മലയാളികൾക്ക് ഇന്ന് സുപരിചിതമായ ഭക്ഷണമാണ് കപ്പ. എന്നാൽ എഴുപതുകളിൽ, കേരളസംസ്ഥാനം ‘ഏറ്റവും ദരിദ്ര സംസ്ഥാനം’ എന്ന നിലയിൽ നിന്ന് വികസന ‘മാതൃക’യായി മാറിയതിന്റെ കഥയിൽ കപ്പ ഒരു മുഖ്യകഥാപാത്രമായിരുന്നു എന്നത് പലർക്കും അറിയില്ല. ജേക്കബ് ജോഷി എഴുതുന്നു.
ജേക്കബ് ജോഷി
മലയാളികൾക്ക് ഇന്ന് സുപരിചിതമായ ഭക്ഷണമാണ് കപ്പ. എന്നാൽ എഴുപതുകളിൽ, കേരളസംസ്ഥാനം ‘ഏറ്റവും ദരിദ്ര സംസ്ഥാനം’ എന്ന നിലയിൽ നിന്ന് വികസന ‘മാതൃക’യായി മാറിയതിന്റെ കഥയിൽ കപ്പ ഒരു മുഖ്യകഥാപാത്രമായിരുന്നു എന്നത് പലർക്കും അറിയില്ല. ജേക്കബ് ജോഷി എഴുതുന്നു.
ഏതാനും ആഴ്ചകൾക്ക് മുമ്പ് രാഷ്ട്രീയപ്രവർത്തകനായ കെ എം ഷാജിക്ക് മന്ത്രി പി രാജീവ് നൽകിയ മറുപടിക്ക് തിരിച്ചടിയെന്ന പോലെ പ്രമുഖ ചിന്തകനായ സണ്ണി എം കപിക്കാട്, ‘കുറച്ചു കപ്പ പുഴുങ്ങിക്കൊടുത്താൽ പ്രശ്നമെല്ലാം തീരുമല്ലോ’ എന്ന പരാമര്‍ശം നടത്തുകയുണ്ടായി (Mathrubhumi, 2026). വളരെ സാധാരണ നിലയ്ക്കാണ് സണ്ണി കപിക്കാട് ‘കപ്പ’ എന്ന് ഉപയോഗിച്ചതെങ്കിലും, ഇന്ന് നമ്മൾ അഭിമാനപൂർവ്വം അടയാളപ്പെടുത്തുന്ന ‘കേരള മോഡലുമായി’, കപ്പയ്ക്ക് വളരെ രസകരമായ ഒരു ബന്ധമുണ്ട്.
കേരളം ഇന്ത്യയിലെ ഏറ്റവും ദരിദ്രസംസ്ഥാനമായതിന്റെ കഥ
ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തിൽ, പുതുതായി സ്വതന്ത്രമാക്കപ്പെട്ട കൊളോണിയൽ രാഷ്ട്രങ്ങൾ, തങ്ങൾ സ്വീകരിക്കേണ്ട വികസനപാതയെക്കുറിച്ച് വലിയ ചർച്ചകളിൽ ഏർപ്പെട്ടു കൊണ്ടിരിക്കുകയായിരുന്നു.ഇന്ത്യയിൽ, നെഹ്രുവിന്റെ കീഴിൽ സോവിയറ്റ് മാതൃകയിലുള്ള പഞ്ചവത്സര പദ്ധതികൾ നടപ്പിലാക്കിയുള്ള ഒരു വികസനപാതയാണ് സ്വീകരിച്ചത്. വ്യവസായവത്കരണമാണ് ഇതിനുള്ള ഒരു പ്രധാനപ്പെട്ട പ്രതിവിധി എന്ന് പരക്കെ അംഗീകരിക്കപ്പെട്ട കാലവുമായിരുന്നു അത്. അതോടൊപ്പം തന്നെ ദാരിദ്ര്യനിർമാർജ്ജനത്തിനായി പൊതുവിതരണ സംവിധാനങ്ങൾ നടപ്പിലാക്കാനും, കുറഞ്ഞ ചിലവിലുള്ള ഭവനനിർമാണം നടത്താനും തുടങ്ങി, മറ്റനവധി പരിപാടികൾ സർക്കാർതലത്തിൽ നിർദ്ദേശിക്കപ്പെടുകയും ചെയ്തു. ഭൂപരിഷ്കരണം, സൗജന്യ സ്കൂൾ വിദ്യാഭ്യാസം, ദരിദ്രർക്ക് കൂടുതൽ തൊഴിലും വരുമാനവും നേടുവാൻ പൊതുമരാമത്ത് പരിപാടികൾ എന്നിവയും നിർദേശിക്കപ്പെട്ടു. മേൽപ്പറഞ്ഞ പരിപാടികൾ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ പരിമിതമായി നടപ്പിലാക്കിയപ്പോൾ, കേരളത്തിൽ സാമൂഹ്യ ക്ഷേമവും പുനർവിതരണവും കേന്ദ്രീകരിച്ച ഒരു വികസനപാത പിന്തുടരാനുള്ള പൊതുസമ്മതം രൂപപ്പെട്ടിരുന്നു (Heller, 1999).
ഇതേ സമയം തന്നെ ഇന്ത്യയിലെ മൊത്തത്തിലുള്ള ദാരിദ്ര്യം അളക്കുന്ന പരിപാടികൾക്കും തുടക്കമായി. 1962ല്‍ പ്ലാനിംഗ് കമ്മീഷനാണ് ആദ്യമായി പ്രതിശീർഷ വരുമാനം മാനദണ്ഡമാക്കി ദാരിദ്ര്യരേഖ അവതരിപ്പിച്ചത്. എന്നാൽ ഈ രീതിയുടെ പരിമിതികൾ ചൂണ്ടിക്കാട്ടിക്കൊണ്ട്, 1960കളിലെ നാഷണൽ സാമ്പിൾ സർവേ (എൻ.എസ്.എസ്.) ഫലങ്ങൾ അടിസ്ഥാനമാക്കി ദണ്ഡേക്കറും രാതും ചേർന്ന് ദാരിദ്ര്യം അളക്കുന്നതിനുള്ള നവീനമായ ഒരു രീതി മുന്നോട്ടുവച്ചു (Dandekar & Rath, 1971). പ്രതിശീർഷ വരുമാനമാനത്തിന് പകരം ഇത്തവണ കലോറി ഉപഭോഗമായിരുന്നു മാനദണ്ഡം. അതായത് പ്രതിദിനം 2250 കലോറി ഊർജ്ജം നൽകാൻ പര്യാപ്തമായ ചിലവിൽ നിന്നാണ് ദാരിദ്ര്യരേഖ കണ്ടെത്തേണ്ടതെന്ന് അവർ വാദിച്ചു.
അവരുടെ കണക്കുകൾ പ്രകാരം ഇന്ത്യയിൽ ഏറ്റവും കൂടുതൽ ദാരിദ്ര്യമുള്ള സംസ്ഥാനം കേരളമാണെന്ന് കണ്ടെത്തപ്പെട്ടു. മേൽപ്പറഞ്ഞ വികസനപദ്ധതികളും ദാരിദ്ര്യനിർമാർജ്ജന പദ്ധതികളും നടപ്പിലാക്കിയിട്ടും കേരളം എങ്ങനെ ഏറ്റവും കൂടുതൽ ദാരിദ്ര്യമുള്ള സംസ്ഥാനമായി മാറി എന്നത് സാമ്പത്തിക വിദഗ്ധരെ ആശയക്കുഴപ്പത്തിലാക്കുകയും ചെയ്‌തു.
