തീരദേശത്തിന്മേലുള്ള തങ്ങളുടെ പരമ്പരാഗതമായ അവകാശങ്ങൾ സ്ഥാപിക്കുവാനായി വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളി സമുദായം നടത്തുന്ന സമരം സ്റ്റേറ്റും പൊതുസമൂഹവും അംഗീകരിക്കാൻ വിമുഖത കാണിക്കുന്നതെന്തുകൊണ്ട്? അരികുവത്ക്കരണത്തിന്റെയും പ്രതിരോധത്തിന്റെയും നീണ്ട ചരിത്രത്തിലെ ഒരധ്യായമായി ഈ സന്ദർഭത്തെ കാണണമെന്ന് സിന്ധുവും റോബിനും വിശദീകരിക്കുന്നു.
സിന്ധു നെപ്പോളിയൻ, റോബിൻ ടൈറ്റസ്
കേരളത്തിലെ തീരദേശ നിവാസികൾക്ക് കടലിനും തീരത്തിനും മേലുള്ള പരമ്പരാഗതവും സ്വാഭാവികവുമായ അവകാശങ്ങളിൽ വൻ പ്രതിസന്ധി നേരിടുന്ന കാലത്താണ് നാം ജീവിക്കുന്നത്. 80’കളിൽ കേരളത്തിൻറെ ഭരണസിരാകേന്ദ്രത്തിന് മുൻപിൽ സ്ഥിരമായി മുഴങ്ങിക്കേട്ടിരുന്ന മുദ്രാവാക്യങ്ങളിൽ പലതും, മെച്ചപ്പെട്ട തൊഴിലിനും വിദ്യാഭ്യാസത്തിനും വേണ്ടി കടൽപ്പണിക്കാർ നടത്തിയ അവകാശ സമരങ്ങളുടെ ഭാഗമായി ആയിരുന്നു. ഇന്ന് അതേ കടൽപ്പണിക്കാർ തങ്ങളുടെ ഭൂമിയിന്മേലുള്ള സവിശേഷാധികാരം പുനഃസ്ഥാപിക്കപ്പെടണമെന്ന് ചൂണ്ടിക്കാട്ടിയാണ് സമരമുഖത്തുള്ളത്. കോർപ്പറേറ്റ് ക്യാപിറ്റൽ ഉപയോഗിച്ച് തീരദേശം കേന്ദ്രീകരിച്ചു നടക്കുന്ന വികസന പ്രവർത്തനങ്ങളും, മത്സ്യബന്ധന മേഖലയിലെ മുതലാളിത്തവൽക്കരണവും കുത്തകവൽക്കരണവും, കാലാവസ്ഥയിൽ ഉണ്ടായികൊണ്ടിരിക്കുന്ന വലിയ വ്യതിയാനങ്ങളും സർക്കാരിൻറെ ഭാഗത്തു നിന്നുള്ള അവഗണയും ഈ സമരമുഖത്തേക്ക് അവരെ നയിച്ച കാരണങ്ങളിൽ ചിലതാണ്.
‘കാട് കാടിൻറെ മക്കൾക്ക്’ എന്ന മുദ്രാവാക്യം കേട്ടുപരിചയിച്ച മലയാളികൾക്ക് പക്ഷേ ‘കടൽ കലടിൻറെ മക്കൾക്ക്’ എന്ന പ്രയോഗം അത്ര പരിചിതമായിരിക്കില്ല. അതുകൊണ്ടാവാം തീരശോഷണത്തിന് അവസാനമുണ്ടാക്കണം എന്നാവശ്യപ്പെട്ട് മത്സ്യത്തൊഴിലാളികൾ നടത്തുന്ന സമരത്തിന് ഇതുവരെയും ഒരു അവകാശ പോരാട്ടത്തിൻറെ മാനം കൈവരാത്തത്. മത്സ്യബന്ധനത്തെ പൂർണ്ണമായി ആശ്രയിച്ച് കഴിയുന്ന ഒരു തദ്ധേശീയ സമൂഹം എന്ന നിലയിൽ തിരുവനന്തപുരത്തെ പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് തീരവും കടലും അതിലെ വിഭവങ്ങളും എല്ലാം ഉൾപ്പെടുന്ന ‘കോസ്റ്റൽ കോമൺ’സിന് മേൽ പരിധികളില്ലാത്ത സ്വാതന്ത്യ്രം ഉണ്ടാവേണ്ടതുണ്ടെന്ന് ഒന്നുകൂടി അടിവരയിട്ട് പറയുന്നതാണ് നിലവിലെ ജനകീയ പ്രക്ഷോഭങ്ങൾ.
