ചരിത്രരചനയുടെ നിരവധി വഴികൾ നോവൽ എന്ന ആഖ്യാനരൂപത്തിലൂടെ പരിശോധിക്കുകയാണ് അനീസ് ഈ ലേഖനത്തിൽ.
അനീസ് കെ. ടി.
ഗബ്രിയേൽ ഗാർസിയ മാര്‍ക്വേസിന്‍റെ ദ ജനറൽ ഇന്‍ ഹിസ് ലാബിറിന്ത് [The General in His Labyrinth] ഒരുപക്ഷെ മാര്‍ക്വേസിന്‍റെ തന്നെ ഏകാന്തതയുടെ നൂറു വര്‍ഷങ്ങളെ പോലെ ലോകം വായിച്ച കൃതിയാവും. ലാറ്റിനമേരിക്കക്കാരുടെ ഹൃദയത്തിൽ ചിരപ്രതിഷ്ഠ നേടിയ, അവരുടെ വിമോചനനായകനായ സൈമണ്‍ ബൊളിവറുടെ ജീവിതം പശ്ചാത്തലമാക്കി മാര്‍ക്വേസ് എഴുതിയ ഈ നോവൽ പക്ഷെ, അതിന്‍റെ പ്രമേയപരമായ അട്ടിമറികള്‍/പ്രത്യേകതകള്‍ കൊണ്ട് കൊളംബിയന്‍ ജനതയുടെ വ്യാപകമായ പ്രതിഷേധത്തിനിടയാക്കി. രതിയും വിരതിയും കൂടിക്കലര്‍ന്ന ബൊളിവറുടെ കൂടുതൽ സ്വകാര്യമായ ജീവിതാംശങ്ങളെ വ്യക്തതയോടെ അവതരിപ്പിക്കുന്ന, ബൊളിവറുടെ എല്ലാതരം വൈകല്യങ്ങളെയും ആസക്തികളെയും തുറന്ന് കാട്ടുന്ന നോവൽ പക്ഷെ ബൊളിവറുടെ മുതിര്‍ന്ന, പട്ടാളച്ചിട്ടയിലുള്ള ജീവിതം മാത്രം കണ്ടു ശീലിച്ച ജനങ്ങളെ സംബന്ധിച്ച് ഉള്‍ക്കൊള്ളാന്‍ പ്രയാസമായിരുന്നു.
മാര്‍ക്വേസ് പക്ഷെ അയാളുടെ പ്രശസ്തിയുടെ ഉച്ചിയിലായിരുന്നു. നിരവധി നോവലുകളാൽ സാഹിത്യലോകം അയാളെ ആഘോഷിച്ചു. കോളറക്കാലത്തെ പ്രണയവും, ഏകാന്തതയുടെ നൂറു വര്‍ഷങ്ങളുമടക്കം മാര്‍ക്വേസിന്‍റെ ഏതാണ്ടെല്ലാ കൃതികളും ലോകഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടു. ലോകം മാര്‍ക്വേസിനെ വായിച്ചു. സ്വാഭാവികമായും ബൊളിവറുടെ സ്വകാര്യ ജീവിതം നോവലാക്കിയതിനെതിരെ ഒരുപക്ഷെ മാര്‍ക്വേസ് പ്രതീക്ഷിച്ച ചോദ്യം തന്നെ ഉയര്‍ന്നു. ഒട്ടും അമാന്തമില്ലാതെ മാര്‍ക്വേസ് അതിനു മറുപടി നൽകുകയും ചെയ്തു: ‘I stripped his uniform’. ‘നിങ്ങള്‍ പ്രതിഷ്ഠിച്ചുവെച്ച എല്ലാ ബിംബരൂപങ്ങൾക്കുമപ്പുറത്ത്, പട്ടാളച്ചിട്ടയോടെ മാത്രം കണ്ട നിങ്ങളുടെ നേതാവിലെ മനുഷ്യനെ, അയാള്‍ ധരിച്ച യൂണിഫോമിനെയാണ് ഞാന്‍ ഉരിഞ്ഞു കളഞ്ഞത്’ 1. മാര്‍ക്വേസിന്‍റെ മറുപടി ചരിത്രത്തെ വേറൊരു മട്ടിൽ നോക്കിക്കാണേണ്ടതിന്‍റെ ആവശ്യകതയെ കൂടിയാണ് ഓര്‍മ്മപ്പെടുത്തിയത്.
എല്ലാവരും കണ്ടു ശീലിച്ചു പരിചയിച്ച ഒരു ലോകത്തിനപ്പുറം മറ്റൊരു ചരിത്രമുണ്ടെന്നും ഓരോ വ്യക്തിയും പലനിലകളിൽ തന്നെ ചരിത്രമാവുകയും ചരിത്രത്തിന് സ്വന്തമായി ഒരു നിലനിൽപ്പുണ്ടെന്നുമാണ് നോവലുകളെ പറ്റിയുള്ള അന്വേഷണത്തിൽ നിന്ന് മനസിലാവുക. ചരിത്രത്തിന്‍റെ ഒരു പ്രദേശമായി നോവലുകള്‍ എല്ലാ കാലത്തും മാറുന്നു. ലോക സാഹിത്യത്തിലെ ആദ്യ നോവലായ സെര്‍വാന്‍റസിന്‍റെ ഡോണ്‍ കിക്സോട്ടോ പുറത്തുവന്നത് മുതൽ നോവലും ചരിത്രവും തമ്മിലുള്ള വിശ്രുത ബന്ധം ആരംഭിച്ചിട്ടുണ്ട്. നോവലിസ്റ്റുകള്‍ ചരിത്രത്തിന്‍റെ ഏതൊഴുക്കിനൊപ്പമാണ് നീങ്ങുന്നതെന്നത് ഈ ഘട്ടത്തിൽ വളരെ പ്രധാനപ്പെട്ട ഒരു വിഷയമായിത്തീരുന്നുണ്ട്. ചരിത്രത്തിന് ആഖ്യാനത്തിന്‍റെ സൗന്ദര്യം കൂട്ടുന്ന മാനമുണ്ടെന്നും ഫിക്ഷന്‍ യഥാര്‍ത്ഥത്തിൽ ചരിത്രത്തിന്‍റെ മറ്റൊരു വകഭേദമാണെന്നും നോവലുകളെ ചരിത്രത്തിന്‍റെ കണ്ണിലൂടെ വായിക്കുമ്പോള്‍ വ്യക്തമാവുന്നു.
