നിലതെറ്റിയ നർത്തകികൾ: മോഹിനിയാട്ടത്തിന്റെ ഭൂതവും വർത്തമാനവും

ജീവിച്ചിരിക്കുന്ന പരമ്പാരാഗത മോഹിനിയാട്ട നർത്തകിമാരുടെ ഓർമ്മകളും അവർ നേരിട്ട വിവേചനവും കൈചൂണ്ടുന്നത് സങ്കീർണ്ണമായ ഒരു ചരിത്രത്തിലേക്കാണ്. ഒരു കലാരൂപം എന്നതിനുപരി, നർത്തകിമാരുടെ സാമൂഹിക–ജാതിപദവികളുടെ പശ്ചാത്തലത്തിൽ മനസ്സിലാക്കേണ്ടതാണ് ഈ ചരിത്രം എന്ന് അമിത്ത് എഴുതുന്നു.

അമിത്ത് കെ.

മോഹിനിയാട്ടം നിർത്തേണ്ടിവന്നതിനാൽ മനസികാസ്വാസ്ത്യം അനുഭവിച്ച ചോമായിൽ മാധവിയമ്മയ്ക്കും (1871) വിവാഹാനന്തരം കളിയ്ക്കുപോവാതായ മങ്കിളി കൊച്ചുകുട്ടിയമ്മയ്ക്കും പേരറിയാത്ത ഒറവിലെ നർത്തകിക്കും.

ആമുഖം

കേരളത്തിന്റെ രാഷ്ട്രീയചരിത്രത്തോട് ചേർത്തുനിർത്തിയും ജാതി, വർഗം, ലിംഗത്വം എന്നീ താക്കോൽവാക്കുകളെ പരിഗണിച്ചുമുള്ള അന്വേഷണങ്ങളുടെ കുറവുമൂലം മോഹിനിയാട്ടത്തിന്റെ ചരിത്രം അവ്യക്തതകൾ നിറഞ്ഞതാണ്. മോഹിനിയാട്ടമെന്ന നൃത്തരൂപത്തിന്റെ പരിണാമഘട്ടങ്ങളും ആ നൃത്തരൂപം പാരമ്പര്യമായി ചെയ്തുവന്നിരുന്ന നർത്തകികളുടെ സാമൂഹികപദവി, ജാതിപദവി, എന്നിവയും നൃത്തവും രാഷ്ട്രീയഘടനയും തമ്മിലുള്ള ബന്ധവും കൃത്യതയോടെ പഠിക്കപ്പെട്ടിട്ടില്ല. കേരളത്തിൽ ദേവദാസീസമ്പ്രദായം നിലനിന്നിരുന്നോ? അവിടെ നിന്നാണോ മോഹിനിയാട്ടത്തിന്റെ ആരംഭം? സുവർണകാലത്തുനിന്ന് നർത്തകികൾ അധ:പതനത്തിലേക്കെത്തിയത് എങ്ങനെയാണ്? എന്നിങ്ങനെയുള്ള ചോദ്യങ്ങളിൽ കുടുങ്ങിക്കിടക്കുകയാണ് ഗവേഷണം. അത്തരം ചോദ്യങ്ങൾ മുന്നോട്ടുവരുന്നതിന്റെ കാരണം ചരിത്രപരമായ വീക്ഷണത്തിന്റെ അഭാവമാണ്. അതിനാൽ കൊട്ടാരങ്ങൾ, ഉന്നതജാതിക്കാരുടെ വീടുകൾ, അമ്പലങ്ങളിലെ പൊതുവേദികൾ എന്നിവിടങ്ങളിൽ നൃത്തം ചെയ്തുവന്ന സ്ത്രീകളുടെ കലയെയും ജീവിതത്തെയും രാഷ്ട്രീയമായ ജാഗ്രതയോടെ സമീപിക്കേണ്ടത് ചരിത്രനിർമാണത്തിന്റെ പരിഗണനയിൽ വരേണ്ടതുണ്ട്. അങ്ങനെയൊരു ശ്രമത്തിന്റെ തുടക്കമായി ഈ ലേഖനത്തെ മനസ്സിലാക്കാം. പത്തൊമ്പത്- ഇരുപത് നൂറ്റാണ്ടുകളിലായി ഭാരതപ്പുഴയുടെ തീരത്ത് ജീവിച്ച നർത്തകികളെ കുറിച്ചുള്ള എന്റെ അന്വേഷണമാണ് ഈ ലേഖനത്തിന്റെ പ്രതിപാദ്യം. 2024 ഓഗസ്റ്റ് 6ന് ലക്കിടിയിലേക്കുള്ള എന്റെ ആദ്യ ഫീൽഡ് വർക്ക് യാത്രയെ മുൻനിർത്തിയാണ് ലേഖനം പുരോഗമിക്കുന്നത്. വിവരശേഖരണത്തിന് വഴിയൊരുക്കിയ ഒരാൾ ഓട്ടൻതുള്ളൽ കലാകാരനായ എം. രാജേഷ് ആയിരുന്നു. പി. ശിവദാസിന്റെ ‘നിളയോരത്തെ മുത്തുമണികൾ’ എന്ന പുസ്തകത്തിനായി നടത്തിയ അന്വേഷണത്തിൽ രാജേഷും ലൈബ്രേറിയൻ ഗീതയും വലിയ പങ്കുവഹിച്ചു. പുസ്തകത്തിൽ ചോമായിൽ മാധവിയമ്മയെയും മങ്കിളി കൊച്ചുകുട്ടിയമ്മയെയും കുറിച്ചുള്ള പ്രധാന വിവരങ്ങൾ പ്രതിപാദിച്ചിട്ടുണ്ടായിരുന്നു. കൂടാതെ നന്നങ്കോട്ടിലെ ജയൻ യാത്രയിലുടനീളം സഹപ്രവർത്തകനായ് ഒപ്പം നിന്നു.