തിരുത്തലുകൾ: കേരളവികസന സംവാദത്തിന്റെ ഉറവിടം
ആ കാലത്താണ് ദൽഹി യൂണിവേഴ്സിറ്റിയിലെ തന്റെ വൈസ് ചാൻസലർ സ്ഥാനം രാജിവെച്ച കെ എൻ രാജ് കേരളത്തിലേക്കു വരുന്നത്. അന്നത്തെ മുഖ്യമന്ത്രി അച്യുത മേനോന്റെ ക്ഷണപ്രകാരം കേരളത്തിൽ, രാജിന്റെ നേതൃത്വത്തിൽ സെന്റർ ഫോർ ഡെവലപ്മെന്റ് സ്റ്റഡീസ് (സി ഡി എസ്) ആരംഭിച്ചു. കേരളത്തിന്റെ വികസന മാതൃകയെ സമഗ്രമായി പഠിക്കുന്ന ഗവേഷണങ്ങൾക്കായിരുന്നു മുൻതൂക്കം നൽകിയിരുന്നത്. വളരെ കുറഞ്ഞ പ്രതിശീർഷ വരുമാനത്തിനിടയിലും കേരളം ഉയർന്ന സാക്ഷരതയും ആരോഗ്യരംഗത്ത് ശ്രദ്ധേയമായ നേട്ടങ്ങളും കൈവരിച്ചതിനെ ലോകത്തിന്റെ മുന്നിൽ തുറന്നുകാട്ടുക എന്നതായിരുന്നു രാജിന്റെയും സംഘത്തിന്റെയും പ്രധാന ലക്ഷ്യം. അങ്ങനെയാണ് വികസനപഠനങ്ങളുടെ നാഴികക്കല്ലായി കണക്കാക്കപ്പെടുന്ന ഐക്യരാഷ്ട്രസഭയ്ക്കുവേണ്ടി സി ഡി എസ് സംഘം തയ്യാറാക്കിയ Poverty, Unemployment and Development Policy: A Case Study of Selected Issues with Reference to Kerala (1975) എന്ന പഠനം പിറന്നത്.
എൻ എസ് എസ് സർവ്വേ പ്രകാരമുള്ള പഠനങ്ങള്‍ കേരളത്തെ ഇന്ത്യയിലെ ഏറ്റവും ദാരിദ്ര്യം കൂടുതലുള്ള സംസ്ഥാനമായി ചിത്രീകരിച്ചിരുന്നുവെങ്കിലും, കേരളത്തിലെ ദൈനംദിന ജീവിതത്തിൽ അത്തരത്തിലുള്ള വ്യാപക ദാരിദ്ര്യത്തിന്റെ ലക്ഷണങ്ങൾ ദൃശ്യമല്ലായിരുന്നു. സർവേ പ്രകാരം കേരളത്തിലെ തൊണ്ണൂറ് ശതമാനം ജനങ്ങളും നിർദ്ദേശിച്ച കലോറി ഉപഭോഗ നിലവാരത്തിന് താഴെയായിരുന്നു. എന്നാൽ ഡാറ്റ സൂചിപ്പിക്കുന്ന തരത്തിലുള്ള വ്യാപക പോഷകാഹാരക്കുറവ് ഇവിടെ കാണാനാവില്ല എന്ന് 1975ലെ പഠനം ചൂണ്ടിക്കാട്ടി. ഇവിടെയാണ് കപ്പയുടെ രഹസ്യം ഒളിഞ്ഞിരിക്കുന്നത്. എൻ എസ് എസ് സർവ്വേകളിൽ കേരളത്തിലെ ഭക്ഷണക്രമത്തിലെ രണ്ട് നിർണായക ഘടകങ്ങളായ കപ്പയും തേങ്ങയും ഗണ്യമായി കുറച്ചുകാണിച്ചതാണ് ഈ വൈരുധ്യത്തിന്റെ പ്രധാന കാരണം (UN, 1975).
ഇതിന് പിന്നിൽ ഘടനാപരമായ കാരണങ്ങളുണ്ടായിരുന്നു. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ ഭക്ഷണശീലം വളരെ വ്യത്യസ്തമായിരുന്നു. ദേശീയതലത്തിൽ ദാരിദ്ര്യം അളക്കുന്നതിനായി കലോറി മാനദണ്ഡങ്ങളാണ് ഉപയോഗിച്ചിരുന്നത് എന്ന് നേരത്തെ സൂചിപ്പിച്ചിരുന്നല്ലോ. ഇന്ത്യയിലെ ഭക്ഷണക്രമത്തിൽ കലോറിയുടെ പ്രധാന സ്രോതസ്സായി ധാന്യങ്ങളും അവയുടെ പകരക്കാരുമാണ് കണക്കാക്കപ്പെട്ടത്. എന്‍ എസ് എസ് സര്‍വേയുടെ കണക്കുകളും ഈ അനുമാനത്തെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു. എന്നാൽ കേരളത്തിൽ, പ്രത്യേകിച്ച് ചെറിയ കർഷകരുടെയും കാർഷിക തൊഴിലാളികളുടെയും ഇടയിൽ, കപ്പ ഒരു പൂരകഭക്ഷണമല്ലായിരുന്നു, മറിച്ച് മുഖ്യഭക്ഷണമായിരുന്നു.
വിപണി അധിഷ്ഠിതമായ ഒരു സമ്പദ്‌വ്യവസ്ഥയിൽ ഉപഭോഗത്തിനും ഉൽപ്പാദനത്തിനും വിപണിയോട് ആശ്രയിക്കേണ്ട ഒരു നിർബന്ധിതാവസ്ഥ ഉണ്ടാകുന്നു. ഉപഭോഗത്തിനായി സാധനങ്ങൾ വാങ്ങാൻ പണവരുമാനം ആവശ്യമാണ്. കേരളത്തിൽ പല കുടുംബങ്ങൾക്കും വീട്ടുവളപ്പും ചെറിയ പറമ്പുകളും ഉണ്ടായിരുന്നതിനാൽ അവരുടെ ഉപഭോഗത്തിന്റെ ഒരു ഭാഗം നേരിട്ട് അവിടെനിന്ന് തന്നെ ലഭ്യമായിരുന്നു. ഒരു പ്രധാന ഭക്ഷ്യവിളയായ കപ്പ എളുപ്പത്തിൽ വീട്ടുവളപ്പിൽ തന്നെ കൃഷി ചെയ്‌തിരുന്നതിനാൽ അരിയുടെ ക്ഷാമം ഉണ്ടായിരുന്നാലും അടിസ്ഥാന കലോറി ആവശ്യം ഒരു പരിധിവരെ വിപണിയെ ആശ്രയിക്കാതെ കപ്പയിലൂടെ നിറവേറ്റാൻ സാധിച്ചിരുന്നു. ചുരുക്കത്തില്‍ വിപണിയോട് കുറഞ്ഞ ആശ്രയത്വം, ചെറിയ കൃഷിയിടങ്ങളിൽ പോലും വളർത്താൻ കഴിയുക, കുറഞ്ഞ ചെലവിൽ ഉയർന്ന ഊർജ്ജം നൽകുക,തുടങ്ങിയ സവിശേഷതകളാണ് കപ്പയെ കേരളത്തിലെ ജനങ്ങളുടെ മുഖ്യ ഭക്ഷ്യസ്രോതസിന് ആധാരമാക്കി മാറ്റിയത്.
