ഇതുവരെ കേട്ടിട്ടിട്ടില്ലാത്ത ആഡംബരസൗകര്യങ്ങളുള്ള ഫ്ലാറ്റുകൾ പ്രവാസികൾക്കായി മത്സരിച്ചു വിളംബരംചെയ്യുന്ന പരസ്യബോർഡുകളിൽ നമ്മുടെയൊക്കെ കണ്ണുടക്കിയിട്ടുണ്ടാകും. ഈ ഫ്‌ളാറ്റുകളുടെ വിപണിയുടെ ലോകത്തിലേക്കു എത്തിനോക്കുന്നതിലൂടെ കേരളത്തിലെ മാറുന്ന സാമൂഹ്യ-സാമ്പത്തവ്യവസ്ഥയുടെയും പ്രവാസി കുടിയേറ്റങ്ങളുടെയും കഥപറയുകയാണ് സിദ്ധാർഥ് മേനോൻ.
Figure 1: Real estate billboard in Kochi promoting ‘The Next Level of Living!’ (Credit: Author)
കൊച്ചിയുടെ പ്രാന്തപ്രദേശമായ നെടുമ്പാശ്ശേരിയിൽ സ്ഥിതി ചെയുന്ന ‘ലോകത്തിലെ ആദ്യത്തെ പരിസ്ഥിതി സൗഹൃദ വിമാനത്താവളം’ വിട്ടു പുറത്തു ഇറങ്ങിയാൽ ഹൈവേയുടെ ഇരുവശങ്ങളിലായുള്ള വർണാഭമായ പരസ്യബോർഡുകളിൽ നിങ്ങളുടെ കണ്ണുകൾ ഉടക്കിയേക്കാം. നിയോൺ വെളിച്ചത്തിൽ ശോഭിക്കുന്ന ഈ ബോർഡുകളിൽ കൂടുതലും വിശാലമായ ആഡംബര ഫ്‌ളാറ്റുകൾ, അന്യപ്രവേശനമില്ലാത്ത ഗേറ്റഡ് കമ്മ്യൂണിറ്റികൾ എന്നിവയുടെ പരസ്യങ്ങളാണ്. ‘പ്രീമിയം’, ‘ന്യൂ ലക്ഷുറി’, ‘കണ്ണഞ്ചിപ്പിക്കുന്ന’, ‘അടുത്ത-ലെവൽ’, ‘ലോകോത്തരം’ എന്നീ അതിശയോക്തി കലർന്ന പ്രയോഗങ്ങൾ പെട്ടെന്ന് തന്നെ ആളുകളുടെ ശ്രദ്ധ പിടിച്ചു പറ്റുന്നു. ഈ പ്രയോഗങ്ങളോടൊപ്പമുള്ള പകിട്ടാർന്ന ചിത്രങ്ങളാകട്ടെ, റൂഫ്-ടോപ് ഇൻഫിനിറ്റി പൂളുകൾ, വാട്ടർഫ്രണ്ട് ബാൽക്കണികൾ, ഫിറ്റ്നസ് ക്ലബ്ബുകൾ, മിനി തീയറ്ററുകൾ, ഫ്രഞ്ച് ശൈലിയിലുള്ള ജനാലകൾ, ഇറ്റാലിയൻ മാർബിൾ തറകൾ, അമേരിക്കൻ ശൈലിയിലുള്ള ബാത്രൂം ഫിറ്റിങ്സ് എന്നിവയൊക്കെയാണ്. സമാനമായ ദൃശ്യങ്ങൾ തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ, തൃശൂർ മുതലായ, അതിവേഗത്തിൽ വികസിച്ചു കൊണ്ടിരിക്കുന്ന കേരളത്തിലെ പല നഗരങ്ങളിലും ഇന്ത്യയിലെ മറ്റനവധി നഗരങ്ങളിലും കാണാൻ കഴിയുന്നതാണ്. എന്നാൽ, കേരളത്തിന്റെ മാറുന്ന നിർമ്മിത പരിസ്ഥിതിയെപ്പറ്റിയും, രാഷ്ട്രീയ സമ്പദ്‌വ്യവസ്ഥയെ പറ്റിയും, നഗരത്തിലെ സാമൂഹ്യജീവിതങ്ങളെ പറ്റിയും ഈ പരസ്യബോർഡുകൾ വിശേഷിച്ചു എന്താണ് നമ്മോടു പറയുന്നത്?
