മലയാളിയും ട്രോളുകളും ചിരിപ്പടങ്ങളും തമ്മിലെന്ത്?

സാമൂഹ്യമാധ്യമങ്ങളിലേക്കും ട്രോളുകളിലേക്കും മലയാളി എന്ന ജനവിഭാഗത്തെ സ്വാഭാവികമായി ആകർഷിക്കുന്ന ഘടകങ്ങൾ ഉണ്ടാവുമോ? മലയാളിയുടെ ട്രോൾമീം പ്രയോഗങ്ങൾ ചിരിപ്പടങ്ങളെ ഒരു ഖനി പോലെ ഉപയോഗിക്കുന്നത് എന്തുകൊണ്ടാവാം?

എസ്തപ്പാൻ

മീമുകൾ ഉണ്ടാക്കുന്നതിൽ മലയാളിയെ തോപ്പിക്കാൻ ലോകത്തെ ഞാൻ വെല്ലുവിളിക്കുന്നു“: ലോക്ക്ഡൌൺ കാലത്ത് ഇത്തിരി ബീഫ് കഴിക്കാൻ മലയാളി പെടുന്ന പാടിനെപ്പറ്റി ഇറങ്ങിയ അനേകം മീമുകളിൽ ഒന്ന് ഷെയർ ചെയ്തുകൊണ്ട് ഫേസ്ബുക്കിൽ ഒരാൾ എഴുതിയതാണിത്. പൊട്ടിച്ചിരിപ്പിക്കുക മാത്രമല്ല, അതേ പോലെ തന്നെ രാഷ്ട്രീയസാംസ്കാരിക രംഗത്തെ അഴിമതിയെയും മൂല്യച്യുതിയെയും പറ്റി പൊതുബോധവും സാമാന്യയുക്തിയും കൈമുതലാക്കി അപഗ്രഥിക്കുകയും വിമർശിക്കുകയും ചെയ്തുപോരുന്നു കുറേ കാലങ്ങളായി ട്രോളുകളും മീമുകളും എന്നത് ഇന്ന് ചർച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണ്. ഇതോടൊപ്പം പൊതുവെ പറഞ്ഞുകേൾക്കുന്ന ഒരു കാര്യമാണ് ട്രോളുകളും മീമുകളും ഉണ്ടാക്കുന്നതിൽ മലയാളികൾ കാണിക്കുന്ന പ്രത്യേക സാമർഥ്യത്തെപ്പറ്റി. മലയാളികളുടെ ട്രോൾമീം പ്രയോഗങ്ങൾ മലയാളസിനിമയെപ്രത്യേകിച്ച് ചിരിപ്പടങ്ങളെഒരു ഖനി പോലെ ഉപയോഗിക്കുന്നു എന്നതുകൂടി കണക്കിലെടുത്താൽ ഒരുകാര്യം ഉറപ്പിക്കാം: മലയാളിയും മീമുകളും മലയാളസിനിമയും തമ്മിലെന്തോ ഉണ്ട്.