തിരുവനന്തപുരം ജില്ലയിൽ വിഴിഞ്ഞം അന്താരാഷ്ട്ര ട്രാൻസ്ഷിപ്പ്മെൻറ് തുറമുഖ നിർമാണത്തെ തുടർന്നുണ്ടായ തീര ശോഷണത്തിലും കടലേറ്റത്തിലും വീട് നഷ്ടപെട്ട മത്സ്യ തൊഴിലാളി കുടുംബങ്ങൾ സിമൻറ് ഗോഡൗണിൽ അഭയാർത്ഥികളായി കഴിയാൻ തുടങ്ങിയിട്ട് വർഷങ്ങൾ ഒരുപാടായി. തിരുവനന്തപുരം നഗരത്തോട് ചേർന്ന് കിടക്കുന്ന തീരദേശ ഗ്രാമങ്ങളിലും ജില്ലയുടെ വടക്കൻ മേഖലയിലും പൊഴിയൂർ പോലെയുള്ള തെക്കൻ തീരദേശ ഗ്രാമങ്ങളിലും വലിയ തിരമാലകൾ ശക്തിയിലടിച്ച് കയറി നിരവധി വീടുകൾ നിലംപൊത്തിയത് കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടെയാണ്. ഈ സാഹചര്യത്തിലാണ് വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവച്ചുകൊണ്ട് തീരശോഷണത്തിന് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് തീരദേശ നിവാസികൾ തുറമുഖ കവാടത്തിന് മുൻപിൽ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചത്.
സ്വാതന്ത്ര്യ ദിനത്തിൻറെ പിറ്റേ ദിവസം മുതൽ ആരംഭിച്ച ഈ സമരത്തിന് നേതൃത്വം കൊടുക്കുന്നത് ലത്തീൻ കത്തോലിക്കാ സഭയിലെ വൈദീകരാണ്. രാഷ്ട്രീയ കർതൃത്വം ഇല്ലാത്തവരും സഭയുടെ പൂർണ്ണമായ നിയന്ത്രണത്തിൽ ജീവിക്കുന്നവരുമാണ് ലത്തീൻകത്തോലിക്കാ മത്സ്യ തൊഴിലാളികൾ എന്ന് സ്ഥാപിക്കാനുള്ള ശ്രമങ്ങൾ വളരെ പണ്ട് മുതലേ പൊതുസമൂഹത്തിൻറെ ഭാഗത്ത് നിന്നുണ്ടായിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇപ്പോഴത്തെ സമരത്തിനെയും കേവലം സഭയുടെ ഗൂഢാലോചന മാത്രമാക്കി ചിത്രീകരിക്കാനാണ് തുടക്കം മുതലേ സ്റ്റേറ്റ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. വിഴിഞ്ഞത്ത് സമരം നയിക്കുന്നത് ആ പ്രദേശത്തെ മത്സ്യത്തൊഴിലാളികൾ മാത്രമല്ലെന്നും സമരം ചിലയിടങ്ങളിൽ മുൻകൂട്ടി തയ്യാറാക്കിയതാണെന്നും ഒക്കെയുള്ള മുഖ്യമന്ത്രി പിണറായി വിജയൻറെ പ്രസ്താവന ഈ പ്രബല ആഖ്യാനങ്ങൾക്ക് ചൂട്ട് പിടിക്കുന്നതാണെന്ന് കാണാനാവും. മാവോയിസ്റ്റുകാരുടെയും തീവ്രവാദികളുടെയും സാന്നിധ്യമുണ്ടെന്ന് സ്ഥാപിക്കാൻ ശ്രമിച്ചുകൊണ്ടാണ് അടുത്ത കാലത്ത് തങ്ങൾക്കെതിരെ നടന്ന പല ജനകീയ പ്രക്ഷോഭങ്ങളെയും സ്റ്റേറ്റ് നേരിട്ടിട്ടുള്ളത്. ഇതിലൂടെ സമരങ്ങളെയും പ്രക്ഷോഭങ്ങളെയും അടിച്ചമർത്താൻ സാധിക്കുമെന്നോ അവയ്ക്കെതിരായ പൊതുജനാഭിപ്രായം ഉണ്ടാക്കിയെടുക്കാൻ സാധിക്കുമെന്നോ ഉള്ള അബദ്ധ ധാരണയായിരിക്കാം സ്റ്റേറ്റിനുള്ളത്. വിഴിഞ്ഞം സമരത്തിൻറെ കാര്യത്തിൽ വെള്ള ളോഹ ധരിച്ച വൈദീകരുടെ സാന്നിധ്യം പറയാതെ പറഞ്ഞാണ് സമരത്തിന് ‘പുറത്ത്’ നിന്നുള്ളവരുടെ പിന്തുണയുണ്ടെന്ന് സ്ഥാപിക്കാൻ കമ്മ്യൂണിസ്റ്റ് സർക്കാരിൻറെ മുഖ്യമന്ത്രിയായ പിണറായി വിജയൻ വ്യഗ്രത കാട്ടുന്നത്.
അതേസമയം, പ്രസ്തുത സമരം നടക്കുന്ന സ്ഥലത്തുള്ള പ്രാദേശിക ബിജെപി പ്രവർത്തകരുടെ നേതൃത്വത്തിൽ രൂപീകരിച്ച പോർട്ട് സംരക്ഷണ സമിതിയുടെ കണ്ടെത്തലനുസരിച്ച് സമരത്തിന് നേതൃത്വം നൽകുന്നത് ക്രൈസ്തവ തീവ്രവാദികളാണ്. ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ധനികനായ കോർപറേറ്റിനെതിരെ സമരം ചെയ്യുന്ന ഒരു കൂട്ടം മനുഷ്യരെ വിധിക്കാൻ സംസ്ഥാനം ഭരിക്കുന്ന പാർട്ടിക്കും കേന്ദ്രം ഭരിക്കുന്ന പാർട്ടിക്കും ഒരേ യുക്തി തന്നെയാണ് ആശ്രയം. തീരദേശത്തെ കുറിച്ചുള്ള ഇത്തരം പൊതുബോധ നിർമിതിയിൽ പൊതു സമൂഹത്തിനൊപ്പം ഭരണകൂടവും ഭാഗമാവുന്നുണ്ട്. കോവിഡ് രോഗബാധയുടെ പശ്ചാത്തലത്തിൽ തിരുവനന്തപുരത്തെ തീര മേഖലയിൽ നടത്തിയ പട്ടാള മാർച്ച് പാസ്റ്റും മത്സ്യ തൊഴിലാളി സ്ത്രീകൾക്ക് നേരെ ഉണ്ടായ അതിക്രമങ്ങളും ഇതോടൊപ്പം ചേർത്ത് വായിക്കേണ്ടതുണ്ട്.
മുക്കുവ മീൻപിടുത്തകാരെ കുറിച്ച് ഗവേഷണം നടത്തിയിട്ടുള്ളവർ ഇത്തരം പൊതുബോധ നിർമിതിയുടെ പ്രശ്നങ്ങളെക്കുറിച്ച് നിരീക്ഷണങ്ങൾ നടത്തിയിട്ടുണ്ട്. ഭൂമിശാസ്ത്രപരമായും മതപരമായും തൊഴിൽപരമായും തീരദേശം മുഖ്യധാരാ ഹിന്ദു കർഷക സമൂഹങ്ങളിൽ നിന്നും വ്യത്യസ്തമായതിനാൽ അവർ ധാരാളം അരികുവൽക്കരണം നേരിട്ടിട്ടുണ്ടെങ്കിലും, ഈ പ്രത്യേകതകൾ സവിശേഷമായ ഒരു സ്വത്വം രൂപപ്പെടുത്തുവാൻ തീരവാസികളെ പ്രാപ്തരാക്കിയിട്ടുണ്ട് എന്ന് കന്യാകുമാരിയിലെ മുക്കുവരെ കുറിച്ച് പഠനം നടത്തിയ കൽപന റാം (1991) നിരീക്ഷിക്കുന്നുണ്ട്. മെയിൻ ലാൻറിലെ പിന്നോക്ക വിഭോഗക്കാർ ഉയർന്ന ജാതിക്കാരുമായി അധികാരത്തിൽ അധിഷ്ഠിതമായ കാർഷിക ഉത്പാദന ബന്ധങ്ങളിൽ ഏർപ്പെട്ടപ്പോൾ, ഉയർന്ന ജാതിക്കാരുമായുള്ള അത്തരം അധികാര-അടിമ ബന്ധങ്ങൾ തീര മേഖലയിലെ തൊഴിലിൻറെ ഭാഗമായി ഉണ്ടായിരുന്നില്ലെന്നും അത് തീരദേശ ജനതയ്ക്ക് സ്വതന്ത്രമായ ഒരു സ്വത്വം ഉണ്ടാകുന്നതിനു കാരണമായിത്തീർന്നിട്ടുണ്ടെന്നും കൽപന റാം കണ്ടെത്തുന്നുണ്ട് (റാം 1988).