ഒന്ന്

ഭാരതപ്പുഴയുടെ തീരത്തായി തൃശ്ശൂർ-പാലക്കാട് അതിരുകളിൽ മോഹിനിയാട്ടക്കാരികൾ പാർത്തിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിലെങ്കിലും അവർ സജീവമായി മോഹിനിയാട്ടം അവതരിപ്പിക്കുകയും ആ കലയിൽ തന്നെ ജീവിക്കുകയും ചെയ്തിരുന്നു. എന്നാൽ അങ്ങേയറ്റം ഖേദകരമായ അന്ത്യമായിരുന്നു അവരുടെ നൃത്തജീവിതത്തിന് ഉണ്ടായിരുന്നത്. അവരുടെ നൃത്തത്തിന് ആധുനികകേരളത്തിന്റെ രൂപീകരണവേളയിൽ മൂല്യം നഷ്ടമായി. അവർ ദേവദാസികൾ എന്നോ വേശ്യകളെന്നോ അവഹേളിക്കപ്പെട്ടു.  ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തോടെ അവർക്കെല്ലാം നൃത്തം അവസാനിപ്പിക്കേണ്ടിയും വന്നു. അവരുടെ അഭാവത്തിൽ മോഹിനിയാട്ടം ക്ലാസിക്കൽ നൃത്തരൂപമായി. അവരുടെ അഭാവം എന്ന് ഞാൻ പറയുമ്പോൾ അവരുടെ ജീവിതത്തിന്റെയും കലയുടെയും അഭാവം എന്ന് വേണം മനസ്സിലാക്കാൻ. അവരുടെ ജീവിതവും കലയും കുറ്റകരമെന്ന് വിധിച്ച ആധുനിക കാലത്താണ് അവർക്ക് അരങ്ങൊഴിയേണ്ടി വരുന്നതും മോഹിനിയാട്ടം ദേശീയശ്രദ്ധയിലേക്കെത്തുന്നതും. ഈ സംഘർഷത്തെ ഉൾക്കൊള്ളുകയാണ് മോഹിനിയാട്ട പഠനത്തിന്റെ ആദ്യ ചുവട്. കാരണം വിലകെട്ടുപോയ സ്ത്രീജീവിതങ്ങൾക്ക് അവകാശപ്പെട്ടതാണ് ഈ നൃത്തരൂപം എന്ന് തിരിച്ചറിയുന്നതോടെ സൗന്ദര്യത്തെയും കലയെയും കുറിച്ച പൊതുവായി നമ്മൾ പുലർത്തുന്ന ധാരണകൾ തിരുത്തപ്പെടും. ആധുനിക പൂർവ്വ കാലത്തെ മോഹിനിയാട്ടക്കാരികളെ  മായ്ച്ചുകളഞ്ഞുകൊണ്ട് എഴുതിയ ചരിത്രമാണ് ഇന്നത്തെ മോഹിനിയാട്ടത്തിന്റേത് എന്ന് ഉൾക്കൊള്ളുന്നതോടെ കലാസങ്കേതങ്ങളെ തന്നെ പ്രശ്നവൽക്കരിക്കാനും കഴിയും. അങ്ങനെയല്ലാതെ വർത്തമാനകാലത്ത് നിന്നുകൊണ്ട് ഈ നൃത്തരൂപത്തെ സമീപിക്കാൻ കഴിയില്ല.

മേൽപറഞ്ഞ മോഹിനിയാട്ടക്കാരികളെല്ലാം മലയാളി ശൂദ്ര (നായർ) 1 സ്ത്രീകളായിരുന്നു. അവർ പത്തൊമ്പത്- ഇരുപത് നൂറ്റാണ്ടുകളിൽ മോഹിനിയാട്ടം അവതരിപ്പിച്ചവരാണ്. അവരെക്കുറിച്ച് അധികമാരും ആകുലപ്പെട്ടില്ല. അവരെ അന്വേഷിച്ചാരും പോയില്ല. അവരുടെ നൃത്തത്തിൽ എല്ലാവരും ‘അശ്ലീലം’ കണ്ടു. അത് അപൂർണമാണെന്നും മൂല്യവത്തല്ല എന്നും സൗന്ദര്യാത്മകമല്ലെന്നും ഗൗരവമല്ലെന്നും ശ്യംഗാരം മാത്രമാണെന്നും വിധിയെഴുതി. അവരുടെ കല അധമമെന്ന് സ്ഥാപിച്ചു കൊണ്ട് ക്ലാസിക്കലായ, ഇല്ലാത്ത ഒരു പാരമ്പര്യം മെനഞ്ഞെടുക്കുകയായിരുന്നു മോഹിനിയാട്ടത്തിന്റെ നവോത്ഥാനമെന്ന പേരിൽ നടന്നത്. അതിന്റെ അപകടകരമായ തുടർച്ചയാണ് ഇന്നും നടന്നുവരുന്നത്. 