Figure 2: Real estate billboard in Kochi promoting a life of ‘luxury’ (Credit: Author)
1991 ലെ ഉദാരവൽക്കരണത്തെ തുടർന്നു ഇന്ത്യൻ റിയൽ എസ്റ്റേറ്റ് മേഖലയിലേക്കുണ്ടായ വിദേശനിക്ഷേപണങ്ങക്കു (FDI) ശേഷം 1, മുഖ്യമായും ആഗോള നിക്ഷേപകരുടെയും പ്രാദേശിക റിയൽ എസ്റ്റേറ്റ് ഡെവലപ്പർമാരുടെയും സ്ഥാപിത താല്പര്യങ്ങളാണ് ഇന്ത്യയിലെ നഗരയിടങ്ങളുടെ ഉത്പാദനത്തിനുമേൽ അധീശത്വം സ്ഥാപിച്ചത് (Searle 2016). ഈ കാലയളവിൽ, കേന്ദ്ര മഹാനഗരങ്ങളായ ന്യൂ ഡൽഹി, മുംബൈ, ബംഗലൂരു എന്നിവ ഭീമമായ വിമാനത്താവളങ്ങൾ, മെട്രോ-റയിലുകൾ, ഐ ടി പാർക്കുകൾ, ഷോപ്പിംഗ് മാളുകൾ, ഹോട്ടലുകൾ, ആഡംബര അപ്പാർട്മെന്റുകൾ തുടങ്ങിയ വരേണ്യ സംരംഭങ്ങളുടെ വ്യാപകമായ നിർമ്മാണത്തിന് സാക്ഷ്യം വഹിച്ചു. ഈ സൗകര്യങ്ങൾ എല്ലാം തന്നെ, രാജ്യത്തിൻറെ പത്തു ശതമാനം ജനസംഖ്യയിൽ താഴെ മാത്രം വരുന്ന വരേണ്യവർഗ്ഗത്തിന്റെ ആഗോള അഭിരുചികൾക്കും ഉപഭോഗ രീതികൾക്കും ഉതകുന്നതാണ്. വിദേശ നിക്ഷേപകരെ ആകർഷിച്ച് ഈ സംരംഭക കുതിപ്പിനു വഴിയൊരുക്കാൻ സംസ്ഥാന-മുനിസിപ്പൽ സർക്കാരുകളും കാര്യമായി പ്രയത്നിച്ചിട്ടുണ്ട് (Gidwani et al. 2024). ആഗോള തലത്തിൽ തന്നെ വികസിച്ചുകൊണ്ടിരിക്കുന്ന നഗരങ്ങൾ വിദേശ നിക്ഷേപങ്ങളെ ആകർഷിച്ചു ഇത്തരം ‘ലോകോത്തര’ പദ്ധതികൾ ആസൂത്രണം ചെയ്യാൻ പരസ്പരം മത്സരിക്കുന്ന ഈ പ്രക്രിയയെ ഗവേഷകർ ‘വേൾഡിങ്’ (worlding) എന്ന് വിശേഷിപ്പിച്ചിട്ടുണ്ട് (Roy and Ong 2011). ഇത്തരം പദ്ധതികൾ പൊതുമേഖലാ ധനസഹായത്തിനേക്കാളുപരി, ആഗോള-സാമ്പത്തിക ഉപകരണങ്ങളായ പ്രൈവറ്റ് ഇക്വിറ്റി (private equity), റിയൽ എസ്റ്റേറ്റ് ബോണ്ടുകൾ (real estate bonds), ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ടുകൾ (infrastructure investment funds) എന്നിവയെയാണ് ആശ്രയിക്കുന്നത് 2.