തീരദേശവാസികൾ രാഷ്ട്രീയ നിർവാഹകത്വം ഇല്ലാത്തവരാണ് എന്ന വാദത്തെ പൂർണ്ണമായും നിരാകരിക്കുന്നതാണ് കന്യാകുമാരിയിലെ മുക്കുവരെ കുറിച്ച് അജന്ത സുബ്രഹ്മണ്യൻ നടത്തിയ പഠനം. ചരിത്രത്തിലെ വിവിധ ഘട്ടങ്ങളിൽ മുക്കുവർ എങ്ങനെയാണു സഭയുടെയും സ്റ്റേറ്റിൻറെയും അധികാരത്തെ രാഷ്‌ടീയമായ ഇടപെടലുകളിലൂടെ ചെറുത്തത് എന്ന് അവർ വിശദമാക്കുന്നുണ്ട്. എന്നാൽ അധികാരത്തെ എതിർക്കുമ്പോഴും അധികാര ബന്ധങ്ങളിൽ നിന്നും പൂർണ്ണമായും മോചിതരായ മനുഷ്യരായല്ല മുക്കുവർ പ്രവർത്തിക്കുന്നതെന്നും മറിച്ചു അധികാരത്തിൻറെ തന്നെ ഭാഷയും പ്രതീകങ്ങളും ഉപയോഗിച്ച് കൊണ്ട് അതിൻറെ ചട്ടക്കൂടിനുള്ളിൽ നിന്ന് കൊണ്ട് തന്നെയാണ് അവർ പ്രവർത്തിക്കുന്നതെന്നും സുബ്രഹ്മണ്യൻ വാദിക്കുന്നു (സുബ്രഹ്മണ്യൻ 2009).
കൽപന റാമിന്റെയും അജന്ത സുബ്രഹ്മണ്യന്റെയും നിരീക്ഷണങ്ങൾ ലത്തീൻ കത്തോലിക്കാ മത്സ്യത്തൊഴിലാളികളെ സംബന്ധിച്ചിടത്തോളം വളരെ പ്രാധാന്യം അർഹിക്കുന്നതാണ്.
പോസ്റ്റ്-കോളോണിയൽ കേരളത്തിൻറെ ചരിത്രം പരിശോധിച്ചാൽ ലത്തീൻ കത്തോലിക്കാ മത്സ്യത്തൊഴിലാളികൾ നടത്തിയിട്ടുള്ള നിർണായകമായ ചില രാഷ്ട്രീയ ഇടപെടലുകൾ കാണാൻ സാധിക്കും. യന്ത്രവത്കൃത മത്‍സ്യബന്ധന മേഖലക്കെതിരെ കേരളത്തിലെ പരമ്പരാഗത മത്സ്യത്തൊഴിലാളികൾ കടൽ പരിസ്ഥിതിയെയും തങ്ങളുടെ ഉപജീവനവും സംരക്ഷിക്കാൻ നടത്തിയിട്ടുള്ള നിർണായകമായ സമരങ്ങൾ ഇതിനു ഉദാഹരണമാണ്. വ്യവസ്ഥാപിത രാഷ്ട്രീയ പാർട്ടികളുടെ പിൻബലമില്ലാതെ അതിശക്തമായ സമരങ്ങൾ നടത്താനും അവകാശങ്ങൾ നേടിയെടുക്കാനും ലത്തീൻ കത്തോലിക്കാ മത്‍സ്യത്തൊഴിലാളികൾക്കു കഴിഞ്ഞിട്ടുണ്ട്. പിന്നീട് സാഹചര്യങ്ങൾ മാറിയപ്പോൾ തങ്ങളുടെ പാരമ്പരാഗത മത്സ്യബന്ധന യാനങ്ങളെ യന്ത്രവൽക്കരിച്ച് സ്വയം പരിഷ്കരിക്കാനും ഈ കടൽപ്പണിക്കാർ തയ്യാറായി. സമീപ ദശകങ്ങളിൽ മത്സ്യബന്ധന മേഖല നേരത്തെ സൂചിപ്പിച്ച പല കാരണങ്ങൾ കാരണം പ്രതിസന്ധിയിലായപ്പോൾ മത്സ്യബന്ധനം ഉപേക്ഷിച്ചു ഗൾഫ് നാടുകളിലേക്കും പിന്നീട് യൂറോപ്യൻ രാജ്യങ്ങളിലേക്കും തൊഴിൽ തേടി പോകാൻ മത്സ്യത്തൊഴിലാളികളും അവരുടെ മക്കളും തയ്യാറായി. ഭരണകൂടവും കോർപ്പറേറ്റ് ക്യാപിറ്റലും തങ്ങളുടെ ജീവിതത്തെ പ്രതിസന്ധിയിൽ ആക്കുമ്പോൾ സ്വന്തം നിലക്ക് തങ്ങളുടെ കൈവശമുള്ള സാമുദായിക വിഭവങ്ങളും ബന്ധങ്ങളും ഉപയോഗിച്ച് സ്വന്തം ജീവിതം കരുപിടിപ്പിക്കുവാനുള്ള രാഷ്ട്രീയ ഇച്ഛാശക്തി മറ്റെല്ലാ ജനാവിഭാഗങ്ങളെ പോലെ തങ്ങൾക്കും ഉണ്ട് എന്ന് തന്നെയാണ് ലത്തീൻ കത്തോലിക്ക മത്സ്യത്തൊഴിലാളികൾ തെളിയിക്കുന്നത്. വിദേശ നാടുകളിലേക്കുള്ള കുടിയേറ്റത്തിലൂടെ ലത്തീൻ കത്തോലിക്കാ മത്സ്യതൊഴിലാളികൾ നേടിയ സാമൂഹ്യ പുരോഗതി ഇതിനു ഉദാഹരണമാണ്. അതോടൊപ്പം തന്നെ തങ്ങളുടെ പരമ്പരാഗത തൊഴിലിനെ സംരക്ഷിച്ചു നിർത്താൻ വേണ്ട ഇടപെടലുകളും ലത്തീൻകത്തോലിക്കർ നടത്തുന്നുണ്ട്. വിഴിഞ്ഞം തുറമുഖത്തിനെതിരെ ഇപ്പോൾ രൂപപ്പെട്ടിരിക്കുന്ന സമരം അതാണ് സൂചിപ്പിക്കുന്നത്.
സ്വയം പരിഷ്ക്കരിക്കാൻ സന്നദ്ധമാവുന്നതിനൊപ്പം തങ്ങളുടെ സാംസ്ക്കാരിക ജീവിതത്തെ സംരക്ഷിക്കാനും അതിനെതിരെ ഉണ്ടാവുന്ന പ്രതിബന്ധങ്ങളെ ചെറുക്കുവാനും കത്തോലിക്ക മത്സ്യത്തൊഴിലാളികൾ തയ്യാറാവുന്നുണ്ട്. മത്സ്യബന്ധനത്തെ തങ്ങളുടെ മുഖ്യ ഉപജീവന മാർഗ്ഗമായി സ്വീകരിക്കാൻ ഈ സമുദായത്തിൽ നിന്നുള്ള പുതുതലമുറക്കാരിൽ ഏറിയ പങ്കും തയ്യാറാവാതിരിക്കുന്ന സ്ഥിതിവിശേഷമാണ് നിലവിലുള്ളത്. മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളോ വിദ്യാഭ്യാസമോ ഉറപ്പാക്കാൻ പോലുമുള്ള വരുമാനം തരാൻ ഇന്നത്തെ കാലത്ത് കടൽപ്പണിക്ക് സാധിക്കാത്തതിനാൽ വിദേശത്തു തൊഴിൽ തേടി പോകുക എന്നതുൾപ്പടെ മറ്റ് മാർഗങ്ങൾ സ്വീകരിക്കാനാണ് പലരും താല്പര്യപ്പെടുന്നത്. പക്ഷേ അപ്പോഴും കടലും കടപ്പുറവും തങ്ങളുടെ തനത് ഭൂമികയാണെന്ന് തിരിച്ചറിയാനും അതിന്മേലുള്ള അവകാശം ഉന്നയിക്കാനും ഇതേ പുതു തലമുറ സമരപ്പന്തലിൽ എത്തുന്നുമുണ്ട്. കടലിൽ മീൻ പിടിക്കാൻ പോവുന്നത് വഴി ലഭിക്കുന്ന വരുമാനം ഉപയോഗിച്ച് ജീവിക്കുന്ന കുടുംബങ്ങൾ അന്യംനിന്ന് പോകാത്തിടത്തോളം കാലം കോസ്റ്റൽ കോമൺസിൻറെ പ്രസക്തി നഷ്ടപ്പെടുന്നില്ല.