ലോകം അവസാനിക്കുന്നില്ല എന്ന തലക്കെട്ടിൽ മാതൃഭൂമി പ്രസിദ്ധീകരിച്ച പുസ്തകത്തിൽ സരമാഗോയുടെ ദ ഹിസ്റ്ററി ഓഫ് സീജ് എന്ന നോവലിനെ കുറിച്ച് അജയ് പി മങ്ങാട്ട് എഴുതുന്നുണ്ട്. സംഭവങ്ങളുടെ വിവരണങ്ങള്‍ അതേപടി പകര്‍ത്തുമ്പോള്‍ ചരിത്രം നിറയെ അബദ്ധമായേക്കാം. ചരിത്രമെഴുതുമ്പോള്‍ ഫിക്ഷനും ഉപയോഗിക്കേണ്ടി വരുമെന്ന് സരമാഗോ പറയാറുണ്ട്. ഭൂതകാലത്ത് മനുഷ്യര്‍ എങ്ങനെ ജീവിച്ചു എന്നന്വേഷിക്കാന്‍ ഫിക്ഷന്‍ കൂടാതെ കഴിയുമോ? അജ്ഞാതമായതിനെ, കഴിഞ്ഞു പോയതിനെ ഭാവനചെയ്യൽ ഒരുതരം അസാധ്യതയാണ്. കഥയെഴുത്തുകാരന് ഈ അസാധ്യതയെ നേരിടാനുള്ള അവകാശമാണ് സരമാഗോ തന്‍റെ രചനകളിലൂടെ നിറവേറ്റാന്‍ ശ്രമിച്ചത്’ 2. ഒരര്‍ത്ഥത്തിൽ മാര്‍ക്വേസും ഇത് തന്നെയാണ് ചെയ്തത്. ഭൂതകാലത്ത് ബൊളിവര്‍ എങ്ങനെ ജീവിച്ചു എന്നന്വേഷിക്കാന്‍ മാര്‍ക്വേസ് ഫിക്ഷനെ കൂട്ടുപിടിച്ചു. സ്വാഭാവികമായും മാര്‍ക്വേസിന് അദ്ദേഹത്തിന്‍റെ ചുളിവ് വീണിട്ടില്ലാത്ത യൂണിഫോം അഴിച്ചുമാറ്റേണ്ടിവന്നു. അക്ഷരാര്‍ത്ഥത്തിൽ ചരിത്രം മറ്റൊന്നായി മാറി.
ചരിത്രത്തെ ചരിത്രത്തിന്‍റെ തന്നെ മറ്റൊരു ആലയിലേക്ക് മാറ്റിക്കെട്ടുന്നതോടെ അതിന് സംസ്കാരപഠനത്തിന്‍റെ അനന്തമായ സാധ്യതകള്‍ ഉണ്ടായിത്തീരുകയാണ് ചെയ്യുന്നത്. റെയ്മണ്ട് വില്യംസ് പറഞ്ഞ ‘നിര്‍വ്വചിക്കാന്‍ പ്രയാസമായ സാംസ്കാരിക പഠനത്തിന്‍റെ’ ബഹിര്‍മുഖമായ സാധ്യതകള്‍ തുറക്കുകയാണ് പതിനേഴാം നൂറ്റാണ്ട് മുതൽ വ്യാപകമായ ലോക നോവലുകള്‍ ചെയ്യുന്നത്. 1640 കളിലുണ്ടായ ഡോണ്‍ കിഹോട്ടെ മുതൽക്ക് തന്നെ ഈ സാധ്യത സംഭവിക്കുന്നുണ്ട്.
തുടര്‍ന്നിങ്ങോട്ട് ഇക്കാലം വരെ ഉണ്ടായിത്തീര്‍ന്ന നോവലുകളെല്ലാം ചരിത്രത്തെ പ്രത്യക്ഷമായി തന്നെ അവതരിപ്പിക്കുന്ന പാഠങ്ങളായി മാറുന്ന കാഴ്ച കാണാനാവും. സി. വി. രാമന്‍ പിള്ളയുടെ മാര്‍ത്താണ്ഡവര്‍മ്മ അടക്കമുള്ള മൂന്ന് നോവലുകള്‍ അക്കാലത്തെ തിരുവിതാംകൂറിന്‍റെ ചരിത്രത്തെ വളരെ വ്യക്തമായി അവതരിപ്പിക്കുകയാണ് ചെയ്തത്. ഇന്ദുലേഖയാവട്ടെ നോവലിൽ അക്കാലത്തെ ദേശീയതയെയും മറ്റും അടയാളപ്പെടുത്തുന്ന മൗലിക നിലപാടുകള്‍ പറയാന്‍ വേണ്ടി പതിനെട്ടാം അധ്യായം പിന്നീട് എഴുതി കൂട്ടിച്ചേര്‍ത്തു. എന്നാൽ പിൽക്കാലത്ത് ചരിത്രത്തെയും ഫിക്ഷനെയും സമീകരിച്ച് അവതരിപ്പിക്കുന്ന രീതിയിലേക്ക് നോവലുകള്‍ മാറുകയുണ്ടായി. നോവലുകളെ ചരിത്രത്തെ മുന്‍നിര്‍ത്തി വായിക്കുന്ന രീതി സംഭവിക്കുന്നത് ആധുനികാനന്തരതയുടെ വലിയ സാധ്യതകളിലൊന്നു കൂടിയാണ്. ദളിത് കാഴ്ചപ്പാടിലോ സബാള്‍ട്ടേണ്‍ കാഴ്ചപ്പാടിലോ തുടങ്ങി ഏത് രീതിയിലും നോവലുകളെ വായിക്കാം. ഉദാഹരണത്തിന് മിസിസ് കോളിന്‍സിന്‍റെ ഘാതകവധത്തെ anti-slavery movement നെ മുന്‍നിര്‍ത്തി വായിച്ചു പോകാം. ആനന്ദിന്‍റെ അഭയാര്‍ത്ഥികളെ ആദിവാസി ചരിത്രത്തിന്‍റെ മട്ടിൽ വായിക്കാം. അംബികാസുതന്‍റെ മരക്കാപ്പിലെ തെയ്യങ്ങളെയോ എന്‍മകജെയെയോ സ്വത്വ ചരിത്രത്തിന്‍റെ ആഖ്യാനത്തിൽ വായിക്കാം. ദേശീയത, ദേശം, ജാതി, സ്ത്രീ, മതം, പ്രത്യയശാസ്ത്രങ്ങള്‍, ഓര്‍മ്മ, തുടങ്ങിയവ രീതിശാസ്ത്രമായി സ്വീകരിച്ച ഇത്തരം നോവൽ വായനകളിലൂടെ നോവലുകളുടെ ചരിത്ര രാഷ്ട്രീയത്തെ മനസ്സിലാക്കാന്‍ കൂടി സാധ്യമാകുമെന്ന് ഷാജി ജേക്കബ് നിരീക്ഷിക്കുന്നുണ്ട്. നോവൽ എന്ന വലിയ പ്രക്രിയ ഭാവന മാത്രമല്ല, അത് എഴുതപ്പെടുന്ന ദേശത്തിന്‍റെയോ സംസ്കാരത്തിന്‍റെയോ ചരിത്രം കൂടിയാവുന്നു എന്നുറപ്പിക്കുകയാണ് മലയാളത്തിൽ അടുത്ത കാലത്തിറങ്ങിയ നോവലുകള്‍ വരെയുള്ള ഉത്തരാധുനിക നോവൽ കാലഘട്ടം. ചരിത്രം എന്ന വ്യവഹാരവുമായി ബന്ധപ്പെടുത്തി മലയാളത്തിലെ ഉത്തരാധുനിക നോവലുകളെ പഠിക്കേണ്ടത് 1984 ൽ പ്രസിദ്ധീകൃത്യമായ ആനന്ദിന്‍റെ അഭയാര്‍ത്ഥികളിൽ നിന്നാണെന്ന് ഷാജി ജേക്കബ്, നോവൽ: ചരിത്രത്തിന്‍റെ പാഠഭേദം എന്ന പഠനത്തിൽ പറയുന്നുണ്ട്. 1984 ലാണ് മലയാളനോവലിൽ ചരിത്രം, രാഷ്ട്രം, ദേശീയത തുടങ്ങിയവയുടെ ആധുനികതാവിമര്‍ശനം ആരംഭിക്കുന്നത്. ചരിത്രത്തെ കുറിച്ചുള്ള ആധുനികതാബോധങ്ങളെ അപനിര്‍മ്മിച്ച ഇന്ത്യാചരിത്രത്തിന്‍റെ രാഷ്ട്രീയ അപനിർമ്മാണം (political deconstruction) ആണത്. കീഴാള, പ്രാന്ത, ആദിവാസി നക്സലൈറ്റ് ചരിത്രങ്ങള്‍, അടിമ കലാപങ്ങള്‍ ഇതിനെയൊക്കെ ചരിത്രവൽക്കരിക്കുന്ന ആദ്യ നോവലായ അഭയാര്‍ത്ഥികള്‍ ആധുനികതയുടെ എല്ലാ യുക്തികളെയും വിമര്‍ശിച്ച് മലയാള നോവലിൽ ചരിത്രത്തെ ആധുനികാനന്തരതയുടെ രൂപമാക്കിമാറ്റുന്ന ആദ്യരചനയാണ്. രാഷ്ട്രത്തെയും ദേശീയതയെയും പ്രശ്നവൽക്കരിക്കുന്ന നോവലുകളെ പഠിക്കുമ്പോള്‍ തന്നെ പ്രദേശത്തെ അഭിസംബോധന ചെയ്യുന്ന ഒരുപാട് രചനകള്‍ അഭയാർത്ഥികൾക്ക് ശേഷം മലയാളത്തിൽ ഉണ്ടായിട്ടുണ്ട്. രാഷ്ട്രത്തിൽ നിന്നും ദേശീയതയിൽ നിന്നും ദേശത്തിലേക്കും പ്രദേശത്തിലേക്കും ചരിത്രത്തിൽ നിന്ന് മിത്തിലേക്കുമുള്ള തിരിച്ചുവരവുകള്‍ അത്തരം നോവലുകളിൽ ഉണ്ടായി. പ്രദേശം അധിനിവേശത്തിന്‍റെ, ആഗോളവൽക്കരണത്തിന്‍റെ പ്രതിരോധമാവുന്ന കോവിലന്‍റെ തട്ടകം പോലെ, അംബികാസുതന്‍ മാങ്ങാടിന്‍റെ മരക്കാപ്പിലെ തെയ്യങ്ങള്‍ പോലെ, എന്‍ പ്രഭാകരന്‍റെ തീയൂര്‍രേഖകള്‍ പോലെ എത്രയോ രചനകള്‍ അവിടുത്തെ ദേശങ്ങളെ പലനിലക്ക് അടയാളപ്പെടുത്തി.
ചരിത്രം എന്ന വ്യവഹാരവുമായി ബന്ധപ്പെട്ട് മലയാളത്തിലെ ഉത്തരാധുനിക നോവലുകളെ പഠിക്കേണ്ടത് ഈ രണ്ട് രീതികളിലൂടെ മാത്രമല്ല. രാഷ്ട്രത്തെയും ദേശീയതയെയും അഭിസംബോധന ചെയ്യുന്ന നോവലുകള്‍, ദേശത്തെ, പ്രദേശത്തെ പ്രശ്നവൽക്കരിക്കുന്ന നോവലുകള്‍, ജാതി സ്വത്വവാദത്തെ ഉയര്‍ത്തിപ്പിടിക്കുന്ന നോവലുകള്‍, ജാതി ചരിത്രത്തെ നിര്‍മ്മിക്കുന്ന നോവലുകള്‍, സ്ത്രീയെ, മതത്തെ നിര്‍വചിക്കുന്ന നോവലുകള്‍, രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളെ വിമര്‍ശിക്കുന്ന നോവലുകള്‍, ജനപ്രിയ ചരിത്രത്തെ നിര്‍മ്മിക്കുന്നവ, നോവലിന്‍റെ ആഖ്യാനത്തെ ഭൂമികയാക്കി മാറ്റുന്ന രചനകള്‍, ഓര്‍മ്മയെ ചരിത്രവൽക്കരിക്കുന്ന നോവലുകള്‍, കഥയും ചരിത്രവും രണ്ടല്ല എന്ന് സ്ഥാപിക്കുന്ന നോവലുകള്‍ തുടങ്ങിയ പല വഴികളിലൂടെ ഉത്തരാധുനിക നോവലുകളെ ചരിത്രവുമായി ബന്ധപ്പെടുത്തി പഠനവിധേയമാക്കാന്‍ പറ്റും.
