ഫോക്ലോറും സ്കൂൾ വിദ്യാഭ്യാസവും കുട്ടികളെ സാമൂഹികവൽക്കരിക്കുന്ന രണ്ട് വ്യത്യസ്ത സംവിധാനങ്ങളാണ്; എന്നാൽ ഇവ രണ്ടും കുട്ടികളുടെ ഭാവനയോടും സ്വാതന്ത്ര്യത്തോടും വ്യത്യസ്ത രീതികളിലാണ് ഇടപെടുന്നത്. ഈ വാദത്തെ അടിസ്ഥാനമാക്കി ‘സ്കൂൾ ചലേഹം’ എന്ന സിനിമയെ വായിക്കുകയാണ് ലേഖകൻ .
മുഹമ്മദ് മുനവ്വർ കെ.
കുട്ടികൾ ലോകത്തെ എങ്ങനെയാണ് മനസ്സിലാക്കുന്നത്? മുതിർന്നവരിൽനിന്ന് പകർന്നുകിട്ടുന്ന വിശ്വാസങ്ങളും നാടോടിക്കഥകളും ഐതിഹ്യങ്ങളും അവരുടെ ഭാവനയെ എങ്ങനെയാണ് രൂപപ്പെടുത്തുന്നത്? അതേസമയം, സ്കൂൾ നൽകുന്ന അറിവും അച്ചടക്കവും അവരുടെ ചിന്തകളെയും അനുഭവങ്ങളെയും എത്രത്തോളം സ്വാധീനിക്കുന്നുണ്ട്? കുട്ടികളുടെ ലോകത്തെ രൂപപ്പെടുത്തുന്ന ഈ രണ്ട് വ്യത്യസ്ത സംവിധാനങ്ങൾ തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ചിന്തിക്കാൻ അവസരമൊരുക്കുന്ന സിനിമയാണ് ശ്രീകാന്ത് ഇ.ജി. സംവിധാനം ചെയ്ത് 2026-ൽ മനോരമ മാക്സിലൂടെ പുറത്തിറങ്ങിയ സ്കൂൾ ചലേ ഹം.
കണ്ണൂരിന്റെ ഗ്രാമീണ പശ്ചാത്തലത്തിൽ, അവിടുത്തെ നാടോടിക്കഥകളെയും , ഐതിഹ്യങ്ങളെയും കുട്ടികളുടെ ദൈനംദിന ജീവിതത്തോടും ഭാവനയോടും ചേർത്തു വെച്ചു അവതരിപ്പിക്കുന്ന സിനിമയാണ് സ്കൂൾ ചലേ ഹം. തെയ്യങ്ങളും അതിനോടനുബന്ധിച്ച വിശ്വാസങ്ങളും നാടോടിക്കഥകളും കുട്ടികളുടെ ജീവിതവും ഭാവനയുമായി എത്രത്തോളം ബന്ധപ്പെട്ടുകിടക്കുന്നു എന്നതും സ്കൂൾ ചലേ ഹം എന്ന സിനിമയെ കൂടുതൽ കൗതുകകരമാക്കുന്നു. സ്കൂൾ ജീവിതത്തിന്റെ ഗൃഹാതുരമായ ഓർമകൾക്കപ്പുറം കുട്ടികൾ ലോകത്തെ മനസ്സിലാക്കുകയും അതിനെ സ്വന്തം ഭാവനയിൽ പുനർനിർമിക്കുകയും ചെയ്യുന്ന രീതികളിലേക്ക് ഈ സിനിമ ശ്രദ്ധ ക്ഷണിക്കുന്നു. ഔപചാരിക വിദ്യാഭ്യാസത്തോടൊപ്പം തന്നെ കുടുംബത്തിൽനിന്നും സമൂഹത്തിൽനിന്നും പകർന്നുകിട്ടുന്ന വിശ്വാസങ്ങളും ഭാവനകളും കുട്ടികളെ രൂപപ്പെടുത്തുന്നതിൽ എങ്ങനെ ഇടപെടുന്നു എന്നതാണ് സിനിമയുടെ വിമർശനാത്മകമായ ഈ വായനയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
സ്കൂൾ കുട്ടികളുടെ കഥ പറയുന്ന സിനിമയായത് കൊണ്ട് തന്നെ അത്തരം ബാല്യകാല ജീവിത സന്ദർഭങ്ങളിലൂടെ കടന്നുപോയിട്ടുള്ള ഏതൊരാൾക്കും സിനിമയുമായി എളുപ്പത്തിൽ ബന്ധപ്പെടാൻ കഴിയും. 