ഒരുപക്ഷേ തീരശോഷണം രൂക്ഷമാവുകയും ഇന്നത്തെ മത്സ്യത്തൊഴിലാളി കുടുംബങ്ങൾ അപ്പാടെ ഭാവിയിൽ തീരം ഉപേക്ഷിച്ച് പോവുകയോ, പുനർഗേഹം പോലുള്ള പദ്ധതികളിൽ ഉൾപ്പെടുത്തി അവരെ നിർബന്ധിതമായോ അല്ലാതെയോ മാറ്റിപ്പാർപ്പിക്കുകയോ ചെയ്തെന്നു തന്നെ ഇരിക്കട്ടെ. അങ്ങനെയൊരു സാഹചര്യം വന്നാൽ അപ്പോൾ ബാക്കിയാവുന്ന തീരത്തിൻറെയും അതിലെ വിഭവങ്ങളുടെയും സംരക്ഷകത്വം (custodianship) ആർക്കായിരിക്കും എന്ന ചോദ്യവും ഇവിടെ പ്രസക്തമാവുന്നുണ്ട്. ലത്തീൻ സഭയുടെ ഇടപെടലിൻറെ ഭാഗമായി അടുത്തിടെ അടിമലത്തുറ എന്ന മത്സ്യബന്ധന ഗ്രാമത്തിൽ തീരത്തോട് ചേർന്ന് മത്സ്യബന്ധന കുടുംബങ്ങൾ വീട് പണിത സംഭവത്തെ പുറമ്പോക്ക് ഭൂമിയുടെ കയ്യേറ്റമായും നിയമവിരുദ്ധ നിർമ്മാണമായും മനസ്സിലാക്കിയ അതേ പൊതുസമൂഹത്തിലേക്കും ഭരണകൂടത്തിലേക്കുമാണ് ഇതേ സംരക്ഷകത്വം സാവകാശം വന്നു ചേരാൻ പോവുന്നത്. അതുകൊണ്ടുതന്നെ അടിസ്ഥാനപരമായി, തീർത്തും സുരക്ഷിതമല്ലാത്ത തീരങ്ങളിൽ തന്നെ താമസിക്കാൻ മത്സ്യത്തൊഴിലാളികൾ ശഠിക്കുന്നതാണോ, അതോ തീരഭൂമിയുടെ പ്രഥമവും പ്രധാനവുമായ അവകാശികൾ മത്സ്യത്തൊഴിലാളികൾ തന്നെയാണെന്ന് സമ്മതിക്കുന്നതിലെ താല്പര്യമില്ലായ്മയാണോ ഭരണകൂടത്തിൻറെ പ്രശ്നമെന്ന് തോന്നിപ്പോവുന്നു.