ഇന്റർനെറ്റ് മീം സംസ്കാരത്തെ ഒരു പ്രത്യേക ജനവിഭാഗത്തിന്റെ സംസ്കാരവുമായി ബന്ധപ്പെടുത്തി മനസിലാക്കാൻ ശ്രമങ്ങൾ നടന്നിട്ടുണ്ട്. ഉദാഹരണത്തിന്, കറുത്തവർഗക്കാരും സാമൂഹ്യമാധ്യമങ്ങളും പരസ്പരം ആകൃഷ്ടരാണെന്നും, ഇന്റർനെറ്റ് മീമുകൾ ഉണ്ടാക്കുന്നതും പങ്കുവെക്കുന്നതും പ്രധാനമായും ഒരു കറുത്തവർഗ പ്രതിഭാസമാണെന്നും ആറിയ ഡീൻ (2016) എഴുതിയിട്ടുണ്ട്. സാമൂഹ്യ മാധ്യമങ്ങൾ, മീം, എന്നീ ഇന്റർനെറ്റ് പ്രതിഭാസങ്ങളും കറുത്തവർഗക്കാരുടെ ജീവിതാനുഭവവും തമ്മിൽ ബന്ധപ്പെടുത്തി ഡീൻ വാദിക്കുന്നത് താഴെ പറയുന്ന കാര്യങ്ങളാണ്: ഒന്ന്, സാമുദായികമായ നിലനിൽപിന്റെയും അതിജീവനത്തിന്റെയും സമ്മർദങ്ങൾ മൂലം വെറുമൊരു വ്യക്തി എന്ന നിലയിലുള്ള  ജീവിതം അസാധ്യമാകുന്നു എന്നത് കറുത്തവർഗക്കാരെ സംബന്ധിച്ചിടത്തോളം ഒരു പൊതുവായ അനുഭവമാണ്. കാരണം അവർ ഓരോരുത്തരും കറുത്തവർഗം എന്ന സമുദായത്തിന്റെ മുഴുവൻ പ്രതിനിധികളാകാൻ സദാസമയം നിർബന്ധിതരാണ്. അതുകൊണ്ട് തന്നെ എപ്പോഴും ഒരു വലിയ സമുദായത്തിന്റെ  കണ്ണികളായി നിലനിൽക്കുക എന്നത്സാമൂഹ്യമാധ്യമങ്ങളിലെപ്പോലെകറുത്തവർഗക്കാരുടെ ജീവിതാനുഭവം തന്നെയാണ്. രണ്ട്, മീമുകളുടെ പ്രവർത്തനം പ്രധാനമായും ആശ്രയിച്ചിരിക്കുന്നത് അത് ഉണ്ടാക്കുന്നവരും ഷെയർ ചെയ്യുന്നവരും  കാണുന്നവരും ഒക്കെ തമ്മിൽ അനായാസേന ഞൊടിയിടയിൽ ഉണ്ടാകുന്ന താദാത്മ്യപ്പെടൽ ആണ്; ഇക്കാര്യവും മേല്പറഞ്ഞ സാമുദായികമായ നിലനില്പും തമ്മിൽ ബന്ധമുണ്ട്. കാരണം പൊതുവായ ജീവിതാനുഭവങ്ങൾ പങ്കുവെക്കുന്നവരുടെ ഇടയിലാണല്ലോ പെട്ടന്ന് പൊരുത്തപ്പെടലും ഐക്യപ്പെടലും സാധ്യമാവുക. ഇക്കാരണങ്ങളാൽ, മീമുകൾക്ക് പൊതുവെ ഒരു കറുത്തവർഗ സ്വഭാവം (“the blackness of memes”) ഉണ്ടെന്നാണ് ഡീനിന്റെ വാദം.

എല്ലാ മലയാളിയും അനുഭവിക്കുന്ന ഒന്ന്?

രസകരമായ വസ്തുത, മുകളിൽ പറഞ്ഞ, കറുത്തവർഗക്കാരെ ഇന്റർനെറ്റിലേക്കും സാമൂഹ്യമാധ്യമങ്ങളിലേക്കും മീം സംസ്കാരത്തിലേക്കും അടുപ്പിക്കുന്ന, വസ്തുതകൾ ഒരു സമൂഹമെന്ന നിലയിൽ മലയാളികളും പങ്കുവെക്കുന്നവയാണ് എന്നതാണ്ചില പ്രധാന വ്യത്യാസങ്ങളോട് കൂടിയാണെങ്കിലും. ഇതൊരു പ്രശ്നം പിടിച്ച സൂചനയാണ്പ്രത്യേകിച്ച്, കറുപ്പിനെയും കറുത്തവർഗക്കാരെയും പരാമർശിച്ചുകൊണ്ടാണ് മലയാളികൾ ദളിത്ആദിവാസി വിഭാഗങ്ങളിലുള്ളവരെ ജാതീയ അധിക്ഷേപം ചെയ്യാറുള്ളത് എന്ന വസ്തുത കണക്കിലെടുക്കുമ്പോൾ. അതുകൊണ്ട് തന്നെ, മലയാളികളെയും കറുത്തവർഗക്കാരെയും ഒരേ തട്ടിൽ വച്ച് പരിഗണിക്കുക എന്നതല്ല താരതമ്യത്തിന്റെ ഉദ്ദേശം. മറിച്ച്, ഇന്റർനെറ്റ്, സാമൂഹ്യ മാധ്യമങ്ങൾ, മീമുകൾ എന്നിവയിലേക്ക് കറുത്തവർഗക്കാരെ സ്വാഭാവികമായി ആകർഷിക്കുന്ന ഘടകങ്ങളെപ്പറ്റി ഡീൻ പറഞ്ഞ വാദങ്ങൾ മലയാളികളുടെ കാര്യത്തിൽ പ്രസക്തമാണോ എന്ന് നോക്കുക മാത്രമാണ്. പ്രധാനമായും, വ്യക്തികളായല്ല സമുദായഅംഗങ്ങൾ എന്ന നിലയിലാണ് പ്രാഥമിക അസ്തിത്വം എന്ന അവസ്ഥ മലയാളികൾക്ക് പൊതുവെ ബാധകമാകുന്നുണ്ടോ എന്ന കാര്യം പരിശോധിച്ച് നോക്കാവുന്നതാണ്.