രണ്ട്

A photo of a framed map on a wall of the Lakkidi-Perur panchayat of Palakkad district.
ലക്കിടി-പേരൂർ പഞ്ചായത്തിന്റെ ഭൂപടം. ചിത്രം: ലേഖകൻ

എൺപതിനു മുകളിൽ പ്രായമുള്ള ബാലകൃഷ്ണൻ നായരെ കാണാനാണ് ഞങ്ങൾ ആദ്യം ചെന്നത്. അദ്ദേഹത്തിന് ചോമായിൽ കുടുംബവുമായും മങ്കിളി കുടുംബവുമായും ബന്ധമുണ്ട്. നർത്തകിയായിരുന്ന ചോമായിൽ മാധവിയമ്മ അദ്ദേഹത്തിന്റെ അച്ഛന്റെ അമ്മയുടെ ഏടത്തിയാണ്. അദ്ദേഹം പറഞ്ഞു തുടങ്ങി; ‘പണ്ടതിന്റെ പേര് മോഹിനിയാട്ടം എന്നായിരുന്നില്ല. ദേവദാസീനൃത്തം എന്നായിരുന്നു. കുറച്ച് ചീപ്പാണത്. കലാമണ്ഡലക്കാരാണ് അതിനെ മോഹിനിയാട്ടമാക്കി മാറ്റിയത്. ഈ ദേവദാസീനൃത്തം എന്നു പറഞ്ഞാൽ വേശ്യാലയങ്ങളിലൊക്കെ നടക്കുന്ന ചില സംഭവങ്ങളൊക്കെയാണ്. അവരെ (നർത്തകികളെ) രണ്ടാംതരം ആളുകളായിട്ടാണ് അന്ന് കണക്കാക്കിയത്. അതിനാൽ കുടുംബത്തിൽ വേറെയാരും പഠിച്ചില്ല. അതിന് ആളുകളെക്കിട്ടില്ലായിരുന്നു’. 

ഇങ്ങനെ സംസാരിക്കുന്നതോടൊപ്പം അക്കാലത്തെ ജാതീയമായ അസമത്വത്തെക്കുറിച്ചും അദ്ദേഹം വാചാലനായി; അന്ന് നല്ല ജാതി സ്പിരിറ്റായിരുന്നു. തൊട്ടുകൂടായ്മ, തീണ്ടിക്കൂടായ്മ.

‘”… സ്നാനം കഴിച്ചീടണം, തൊട്ടാൽ ചാണകനീർ തളിച്ച് പുഴയിൽ താണിട്ടുമുങ്ങീടണം” (വരികൾ അവ്യക്തമായിരുന്നു, കൃത്യമല്ല). അങ്ങനെ ചില നിയമങ്ങളൊക്കെയുള്ള കാലഘട്ടമാ അത്. നായന്മാരിൽതന്നെ പല ജാതികൾ, പള്ളിച്ചാൻ പോലുള്ളവ. അന്നീ മനകളിലൊക്കെ പണിക്ക് നായന്മാരിൽ താഴ്ന്നവർ പോകില്ല. നായന്മാർ മനകളിൽ പോകുമ്പോൾ ജാക്കറ്റ് ഇടാൻ പാടില്ല. മുണ്ടുടുക്കാം. ഒരു തോർത്ത് തോളിലും ഇടാം.  അങ്ങനെത്തൊരു കാലമായിരുന്നു. നമ്പൂതിരിമാർ അവരുടെ ശരീരം നോക്കി ആസ്വദിച്ച് ജീവിക്കുന്ന കാലം. എനിക്കിപ്പോൾ 86 വയസ്സായി. മനകളിൽ ജാക്കറ്റില്ലാതെ പണിയെടുക്കുന്ന സ്ത്രീകളെ ഞാൻ കണ്ടിട്ടുണ്ട്…’ 

നമ്പൂതിരിമാരുടെ അധികാരവും മോഹിനിയാട്ടക്കാരികളുടെ സ്ഥിതിയും സംബന്ധിച്ചുള്ള സംഭാഷണത്തിൽ, ബാലകൃഷ്ണൻ നായരും ഭാര്യ ശാരദയും മോഹിനിയാട്ടം പ്രധാനമായും നമ്പൂതിരി മനകളിലാണ് അരങ്ങേറിയിരുന്നതെന്നു വ്യക്തമാക്കി. അദ്ദേഹം  തുടർന്നു; ‘ഇതിനെ പറ്റിയൊക്കെ പറയാൻ കഴിയുന്നവരൊന്നും ഇന്ന് ജീവിച്ചിരിപ്പില്ല. മോഹിനിയാട്ടം അമ്പലങ്ങളിൽ ചെയ്തിരുന്നില്ല. എന്നാൽ നമ്പൂതിരി മനകളിൽ ചെയ്തിരുന്നു. അമ്പലങ്ങളിൽ ചാക്യാർകൂത്ത്, കൂടിയാട്ടം, പാഠകം ഒക്കെ മാത്രമായിരുന്നു. മങ്കിളി കൊച്ചുകുട്ടിയമ്മയും ചോമായിൽ മാധവിയമ്മയും ഒരുമിച്ചായിരുന്നു നൃത്തം. അവരൊരു ടീമായിരുന്നു. മാധവിയമ്മയെ ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്. നൃത്തം കണ്ടിട്ടില്ല. അപ്പോഴേക്ക് അവർക്ക് പ്രായമായിരുന്നു. ചിത്തഭ്രമം അല്ലെങ്കിൽ നൊസ്സ് എന്നൊക്കെ പറയില്ലേ. പറഞ്ഞതുതന്നെ പറയുക. അങ്ങനൊക്കെ. ഭ്രാന്തല്ല’.

