ശബരിമലയെപ്പറ്റി ദീർഘകാലമായി നടന്നുകൊണ്ടിരിക്കുന്ന സാമൂഹിക-രാഷ്ട്രീയ ചർച്ചകളിൽ പുതിയ ഒരേടെഴുതപ്പെടുന്ന ഈ വേളയിൽ, നിയമവിദഗ്ധയും ആന്ത്രോപോളജിസ്റ്റുമായ ദീപ ദാസ് അസെവെദോയുമായി അല നടത്തിയ അഭിമുഖം വീണ്ടും പ്രസക്തമാകുന്നു. 2023-ൽ നടത്തിയ അഭിമുഖത്തിന്റെ മലയാള പരിഭാഷ.
ദീപ ദാസ് അസെവെദോ
കേരളത്തിൽ ശബരിമലയെ ചുറ്റിപ്പറ്റിയുള്ള സാമൂഹിക-രാഷ്ട്രീയ ചർച്ചകൾക്ക് പുതിയ ഒരു മാനം കൂട്ടിച്ചേർക്കുന്ന സാഹചര്യത്തിലാണ് ഈ അഭിമുഖത്തിന്റെ പരിഭാഷ. കേരളത്തിലെ കമ്യൂണിസ്റ്റ് സർക്കാർ ‘അയ്യപ്പസംഗമം’ എന്ന പേരിൽ ഒരു ആഗോള ഒത്തുചേരൽ സംഘടിപ്പിച്ചിരിക്കെ, ക്ഷേത്രത്തിലെ പ്രവേശനനിയമങ്ങളും ഭരണഘടനാപരമായ ധാർമികതയും (constitutional morality) എന്ന ആശയം വീണ്ടും പ്രാധാന്യം നേടിയിരിക്കുന്നു. ഈ പശ്ചാത്തലത്തിൽ, ദീപ ദാസ് അസെവെദോയുടെ പ്രസിദ്ധീകരിച്ച പുസ്തകമായ The Battle for Sabarimala: Religion, Law, and Gender in Contemporary India എന്ന കൃതിയെക്കുറിച്ചുള്ള ഈ അഭിമുഖം പ്രസക്തിയുള്ളതാണ്. അല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച ‘Everything Old is New Again’: Telling the Story of the Sabarimala Battle‘ എന്ന ലേഖനത്തിന്റെ മലയാളം പരിഭാഷയാണിത്.

അല: 2020ലെ സുപ്രീം കോടതി വിധിയോടെ ശബരിമല നിയമവിവാദം വീണ്ടും പൊതുജനശ്രദ്ധയിൽ പെട്ടിരിക്കുകയാണല്ലോ. ഈ നിയമവിവാദവുമായി ബന്ധപ്പെട്ടു താങ്കളുടെ കാഴ്ചപ്പാടുകളെ കുറിച്ച് സംസാരിക്കാമോ? താങ്കൾ എപ്പോൾ മുതലാണ് ഈ വിഷയത്തെ കുറിച്ചു ചിന്തിക്കാൻ തുടങ്ങിയത്? എന്താണ് ഈ വിഷയത്തിലേക്ക് താങ്കളെ ആകർഷിച്ചത്?
ദീപ: ശബരിമല വിവാദത്തിലേക്കുള്ള എന്റെ അന്വേഷണത്തിന്റെ തുടക്കം, ക്ഷേത്രഭരണ നിർവ്വഹണത്തെ അടിസ്ഥാനപ്പെടുത്തിയായിരുന്നു. മറിച്ച് സ്ത്രീപ്രവേശനത്തെയോ, അല്ലെങ്കിൽ പൊതുവായ ലിംഗപ്രശ്നങ്ങളെയോ സംബന്ധിച്ചായിരുന്നില്ല. ക്ഷേത്രങ്ങൾ പൊതുവെ സാമൂഹ്യ-രാഷ്ട്രീയ ശക്തികളുടെയും, സാമ്പത്തിക ഇടപാടുകളുടെയും, സാംസ്കാരിക ചർച്ചകളുടെയുമൊക്കെ വേദിയായി മാറുന്നത് എനിക്കെപ്പോഴും കൗതുകമുള്ള ഒരുകാര്യമാണ്. ഇന്ത്യയിലെ പല ഭാഗങ്ങളിലെയും ഡസൻ കണക്കിന് ക്ഷേത്രങ്ങൾ ഞാൻ സന്ദർശിച്ചിട്ടുണ്ട്, പ്രത്യേകിച്ച് ദക്ഷിണേന്ത്യയിലെ.
