പുസ്തകവായന : എം.ആർ രേണുകുമാറിന്റെ “അയ്യൻകാളി: ജീവിതവും ഇടപെടലുകളും”

കുഞ്ഞികൃഷ്ണൻ. വി

 

ദലിത് ചരിത്രരചനയും വായനയും കേരളത്തിന്റെ ജനാധിപത്യ-രാഷ്ട്രീയ വ്യവഹാരങ്ങളിൽ അലയൊലികൾ തീർക്കുന്ന ഒരു   കാലഘട്ടത്തിലാണ് കവിയും കഥാകൃത്തുമായ എം.ആർ രേണുകുമാറിന്റെ “അയ്യൻകാളി: ജീവിതവും ഇടപെടലുകളും” എന്ന പുസ്തകം വായനക്കാരുടെ മുന്നിലെത്തിയിട്ടുള്ളത്.

171 പേജുകളുള്ള പുസ്തകം പത്തൊമ്പതാം നൂറ്റാണ്ടിലെ ദലിതർ, അയ്യൻകാളിയെ കുറിച്ചുള്ള എഴുത്തുകൾ, അയ്യൻകാളിയുടെ ജനനവും ബാല്യകാലവും, വില്ലുവണ്ടിയും സഞ്ചാര സ്വാതന്ത്ര്യവും, വിദ്യാഭ്യാസ അവകാശ സമരങ്ങൾ, കൃഷിഭൂമി തരിശിടൽ സമരം, സാധുജന പരിപാലന സംഘം, പ്രജാസഭാ മെമ്പർ, തൊണ്ണൂറാമാണ്ട് ലഹള, പെരിനാട് ലഹള, അയ്യൻകാളിയുടെ ഇതര ഇടപെടലുകൾ, അയ്യൻകാളിയുടെ അവസാന കാലം എന്നീ അധ്യായങ്ങളാണ് ഇതിൽ ഉൾകൊള്ളിച്ചിട്ടുള്ളത്.ഡി.സി ബുക്സ് ആണ് പ്രസാധകർ.

ദലിത്-ആദിവാസി പ്രശ്നങ്ങളെ പഠനവിധേയമാക്കുകയും ഉന്നയികയും ചെയ്യുന്ന എഴുത്തുകാരേയും മനുഷ്യാവകാശ പ്രവർത്തകരേയും നക്സലൈറ്റുകളായി ചാപ്പ കുത്തി ജയിലിലടയ്ക്കുന്ന ഭരണകൂടത്തിന്റെ ചെയ്തികൾ വാർത്തകളിൽ നിറയുന്ന ഈ കാലത്ത് സവർണ്ണ മേധാവിത്വത്തിലധിഷ്ടിതമായ ഒരു സാമൂഹ്യക്രമത്തെ തന്റെ ജീവിത സമരം കൊണ്ട് വെല്ലുവിളിക്കകയും പുതിയ ജനാധിപത്യവബോധത്തിലേക്ക് ഒരു ജനതയെ നയിക്കുകയും ചെയ്ത അയ്യൻകാളിയുടെ ജീവചരിത്രത്തിന് കാലിക പ്രസക്തിയുണ്ട്.

എം.ആർ രേണുകമാറിന്റെ “അയ്യൻകാളി: ജീവിതവും ഇടപെടലുകളും” എന്ന പുസ്തകം സാമ്പ്രദായിക ജീവചരിത്ര രചനാ രീതികളിൽ നിന്നും വിഭിന്നമായി അയ്യൻകാളിയുടെ സാമൂഹ്യ-രാഷ്ട്രീയ ഇടപെടലുകളെ മുൻനിർത്തി കേരളത്തിന്റെ ഒരു കാലഘട്ടത്തെ അടയാളപ്പെടുത്തുകയും ജനാധിപത്യത്തിന്റേയും സാമൂഹ്യ പരിവർത്തനത്തിന്റേയും ചിന്തകൾക്കും പ്രവർത്തനങ്ങൾക്കും വിത്ത് പാകിയ സമരങ്ങളുടെ വസ്തുനിഷ്ഠമായ വിശകലനമാണ്. ചരിത്രരചനകളിൽ സാധാരണയായി പിൻതുടരാറുള്ള കാലാനുഗതമായ സംഭവങ്ങളുടെ വിവരണമല്ല മറിച്ച് അയ്യൻകാളിയുടെ നേത്യത്വത്തിൽ നടത്തിയ വിദ്യാഭ്യാസ-രഷ്ടീയ – സാമൂഹിക സമരങ്ങളേയും പ്രതിരോധങ്ങളേയും വിശകലനാത്മകമായി സമീപിക്കുന്ന ഒരു എഴുത്ത് രീതിയാണ് പിൻതുടർന്നിട്ടുള്ളത്.