അക്കാലങ്ങളിലൊക്കെ അങ്ങനെയായിരുന്നത്രേ. അറുപതു കഴിഞ്ഞാൽ ഒരു വെളിവുമുണ്ടാവില്ല എന്ന് ശാരദ അത്ഭുതമില്ലാതെ പറഞ്ഞു. എന്തായാലും അവിടെ നിന്നിറങ്ങുമ്പോൾ നൊസ്സ് ബാധിച്ച ഒരു നർത്തകി എന്റെ പിന്നാലെ കൂടി. അവരുടെ നൊസ്സിന് പിന്നേയും അടരുകളുണ്ടെന്ന് അതിനുശേഷം ഞാൻ അറിയുമെന്ന് അപ്പോൾ കരുതിയിരുന്നില്ല. അത് ഈ ലേഖനത്തിന്റെ അവസാനഭാഗത്ത് വിശദീകരിച്ചിട്ടുണ്ട്. 

അവിടെ നിന്ന് ഞങ്ങൾ പോയത് മങ്കിളി വീട്ടിലേക്കാണ്. മങ്കിളി കൊച്ചുകുട്ടിയമ്മ എന്ന നർത്തകി താമസിച്ചിരുന്ന അതേ വീട്ടിലേക്ക്. അവരുടെ പരമ്പരയിലെ ഉഷയും (63 വയസ്സ്) കുടുംബവുമാണ് ഇപ്പോൾ ആ വീട്ടിൽ. കൊച്ചുകുട്ടിയമ്മ സുന്ദരിയും മികച്ച നർത്തകിയുമായിരുന്നു എന്നും അവരുടെ മോഹിനിയാട്ടം കണ്ട് മോഹിച്ചിട്ടാണ് ചൊവ്വല്ലിയൂർ നമ്പൂതിരി അവരെ വിവാഹം കഴിച്ചത് എന്ന് ഉഷ പറഞ്ഞു. പതിമൂന്ന് വയസ്സിലായിരുന്നു വേളി. ചൊവ്വല്ലിയൂർ നമ്പൂതിരി നൽകിയ വീടാണ് ഇപ്പോഴത്തെ മങ്കിളി വീട്. വിവാഹാനന്തരം കൊച്ചുകുട്ടിയമ്മ നമ്പൂതിരിയുടെ ചെലവിലായിരുന്നു. കളിയ്ക്ക് സമ്മതമുണ്ടായില്ല. മോഹിനിയാട്ടം കളിയ്ക്ക് പോവാതിരിക്കാൻ എന്താ വേണ്ടേ എന്ന് നമ്പൂതിരി ചോദിച്ചപ്പോൾ ഒരു വീടും പുരയിടവും അവർ ആവശ്യപ്പെട്ടു. അക്കാലത്തെ കണക്കിന്  കൃഷിയും മറ്റും ചെയ്തു ജീവിക്കാനുള്ള വകയാണത്. 

ഉഷയിൽ നിന്നാണ് മാധവിയമ്മയോടും കൊച്ചുകുട്ടിയമ്മയോടുമൊപ്പം മറ്റൊരു നർത്തകി കൂടെ ഉണ്ടായിരുന്നു എന്ന് ഞാനറിയുന്നത്. അതൊരു മൂവർ സംഘമായിരുന്നത്രേ. മൂന്നാമത്തെയാൾ ഒറവിൽ കുടുംബത്തിൽ നിന്നുള്ളതാണ്. പക്ഷേ അവർക്ക് പേരോർമയില്ല. മൂന്നു പേരുള്ള നർത്തകികളുടെ ഒരു സംഘം അവിടെയെല്ലാം നൃത്തം ചെയ്തിരുന്നു എന്നത് എന്നെ ആനന്ദിപ്പിച്ചു. മനകളിലായിരുന്നു അവതരണം എന്ന് അവരും പറഞ്ഞു. പൊതുവായ (പബ്ലിക്കായ) അവതരണമുണ്ടായിരുന്നില്ല. 

A photo of a wall with a name board saying "Oravil House"
ഒറവിലെ വീട്. ചിത്രം: ലേഖകൻ

ഒറവിൽ വീട്ടിൽ ചെന്നപ്പോൾ രണ്ടുപേരെ കാണാൻ കഴിഞ്ഞു—ശ്രീദേവി (74 വയസ്സ്), വിശ്വനാഥൻ (84 വയസ്സ്). ഒറവിൽ ശ്രീദേവിയുടെ അമ്മയാണ് ഒറവിൽ മാധവിയമ്മ. അവരുടെ സഹോദരിയാണ് ഞാനന്വേഷിക്കുന്ന നർത്തകി. ചേച്ചിയോ അനിയത്തിയോ എന്ന് നിശ്ചയമില്ല. പേരുമറിയില്ല. അവർക്ക് കൈകൊട്ടിക്കളിയിലായിരുന്നു പ്രാഗല്ഭ്യം. അന്നങ്ങനെയായിരുന്നു പോലും. ചിലരുടെ പാട്ട് നന്ന്. ചിലരുടെ കളി നന്ന് എന്ന മട്ടിൽ. മോഹിനിയാട്ടത്തിനിടയ്ക്ക് കൈകൊട്ടിക്കളിയും ചെയ്തിരുന്നു അക്കാലത്ത്. ലക്കിടിയിലെ ആ മൂവരിൽ ഒറവിലെ നർത്തകിയായിരുന്നു കൈകൊട്ടിക്കളിയിലെ കേമി. നർത്തകിയുടെ സഹോദരി മാധവിയമ്മയുടെ ഫോട്ടോ ഭിത്തിയിൽ കണ്ടു. അത് ഞാൻ ഫോണിൽ പകർത്തി. 