ലത്തീൻ സഭയുടെ നേതൃത്വം സ്റ്റേറ്റിനെ അലോസരപ്പെടുത്തുന്നത് മനസ്സിലാക്കാവുന്ന കാര്യമാണ്. മതം സ്ഥാപനവത്ക്കരിക്കപ്പെടുന്നതും അത് വ്യക്തികൾക്കും ഭരണകൂടത്തിനും മധ്യേ നിരന്തരം വ്യവഹാരങ്ങളിലേർപ്പെടുകയും ചെയ്യുന്നത് ഏതൊരു ജനാധിപത്യ വ്യവസ്ഥയുടെയും പുരികം ചുളിക്കുന്ന സംഗതിയാണ്. മതവും അതിൻറെ സ്ഥാപന–സംഘടന രൂപങ്ങളും ദൈനംദിന വ്യവഹാരങ്ങളിൽ സ്വാധീനം ചെലുത്തുന്നത് ജനാധിപത്യത്തെ എത്രത്തോളം ജീർണിപ്പിക്കുമെന്ന് ഇന്ത്യയുടെ സമകാലിക രാഷ്ട്രീയ പരിസരം വ്യക്തമായി വരച്ചു കാട്ടുന്നുണ്ട്. അതുകൊണ്ടുതന്നെ ലത്തീൻ സഭയുടെ സാന്നിധ്യം പ്രശ്നവൽക്കരിക്കേണ്ടത് ജനാധിപത്യത്തിൽ വിശ്വസിക്കുന്നവരുടെ ആവശ്യമാണ്. എന്നാൽ അതിൻറെ പേരിൽ മുക്കുവ മത്സ്യത്തൊഴിലാളികൾ സ്വന്തമായി ഏജൻസി ഇല്ലാത്തവരാണെന്നും ലത്തീൻ സഭയിൽ അടിമപ്പെട്ട്, തലച്ചോറ് പണയം വച്ച ഒരു സമൂഹമാണ് മത്സ്യത്തൊഴിലാളികൾ എന്നുമുള്ള പ്രബല ആഖ്യാനങ്ങൾ തീകച്ചും അബദ്ധമാണെന്ന് പറയാതെ വയ്യ.
എല്ലായ്പ്പോഴും സംവാദങ്ങളും ആശയഭിന്നതകളും നടക്കുന്ന, കൊണ്ടും കൊടുത്തും നിലനില്ക്കുന്ന രണ്ട് വിഭാഗങ്ങളാണ് ഇവിടുത്തെ മത്സ്യത്തൊവിലാളികളും ലത്തീൻ സഭയും. അല്മായർക്ക് അഥവാ വിശ്വാസികളായ മുക്കുവർക്ക് വൈദീകരോട് അഭിപ്രായങ്ങൾ പറയാനും അതിന് വിരുദ്ധമായി പ്രവർത്തിക്കുന്ന പക്ഷം വൈദീകരെ നിർദാക്ഷിണ്യം ഇടവകയിൽ നിന്ന് മാറ്റാനും സാധിക്കുന്നൊരു സംവിധാനമാണ് തീരദേശ ഗ്രാമങ്ങളിലുള്ളത്. അജന്ത സുബ്രഹ്മണ്യം എഴുതിയ ‘ഷോർലൈൻസ്’ എന്ന പുസ്തകം ആരംഭിക്കുന്നത് തന്നെ തങ്ങളുടെ ഗ്രാമത്തിൽ മത്സ്യബന്ധന വിലക്ക് ഏർപ്പെടുത്തിയ ബിഷപ്പിനെ കോടതി കയറ്റിയ ലത്തീൻ മത്സ്യത്തൊഴിലാളികളെപ്പറ്റി പ്രതിപാദിച്ചു കൊണ്ടാണ്. ചുരുക്കിപ്പറഞ്ഞാൽ ഒരു ‘ടോപ്പ്-ടു-ബോട്ടം’ സമീപനമല്ല ലത്തീൻ സഭയും അതിലെ അംഗങ്ങളായ കടൽപ്പണിക്കാരും തമ്മിലുള്ളത്. മറിച്ച്, പങ്കാളിത്ത സ്വഭാവത്തിലൂന്നിയ സഭാ സംവിധാനമാണ് ഈ ബന്ധത്തിൻറെ കാതൽ. അതിനെയാണ് സ്റ്റേറ്റിൻറെയും സിവിൽ സൊസൈറ്റിയുടെയും ലളിത യുക്തി ചുരുക്കിക്കാണുന്നത്.