55-ാമത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡിൽ (2025) കുട്ടികളുടെ മികച്ച ചിത്രത്തിനുള്ള പുരസ്കാരം നൽകാതിരുന്നത്, പരിഗണിച്ച സിനിമകളിൽ കുട്ടികളുടെ കാഴ്ചപ്പാടുകളും അനുഭവങ്ങളും വേണ്ടത്ര കൃത്യമായി അവതരിപ്പിച്ച ചിത്രങ്ങൾ ഇല്ലെന്ന ജൂറിയുടെ വിലയിരുത്തലിനെ തുടർന്നായിരുന്നു. പ്രകാശ് രാജ് അധ്യക്ഷനായ ജൂറി നടത്തിയ ഈ നിരീക്ഷണത്തിന്റെ പശ്ചാത്തലത്തിൽ സ്കൂൾ ചലേ ഹം എന്ന സിനിമയെയും കുട്ടികളുടെ ലോകത്തെ ആവിഷ്കരിക്കുന്നതിന്റെ അടിസ്ഥാനത്തിൽ വായിക്കാവുന്നതാണ്. എന്നാൽ, കുട്ടികളുടെ മികച്ച ചിത്രത്തിനുള്ള പുരസ്കാരത്തിന് ഈ സിനിമ യോഗ്യമായിരുന്നോ എന്ന വാദത്തിലേക്ക് കടക്കുകയല്ല ഈ കുറിപ്പിന്റെ ലക്ഷ്യം. മറിച്ച്, ഫോക്ലോറിന്റെയും ഫാന്റസിയുടെയും സഹായത്തോടെ കുട്ടികളുടെ ലോകത്തെ ആവിഷ്കരിക്കുന്ന സിനിമയും, അതു മുന്നോട്ടുവയ്ക്കുന്ന കാഴ്ചപ്പാടുകളും അവ ഉയർത്തുന്ന ചോദ്യങ്ങളുമാണ് ഇവിടെ വിശകലനം ചെയ്യുന്നത്.

സിനിമ തുടങ്ങുന്നത് തന്നെ കണക്ക് പരീക്ഷയിൽ തോറ്റ് സങ്കടപ്പെട്ട് നിൽക്കുന്ന കുട്ടിയോട് സ്കൂളിലെ ഫോക്ക്ലോർ വാഹകനായ അവന്റെ സുഹൃത്ത്, തന്റെ അമ്മൂമ്മ പറഞ്ഞുകൊടുത്ത വാൽനക്ഷത്രത്തോട് എന്ത് പറഞ്ഞാലും സാധിച്ചുതരുമെന്നും അങ്ങനെയാണ് താൻ കണക്ക് പരീക്ഷയിൽ പാസായതെന്നും ഉള്ള തന്റെ വിശ്വാസം പറഞ്ഞുകൊണ്ടാണ്. ഇത് കേട്ട് ക്ലാസിലെത്തിയ കുട്ടി , സാമൂഹ്യശാസ്ത്ര ക്ലാസിൽ അസൈൻമെന്റും നോട്ടും എഴുതാതെ വന്ന ഒരേയൊരു വിദ്യാർത്ഥിയായതുകൊണ്ട് അധ്യാപികയുടെ ശകാരത്തിനും കളിയാക്കലിനും വിധേയനാകുന്നു. അതോടൊപ്പം, അവന്റെ നോട്ട്ബുക്ക് പരിശോധിക്കുമ്പോൾ മലയാളവും ഹിന്ദിയും ഇംഗ്ലീഷും ഒക്കെ കൂടിച്ചേർന്നിട്ടുള്ള ഒരു മിശ്രിത പുസ്തകം ആണ് കയ്യിലുള്ളതെന്ന് ടീച്ചർ കണ്ടെത്തുന്നു. ഇത് ക്ലാസിലെ മറ്റു കുട്ടികളുടെ മുന്നിൽവെച്ച് അവനെ കൂടുതൽ നാണക്കേടിലാക്കുന്നു. നാളെ നോട്ടും അസൈൻമെന്റും പൂർത്തി ആയിരിക്കണമെന്ന കർശനമായ താക്കീത് കൂടെ നൽകി ടീച്ചർ പോകുന്നു. നാളെ എന്തായാലും നോട്ട് പൂർത്തി ആക്കണമെന്ന് തീരുമാനിച്ച് വീട്ടിലെത്തുന്ന അവൻ നോട്ട് എഴുതാൻ തയ്യാറെടുക്കുന്നുണ്ടെങ്കിലും, ബാലമാസിക വായിച്ചും ടി.വി. കണ്ടും സമയം കളയുന്നു . അച്ഛൻ വീട്ടിലെത്തിയ ഉടൻ അമ്മയോട് ചോദിക്കുന്നത് മകന്റെ കണക്ക് പരീക്ഷാപേപ്പറിനെക്കുറിച്ചാണ്. ഇത് കേൾക്കുമ്പോൾ അവൻ ലൈറ്റ് ഓഫ് ചെയ്ത് കിടന്നുകളയുന്നു. നാളെ നോട്ട് പൂർത്തി ആക്കാതെ ക്ലാസിൽ പോയാലുള്ള അവസ്ഥ ആലോചിച്ച്, പതിയെ ടെറസിൽ പോയി വാൽനക്ഷത്രത്തോട്, “നാളെ എനിക്ക് അടി കിട്ടല്ലേ, ടീച്ചർമാരൊന്നും നാളെ വരല്ലേ” എന്ന് മനസ്സിൽ പറഞ്ഞ് ഉറങ്ങാൻ കിടക്കുന്നു.