A photograph of a gold-framed photo, in balck and white, of an old woman in a white set mundu, seated on an ornate chair.
ഒറവിലെ നർത്തകിയുടെ സഹോദരി മാധവിയമ്മ. ചിത്രം: ലേഖകൻ

അവിടെനിന്നാണ് പടിഞ്ഞാറേ കോച്ചാമ്പിള്ളി മഠം ശ്രീദേവിയെ (അമ്മിണിക്കുട്ടി) കാണാൻ ചെന്നത്. അവർ മാണി മാധവചാക്യാരുടെ മകളാണ്. പാരമ്പര്യമായി കൂത്തും മങ്കിളിയിൽ നിന്ന് പാട്ടും കൈകൊട്ടിക്കളിയും അവർ പഠിച്ചിട്ടുണ്ട്. ദേവദാസീനൃത്തം കേമമായിട്ട് ചെയ്തുവന്നിരുന്ന ഒരാൾ അവിടെ ഉണ്ടായിരുന്നു എന്ന കേട്ടുകേൾവിയെപറ്റി അവർ വിസ്തരിച്ചു. പറഞ്ഞുവന്നത് ചോമായിൽ കാർത്യായനിയമ്മയെക്കുറിച്ചാണ്. ആ പേര് ഞാൻ ആദ്യമായി കേൾക്കുകയായിരുന്നു. കാർത്യായനിയമ്മയ്ക്കും ശേഷമാണ് അവർ മാധവിയമ്മയെ ഓർക്കുന്നത്. പക്ഷെ മാധവിയമ്മയ്ക്കായിരുന്നു നൃത്തം അധികമുള്ളത് എന്ന് തുടർന്ന് ശരിവയ്ക്കുകയും ചെയ്തു. മാധവിയമ്മയുടെ അനിയത്തിയാണ് കാർത്യായനിയമ്മ എന്നാണവരുടെ ഓർമ. കാർത്യായനിയമ്മയാണ് നൃത്തം കൂടുതലും പ്രചാരത്തിലെത്തിച്ചത്. പക്ഷെ മാധവിയമ്മയും കൊച്ചുകുട്ടിയമ്മയുമൊക്കെ ഒരുമിച്ച് നൃത്തം ചെയ്തിരുന്നു പോലും. കുട്ടിയായിരുന്നപ്പോൾ കാർത്യായനിയമ്മയെ അവർ കണ്ടിട്ടുണ്ട്.

മങ്കിളി കൊച്ചുകുട്ടിയമ്മയുടെ അടുത്തുനിന്ന് ശ്രീദേവി തിരുവാതിരക്കളി പഠിച്ചിട്ടുണ്ട്. എട്ട്-ഒമ്പത് വയസ്സിൽ. ആദ്യത്തെ ദിവസങ്ങളിൽ കുറച്ച് ശാസ്ത്രീയസംഗീതം പഠിപ്പിക്കും. പിന്നെ ചെറിയ ചെറിയ പാട്ടുകൾ പഠിപ്പിക്കും. അതിനുശേഷം നളചരിതം, ദക്ഷയാഗം, പോലുള്ള പദങ്ങൾ. നളചരിതം ആണ് പ്രധാനം. അങ്ങനെയായിരുന്നു പഠനം എന്നവർ ഓർത്തു. കൂടെ പറഞ്ഞു; ‘പ്രായമാകുന്നതിന് മുന്നേ ആയിരിക്കണം കൊച്ചുകുട്ടിയമ്മ മോഹിനിയാട്ടം ധാരാളം ചെയ്തത്. ആരോഗ്യം കുറഞ്ഞപ്പോൾ തിരുവാതിരക്കളി മാത്രമായതാവും. എന്നെ പഠിപ്പിക്കുമ്പോൾ അവർക്ക് 60 വയസ്സൊക്കെ കഴിഞ്ഞിട്ടുണ്ട്. പങ്കിടിയേടത്ത് ദേവകിയമ്മയും തിരുവാതിരക്കളി ചെയ്തിരുന്നു. അവരേയും ഞാൻ കണ്ടിട്ടുണ്ട്. മോഹിനിയാട്ടം നമ്പൂതിരി ഇല്ലങ്ങളിലായിരുന്നു കൂടുതലും. ദേവദാസിനൃത്തമായിരുന്നു അന്നത്. ആ നൃത്തം അധമമായിട്ടാണ് അന്ന് കണക്കാക്കിയത്’.

മോഹിനിയാട്ടത്തിന്റെ വേഷത്തെ കുറിച്ച് ചോദിച്ചപ്പോൾ മുല്ല മൊട്ട് തുന്നുക എന്നൊരു കാര്യത്തെകുറിച്ച് ശ്രീദേവി സൂചിപ്പിച്ചു. താരതമ്യേന പുതിയ ചരിത്രം ആയിരിക്കുമത് എന്ന് തോന്നുന്നു. ശ്രീദേവി പറഞ്ഞതുപ്രകാരം ഉന്നം(പരുത്തി)കൊണ്ടുതന്നെ ജാക്കറ്റിലാണ് മുല്ലമൊട്ട് തുന്നുക. ജാക്കറ്റിന് മുഴുക്കൈയില്ല. കൈയിൽ കസവുമുണ്ട്. മുണ്ടാണ് പിന്നെയുള്ള വേഷം. തലയിൽ കിരീടവുമുണ്ട്. കാർഡ്ബോഡ് കൊണ്ടൊക്കെ ഉണ്ടാക്കിയിട്ടാണ് ചിലരൊക്കെ ചെറിയ കിരീടം ഉപയോഗിച്ചത്. തലയിൽ ഇരുവശത്തും സൂര്യനും ചന്ദ്രനും പോലെയും എന്തോ ഒന്നുകാണും.   