ഒറ്റനോട്ടത്തിൽ, അവസ്ഥയുമായി മലയാളിക്ക് യാതൊരു ബന്ധവുമില്ലെന്ന് തോന്നാം: കാരണം, കറുത്തവർഗക്കാർ ഒരു വർഗസമുദായമാണ്; മലയാളികളുടെ കാര്യമെടുത്താൽ, ഒരൊറ്റ ജനതയായി കഴിയാൻ പറ്റുന്നില്ല എന്നത് തന്നെയാണ് അവരുടെ പ്രധാന പ്രശ്നം (വെള്ളപ്പൊക്കവും കൊറോണയും വരുമ്പോൾ മലയാളി ഒറ്റക്കെട്ടാവുന്നു എന്ന് പറഞ്ഞു സന്തോഷിക്കുന്നത് തന്നെ പൊതുവെ നമ്മളെങ്ങനെയല്ല എന്ന വസ്തുതയുടെ പച്ചയായ കുറ്റസമ്മതമാണ്). എന്നിരുന്നാലും, അവരവരുടെ സമുദായങ്ങൾക്കുള്ളിൽ (സ്വതന്ത്ര)വ്യക്തികളേക്കാൾ സമുദായ അംഗങ്ങൾ എന്ന അവസ്ഥയിൽ ജീവിക്കുക/ജീവിക്കേണ്ടിവരിക  എന്നത് എല്ലാ മലയാളികളുടെയും ഒരു പൊതു അനുഭവമായി കണക്കാക്കാം. മറ്റൊരു രീതിയിൽ പറഞ്ഞാൽ എല്ലാവരും ആധുനിക ജീവിതം അവരവരുടെ സമുദായങ്ങൾക്കുള്ളിൽ നിന്നുകൊണ്ട് ജീവിക്കുക എന്നത് എല്ലാ മലയാളികളും ഒരുപോലെ പങ്കുവെക്കുന്ന ഒരു അനുഭവമാണെന്ന് പറയുന്നതിൽ പ്രശ്നമുണ്ടെന്ന് തോന്നുന്നില്ല. വാദം തെളിയിക്കാൻ അധികം ബുദ്ധിമുട്ടേണ്ട ആവശ്യമില്ല. വ്യക്തികളല്ല, മറിച്ച് സമുദായങ്ങളും സമുദായ സദാചാരധാർമികതകളും ആണ് കേരളത്തിലെ രാഷ്ട്രീയസാംസ്കാരികസാമ്പത്തിക മണ്ഡലങ്ങൾ അടക്കിവാഴുന്നതെന്ന് കാലാകാലങ്ങളായി നടക്കുന്ന തെരഞ്ഞെടുപ്പുകൾ മുതൽ സംസ്ഥാന വിദ്യാഭ്യാസമേഖല വരെ സാക്ഷിയാണ്.1  കുറച്ച് വർഷങ്ങൾക്ക് മുൻപ്, ഇന്റർനെറ്റ് കേരളത്തിൽ സർവ്വസാധാരണമായി മാറിത്തുടങ്ങിയ സമയത്ത്, സാമൂഹ്യമാധ്യമങ്ങളിൽ രൂപം കൊണ്ട് നഗരങ്ങളിൽ നടന്ന ‘Kiss of Love’ പ്രക്ഷോഭം യഥാർത്ഥത്തിൽ സാമുദായികശക്തികൾ നേടിയെടുത്തിട്ടുള്ള നെടുനായകത്വത്തെ വെല്ലുവിളിച്ചുകൊണ്ട് കേരളം നമ്മൾ ഓരോരുത്തരുടേതുമാണ് എന്ന വാദം മുന്നോട്ട് വെക്കുകയായിരുന്നല്ലോ. ചുരുക്കത്തിൽ, കേരളത്തിൽ എല്ലാവർക്കും പൊതുവായി എന്തെങ്കിലും ഉണ്ടെങ്കിൽ, അത് ആധുനിക ജനാധിപത്യ സംവിധാനത്തിനുള്ളിലും സമുദായങ്ങൾ കാര്യങ്ങളെ നിർണയിക്കുകയും വ്യക്തികൾ വെറും രണ്ടാം തലത്തിൽ മാത്രം പ്രസക്തമാവുകയും ചെയ്യുന്ന അവസ്ഥയുടെ അനുഭവമാണ്. സമുദായങ്ങൾ തമ്മിലുള്ള അധികാര സമവാക്യങ്ങൾ പൊതു അനുഭവത്തെ ഇല്ലാതാക്കുന്നില്ല എന്നതാണ് വാസ്തവം. ഇങ്ങനെ നോക്കിയാൽ സാമൂഹ്യ മാധ്യമങ്ങളിലേക്കും മീമുകളിലേക്കും ട്രോളുകളിലേക്കും ഒരു ജനവിഭാഗത്തെ സ്വാഭാവികമായി അടുപ്പിക്കുന്ന ഘടകമായി ആറിയ ഡീൻ ചൂണ്ടിക്കാട്ടുന്ന, ആധുനികതയിലും തുടരേണ്ടിവരുന്ന സാമുദായിക ജീവിതം, മലയാളികൾക്ക് ബാധകമാണെന്ന് കാണാം. നമ്മുടെ എല്ലാവരുടെയും അവസ്ഥകളെപ്പറ്റി വ്യക്തതയോടെ എല്ലാവർക്കും അനായാസേന മനസിലാകുന്ന രീതിയിൽ ട്രോളുകളും മീമുകളും ഉണ്ടാക്കാനും ഷെയർ ചെയ്യാനും ഒക്കെ മലയാളികൾ കാണിക്കുന്ന പ്രത്യേക ആവേശവും മിടുക്കും സൂചിപ്പിക്കുന്നത് ഒരുപക്ഷേ ഇതുതന്നെയാവണം.