കോളജ് വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ ക്ഷേത്രഭരണവും മതേതര ഭരണവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചു അറിയാൻ എനിക്ക് താത്പര്യമുണ്ടായിരുന്നു. ഇതോടൊപ്പം മറ്റ് പ്രായോഗിക കാരണങ്ങളും കൂടി പരിഗണിച്ചാണ് എന്റെ കുടുംബത്തിന്റെ വേരുകൾ ഉള്ള കേരളവും ശബരിമലയും ഞാൻ തെരഞ്ഞെടുത്തത്. ഗവേഷണത്തിനുള്ള വിശാലസാധ്യതകളും എനിക്ക് താരതമ്യേന അനായാസകരമായി പ്രവർത്തിക്കാനാകുമെന്ന് തോന്നിയ അന്തരീക്ഷവും അവിടെയുണ്ടായിരുന്നു.
പഠനവും ജോലിയുമായി മുന്നോട്ട് പോകുന്തോറും ശബരിമലയിലെ സ്ത്രീപ്രവേശന വിവാദം എന്റെ ഗവേഷണത്തിലെ ഒരു മുഖ്യ ഘടകമായി ഉരുത്തിരിഞ്ഞു വന്നിരുന്നു. അതുകൊണ്ടുതന്നെ ഞാൻ ഡോക്ടറേറ്റ് സമയത്ത് പഠിച്ച ക്ഷേത്രഭരണത്തിന്റെ മറ്റു വശങ്ങളേക്കാൾ എന്റെ ഭൂരിഭാഗം എഴുത്തുകളും സ്ത്രീപ്രവേശനവിവാദത്തെ കേന്ദ്രീകരിച്ചായി മാറി (ഇതൊരു പരാതിയില്ല കേട്ടോ; അനുദിനം മാറിമറിഞ്ഞുകൊണ്ടിരിക്കുന്ന ഒരു കാര്യത്തെക്കുറിച്ച് പഠിക്കുന്നത് രസകരവും, എന്നാൽ അല്പം ഉത്‌കണ്ഠാജനകവും ആയിരുന്നു. അഭിഭാഷകർ പലപ്പോഴും ചെയ്യുന്ന ഒരു കാര്യമാണിത്, പക്ഷേ നരവംശശാസ്ത്രജ്ഞർ വളരെ അപൂർവമായി മാത്രമേ അത് ചെയ്യാറുള്ളൂ).
അല: ശബരിമലയിലെ സ്ത്രീപ്രവേശന വിവാദത്തിൽ ഭരണഘടനാ അവകാശങ്ങളെക്കുറിച്ചുള്ള ചോദ്യത്തെ നിങ്ങൾ എങ്ങനെ നോക്കികാണുന്നു? പഴയകാലം മുതല്‍ നിലനിന്നിരുന്ന സാമൂഹ്യ-നിയമപരമായ സംഘര്‍ഷങ്ങള്‍ ഈ കേസില്‍ വീണ്ടും എങ്ങനെ പ്രത്യക്ഷപ്പെടുന്നു? കൂടാതെ ഈ കേസിൽ നിന്ന് നമുക്ക് എന്താണ് പഠിക്കാൻ കഴിയുന്നത്?
ദീപ: ശബരിമല വിവാദത്തിൽ നിന്ന് രണ്ട് പ്രധാന കാര്യങ്ങൾ നമുക്ക് പഠിക്കാൻ കഴിയും. ഒന്ന്, പഴയ പ്രവണതകൾതന്നെ പുതുതായി ഉരുത്തിരിഞ്ഞു വരികയാണ്. രണ്ട്, ഇന്ത്യൻ ഭരണഘടനയ്ക്കുള്ളിൽ തന്നെ പരസ്പര വിരുദ്ധമായി മാറിയേക്കാവുന്ന ചില പ്രവണതകൾ നിലനിൽക്കുന്നുണ്ട്. ഇവയെക്കുറിച്ച് വിശദമായി പറയാൻ ഒരുപാടുണ്ടെങ്കിലും, ഇവിടെ ഞാൻ കാര്യങ്ങൾ കുറച്ചു ചുരുക്കിപ്പറയാം.