രാവിലെ എഴുന്നേൽക്കുമ്പോഴുള്ള കുട്ടിയുടെ മാനസിക സംഘർഷങ്ങൾ കാഴ്ചക്കാരനെയും സിനിമയിലെ അനുഭവഭേദ്യങ്ങളുമായി ചേർത്ത് നിർത്തുന്നു. അഞ്ചാം പിരിയഡിലെ സാമൂഹ്യശാസ്ത്ര ക്ലാസ് വരെയുള്ള സമയം അവനിൽ ഉണ്ടാകുന്ന മാനസിക സമ്മർദ്ദങ്ങളും ആലോചനകളും കാഴ്ച്ചക്കാരന് കൂടെ അനുഭവപ്പെടുന്ന രീതിയിലാണ് സിനിമയിൽ ആവിഷ്കരിച്ചിട്ടുള്ളത്. രണ്ടാം പിരീഡിനു ശേഷം ഇന്റർവെലിനു വിടുന്ന സമയത്ത് കുട്ടികൾ സ്കൂളിന് തീ കൊടുക്കാൻ ശ്രമിക്കുന്ന രംഗം സിനിമയിൽ അവതരിപ്പിക്കുന്നുണ്ട്. സ്കൂളിന് തീ കൊടുക്കണമെന്ന കുട്ടികളുടെ ആഗ്രഹത്തെ, സ്കൂൾ എന്ന സ്ഥാപനത്തിന്റെ നിയന്ത്രണങ്ങൾക്കും അച്ചടക്കത്തിനുമെതിരായ വിമതഭാവത്തിന്റെ അതിശയോക്തിപരമായ ആവിഷ്കാരമായി വായിക്കാം. കുട്ടികളുടെ അടക്കിവെച്ച അസ്വസ്ഥതകളെ ഈ രംഗത്തിലൂടെ സിനിമ മികച്ച രീതിയിൽ അവതരിപ്പിക്കുന്നു ലഞ്ച് ബ്രേക്കിന് ശേഷം പേടിച്ചുകൊണ്ട് ക്ലാസിലെത്തുന്ന കുട്ടി കാണുന്നത് സംസാരിക്കുന്നവരുടെ പേരെഴുതുന്ന ലീഡറിനെയാണ്. ആ അവസ്ഥ നൽകുന്ന അനുഭൂതിയും സ്കൂൾ ജീവിതത്തിലൂടെ കടന്നു പോയിട്ടുള്ള ആർക്കും എളുപ്പത്തിൽ സങ്കൽപ്പിക്കാൻ കഴിയും.
ഫ്രീ പീരീഡ് ആയതുകൊണ്ട് കായിക പീരിയഡ് ചോദിക്കാനായി അവൻ തന്നെ മുൻകൈയെടുത്ത് സ്റ്റാഫ് റൂമിൽ ചെന്നപ്പോൾ അധ്യാപകരെ ആരെയും കാണാനില്ല. തിരികെ ക്ലാസിലേക്ക് ഓടിയെത്തി കളിക്കാനായി വിട്ടെന്ന് അവൻ നുണ പറയുമ്പോൾ കുട്ടികൾ എല്ലാവരും ഗ്രൗണ്ടിലേക്ക് ഓടിപ്പോകുന്നു. സാമൂഹ്യശാസ്ത്രത്തിന്റെയും ഗണിതത്തിന്റെയും ക്ലാസ് മുറികളിൽ നിന്ന് ഒരു പരിധിവരെ അധികാരത്തിന്റെ നിയന്ത്രണങ്ങൾക്കപ്പുറമുള്ള ഗ്രൗണ്ട് എന്ന സ്വതന്ത്രലോകത്തോട്ടുള്ള ഓട്ടമായാണ് അത് അനുഭവപ്പെടുന്നത്. പിരീഡ് കഴിഞ്ഞ് ബെല്ലടിക്കേണ്ട സമയമായിട്ടും ബെല്ലടിക്കുന്നില്ല. കുട്ടികൾ കളിച്ച് തളരുന്നു. വീണ്ടും സ്റ്റാഫ് റൂമിൽ ചെന്ന് നോക്കുമ്പോഴും ആരെയും കാണാനില്ല. സ്കൂളിലും ആ നാട്ടിലും മുതിർന്നവർ ആരുമില്ലെന്ന് അവർ പതിയേ മനസ്സിലാക്കുന്നു. വലിയവരില്ലാത്ത, കുട്ടികളുടെ മാത്രം ഒരു ലോകം. തുടർന്ന് ഫാന്റസിയും ഐതിഹ്യങ്ങളും റിയാലിറ്റിയുമൊക്കെ ബന്ധപ്പെടുത്തി സിനിമ മുന്നോട്ടുപോകുന്നു.