ചിരിപ്പടങ്ങളുടെ പുനർവിന്യാസം

എന്നിരുന്നാലും, മലയാളികളുടെ ട്രോൾമീം പ്രയോഗത്തെ വ്യത്യസ്തമാക്കുന്ന ഘടകം ഇതിൽ സിനിമക്കുള്ള നിർണായകമായ പങ്കാണ്. 1980-കളിലും 1990-കളിലും ഇറങ്ങിയ ചിരിപ്പടങ്ങളിലെ തമാശ രംഗങ്ങളും അവയിലെ കോമഡി നടന്മാരുടെ ഭാവങ്ങളും മറ്റുമാണ് അസംസ്കൃത വസ്തുക്കളെപ്പോലെ നമ്മുടെ ട്രോളുകളും മീമുകളും പ്രധാനമായും ഉപയോഗിക്കാറ്. എല്ലാ മലയാളികൾക്കും ഒരേപോലെ പ്രിയങ്കരങ്ങളായ ഒരു സിനിമാ genre ഉണ്ടെങ്കിൽ അത് ചിരിപ്പടങ്ങൾ ആണെന്നതാവാം അതിന് ഒരു കാരണം. ‘എലിപ്പത്തായത്തെപ്പറ്റി കേട്ടിട്ടില്ലാത്തവരുംദേവാസുരംഇനിയും കണ്ടിട്ടില്ലാത്തവരും ഉണ്ടായേക്കാം, പക്ഷെറാംജി റാവു സ്പീക്കിങ്‘-ഉംകിലുക്കവും മനഃപാഠമല്ലാത്ത മലയാളികളുണ്ടോ! ഇന്റർനെറ്റ്സാമൂഹ്യമാധ്യമ ഉപഭോക്താക്കൾ ചിരിപ്പടങ്ങളിലും കോമഡി നടീനടന്മാരിലും പുതിയ മൂല്യം കണ്ടെത്തുകയും ഇന്നത്തെ നമ്മുടെ അവസ്ഥകളെ സൂചിപ്പിക്കുന്നതിനായി പുനർവിന്യസിക്കുകയും ചെയ്യുന്നത് വരെ അവയെ മൂല്യമില്ലാത്ത സാംസ്കാരിക മാലിന്യമായിട്ടോ കേവല വിനോദം മാത്രം നൽകുന്നവയായിട്ടോ ആണ് സാംസ്കാരിക വിശകലന മേഖല കണക്കാക്കിയിരുന്നത്. ചിരിപ്പടങ്ങളിൽ സമൂഹത്തെ വിമർശനാത്മകമായി നോക്കാൻ സഹായിക്കുന്ന ഘടകങ്ങൾ ഉണ്ടെന്ന് ജെനി റൊവീന (2002) എന്ന ഗവേഷകയാണ് ആദ്യമായി വാദിക്കുന്നത്. ജാതിമുക്തമെന്ന് പറയപ്പെടുന്ന ആധുനിക കേരളത്തിൽ ജാതിയുടെയും സമുദായസദാചാരത്തിന്റെയും ചട്ടക്കൂടുകൾ ഇപ്പോഴും ഭദ്രമാണ് എന്ന വസ്തുത ജനകീയസംസ്കാരത്തിന്റെ തലത്തിൽ ഒരു genre എന്ന നിലയിൽ ആദ്യമായി ഉന്നയിച്ചത് ചിരിപ്പടങ്ങൾ ആണെന്നാണ്  റൊവീനയുടെ ഒരു വാദം. ചിരിപ്പടങ്ങളെക്കുറിച്ചുള്ള  റൊവീനയുടെ പഠനത്തിൽ പറയുന്ന മറ്റ് രണ്ട് വാദങ്ങളും വളരെ പ്രസക്തമാണ്:
ഒന്ന്, 80-കൾ വരെ സിനിമയുടെ ഉപകഥകളിൽ മാത്രം ഒതുങ്ങിക്കൂടിയിരുന്ന ചിരി, ആക്ഷേപം എന്നീ ഭാവങ്ങളെ സിനിമയുടെ പ്രധാന ഉള്ളടക്കമാക്കുകയും അതുവരെ സിനിമയിലെ രണ്ടാം നിരയിൽ മാത്രം ഒതുങ്ങിക്കൂടിയിരുന്ന കോമഡി നടീനടന്മാരെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുകയും ചെയ്തു എന്നതാണ് ചിരിപ്പടങ്ങളുടെ പ്രധാന സാംസ്കാരികരാഷ്ട്രീയ ഇടപെടൽ;
രണ്ട്, മലയാള സിനിമാ ചരിത്രത്തിൽ ചിരിപ്പടങ്ങളാണ് ആദ്യമായി ജാതിവിവേചനം എന്ന പ്രശ്നം വിവേചനത്തിന് വിധേയരാകുന്നവരുടെ ഭാഗത്ത് നിന്ന് വിമർശനാത്മകമായും അതേസമയം സരസമായും എല്ലാവരിലേക്കും എത്തുന്ന രീതിയിലും അവതരിപ്പിക്കാൻ ശ്രമിച്ചിട്ടുള്ളത്.

ഇങ്ങനെ നോക്കിയാൽ, ചിരിപ്പടങ്ങളും ട്രോളുകളിൽ പ്രയോഗിക്കുന്ന തരം സാമൂഹ്യസാംസ്കാരിക വിമർശനവും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട്. ഒന്നാമതായി, പൊതുബോധം, സാമാന്യയുക്തി എന്നിവയെ അളവുകോലാക്കി ചിരിപ്പടങ്ങൾ നടത്തിയിരുന്ന സാമൂഹ്യവിമർശനവും സ്വയം വിലയിരുത്തലും സാമാന്യബോധമുള്ള എല്ലാവരെയും സാമൂഹ്യവിമർശകരുടെയും ചിന്തകരുടെയും തലത്തിലേക്കുയർത്തി. മറ്റൊരു രീതിയിൽ പറഞ്ഞാൽ, കടുത്ത ഭാഷാപ്രയോഗങ്ങളും ശാസ്ത്രീയസമവാക്യങ്ങളും മറ്റുമുപയോഗിച്ച് ബുദ്ധിജീവികൾ അതിഗൗരവത്തിൽ പൊതിഞ്ഞ് നടത്തിയിരുന്ന സാംസ്കാരിക വിമർശനം എന്ന പരിപാടി ചിരിപ്പടങ്ങളിലൂടെ എല്ലാവർക്കും സ്വാഭാവികമായി ചെയ്യാവുന്ന ഒന്നായി മാറി