എന്നാൽ ഈ യാഥാർത്ഥ്യം എൻ എസ് എസ് ഉപഭോഗ സർവ്വേ രീതികളിൽ പൂർണ്ണമായി പ്രതിഫലിച്ചില്ല. വീട്ടുപയോഗത്തിനായി നേരിട്ട് ഉത്പാദിപ്പിച്ച് ഉപഭോഗിക്കുന്ന കപ്പയും, തേങ്ങയും സർവ്വേകളിൽ കൃത്യമായി രേഖപ്പെടുത്തപ്പെടാതെ പോയി. ഇതിന്റെ ഫലമായി കേരളത്തിലെ കലോറി ഉപഭോഗം കൃത്രിമമായി കുറവായി കാണിക്കുകയും, അതിന്റെ അടിസ്ഥാനത്തിൽ മറ്റുതലങ്ങളിൽ ഉയർന്ന വികസന സൂചികകളുണ്ടായിട്ടും കേരളം ‘ഏറ്റവും ദരിദ്രമായ’ സംസ്ഥാനമായി മുദ്രകുത്തപ്പെടുകയും ചെയ്തു. ഭക്ഷണ ക്രമത്തിലെ കപ്പയുടെ യഥാർത്ഥ അളവ് കണക്കിലെടുത്തപ്പോൾ, കേരളത്തിന്റെ ഉപഭോഗനില ദേശീയ ശരാശരിക്ക് സമാനമാണെന്ന് വ്യക്തമായി. (ചിത്രം 1) ഇന്ത്യയിൽ ശരാശരി കലോറി ഉപഭോഗത്തിന്റെ 0.54 ശതമാനം കപ്പയില്‍ നിന്നും ലഭിച്ച സ്ഥാനത്ത്, കേരളത്തിൽ ഇത് ഏകദേശം 24 ശതമാനമായിരുന്നു (ചിത്രം 2). രാജിന്റെയും സംഘത്തിന്റെയും പഠനം, ദാരിദ്ര്യം അളക്കുന്നതിനുള്ള നിലവിലെ മാനദണ്ഡങ്ങൾ കേരളത്തിന്റെ യാഥാർത്ഥ്യത്തെ ഉൾക്കൊള്ളുന്നില്ലെന്നു ശക്തമായി വാദിച്ചു.


കപ്പയും, അധിനിവേശവും, ഭൂപരിഷ്കരണവും
ഈ ഭക്ഷണക്രമവും വിളവെടുപ്പ് ഘടനയും യാദൃശ്ചികമല്ല. അതിന്റെ വേരുകൾ കൊളോണിയൽ കാലത്തു കേരളത്തിലെ കാർഷികമേഖല കണ്ട മാറ്റങ്ങളിൽ ദൃശ്യമാണ്. ബ്രിട്ടീഷ് ഭരണകാലത്ത്, കേരളത്തിലെ കൃഷി, ക്രമാതീതമായി തിരിഞ്ഞത് കയറ്റുമതി ലക്ഷ്യമിട്ട നാണ്യവിളകളിലേക്കാണ്. തേങ്ങ, റബർ, കാപ്പി, ചായ, കശുവണ്ടി, മസാലകൾ തുടങ്ങിയ വിളകൾ അന്താരാഷ്ട്ര വിപണിയുമായി ബന്ധപ്പെട്ടു വളർന്നപ്പോൾ, പ്രാദേശിക ഭക്ഷ്യധാന്യവിളകളായ അരിക്ക് ലഭ്യമായ ഭൂമി കുറഞ്ഞു വന്നു (Raman & Roy, 2024).
പോർച്ചുഗീസുകാർ 17-ാം നൂറ്റാണ്ടിൽ കപ്പയെ മലബാർ തീരത്ത് എത്തിച്ചതോടെയാണ് ഇന്ത്യയിൽ കപ്പയുടെ കൃഷി ആരംഭിച്ചത്. പിന്നീട് തിരുവിതാംകൂർ രാജാവായ ശ്രീ വിശാഖം തിരുനാളിന്റെ കാലത്ത് മലായയിൽ നിന്നുള്ള മികച്ച കപ്പ ഇനങ്ങൾ കൊണ്ടുവന്ന് കൃഷി വ്യാപകമാക്കുകയും ചെയ്തു. രണ്ടാം ലോകമഹായുദ്ധകാലത്ത് (1939–45) ബർമ്മയിൽ നിന്നുള്ള അരിയുടെ ഇറക്കുമതി നിർത്തിയതിനെത്തുടർന്നുണ്ടായ ഭക്ഷ്യക്ഷാമത്തിന്റെ സമയത്ത്, തിരുവിതാംകൂർ പ്രദേശത്തെ ജനങ്ങളെ ക്ഷാമത്തിൽ നിന്ന് രക്ഷിക്കുന്നതിൽ കപ്പ നിർണായക പങ്കുവഹിച്ചു (Edison, Anantharaman & Srinivas, 2006). പ്രത്യേകിച്ച് കുറഞ്ഞ വരുമാനമുള്ള ജനവിഭാഗങ്ങൾക്ക് അരിയുടെ പകരക്കാരനായ പ്രധാന ഭക്ഷണമായി കപ്പ ഉപയോഗിക്കപ്പെട്ടു. അങ്ങനെ കപ്പ, ക്രമേണ കുറഞ്ഞ വരുമാനമുള്ള ജനവിഭാഗങ്ങളുടെ പ്രധാന ആശ്രയഭക്ഷണമായി മാറി. അരിയുമായി താരതമ്യപ്പെടുത്തുമ്പോൾ കപ്പയുടെ പോഷകഗുണങ്ങളും ഭക്ഷണഘടനയും വ്യത്യസ്തമാണ് എന്നാൽ, കുറഞ്ഞ ചെലവിൽ ഉയർന്ന കലോറി നൽകുന്ന, ചെറുകൃഷിയിടങ്ങളിലും, പറമ്പിലും വളർത്താൻ കഴിയുന്ന കപ്പ, പെട്ടെന്ന് തന്നെ അരിയുടെ പകരക്കാരനായി മാറി.
