ഒന്നിൽക്കൂടുതൽ എഴുത്തുരീതികളും, വാമൊഴി വ്യവസ്ഥകളും ഒരേസമയം ഉപയോഗത്തിലുണ്ടായിരുന്ന നാട്ടുഭാഷകളിൽ നിന്ന് ഒരു ആധുനിക ഭാഷയിലേക്കുള്ള മലയാളത്തിന്റെ പരിണാമം നിവേദിത കളരിക്കൽ ചർച്ച ചെയ്യുന്നു
നിവേദിത കളരിക്കൽ
ഓരോ നാടിനെയും ഒന്നിപ്പിക്കുന്ന ഒരു സുപ്രധാന ഘടകം അവിടെയുള്ള ‘ജനങ്ങൾ സംസാരിക്കുന്ന ഒരു പൊതുഭാഷ‘ ആണെന്ന ആധുനിക ബോധമാണ് ഇന്ത്യയിലെ സംസ്ഥാനങ്ങളെ ഭാഷാടിസ്ഥാനത്തിൽ രൂപീകരിച്ചതിന്റെ അടിസ്ഥാനം. ഭൂരിഭാഗം ജനങ്ങളും മലയാളം സംസാരിക്കുന്ന ഒരു ഭൂപ്രദേശം എന്ന മാനദണ്ഡത്തെ അടിസ്ഥാനമാക്കിയാണ് 1956 ൽ കേരളം എന്ന സംസ്ഥാനവും രൂപീകരിക്കപ്പെട്ടത്. പത്തൊൻപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ വിഭിന്ന സാംസ്കാരിക സമുദായങ്ങളായും വിവിധ ഭാഷാസമൂഹങ്ങളായും ഇന്ത്യയുടെ തെക്കുപടിഞ്ഞാറൻ തീരത്തു ജീവിച്ചിരുന്ന ജനങ്ങളെ, ഒരു നൂറ്റാണ്ടിനിപ്പുറം ഒരു പൊതുഭാഷയുടെ അടിസ്ഥാനത്തിൽ ഒരൊറ്റ ജനസമൂഹമായി വിഭാവനം ചെയ്യാൻ തുടങ്ങിയതിനു പിന്നിലെ ചരിത്രത്തിലേക്ക് ഒന്ന് കണ്ണോടിക്കാം.
ദേശഭാഷകളും കേരളീയസാമൂഹ്യവ്യവസ്ഥയും: പത്തൊൻപതാം നൂറ്റാണ്ടു വരെ
പതിനേഴ്, പതിനെട്ട് നൂറ്റാണ്ടുകളിൽ മലബാർ തീരത്ത് നിലനിന്നിരുന്ന ആശയവിനിമയമാധ്യമങ്ങളെക്കുറിച്ച് അക്കാലത്ത് കേരളത്തിൽ വന്ന കത്തോലിക്ക പാതിരിമാരായ ഫാ. അർണോസിന്റെയും, ഫാ. ക്ലമന്റ് പിയാനിയൂസിന്റെയും എഴുത്തുകളിൽ പ്രതിപാദിച്ചിട്ടുണ്ട്.1 ഒന്നിൽക്കൂടുതൽ എഴുത്തുരീതികളും, വാമൊഴി വ്യവസ്ഥകളും ഒരേസമയം ഉപയോഗത്തിലുണ്ടായിരുന്ന ആ കാലഘട്ടത്തിൽ, ഓരോ സമുദായങ്ങൾക്കിടയിലും പ്രചാരത്തിൽ ഉണ്ടായിരുന്ന എഴുത്തു–പറച്ചിൽ ശൈലികൾ അന്നത്തെ സമൂഹത്തിൽ സാമാന്യമായി നിലനിന്നിരുന്ന ജാതിശ്രേണികളെ വെളിവാക്കുന്നവയായിരുന്നു. അതിനാൽത്തന്നെ, സാധാരണജനങ്ങളുടെ വ്യവഹാരഭാഷയെ ‘നീചഭാഷ‘ എന്ന് വിശേഷിപ്പിക്കുമ്പോൾ തന്നെ, പതിനെട്ടാം നൂറ്റാണ്ടിന്റെ ആദ്യപാദത്തിൽ മദ്ധ്യകേരളത്തിൽ പ്രചാരത്തിൽ ഉണ്ടായിരുന്ന സംസ്കൃതസമ്മിശ്രമായ ഭാഷാരൂപത്തെ ‘ഉച്ചഭാഷ‘ എന്നാണ് അന്നത്തെ യൂറോപ്യൻ മിഷനറിമാർ വിശേഷിപ്പിച്ചത്. രണ്ട് ബ്രാഹ്മണപുരോഹിതരിൽ നിന്ന് സംസ്കൃതം പഠിച്ച അർണോസ് പാതിരി ലാറ്റിൻ ഭാഷയിൽ എഴുതിയ വ്യാകരണകൃതിയായ ‘ഗ്രമാറ്റിക്ക ഗ്രാൻഡോണിക്ക’ (1730-32) (Grammatica Grandonica) ഉന്നതജാതിക്കാരായ ഹിന്ദുക്കൾ കാവ്യശാസ്ത്രരചനകൾക്കുതകുന്നതായി കണക്കാക്കിയിരുന്ന ഗ്രന്ഥഭാഷയുടെ ഘടനയെ ആസ്പദമാക്കിയതായിരുന്നു.2 സാധാരണ ജനങ്ങളുടെ സംസാരഭാഷയെ ഘടനാപരമായി വിശകലനം ചെയ്യാൻ തക്കതായ ഒന്നായി ആ കാലത്തെ മിഷനറിമാർ കരുതിയിരുന്നില്ല എന്ന് ഇതിൽനിന്നു അനുമാനിക്കാം.