ഒന്നാമത്തെ പോയിന്റുമായി ബന്ധപ്പെട്ട്, രണ്ടു കാര്യങ്ങൾ ശ്രദ്ധിക്കാനുണ്ട്. ആദ്യമായി, ശബരിമല തർക്കവും സമാനമായ മുൻകാല പ്രശ്നങ്ങളും തമ്മിൽ നിരവധി പ്രധാനപ്പെട്ട വ്യത്യാസങ്ങൾ ഉണ്ടെങ്കിലും, വൈക്കം സത്യാഗ്രഹത്തിന് ഏകദേശം ഒരുനൂറ്റാണ്ടിനു ശേഷവും ആചാര മലിനീകരണത്തിന്റെ അടിസ്ഥാനത്തിൽ ക്ഷേത്രപ്രവേശനം നിഷേധിക്കുന്നതിനെക്കുറിച്ചാണ് നമ്മൾ ഇന്നും ചർച്ച ചെയ്യുന്നത്. രണ്ടാമതായി, നമ്മൾ സംസാരിക്കുന്നത് ഒരു ‘സ്ത്രീ പ്രവേശന’ തർക്കത്തെക്കുറിച്ചാണ്, അല്ലെങ്കിൽ ഒരു ‘സ്ത്രീ പ്രശ്ന’ത്തെക്കുറിച്ചാണ്. ഇവിടെയും പല ചരിത്രപരമായ വ്യത്യാസങ്ങളുണ്ടെങ്കിലും, ഈ പ്രയോഗം പത്തൊൻപതാം നൂറ്റാണ്ടിലെയും ഇരുപതാം നൂറ്റാണ്ടിലെയും ‘സ്ത്രീ പ്രശ്ന’ത്തെക്കുറിച്ചുള്ള മറ്റു സംവാദങ്ങളെ ഓർമിപ്പിക്കുന്നു. ശബരിമല തർക്കത്തിന്റെ ഏറ്റവും സമീപകാല ഘട്ടത്തിൽ നിന്നുള്ള സോഷ്യൽ മീഡിയ പ്രചാരണങ്ങളെയും ഓൺലൈൻ ജേണലിസത്തിന്റെ സ്വാധീനത്തെയും മാറ്റിനിറുത്തിയാൽ, ഇന്നത്തെ ശബരിമല വിവാദം ഒരു നൂറ്റാണ്ട് മുമ്പ് തന്നെ നടന്നുവെന്ന് തോന്നും. ഒരേ സംവാദങ്ങൾ തന്നെ ഇത്രകാലം പലരൂപങ്ങളിൽ തുടർന്നുകൊണ്ടിരിക്കുന്നു എന്നത് ശ്രദ്ധേയമാണ്.
ഭരണഘടനയെ സംബന്ധിച്ചിടത്തോളം, അതിൽ രണ്ടു മുഖ്യസ്വഭാവങ്ങൾ പ്രതിഫലിക്കുന്നുണ്ട് എന്നാണെന്റെ വാദം: ഒന്നാമത്, മാറ്റങ്ങൾ കൊണ്ടുവരാൻ ശ്രമിക്കുന്ന (transformative) സ്വഭാവവും, രണ്ടാമത് കുറേക്കൂടെ യാഥാസ്ഥിതികമായ ഉദാര (liberal) സ്വഭാവവുമാണ്. പൊതുവെ ഭരണഘടനയെ പരിവർത്തനപരവും വിപ്ലവകരവുമായി മാത്രം കാണുന്ന നിലവിലുള്ള അഭിപ്രായങ്ങൾക്ക് വിരുദ്ധമാണ് ഈ കാഴ്ചപ്പാട്. എന്നാൽ ശബരിമല തർക്കം കാണിക്കുന്നത് മിക്ക പ്രധാന ചർച്ചകളിലും ഇരുവശക്കാർക്കും ശക്തമായ ഭരണഘടനാവാദങ്ങളെ കൂട്ടുപിടിക്കാനാകുന്നുണ്ട് എന്നാണു. എല്ലാ സാംസ്കാരിക കലാസൃഷ്ടികളെയും പോലെ ഭരണഘടനകളും ഒന്നിലധികം വ്യാഖ്യാനങ്ങൾക്ക് വിധേയമാകുന്നു എന്ന ലളിതമായ വസ്തുതയ്ക്ക് അപ്പുറമാണ് ഇത്. മറിച്ച്, ഞാൻ ഇവിടെ പറയാൻ ശ്രമിക്കുന്നത്, ഭരണഘടന ഒരേസമയം മതസ്വാതന്ത്ര്യം പോലെയുള്ള ഉദാരമൂല്യങ്ങളും; തൊട്ടുകൂടായ്മ നിർത്തലാക്കൽ, ഹിന്ദു ക്ഷേത്രങ്ങൾ തുറക്കൽ, ഭാഗം IV-ൽ പറയുന്ന സാമൂഹിക മാറ്റങ്ങൾ പോലെയുള്ള വിപ്ലവകരമായ (transformative) മൂല്യങ്ങളും അംഗീകരിക്കുന്നു എന്നതാണ്. മറ്റൊരു രീതിയിൽ പറഞ്ഞാൽ, ഭരണഘടനയെ ആശ്രയിച്ചുള്ള ശക്തമായ വാദങ്ങൾ ഇരുവശത്തുമുണ്ട്.