വേതനനിലയും ഭൂപരിഷ്കരണവും കേരളത്തിൽ കൊണ്ടുവന്ന മാറ്റങ്ങളും രാജിന്റെ റിപ്പോർട്ടിൽ വിശദീകരിക്കുന്നുണ്ട്. കാർഷിക തൊഴിലാളികളുടെ വേതനം ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഉയർന്നതിന്റെ കാരണം പ്രധാനമായും ഇടതുപക്ഷ പാർട്ടികളുടെ നേതൃത്വത്തിൽ വളർന്ന ശക്തമായ ട്രേഡ് യൂണിയൻ പ്രസ്ഥാനങ്ങളും, അവ നയിച്ച സമരങ്ങളും മൂലമാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. അതോടൊപ്പം, ഇടതുപക്ഷ സർക്കാരുകൾ നടപ്പാക്കിയ ഭൂപരിഷ്കരണങ്ങൾ, പ്രത്യേകിച്ചും ചെറിയ കൃഷിയിടങ്ങളിൽ ഉടമസ്ഥാവകാശവും സ്ഥിരതയും ഉറപ്പാക്കിയ ഇടപെടലുകൾ, തൊഴിലാളികളുടെ ‘റിസർവ് പ്രൈസ്’ അഥവാ തൊഴിലിനു വേതനമായി വാങ്ങാൻ തയ്യാറാകുന്ന ഏറ്റവും കുറഞ്ഞ തുക ഉയർത്തുന്നതിൽ നിർണായക പങ്ക് വഹിച്ചു. ഭൂമിയിൽ ഉറപ്പുള്ള അവകാശവും അനുബന്ധമായ ചെറിയ വരുമാനസ്രോതസ്സുകളും ലഭിച്ചതോടെ, തൊഴിൽവിപണിയിൽ കുറഞ്ഞ വേതനം സ്വീകരിക്കാൻ തൊഴിലാളികൾ നിർബന്ധിതരാകാത്ത ഒരു ഘടന കേരളത്തിൽ രൂപപ്പെട്ടു. തൊഴിൽലഭ്യത പരിമിതമായിരുന്ന സാഹചര്യത്തിലും യഥാർത്ഥ വേതനനില നിലനിർത്താൻ കഴിഞ്ഞത് ഈ രാഷ്ട്രീയ ഇടപെടലുകളുടെ ഫലമായിരുന്നു. ഈ ഇടപെടലുകളാണ്, കുറഞ്ഞ സാമ്പത്തിക വളർച്ചയ്ക്കിടയിലും, ഉപഭോഗനിലയും മാനവവികസന നേട്ടങ്ങളും തകരാതെ നിലനിന്നതിന്റെ അടിത്തറയായി, പിന്നീട് ‘കേരള മോഡൽ’ എന്നറിയപ്പെടുന്ന വികസനാനുഭവത്തിന് രൂപം നൽകിയത്.