സിനിമ മുന്നോട്ടുവയ്ക്കുന്ന ആശയങ്ങളും കാഴ്ച്ചപ്പാടുകളും
കണക്ക് പരീക്ഷയിൽ തോൽക്കുന്നതിനെക്കുറിച്ചുള്ള കുട്ടിയുടെ ആശങ്ക, നോട്ട് പൂർത്തിയാക്കാത്തതിന് അധ്യാപകനിൽനിന്ന് ശിക്ഷ ലഭിക്കുമെന്ന ഭയം, അധ്യാപകർ സ്കൂളിൽനിന്ന് അപ്രത്യക്ഷരാകുമ്പോൾ കുട്ടികൾ അനുഭവിക്കുന്ന സ്വാതന്ത്ര്യം എന്നിവയെല്ലാം സ്കൂൾ ചലേ ഹം എന്ന സിനിമയിലെ പ്രധാനപ്പെട്ട സന്ദർഭങ്ങളാണ്. ഈ രംഗങ്ങളെ കേവലം കുട്ടിക്കാലത്തെ സ്കൂൾ അനുഭവങ്ങളുടെ ഓർമപ്പെടുത്തലുകളായി കാണുന്നതിനപ്പുറം, സ്കൂൾ എന്ന സ്ഥാപനവും കുട്ടികളുടെ ചിന്തയും പെരുമാറ്റവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ചോദ്യങ്ങളായി വായിക്കാം. സ്കൂൾ കുട്ടികൾക്ക് അറിവ് പകർന്നുനൽകുന്ന ഇടം മാത്രമാണോ? അതോ അവരുടെ സമയത്തെയും പെരുമാറ്റത്തെയും ചിന്തയെയും നിയന്ത്രിക്കുന്ന ഒരു അധികാരവ്യവസ്ഥ കൂടിയാണോ? സിനിമ മുന്നോട്ടുവയ്ക്കുന്ന ആശയപരമായ സംഘർഷങ്ങളിലൊന്ന് ഈ ചോദ്യത്തിലാണ്. സ്കൂൾ കുട്ടികളുടെ സാമൂഹികവൽക്കരണത്തിൽ വഹിക്കുന്ന പങ്കിനെക്കുറിച്ചുള്ള ആലോചനകൾക്ക് ആധുനിക സാമൂഹ്യശാസ്ത്രജ്ഞനായ എമിൽ ഡർക്കെമിന്റെ (Émile Durkheim) ചിന്തകൾ പ്രസക്തമാണ്. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ, “കുട്ടികളെ സമൂഹത്തിലെ പൊതുവായ പെരുമാറ്റച്ചട്ടങ്ങളും മൂല്യങ്ങളും പഠിപ്പിക്കുകയും, വിശാലമായ സമൂഹത്തിലെ അംഗത്വത്തിനായി അവരെ സജ്ജമാക്കുകയും ചെയ്യുന്ന ഒരു ‘ചെറിയ സമൂഹ മാതൃക’ (Society in Miniature), അഥവാ സാമൂഹികവൽക്കരണ ഏജൻസിയാണ് സ്കൂൾ.”
എന്നാൽ സാമൂഹികവൽക്കരണം മൂല്യങ്ങളുടെ കൈമാറ്റം മാത്രമല്ല; അതിൽ അധികാരവും അച്ചടക്കവും നിർണായക പങ്കുവഹിക്കുന്നുണ്ടെന്ന് മിഷേൽ ഫൂക്കോ (Michel Foucault) ചൂണ്ടിക്കാട്ടുന്നു. സ്കൂളുകൾ സാമൂഹികവൽക്കരണ ഏജൻസികളാണെങ്കിലും, അദ്ദേഹം നിരീക്ഷിച്ചതുപോലെ അധികാരം പ്രയോഗിച്ച് മനുഷ്യരെ വരുതിയിലാക്കുന്ന അച്ചടക്ക സ്ഥാപനങ്ങൾക്ക് (Disciplinary Institutions) സമാനമായും അവ പ്രവർത്തിക്കുന്നുണ്ട്. കൃത്യമായ സമയക്രമങ്ങൾ, യൂണിഫോം, പരിമിതമായ ഇടവേളകൾ എന്നിവയിലൂടെ സ്കൂൾ ജീവിതം നിയന്ത്രണവിധേയമാക്കപ്പെടുന്നുണ്ട്. മുതിർന്നവരുടെ അധീശത്വത്തിൽ പ്രവർത്തിക്കുന്ന ഈ വ്യവസ്ഥിതി കുട്ടികളുടെ സ്വതസിദ്ധമായ ഭാവനയ്ക്കും സ്വാതന്ത്ര്യത്തിനും മേൽ കൃത്രിമമായ വേലിക്കെട്ടുകൾ തീർക്കുന്നു. ഈ പ്രക്രിയ കുട്ടികളെ അനുസരണയുള്ളവരും വ്യവസ്ഥയോട് വിധേയത്വം പുലർത്തുന്നവരുമാക്കി രൂപപ്പെടുത്തുന്നു. അതോടൊപ്പം, കുട്ടികളുടെ സർഗാത്മകതയെയും ചിന്താസ്വാതന്ത്ര്യത്തെയും ഔദ്യോഗിക ചട്ടക്കൂടുകൾക്കുള്ളിൽ ഒതുക്കുന്ന അധികാരകേന്ദ്രങ്ങളായി സ്കൂളുകൾ പ്രവർത്തിക്കുകയും ചെയ്യുന്നു.