എങ്ങനെയാണ് നോവൽ ഒരു സമൂഹത്തിലെ സാംസ്കാരിക ചരിത്രത്തിന്‍റെ ടെക്സ്റ്റ് ആയി മാറുന്നുവെന്നതിന് കൂടുതൽ ചികയേണ്ടതില്ല. ഒരേസമയം എഴുത്തുകാരനെയും ദേശത്തെയും ഭാവനയെയുമെല്ലാം സംബന്ധിച്ചാണ് ചരിത്രത്തിന്‍റെ നിലനിൽപ്പ്. പത്തൊമ്പതാം നൂറ്റാണ്ടിൽ എഴുതപ്പെട്ട മലയാളത്തിലെ ഒട്ടുമിക്ക നോവലുകളും അത് നടന്ന സംഭവങ്ങളെ ആസ്പദമാക്കിയുള്ളതാണെന്ന് അഭിപ്രായപ്പെടുന്നത് തന്നെ നോവൽ എന്ന സാഹിത്യരൂപത്തെ കുറിച്ച് ഇവിടെ രൂപപ്പെട്ട സങ്കൽപ്പം അത് ചരിത്രമാണ് എന്നതാണ്. മിക്കവാറും അത് അക്കാലത്തെഴുതപ്പെട്ട യൂറോപ്യന്‍ നോവലുകളെ, അതിന്‍റെ ചരിത്രപരതയെ ആശ്രയിച്ചിരിക്കുന്നു. മലയാളത്തിലെ ആദ്യ നോവലായ മിസിസ് കോളിന്‍സിന്‍റെ ഘാതകവധത്തിലെ പ്രധാന കഥാപാത്രം ഒരു ദളിതനാവുന്നത് പോലും അത് എഴുതപ്പെട്ട സാഹചര്യങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്. ഇന്ത്യന്‍ സാഹിത്യത്തിലെ തന്നെ ആദ്യത്തെ ദളിത് കൃതിയാണ് ഘാതകവധമെന്ന് അയ്യപ്പപ്പണിക്കര്‍ പറഞ്ഞത് ഇവിടെ ചേര്‍ത്ത് വായിക്കേണ്ടതുണ്ട്. സി. വി. യുടെ മുഖ്യ രചനകൾ മൂന്നു ചരിത്ര നോവലുകളാണ്. മാർത്താണ്ഡവർമ്മ, രാമരാജാ ബഹദൂർ, ധർമ്മരാജ ഇവയാണവ. അതുകൊണ്ടുതന്നെ മലയാളത്തിലെ ഒരേയൊരു ചരിത്ര നോവലിസ്റ്റ് എന്ന ബഹുമതി സി. വിക്കു മാത്രം അവകാശപ്പെട്ടതാണെന്ന് കാണാം. രാജവാഴ്ചയും ഭരണവുമായി ബന്ധപ്പെട്ട കേരളത്തിലെ സംഭവബഹുലമായ ഒരു കാലഘട്ടത്തെയാണ് സി. വി. പശ്ചാത്തലമാക്കിയിരിക്കുന്നത്. മാർത്താണ്ഡവർമ്മ (1729 – 1758), കാർത്തിക തിരുനാൾ രാമവർമ്മ (1758-1798), എന്നീ തിരുവിതാംകൂർ രാജാക്കന്മാരുടെയും മലബാർ കീഴടക്കി തിരുവിതാംകൂറിലേക്ക് കടക്കാൻ ശ്രമിച്ച ടിപ്പുസുൽത്താന്റെയും (1750 – 1799) ഭരണകാലമാണത്. രാജസ്ഥാനത്തിന് ഭീഷണിയായി വളർന്ന എട്ടുവീട്ടിൽ പിള്ളമാരുടെ സംഘടിത ശക്തി തകർത്ത് മാർത്താണ്ഡവർമ്മ അധികാരം ഉറപ്പിക്കുന്നതാണ് ആദ്യ നോവലിന്റെ ചരിത്രപശ്ചാത്തലം. ധർമ്മരാജയിലാകട്ടെ ചരിത്രാംശം വളരെ കുറവാണ്. രാമരാജാ ബഹദൂറിൽ ടിപ്പുവിന്റെ തിരുവിതാംകൂർ ആക്രമണവും അതിന്റെ ദയനീയ പരാജയവുമാണ് ചരിത്രാംശം. മൂന്ന് നോവലുകളിലുമുള്ള ഈ തരത്തിലുള്ള ഇതിവൃത്തഘടന ആഖ്യാനത്തെ ആദ്യന്തം സംഘർഷപ്രധാനമാക്കുന്നതായി കാണാം. ഇതിവൃത്തത്തിന്റെ കലാപരിധിക്ക് പുറത്തു നിൽക്കുന്ന സംഭവരഹിതമായ സമാധാന കാലഘട്ടത്തിനു പകരം കലാത്മക നീക്കങ്ങൾ സൃഷ്ടിക്കാൻ കഴിയുന്ന, അസ്വസ്ഥ ചലനങ്ങളുണ്ടാക്കുന്ന സംഭവങ്ങളുടെ കഥ സി. വി. നോവലുകളെ ആദ്യാവസാനം സംഘർഷഭരിതമാക്കി തീർക്കുന്നതിന്റെ പശ്ചാത്തലമായി വേണം കാണാൻ. ഈ സംഭവവിവരണം ചരിത്രത്തിന്റെ മുഴുനീള വിവരണമായാണ് സി. വി. ആവിഷ്കരിക്കുന്നത്. ഇക്കാലത്ത് സി. വിയുടെ പറയപ്പെട്ട ഏതെങ്കിലും നോവലുകള്‍ മൂന്നോ നാലോ പേജുകള്‍ക്കപ്പുറം വായിച്ചവര്‍ ആരാണുള്ളത്. സി. വിയുടെ നോവലുകളെല്ലാം തന്നെ അക്കാലത്തെ പരിപൂര്‍ണ്ണ ചരിത്രമായാണ് മാറിയത്. സരമാഗോ ഇടപെട്ടത് ഇത്തരമൊരവസ്ഥയിലാണ്. കൃതി ചരിത്രത്തിന്‍റെ ഒരു കംപ്ലീറ്റ് ടെക്സ്റ്റ്ബുക്ക് ആവുന്നതിന് പകരം അവയിൽ ഭാവനയുടെ അനന്തമായ സാധ്യതകള്‍ക്ക് കൂടി പ്രാധാന്യം കൊടുക്കുമ്പോഴാണ് അവ പിൽക്കാല സാധ്യതകള്‍ അവശേഷിപ്പിക്കുകയെന്ന് അദ്ദേഹം മനസ്സിലാക്കി. യഥാര്‍ത്ഥ ജീവിതത്തിൽ നടന്ന സംഭവങ്ങള്‍ ഭാവനയുടെ അംശങ്ങളോടെ ഉപ്പും മുളകും ചേര്‍ത്തവതരിപ്പിച്ചപ്പോള്‍ അവ ഒരേസമയം ഫിക്ഷനും ചരിത്രവുമായി മാറുകയാണ് ഉണ്ടായത്.