എന്നാൽ, ശബരിമല തർക്കത്തിൽ മധ്യസ്ഥത വഹിക്കുന്ന അതതു ഘട്ടങ്ങളിൽ കേരള ഹൈക്കോടതിയും സുപ്രീം കോടതിയും ഇക്കാര്യം മറന്നു. മഹേന്ദ്രൻ കേസിന്റെ1 (1990–91) സമയത്ത്, ശബരിമലയിലെ മതപുരൊഹിതശ്രേണിയും പ്രമുഖ അയ്യപ്പ ഭക്ത സംഘടനകളും സ്ത്രീപ്രവേശന വിലക്ക് ഭരണഘടനാപരമായി ഒരു ‘അനിവാര്യ മതാചാരം’ (essential religious practice) ആണെന്ന് പറഞ്ഞതിനാൽ, അതോടുകൂടി ആ തർക്കത്തിന് അവസാനമായി എന്ന് കേരള ഹൈക്കോടതി ഫലത്തിൽ വിധിച്ചു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, തർക്കത്തിന്റെ കാതലായ സ്ത്രീകളെ തന്നെ കോടതി വിസ്മരിച്ചു—ഒരു നൂറ്റാണ്ട് മുമ്പ് സതിയെ സംബന്ധിച്ചു കൊളോണിയൽ കോടതികൾ ചെയ്തെന്നു ചരിത്രകാരി ലത മണി വാദിച്ചതുപോലെ. പിന്നീട്, ഇന്ത്യൻ യങ് ലോയേഴ്സ് അസോസിയേഷൻ കേസ് (2006–2018)2 സമയത്ത്, ശബരിമലയിലെ വിലക്ക് എല്ലാ അയ്യപ്പ ക്ഷേത്രങ്ങളിലും നടപ്പിലാക്കിയിട്ടില്ലാത്തതിനാലും അയ്യപ്പാരാധന മറ്റ് മതാചാരങ്ങളിൽ നിന്നും വേറിട്ടതല്ലാത്തതിനാലും ഇതൊരു ‘അനിവാര്യ മതാചാരം’ അല്ലെന്ന് സുപ്രീം കോടതി വിധിച്ചു. ഇത്തരം ഒരു വിധിയിലൂടെ ശബരിമലയിൽ പതിറ്റാണ്ടുകളായി തുടർന്നുകൊണ്ടിരിക്കുന്ന അയ്യപ്പഭക്തരുടെ ആചാരങ്ങളെയും രീതികളെയും കോടതി വിസ്മരിച്ചു. ഹൈക്കോടതിയും സുപ്രീംകോടതിയും തങ്ങളുടെ അതാത് വിധികളിലൂടെ പറഞ്ഞത് എന്തുതന്നെ ആയാലും, ഈ വിഷയത്തിന് എളുപ്പത്തിലുള്ള ഒരു മറുപടി ഇല്ല. കാരണം, ഇന്ത്യൻ ഭരണഘടനയ്ക്കുള്ളിൽ പരസ്പരപൂരകകങ്ങളല്ലാത്ത ആശയങ്ങൾ ഉള്ളതിനാൽ, പലപ്പോഴും ഇത്തരം തർക്കങ്ങൾക്ക് വ്യക്തമായ ഉത്തരങ്ങൾ കിട്ടാറില്ല.
അല: കേരളത്തിന്റെ ‘പുരോഗമന രാഷ്ട്രീയ’വും ‘യാഥാസ്ഥിതിക രീതികളും’ തമ്മിലുള്ള വൈരുദ്ധ്യത്തെ കുറിച്ച് നിങ്ങൾ പുസ്തകത്തിന്റെ അവതാരികയിൽ സൂചിപ്പിക്കുന്നു. ശബരിമല കേസ് രൂപപ്പെടുന്നതിൽ ഈ വൈരുദ്ധ്യത്തെ നിങ്ങൾ എങ്ങനെ കാണുന്നു?
