേസ്’ എന്ന സൈദ്ധാന്തിക ഫ്രെയിമിലൂടെ നഗരയിടങ്ങളും പല തരത്തിലുള്ള ജൻഡർ സ്വത്വങ്ങളും തമ്മിലുള്ള വ്യവഹാരങ്ങൾ മനസ്സിലാക്കുന്നതാണ് അഞ്ജനയുടെ ഗവേഷണവിഷയം. 


English Summary: This article is a review of MT’s characters and the social systems they navigate or interact with. (Keywords: MT Vasudevan Nair, Novel, Randamoozham, Naalukettu)

Please follow and like us:

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.