ദേശീയത, ദേശരാഷ്ട്രം എന്നതിന്‍റെ വിപരീതമായി ദേശം വരിക എന്നത് മലയാള നോവലിലെ ഒരു പ്രധാന ചരിത്ര യുക്തിയാണ്. മിസിന്‍സ് കോളിന്‍സ് എഴുതുന്ന ഘാതകവധം ആരംഭിക്കുന്നത് ‘ഭംഗിയുള്ള രാജ്യമായ തിരുവിതാംകോട്ടെ ഡാഷ് എന്ന പട്ടണത്തിൽ’ എന്നാണ്. ഈ ഡാഷ് എന്ന പട്ടണം യഥാര്‍ത്ഥത്തിൽ നോവലിന്‍റെ ഏറ്റവും വലിയ സൗന്ദര്യമാണ് (aesthetic). സന്ദേശകാവ്യങ്ങളിലോ ആട്ടക്കഥകളിലോ മഹാഭാരതത്തിലോ കാണുന്ന സ്ഥല വിതാനമല്ല അത്. അത് ഭൂമിശാസ്ത്രത്തിന്‍റെ സ്ഥലമാണ്. അതുപോലെ തന്നെ നോവലിലെ കാലം എന്നത് കലണ്ടർ സമയമാണ്. അത്തരത്തിൽ ദേശം എങ്ങനെയാണ് ദേശീയതയുടെ, ദേശരാഷ്ട്രത്തിന്‍റെ അപനിര്‍മ്മിതിയാക്കി മാറ്റുക? മലയാളത്തിലെ മികച്ച ചില നോവലുകള്‍ ഈ ചോദ്യത്തിന് ഉത്തരം തരുന്നുണ്ട്. ഉദാഹരണത്തിന് കോവിലന്‍റെ തട്ടകം വായിച്ചാൽ ഇത് കൂടുതൽ വ്യക്തമാകും. എഴുത്തിന്റെ പുതിയ സാധ്യതകൾ മലയാള നോവലിൽ തുറന്നിടുന്ന തട്ടകം ആ അർത്ഥത്തിൽ വളരെ പ്രധാനപ്പെട്ട ഒരു ലാന്‍ഡ്മാര്‍ക്ക് നോവലാണ്. രാഷ്ട്രത്തിൽ നിന്നും ദേശീയതയിൽ നിന്നും ദേശത്തിലേക്കും ചരിത്രത്തിലേക്കും ചരിത്രത്തിൽ നിന്നും മിത്തിലേക്കും നോവൽ തിരിച്ചുവരികയാണ് ചെയ്യുന്നത്. ചരിത്രവുമായി ബന്ധമില്ലെന്ന് പലപ്പോഴും തോന്നാമെങ്കിലും മിത്തുകളെന്നാൽ യഥാർത്ഥത്തിൽ സംഭവിച്ചവ എന്നു തന്നെയാണ് അർത്ഥമാക്കുന്നതെന്ന് നോർത്രോപ് ഫ്രൈ3. വ്യക്തമാക്കുന്നുണ്ട്. പ്രദേശം പ്രതിരോധമായി മാറുന്ന തരത്തിൽ ചരിത്രം പുതിയ രൂപത്തിൽ വരുന്നത് ഈ നോവലിൽ കാണാം. മിക്ക മലയാള നോവലിസ്റ്റുകളും ദേശ സംസ്കാരങ്ങളുടെ പശ്ചാത്തലം രചനയിൽ മുഖ്യ ആധാരമായി സ്വീകരിക്കുമ്പോൾ കോവിലൻ ചെയ്യുന്നത് ദേശത്തെ മിത്തുകളുമായി കൂട്ടിയിണക്കി സംസ്കാരചരിത്രം രേഖപ്പെടുത്തുകയാണ്. നോവലിലെ മുപ്പിലിശ്ശേരി ദേശം കേരളത്തിന്റെ തന്നെ പഴയകാലത്തിന്റെ ചരിത്രമാണ്. മുപ്പിലിശ്ശേരിയിൽ നിന്ന് സിലോണിൽ പോയി പഠനം കഴിഞ്ഞ് തിരിച്ചുവരുന്ന താഴമ്പള്ളി ഗംഗാധരൻ പിന്നീട് മുപ്പിലിശ്ശേരിയുടെ തന്നെ ചരിത്രകാരനാവുകയാണ്. ‘ചരിത്രം എന്നാൽ ചരിത്രബോധം തന്നെയാണ്’ എന്ന് കോവിലൻ തട്ടകത്തിൽ സൂചിപ്പിക്കുന്നുമുണ്ട് 4. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഒടുക്കം മുതൽ ഇരുപതാം നൂറ്റാണ്ടിന്റെ മധ്യം വരെയുള്ള പ്രത്യക്ഷകാലത്തിൽ ചുവടുറപ്പിച്ചു നിന്നുകൊണ്ട് മുപ്പിലിശ്ശേരിയുടെ നൂറ്റാണ്ടുകൾ നീളുന്ന ഭൂതകാലത്തെ അതിന്റെ വിശ്വാസങ്ങളുടെയും ആചാരങ്ങളുടെയും പഴമൊഴികളുടെയും പാരമ്പര്യത്തിൽ നിന്ന് വാക്ചരിത്രമായി പുന:സൃഷ്ടിക്കുന്ന കോവിലന്റെ കഥാതന്ത്രം ‘തട്ടക’ത്തിന്റെ ആഖ്യാനത്തെ കേരളീയമായ ഒരു സാംസ്കാരിക പരിസരത്ത് പ്രതിഷ്ഠിക്കുകയാണ് ചെയ്യുന്നത്. ഒരു ജനസമൂഹത്തിന്റെ അടിയൊഴുക്കുകളെന്നോ ഒരു ദേശത്തിന്റെ ഭൂതകാലമെന്നോ ഒരു ഗ്രാമത്തിന്റെ സൂക്ഷ്മ ചരിത്രമെന്നോ വിളിക്കാവുന്ന വിധം ചരിത്രത്തെ ജനാധിപത്യ വൽക്കരിച്ചുകൊണ്ട് നടത്തുന്ന കഥായനമാണ് തട്ടകത്തിന്റെ ഇതിവൃത്തമെന്നു കാണാം. “ചരിത്രത്തെയും സംസ്കാരത്തെയും രേഖപ്പെടുത്തുന്ന മിത്തുകൾ; ഭാവനാഭൂപടങ്ങളുടെ വിവരണത്തിലും കഥാപാത്രങ്ങളുടെ അവതരണത്തിലുമുള്ള പ്രാദേശികത; ആചാരങ്ങളുടെയും വിശ്വാസങ്ങളുടെയും ചടങ്ങുകളുടെയും മതാത്മകത; വിവരണ ഭാഷയുടെയും സംഭാഷണ ഭാഷയുടെയും സവിശേഷമായ ശൈലിയും ഘടനയും; ദ്രാവിഡപദങ്ങളുടെ പ്രാക്തനത നിലനിർത്തുന്ന നിരവധി പ്രയോഗങ്ങളും കൽപ്പനകളും എന്നിങ്ങനെ ആഖ്യാനത്തിന്റെ അടരുകളിലൂടെ സൃഷ്ടിക്കപ്പെടുന്ന കേരളീയമായ ചരിത്രപരത തട്ടകത്തിന്റെ സാംസ്കാരികസ്വത്വത്തെ നിർണയിക്കുന്നു” എന്ന് ഷാജി ജേക്കബ് നിരീക്ഷിക്കുന്നുണ്ട് 5. തോറ്റങ്ങളുൾപ്പെടെയുള്ള ‘പ്രാദേശിക’ നോവലുകളുടെയും പട്ടാളക്കഥകൾ പറയുന്ന ‘ദേശീയ’ നോവലുകളുടെയും പരമ്പരയിൽ ഏറ്റവുമൊടുവിൽ രചിക്കപ്പെട്ട തട്ടകം (1996) പ്രാദേശികങ്ങളായ മിത്തുകളെയും പുരാവൃത്തങ്ങളെയും മുമ്പില്ലാത്ത വിധം ബൃഹത്തായ കാലപശ്ചാത്തലത്തിൽ ചരിത്രവൽക്കരിക്കുന്നുണ്ട്. അതോടൊപ്പം തന്നെ സ്ഥലഭാവനയെ, ആധുനികാനന്തര നോവൽ കലയുടെ രാഷ്ട്രീയങ്ങളിലൊന്നാക്കി മാറ്റുന്നുണ്ട്. അതുപോലെ ജാതി, സംസ്കാര ചരിത്രത്തിന്റെ പ്രധാനപ്പെട്ട ഒരു ചിത്രവും അത് രൂപപ്പെടുത്തുന്നുണ്ട്. പാരമ്പര്യത്തിന്റെ ഓർമ്മകൾ പേറിയ മിത്തുകളെ തട്ടകത്തിന്റെ അടിപ്പടവുകളിലൊന്നാക്കുകയും വർത്തമാനകാല സംസ്കാരവും അതിന്റെ പൈതൃകവും തമ്മിലുള്ള ബന്ധം വിശകലനം ചെയ്യാൻ സാഹിത്യത്തിൽ മിത്തുകളെ സന്നിവേശിപ്പിക്കുകയുമാണ് കോവിലൻ ചെയ്യുന്നത്.