ദീപ: കേരളത്തിന്റെ സാമൂഹ്യ-രാഷ്ട്രീയ വൈരുധ്യങ്ങൾക്കു അടിവരയിടുന്നതാണ് ശബരിമല തർക്കം. അടിസ്ഥാനപരമായി, മതവും ജെൻഡറുമാണ് ഇവിടെ വിവാദമാകുന്നത്—അസാധാരണമായ മതവൈവിധ്യവും ഉയർന്ന സ്ത്രീ-പുരുഷ സമത്വവും ഉണ്ടെന്ന് കരുതപ്പെടുന്ന ഒരു സംസ്ഥാനത്താണ് ഈ വിവാദം പൊട്ടിപ്പുറപ്പെട്ടത് എന്നത് പലർക്കും ആശ്ചര്യകരമായി തോന്നാം. അതേസമയം, കേരള രാഷ്ട്രീയ-സാമൂഹിക-സാമ്പത്തിക ചരിത്രത്തെ ആഴത്തിൽ പരിശോധിക്കുകയാണെങ്കിൽ, കേരളം ഇത്തരമൊരു വിവാദത്തിന് വേദിയായതിൽ ഒട്ടും അതിശയമില്ലെന്ന് മനസ്സിലാകും: ‘കേരള മോഡൽ’ എന്ന പുറംപൂച്ചിനുള്ളിൽ മറഞ്ഞു കിടക്കുന്ന പലതും ഇതിലൂടെ വെളിവാകുന്നു. അതുകൊണ്ടാണ് ഇത് കേരളീയരുടെ മാത്രം കഥയാണെന്ന് ഞാൻ കരുതാത്തത്—ഇത് കേരളത്തിന്റെ കഥയാണ്, പക്ഷേ ഇത് തീർച്ചയായും ‘കേരളത്തിൽ മാത്രം’ സംഭവിക്കാവുന്ന ഒന്നല്ല! ഇന്ത്യയുടെ വിപുലമായ രാഷ്ട്രീയ രംഗത്തു കേരളത്തിന് പൊതുവേ പരിമിതമായ സ്ഥാനം മാത്രമേ ലഭിക്കാറുള്ളൂ എങ്കിലും, ശബരിമല തർക്കം ദേശീയ തലത്തിലും ശ്രദ്ധനേടുകയും വ്യാപകമായ ചർച്ചകൾക്കിടയാകുകയും ചെയ്തു എന്ന വസ്തുത ഇത് തെളിയിക്കുന്നു.
അല: താങ്കളുടെ ഗവേഷണരീതിയെ താങ്കൾ ‘കോൺസ്റ്റിട്യൂഷനൽ എത്ത്നോഗ്രഫി’ (constitutional ethnography) എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. നിയമപഠനങ്ങളിൽ അപൂർവമായി കാണുന്ന കഥപറയുന്നതുപോലുള്ള ഒരാഖ്യാനരീതിയാണ് തങ്ങൾ പുസ്തത്തിൽ ഉപയോഗിക്കുന്നത്. എന്തുകൊണ്ടാണ് ഈ സമീപനം തെരഞ്ഞെടുത്തതെന്ന് വിശദീകരിക്കാമോ? പൊതുവെ നിയമത്തിന്റെ ദൈനംദിന പ്രവർത്തനങ്ങൾ മനസ്സിലാക്കാൻ ഇത് എങ്ങനെ സഹായിക്കുന്നു?
ദീപ: അക്കാദമിക് എഴുത്ത് അതിന്റെ സ്വതസിദ്ധമായ ‘ഗൗരവം’ കുറച്ചു നിയന്ത്രിച്ചാൽ കൂടുതൽ ഫലപ്രദമായി മാറുമെന്ന് ഞാൻ കരുതുന്നു. അതായത്, സംഭാഷണരൂപത്തിലും, ഹാസ്യം ചേർത്തും, സാങ്കേതികത ഒഴിവാക്കിയും, എന്നാൽ ആശയങ്ങളുടെ ആഴവും വ്യക്തതയും വിട്ടുവീഴ്ച ചെയ്യാതെയും എഴുതണമെന്നർത്ഥം. ഇത് നിയമപഠനത്തിനും നരവംശശാസ്ത്രത്തിനും ഒരുപോലെ ബാധകമാണ്; വ്യത്യസ്ത രീതികളിൽ ആണെന്ന് മാത്രം. ഇരുവരും മനുഷ്യജീവിതത്തെക്കുറിച്ചാണ് പഠിക്കുന്നതെന്ന് അവകാശപ്പെടുന്നുവെങ്കിലും, പലപ്പോഴും അവയുടെ എഴുത്ത് മനുഷ്യസൗഹൃദമല്ലാത്ത, വായനാസുഖം കുറവായ ഭാഷയിലാണ് രചിക്കപെടുന്നത്.
ഞാൻ എഴുതിയ ഈ പുസ്തകം, നിയമത്തിലോ നരവംശശാസ്ത്രത്തിലോ വൈദഗ്ധ്യമില്ലാത്ത ആളുകൾക്കുപോലും എളുപ്പത്തിൽ വായിക്കാനാകുന്ന തരത്തിലായിരിക്കണമെന്നാണ് എന്റെ ആഗ്രഹം; ആ വായന ആനന്ദത്തിനു വേണ്ടി മാത്രമാണെങ്കിൽ കൂടിയും. ഇത് എന്റെ ആദ്യ പുസ്തകമായതിനാൽ എന്റെ എഴുത്തിനു ഇനിയും മെച്ചപ്പെടാൻ കഴിയുമെന്ന് ഞാൻ കരുതുന്നു.
അതോടൊപ്പം, എഴുത്തിന്റെ നിയമപരമായ ഉള്ളടക്കത്തിന് ചേരുന്ന രൂപത്തിൽ ഈ ആശയങ്ങളെ ഉൾകൊള്ളുന്ന ആഖ്യാനരീതിയായാണ് ‘കോൺസ്റ്റിട്യൂഷനൽ എത്ത്നോഗ്രഫി’യെ ഞാൻ ഉപയോഗിക്കുന്നത് (കിം ലെയിൻ ഷെപ്പെല്ലിൽ നിന്ന് സ്വീകരിച്ചൊരു ഒരാശയമാണിത്). നിയമത്തിന് കോടതിയ്ക്കും കോടതിവിധികൾക്കും ഭരണഘടനയ്ക്കും അപ്പുറമുള്ള ഒരു ജീവിതം ഉണ്ടെന്ന സത്യം പലപ്പോഴും നിയമം പഠിക്കുന്നവർ മറന്നു പോകുന്നു. അതുപോലെ തന്നെ, നരവംശശാസ്ത്രജ്ഞർ പലപ്പോഴും മറക്കുന്നൊരു കാര്യമുണ്ട്. എന്റെ സുഹൃത്തും സഹപ്രവർത്തകനുമായ ലിയോ കോൾമാൻ പറയുന്നതുപോലെ, ‘നിയമവൽക്കരണം നിയമാവലികളിൽ മാത്രമല്ല!’ അതായത്, നിയമത്തിന്റെ ഉള്ളടക്കം സാധാരണക്കാരെയും അസാധാരണ വ്യക്തികളെയും എങ്ങനെ സ്വാധീനിക്കുന്നു എന്നത്, നിയമത്തെ നരവംശശാസ്ത്രപരമായി കാണുന്ന ഏതൊരു പഠനത്തിന്റെയും അനിവാര്യ ഘടകമാകണം. നിയമത്തിൽ നരവംശശാസ്ത്രത്തിന്റെ രീതികൾ (അല്ലെങ്കിൽ എത്‌നോഗ്രഫിയുടെ) ഉൾപ്പെടുത്തുക മാത്രം ചെയ്യാതെ, മറിച്ചു നിയമത്തിന്റെ രീതികൾ നരവംശശാസ്ത്രത്തിലും ഉൾപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നു. മേല്പറഞ്ഞ രണ്ടു നോട്ടക്കുറവുകളെയും അഭിസംബോധന ചെയ്യാൻ കഴിവുള്ള ഒരു മാർഗമാണ് ‘കോൺസ്റ്റിട്യൂഷനൽ എത്ത്നോഗ്രഫി’.
അല: താങ്കളുടെ പുസ്തകം വായിക്കാൻ ഞങ്ങൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്നു! ഇനി വരുന്ന താങ്കളുടെ പ്രൊജെക്ടുകൾ എന്തൊക്കെയാണ്?