A photograph of an older woman in Nangiarkoothu costume and makeup, mid-pose onstage.
ശ്രീദേവിയുടെ വീട്ടിൽ ഉണ്ടായിരുന്ന അവരുടെ നൃത്തവേഷത്തിലുള്ള ചിത്രം. ചിത്രം: ലേഖകൻ

സംസാരത്തിനിടയിൽ രാവുണ്ണിയാശാൻ എന്നൊരു മോഹിനിയാട്ട അധ്യാപകൻ ഉണ്ടായിരുന്നതായും അവർ പറഞ്ഞു. കാര്യക്ഷമതയുള്ള (ഏബിൾ ആയിട്ടുള്ള) സ്ത്രീകൾ എന്ന് നർത്തകികളെ അവർ അടയാളപ്പെടുത്തുകയും ചെയ്തു. ചോമായിലെയും മങ്കിളിയിലെയും ഒറവിലെയും പങ്കിടിയേടത്തെയും സ്ത്രീകളെപ്പറ്റി അവർ പറഞ്ഞു; ‘പുരുഷന്മാരേക്കാൾ ശക്തിയാണവർക്ക്. ദേവദാസിയാണെന്ന് പറഞ്ഞാലും അവർക്കൊരു കൂസലില്ല. വല്യ ഇല്ലങ്ങളിലൊക്കെയാവും അവതരണം. ചിലപ്പോൾ ഒരാൾക്ക് കാണാൻ വേണ്ടിയും നടക്കും. അപ്പൊ അത്രയും പൈസ അയാൾ ഇറക്കണം. ചിലപ്പോ വേളി കഴിക്കും. അല്ലെങ്കിൽ പാർപ്പിക്കും. ചിലപ്പോൾ പറഞ്ഞുവിടും. ഈ നൃത്തക്കാരികളെ ഇങ്ങനെയാക്കുന്നത് അധികാരികളാണ്. അവർക്ക് വേണ്ടി നൃത്തം ചെയ്തില്ലെങ്കിൽ ജീവിക്കാൻ കഴിയില്ല. നർത്തകികൾ പൈസ വാങ്ങും. അത് വേറെ കാര്യം’.

പാട്ട് നർത്തകികൾ തന്നെയാണ് പാടിയിരുന്നത്. അവരിൽനിന്ന് പാട്ട് പഠിച്ച ആളാണല്ലോ ശ്രീദേവി. എന്തഹോ വല്ലഭാ, അലർശര പരിതാപം എന്നീ പദങ്ങൾ 2 അവർ പാടി. അവർ പറഞ്ഞതുപോലെതന്നെയായിരുന്നു പാട്ട്. കർണാടക സംഗീതം തന്നെ. പക്ഷെ ആലാപനരീതിയിൽ വ്യത്യാസമുണ്ട്. ഒന്ന് മയപ്പെടുത്തിയാണ് പാടുക. അലർശര പരിതാപം അവർ പാടിയത് ഞാൻ ശ്രദ്ധിച്ചു. കുറേക്കൂടി തിരുവാതിരപ്പാട്ടിന്റെ ശീലിലായിരുന്നു അത്.

അന്ന് ഇത്രയുംപേരെയേ എനിക്ക് കാണാന കഴിഞ്ഞുള്ളൂ. ചോമായിൽ രാജലക്ഷ്മി (76 വയസ്സ്) യെ നേരിൽ കാണാനായില്ലെങ്കിലും അവരുമായി പിന്നീട് ഫോണിൽ സംസാരിക്കാൻ കഴിഞ്ഞു. അവരുടെ അമ്മയുടെ വല്യമ്മയാണ് ചോമായിൽ മാധവിയമ്മ. രാജലക്ഷ്മി മക്കളുടെ കൂടെ ചെന്നൈയിലും ബാംഗ്ലൂരിലുമായി കഴിയുകയാണ്.  ചെറുപ്പത്തിൽ രാജലക്ഷ്മി ചിത്തഭ്രമം ബാധിച്ച മാധവിയമ്മയെ അടച്ചിട്ട മുറിയിൽ കണ്ടത് എന്നോട് പറഞ്ഞു. അവരെ അറയിൽ പൂട്ടിയിട്ടതായിരുന്നു. അവർ അതിനകത്തുനിന്ന് നൃത്തം ചെയ്യുന്നത് കുട്ടിയായിരിക്കേ രാജലക്ഷ്മി കണ്ടിട്ടുണ്ട്. അവരാണ് നൊസ്സു ബാധിച്ചുവെന്ന് നേരത്തെ പറഞ്ഞ നർത്തകി. എങ്ങനെയായിരുന്നു അവർക്ക് നൊസ്സ് വന്നത് എന്നതിന്റെ ഉത്തരം പക്ഷെ രാജലക്ഷ്മിയ്ക്കറിയാമായിരുന്നു. അവർ തടസ്സങ്ങളോ വലിയ ആലോചനയോ ഒന്നുമില്ലാതെയാണ് സംസാരിച്ചത്, ‘മാധവിയമ്മയുടെ അനിയത്തിയുടെ മകൻ പുറത്തേക്ക് കളിക്കാൻ വിട്ടില്ല’. എന്നിട്ടും അവർ രണ്ട് മൂന്ന് കുട്ടികൾക്ക് ക്ലാസെടുത്തിരുന്നു. പിന്നെ അതും പാടില്ല എന്നുപറഞ്ഞു. അന്നൊക്കെ അങ്ങനെയാണല്ലോ. പുറത്തേക്ക് പോവാനും സമ്മതിക്കില്ല. അങ്ങനെ അവരാകെ മാനസികമായിട്ട് തകർന്നു. എന്റെ ഓർമയിലുള്ളത് അവരെ അറയുടെ ഉള്ളിലിട്ട് പൂട്ടിയിരിക്കുന്നത് കണ്ടതാണ്. നല്ല സ്ത്രീയായിരുന്നു. അവസാന കാലത്തും കൂടെ അവർക്ക് നല്ല മുഖശ്രീയൊക്കെയുണ്ടായിരുന്നു. അതെനിക്കറിയാം. ചോമായിൽ വീട് ഇപ്പോഴുമുണ്ട്. പഴയ തറവാടാണ്,  കുളമൊക്കെയുണ്ട്’.