സ്കൂൾ ചലേ ഹം എന്ന സിനിമ ഈ അധികാരബന്ധങ്ങളുടെ സ്വാധീനം കുട്ടികളുടെ ദൈനംദിന അനുഭവങ്ങളിലൂടെ അവതരിപ്പിക്കുന്നു. സ്കൂൾ ഒരു അധികാര സ്ഥാപനമായി മാറുമ്പോൾ എങ്ങനെയാണ് കുട്ടികൾ അധികാരത്തോട് വിധേയത്തം പുലർത്തുന്നവരായി തീരുന്നത് എന്ന് ഈ സിനിമയിലൂടെ രൂപപ്പെടുന്ന ചിന്തകളിലൂടെ വായിച്ചെടുക്കാൻ പറ്റും. കണക്ക് പരീക്ഷയിൽ തോറ്റ കുട്ടിയിൽ രൂപപ്പെടുന്ന അരക്ഷിതാവസ്ഥ തന്നെ ഇതിനുദാഹരമാണ്. നോട്ട് പൂർത്തീകരിക്കാത്തതിനാൽ അധ്യാപക കുട്ടിയെ വഴക്ക് പറയുന്നതും ശേഷം കുട്ടിയുടെ ശാരീരിക മാനസിക സ്വാതന്ത്രങ്ങളെ എങ്ങനെ അത് ബാധിക്കുന്നു എന്നും സിനിമയിൽ അവതരിപ്പിക്കുന്നുണ്ട്. ക്ലാസ്സിൽ അധ്യാപകനില്ലാത്ത അവസ്ഥയിൽ ക്ലാസ്സ് ലീഡർ അധ്യാപകർ നിശ്ചയിച്ച അച്ചടക്ക ലംഘനം നടത്തുന്നവരുടെ പേര് എഴുതുന്നത്, അധികാരം കുട്ടികളെ മാധ്യമമാക്കി പ്രവർത്തിക്കുന്നതിനുദാഹരണമാണ്.സ്കൂൾകുട്ടികൾ കൃത്യമായ സിലബസിനുള്ളിലാണ് അറിവ് നേടുന്നത്. അതിന് കൃത്യമായ രീതികളും സൃഷ്ഠിച്ച് വെച്ചിട്ടുണ്ട്. കുട്ടി സ്വന്തമായി തിരഞ്ഞെടുത്തു വായിക്കുന്ന ബാലമാസിക വായിക്കുമ്പോൾ അവന് നോട്ട് പൂർത്തീകരിക്കാൻ കഴിയാതെ വരുന്നു . ഇത് വിദ്യാർഥികൾക്ക് സ്വതന്ത്രമായ വായനയും അന്വേഷണവും എങ്ങനെ നിയന്ത്രിക്കപ്പെടുന്നു എന്നതിന് ഉദാഹരണമാണ്. ഈ അർത്ഥത്തിൽ , സ്കൂളിലെ അച്ചടക്കം കുട്ടികളുടെ പെരുമാറ്റത്തെ മാത്രമല്ല, അവരുടെ അറിവന്വേഷണത്തിന്റെ ദിശയെയും സ്വാധീനിക്കുന്നതായി സിനിമയിലെ രംഗങ്ങളിലൂടെ വായിക്കാം.
അതേസമയം, സിനിമയിൽ കുട്ടികൾ അനുഭവിക്കുന്ന നിയന്ത്രണങ്ങളും അതിൽനിന്നുള്ള മോചനവും സ്കൂളിനുള്ളിൽ മാത്രം ഒതുങ്ങുന്നില്ല. ഔപചാരികമായ സ്കൂൾ വിദ്യാഭ്യാസം വ്യാപകമാകുന്നതിനു മുൻപ്, സമൂഹത്തിന്റെ പെരുമാറ്റച്ചട്ടങ്ങളും മൂല്യങ്ങളും വിശ്വാസങ്ങളും തലമുറകളിലേക്ക് കൈമാറുന്നതിൽ പ്രധാന പങ്കുവഹിച്ചിരുന്നത് ഫോക്ലോറുകളായിരുന്നു. ഈ അർഥത്തിൽ, ഫോക്ലോറും സ്കൂളും കുട്ടികളുടെ സാമൂഹികവൽക്കരണത്തിൽ പ്രധാന പങ്കുവഹിക്കുന്ന സംവിധാനങ്ങളാണ്. ഈ രണ്ട് സമ്പ്രദായങ്ങളും കുട്ടികളുമായി എങ്ങനെ ബന്ധപ്പെടുന്നു എന്ന ചിന്തയും സിനിമ മുന്നോട്ടുവയ്ക്കുന്നുന്നുണ്ട്. സിനിമയിൽ സ്കൂളിലെ നിയന്ത്രണങ്ങളിലൂടെ രൂപപ്പെടുന്ന മാനസിക സംഘർഷങ്ങളെ കുട്ടികൾ മറികടക്കുന്നത് അവർക്ക് ചുറ്റുമുള്ള ഫോക്ക്ലോറിലൂടെയാണ്.