ദീപ: നന്ദി! വളരെക്കാലത്തിന് ശേഷം, ഈ പഠനം ഒടുവിൽ ഒരു പുസ്തകരൂപത്തിൽ കാണാനാകുമെന്നതിൽ ഞാൻ അതീവ സന്തോഷത്തിലാണ്. അതേസമയം, പുതിയൊരു ഗവേഷണ വിഷയത്തിന്മേൽ ഞാൻ ഇതിനകം തന്നെ പ്രവർത്തിക്കാൻ തുടങ്ങിയിട്ടുണ്ട്. ഇതിനായി 2024 ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവിൽ ബെംഗളൂരുവിൽ ഫുൾബ്രൈറ്റ് ഫെലോഷിപ്പ് മുഖേന ഫീൽഡ് വർക്ക് തുടങ്ങാനൊരുങ്ങുകയാണ് (ഫുൾബ്രൈറ്റ് സ്കോളർ പ്രോഗ്രാമിനും NLSIU യുടെ ചാൻസലറിനും ഈ അവസരത്തിൽ നന്ദി രേഖപ്പെടുത്തുന്നു). ഈ പുതിയ പ്രൊജക്ട് ഇപ്പോഴും അതിന്റെ ആദ്യഘട്ടങ്ങളിലാണ്. അതുകൊണ്ട് തന്നെ, ഏതൊരു എത്തനോഗ്രാഫിക് പ്രോജക്ടിനെയും പോലെ, ഫീൽഡ് വർക്ക് ചെയ്യുന്നതിനുമുമ്പ് അതിന്റെ രൂപം കൃത്യമായി നിര്ണയിക്കാനാകില്ല. എന്നിരുന്നാലും, പരസ്പരബന്ധിതമായ ചില കാര്യങ്ങളാണ് എന്നെ നയിക്കുന്നത്: ദീപക് മിശ്ര കൂടുതൽ ജനപ്രിയമാക്കിയ ‘ഭരണഘടനാ ധാർമ്മികത’ എന്ന ആശയം, നിയമവിദഗ്ധരും (വക്കീലുകൾ, അക്കാദമികർ, ജഡ്ജിമാർ, നിയമനിർമ്മാതാക്കൾ) സാധാരണക്കാരായവരും (കേസ് കൊടുക്കുന്ന സാധാരണക്കാർ, സിവിൽ സൊസൈറ്റി സംഘടനകൾ തുടങ്ങിയവ) ഭരണഘടന പ്രയോഗിക്കുന്നത് വഴി അതിന് ലഭിക്കുന്ന ദൈനംദിന പ്രസക്തി; കൂടാതെ ഇന്ന് ഇന്ത്യയിലും മറ്റിടങ്ങളിലും സംഭവബഹുലമായി നടക്കുന്ന, ജനാധിപത്യവും ഭരണഘടനാവാദവും തമ്മിലുള്ള ബന്ധനത്തെ പുനർസങ്കല്പിക്കുന്ന പ്രക്രിയ.
അല: ശബരിമല കേസുമായി ബന്ധപ്പെട്ട് നിരവധി വ്യത്യസ്ത വ്യക്തിത്വങ്ങൾ രംഗപ്രവേശം ചെയ്തിട്ടുണ്ടെന്ന് നിങ്ങൾ പുസ്തകത്തിൽ പറയുന്നുണ്ട്—‘ആചാരങ്ങൾ കൃത്യതയോടെ കാത്തുസൂക്ഷിക്കുന്ന ഒരു പാരമ്പര്യ പുരോഹിതൻ, മാധ്യമ വിദഗ്ധനായ അദ്ദേഹത്തിന്റെ കൊച്ചുമകൻ, ഒരു ജ്യോതിഷി, ഒരു അഭിനേത്രി, വിവിധ മതസംഘടനകളും അവയുടെ ഫെമിനിസ്റ്റ് വിമർശകരും, വീട്ടമ്മയിൽ നിന്ന് സാമൂഹിക പ്രവർത്തകയായിത്തീർന്ന ഒരാൾ, ഒരു കോളജ് വിദ്യാർത്ഥി, കാച്ചിക്കുറുക്കിയ വാദങ്ങളുമായി വരുന്ന ഡൽഹിയിലെ അഭിഭാഷകർ, ഉദാസീനരായ കമ്മ്യൂണിസ്റ്റ് സർക്കാർ ഉദ്യോഗസ്ഥർ, ഒരു ബ്രഹ്മചാരി ദൈവം, തങ്ങളുടെ പ്രശസ്തി വീണ്ടെടുക്കാൻ ആഗ്രഹിക്കുന്ന ഒരു കൂട്ടം ചീഫ് ജസ്റ്റിമാർ’. ഇവരിൽ നിങ്ങളെ ഏറ്റവും കൂടുതൽ ആകർഷിച്ച ഒന്നോ രണ്ടോ പേരെക്കുറിച്ചു വിശദീകരിക്കാമോ?