രാജലക്ഷ്മി തുടർന്നു, ‘ഒരു മങ്കിളി കേളുനായർ ഉണ്ടായിരുന്നു. അയാളുടെ കൂടെയാണവർ നടന്നിരുന്നത്. അയാൾ മരിച്ചു. മങ്കിളി കൊച്ചുകുട്ടിയമ്മ മാധവിയമ്മയുടെ ശിഷ്യയാണ്. ചെറുപ്പത്തിൽ അവരെ പൂട്ടിയിട്ടിരിക്കുന്നത് എന്താണെന്ന് ഞാൻ  ചോദിച്ചപ്പോൾ വല്യമ്മാർ പറഞ്ഞുതന്നതാണ്. മാനസികമായിട്ട് അവർ തകർന്നുവെന്ന്, പുറത്തേക്ക് വിടാതെ. ഭയങ്കര ഇഷ്ടമായിരുന്നു കലയെ. നമ്മൾ ജനലിൽ കൂടെയൊക്കെ നോക്കുമ്പോൾ അവർ മോഹിനിയാട്ടമൊക്കെ നിന്ന് കളിക്കുകയായിരിക്കും. എനിക്കോർമയുണ്ട്. ബുദ്ധിഭ്രമം വന്ന സമയത്തുകൂടെ കളിച്ചിരുന്നു. അത്രയും താല്പര്യമുണ്ടായിരുന്നു. മോഹിനിയാട്ടം വേശ്യകൾക്കുള്ള ഡാൻസാണ് എന്നാണല്ലോ പറഞ്ഞുവച്ചിരുന്നത്. അന്നുള്ളവർ പിന്നെ ബ്ലൌസൊന്നും ഇടില്ലായിരുന്നു. മാധവിയമ്മയും ബ്ലൌസ് ഇട്ടിരുന്നില്ല. പുതയ്ക്കുകയാണ് ചെയ്യുക. പുതച്ച ഒരു ഫോട്ടോ ആയിരുന്നു എന്റെ കൈയ്യിലുണ്ടായിരുന്നത്. അതാരോ കൊണ്ടുപോയി. ഇരുപതു കൊല്ലമൊക്കെയായി വാങ്ങിക്കൊണ്ടുപോയിട്ട്. എങ്കിലും ഓർമയുണ്ട്. വേറെ ഫോട്ടോ ഒന്നുമില്ല. പക്ഷെ ഒരിക്കൽ കൈരളി ടി വി യിൽ നിന്നോ മറ്റോ ആരോ വന്ന് ഫോട്ടോ എടുത്തുപോയിരുന്നു. എനിക്കോർമയുണ്ട്. ഞങ്ങളുടെ കുളത്തിൽ വച്ചിട്ടായിരുന്നു’.

ഇങ്ങനെ പറഞ്ഞുംകൊണ്ട് രാജലക്ഷ്മി സംസാരം അവസാനിപ്പിച്ചു. ആ ഫോൺ സംഭാഷണം ശരിക്കും എന്നെ തകർത്തു. ചെറുപ്പത്തിൽ ജനലിൽ കൂടി നോക്കുമ്പോൾ അടച്ചിട്ട അറയ്ക്കുള്ളിൽ ഭ്രാന്തമായി നൃത്തം ചെയ്യുന്ന ഒരു മോഹിനിയാട്ടക്കാരിയെ കാണുമായിരുന്നു എന്ന രാജലക്ഷ്മിയുടെ വിവരണം വല്ലാത്ത ഭാരത്തോടെ എന്നെ പൊതിഞ്ഞു. അത് എല്ലാ അർത്ഥത്തിലും നിലതെറ്റിയവരായിരുന്നു മോഹിനിയാട്ടക്കാരികൾ എന്ന് എന്നെ ഓർമിപ്പിച്ചു. അവർക്ക് എവിടെയുമിടമില്ലാതായി. അവർക്ക് നഷ്ടമായത് നില (space)യുമാണ്. ഒരു നർത്തകിക്ക് നിൽക്കാൻ ഇടമാല്ലാതാവുക എന്നാൽ എല്ലാം നഷ്ടപ്പെടുക എന്നാണല്ലോ അർത്ഥം. പുതിയ മോഹിനിയാട്ട വേദിയിലേക്ക് അവർ എത്തിയില്ല. പഴയ വേദികൾ കാലഹരണപ്പെട്ടു. അവർ നിൽക്കാൻ ഇടമില്ലാതെ പിൻവാങ്ങി.