ഫോക്ലോർ പ്രകൃതിയെയും, നരവംശപരമായ പ്രത്യേകതകളെയും അതിലൂടെ സൃഷ്ടിക്കപ്പെടുന്ന വിശ്വാസങ്ങളെയും ആശ്രയിച്ചാണ് ലോകത്തെയും ജീവിതത്തെയും വിശദീകരിക്കുന്നത്. വൈവിധ്യ സമൂഹങ്ങളിൽ വൈവിധ്യ ഫോക്കുകളാണ് നിലനിൽക്കുന്നത്. സാമൂഹികമായ ജീവിതാനുഭവത്തിലൂടെയാണ് ഫോക്ക്ലോർ നിർമ്മിക്കപ്പെടുന്നത്. അതുകൊണ്ടുതന്നെ ആധുനികവിജ്ഞാനം, ശാസ്ത്രത്തിന്റെ ലെൻസിലൂടെ നോക്കുമ്പോൾ പലപ്പോഴും അത് യുക്തിചിന്തയുടെ സാധ്യതകളെ പരിമിതപ്പെടുത്തുന്നു. അതേസമയം, കുട്ടികളുടെ ഭാവനയ്ക്കും സ്വാതന്ത്ര്യത്തിനും വിശാലമായ ഇടം തുറന്നുകൊടുക്കാനും ഫോക്ലോറിന് കഴിയുന്നുണ്ട്. കാരണം ഫോക്ക്ലോറുകൾ കൃത്യമായ സിലബസിൽ പ്രവർത്തിക്കുന്നവയല്ല അവ കൂട്ടായ ഭാവനയിലും ചിന്തകളിലുമൊക്കെ പ്രവർത്തിക്കുന്ന ജനകീയ ആവിഷ്കാരങ്ങളും ആചാരങ്ങളും പരിശീലനങ്ങളുമൊക്കെയാണ്. അത് കൊണ്ട് ഫോക്ക്ലോറുകൾ കുട്ടികളുടെ ചിന്തയിലും ഭാവനയിലും കൂടുതൽ സ്വാതന്ത്രം സാധ്യമാക്കുന്നുണ്ട്.
ഫോക്ലോറും ഔപചാരിക വിദ്യാഭ്യാസവും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങളിലൊന്ന് അറിവ് കൈമാറുന്ന രീതിയിലാണ്. സ്കൂൾ വിദ്യാഭ്യാസം ശാസ്ത്രീയ പഠനരീതികളിലൂടെ കുട്ടികളെ സാമൂഹികവൽക്കരിക്കുകയും സമൂഹത്തിന്റെ മൂല്യങ്ങളും പെരുമാറ്റച്ചട്ടങ്ങളും സ്വായത്തമാക്കാൻ പ്രാപ്തരാക്കുകയും ചെയ്യുന്നു എന്ന് പറയപ്പെടുമ്പോഴും സ്കൂൾ സിലബസുകൾ അധികാരത്തിലിരിക്കുന്ന ഗവണ്മെന്റിന്റെ സ്വാധീനങ്ങളിലൂടെയൊക്കെ രൂപംപ്പെട്ടുവരുന്ന ഒന്നായാണ് നിലനിൽക്കുന്നത്. പ്രാദേശിക,സാമൂദായിക, സാമൂഹിക സ്വത്വങ്ങളെ ഉൾക്കൊള്ളുന്നതിൽ സ്കൂൾ സിലബസുകൾക്ക് പരിമിതി നിലനിൽക്കുന്നുന്നുണ്ട്.സിലബസുകളിൽ മാത്രമല്ല ടീച്ചിങ് പെഡഗോഗിയിലും (ബോധനശാസ്ത്രത്തിലും) ഈ പ്രശ്നം നിലനിൽക്കുന്നു.
അറിവ് എന്നത് ചരിത്രപരായി വൈവിധ്യ വീക്ഷണങ്ങളിലൂടെയാണ് വൈവിധ്യ സമൂഹങ്ങൾ മനസ്സിലാക്കുകയും പരിശീലിക്കുകയും ചെയ്തത്. ഡോ.കെ. എൻ സുനന്ദൻ എഴുതിയ ‘Caste, Knowledge and Power’ എന്ന പുസ്തകത്തിൽ അറിവുൽപ്പാദനത്തിൽ നിലനിൽക്കുന്ന ഈ വൈവിധ്യത്തെ കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. മലബാറിലെ രണ്ട് ജാതി സമൂഹങ്ങളായ ആശാരിമാരുടെയും (ആശാരി സമൂഹം) നമ്പൂതിരിമാരുടെയും (ബ്രാഹ്മണ സമൂഹം) ഉദാഹരണങ്ങൾ എടുത്തുകൊണ്ട്, കൊളോണിയൽ കാലഘട്ടത്തിൽ രൂപംകൊണ്ട അറിവുൽപ്പാദന വ്യവസ്ഥകളോട് അവർ എങ്ങനെ ഇടപെട്ടു എന്നതിനെക്കുറിച്ചുള്ള ഒരു താരതമ്യ പഠനമാണിത്.