നോവലുകളെ ചരിത്രവുമായി ബന്ധിപ്പിച്ച് വായിക്കാവുന്ന മറ്റൊരു സാധ്യത ജാതിയെ സ്വത്വരാഷ്ട്രീയമായി വ്യാഖ്യാനിക്കുന്ന നോവലുകളാണ്. മുഖ്യമായും അത് ദളിത് എന്ന് വിളിക്കാവുന്ന നോവലുകളാണ്. ഭാഷയിൽ, സംസ്കാരത്തിൽ, മിത്തിൽ എങ്ങനെ ചരിത്രം നിര്‍മ്മിച്ചെടുക്കും എന്ന് അന്വേഷിക്കുന്നതാണ് ഈ നോവലുകള്‍. നോവലുകളുടെ ആഖ്യാനത്തിൽ ഭാഷയെ വളരെ തന്ത്രപരമായി പ്രയോഗിക്കുന്ന രീതിയാണ് ഇത്തരം നോവലിസ്റ്റുകള്‍ പിന്തുടരുന്നത്. രാജു കെ വാസുവിന്‍റെ നോവലുകള്‍ മലയാളത്തിൽ ഈ അര്‍ത്ഥത്തിൽ ഏറ്റവും ക്ലാസിക് എന്ന് വിളിക്കാവുന്ന ദളിത് നോവലുകളാണ്. പുലയരുടെ ഭാഷ, പത്തൊമ്പതാം നൂറ്റാണ്ടിലെ ഭാഷ തുടങ്ങിയവ നോവലിന്‍റെ ഇതിവൃത്തത്തിൽ ഉപയോഗിച്ച് കൊണ്ട് ഭാഷ കൊണ്ട് അദ്ദേഹം വലിയൊരു കളി കളിക്കുന്നു. ചാവുതുള്ളൽ എന്ന രാജുവിന്റെ ഈ നോവൽ ആഖ്യാനകലയിലും ചരിത്രാവബോധത്തിലും രാഷ്ട്രീയ തീക്ഷ്ണതയിലും പുലയരെ കുറിച്ച് മലയാളത്തിൽ എഴുതപ്പെട്ട ഏറ്റവും മികച്ച നോവലുകളിലൊന്നായിക്കാണാവുന്നതാണ്. പുലയരുടെ ചരിത്രം, സംസ്കാരം, ഭാഷ, പ്രകൃതി തുടങ്ങിയവയിൽ ടി. കെ. സി. വടുതലയുടെയും സി. അയ്യപ്പന്റെയും പിൻ ഗാമിയെന്ന നിലക്ക് രാജു കെ. വാസുവിനെ കാണേണ്ടതുണ്ട്. തങ്ങളുടേതു മാത്രമായ മിത്തും ചരിത്രവും സ്ഥലവും കാലവും ഭാഷയും ദേശവും പുലയരുടെ ജീവിതത്തിൽ സൃഷ്ടിക്കുന്ന അനുഭവപരമ്പരകളുടെ ആഖ്യാന പരിസരമാണ് രാജുവിന്റെ ചാവുതുള്ളൽ. ചരിത്രവും ഭൂമിശാസ്ത്രവും ചേർന്നു നിർമ്മിച്ചെടുക്കുന്ന സ്ഥലകാലങ്ങളുടെ ഭാവനാത്മകമായ അടയാളങ്ങളിലാണ് ഈ നോവലിന്റെ ആഖ്യാനകല ശ്രദ്ധിക്കപ്പെടുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനങ്ങളിൽ മധ്യകേരളത്തിൽ സവർണ്ണ ജന്മിമാരുടെ അടിമകളായിരുന്ന പുലയരുടെ നരകജീവിതം പറഞ്ഞു തുടങ്ങുന്ന നോവലിൽ ചരിത്രത്തോടൊപ്പം തന്നെ മിത്തും സംഗമിക്കുന്നു. ചരിത്രവും ഭാവനയും മിത്തും യാഥാർത്ഥ്യവും ഈ വിധം ഇണങ്ങിച്ചേർന്ന് കീഴാള ജീവിതത്തിന്റെ വിലപ്പെട്ട ആഖ്യാനമാവാൻ ചാവുതുള്ളലിനും രാജുവിന്റെ ഭാഷയ്ക്കുമാവുന്നുണ്ട്. ഇതേസമയം തന്നെ ഇതിന് സമാന്തരമായി ദളിതരല്ലാത്ത നോവലിസ്റ്റുകളും ദളിത് നോവലുകള്‍ എഴുതുന്നുണ്ടെന്നു കാണാം. ആനന്ദിന്‍റെ പാന്‍ ഇന്ത്യന്‍ എന്ന തരത്തിൽ വിളിക്കാവുന്ന സംഭാവനകള്‍ ഈ ഘട്ടത്തിൽ പ്രധാനമാണ്. ആനന്ദിന്‍റെ അഭയാര്‍ത്ഥികളിൽ ബീഹാര്‍, ബംഗാള്‍, ഒറീസ തുടങ്ങിയ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിൽ വ്യാപിച്ചുകിടക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ആദിവാസി വിഭാഗമായ സന്താളുകളുടെ വലിയ ചരിത്രം വിവരിക്കുന്നുണ്ട്. എന്നാൽ പിന്നീട് അഭയാര്‍ത്ഥികള്‍ക്ക് ശേഷം മലയാള നോവലിൽ അത്തരമൊരു ഉത്തരേന്ത്യന്‍ ആദിവാസി ചരിത്രം കണ്ടുവരുന്നത് സാറാജോസഫിന്‍റെ ബുധിനിയിലാണ്. ഹരീഷിന്‍റെ മീശയിലടക്കം സമാന്തരമായി രൂപപ്പെട്ടു വന്ന ഈ ദളിത്ചരിത്രം കാണാം.