ഇതിനർത്ഥം കേരള മോഡലിന് പരിമിതികൾ ഇല്ല എന്നല്ല. തീർച്ചയായും ഉണ്ട്. അവ പരിഹരിക്കുക എന്നതാണ് നമ്മുടെ മുന്നിലെ ലക്ഷ്യം. കേരളത്തിന്റെ മുൻമുഖ്യ മന്ത്രിയായ ഇ എം എസ് തന്റെ അവസാനകാല അഭിമുഖങ്ങളിൽ നിലവിലുള്ള കേരള മോഡലിനെ ആദർശവൽക്കരിക്കേണ്ട ആവശ്യമില്ലെന്ന് പറയുന്നുണ്ട് (Tharakan, 1995). സാമൂഹികവും സാമ്പത്തികവുമായ വികസനം പരസ്പരം കൈകോർത്ത് പോകണം എന്നതാണ് അതിന് അദ്ദേഹം ചൂണ്ടിക്കാണിച്ച കാരണം. നിലവിൽ സാമൂഹികമായി മാത്രമാണ് കേരളം മോഡൽ കുതിപ്പുകൾ നടത്തിയിരിക്കുന്നതെന്നും, ഇതിന്റെ ഫലങ്ങൾ പൂർണ്ണമായി നിറവേറണമെങ്കിൽ സാമ്പത്തികമായി കൂടെ കേരളം വളരേണ്ടിയിരിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
സാമൂഹിക മുന്നേറ്റങ്ങൾ പരമ്പരാഗതമായ ഭൂമി–ജാതി ബന്ധത്തെ വലിയ തോതിൽ ദുർബലപ്പെടുത്തുകയും സാമൂഹിക ചലനക്ഷമതയ്ക്ക് വഴിയൊരുക്കുകയും ചെയ്തുവെന്ന് പറയപ്പെടുമ്പോഴും, അതിന്റെ ഫലങ്ങൾ ജാതീയ ഘടനകളെ എത്രമാത്രം മറികടന്നുവെന്നത് കേരള മോഡലിന്റെ മുന്നോട്ടുള്ള കുതിപ്പിൽ ഏറെ പ്രധാന്യമുള്ള ഒരു ചോദ്യമാണ്. ഉദാഹരണത്തിന്, ഇന്ത്യയിൽ തന്നെ ഏറ്റവും വ്യാപകമായി നടപ്പാക്കിയ ഭൂപരിഷ്കരണ പരിപാടികളിലൊന്നായിരുന്നിട്ടും കേരളത്തിലെ ഭൂമിയുടമസ്ഥതയിലെ അസമത്വം പൂർണ്ണമായും ഇല്ലാതായിട്ടില്ല. ഭൂമിയുടെ ഉടമസ്ഥതയിൽ ഇന്നും ഗണ്യമായ അസമത്വം നിലനിൽക്കുന്നു. കേരളത്തിലെ ഭൂമിയുടെ വലിയൊരു വിഹിതം ഇപ്പോഴും സമൂഹത്തിലെ മേലെ തട്ടിലുള്ള വിഭാഗങ്ങളുടെ കൈകളിൽ കേന്ദ്രീകരിച്ചിരിക്കുമ്പോൾ, പട്ടികജാതി–പട്ടികവർഗ വിഭാഗങ്ങൾക്ക് ഭൂമിയിലെ അവകാശം ഇന്നും വളരെ പരിമിതമാണ് (Yadu, 2017). കൂടാതെ ഭൂപരിഷ്കരണ നിയമത്തിന്റെ പരിധിയിൽ നിന്ന് പ്ലാന്റേഷൻ മേഖലയെ ഒഴിവാക്കിയതിന്റെ ഫലമായി വലിയ ഒരു ശതമാനം ഭൂമി വന്‍കിട പ്ലാന്റേഷൻ ഉടമകളുടെ കൈവശമാണ്. ഇതിലെ വലിയൊരു പങ്കും കൃഷിയില്ലാതെ കിടക്കുന്ന ഭൂമിയാണ്. കേരളത്തിലെ വലിയ മൂന്ന് പ്ലാന്‍റേഷന്‍ കമ്പനികളുടെ പക്കല്‍ ഏതാണ്ട് ഒരു ലക്ഷം ഏക്കറില്‍ അധികം ഭൂമി കൈവശമുണ്ട്. അതേ സമയം അടിച്ചമർത്തപ്പെട്ട സാമൂഹിക വിഭാഗങ്ങളിൽപ്പെട്ട പ്ലാന്റേഷൻ തൊഴിലാളികൾ വലിയ തോതിൽ ഭൂരഹിതരായി തുടരേണ്ടി വരുന്നത് ഇതോടൊപ്പം ചേർത്ത് വായിക്കേണ്ടതാണ്. പ്രഭാത് പട്നായിക് അടുത്തിടെ അഭിപ്രായപെട്ടതുപോലെ പ്ലാന്റേഷൻ മേഖലയെ ഭൂപരിഷ്കരണ നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരുന്നത് വലിയ സാമൂഹിക മാറ്റങ്ങൾക്ക് വഴിയൊരുക്കുമെന്നതിൽ സംശയമില്ല (The Hindu, 2026).