ദീപ: പറയുകയാണെങ്കിൽ ഒരുപാട് പേർ ഉണ്ട്! എങ്കിലും ഇതിനകം തന്നെ ധാരാളം പഠനങ്ങൾ നടന്നിട്ടുള്ള (തീർച്ചയായും ഇനിയും ശ്രദ്ധലഭിക്കാൻപോകുന്ന) ചില പേരുകൾ പറയാം: അയ്യപ്പൻ, കൂടാതെ ശബരിമല വിവാദത്തിൽ ഉൾപ്പെട്ടിട്ടുള്ള ഇന്ത്യയിലെ വിവിധ ചീഫ് ജസ്റ്റിസുമാർ, പ്രത്യേകിച്ച് ദീപക് മിശ്രയും രഞ്ജൻ ഗോഗോയും, ഡി.വൈ. ചന്ദ്രചൂഡ് എന്നിവർ. ഇവരെ മാറ്റി നിർത്തിയാൽ, ശബരിമലയിലെ പ്രവേശന നയത്തിനെതിരെ നിയമപോരാട്ടം നയിച്ച ഭക്തി പസ്രിജ സേഥി; ശബരിമല വിവാദകാലഘട്ടത്തിൽ പല തവണ സ്വന്തം അഭിപ്രായങ്ങൾ അഴിച്ചു പണിത താഴമോൻ വംശത്തിലെ ചെറുമകൻ രാഹുൽ ഈശ്വർ. ഓരോ തവണയും മുമ്പത്തേക്കാൾ വിവാദാത്മകമായ ഒരു രൂപത്തിൽ മുന്നിലെത്തുന്ന ഒരാളാണ് അദ്ദേഹം. കൂടാതെ, ശബരിമലയിലെ നിരോധനം പിന്തുണച്ച വിവിധ കക്ഷികൾക്ക് വക്കീലായിരുന്ന ജെ. സായി ദീപക്. ആമുഖത്തിൽ ഞാൻ പറയാത്ത, പുസ്തകത്തിൽ പിന്നീട് ചർച്ച ചെയ്യുന്ന ഒരാളാണ് അദ്ദേഹം. ഇവരിൽ ഓരോരുത്തരും, മീഡിയ അവരെ ചിത്രീകരിക്കുന്നതിനേക്കാൾ കൂടുതൽ സങ്കീർണ്ണരും അതുകൊണ്ടുതന്നെ കൂടുതൽ കൗതുകമുളവാക്കുന്നവരുമാണ്. പുസ്തകത്തിൽ ഇവർ ഓരോരുത്തരുമായി കുറച്ച് സമയം ചെലവഴിക്കാൻ ഞാൻ ശ്രമിക്കുന്നു.
(തർജ്ജമ: അഞ്ജന, അപർണ്ണ)
ലേഖകയെക്കുറിച്ചു: എമറി സർവകലാശാലയിൽ അസോസിയേറ്റ് നിയമ പ്രൊഫസറാണ് ദീപ ദാസ് അസെവെദോ. ഷിക്കാഗോ സർവകലാശാലയിൽനിന്ന് നിയമം, നരവംശശാസ്ത്രം എന്നീ വിഷയങ്ങളിൽ ബിരുദാനന്തര ഡോക്ടറേറ്റ് നേടി. ഇന്ത്യയിൽ സ്‌റ്റേറ്റും മതവും തമ്മിലുള്ള വ്യവഹാരങ്ങൾ, ജനാധിപത്യ പരമാധികാരം, ഭരണഘടനാവാദം എന്നിവയാണ് ഗവേഷണ മേഖലകൾ. ദീപയുടെ The Battle for Sabarimala: Religion, Law, and Gender in Contemporary India എന്ന പുസ്തകം 2024ൽ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി പ്രസ്സ് പ്രസിദ്ധീകരിച്ചു.
[English summary: Translation of Ala’s 2023 interview with scholar Deepa Das Acevedo on the long history of contentions around the Sabarimala Ayyappa temple.]