മൂന്ന്

നിലതെറ്റിയ നൃത്തക്കാരികൾ. അവരാണ് നർത്തകികളെക്കുറിച്ചുള്ള പൂർവധാരണകളെ പൊളിച്ചുതന്നത്. നർത്തകികളെക്കുറിച്ച് ദേശീയതാവാദത്തിന്റെ കാലത്തു രൂപപ്പെട്ട സങ്കല്പനങ്ങളിൽ വീഴാതിരിക്കാൻ സഹായിച്ചത്. എന്നാൽ കേരളത്തിൽ ദേവദാസികൾ ഉണ്ടായിരുന്നോ എന്ന ചർച്ച അസംബന്ധമാണ് എന്ന് തിരിച്ചറിയാൻ ഇതുവരെ ഇവിടത്തെ പഠിതാക്കൾക്ക് കഴിഞ്ഞിട്ടില്ല. നമ്മൾ ആരെയാണ് തേടുന്നത് എന്നിടത്താണ് പ്രശ്നം. ദേശീയതാവാദവുമായി ബന്ധപ്പെട്ട് രൂപപ്പെട്ട ദേവദാസി എന്ന സങ്കല്പം കേരളത്തിലെന്നല്ല ദക്ഷിണേന്ത്യയിലൊരിടത്തും മൂർത്തമായി കാണില്ല. ദേശീയതയുടെ വ്യവഹാരങ്ങളിൽ കാണുന്ന ദേവദാസീസങ്കല്പനം  മതവുമായും ആചാരാനുഷ്ഠാനങ്ങളുമായും ബന്ധപ്പെട്ട ഒരു പരികല്പനയാണ്. അങ്ങനെയാണ് ദേവനു സമർപ്പിക്കുന്ന, ദേവന് അടിമയായിട്ടുള്ള ക്ഷേത്രനർത്തകിയായി ദേവദാസികൾ പരിഗണിക്കപ്പെടുന്നത്.  അത് സവിശേഷവും സങ്കീർണവുമായ ഒരു സങ്കല്പനമാണ്. യാഥാർത്ഥ്യവുമായി അതിന് നേർബന്ധമില്ല. ക്ഷേത്രകേന്ദ്രിതവും മതപരവുമായ ജീവിതം മാത്രമുണ്ടായിരുന്ന, പിന്നീട് അധ:പതനം സംഭവിച്ച ദേവദാസികൾ ഒരു മിത്താണ്. അത് സവർണദേശീയതയുടെ സൃഷ്ടിയുമാണ്. ദേവദാസികളെ സംബന്ധിച്ചുള്ള ഈ സങ്കല്പനത്തിൽനിന്ന് പുറത്തുകടക്കുമ്പോഴാണ് നർത്തകികളെക്കുറിച്ചുള്ള വിശാലമായ ചിത്രം നമുക്ക് കിട്ടുക. അതാത് ദേശത്തെ ഫ്യൂഡൽ അധികാരഘടനയുമായി സങ്കീർണമായ ബന്ധം സൂക്ഷിക്കുന്നവരായി നർത്തകികളെ മനസിലാക്കാൻ കഴിയുന്നത് അപ്പോൾ മാത്രമാണ്. സുവർണമായ ഒരു കാലം നർത്തകികൾക്കുണ്ടായിട്ടില്ല എന്ന് തിരിച്ചറിയുക അങ്ങനെയാണ്. അത് ദേവേഷ് സോനെജി മുമ്പേ തന്നെ വാദിച്ചിട്ടുണ്ട് (Soneji 2012, 3). അങ്ങനെയെങ്കിൽ രാജ, നാടുവാഴി, ബ്രാഹ്മണ അധികാരയുക്തിക്കുള്ളിൽ ജീവിച്ച നർത്തകികൾ കേരളത്തിലുണ്ട്. അവരുടെ നൃത്തമാണ് മോഹിനിയാട്ടം. അവർ എല്ലാ ‘ദാസി’കളേയും പോലെ ഫ്യൂഡൽ വ്യവസ്ഥ അനുവദിച്ച ചുമതല നിർവ്വഹിച്ചു. ജാതി വൃത്തി നിറവേറി. 

ഗ്രന്ഥസൂചി 

  • Jones, Betty True. 1973. ‘Mohiniyattam: A Dance Tradition of Kerala, South India’, CORD Dance Research Monograph, pp. 9–47.
  • Soneji, Davesh. 2012. Unfinished Gestures. The University of Chicago Press.

ലേഖകരെക്കുറിച്ചു: ഗവേഷകനും  മോഹിനിയാട്ടനർത്തകനുമാണ് അമിത്ത് കെ. നിലവിൽ കേരള കൗൺസിൽ ഫോർ ഹിസ്റ്റോറിക്കൽ റിസർച്ചിൽ പോസ്റ്റ് ഡോക്ടറൽ ഫെല്ലോ ആണ്. മോഹിനിയാട്ടത്തിൻ്റെ ചരിത്രത്തിൽ ഗവേഷണം നടത്തുകയും മോഹിനിയാട്ടം അവതരണങ്ങൾ നടത്തുകയും ചെയ്യുന്നുണ്ട്. ഈമെയിൽ: amithkannan123[at]gmail[dot]com

എഡിറ്റോറിയൽ കുറിപ്പ്: ടാഗോറിന്റ ‘ചിത്ര’ എന്ന രചനയെ അടിസ്ഥാനമാക്കി, ജെൻഡർ മാതൃകകളെയും മോഹിനിയാട്ടത്തിന്റെ കീഴ്വഴക്കങ്ങളെയും വിമര്ശനാത്മകമായി വ്യാഖ്യാനിക്കുന്ന അമിത്തിന്റെ മോഹിനിയാട്ട അവതരണത്തെപ്പറ്റിയുള്ള രൂപിമ എസ്സിന്റെ പഠനം അലയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.


 

English text: Amith K. draws upon the oral narratives of surviving Mohiniattam practitioners to argue that rather than seeing Mohinattam as just an art form, it needs to be historically located within Kerala’s caste and social relations.

Please follow and like us:

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.