പുസ്തകത്തിൽ പരാമർശിക്കുന്നതു പോലെ ജാതിഘടന, അറിവുൽപ്പാദന വ്യവസ്ഥയിലെ പങ്കാളിത്തത്തെ മാത്രമല്ല നിർണ്ണയിക്കുന്നത്. അറിവ് നേടുന്നതിനുള്ള മാനസിക പ്രക്രിയയെയും, ആത്യന്തികമായി അറിവ് എന്നാൽ എന്താണെന്ന സങ്കൽപ്പത്തെത്തന്നെയും സ്വാധീനിക്കുന്നു എന്ന് ഗ്രന്ഥകർത്താവ് ചൂണ്ടിക്കാണിക്കുന്നു. ആധുനിക കൊളോണിയൽ-ബ്രാഹ്മണ്യ അറിവ് സങ്കൽപ്പം മറ്റു പല അറിവ് നേടൽ രീതികളെയും എങ്ങനെ അസാധുവാക്കി എന്നും, ചരിത്രപരമായി ജാതിമേധാവിത്വം എന്നത് ആചാരങ്ങളിലെ മേധാവിത്വത്തിൽ നിന്ന് അറിവിന്റെ ഉടമസ്ഥതയിലുള്ള മേധാവിത്വത്തിലേക്ക് എങ്ങിനെ മാറ്റപ്പെട്ടു എന്നുമാണ് ഗ്രന്ഥകർത്താവ് പ്രധാനമായും ഈ പഠനത്തിലൂടെ പരിശോധിക്കുന്നത്.
ഈ ചോദ്യം കേരളത്തിലെ ഗോത്രവിഭാഗത്തിൽപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ പശ്ചാത്തലത്തിലും പ്രസക്തമാണ്. കേരള സർക്കാരിന്റെ കീഴിൽ നിരവധി സ്കൂളുകൾ പ്രവർത്തിക്കുന്നുണ്ട്. അതിൽ ചരിത്രപരമായി പാർശ്വവൽക്കരണവും അവഗണനയും നേരിട്ട ഗോത്രജന വിഭാഗത്തെ വിദ്യഭ്യാസത്തിലൂടെ ശാക്തീകരിക്കുന്നതിനായി രൂപീകരിക്കപ്പെട്ട മോഡൽ റെസിഡഷ്യൽ സ്കൂളുകളും (MRS) ഏകലവ്യ മോഡൽ റെസിഡൻഷ്യൽ സ്കൂളുകളും (EMRS) ആശ്രമം സ്കൂളുകളും ഉൾപ്പെടുന്നു.കേരളത്തിൽ നിലവിൽ ഇരുപത്തിമൂന്ന് റെസിഡൻഷ്യൽ സ്കൂളുകൾ പ്രവർത്തിക്കുന്നുണ്ട് (Scheduled Tribes Development Department 2026). MRS സ്കൂളുകളിൽ സ്റ്റേറ്റ് സിലബസും, EMRS സ്കൂളുകളിൽ സി ബി എസ് സി സിലബസുമാണ് ഫോളോ ചെയ്യുന്നത്.
കേരളത്തിലാകെ 36 ഗോത്ര വിഭാഗങ്ങളാണ് നിലവിലുള്ളത് (Scheduled Tribes Development Department 2026). ഈ ഗോത്രവിഭാഗങ്ങളെല്ലാം തന്നെ ജീവിത രീതിയിലും ആചാരങ്ങളിലുമെല്ലാം വൈവിധ്യ സുവിശേഷതകൾ പുലർത്തുന്നുണ്ട്. തീർച്ചയായും വൈവിധ്യ ഗോത്രവിഭാഗങ്ങളുടെ അറിവ് നേടുന്നതിനുള്ള മാനസിക പ്രക്രിയയും അറിവ് എന്നാൽ എന്താണെന്ന സങ്കൽപ്പങ്ങളും വൈവിധ്യമാണ്. ഇങ്ങനെയുള്ള വൈവിധ്യ ഗോത്ര വിഭാഗങ്ങളിൽ ഉൽപെടുന്ന കുട്ടികൾ,താമസിച്ച് പഠിക്കുന്ന മോഡൽ റെസിഡൻഷ്യൽ സ്കൂളിലേക്കെത്തുമ്പോൾ അവരുടേ ഫോക്ക്ലോറുകളിൽ നിന്ന് കൂടെയാണ് മാറി താമസിക്കുന്നത്.എന്നാൽ മോഡൽ റെസിഡഷ്യൽ സ്കൂളുകൽ ഈ യാഥാർഥ്യം മനസ്സിലാക്കിയാണോ പ്രവർത്തിക്കുന്നത് എന്ന് കൃത്യമായ പഠനങ്ങളിലൂടെ പരിശോധിക്കപ്പെടണം. അതിന് സ്കൂൾ ചലെ ഹം എന്ന സിനിമയും, സിനിമയുടെ ആശയപരമായ വായനയും സഹായിക്കും.