Figure 3: Real estate in billboard in Kochi depicting ‘world class’ amenities offered in the project (Credit: Author)
ഇതിനു സമാനമായ നഗര പരിവർത്തനങ്ങൾ കൊച്ചി പോലുള്ള വലുപ്പം കുറഞ്ഞ, രണ്ടാംതല, മൂന്നാംതല ഇന്ത്യൻ നഗരങ്ങളിലും കാണപ്പെടുന്നുണ്ടെങ്കിലും, ഇവ ആഗോളവൽക്കരണത്തെപ്പറ്റിയും നഗര വികസനത്തെപ്പറ്റിയുമുള്ള മുഖ്യധാരാ ചർച്ചകളിൽ പെടാതെ പോകുന്നുണ്ട്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകൾക്ക് ഇടയിൽ സൗരോർജം ഉപയോഗിച്ചു ഓടുന്ന ലോകത്തിലെ ആദ്യത്തെ അന്താരാഷ്ട്ര വിമാനത്താവളം, ഇന്ത്യയിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാൾ, ഇന്ത്യയിലെ ഏറ്റവും വലിയ കൺവെൻഷൻ സെന്റർ, ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഫുട്ബോൾ സ്റ്റേഡിയം, 45 കിലോമീറ്റർ നീളമുള്ള ഉയർത്തിയ മെട്രോ-റെയിൽ പാത, പഞ്ചനക്ഷത്ര ഹോട്ടലുകൾ, ഐ ടി പാർക്കുകൾ, ലക്ഷുറി അപ്പാർട്മെന്റുകൾ തുടങ്ങി ഒട്ടനവധി ലോകോത്തര സൗകര്യങ്ങളുടെ നിർമ്മാണത്തിന് കൊച്ചി സാക്ഷ്യം വഹിച്ചിട്ടുണ്ട്. എന്നാൽ, ആഗോള സാമ്പത്തിക ഉപകരണങ്ങളാൽ നയിക്കപ്പെടുന്ന മറ്റു മെട്രോപൊളിറ്റൻ നഗരങ്ങളിൽ നിന്ന് വ്യത്യസ്തമായി, കൊച്ചിയുടെ നഗര രൂപാന്തരത്തിനു വഴിയൊരുക്കുന്നത് നമുക്ക് കുറച്ചുകൂടി പരിചിതമായ ഒരു സാമ്പത്തിക മൂലധന സ്ത്രോതസ്സാണ്: ഗൾഫിലുള്ള പ്രവാസികൾ നാട്ടിലേക്കയക്കുന്ന പണം, അഥവാ റെമിറ്റൻസുകൾ.
ഇത്തരം റെമിറ്റൻസുകളുമായുള്ള കൊച്ചിയുടെയും കേരളത്തിന്റെയും ബന്ധം പുതിയതല്ല. 1960-70കളിൽ എണ്ണഖനികൾമൂലം അറേബ്യൻ/പേർഷ്യൻ ഗൾഫ് പ്രദേശങ്ങളിൽ ഉണ്ടായ സാമ്പത്തിക കുതിച്ചുകയറ്റത്തെ (oil boom) തുടർന്ന് ആ പ്രദേശങ്ങളിലേക്കുള്ള തൊഴിലാളി വർഗ്ഗത്തിന്റെ വ്യാപകമായ കുടിയേറ്റത്തിനു കേരളം സാക്ഷ്യം വഹിച്ചിട്ടുള്ളതാണ്. എണ്ണ-ഗ്യാസ് ഉത്പാദനം, നിർമ്മാണം, ഗതാഗതം, അറ്റകുറ്റപണികൾ, കെട്ടിട പരിപാലനം, വീട്ടുജോലി മുതലായ വ്യവസായങ്ങളിലാണ് ഇവർ ജോലിതേടിയതു. മേല്പറഞ്ഞ തൊഴിലാളികളുടെ പണമൊഴുക്കിൽ നിന്നും ഉടലെടുത്തതാണ് സംസ്ഥാനത്തെ ആദ്യത്തെ ‘ഗൾഫ് വീടുകൾ’ എന്ന പ്രതിഭാസം. ഗൾഫ് കുടിയേറ്റക്കാരുടെ സ്വപ്നങ്ങളും അഭിലാഷങ്ങളും സാമൂഹ്യ നിലയും കോൺക്രീറ്റിൽ കുഴച്ചു കെട്ടിപ്പടുത്ത കൊട്ടാരസദൃശമായ ബംഗ്ളാവുകലായിരുന്നു ഇവ (Wright 2021).
എന്നാൽ, ഇക്കഴിഞ്ഞ പതിറ്റാണ്ടുകളിൽ പല മാറ്റങ്ങളും സംഭവിച്ചിട്ടുണ്ട്. 2008 ലെ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഗൾഫ് പ്രദേശങ്ങളിലെ തൊഴിലാളിവർഗ്ഗ കുടിയേറ്റക്കാരുടെ എണ്ണത്തിൽ ഗണ്യമായ കുറവ് സംഭവിച്ചിട്ടുണ്ടെന്ന് മാത്രമല്ല, ഗൾഫ് കുടിയേറ്റക്കാരുടെ ഘടനയിൽ കാര്യമായ മാറ്റങ്ങൾ വന്നിട്ടുമുണ്ട്. ഇന്നത്തെ ഗൾഫ് പ്രവാസികൾക്കിടയിൽ നമ്മൾ കൂടുതലും കാണുന്നത് സ്ത്രീകൾ, ഉന്നത വിദ്യാഭാസമുള്ള യുവാക്കൾ, ഉപരിതല (tertiary) മേഖലകളായ മാധ്യമം, ആരോഗ്യം, എഞ്ചിനീയറിംഗ്, ആർക്കിടെക്ചർ, റിയൽ എസ്റ്റേറ്റ്, ഫിനാൻസ്, ഐ ടി, എന്നിവയിൽ വൈറ്റ് കോളർ (white collar) ഉദ്യോഗങ്ങൾ ചെയ്യുന്നവർ എന്നിവരെയാണ്. ഇത്തരമൊരു മാറ്റം കേരളത്തിലെ കെട്ടിടങ്ങളുൾപ്പെടുന്ന നിർമ്മിത പരിസ്ഥിതിയെയും സ്വാധീനിക്കുന്നതായി കാണാം. ഇന്നത്തെ ഗൾഫ് കുടിയേറ്റക്കാർ ഗ്രാമപ്രദേശങ്ങളിൽ ഒറ്റപ്പെട്ട ‘ഗൾഫ് വീടുകൾ’ നിർമ്മിക്കുന്നതിനേക്കാൾ ഇഷ്ടപ്പെടുന്നത് നഗരങ്ങളിലെ ഫ്ലാറ്റുകളിൽ പണം നിക്ഷേപിക്കാനാണു; ബഹുനില കെട്ടിടങ്ങളിൽ ‘ലോകോത്തര’ സൗകര്യങ്ങൾ വാഗ്ദാനം ചെയുന്ന ലക്ഷുറി അപാർട്മെന്റ് യൂണിറ്റുകളാണ് ദൂരെയിരുന്നുകൊണ്ടു നിക്ഷേപിക്കാനും പരിപാലിക്കാനും എളുപ്പം (Varrel 2020). ഇത്തരം വരേണ്യപ്രവാസികളാണ് കേരളത്തിലെ റിയൽ എസ്റ്റേറ്റ് വ്യവസായത്തിന്റെ കുത്തനെയുള്ള വളർച്ച ഉറപ്പാക്കുന്ന അതിന്റെ പ്രാഥമിക ഉപഭോക്താക്കൾ.