മലയാളത്തിലെ ആധുനികാനന്തര നോവലിന്‍റെ മറ്റൊരു വലിയ സാധ്യത അത് പോപ്പുലര്‍ ഹിസ്റ്ററിയുമായി ബന്ധപ്പെട്ട് കിടക്കുന്നു എന്നതാണ്. മനു എസ് പിള്ളയെ പോലെയുള്ള ചരിത്രകാരന്മാര്‍ മലയാളത്തിൽ തുടക്കം കുറിച്ച ജനപ്രിയ ചരിത്രത്തിന്‍റെ മലയാള നോവൽ ആഖ്യാനങ്ങള്‍ കഴിഞ്ഞ ഏതാനും ദശകങ്ങളിൽ മലയാള നോവൽ സാഹിത്യത്തിലും ധാരാളമുണ്ടായിട്ടുണ്ട്.
ടി ഡി രാമകൃഷ്ണന്‍റെ ഫ്രാന്‍സിസ് ഇട്ടിക്കോര ഇതിനുദാഹരണമാണ്. ബോർഹസ് മുന്നോട്ടുവയ്ക്കുന്ന കപട ചരിത്രം (Psuedo history) എന്ന കലാതന്ത്രത്തിന്റെ ആഖ്യാനകല ഫ്രാൻസിസ് ഇട്ടിക്കോരയിൽ കാണാം. പോസ്റ്റ് മോഡേൺ, ജനപ്രിയ, അനക്കാദമിക ചരിത്രബോധത്തിലൂടെ ചരിത്രത്തിന്റെ ജനപ്രിയ ഭാവുകത്വത്തിന് പുതിയൊരു പാഠരൂപം ലഭിക്കുകയാണ് ഈ നോവലിലൂടെ. എൻ എസ് മാധവന്റെ ലന്തൻ ബത്തേരിയിലെ ലുത്തിനിയകൾ ഈ നിലക്കുള്ള ഒരു ശ്രമമായിരുന്നുവെങ്കിലും സവിശേഷമായ ഒരു ആഖ്യാനകലയായി ചരിത്രത്തിന്റെ ജനപ്രിയസംസ്കാരത്തെ വളർത്തിയെടുക്കാൻ ആ നോവലിനു കഴിഞ്ഞിട്ടില്ല എന്നു നിരീക്ഷിക്കാം. അക്കാദമിക ചരിത്രങ്ങള്‍ക്കും വരേണ്യ ചരിത്രങ്ങള്‍ക്കുമപ്പുറം നോവലുകളിലൂടെയുള്ള ഈ ചരിത്രാഖ്യാനം വാസ്തവത്തിൽ ജനപ്രിയ ചരിത്രത്തിന്‍റെ ഒരു കൊളാഷ് രൂപമാണ്. ചരിത്രത്തെയും നോവലിനെയും കുറിച്ചുള്ള മെറ്റാഫിക്ഷന്‍ ആഖ്യാനങ്ങളാണ് ഇവ നടത്തുന്നത്.
സമീപകാലത്ത് ആഗോളതലത്തിൽ വലിയ വിജ്ഞാനശാഖയായി മാറിയ സ്മൃതി ചരിത്രങ്ങളാണ് മലയാള നോവലിലെ സംസ്കാരപഠനത്തിന്‍റെ മറ്റൊരു വഴി. വ്യക്തിയനുഭവത്തിലൂടെ ചരിത്രം പറയുന്ന കൃതികള്‍ ഓര്‍മ്മയെ രീതിശാസ്ത്രമാക്കിക്കൊണ്ട് മലയാളത്തിൽ ഒരുപാടുണ്ടായിട്ടുണ്ട്. ലന്തന്‍ ബത്തേരിയിലെ ലുത്തിനിയകള്‍, ഇതാണെന്‍റെ പേര്, മരക്കാപ്പിലെ തെയ്യങ്ങള്‍, ഒതപ്പ്, ആടുജീവിതം, ഓര്‍മ്മച്ചാവ് തുടങ്ങിയ നിരവധി നോവലുകള്‍ ഓര്‍മ്മയെ ചരിത്രത്തിന്‍റെ ഒരു മെത്തഡോളജിയോ മാര്‍ഗ്ഗരേഖയോ ആയിട്ട് രൂപപ്പെടുത്തുകയാണ് ചെയ്യുന്നത്. വാസ്തവത്തിൽ മനുഷ്യനെ നിര്‍മ്മിക്കാന്‍ കഴിയുന്ന ചരിത്രത്തിന്‍റെ പാഠരൂപമായി ഈ നോവലുകളിൽ ഓര്‍മ്മ മാറുകയാണ് ചെയ്യുന്നത്.
മറ്റൊന്ന് യഥാര്‍ത്ഥത്തിൽ ജീവിച്ചിരിക്കുന്ന മനുഷ്യരെ തങ്ങളുടെ നോവലുകളിൽ കൊണ്ടുവരികയും അവരെ കഥാപാത്രമാക്കുകയും അതുവഴി സവിശേഷമായ ഒരു കള്‍ച്ചറൽ ഹിസ്റ്ററിയുടെ സാധ്യത തുറന്നിടുകയും ചെയ്യുന്ന സമീപനം കഴിഞ്ഞ ദശകങ്ങളിൽ മലയാളനോവലിൽ ഉണ്ടായിട്ടുണ്ടെന്നതാണ്. ചരിത്രത്തിൽ ജീവിച്ചിരുന്നവരെ കഥയുടെ പശ്ചാത്തലത്തിലേക്ക് കൊണ്ടുവരികയും അതുവഴി ചരിത്രത്തെ അപ നിര്‍മ്മിക്കുകയും ചെയ്യുന്ന നോവലുകളും മലയാളത്തിലെ ആധുനികാനന്തര നോവലുകളെ കുറിച്ച് അന്വേഷിക്കുമ്പോള്‍ കാണാനാവും. അവസാനം പറഞ്ഞ 9 mm ബെരേറ്റയിലെ ഗാന്ധി-ഗോഡ്സെ ചരിത്രത്തിലേക്കു വരാം. ഗാന്ധിവധത്തിന്റെ രാഷ്ട്രീയവും പ്രത്യയശാസ്ത്രവും ആധുനിക ഇന്ത്യയുടെ ചരിത്രത്തെ വഴിതിരിച്ചു വിട്ടതിന്റെ അസാധാരണമായ ഒരു ഡോക്യുഫിക്ഷനും ചരിത്രനോവലും രൂപപ്പെടുത്തുകയാണ് വിനോദ്കൃഷ്ണ 9mm ബെരേറ്റയിൽ. ലോകചരിത്രത്തിലെതന്നെ ഏറ്റവും പ്രസിദ്ധവും നിഷ്ഠൂരവുമായ കൊലപാതകങ്ങളിലൊന്നിന്റെ കഥ മാത്രമല്ല 9 mm ബെരേറ്റ. ആ കൊലപാതകത്തിനു പ്രേരണ നൽകിയ ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ തുടർജീവിതം ഇന്ത്യയുടെ പിൽക്കാല രാഷ്ട്രീയത്തെ ഹിംസാത്മകമായി പുനർവിഭാവനം ചെയ്തതിന്റെ ചരിത്രവുമാണ്.