പത്തൊൻപതാം നൂറ്റാണ്ടിലെ കേരളത്തിൽ വട്ടെഴുത്ത്, കോലെഴുത്ത്, ഗ്രന്ഥാക്ഷരത്തിൽ നിന്ന് ഉരുത്തിരിഞ്ഞ ആര്യഎഴുത്ത് എന്നിങ്ങനെ പലയിനം എഴുത്തുരീതികളും, അനേകം വാമൊഴികളും പ്രചാരത്തിൽ ഉണ്ടായിരുന്നു. ഇവയ്ക്കു പുറമെ സുറിയാനി, അറബി എന്നിവയുടെ സ്വാധീനമുള്ള ഭാഷാരൂപങ്ങളായ ഗർഷൊണിമലയാളം, അറബിമലയാളം എന്നീ എഴുത്തുരീതികളും ആ കാലഘട്ടത്തിൽ നിലവിലുണ്ടായിരുന്നു. ഇക്കാരണം കൊണ്ട് തന്നെ അന്ന് കേരളത്തിൽ മതപ്രചാരണം നടത്തിയിരുന്ന പല പാശ്ചാത്യ മിഷനറിമാരും ഒരേ രേഖയിലോ പുസ്തകത്തിലോ തന്നെ വട്ടെഴുത്തും, ഗ്രന്ഥാക്ഷരവും, തമിഴ്ലിപിയും കൂട്ടിക്കലർത്തി രചനകൾ നടത്തിയിരുന്നതായി എം.വി.തോമസ് രേഖപ്പെടുത്തിയിട്ടുണ്ട്.3
പതിനെട്ടാം നൂറ്റാണ്ടിൽ മാർത്താണ്ഡവർമ്മയുടെ ഭരണത്തിൻകീഴിൽ വിവിധ നാട്ടുരാജ്യങ്ങളുടെ ഏകീകരണം നടക്കുമ്പോഴാണ് തിരുവിതാംകൂറിനു ചെറിയതോതിലെങ്കിലും ഒരു പൊതുഭരണഭാഷ ഉരുത്തിരിയുന്നത്. എങ്കിലും ഭൂരിപക്ഷം വരുന്ന സാധാരണക്കാരായ ജനങ്ങളെ സംബന്ധിച്ച് ഭാഷ എന്നത് പ്രാഥമികമായും സാമൂഹ്യ ഉച്ചനീചത്വങ്ങളെ വെളിവാക്കുന്നതും ജാതീയ ശ്രേണികളുടെ പ്രതീകമായതുമായ ഒരു ചിഹ്നവ്യവസ്ഥ തന്നെയായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ചില ദശകങ്ങളിൽ വരെ മദ്ധ്യകേരളത്തിൽ പ്രചാരത്തിലിരുന്ന ‘ആചാരഭാഷാ’സമ്പ്രദായത്തെക്കുറിച്ച് കാണിപ്പയ്യൂർ ശങ്കരൻ നമ്പൂതിരിപ്പാട് തൻ്റെ ആത്മകഥയായ ‘എന്റെ സ്മരണകളി’ ൽ (1964) പ്രതിപാദിക്കുന്നുണ്ട്. ജാതിശ്രേണിയിൽ ഉയർന്ന പദവിയിൽ ഉള്ളവർ സാമൂഹ്യശ്രേണിയിൽ സമന്മാരായവരെ അഭിസംബോധന ചെയ്യുമ്പോൾ ഉപയോഗിക്കുന്ന പദങ്ങൾ (സമനിയോഗം) ഉപയോഗിച്ചല്ല തങ്ങളേക്കാൾ താഴ്ന്ന ജാതിയിലുള്ളവരെ അഭിസംബോധന (ന്യൂനനിയോഗം) ചെയ്തിരുന്നത്. സമനിയോഗപ്രകാരം ‘എടുക്കൂ ‘, ‘ഇരുന്നോളൂ‘ എന്നെല്ലാം സമന്മാരോട് പറയുന്ന ഒരു സവർണ്ണൻ തന്നേക്കാൾ താഴ്ന്ന ജാതിയിലും സാമൂഹ്യപദവിയിലുമുള്ള ഒരാളോട് ‘എടുക്ക്‘, ‘ഇരിക്ക്‘ എന്നെല്ലാം ശാസനയുടെയോ, നിർബന്ധത്തിന്റെയോ സ്വരത്തിലേ സംസാരിക്കുമായിരുന്നുള്ളൂ എന്ന് കാണിപ്പയ്യൂർ വിവരിക്കുന്നുണ്ട്.4 ഇതുപോലെത്തന്നെ, താഴ്ന്നജാതിക്കാർ ഉയർന്നജാതിയിലുള്ളവരെ അഭിസംബോധന ചെയ്യുമ്പോൾ അവർ അഭിസംബോധന ചെയ്യുന്നവരെയും, അവരുടെ വസ്തുക്കളെയും സൂചിപ്പിക്കാനായി ഒരു കൂട്ടം വാക്കുകളും, എന്നാൽ ഇവക്കു സമാനമായി അവനവനെയും, സ്വന്തം വസ്തുക്കളെയും സൂചിപ്പിക്കാനായി മറ്റുചില വാക്കുകളും ഉപയോഗിച്ചിരുന്നതായി മനസ്സിലാക്കാം. ഉദാഹരണത്തിന്, നമ്പൂതിരിയോ, തമ്പുരാനോ ഉടുക്കുന്ന വസ്ത്രത്തെപ്പറ്റി ഒരു അവർണ്ണൻ ‘ആദരഭാഷ’യിൽ ‘ഉടയാട‘ എന്ന് പറയുമ്പോൾ സ്വന്തം വസ്ത്രത്തെ സൂചിപ്പിക്കാനായി അയാൾ ‘വിനയഭാഷ’യിൽ ‘കീറൽ‘, ‘പഴമുണ്ട്‘, ‘പഴന്തുണി‘ തുടങ്ങിയ വാക്കുകളേ ഉപയോഗിക്കാവൂ എന്നതായിരുന്നു വ്യവസ്ഥ.5 ദേശ-ജാതി-വർണ്ണ ബദ്ധമായ ഇത്തരം പ്രയോഗങ്ങൾ വാമൊഴിയിൽ മാത്രമല്ല, ഒരു പരിധിവരെ അക്കാലത്തെ ഭരണ-നിയമപാലനസംബന്ധിയായ ഭാഷയിലും ഉണ്ടായിരുന്നു.
അക്കാലത്തെ സാമൂഹ്യവിനിമയത്തിലെ ഉച്ച-നീചത്വങ്ങൾ ഭാഷയുടെ പ്രയോഗവൈവിദ്ധ്യത്തിലൂടെ എങ്ങിനെ പ്രതിഫലിച്ചിരുന്നു എന്നത് കൂടാതെ, എപ്രകാരമാണ് ഈ പ്രയോഗവ്യത്യാസങ്ങൾ അന്ന് നിലനിന്നിരുന്ന സാമൂഹ്യഘടനയെ പുനരുൽപ്പാദിച്ചിരുന്നത് എന്നതും നമുക്കിതിലൂടെ വ്യക്തമാവും. വിവിധങ്ങളായ ജനങ്ങളെ ഒന്നിപ്പിക്കുന്ന ഒരു ഭാഷ എന്നതിനേക്കാൾ, വ്യത്യസ്തതകളെ തുറന്നുകാണിക്കുന്ന പലതരം ഭാഷാപ്രയോഗങ്ങളും, ലിഖിതവ്യവസ്ഥകളുമാണ് ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതി വരെയും കേരളം എന്ന ഭൂപ്രദേശത്തുണ്ടായിരുന്നതെന്ന് കാണിപ്പയ്യൂരിന്റെ വിവരണങ്ങളിൽ നിന്നും അനുമാനിക്കാം. വാക്കുകളുടെ പ്രയോഗത്തിലൂടെ പ്രകടമാകുന്ന ഇത്തരം ഉച്ചനീചത്വങ്ങൾ ഇരുപതാം നൂറ്റാണ്ടിൻ്റെ ആദ്യം വരെ ശക്തമായി നിലനിന്നിരുന്നു. പക്ഷേ, എഴുത്തുരീതിയിലെ വൈവിധ്യങ്ങളും, ഭാഷാപ്രയോഗത്തിലെ വ്യാകരണപരമായ ക്രമമില്ലായ്മയുമെല്ലാം പത്തൊൻപതാം നൂറ്റാണ്ടിൻ്റെ അവസാനമായപ്പോഴേക്കും ഏകദേശം മുഴുവനായും ഇല്ലാതായിരുന്നു. കോളനിവത്കരണത്തിനുശേഷമുള്ള വിവിധ ഭാഷാശാസ്ത്രപഠനങ്ങളിലൂടെയും, ഭാഷാ-ആസൂത്രണത്തിലൂടെയുമാണ് ഇത് സംഭവിച്ചത്.