കേരളത്തിലെ റിയൽ എസ്റ്റേറ്റ് വ്യവസായികൾ ഗൾഫ് പ്രവാസി നിക്ഷേപങ്ങൾ ആകർഷിക്കാൻ ശ്രമിച്ചുതുടങ്ങിയിട്ട് രണ്ടു പതിറ്റാണ്ടുകളായി. മിക്ക ഡെവലപ്പർമാരും ലക്ഷുറി ഫ്ലാറ്റുകൾ വിൽക്കാനായി സമ്പന്നരായ പ്രവാസികൾ സ്ഥിരമായി വന്നുപോകുന്ന സ്റ്റാർ ഹോട്ടലുകൾ, മാളുകൾ, റസ്റ്റോറന്റുകൾ മുതലായ തന്ത്രപ്രധാനമായ സ്ഥലങ്ങളിൽ എൻ ആർ ഐ ഹോം എക്സ്പോകളും (expos) ഫെസ്റ്റുകളും സംഘടിപ്പിക്കുക പതിവായിട്ടുണ്ട്. കേരളത്തിലെ പല ഡെവലപ്പർമാർക്കും സെയിൽസ് സ്റ്റാഫും മാർക്കറ്റിങ് സ്റ്റാഫുംമൊക്കെ അടങ്ങുന്ന വിദേശ ഓഫിസുകൾ യു എ ഇ, സൗദി അറേബ്യ പോലുള്ള ഗൾഫ് രാജ്യങ്ങളിൽ ഉണ്ട്. ചെറിയ ഡെവലപ്പർമാർക്ക് ഓഫീസ് ഇല്ലെങ്കിൽ, അവർ ചെറിയ വാടക ഓഫിസുകൾ ലഭിക്കുന്ന കോവർക്കിങ് (co-working) ഇടങ്ങളിൽ ഒന്നോ രണ്ടോ ജീവനക്കാരെ നിയമിക്കും. ചിലരാകട്ടെ, ഗൾഫിൽ സ്ഥിരമായ ഭൗതിക സാന്നിദ്ധ്യം ഇല്ലെങ്കിൽ പോലും കേരളത്തിലെ സെയിൽസ് ജീവനക്കാർ കൈകാര്യംചെയുന്ന വെബ്സൈറ്റുകളിൽ വിദേശ റെജിസ്ട്രേഷനുള്ള ഫോൺ നമ്പറുകൾ പ്രദർശിപ്പിക്കും.
Figure 4: Real estate ad in local newspaper promoting an ‘NRI Home Expo’ (Credit: Author)
കൂടാതെ, മുൻകൂറായി ബുക്കിങ്ങുകൾ പിടിക്കാനും മൂലധന നിക്ഷേപണം ഉറപ്പാക്കാനുമായി കേരളത്തിലെ പുതിയ റിയൽ എസ്റ്റേറ്റ് പദ്ധതികൾ പലപ്പോഴും ഗൾഫിലാണ് ആരംഭിക്കാറ്. സീനിയർ സെയിൽസ്/മാർക്കറ്റിംഗ് ജീവനക്കാരുടെ ഒരു സംഘം ഇതിനായി കേരളത്തിൽ നിന്നും ഗൾഫിലേക്ക് തിരിക്കും. അവിടെയവർ അനവധി റോഡ് ഷോകൾ (roadshows) സംഘടിപ്പിക്കും. പ്രമുഖമായ കൺവെൻഷൻ ഹാളുകളിൽ സംഘടിപ്പിക്കപ്പെടുന്ന ഈ പരിപാടികളോടൊപ്പം മലയാളികളുടെ സാംസ്കാരിക പ്രകടങ്ങളും ഉണ്ടാകാറുണ്ട്. ചിലർ വില്പന കൂട്ടാനും ആളുകളെ ആകർഷിക്കാനും സിനിമാ സ്റ്റാറുകളെ ബ്രാൻഡ് അംബാസ്സഡർമാരായി കൊണ്ടുവരും. മറ്റുചിലർ ഗൾഫ് ആസ്ഥാനമായി നടത്തുന്ന റേഡിയോ പരിപാടികളിലും പ്രാദേശിക പത്രങ്ങളിലും പരസ്യം കൊടുക്കും. സെയിൽസ് സംഘം ഒരു ഗൾഫ് രാജ്യത്തിൽ നിന്ന് അടുത്തതിലേക്ക് സഞ്ചരിച്ചു പരിപാടികളുടെ ഒരു പരമ്പര തന്നെ സംഘടിപ്പിച്ചാകും പലപ്പോഴും കേരളത്തിലേക്ക് മടങ്ങുക. ഇതുകൂടാതെ, റിയൽ എസ്റ്റേറ്റ് വ്യവസായികളിൽനിന്നും നിന്നും ചെറുതല്ലാത്ത പരസ്യ നികുതി ലഭിക്കുന്ന മാതൃഭൂമി, മലയാള മനോരമ തുടങ്ങിയ പ്രമുഖ മലയാള പത്രസ്ഥാപനങ്ങൾ ഗൾഫിൽ വാർഷികമായി സംഘടിപ്പിക്കുന്ന പ്രോപ്പർട്ടി ഷോകളിലും ഡെവലപ്പർമാർ സംഘമായി പങ്കെടുക്കാറുണ്ട്. ചുരുക്കി പറഞ്ഞാൽ, ഗൾഫ് പ്രവാസി വിപണിയാണ് കേരളത്തിലെ
Figure 5: Real estate ad in local newspaper promoting a ‘Home Expo NRI Fest’ (Credit: Author)