ഓഖി ദുരന്തത്തിൻറെ കാലത്ത് ചുഴലിക്കാറ്റ് മുന്നറിയിപ്പ് നൽകാനാവാതെ പോയ, ദുരന്തത്തിന് പിന്നാലെയുണ്ടായ രക്ഷാപ്രവർത്തനത്തിൽ ഭീകരമായി പരാജയപ്പെട്ടു പോയ, ദുരന്തബാധിതരെപ്പറ്റിയുള്ള കണക്കിൽ പോലും അവ്യക്തത നിലനിൽക്കുന്ന, ഓഖിയിൽ മരണപ്പെട്ടവരുടെ ആശ്രിതർക്ക് വകയിരുത്തിയ നഷ്ടപരിഹാര പാക്കേജിൻറെ വലിപ്പം മാത്രം ആവർത്തിച്ച് ഓർമ്മിപ്പിക്കാൻ ആഗ്രഹിക്കുന്ന ഒരു ഭരണകൂടമാണ് നിലവിലുള്ളത്. പിന്നീട് കേരളത്തിൻറെ സൈന്യം എന്ന ഫാൻസി വിളിപ്പേരിൽ ഇവിടുത്തെ മത്സ്യത്തൊഴിലാളികളുടെ അവകാശപ്പോരാട്ടങ്ങളെ നേർപ്പിച്ച് കളഞ്ഞ ഭരണകൂടവും ആണിത്. കൊവിഡ് മഹാമാരിയുടെ കാലത്ത് ഇന്ത്യയിൽ മറ്റൊരിടത്തും കാണാത്ത വിധത്തിലുള്ള സൈന്യത്തെ വിന്യസിച്ച് ഒരു മത്സ്യബന്ധന ഗ്രാമത്തെയും അവിടുത്തെ നാട്ടുകാരെയും പേടിപ്പിച്ച് നിർത്താൻ നോക്കിയതും, കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ, നിയമപാലനത്തിൻ്റെ, പേരിൽ മത്സ്യക്കച്ചവട സ്ത്രീകളുടെ മേൽ നിയന്ത്രണങ്ങൾ അടിച്ചേൽപ്പിക്കുകയും എല്ലാം ഈ സമൂഹത്തിനെതിരെയുള്ള സ്റ്റേറ്റ് ആക്രമണത്തിൻറെ ദൃഷ്ടാന്തങ്ങളാണ്. പൊതുസമൂഹം തീരദേശ വാസികളോട് എല്ലായ്പ്പോഴും പ്രകടിപ്പിച്ച് പോന്ന വംശീയമായ പെരുമാറ്റങ്ങൾ ഭരണകൂടത്തിലൂടെ കുറേക്കൂടി തീവ്രമായ വിധത്തിൽ ആവർത്തിക്കുന്നു എന്നേയുള്ളൂ.
നിലവിൽ നടക്കുന്ന സമരത്തെയും ഈ വിശാല ചരിത്ര പശ്ചാത്തലത്തിൽ കൂടിയാണ് നോക്കിക്കാണേണ്ടത്. അസംഖ്യം അവകാശപ്പോരാട്ടങ്ങളുടെ ഗണത്തിലേക്ക് ചുരുങ്ങാതെ നിശ്ചയദാർഢ്യമുള്ള ഒരു ജനകീയ പ്രക്ഷോഭമായി വിഴിഞ്ഞത്തെ സമരം രൂപാന്തരപ്പെടേണ്ടത് കാലഘട്ടത്തിൻറെ കൂടി ആവശ്യമാണ്. സവിശേഷ മാനുഷിക അവകാശങ്ങളെപ്പറ്റി അന്താരാഷ്ട്ര തലത്തിൽ നടക്കുന്ന ചർച്ചകൾക്ക് പ്രാദേശിക തലത്തിലും മാറ്റങ്ങൾ കൊണ്ടു വരാനാവണം എന്നതും ഈ സമരത്തിൻറെ പ്രസക്തി വർധിപ്പിക്കുന്ന ഘടകം തന്നെ.
ഗ്രന്ഥസൂചി
- Ram, Kalpana. 1991. Mukkuvar Women: Gender, Hegemony and Capitalist Transformation in a South Indian Fishing Community. Zed Books.
- Subramanian, Ajantha. 2009. Shorelines: Space and Rights in South India. Stanford University Press.
ലേഖകരെക്കുറിച്ച്: സ്വതന്ത്ര മാധ്യമപ്രവർത്തകയായ സിന്ധു ഇംഗ്ലണ്ടിലെ സസ്സക്സ് സർവ്വകലാശാലയിൽ റിസർച്ച് അസിസ്റ്റന്റ് ആയി പ്രവർത്തിക്കുന്നു.
ബോംബൈ ഐഐടിയിലെ സോഷ്യോളജി ഡിപ്പാർട്ട്മെന്റിൽ പിഎച്ച്ഡി വിദ്യാർത്ഥിയാണ് റോബിൻ ടൈറ്റസ്.
ചിത്രങ്ങൾ: റോബിൻ ടൈറ്റസ്
English Summary: Sindhu Nepolean and Robin Titus examine the recent coastal community protests on the Vizhinjam coast and the need to recognise community rights over the coastal commons.
One comment