കോളനിഭരണവും, വിദ്യാഭ്യാസസംരംഭങ്ങളും: മിഷനറിമാരുടെയും, ഭരണകർത്താക്കളുടെയും ഇടപെടലുകൾ
പത്തൊൻപതാം നൂറ്റാണ്ടിൻ്റെ ആദ്യദശകം ആയപ്പോഴേക്കും തിരുവിതാംകൂർ, കൊച്ചി എന്നീ നാട്ടുരാജ്യങ്ങൾ റസിഡന്റ് ഭരണത്തിലൂടെയും, മലബാർ നേരിട്ടും ബ്രിട്ടീഷ് ഭരണത്തിൻ കീഴിലായി. അധികം വൈകാതെ തന്നെ ബ്രിട്ടനിൽ നിന്നുമുള്ള പ്രൊട്ടസ്റ്റന്റ് മിഷനറി വിഭാഗങ്ങളായ സി.എം.സ്., എൽ.എം.സ്. എന്നീ സഭകളുടെ പ്രവർത്തനം നാട്ടുരാജ്യങ്ങളിലും, ജർമനിയിൽ നിന്നുള്ള മിഷനായ ബി.എം.എസിൻ്റെ പ്രവർത്തനം മലബാറിലും ആരംഭിച്ചു. നാട്ടുകാരുമായി അടുത്തിടപഴകാനും, മതപ്രചാരണത്തിനും, ഇവർ പുതുതായി സ്ഥാപിച്ച വിദ്യാലയങ്ങൾ വഴി പഠിപ്പിക്കാനുമെല്ലാം നാട്ടുഭാഷകളിലുള്ള പ്രാവീണ്യം ഈ മിഷനറിമാർക്ക് അത്യന്താപേക്ഷിതമായിരുന്നു. അതേസമയം തന്നെ, അന്നത്തെ കോളനിഭരണത്തിന്റെ പ്രധാന കേന്ദ്രങ്ങളിലൊന്നായ മദ്രാസ്-നെ ആസ്ഥാനമാക്കി പ്രവർത്തിച്ചിരുന്ന ബ്രിട്ടീഷ് ഭരണകർത്താക്കളും, അവിടെയുള്ള സെന്റ് ജോർജ് കോട്ടയെ കേന്ദ്രമാക്കി തെക്കേ ഇന്ത്യയെപ്പറ്റി പഠനങ്ങൾ നടത്തിയിരുന്ന യൂറോപ്യൻ പണ്ഡിതരും ഇതേ നാട്ടുഭാഷകൾ സ്വായത്തമാക്കാൻ പരിശ്രമിക്കുന്നുണ്ടായിരുന്നു. ഭരണനിർവ്വഹണത്തിൻ്റെ ഭാഗമായി തദ്ദേശീയരായ ജനങ്ങളുമായി ആശയവിനിമയം നടത്തുന്നതിനും പുതിയ നിയമങ്ങളെക്കുറിച്ച് അതാതു നാട്ടിൽ പ്രചാരത്തിലുള്ള ഭാഷാരൂപങ്ങളിലൂടെ സംവദിക്കാനുമൊക്കെ കഴിയണമെങ്കിൽ കോളനി ഭരണകർത്താക്കൾക്ക് ഈ അറിവ് അനിവാര്യമായിരുന്നു.
തെക്കേ ഇന്ത്യൻ ഭാഷകളെ വർഗീകരിക്കാനും, പഠിക്കാനും തുനിഞ്ഞ ചില മിഷനറിമാരും ചില ബ്രിട്ടീഷുകാരായ പണ്ഡിതരും ഒരു ‘താണതരം‘ ഭാഷാരൂപമായിട്ടാണ് തുടക്കത്തിൽ മലയാളത്തെ രേഖപ്പെടുത്തിയത്. Robert Drummond ൻ്റെ Grammar of the Malayalam Language (1799 ), F. Spring ൻ്റെ Outlines of a Grammar of the Malayalim Language (1839 ) എന്നീ വ്യകാരണ പുസ്തകങ്ങൾ മലയാളഭാഷയെ തെക്കേ ഇന്ത്യയിലെ പ്രധാന ഭാഷകളിലൊന്നായി ഉയർത്തിക്കാണിച്ചുവെങ്കിലും Robert Caldwell ൻ്റെ A Comparative Grammar of Dravidian or South Indian Family of Languages (1856) ആണ് ദ്രാവിഡഭാഷകളിലെ ‘സാംസ്കാരിക ഔന്നത്യമുള്ള‘ ആറ് പ്രധാന ഭാഷകളിലൊന്നായി മലയാളത്തെ ആദ്യം കണക്കാക്കിയത്. വൈകാതെത്തന്നെ അനേകതരം എഴുത്തുരൂപങ്ങളും, പറച്ചിലുകളും നിലനിന്നിരുന്ന നാടുകൾ എന്ന യാഥാർഥ്യത്തിൽ നിന്നും, ചുരുങ്ങിയ എണ്ണം ഭാഷകളാൽ അടയാളപ്പെടുത്തിയ ചില ഭൂപ്രദേശങ്ങളായി തെക്കേ ഇന്ത്യയിലെ നാടുകൾ തരംതിരിക്കപ്പെട്ടു. ഭരണപരമായി ഭാഷാടിസ്ഥാനത്തിലുള്ള ഭൂപ്രദേശങ്ങളായി വിഭാവനം ചെയ്യപ്പെട്ടിരുന്നില്ലെങ്കിലും, പുതുതായി രചിക്കപ്പെട്ട ഭാഷാശാസ്ത്ര ഗ്രൻഥങ്ങളിലൂടെ ഇത്തരം ഒരു ഭാവന ക്രമേണ രൂപപ്പെട്ടുവരുന്നുണ്ടായിരുന്നു. Robert Cladwell ൻ്റെ വ്യാകരണത്തിലാണ് മലയാളഭാഷ സംസാരിക്കുന്ന ഭൂപ്രദേശം എന്നത് വടക്ക് ചന്ദ്രഗിരി മുതൽ തെക്ക് തിരുവനന്തപുരം വരെയാണെന്ന് ആദ്യമായി തിട്ടപ്പെടുത്തുന്നത്. എന്നാൽ, മലബാർ തീരത്തെ ഭരണപരമായ ആവശ്യങ്ങൾ നിറവേറ്റാൻ മലയാളംകൂടി അറിഞ്ഞേ മതിയാകൂവെന്ന് അതിന് മുൻപേ തന്നെ ബ്രിട്ടീഷുകാർ മനസ്സിലാക്കിയിരുന്നു. ഇതുകൊണ്ടു തന്നെ, സെന്റ് ജോർജ് കോട്ടയിൽ സ്ഥാപിച്ചിരുന്ന കോളേജിൽ പഠിച്ചിരുന്ന വെള്ളക്കാരായ സിവിൽ സെർവന്റുകൾ തമിഴ്, തെലുഗ്, മലയാളം, കർണാടകം, മറാഠ എന്നിവയിൽ ഏതെങ്കിലും ഒരു ഭാഷ ഐച്ഛികവിഷയമായി തിരഞ്ഞെടുക്കണമെന്ന വ്യവസ്ഥ 1820 കളിൽത്തന്നെ നിലവിലുണ്ടായിരുന്നുവെന്ന് ജെ. മങ്കമ്മ നിരീക്ഷിക്കുന്നുണ്ട്.6
ഭാഷാപരമായ സ്വത്വങ്ങളെ അടിസ്ഥാനമാക്കി ജനപഥങ്ങളെ മനസ്സിലാക്കാനും, വിവിധ ഭാഷാസമൂഹങ്ങൾ ജീവിക്കുന്ന പ്രദേശങ്ങളായി ഇന്ത്യയിലെ നാട്ടുരാജ്യങ്ങളെ തരംതിരിക്കാനുമുള്ള ഒരു ആധുനിക പദ്ധതി പത്തൊൻപതാം നൂറ്റാണ്ടിലെ കൊളോണിയൽ ജ്ഞാനവ്യവഹാരങ്ങളിൽ അടങ്ങിയിരുന്നുവെന്നത് നിസ്സംശയമാണ്. മദ്രാസിലെ സെന്റ് ജോർജ് കോട്ടയിലെയും മലബാർ തീരത്തെ മിഷനറി സ്ഥാപനങ്ങളിലെയും അച്ചുകൂടങ്ങളിൽ നിന്ന് പ്രസിദ്ധീകരിച്ച വ്യാകരണങ്ങളിലും നിഘണ്ടുക്കളിലും മാത്രമല്ല, അക്കാലത്ത് വായനക്കാരിലേക്ക് എത്തിച്ചേർന്ന മിഷനറി പത്രങ്ങളിലും പാഠപുസ്തകങ്ങളിലുമെല്ലാം ഈ പുതിയ ജ്ഞാനമാതൃകയുടെ സ്വാധീനം ദൃശ്യമാണ്. ‘മലയാള’രാജ്യത്തെ ഭാഷയെ സൂചിപ്പിക്കാൻ ‘മലയാഴ്മ’ എന്നും ‘മലയായ്മ’ എന്നുമുള്ള പേരുകൾ ഉപയോഗത്തിലുണ്ടെന്നും, ഈ ഭാഷ സംസാരിക്കുന്ന ആളെ സൂചിപ്പിക്കാൻ മലയാളി അഥവാ മലവാസി എന്ന നാമം സാധാരണയായി അവലംബിക്കുന്നുവെന്നും Caldwell തൻ്റെ വ്യാകരണത്തിൽ രേഖപ്പെടുത്തി.7 കൊളോണിയൽ ദേശ-ഭാഷാ-വംശ പഠനങ്ങളുടെ ഭാഗമായി ഉരുത്തിരിഞ്ഞ ഇത്തരം നാമകരണങ്ങളും തരംതിരിക്കലുകളും ഭാഷാസൂത്രണത്തിന്റെ തലത്തിലും, തത്ഫലമായി പിന്നീടുണ്ടായ ഭാഷാദേശീയതയുടെ വ്യവഹാരങ്ങളിലും വലിയ സ്വാധീനം ചെലുത്തി. ഓരോ മതത്തിലുള്ളവർക്കും അവരവരുടെ മതഗ്രന്ഥങ്ങളിലും ആരാധനാക്രമങ്ങളിലുമുള്ള പവിത്രഭാഷകളും ഓരോ ജാതിവിഭാഗങ്ങൾക്കും അവരുടേതായ തൊഴിൽ-വംശക്കൂട്ടായ്മയുമായി ബന്ധപ്പെട്ട സ്വകാര്യഭാഷകളും ഉണ്ടായിരുന്നു.