റിയൽ എസ്റ്റേറ്റ് വ്യവസായികളുടെ പ്രധാന വിപണി. കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖനായ ഒരു റിയൽ എസ്റ്റേറ്റ് വ്യവസായിയുടെ വാക്കുകൾ ഇവിടെ പ്രസക്തമാണ്: ‘കേരളത്തിൽ ലക്ഷുറി ഫ്ളാറ്റുകൾക്ക് പ്രാദേശിക വില്പനകൾ കുറവാണ്. നമ്മുടെ പ്രധാന കച്ചവടങ്ങൾ നടക്കുന്നത് ഗൾഫ് പ്രവാസികളുമായിട്ടാണ്. അവരാണ് വാങ്ങുന്നവരിൽ 70 ശതമാനവും. ഇങ്ങനെ പ്രവാസികളെ കേന്ദ്രീകരിച്ചു റിയൽ എസ്റ്റേറ്റ് വിൽക്കുന്നതിൽ കേരളത്തിലെ റിയൽ എസ്റ്റേറ്റ് വ്യവസായികൾ മുൻഗാമികൾ ആണ്. 2000 കളുടെ തുടക്കത്തിൽ, ഉത്തരേന്ത്യൻ വ്യവസായികൾ അവരുടെ പദ്ധതികൾ ഗൾഫിൽ എങ്ങനെ മാർക്കറ്റ് ചെയ്യണമെന്ന് പഠിക്കാൻ കൊച്ചിയിലേക്ക് പറക്കുമായിരുന്നു. കേരളത്തിലെ റിയൽ എസ്റ്റേറ്റ് വ്യവസായികൾ പ്രവാസി നിക്ഷേപണങ്ങളിലേക്കു തിരിഞ്ഞു ഒരു പതിറ്റാണ്ടിലേറെ കഴിഞ്ഞശേഷമാണ് ഇന്ത്യയിലെ മറ്റുഭാഗങ്ങളിലെ വ്യവസായികൾ ഈ പാതയിൽ തുടങ്ങുന്നത്.
Figure 6: Construction worker walking in front of real estate billboard in Kochi highlighting rising inequalities in the city (Credit: Author
ഈ ലേഖനത്തിന്റെ തുടക്കത്തിൽ ഞാൻ ഉന്നയിച്ച ചോദ്യത്തിലേക്ക് തിരിച്ചു വരികയാണെങ്കിൽ, കൊച്ചിയിലും കേരളത്തിലും അങ്ങിങ്ങായി ചിതറി കിടക്കുന്ന എണ്ണമറ്റ പരസ്യബോർഡുകൾ വിരൽചൂണ്ടുന്നത് കേരളത്തിന്റെ നാഗരികതയിൽ സംഭവിച്ച സവിശേഷമായ ഒരു മാറ്റത്തിലേക്കാണ്: ഗൾഫ് വീടുകളിൽ നിന്നും എൻ ആർ ഐ ഫ്ളാറ്റുകളിലേക്കുള്ള മാറ്റം. ഈ രണ്ടു പ്രവണതകളും റെമിറ്റൻസ് ആയി ബന്ധപെട്ടു കിടക്കുന്നുവെങ്കിലും, അവ തമ്മിൽ കാര്യമായ വ്യത്യാസങ്ങൾ ഉണ്ട്. ആദ്യ തലമുറക്കാരായ ഗൾഫ് കുടിയേറ്റക്കാരുടെ പണം ഉറപ്പുള്ള വീടുകൾ നിർമിക്കാനും, സാമൂഹ്യ-സാമ്പത്തിക ശ്രേണിയിൽ ഉണ്ടായ ഉയർച്ചമൂലം പട്ടിണി മറികടക്കാനും അവരെ സഹായിച്ചു. രണ്ടാമത്തെ കൂട്ടരായ പുതിയ കുടിയേറ്റക്കാരാകട്ടെ, അവരുടെ ‘ലോകോത്തര’ അഭിനിവേശങ്ങൾക്കനുസൃതമായി ഫ്ളാറ്റുകളിലും ആഡംബര ഹോളിഡേ ഹോമുകളിലും (holiday homes) അവരുടെ പണം നിക്ഷേപിച്ച് അവരുടെ ആസ്തി കൂട്ടുന്നു. ഈ മാറ്റങ്ങൾ, ആഡംബര വസ്തുക്കളുടെ ഉപഭോഗത്തിൽ കാര്യമായുള്ള വർദ്ധനവ്, അതായത് ഇന്ത്യൻ സമ്പത് വ്യവസ്ഥിതിയുടെ ‘premiumisation’ നെ സൂചിപ്പിക്കുന്നു. എന്നാൽ, കൊച്ചിയിൽ നമ്മൾ കണ്ടത് പോലെ, ഇത്തരം premiumisation സാമ്പത്തിക അസമത്വങ്ങളെ വല്ലാതെ വർദ്ധിപ്പിക്കുന്നുണ്ട്. വരേണ്യ പ്രവാസികളുടെ ‘ലോകോത്തര’ നഗര വികസന മോഹങ്ങളോട് കിടപിടിക്കാനുള്ള ത്വരയിൽ കൊച്ചിയിലെ ചരിത്രപരമായി പാർശ്വവത്കരിക്കപ്പെട്ട മർദ്ദിത ജാതികളിൽ പെട്ട ജനസമൂഹങ്ങൾക്ക് നഗരത്തിലെ പലയിടങ്ങളും കൂടുതൽ അപ്രാപ്യമാവുകയാണ് ചെയ്യുന്നത്. ഇക്കാരണങ്ങളാൽ തന്നെ, കേരളത്തിലെയും ഇന്ത്യയിലെ മറ്റു പ്രദേശങ്ങളിലെയും നഗരങ്ങളുടെ രൂപകൽപന നടത്തുമ്പോൾ, അന്തർദ്ദേശീയ തലത്തിൽ വിപണിനടത്തുന്ന റിയൽ എസ്റ്റേറ്റ് വ്യവസായികൾ, വരേണ്യ പ്രവാസികൾ എന്നിവരുടെ ദൈനംദിന പ്രവർത്തനങ്ങൾ കാര്യമായി കണക്കിലെടുക്കേണ്ടിയിരിക്കുന്നു.
ഗ്രന്ഥസൂചി
Department of Industrial Policy & Promotion. 2005. ‘Press Note 2’. Government of India, Ministry of Commerce and Industry.
Gidwani, V., Goldman, M. & Upadhya, C. (eds.). 2024. Chronicles of a Global City: Speculative Lives and Unsettled Futures in Bengaluru. University Of Minnesota Press.
Harvey, D. 2009[1973]. Social Justice and the City. University of Georgia Press.
Menon, S. (2025). ‘Dubai Diasporas, Transnational Remittances, and Intimate Infrastructures of Finance in India’. Environment and Planning A: Economy and Space 57, no. 6, 719–738. https://doi.org/10.1177/0308518X251344129
Rajan, S. I. and Zachariah, K.C. 2019. ‘Emigration and Remittances: New Evidences from the Kerala Migration Survey, 2018’. Center for Development Studies, Working Paper 483.
Roy, A., & Ong, A. (eds.). 2011. Worlding Cities: Asian Experiments and the Art of Being Global. Wiley-Blackwell.
Searle, L. G. 2016. Landscapes of Accumulation: Real Estate and the Neoliberal Imagination in Contemporary India. University of Chicago Press.
Varrel, A. (2020). ‘A job in Dubai and an apartment in Bangalore’. City 24, no. 5–6, 818–829.
Wright, A. 2021. Between Dreams and Ghosts: Indian Migration and Middle Eastern Oil. Stanford University Press.
ലേഖകനെക്കുറിച്ചു: ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്‌സിലെ ജിയോഗ്രഫി ആൻഡ് എൻവയൻമെന്റ് വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസറാണ് സിദ്ധാർഥ് മേനോൻ. സിദ്ധാർത്ഥിന്റെ ഗവേഷണങ്ങളെക്കുറിച്ചു കൂടുതലറിയാൻ http://sidmenon.com/ സന്ദർശിക്കു.
English Summary: A translation of an earlier piece by Siddharth Menon which examines the phenomenon of NRI flats in Kerala’s urban spaces.