വിദ്യാഭ്യാസ അവകാശത്തിന് വേണ്ടി അയ്യൻകാളിയുടെ നേത്യത്വത്തിൽ നടത്തിയ ‘കൃഷിഭൂമി തരിശിടൽ’ സമരത്തെ വിവിധ ചരിത്രരചനയിലെ വിലയിരുത്തലുകളിൽ നിന്നും വ്യത്യസ്തമായി ‘അയിത്തജാതിക്കാർക്ക് പരമ്പരാഗതമായി സ്വായത്തമായിരുന്ന തൊഴിൽ വൈദഗ്ദ്ധ്യത്തെ നിയന്ത്രണ വിധേയമാക്കി കൊണ്ട് ഭരണകൂടത്തോടും അധീശ സാമൂഹ്യ വിഭാഗങ്ങളോടും നടത്തിയ രാഷ്ട്രീയ വിലപേശലാണെന്നുള്ള ‘കാഴ്ചപ്പാട് വിശകലന രീതിയുടെ ഒരു ഉദാഹരണo മാത്രം.  ആദ്യത്തെ കർഷക സമരം എന്ന നിലയിൽ നിന്നും അയ്യൻകാളിയുടെ വിദ്യാദ്യാസ അവകാശ സമരത്തെ പുതിയ തലത്തിലേക്കുയർത്തുന്നതായാണ് മനസ്സിലാക്കുന്നത്. എങ്കിലും അയ്യൻകാളിയുടെ വിവിധ ചരിത്ര ഗ്രന്ഥങ്ങളിൽ പരാമർശിക്കുന്ന ഈ സമര കാലയളവ് സംബന്ധിച്ച് മുൻ എഴുത്തുകാർ സൂചിപ്പിച്ച കാലയളവ് പരാമർശിക്കുന്നതല്ലാതെ അതിന്റെ കൃത്യതയിലേക്ക് എത്തിച്ചേരുന്നില്ല എന്നുള്ളത് ഒരു വിമർശനമായി ഉന്നയിക്കാം. വില്ലുവണ്ടി സമരവും, സമുദായ സംഘടനാ രൂപീകരണത്തിന്റെ പശ്ചാത്തലവും, തൊണ്ണൂറാമാണ്ട് ലഹളയും, പെരിനാട് ലഹളയും , പ്രജാസഭാംഗമായുള്ള രാഷ്ട്രീയ ഇടപെടലുകളും വളരെ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. സ്വസമുദായത്തിന് പുറത്തുള്ള വ്യക്തികളുടെ സ്വാധീനവും ബന്ധവും പുസ്തകത്തിൽ പരാമർശിക്കുന്നുണ്ട്. എന്നാൽ സഹ്യന് പുറത്തുള്ള രാഷ്ട്രീയ-സാമൂഹ്യ സമരങ്ങളുടെ സ്വാധീനവും ബന്ധങ്ങളുo ഇല്ലാത്തത് കൊണ്ടായിരിക്കാം അത്തരത്തിലുള്ള ഒരു അന്വേഷണത്തിന് ഗ്രന്ഥകാരൻ മുതിരുന്നില്ല.

അയ്യൻകാളിയെ സംബന്ധിച്ചുള്ള എഴുത്തുകളുടെ ഒരു സംഗ്രഹവും കുറിപ്പുകളായി ചേർത്തിട്ടുള്ളത് കൂടുതൽ വായനകളിലേക്കുള്ള വാതിൽ തുറന്നിടുന്നുണ്ട്. അയ്യൻകാളിയെ സംബന്ധിച്ചുള്ള രചനകളെ വിമർശനാത്മകമായി വിലയിരുത്തുന്ന ഈ പുസ്തകം പുതിയ കാലത്തെ കേരളീയ ‘പൊതുബോധത്തെ’ വിലയിരുത്തുന്നതിനും പുതിയ പഠനങ്ങൾക്കും സഹായകമാകും.

വിദ്യാഭ്യാസത്തിലൂടെയുള്ള സാമൂഹ്യ മാറ്റത്തിനപ്പുറത്ത് വിഭവങ്ങളുടെ അധികാരവും ചർച്ച ചെയ്യുന്ന ദലിത്-ആദിവാസി സമരങ്ങളുടേയും ബഹുജൻ കാഴ്ചപ്പാടുകളുടേയും രാഷ്ട്രീയത്തിന് പുതിയ ദിശാബോധം നൽകാനും അയ്യൻകാളിയുടെ പ്രവർത്തനങ്ങളെ നെഞ്ചിലേറ്റുന്നവർക്ക് പുതിയ ഊർജ്ജം പകരാനും ഈ പുസ്തകത്തിന്റെ വായന സഹായകരമാകും.

 

(ലേഖകൻ കേരള കേന്ദ്ര സർവകലാശാലയിൽ ഗവേഷണം ചെയ്യുന്നു)

 

English Summary: Kunjikrishnan V reviews M R Renukumar’s book “Ayyankali: Jeevithavum Edapedalukalum.”

Please follow and like us:

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.