എന്നാൽ, വ്യത്യസ്ത നാട്ടുരാജ്യങ്ങളിലുള്ളവരെ ഒരു പൊതുഭാഷ സംസാരിക്കുന്നവർ എന്ന അടിസ്ഥാനത്തിൽ ഒരൊറ്റ ജനതയായി സങ്കല്പിക്കാനുള്ള സാധ്യത തുറന്നത് പുതിയതായി അച്ചടിച്ച പുസ്തകങ്ങളുടെ വ്യാപനത്തോടെയായിരുന്നു. നാട്ടുഭാഷാവിദ്യാലയങ്ങളിലെ സാമാന്യമാധ്യമം എന്ന നിലയിൽ അച്ചടിയിലൂടെ പ്രചാരം നേടിയ ആര്യയെഴുത്ത്, 1870 കളോടെ തെക്കുപടിഞ്ഞാറൻ ഇന്ത്യക്കാരുടെ പൊതുഭാഷ എന്ന സ്ഥാനത്തേക്ക് ഉയർത്തപ്പെട്ടു. നാട്ടുഭാഷയും, ഇംഗ്ലീഷും പഠിച്ച്, സർക്കാർ ജോലികളിലും പുത്തൻ വ്യവസായങ്ങളിലുമായി വ്യാപാരിച്ചിരുന്ന ഒരു തദ്ദേശീയ മദ്ധ്യവർഗ്ഗത്തിൻ്റെ ഉദയം പത്തൊൻപതാം നൂറ്റാണ്ടിൻ്റെ അവസാന ദശകങ്ങളിലെ ഒരു പ്രത്യേകതയായിരുന്നു. ഈ മദ്ധ്യവർഗ്ഗത്തിൻ്റെ സ്വത്വനിർമ്മിതിയിൽ ഒഴിച്ചുകൂടാനാകാത്ത ഒരു ഘടകമായിത്തീർന്നത് അവരിലുണ്ടായ ‘സ്വഭാഷാബോധം’ ആണ്. ഈ വർഗത്തിൻ്റെ സ്വഭാഷാബോധത്തിൽ നിന്നാണ് പിന്നീട് ഒരൊറ്റ ഭാഷയെ അടിസ്ഥാനമാക്കിയുള്ള ഒരു ഭാഷാഭൂമിക എന്ന നിലയിൽ കേരളം എന്ന ഒരു പ്രദേശം വിഭാവനം ചെയ്യപ്പെടുന്നത്. എപ്രകാരമാണ് ഈ പുതിയ മദ്ധ്യവർഗ്ഗം മലയാളം എന്ന ഭാഷയെ തങ്ങളുടെ അടിസ്ഥാനസ്വത്വത്തിൻ്റെ ഭാഗമായി വിഭാവനം ചെയ്തതെന്നും, ഭാഷ എന്നത് മറ്റു പല സാമൂഹ്യഘടകങ്ങളെയും പോലെ പരിഷ്കരിക്കപ്പെടേണ്ട ഒരു വസ്തുതയാണെന്ന് അവർ എന്തുകൊണ്ട് ചിന്തിക്കാൻ തുടങ്ങിയെന്നും മനസ്സിലാക്കേണ്ടത് ആവശ്യമാണ്.