ഈ നിലക്ക് 9mm ബെരേറ്റ, സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ഏറ്റവും തീക്ഷ്ണവും തീവ്രവുമായ രാഷ്ട്രീയവിപര്യയത്തിന്റെ രക്തസ്‌നാതമായ ഭാവചരിത്രമായി മാറുന്നത് കാണാം. നോവലിലുടനീളം ഗാന്ധിയും ഗോഡ്സെയും നാരായൺ ആപ്തെയുമുണ്ട്. നടന്നു കഴിഞ്ഞ സംഭവങ്ങളെല്ലാമുണ്ട്. ഇങ്ങനെ ഒരു സംഭവ ചരിത്രത്തെ നോവലാക്കുക വഴി ചരിത്രത്തിന്റെ തന്നെ സാഹിതീയമായ സാധ്യത തുറന്നിടുകയാണ് വിനോദ് കൃഷ്ണ. കഥയും ചരിത്രവും രണ്ടല്ല എന്നു ചരിത്രത്തെ മുന്‍ നിര്‍ത്തി തന്നെ സ്ഥാപിക്കുന്ന കര്‍തൃത്വമാണ് ഇത്തരം നോവലുകള്‍ ചെയ്യുന്നത്.
എന്നാൽ ചരിത്രത്തെ വ്യാജമാക്കി അവതരിപ്പിക്കുക എന്ന ലുയിസ് ബോര്‍ഹസിന്‍റെ കപടചരിത്ര (Psuedo history) ന്യായവുമായല്ല ഭാവനയെ കൂട്ടിക്കെട്ടേണ്ടത്. ചരിത്ര നിര്‍മ്മിതികള്‍ തച്ചു തകര്‍ക്കുകയും ചരിത്രത്തെ അപനിര്‍മ്മിക്കുകയും ചെയ്യുന്ന ഇന്ത്യ അടക്കമുള്ള ഫാസിസ്റ്റ് ഭരണ കൂടങ്ങളാണ് ഇക്കാലത്ത് അപ്പണി കൂടുതൽ ചെയ്യുന്നത്. ഭാവന പക്ഷേ മറിച്ചാണ്. പറഞ്ഞാൽ നുണയും എഴുതിയാൽ കഥയുമാകുന്ന അനന്യമായ സൗന്ദര്യമുണ്ടതിന്. ചലച്ചിത്രങ്ങളുടെ തുടക്കത്തിൽ എഴുതിക്കാണിക്കുന്നത് പോലെ അത് തികച്ചും സാങ്കൽപ്പികം മാത്രമാണ്. തിരുവിതാംകൂര്‍ രാജ്യത്തെ മുഖ്യമന്ത്രിയായി അക്കമ്മ ചെറിയാനെ നിയമിച്ചു എന്നെല്ലാം നോവലിലെഴുതുമ്പോള്‍ അത് നേരത്തെ പറഞ്ഞ തികച്ചും സാങ്കൽപ്പികം എന്ന പരിധിയിൽ മനസിലാക്കാന്‍ കഴിയുന്നവരാണ് വായനക്കാര്‍.
മലയാളത്തിൽ എഴുതപ്പെട്ട ഭൂരിഭാഗം നോവലുകളെയും ചരിത്രത്തിന്‍റെ മൂന്നാം കണ്ണിലൂടെ നോക്കിക്കാണുന്നതിന്‍റെ സൗന്ദര്യബോധത്തെ കുറിച്ച് പറയാനാണ് ഇത്രയെഴുതിയത്. മലയാള നോവലിനെ കുറിച്ചുള്ള പഠനങ്ങളിൽ ഇതുവരെ എഴുതപ്പെട്ട ചരിത്രങ്ങളിൽ നിന്ന് മാറി തമസ്കരിക്കപ്പെട്ട ചരിത്രങ്ങളെ കൂടി പഠിക്കേണ്ടതിന്‍റെ ശ്രമങ്ങളാണ് കഴിഞ്ഞ ദശകങ്ങളിൽ സംസ്കാര ചരിത്ര പഠന മേഖലകളിൽ നടന്നുവരുന്നത്. സ്കൂളുകളിൽ കേട്ടുതഴമ്പിച്ച, കാണാതെ പഠിച്ച എല്ലാതരം ചരിത്രങ്ങളെയും അവ തകിടം മറിക്കുന്നതോടെ മാറ്റിനിര്‍ത്തപ്പെട്ടവരുടെ ശബ്ദങ്ങള്‍ക്ക് കേള്‍വിക്കാര്‍ ഉണ്ടാകുന്നു. സവര്‍ണന്‍റേത് മാത്രമെന്നു കരുതപ്പെട്ടുപോന്ന പുസ്തകം എന്ന സമ്പ്രദായം, സവര്‍ണ്ണന്‍ മാത്രം എഴുതിയ നോവലുകള്‍, ചരിത്രങ്ങള്‍ തുടങ്ങിയവ ഇത്തരം വാമൊഴി ചരിത്രങ്ങള്‍ക്കു മുമ്പിൽ വഴിമാറുന്നു അത്തരത്തിൽ പുതിയ നോവലുകള്‍ ഒരേസമയം ചരിത്രവും ഭാവനയും കൂടിക്കലര്‍ന്ന ഉൽപ്പന്നമായി മാറുന്നു. അതോടൊപ്പം തന്നെ അവ ഒരു സമൂഹത്തിന്‍റെ സാംസ്കാരിക ചരിത്രത്തിന്‍റെ പാഠം കൂടിയായി വായിക്കപ്പെടുന്നു.
ലേഖകനെക്കുറിച്ച് : കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയിൽ മലയാള സാഹിത്യത്തിൽ രണ്ടാം വർഷ ബിരുദാനന്തര ബിരുദ വിദ്യാർത്ഥി. സാഹിത്യം, സംസ്കാരപഠനം, സിനിമ എന്നീ മേഖലകളിൽ ഗവേഷണതാത്പര്യം. Email:aneesktacdi@gmail.com.