ഈ ചെറു ലേഖനം കപ്പയില്‍ നിന്നാണ് ആരംഭിച്ചത്. ചുരുക്കി പറഞ്ഞാൽ ‘കപ്പ’ കേരള മോഡലിന്റെ പരാജയത്തിന്റെ പ്രതീകമല്ല; മറിച്ച്, വികസനം എങ്ങനെ അളക്കണം, എന്താണ് ദാരിദ്ര്യം, എന്താണ് ക്ഷേമം എന്ന ചോദ്യങ്ങളെ ചരിത്രപരമായി കേരളം എങ്ങനെയാണ് നേരിട്ടത് എന്നതിന്റെ അടയാളമാണ്.
ഗ്രന്ഥസൂചി
- Edison, S., Anantharaman, M., & Srinivas, T. (2006). Status of cassava in India: An overall view (Technical Bulletin Series No. 46). Central Tuber Crops Research Institute, Indian Council of Agricultural Research.
- Dandekar, V.M. and Rath, N. (1971), Poverty in India, Poona: Indian School of Political Economy, (Originally published in the Economic and Political Weekly, Vol. 6, Nos. 1 and 2, January 2-9, 1971)
- Heller, P. (1999). The labor of development: Workers and the transformation of capitalism in Kerala, India. Cornell University Press.
- Mathrubhumi (2026, February 10). മതമല്ല വിശപ്പാണ് പ്രശ്‌നമെങ്കിൽ എല്ലാവർക്കും കപ്പ പുഴുങ്ങി കൊടുത്താൽ പോരെ: സണ്ണി എം. കപിക്കാട്. Mathrubhumi.com https://www.mathrubhumi.com/news/kerala/sunny-m-kapikad-hunger-religion-kerala-g0icq5nt
- Raman, R., & Roy, T. (2024). Kerala, 1956 to the present: India’s miracle state. Oxford University Press
- Tharakan, P. K. M. (1995). Social Change in Kerala. India International Centre Quarterly, 22(2/3), 215–224.
- The Hindu. (2026, February 16). Extend land reforms to plantation sector: Prabhat Patnaik. The Hindu. https://www.thehindu.com/news/national/kerala/extend-land-reforms-to-plantation-sector-prabhat-patnaik/article70639598.ece
- United Nations, Department of Economic and Social Affairs. (1975). Poverty, unemployment and development policy: A case study of selected issues with reference to Kerala (ST/ESA/29). United Nations.
- Yadu, C. R. (2017). Some aspects of agrarian change in Kerala. Journal of Land and Rural Studies, 5(1), 12-30.
About the author: Jacob Joshy is a PhD candidate in Economics at the Centre for the Study of Regional Development, Jawaharlal Nehru University, New Delhi. His research focuses on the political economy of development and labour processes. He is also interested in the history of economic thought.
English Summary: Jacob Joshy writes about how tapioca became central to the origins of the Kerala model development narrative.