മദ്ധ്യവർഗ്ഗവും അച്ചടിസാങ്കേതികവിദ്യയും: പുതുസാമൂഹ്യഭാവന, പുതുസ്വത്വം, പുതുഭാഷ
പത്തൊൻപതാം നൂറ്റാണ്ടിൻ്റെ തുടക്കത്തിൽ കോളനിസർക്കാറിൻ്റെയും മിഷനറിമാരുടെയും മാത്രം കൈവശം ഉണ്ടായിരുന്ന അച്ചടിവിദ്യ, 1870 കൾ ആയപ്പോഴേക്കും നാട്ടുരാജാക്കന്മാരുടെയും ചുരുക്കം ചില നാട്ടുപ്രമാണിമാരുടെയും ഉടമസ്ഥതയിലുള്ള അച്ചടിശാലകൾ വഴി കൂടുതൽ ജനങ്ങൾക്ക് പ്രാപ്യമായി. അച്ചടി-മുതലാളിത്തവ്യവസ്ഥയിലേക്കുള്ള ഈ പരിണാമഘട്ടത്തിൽ താന്താങ്ങളുടെ ‘സമുദായപാരമ്പര്യ’ത്തെയും, സമുദായചരിത്രത്തെയും പുനർനിർമിക്കാനാണ് തദ്ദേശീയരായ അഭ്യസ്തവിദ്യർ ഈ പുതിയ സാങ്കേതികവിദ്യയെ ആദ്യം ഉപയോഗിച്ചതെന്നതാണ് കൗതുകകരമായ വസ്തുത. കൊളോണിയൽ വിദ്യാഭ്യാസപദ്ധതിയിലൂടെ സ്വായത്തമാക്കിയ പുതിയ മൂല്യവ്യവസ്ഥയുടെ സ്വാധീനം മൂലം പടിഞ്ഞാറിൻ്റെ ആശയങ്ങളെ മുൻനിർത്തിക്കൊണ്ട് സ്വന്തം സമുദായങ്ങളുടെ ആചാരങ്ങളെയും, വിശ്വാസങ്ങളെയും പുനഃപരിശോധിക്കുന്നതിൽ ഈ പുത്തൻ വരേണ്യവർഗ്ഗം തല്പരരായിരുന്നു. ഇത്തരം ചർച്ചകൾ ഭാഷാപോഷിണി മുതൽ രസികരഞ്ജിനി യും കേരളനും വരെയുള്ള അക്കാലത്തെ ആനുകാലികങ്ങളിൽ നിറഞ്ഞുനിന്നിരുന്നു. പറയത്തക്കതായ ഒരു ചരിത്രമോ, സാഹിത്യമോ, വിശേഷപദവിയോ ഇല്ലാത്ത ഒരു ഭാഷ സംസാരിക്കുന്ന ജനസമൂഹമെന്ന നിലയിലാണ് അച്ചടിയിലൂടെ പ്രചാരത്തിലുണ്ടായിരുന്ന പല കൊളോണിയൽ വിവരണങ്ങളിലും, ഭാഷാപഠനങ്ങളിലും തങ്ങളെ അടയാളപ്പെടുത്തിയിരിക്കുന്നതെന്ന വസ്തുത ഈ സാംസ്കാരിക പ്രമുഖർക്ക് അംഗീകരിക്കാനാവുമായിരുന്നില്ല. ആദ്യ തദ്ദേശീയ മിഷനറിമാരിൽ ഒരാളായ ജോർജ് മാത്തൻ 1868ൽ രചിച്ച മലയാഴ്മയുടെ വ്യാകരണ ത്തിലടക്കം ഇന്നാട്ടുകാർ വ്യാകരണങ്ങൾ നിർമിക്കാത്തതുമൂലം മലയാളഭാഷക്കുള്ള ‘പതിത്വ’ത്തെക്കുറിച്ചും, ഈ ഭാഷയുടെ ‘പോഷണം’ എങ്ങിനെ സാധ്യമാകുമെന്നും പരാമർശിക്കുന്നുണ്ട.8 ഇതിനു മറുപടിയെന്ന വണ്ണം, അറിയപ്പെടാത്തതും, വാമൊഴിരൂപത്തിലോ, താളിയോലകളുടെ രൂപത്തിലോ ഉണ്ടായിരുന്നതുമായ ഒരുപാട് ഗ്രൻഥങ്ങൾ അധികം വൈകാതെ തന്നെ സ്വദേശീയരുടെ അച്ചുകൂടങ്ങളിൽ അച്ചടിക്കപ്പെട്ടു എന്നതാണ് ശ്രദ്ധേയമായ ഒരു ഘടകം.