ഇതോടൊപ്പം, തമാശ സിനിമകളും കോമഡി നടീനടന്മാരും കേരളത്തിന്റെ സാംസ്കാരിക മണ്ഡലത്തിൽ വരുത്തിയ മറ്റൊരു പ്രധാന മാറ്റം കൂടി പറയട്ടെ. ആധുനികത തുടർച്ചയായി നിഷേധിക്കപ്പെടുന്ന സാഹചര്യത്തിൽ, വ്യക്തിത്വം നിഷേധിക്കപ്പെടുക, മൂല്യമില്ലാത്ത അസ്തിത്വമായി കഴിയുക, എന്നീ അവസ്ഥകളെ തമാശയായി  എല്ലാവർക്കും ബാധകമാകുന്ന –താഴ്ന്ന  ജാതിക്കാരുടെ മാത്രം പ്രശ്നമായി ചുരുങ്ങാത്ത —  അനുഭവങ്ങളായി അവതരിപ്പിക്കാൻ സാധിച്ചു എന്നതും സിനിമകളുടെ ഒരു സുപ്രധാന നേട്ടം തന്നെയാണ്. താഴ്ന്ന ജാതിയിലുള്ളവർ അനുഭവിക്കുന്ന പ്രശ്നങ്ങൾ എല്ലാവരുടെയും പ്രശ്നങ്ങളായി മാറി എന്നോ, ജാതീയതയെപ്പറ്റി എല്ലാവർക്കും തിരിച്ചറിവുണ്ടായി എന്നോ അല്ല ഇതിനർത്ഥം. മറിച്ച്, ജാതിയുടെയും സമുദായത്തിന്റെയും ചട്ടക്കൂടുകൾ മാനിച്ചും പാലിച്ചും നിഷേധിച്ചും മറികടന്നും അറിയില്ലെന്ന് ഭാവിച്ചും മറ്റുമുള്ള ജീവിതവും അതിൽ നിന്നുളവാകുന്ന ജീവിതാനുഭവങ്ങളും നമ്മളെയെല്ലാം ബാധിക്കുന്ന കാര്യങ്ങളാക്കി അവതരിപ്പിക്കാൻ ചിരിപ്പടങ്ങൾക്കും കോമഡി നടന്മാർക്കും സാധിച്ചു എന്നും, അങ്ങനെ മലയാളികൾക്ക് അവർ ഒരു ആധുനിക ജനപ്രിയ സംസ്കാരം സമ്മാനിച്ചു എന്നും പറയാവുന്നതാണ്കറുത്തവർഗക്കാരാണ് അമേരിക്കയുടെ സംസ്കാരം നിർമിക്കുന്നവർ എന്ന് പറയുന്നത് പോലെ എല്ലാവരുടെയും സിനിമകളാണ് അവ; എല്ലാവരുടേതുമായി ഇതൊക്കെയേ ഉള്ളൂ എന്നും പറയാം. അതുകൊണ്ട് തന്നെയാവാം അവ ട്രോളർമാർക്കും സാമൂഹ്യമാധ്യമങ്ങൾക്കും ഇത്ര പ്രിയങ്കരമാകുന്നത്

റഫറന്‍സ്

  • Dean, Aria. 2016. ‘Poor Meme, Rich Meme’. Real Life, July 25, 2016. https://reallifemag.com/poor-meme-rich-meme/
  • Rowena, Jenny. 2002. Reading Laughter: The Popular Malayalam ‘Comedy-Films’ of the Late 80s and Early 90s. Unpublished PhD Thesis. Hyderabad: Central Institute of English and Foreign Languages.
  • Raveendran, O. P. 2019. Pothuvidyabhyasa Rangathe Swakarya Colonykal [The Private Colonies in Public Education]. Kozhikode: Mudra Books.

About the Author: Esthappan is an independent scholar.

Esthappan examines Malayalis’ attraction to trolls and memes on social media and their choice of humour films to create trolls and memes. 

Please follow and like us:

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.