ഫോക്ലോർ, ഭാവന, കുട്ടികൾ സൃഷ്ടിക്കുന്ന ലോകം
മുതിർന്നവരുടെ നിയന്ത്രണത്തിലുള്ള സാമൂഹികവൽക്കരണ സംവിധാനമായ സ്കൂളിലേക്കാണ് കുട്ടികൾ സ്വന്തം സ്വാതന്ത്ര്യത്തിന്റെ ഒരു ഭാഗം വിട്ടുകൊടുത്ത് പ്രവേശിക്കുന്നത്. ആ കുട്ടികളിൽ വൈവിധ്യ സാമൂഹിക, സാമൂദായിക പരിസരങ്ങളിൽ നിന്നുള്ള കുട്ടികൾ ഉൾപ്പെടുന്നുണ്ട്. കുട്ടികളെ നിയന്ത്രിക്കുന്ന സ്കൂൾ എന്ന അധികാരഘടനയെ താത്കാലികമായി തലകീഴായി മറിച്ചിട്ട്, സ്കൂളിനെ കുട്ടികൾ തന്നെ നിയന്ത്രിക്കുന്ന ഒരു ലോകമായാണ് സ്കൂൾ ചലേ ഹം ഫോക്ലോറിന്റെയും ഫാന്റസിയുടെയും സഹായത്തോടെ ഭാവന ചെയ്തിരിക്കുന്നത്. കുട്ടികളെ സാമൂഹ്യ വൽക്കരിക്കുന്ന സ്കൂൾ സമ്പ്രദായം കുട്ടികളുടെ സ്വാതന്ത്ര്യങ്ങളെ എങ്ങനെ ബാധിക്കുന്നു,അത് അവരുടെ ചിന്തകളിൽ എങ്ങനെ പ്രവർത്തിക്കുന്നു എന്നുള്ള ചിന്തകളിലേക്ക് സ്കൂൾ ചലെ ഹം എന്ന സിനിമ തീർച്ചയായും വഴി തെളിക്കുന്നുണ്ട്.ഈ അർഥത്തിൽ, സ്കൂൾ ചലേ ഹം കുട്ടിക്കാലത്തെക്കുറിച്ചുള്ള ഗൃഹാതുരമായ ഓർമപ്പെടുത്തലിൽ മാത്രം ഒതുങ്ങുന്നില്ല, മറിച്ച് കുട്ടികളുടെ ലോകത്തെ നിർവചിക്കുന്ന അധികാരബന്ധങ്ങളെയും അവരുടെ സ്വാതന്ത്ര്യത്തിനും ഭാവനയ്ക്കും വിദ്യാഭ്യാസത്തിൽ ലഭിക്കുന്ന ഇടത്തെയും കുറിച്ചും ചിന്തിക്കാൻ അവസരമൊരുക്കുന്നു.
References
- Durkheim, Émile. “The Social Bases of Education.” In Émile Durkheim: Selected Writings, edited by Anthony Giddens, 203–18. Cambridge: Cambridge University Press, 1972. https://doi.org/10.1017/CBO9780511628085.012.
- Foucault, Michel. Discipline and Punish: The Birth of the Prison. Translated by Alan Sheridan. New York: Pantheon Books, 1977.
- Scheduled Tribes Development Department. 2026. “Scheduled Tribes Development Department.” Schools. https://www.stdd.kerala.gov.in/index.php/institutions/schools
- Sunandan, K. N. Caste, Knowledge, and Power: Ways of Knowing in Twentieth-Century Malabar. Cambridge: Cambridge University Press, 2022. https://doi.org/10.1017/9781009273138.
_________________________________________________________________________________________
ലേഖകനെക്കുറിച്ച്:
നൂൽപ്പുഴ ആർ.ജി.എം. ഹയർ സെക്കൻഡറി സ്കൂളിൽ (RGMRHSS, Noolpuzha) ലൈബ്രേറിയനായി സേവനമനുഷ്ഠിക്കുന്നു. ഹരിയാന സെൻട്രൽ യൂണിവേഴ്സിറ്റിയിൽ നിന്ന് ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസിൽ ബിരുദാനന്തര ബിരുദം (MLIS) നേടിയിട്ടുണ്ട്. വിജ്ഞാനോൽപ്പാദനത്തിലെ വൈവിധ്യങ്ങൾ, ഫോക്ലോർ, കഥപറച്ചിൽ എന്നിവയാണ് അദ്ദേഹത്തിന്റെ താൽപ്പര്യമേഖലകൾ. (ഇൻസ്റ്റാഗ്രാം ഹാൻഡിൽ: @muhammedmunavver).