നിലനിന്നിരുന്ന രീതികളെയും, സ്ഥാപനങ്ങളെയും പുനരുദ്ധരിക്കുകയും ആധുനികവൽക്കരിക്കുകയും ചെയ്യുന്നതിൽ വ്യാപൃതരായിരുന്ന മദ്ധ്യവർഗ്ഗത്തെ സംബന്ധിച്ച് തങ്ങൾ സംസാരിക്കുന്ന ഭാഷ എന്നത് സ്വന്തം സ്വത്വത്തിൻ്റെ അടയാളവും, പുനരുജ്ജീവിപ്പിക്കപ്പെടേണ്ട ഒരു വസ്തുവുമായിരുന്നു. ‘തെറ്റിയും, വ്യവസ്ഥകൂടാതെയും’ ഭാഷസംസാരിക്കുന്ന നാട്ടുകാർക്ക് ‘ഒരു നിയമപുസ്തകം കിട്ടിയാൽ’, അതവർ ക്കും അന്യദേശക്കാർക്കും ഭാഷപഠിക്കാൻ ഉപകരിക്കും എന്ന ചിന്തയാണ് 1876 ൽ കേരളഭാഷാ വ്യാകരണം എഴുതാൻ പാച്ചുമൂത്തതിനെ പ്രചോദിപ്പിച്ചത്.9 സ്വഭാഷയുടെ പോഷണത്തിലൂടെ മാത്രമേ ഒരു ജനതയെന്ന നിലക്ക് തങ്ങൾക്കും പുരോഗതിയുണ്ടാകൂ എന്ന ഒരു പുത്തൻ കാഴ്ച്ചപ്പാടിലൂടെ ഭാഷക്ക് ഒരു നിഘണ്ടു ഉണ്ടാക്കാൻ ഇരുപതു കൊല്ലം പരിശ്രമിച്ച ശ്രീകൺഠേശ്വരം ജി പദ്മനാഭപിള്ളയും, 1881ൽ ആദ്യ സാഹിത്യചരിത്രം എഴുതിയ പി. ഗോവിന്ദപ്പിള്ളയുമെല്ലാം ആധുനിക ഭാഷാശാസ്ത്രത്തിൻ്റെ രീതിയിൽ പറഞ്ഞാൽ ഭാഷക്കായി ഒരു ‘അച്ചിൽതീർത്തഖജനാവ്’ നിർമിക്കാനായി ശ്രമിച്ചവരാണ്. 1878 ൽ കോവുണ്ണി നെടുങ്ങാടി രചിച്ച കേരളകൗമുദി എന്ന വ്യാകരണത്തിൻ്റെ ‘അവതാരികാപഞ്ചകത്തിൽ’ ശ്രീപരശുരാമപ്രസിദ്ധമായ മലയാളഖണ്ഡത്തിൻ്റെ അതിർത്തി ഗോകർണം മുതൽ തുടങ്ങുന്നുവെന്നും, എന്നാൽ അക്കാലത്തുള്ള ‘ശുദ്ധകേരളം’ മംഗലാപുരത്തിനു തെക്കാണ് സ്ഥിതിചെയ്യുന്നതെന്നും പറയുന്നു.10 ഇത്തരത്തിൽ ആധുനികമായ ഒരു ദേശീയസ്വത്വം നിർമിക്കാനായി ആധുനികതയുടെ മൂശയിൽ വാർത്തെടുത്ത ഒരു ഭാഷയെ സജ്ജമാക്കാനും അതോടൊപ്പം ഒരു ഭാഷാപ്രദേശത്തിൻ്റെ ഭാഗമായി സ്വന്തം അസ്തിത്വത്തെ രേഖപ്പെടുത്താനുമുള്ള വ്യഗ്രത ഇരുപതാം നൂറ്റാണ്ടിൻ്റെ തുടക്കം വരെയുള്ള വിവിധ സാഹിത്യചർച്ചകളിൽ കടന്നുവരുന്നുണ്ട്. വംശീയതയെ അടിസ്ഥാനമാക്കിയുള്ള പല ദേശഭാവനകളും ഭാഷയെയും ആചാരങ്ങളെയും കേന്ദ്രികരിച്ചുള്ളവയാണെന്നും, അതിനാൽത്തന്നെ വ്യാകരണകർത്താക്കളും, നിഘണ്ടുനിര്മാതാക്കളുമെല്ലാം ഇത്തരം ദേശീയതാനിർമ്മിതികളിൽ വലിയ പങ്കുവഹിക്കുന്നവരാണെന്നും Anthony Smith നിരീക്ഷിക്കുന്നുണ്ട്.11 ആര്യയെഴുത്തിൽ രൂപമെടുത്ത ഒരു പൊതുഭാഷയെയും, അതിനെ അടിസ്ഥാനമാക്കിയുള്ള ഒരു ദേശഭാവനയെയും അധികരിച്ച് 1890 കളിൽ ഉയർന്നുവന്ന മലയാളീ മെമ്മോറിയലും, പിന്നീടുള്ള കുറച്ച് ദശകങ്ങളിൽ ഉരുത്തിരിഞ്ഞു വന്ന വിവിധ രാഷ്ട്രീയപ്രക്ഷോഭങ്ങളും ഇത്തരം ഒരു സവർണ്ണ മദ്ധ്യവർഗ്ഗത്തിൻ്റെ രാഷ്ട്രീയത്തെ ദേശതാൽപര്യമായി ഉയർത്തിക്കാണിച്ചിരുന്നു. ഇത് അവർക്ക് സാധ്യമായത് അച്ചടിമാധ്യമങ്ങളിലൂടെ സ്വന്തം അഭിപ്രായങ്ങളെ പൊതുതാൽപ്പര്യമായി ഉയർത്തിക്കാണിക്കാനുള്ള സാധ്യതകൾ ഉള്ളതുകൊണ്ട് തന്നെയായിരുന്നു.
About the author: Niveditha Kalarikkal teaches in the Centre for Comparative Literature & Translation Studies, Central University of Gujarat, Gandhinagar. She holds a PhD in Translation Studies from the University of Hyderabad. Her latest publication is “Beyond the Boundaries of Kochi: A Study of Raja Veera Keralavarma’s Travel Narrative to Kashi” which can be accessed at http://rupkatha.
Niveditha Kalarikkal examines the evolution of Malayalam into a modern language from local languages that had multiple writing styles and oral traditions
One comment